Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിജയിച്ച ശേഷം പിന്തുണയുമായി എത്തുന്ന യുവജന പ്രസ്ഥാനത്തിന്റെ നല്ല വാക്കുകൾ ഞാൻ തിരസ്‌കരിക്കുന്നു; തോൽപ്പിക്കും എന്നു പറഞ്ഞ് വീടു കയറി പ്രവർത്തിച്ചവരുടെ പിന്തുണ ഇനി എന്തിന്? സഭയുടെ മകളെന്ന് വിളിച്ച് ലോഹ്യം കൂടിയവരെ തള്ളിപ്പറഞ്ഞ് വീണാ ജോർജ്

വിജയിച്ച ശേഷം പിന്തുണയുമായി എത്തുന്ന യുവജന പ്രസ്ഥാനത്തിന്റെ നല്ല വാക്കുകൾ ഞാൻ തിരസ്‌കരിക്കുന്നു; തോൽപ്പിക്കും എന്നു പറഞ്ഞ് വീടു കയറി പ്രവർത്തിച്ചവരുടെ പിന്തുണ ഇനി എന്തിന്? സഭയുടെ മകളെന്ന് വിളിച്ച് ലോഹ്യം കൂടിയവരെ തള്ളിപ്പറഞ്ഞ് വീണാ ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ആറന്മുളയിൽ തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് പത്തനംതിട്ടയിലെ ഓർത്തഡോക്‌സ് യുവജന വിഭാഗം നേതാക്കളിൽ ചിലരാണെന്ന് വീണാ ജോർജ് എംഎൽഎ. ഇടത് പ്രവർത്തകരുടെ പ്രവർത്തനമികവാണ്  വിജയം നൽകിയതെന്നും വീണാ ജോർജ് വിശദീകരിച്ചു.

എനിക്ക് ഏറ്റവും എതിർപ്പുണ്ടായത് പത്തനംതിട്ടയിലെ ഓർത്തഡോക്‌സ് യുവജന വിഭാഗം നേതാക്കളിൽ ചിലരിൽ നിന്നാണ്. തന്നെ തോൽപ്പിക്കാനായി ആറന്മുളയിലെ എല്ലാ പഞ്ചായത്തിലും ഇവർ യോഗം ചേർന്നു. വീണാ ജോർജിനെ ജയിപ്പിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ഓർത്തഡോക്‌സ് സഭയുടെ യുവജന പ്രസ്ഥാനത്തിൽ രമേശ് ചെന്നിത്തലയുടെ പേഴ്‌സണൽ സ്റ്റാഫലെ അംഗമുണ്ട്. അച്ചന്മാരും തനിക്കെതിരെ ഇറങ്ങി പ്രവർത്തിച്ചു. ഓർത്തഡോക്‌സുകാരുടെ വീടുകൾ കേന്ദ്രീകരിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കയറി. ഓർത്തഡോക്‌സ് മുഖ്യമന്ത്രിയുണ്ടാകാൻ ഇനി അവസരമില്ലെന്ന് പറഞ്ഞ് പ്രചരണം അഴിച്ചുവിട്ടു. എന്നാൽ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരും തനിക്ക് ഉറച്ച പിന്തുണ നൽകി.

പത്തനംതിട്ടയിലെ ഓർത്തഡോക്‌സ് യുവജന വിഭാഗത്തിലെ രണ്ട് മാനേജിങ് കമ്മറ്റി അംഗങ്ങളാണ് എനിക്കെതിരെ പ്രവർത്തിച്ചത്. ഫാദർ ജോൺസൺ കല്ലേപതിയുടേയും ബാബു വർഗ്ഗീസ് എന്ന വ്യക്തിയുടേയും നേതൃത്വത്തിലാണ് പത്തനംതിട്ടയിൽ യോഗം ചേർന്നത്. ആറന്മുളയിലെ എല്ലാ പഞ്ചായത്തിലും യോഗം ചേർന്നു. ശിവദാസൻ നായരുടെ കോർണ്ണർ മീറ്റിംഗിലും അവർ പങ്കെുടുത്തു. തനിക്കും തന്റെ ഭർത്താവിനുമെതിരെയാണ് അവർ പ്രസംഗിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ തനിക്കൊപ്പം നിന്നുവെന്നും വീണ പറഞ്ഞു.

വിജയം എനിക്ക് നൽകുന്നത് വലിയ ഉത്തരവാദിത്തമാണ്. സിപിഎമ്മുകാർ എല്ലാം ഒരുമയോടെ പ്രവർത്തിച്ചു. പാർട്ടി കോട്ടകളിലെല്ലാം വലിയ ഭൂരിപക്ഷം കിട്ടി. പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ നിന്ന് കിട്ടിയ ഭൂരിപക്ഷവും ഇതിന് തെളിവാണ്. കുടിവെള്ള പ്രശ്‌നവും ആറന്മുളയിൽ തനിക്ക് അനുകൂലമായി മാറിയെന്നും വീണാ ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. മണ്ഡലം കേന്ദ്രീകരിച്ചാണ് തന്റെ ഇനിയുള്ള പ്രവർത്തനമെന്നും വീണാ ജോർജ് അറിയിച്ചു. ആറന്മുളയുടെ വികസനത്തിനായി ജനങ്ങളോട് ഒത്തു ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. ആറന്മുള മണ്ഡലം കോൺഗ്രസിന്റെ ഉറച്ച സീറ്റായാണ് അറിയപ്പെട്ടിരുന്നത്. ഇവിടെയാണ് കന്നി നിയമസഭാ മത്സരത്തിൽ ത്രികോണ ചൂടിനെ അതിജീവിച്ച് വീണാ ജോർജ് ജയിച്ചു കയറിയത്.

മാദ്ധ്യമപ്രവർത്തക വീണാ ജോർജ്ജ് ആറന്മുളയിൽ ഇടതുസ്ഥാനാർത്ഥിയായി മത്സരിക്കാൻ രംഗത്തിറങ്ങിയ സമയത്ത് ഉയർന്ന പ്രധാന ആരോപണം വീണ സ്ഥാനാർത്ഥിയായത് ഓർത്തഡോക്‌സ് സഭയുടെ ആളായതു കൊണ്ടാണെന്നാണ്. ഈ ആരോപണങ്ങൾ ശക്തമായി ഉയർന്നപ്പോൾ സിപിഎമ്മിന് അതിന് പ്രതിരോധിക്കേണ്ടി വരികയും ചെയ്തു. ഭർത്താവ് ഓർത്തഡോക്‌സ് സഭയുടെ സെക്രട്ടറിയായിരുന്നു എന്നതായിരുന്നു വീണയ്‌ക്കെതിരെ ആരോപണം ഉയരാൻ ഇടയാക്കിയ സാഹചര്യം. ഈ സമയത്ത് സഭ പറഞ്ഞതും സഭാ അംഗങ്ങൾ പ്രചരണം നടത്തിയതും വീണയുടെ സ്ഥാനാർത്ഥിത്വത്തിന് സഭയുമായി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു. എന്നാൽ, സിപിഐ(എം) പ്രവർത്തകർ കൈ മെയ് മറന്ന് പ്രവർത്തിച്ചപ്പോൾ വീണാ ജോർജ്ജ് ആറന്മുളയിൽ അട്ടിമറി വിജയം നേടി.

ഇതോടെ ഓർത്തഡോക്‌സ് സഭ തങ്ങളുടെ സമുദായംഗത്തിൽ വിശ്വാസമർപ്പിച്ച് രംഗത്തെത്തി. വീണാ ജോർജ്ജ് സഭയുടെ മകൾ ആണെന്നും അതുകൊണ്ടാണ് വിജയം നേടിയതെന്നുമാണ് ഓർത്തഡോക്‌സ് സഭയുടെ അവകാശവാദം എത്തിയത്.. വീണയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ എടുത്താണ് സഭ രംഗത്തെത്തിയത്. സഭായുടെ ഓൺലൈൻ എഡിഷനായ ഇന്ത്യൻ ഓർത്തഡോക്‌സ് ഹെറാൾഡിലാണ് വീണയുടെ വിജയതതിൽ അവകാശവാദം ഉന്നയിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടത്. 'സഭയുടെ മകൾ വീണാ ജോർ്ജ് ഇനി എംഎൽഎ; യുവജന പ്രസ്ഥാനത്തിന്റെയും വിജയം' എന്ന തലക്കെട്ടിൽ ദേശാഭിമാനി വാരികയിൽ പ്രത്യക്ഷപ്പെട്ട വീണയുടെ ചിത്രം സഹിതമാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതേസമയം സഭയുടെ സ്ഥാനാർത്ഥികളായി മത്സരിച്ച അഞ്ച് പേരുടെ പരാജയം വിശ്വാസികളിലെ സൂക്ഷ്മത കുറവാണെന്നും ലേഖനത്തിൽ പറയുന്നുണ്ടായിരുന്നു. ഈ ലേഖനത്തിനെതിരെയാണ് വീണാ ജോർജ് മറുനാടൻ മലയാളിയോട് നിലപാട് വിശദീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP