Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാമ്പിനെപ്പോലെ ഇഴഞ്ഞ ടിന്റുവിനെ ഓടാൻ പഠിപ്പിച്ചത് താനെന്ന് പി ടി ഉഷ; ഉഷയുടെ കൂടെയല്ലാതെ ഒരു നേട്ടവും തനിക്കുവേണ്ടെന്നു ടിന്റുവും മറുനാടൻ മലയാളിയോട്‌

പാമ്പിനെപ്പോലെ ഇഴഞ്ഞ ടിന്റുവിനെ ഓടാൻ പഠിപ്പിച്ചത് താനെന്ന് പി ടി ഉഷ; ഉഷയുടെ കൂടെയല്ലാതെ ഒരു നേട്ടവും തനിക്കുവേണ്ടെന്നു ടിന്റുവും മറുനാടൻ മലയാളിയോട്‌

കോഴിക്കോട്ടെ പയ്യോളിയിൽനിന്നു ഒളിമ്പിക്‌സിലേക്ക് ഓടിക്കയറിയ ഉഷ കൊച്ചുകേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് അന്ന് അദ്ഭുതമായിരുന്നു. വേഗത്തിന്റെ ചരിത്രങ്ങൾ കുറിച്ചുകൊണ്ടാണ് പി ടി ഉഷ കേരളത്തിന്റെ കായികചരിത്രത്തിൽ സ്ഥാനംപിടിക്കുന്നത്. ഇന്ത്യൻ കായികചരിത്രത്തിൽതന്നെ ഒളിമങ്ങാത്ത ഏടായി പി ടി ഉഷ എഴുതിച്ചേർത്ത് വീരേതിഹാസം കാലങ്ങളെത്ര കഴിഞ്ഞാലും മലയാളിയും ഇന്ത്യയും മറക്കില്ല. പി ടി ഉഷയുടെ കായികജീവിതത്തിൽനിന്ന് ഒപ്പിയെടുത്ത നിമിഷങ്ങളുടെ ചിത്രപ്രദർശനം കഴിഞ്ഞദിവസം തിരുവനന്തപുരത്തുനടന്നു. കേരളത്തിന്റെ കായികസ്വപ്നങ്ങൾക്ക് അതിവേഗം പകർന്ന ഓട്ടക്കാരിയെക്കാണാനാണ് മറുനാടൻ മലയാളി സംഘം എത്തിയത്. ഉഷയ്‌ക്കൊപ്പം ടിന്റുലൂക്കയും ഉഷയുടെ ചിത്രങ്ങളെടുത്ത പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫർ പി മുസ്തഫയും. കായികജീവിതത്തെക്കുറിച്ചു കേരളത്തിന്റെ കായികഭാവിയെക്കുറിച്ചും ഉഷയും അമ്മയെപ്പോലെ കരുതുന്ന ഉഷ തെളിച്ചുനൽകിയ വഴികളെക്കുറിച്ചു ടിന്റുവും ഉഷയുമായുള്ള ഓർമകളെക്കുറിച്ചു പി മുസ്തഫയും മറുനാടൻ മലയാളിയോട്

  • വടകരയിലെ പയ്യോളി പോലൊരു കൊച്ചുഗ്രാമത്തിലെ ഉഷ എന്ന പെൺകുട്ടി എങ്ങനെയാണ് ലോകമറിയുന്ന പി.ടി ഉഷ എന്ന താരമായി മാറിയത്?

സ്‌കൂളിൽ പഠിക്കുമ്പോളാണ് സ്‌പോർട്‌സിലേക്ക് വരുന്നത്. ഏഴാംക്ലാസിൽ നിന്നും എട്ടാം ക്ലാസിലേക്ക് ജയിച്ച സമയത്താണ് ആദ്യമായി കേരളത്തിൽ സ്‌പോർട്‌സ് ഡിവിഷൻ വരുന്നത്. അതിലെ ഒരംഗമായിരുന്നു ഞാൻ. ഇന്നത്തെ അപേക്ഷിച്ച് ഒരുപാട് പരിമിതികളുണ്ടായിരുന്നു അന്ന്. മര്യാദയ്ക്ക് വ്യായാമം ചെയ്യാനുള്ള സൗകര്യം പോലും ഇല്ലായിരുന്നു. പക്ഷെ, ജയിക്കണം എന്നൊരു വാശി ഉണ്ടായിരുന്നു. അതിനുവേണ്ടി എന്ത് അദ്ധ്വാനം ചെയ്യാനും തയ്യാറുള്ള ഒരു മനസ്സും. വീട്ടുകാരും നന്നായി പ്രോത്സാഹിപ്പിച്ചിരുന്നു. എന്റെ ആഗ്രഹത്തിനെ ഒരിക്കലും പിന്നോട്ട് വലിച്ചിട്ടില്ല.

  • മനശക്തിയും കഠിനാധ്വാനവുമാണ് ഇവിടെ വരെ എത്തിച്ചത് എന്നു പറഞ്ഞല്ലോ. ഇതില്ലാത്തതുകൊണ്ടാണോ നമ്മുടെ കായികതാരങ്ങൾക്ക് ഇപ്പോളും ലോകോത്തരവേദികളിൽ തിളങ്ങാൻ കഴിയാത്തത്?

തീർച്ചയായും അതുതന്നെയാണ്. വേറെ എന്തിന്റെ കുറവാ അവർക്കിവിടെയുള്ളത്? എല്ലാ സൗകര്യങ്ങളും സാഹചര്യങ്ങളും, പരിശീലിക്കാൻ നല്ല ട്രാക്കുകൾ. വ്യായാമം ചെയ്യാൻ അത്യാധുനിക സംവിധാനങ്ങൾ. 1984ൽ 55.4 സെക്കൻഡിലാണ് ഞാൻ ഫിനിഷിങ് പോയിന്റിലെത്തിയത്. പക്ഷെ, ഇന്നവർക്ക് 60 സെക്കൻഡ് വരെ വേണം എന്ന അവസ്ഥയാണ്. എന്തിനാണവർ സ്‌പോർട്‌സ് എന്നും പറഞ്ഞ് നടക്കുന്നതെന്നുപോലും എനിക്കറിഞ്ഞുകൂടാ.

  • അത് കുട്ടികളുടെ മാത്രം തെറ്റാണോ? വീട്ടിൽ നിന്നും കിട്ടുന്ന ഒരു പ്രോത്സാഹനവും ഒരു ഘടകമല്ലേ? പോയി പഠിക്കൂ എന്നതിനു പകരം പോയി ഓടൂ എന്ന് എത്ര പേർ പറയുന്നുണ്ട്?

ശരിക്കും ഇതിനെപ്പറ്റി ഒരു ധാരണ ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. മണ്ടന്മാർ ചെയ്യുന്ന പണിയാണ് സ്‌പോർട്‌സ് എന്നാണ് പലരുടെയും ധാരണ. അതാണ് ആദ്യം മാറ്റേണ്ടത്. വിവരവും ബുദ്ധിയുമൊക്കെ ഉള്ളവർക്കേ അതിന്റെ സാങ്കേതികവശങ്ങൾ മനസിലാക്കാൻ പറ്റൂ. ഓടാനോ ചാടാനോ പോയതുകൊണ്ട് ഒരു കുട്ടിയുടെയും പഠിത്തം ഉഴപ്പുകയോ ഭാവി നശിക്കുകയോ ചെയ്തിട്ടില്ല. ടിന്റു ഇപ്പോൾ ബി.കോം പാസ്സായി. അവൾക്ക് ജോലിയും ഉണ്ട്.

  • സർക്കാരിന്റെയും കായികമന്ത്രാലയത്തിന്റെയും ഭാഗത്തുനിന്നുള്ള പ്രോത്സാഹനവും കുറവല്ലേ? നിലവിൽ ഒരു കായികമന്ത്രിപോലും ഇല്ലല്ലോ നമുക്ക്.

കായികമന്ത്രാലത്തെയും ഗവൺമെന്റിനെയും മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ല. ഞങ്ങൾക്കൊക്കെ അത്രവലിയ സപ്പോർട്ട് കിട്ടിയിട്ടാണോ കാര്യങ്ങൾ ചെയ്തിരുന്നത്? സ്‌പോൺസർ ചെയ്യാൻ ആളുകളെ കിട്ടുന്നില്ല എന്നതൊരു സത്യമാണ്. എല്ലാവർക്കും ഒന്നോ രണ്ടോ ദിവസംകൊണ്ട് ഫലം കാണണം. അത് അത്ര എളുപ്പമല്ല. നല്ലൊരു കായിക സംസ്‌കാരം നമുക്കില്ല. മറ്റ് നാടുകളിൽ പോകുമ്പോഴാണ് നമ്മൾ ഇക്കാര്യത്തിൽ എത്ര പുറകിലാണെന്ന് മനസ്സിലാകുന്നത്. ഈ എക്‌സിബിഷൻ പോലും നോക്കൂ. ഒരുപാട് ആളുകൾ വന്നുകാണുന്നുണ്ടെങ്കിലും പ്രധാനമായും സ്‌കൂൾകുട്ടികളെ ലക്ഷ്യമിട്ടാണ് ഇത് സംഘടിപ്പിച്ചത്. എല്ലാ സ്‌കൂളുകളിലും അറിയിപ്പും കൊടുത്തിട്ടുണ്ട്. ഇത്തരം അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തണം. ഒരു സ്‌കൂളിൽ നിന്ന് ഒരു കുട്ടിയെങ്കിലും ഈ മേഖലയിലേക്ക് വരണം. സ്‌കൂൾതലത്തിലേ അതിനുവേണ്ട പരിശീലനം കൊടുക്കാൻ മാനേജ്‌മെന്റ് മുൻകൈയ്യെടുക്കണം.

  • 2014-ലെ ദേശീയഗെയിംസ് കേരളത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. എന്നാൽ ഇപ്പോളും തയ്യാറെടുപ്പുകൾ എവിടെയും എത്തിയിട്ടില്ല. ഇത് നമ്മുടെ സർക്കാരിന്റെ കെടുകാര്യസ്ഥത തന്നെയല്ലേ?

എല്ലാത്തിനും നമ്മൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. ഇതൊക്കെ ഒരു ടീം വർക്ക് ആണ്. എല്ലാവരും വിചാരിച്ചാലേ നടക്കൂ. ഒരു കൂട്ടർ ഫെബ്രുവരിയിൽ നടത്താമെന്നു പറയുന്നു. പറ്റില്ലെന്ന് മറ്റൊരു കൂട്ടകർ. ആദ്യം കൃത്യമായൊരു പദ്ധതി വേണം.

  • ഉഷ ഇപ്പോൾ ഒരു അത്‌ലറ്റ് മാത്രമല്ല. പരിശീലക കൂടിയാണ്. ഇത് രണ്ടും തമ്മിലുള്ള ദൂരം.

അത്‌ലറ്റും ട്രെയിനറും തമ്മിൽ വളരെ വലിയൊരു അന്തരം ഉണ്ട്. അത്‌ലറ്റ് ആയിരിക്കുമ്പോൾ നമ്മൾ കുറച്ചുകൂടി ഫോക്കസ്ഡ് ആയിരിക്കും. അത്‌ലറ്റ് ആയിരിക്കുക കുറച്ചുകൂടി എളുപ്പമാണ്. സാഹചര്യങ്ങളെ അതിജീവിച്ച് വിജയം കൈവരിക്കാൻ കഠിനമായി അദ്ധ്വാനിച്ചിരുന്നു. പക്ഷെ പരിശീലകയുടെ ജോലി കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ്. 15 വയസുള്ള കുട്ടികളെയൊക്കെ ഈയൊരു ട്രാക്കിലേക്ക് കൊണ്ടുവരിക എന്നത് വളരെ പ്രയാസമാണ്. അവരുടെ ഓരോ കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം. തെറ്റുകൾ തിരുത്തിക്കൊടുക്കണം. ഞാനൊക്കെ പരിശീലിക്കുന്ന സമയത്ത് തിരുത്തലുകളൊക്കെ കൃത്യമായി ഓർത്തുവയ്ക്കുമായിരുന്നു. പക്ഷെ, ഇപ്പോഴത്തെ കുട്ടികൾ 200 മീറ്റർ ഓടിക്കഴിയുമ്പോളേക്കും പറഞ്ഞതൊക്കെ മറന്നുപോയിരിക്കും. അവർ വേറേ ഏതോ ലോകത്താണ്. പലതവണ് പറഞ്ഞ് കൊടുത്താലേ മനസിലാകൂ. സമയം, എനർജി ഒക്കെ നഷ്ടമാണ്. പിന്നെ എത്ര പഠിപ്പിച്ചാലും ട്രാക്കിലിറങ്ങി ഓടേണ്ടത് അവരാണ്. വിജയിക്കണം എന്ന വാശി അവരുടെ മനസിൽ വേണം. ഓടുന്നതിനേക്കാൾ പ്രയാസമാണ് ഓടാൻ പഠിപ്പിക്കുക എന്നത്. കുട്ടികൾ ജയിച്ചുവരുമ്പോൾ ഉണ്ടാകുന്ന ഒരു സംതൃപ്തിയാണ് ഏറ്റവും വലിയ ഊർജം.

  • കഴിവുള്ള കുട്ടികളെ കണ്ടെത്തി പഠിപ്പിക്കുക എന്നത് ഉഷയുടെ മനസിന്റെ നന്മയാണ്. എന്നിട്ട് പോലും ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിനെക്കുറിച്ച് പരാതികൾ കേൾക്കുന്നുണ്ടല്ലോ?

ഞാനൊരു റെയിൽവേ ജീവനക്കാരിയാണ്. എന്റെ താത്പര്യത്തിന്റെ പേരിലാണ് ഈ സ്‌കൂൾ നടത്തുന്നത്. കേരളത്തിലും ഇന്ത്യയിലും ഒട്ടേറെ കായിക പരിശീലനകേന്ദ്രങ്ങളുണ്ട്. ധാരാളം പൈസ മുടക്കി അവർ കോച്ചുകളെ നിയമിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ ഇവർക്കാർക്കെങ്കിലും 2 മിനിട്ടിൽ താഴെ ഓടിയെത്തുന്ന ഒരു കുട്ടിയെയെങ്കിലും ലോകത്തിനുമുമ്പിൽ അവതരിപ്പിക്കാനായിട്ടുണ്ടോ? എന്നിട്ടും അവർ എന്നെ കുറ്റം പറയുന്നുണ്ടെങ്കിൽ ഞാൻ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളിൽ എന്തോ ശരിയുണ്ട് എന്നല്ലേ അർത്ഥം. ആ ശരിയെ അവർ വിമർശിക്കുകയാണ്. ഒന്നും ചെയ്യാത്തവരെക്കുറിച്ചല്ലല്ലോ, എന്തെങ്കിലും ചെയ്യുന്നവരേക്കുറിച്ചല്ലേ ആളുകൾ എപ്പോളും കുറ്റംപറയുക. അങ്ങനെ ചിന്തിക്കുമ്പോൾ ഈ കുറ്റപ്പെടുത്തലുകൾ എനിക്ക് കൂടുതൽ ഊർജം തരികയാണ്.

  • കേരളത്തിലെ വളർന്നുവരുന്ന താരമായ ടിന്റു ലൂക്കയുടെ ഗുരുവാണ് ഉഷ. ഈയിടെ ടിന്റു പരിശീലനം ഡൽഹിയിലേക്ക് മാറ്റുന്ന എന്ന് ചില വാർത്തകൾ പ്രചരിച്ചിരുന്നല്ലോ?

ഒരു ടിവി ചാനലിന്റെ സൃഷ്ടിയാണ് ആ വാർത്ത. അത് കൈകാര്യം ചെയ്ത ആളുടെ സൃഷ്ടി എന്നതിനപ്പുറത്തേക്ക് അതിൽ ഒന്നുമില്ല. പിന്നെ 26 കിലോ ഭാരവും 148സെ.മീ ഉയരവും മാത്രം ഉണ്ടായിരുന്ന, പാമ്പിനെപ്പോലെ ഇഴഞ്ഞ് നടന്നിരുന്ന ടിന്റുവിനെ ഓടാൻ പഠിപ്പിച്ചത് ഞാനാണ്. അവളുടെ എല്ലാ നല്ലവശങ്ങളും പരിമിതികളും മറ്റാരേക്കാൾ നന്നായി എനിക്കറിയാം. ടിന്റുവിന്റെ പേരുപറഞ്ഞ് എന്നെ കളിയാക്കിയ ധാരാളം പേരുണ്ട്. 2.1 സെക്കൻഡിൽ ടിന്റു ഓടിയെത്തിയപ്പോഴാണ് ആളുകൾ ഇത്തരം കഥകൾ മെനയാൻ തുടങ്ങിയത്. 50 കുട്ടികൾക്ക് പുറത്തുപോയി പഠിക്കാനുള്ള ഒരു അവസരം ഇന്ത്യൻ സ്‌പോർട്‌സ് അഥോറിറ്റി നൽകിയിരുന്നു. ടിന്റുവിന് താത്പര്യം ഉണ്ടെങ്കിൽ പോകാം. ഞാനൊരിക്കലും പിടിച്ചുവച്ചിട്ടില്ല. അവളെ ഇന്നുകാണുന്ന ടിന്റുലൂക്കയാക്കിയത് ഉഷ സ്‌കൂൾ ഓഫ് അത്‌ലെറ്റിക്‌സ് ആണ്. അത് ആരും എന്നെ ഏൽപ്പിച്ച അസൈന്റ്‌മെന്റ് ഒന്നുമല്ല. പറഞ്ഞവന്റെ വിവരക്കേട്. അവൾക്ക് പോകണമെങ്കിൽ പോകാം. ഇത്രയും നാൾ കഷ്ടപ്പെട്ട് പരിശീലിപ്പിച്ചിട്ട് പോകണമെന്നവൾ പറഞ്ഞാൽ, ഒന്നല്ലേ പോകട്ടെ എന്ന് ഞാനും വിചാരിക്കും.

  • ഈ വാർത്തയെക്കുറിച്ചു ടിന്റു എന്തു പറയുന്നു?

ടിന്റു: 50 പേർക്ക് പുറത്തു പരിശീലിക്കാൻ അവസരം ഉണ്ടായിരുന്നു. താത്പര്യം ഉള്ളവർക്ക് പോകാം. പക്ഷെ, എനിക്ക് താത്പര്യമില്ല. ഞാനെനെ്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് എന്റെ ഉഷചേച്ചിയുടെ കൂടെ നിന്നാണ്. ഇനി ഒരു വളർച്ച ഉണ്ടാവുകയാണെങ്കിലും ഉഷച്ചേച്ചിയുടെ കൂടെ നിന്നുകൊണ്ട് മതി. അതല്ലാത്ത ഒരു നേട്ടവും എനിക്ക് വേണ്ട.

  • 2016ലെ ബ്രസീൽ ഒളിംപിക്‌സിനെക്കുറിച്ചുള്ള പ്രതീക്ഷകൾ?

ഉഷ: വലിയ പ്രതീക്ഷയുണ്ട്. ബ്രസീലിൽ ടിന്റു മെഡൽ നേടുമെന്നുതന്നെയാണ് എന്റെ വിശ്വാസം. ടിന്റുമാത്രമല്ല, ജെസി ജോസഫിന്റെ പങ്കാളിത്തവുമുണ്ടാകണം ബ്രസീൽ ഒളിംപിക്‌സിൽ എന്ന് ഞാനാഗ്രഹിക്കുന്നുണ്ട്. ടിന്റുവിന് ശേഷം ഇനി ഒരാൾ 2 മിനിട്ടിൽ താഴെ ഓടിയാൽ അത് ജെസിയായിരിക്കും. അക്കാര്യത്തിൽ എനിക്ക് പരിപൂർണ വിശ്വാസമുണ്ട്(ഉഷയുടെ മുഖത്ത് ദൃഢനിശ്ചയത്തിന്റെ തിളക്കം).

  • 2016 ലെ ബ്രസീൽ ഒളിംപിക്‌സിനെക്കുറിച്ചുള്ള ടിന്റുവിന്റെ പ്രതീക്ഷകൾ?

ടിന്റു: കഴിഞ്ഞ തവണ ഒരു സെക്കൻഡിലാണ് മെഡൽ നഷ്ടപ്പെട്ടത്. ആ പോരായ്മ നികത്തി വരുന്ന ഒളിംപിക്‌സിൽ മെഡൽ നേടുമെന്ന ഉറച്ച വിശ്വാസമുണ്ട്. നന്നായി പരിശീലനം ചെയ്യുന്നുണ്ട്. ഇത്തവണ എന്തായാലും നേടണം.

  • കേരളത്തിലെ കായിക വിദ്യാലയങ്ങളെക്കുറിച്ച് ഉഷയുടെ അഭിപ്രായമെന്ത്?

ഉഷ: ഞാൻ പഠിക്കുന്ന കാലത്ത് ജി.വി രാജ സ്‌പോർട് സ്‌കൂളും കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളുമായിരുന്നു കേരളത്തിൽ മുൻപന്തിയിലുണ്ടായിരുന്നത്. കണ്ണൂർ സ്‌പോർട്‌സ് സകൂളിലെ വിദ്യാർത്ഥിയായിരുന്നു ഞാൻ. വളരെ ആരോഗ്യകരമായ ഒരു മത്സരം ഇവ തമ്മിൽ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ ശോഷിച്ചു പോയിരിക്കുന്നു. ജി.വി രാജ സ്‌കൂൾ ഇപ്പോൾ ഒരു തിരിച്ചുവരവിലാണ്. ഇനിയും നന്നാകണമെന്ന് ആത്മാർത്ഥമായി ഞാനാഗ്രഹിക്കുന്നുണ്ട്. ഉഷാ സ്‌കൂളിലെ കുട്ടികൾ മാത്രം നന്നായാൽ മതി എന്ന് ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. എല്ലായിടത്തുനിന്നും പ്രതിഭയുള്ള കുട്ടികൾ വരുമ്പോൾ നല്ല മത്സരങ്ങൾ ഉണ്ടാകും. പലയിടത്തും അത്‌ലറ്റ് ആഗ്രഹിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ പല അസൗകര്യങ്ങളുടെയും പേരുപറഞ്ഞ് വോളിബോളിലേക്കും ബാസ്‌ക്കറ്റ് ബോളിലേക്കും തട്ടുന്ന ഒരു രീതിയുണ്ട്. അത് ആദ്യം മാറ്റണം. അവർക്ക് നല്ല പരിശീലനം നൽകണം. അങ്ങനെ എർജെറ്റിക് ആയ ഒരു കേരളം ഉണ്ടാകണം.

  • പ്രമുഖരായ ധാരാളം വ്യക്തികളുമായി ഉഷക്ക് വളരെ അടുപ്പമുണ്ടായിരുന്നു. അതിൽ എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ് ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും. എങ്ങനെയാണ് ആ കാലം ഓർമിക്കുന്നത്?

രാജീവ്ഗാന്ധിയും ഇന്ദിരാഗാന്ധിയും സ്‌പോർട്‌സിനെ എല്ലാകാലത്തും പിന്തുണച്ചിരുന്ന രണ്ടു നേതാക്കളായിരുന്നു. എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചിരുന്ന രണ്ടു വ്യക്തികളും അവർതന്നെയായിരുന്നു. ലോസാഞ്ചൽസിലെ മെഡൽ നഷ്ടത്തിൽ എന്നെ ആദ്യം ആശ്വസിപ്പിക്കാനെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. എന്നോട് പറഞ്ഞു 'നീ നന്നായി പെർഫോം ചെയ്തു, നന്നായി പരിശ്രമിച്ചു. നഷ്ടം നമ്മുടെ രാജ്യത്തിനാണ്. അടുത്ത തവണ നന്നായി പരിശ്രമിക്കുക. വിജയം നിന്റേതു തന്നെ' എന്ന്. ആ വാക്കുകൾ വല്ലാത്ത ഊർജം തന്നു. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഇന്ദിരാഗാന്ധി. എനിക്ക് മറക്കാനാവാത്ത ഒരനുഭവമുണ്ട്, ഒരിക്കൽ ഇന്ദിരാഗാന്ധി എന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് അത്ഭുതത്തോടെ അടിമുടി നോക്കിനിന്നിട്ടുണ്ട്. നെഹുറുകുടുംബവുമായുള്ള ആ അടുപ്പം ഇപ്പോഴും തുടർന്നു പോകുന്നുണ്ട്.

  • കേരളത്തിൽ പരിശീലനം നടത്തുന്ന കായിക താരങ്ങൾക്ക് സിന്തറ്റിക്ക് ട്രാക്കോ ആധുനിക സൗകര്യത്തോടുകൂടിയ പരിശീലന കേന്ദ്രമോ ഇല്ല.പിന്നെ എങ്ങനെയാണ് നമ്മുടെ കായിക താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുക?

ആരു പറഞ്ഞു? സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടല്ല, വേണ്ടവിധം ഉപയോഗപ്പെടുത്താതതുകൊണ്ടാണ്. എല്ലാ സൗകര്യങ്ങളും സിന്തറ്റിക് ട്രാക്കും ഉള്ള പരിശീലനകേന്ദ്രമാണ് ഇൻഫോസിസിന്റെ മൈസൂരിലെ ക്യാമ്പസ്. ടെക്‌നോ ജിം, നല്ല ഫൂട്‌ബോൾ ഗ്രൗണ്ട് അങ്ങനെ എല്ലാം അവിടെ ഉണ്ട്. നമ്മുടെ നാട്ടിൽ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് പരിശീലനം നടത്താൻ കഴിയൂ എന്നൊന്നുമില്ല. ഉള്ള സൗകര്യങ്ങൾ വേണ്ട വിധം പ്രയോജനപ്പെടുത്താൻ നമ്മൾ പഠിക്കണം. കേരളത്തിൽ ഒരു സിന്തറ്റിക് ട്രാക് അത്യാവശ്യം തന്നെ. അതാണ് കൂടുതൽ സൗകര്യപ്രദവും. അങ്ങനെ ഒന്നിനുവേണ്ടി ശ്രമിക്കുന്നുണ്ട്. ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിൽ ഒരു സിന്തറ്റിക് ട്രാക് ഉണ്ടാവുക എന്നത് എന്റെ വലിയ സ്വപ്നമാണ്. എത്രയും വേഗം അത് നടക്കും. അതിനുള്ള ജോലികളൊക്കെ തുടങ്ങിക്കഴിഞ്ഞു.
(തുടരും)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP