Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എകെ ആന്റണി രാജിവച്ചപ്പോൾ പകരം വന്നത് നിഴൽ പോലെ നടന്ന ഉമ്മൻ ചാണ്ടി; ചെന്നിത്തലയുടെ നിഴൽ പോലെ നടന്നയാളാണ് ഞാൻ; അന്നും ഇന്നും കഥകൾ പ്രചരിച്ചു; ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് സർക്കാരിനെ തിരുത്തും; പ്രതിപക്ഷ നേതാവ് മറുനാടനോട് ഷൂട്ട്@ സൈറ്റിൽ

എകെ ആന്റണി രാജിവച്ചപ്പോൾ പകരം വന്നത് നിഴൽ പോലെ നടന്ന ഉമ്മൻ ചാണ്ടി; ചെന്നിത്തലയുടെ നിഴൽ പോലെ നടന്നയാളാണ് ഞാൻ; അന്നും ഇന്നും കഥകൾ പ്രചരിച്ചു; ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് സർക്കാരിനെ തിരുത്തും; പ്രതിപക്ഷ നേതാവ് മറുനാടനോട് ഷൂട്ട്@ സൈറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

 നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ തളർന്നുപോയ കോൺഗ്രസ് പ്രവർത്തകർക്ക് പുത്തനൊരുണർവ് സമ്മാനിച്ചുകൊണ്ടാണ് വി.ഡി സതീശൻ പ്രതിപക്ഷനേതൃസ്ഥാനത്തേയ്ക്ക് വന്നത്. അദ്ദേഹത്തിന്റെ ആശയവ്യക്തതയും പോസിറ്റീവ് രാഷ്ട്രീയവും വിഷയങ്ങളിലുള്ള അഗാധമായ അറിവും സഭയ്ക്കുള്ളിൽ പഠിച്ച് അവതരിപ്പിക്കാനുള്ള താൽപര്യവുമെല്ലാം കോൺഗ്രസ് പ്രവർത്തകർക്കും അനുഭാവികൾക്കും മാത്രമല്ല, ആരോഗ്യപരമായ രാഷ്ട്രീയം ആഗ്രഹിക്കുന്ന എല്ലാ മലയാളികൾക്കും രാഷ്ട്രീയഭേദമന്യേ ആവേശമുണ്ടാക്കിയ സംഗതിയാണ്. എന്നാൽ തുടർഭരണം പിണറായി വിജയന്റെ നേത്യത്വത്തിലുള്ള ഇടതുമുന്നണിയെ കൂടുതൽ കരുത്തരാക്കുമ്പോൾ കോൺഗ്രസിന്റെ ഭാവിയെന്താണെന്ന ചോദ്യങ്ങൾ അന്തരീക്ഷത്തിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തിന് നേതൃത്വം നൽകിയ രമേശ് ചെന്നിത്തലയെ അപമാനിച്ചു പുറത്താക്കിയെന്ന വാദങ്ങളും ഉയർന്നുവരുന്നുണ്ട്. ഈ അവസരത്തിൽ വിവാദങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകികൊണ്ടാണ് വിഡി സതീശന്റെ രംഗപ്രവേശം. പ്രതിപക്ഷനേതാവ് വിഡി സതീശൻ ഷൂട്ട്@ സൈറ്റിൽ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

അപ്രതീക്ഷിതമായിരുന്നോ പ്രതിപക്ഷ നേതൃസ്ഥാനം?

തെരഞ്ഞെടുപ്പിന് മുമ്പ് ഒരിക്കലും അതിനെപറ്റി ചിന്തിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് പരാജയത്തെ പറ്റി ചെറിയൊരു സംശയം ഉണ്ടായിരുന്നു. എന്നാൽ കുറഞ്ഞത് 60 സീറ്റെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണൽ സമയത്ത് ഞാൻ രണ്ടാമതും കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്‌ച്ചയ്ക്ക് ശേഷമാണ് ഞാൻ ഫോണൊക്കെ ഉപയോഗിച്ച് തുടങ്ങുന്നത്. അപ്പോഴാണ് പ്രതിപക്ഷനേതൃസ്ഥാനത്തേയ്ക്ക് എന്നെയും പരിഗണിക്കുന്നുണ്ടെന്ന് ഞാൻ അറിയുന്നത്. മറുവശത്ത് എന്റെ സഹോദരതുല്യനായ രമേശ് ചെന്നിത്തലയായിരുന്നു. ഏതുവ്യക്തി വേണം എന്നതിനെക്കാൾ പ്രധാനപ്പെട്ട ചർച്ച പ്രതിപക്ഷനേതൃസ്ഥാനത്ത് മാറ്റം വേണമോ വേണ്ടയോ എന്നുള്ളതായിരുന്നു. മാറ്റം വന്നാൽ എനിക്ക് സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല അടക്കം പല മുതിർന്ന നേതാക്കളും സൂചന തന്നിരുന്നു.

കഴിഞ്ഞ തവണ തോമസ് ഐസക്കിനെ ലോട്ടറി സംവാദത്തിൽ മല്ലനെ പോലെ തോൽപ്പിച്ച് നിൽക്കുന്ന അവസരത്തിൽ പോലും മന്ത്രിസ്ഥാനം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടിരുന്നു. അവിടെ നിന്നും പെട്ടെന്ന് പ്രതിപക്ഷനേതൃസ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെടുമ്പോൾ ഞെട്ടൽ തോന്നിയില്ലേ?

ഇത്തവണ അധികാരത്തിലെത്തിയാൽ സ്വാഭാവികമായും ഞാൻ മന്ത്രിയാകുമെന്ന് പലരും പറഞ്ഞിരുന്നല്ലോ. യുഡിഎഫിന് സർക്കാർ രൂപീകരിക്കാൻ കഴിയാതെ പോയതിൽ വിഷമമുണ്ടെങ്കിലും വ്യക്തിപരമായി മന്ത്രിയാകുന്നതിനെക്കാൾ പ്രതിപക്ഷ നേതാവാകുന്നത് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. 2006 മുതൽ 2011 വരെ ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോഴും 2016 മുതൽ 2021 വരെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പ്രതിപക്ഷത്തിന്റെ പിന്നണി പ്രവർത്തനങ്ങളും ഫ്ളോർ മാനേജുമെന്റുമെല്ലാം കൈകാര്യം ചെയ്തിരുന്നയാളാണ് ഞാൻ.

ഇപ്പോൾ തുടർച്ചയായി പരാജയപ്പെട്ട് ഒരു പ്രതിസന്ധിയിൽ പാർട്ടിയും മുന്നണിയും നിൽക്കുന്ന ഘട്ടത്തിലാണ് ഈ ചുമതല ദേശീയ നേതൃത്വം എന്നെ ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യം എനിക്കുണ്ട്. ആ ചുമതല നിറവേറ്റാൻ കഠിനാധ്വാനം ചെയ്യണം, എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാൻ സാധിക്കണം, വളരെ ശ്രദ്ധാപൂർവം സർക്കാരിനെ വീക്ഷിക്കണം, മഹാമാരിയുടെ ഈ കാലത്ത് വളരെ ഫോക്കസ്ഡ് ആയി പോകാൻ കഴിയണം എന്നൊക്കെ എനിക്കറിയാം. എല്ലാവരും കൂടി ചേർന്നുനിന്നാലെ ഇത് മുന്നോട്ടുപോകുകയുള്ളു. എല്ലാവരെയും ഏകോപിപ്പിച്ച് കൊണ്ടുപോകുന്നത് ഒരു കലയാണ്. അതുപോലെ അതൊരു വെല്ലുവിളിയുമാണ്. അതിനെ ഞാൻ സന്തോഷപൂർവം ഏറ്റെടുക്കുകയാണ്.

അപമാനിച്ച് ഇറക്കിവിടുന്നതുപോലെയായിരുന്നു സ്ഥാനമാറ്റമെന്ന് സൂചിപ്പിച്ച് ചെന്നിത്തല സോണിയാഗാന്ധിക്ക് എഴുതിയ കത്ത് പുറത്തു വന്നിരുന്നു. അദ്ദേഹത്തെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു മാറ്റമായിരുന്നോ വേണ്ടിയിരുന്നത്?

എനിക്ക് ആ കത്തിനെ പറ്റി ഒന്നും അറിയില്ല. എന്നോട് അദ്ദേഹം കത്തിനെപറ്റി ഒന്നും സംസാരിച്ചിട്ടില്ല. മാറ്റം കോൺഗ്രസിൽ എല്ലാക്കാലത്തും ഉണ്ടാകുന്നതാണ്. 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടതിനെ തുടർന്ന് എകെ ആന്റണി രാജിവച്ചപ്പോൾ പകരം വന്നത് അദ്ദേഹത്തിന്റെ നിഴൽ പോലെ നടന്ന ഉമ്മൻ ചാണ്ടിയാണ്. അന്നും ഇതുപോലെ പല കഥകളും പ്രചരിച്ചു. എന്നാൽ അതൊന്നും സത്യമായിരുന്നില്ല. അതുപോലെയാണ് ഇപ്പോഴും സംഭവിച്ചത്. എത്രയോ പതിറ്റാണ്ടുകളായി രമേശ് ചെന്നിത്തലയുടെ നിഴൽ പോലെ നടന്നയാളാണ് ഞാൻ. ഇരുപത് വയസിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് രമേശ് ചെന്നിത്തലയെ പരിചയപ്പെടുന്നത്. അന്നുമുതൽ ഇന്നുവരെ രമേശ് ചെന്നിത്തലയും ജി. കാർത്തികേയനും എടുത്തിരിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കൊപ്പം നിന്നയാളാണ് ഞാൻ.

മാറ്റം വന്നാൽ ഞാനല്ലാതെ മറ്റൊരു പേരില്ല എന്ന് എന്നോട് ആദ്യം പറഞ്ഞത് രമേശ് ചെന്നിത്തലയാണ്. ഞാൻ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും എല്ലാ കാര്യവും അദ്ദേഹവുമായി സംസാരിച്ച് തന്നെയാണ് മുന്നോട്ടുപോകുന്നത്. അദ്ദേഹവുമായി മാത്രമല്ല, ഉമ്മൻ ചാണ്ടിയുമായും സംസാരിക്കുന്നുണ്ട്. ഞാൻ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളിൽ അവർ പറയുന്ന തിരുത്തലുകൾ വരുത്തി തന്നെയാണ് മുന്നോട്ടുപോകുന്നത്. ഘടകകക്ഷിനേതാക്കളായ കുഞ്ഞാലിക്കുട്ടി സാഹിബുമായും പിജെ ജോസഫുമായും ആർഎസ്‌പിയുടെ നേതാക്കളുമായുമൊക്കെ എല്ലാകാര്യങ്ങളും ചർച്ച ചെയ്ത് പെട്ടെന്ന് പെട്ടെന്ന് തീരുമാനമെടുത്ത് മുന്നോട്ടുപോകുകയാണ്. അവർ ഒരുപാട് അനുഭവജ്ഞാനമുള്ള നേതാക്കളാണ്. ഈ പ്രസ്ഥാനം രക്ഷപ്പെടണം, തിരിച്ചുവരണം എന്നുള്ള ആഗ്രഹം അവർക്കുമുണ്ട്.

പിടി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലുള്ള മുതിർന്ന നേതാക്കൾ സഭയിൽ ഉള്ളപ്പോഴാണ് താങ്കൾ പ്രതിപക്ഷനേതാവാകുന്നത്. അതിലുള്ള അസ്വസ്ഥത അവർക്കൊന്നും ഇല്ല എന്ന കരുതാമോ?

തീർച്ചയായും അങ്ങനെയൊന്നും അവർക്കില്ല. അവർ പൂർണ പിന്തുണയാണ് എനിക്ക് നൽകുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അംഗങ്ങളായിരിക്കുന്ന പാർലമെന്ററി കമ്മിറ്റിയിലാണ് ഞാൻ നേതാവായിരിക്കുന്നത്. ആ ബോധ്യം എനിക്കുണ്ട്. ഞാൻ സ്‌കൂൾ കുട്ടിയായിരിക്കുമ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ സംസ്ഥാന നേതാവാണ്. അദ്ദേഹം ഏഴാമത്തെ തവണയാണ് നിയമസഭയിലെത്തുന്നത്. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ കെ. ബാബു ജില്ലാ നേതാവാണ്. പിടി തോമസ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ഞാൻ തേവര എസ്എച്ച് കോളേജിലെ യൂണിറ്റ് പ്രസിഡന്റാണ്. അപ്പോൾ അത്രയും വ്യത്യാസം അവരൊക്കെയായിട്ട് എനിക്കുണ്ട്. പക്ഷെ അവരെല്ലാം ഒരു സഹപ്രവർത്തകനോട്, അനുജനോട് എന്നവിധത്തിലുള്ള വാൽസല്യം എന്നോട് കാണിക്കുന്നുണ്ട്. എനിക്ക് എല്ലാവിധത്തിലുള്ള പിന്തുണയും അവർ നൽകുന്നുണ്ട്.

ഗ്രൂപ്പ് ഭേദമന്യേയുള്ള പിന്തുണ ലഭിക്കുന്നുണ്ടോ?

ഗ്രൂപ്പൊന്നും നോക്കണ്ട. പ്രതിപക്ഷനേതാവ് എന്ന നിലയിൽ സഭയ്ക്കുള്ളിലുള്ള പ്രവർത്തനങ്ങളാണ് ഞാനിതുവരെ കൈകാര്യം ചെയ്തത്. എന്നെ പ്രഖ്യാപിച്ച ഉടൻ തന്നെ സഭ ആരംഭിച്ചല്ലോ. സഭയ്ക്കുള്ളിൽ വളരെ ശക്തമായ പിന്തുണ എല്ലാവരിൽ നിന്നും എനിക്ക് ലഭിക്കുന്നുണ്ട്. എന്തായാലും സഭ അവസാനിക്കുമ്പോൾ മുഖ്യമന്ത്രി അടക്കം മന്ത്രിമാർക്കും ഭരണപക്ഷത്തെ മുഴുവൻ പേർക്കും ഒരുകാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. 41 പേർ എന്നുകരുതി നിസാരമായി തള്ളിക്കളയാനാകില്ല. കേരളത്തിലെ പ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽ ഒരു ശക്തിയാണ് എന്നുള്ളത്. അതൊരു ടീംവർക്കിന്റെ ഗുണമാണ്. എല്ലാവരും ഒരു സ്പിരിറ്റിലാണ് നിൽക്കുന്നത്. അതുപോലെ നല്ല പൊട്ടൻഷ്യൽ ഉള്ള ഒരു പുതിയ ടീമുണ്ട്. അവർക്കും അവസരങ്ങൾ ലഭിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്ത സഭാ സമ്മേളനമാകുമ്പോൾ ഔട്ട് സ്റ്റാൻഡിങ് ആയിട്ടുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ അവർക്കും സാധിക്കും. നല്ലൊരു ടീം സ്പീരിറ്റ് കോൺഗ്രസ് പാർലമെന്ററി പാർട്ടിക്കകത്തുണ്ട്.

നമ്മളെല്ലാവരും കയ്യടിച്ച് പ്രോൽസാഹിപ്പിച്ച നല്ലൊരു പ്രതിപക്ഷ നേതാവായിരുന്നു കഴിഞ്ഞ അഞ്ച് വർഷവും ഉണ്ടായിരുന്നത്. എന്നിട്ടും ലക്ഷ്യത്തിലെത്താൻ സാധിച്ചിട്ടില്ല. അപ്പോൾ കാതലായ എന്ത് മാറ്റമാണ് പ്രതിപക്ഷനേതാവ് എന്ന നിലയിൽ താങ്കൾ കൊണ്ടുവരാൻ ശ്രമിക്കുന്നത്?

കാലം മാറി. ആളുകളുടെ സമീപനം മാറി. ഇപ്പോൾ ഭരണപക്ഷത്തെ വിലയിരുത്തുന്നത് പോലെ തന്നെയാണ് പ്രതിപക്ഷത്തേയും ജനങ്ങൾ നോക്കിക്കാണുന്നത്. എന്താണ് നമ്മുടെ സമീപനമെന്നത് പ്രധാനമാണ്. ഗവൺമെന്റിനെ എതിർക്കുക മാത്രമാണോ ചെയ്യുന്നതെന്ന് ജനങ്ങൾ വീക്ഷിക്കുകയാണ്. ഗവൺമെന്റ് തെറ്റ് ചെയ്താൽ എതിർക്കുക തന്നെ വേണം. എന്നാൽ പ്രതിപക്ഷത്തിന് അതിനപ്പുറം ചില ചുമതലകളുണ്ട്. പുതിയ കാലത്തിലേയ്ക്കുള്ള ഒരു മാറ്റം വേണം. ഞാൻ പുതിയ തലമുറയിൽ പെട്ടയാളാണെന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാൽ പുതിയ സ്‌കൂളിൽ പെട്ടയാളാണ്. ഇപ്പോൾ മഹാമാരിയുടെ കാലമാണ്. ഞാൻ ചെയ്തത് സർക്കാരിന് നീരുപാധികമായ പിന്തുണ പ്രഖ്യാപിക്കുകയാണ്. അപ്പോൾ ചിലർ ചോദിച്ചു; അപ്പോൾ സർക്കാരിന് വീഴ്‌ച്ച പറ്റിയാലോ. ഞാൻ പറഞ്ഞു, വീഴ്‌ച്ച പറ്റിയാൽ ചൂണ്ടിക്കാണിക്കും. ഇപ്പോൾ കോവിഡ് മരണങ്ങൾ കുറച്ചുകാണിക്കുന്നതിനെ സംബന്ധിച്ച് കൃത്യമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും തിരുത്തിക്കാനും ഞങ്ങൾക്ക് സാധിച്ചു. ഞങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുകയല്ല ചെയ്തത്. ഞങ്ങൾ പ്രകോപിതരായില്ല. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നാണ് ചില പ്രകോപനങ്ങളൊക്കെ ഉണ്ടായത്.

മറ്റൊന്ന്, ഒരു വർഷമായി ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചത്. അത് വളരെ മോശപ്പെട്ട അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നും വരുന്ന ഏഴുലക്ഷത്തോളം കുട്ടികളുണ്ട്. പട്ടികജാതി- പട്ടികവർഗത്തിൽ നിന്നും വരുന്ന കുട്ടികൾ, തീരപ്രദേശങ്ങളിൽ നിന്നുള്ളവർ, പ്ലാന്റേഷൻ മേഖലകളിൽ നിന്നുള്ളവർ എന്നിങ്ങനെ. ഇവരിൽ ബഹുഭൂരിപക്ഷത്തിനും ഫോണോ കമ്പ്യൂട്ടറോ ഒന്നുമില്ല. ഉള്ളവർക്ക് ഇന്റെർനെറ്റോ നെറ്റ്‌വർക്ക് കവറേജോ ഒന്നും കിട്ടുന്നില്ല. നമ്മുടെ കുട്ടികളൊക്കെ വലിയ സൗകര്യത്തിൽ പഠിക്കുമ്പോൾ ഇതൊന്നും കിട്ടാത്ത ഒരു വിഭാഗം കുട്ടികൾ ഇന്നും ഈ നാട്ടിലുണ്ടെന്ന് നാം അറിയണം. അങ്ങനെ അദ്ധ്യാപകരുമായും കുട്ടികളുമായും രക്ഷകർത്താക്കളുമായും അലോചിച്ച് ഞങ്ങൾ ഈ വിഷയം സഭയിൽ കൊണ്ടുവന്നു. അങ്ങനെ ഈ സഭയിലുണ്ടാകാൻ പോകുന്ന വലിയൊരു തീരുമാനം ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ളതാണ്. അത് സർക്കാർ ഫസ്റ്റ് പ്രയോരിറ്റിയായി എടുത്തു. ഞങ്ങൾ അടിയന്തരപ്രമേയമായി കൊണ്ടുവന്ന ഒരു വിഷയം മൂന്ന് ദിവസത്തോളം സഭയിൽ ഗുണപരമായി ചർച്ച ചെയ്യുകയാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എത്തരത്തിൽ ഉയർത്താൻ കഴിയും?

എല്ലാവർക്കും ഡിജിറ്റൽ ഉപകരണങ്ങൾ എത്തിക്കുക, ഇന്റർനെറ്റ് ഇല്ലാത്തിടത്ത് ഇന്റെർനെറ്റ് എത്തിക്കുക എന്നിങ്ങനെ എല്ലാവർക്കും പഠനം തടസമില്ലാതെ നടക്കാനുള്ള സൗകര്യങ്ങൾ ഒരുക്കും. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സർവീസ് പ്രൈവൈഡർമാരുടെ യോഗം വിളിച്ചത്. ഗവൺമെന്റ് കൂടുതൽ പണം അതിലേയ്ക്ക് കൊടുക്കാൻ തീരുമാനിച്ചു. കൂടുതൽ ലോൺ നൽകാൻ തീരുമാനിച്ചു. അത്തരത്തിൽ ഡിജിറ്റൽ ഡിവൈഡ് പൂർണമായും ഇല്ലാതാക്കുക എന്നതാണ് പ്രഥമലക്ഷ്യം.

സ്വകാര്യസ്‌കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസം കുഴപ്പമില്ലാതെ നടന്നുപോകുന്നുണ്ട്. എന്നാൽ സർക്കാർ- എയ്ഡഡ് മേഖലയിൽ ഒരു പഠനവും നടക്കാത്ത അവസ്ഥയാണ്. എന്റെ ഇളയമകൻ എയ്ഡഡ് സ്‌കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ വർഷം ഒന്നും പഠിച്ചിട്ടില്ല എന്ന് തന്നെ പറയാം. വർക്കുകളുമില്ല ഫോളോഅപ്പുമില്ല. മറ്റ് രണ്ട് കുട്ടികൾക്ക് എന്നാൽ അങ്ങനെയല്ല. ഇതെങ്ങനെ പരിഹരിക്കാൻ സാധിക്കും?

കേരളത്തിലെ മാതാപിതാക്കൾ കൂടുതൽ പ്രാധാന്യം നൽകുന്നത് മക്കളുടെ വിദ്യാഭ്യാസത്തിനാണ്. അത് ഇപ്പോൾ ശരിക്ക് നടക്കുന്നില്ല. അതിന്റെ ഗുണനിലവാരത്തിൽ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ചെറിയ ക്ലാസുകളിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളിലൂടെ വലിയ ക്ലാസുകളിലെ വിദ്യാഭ്യാസത്തിന് അടിസ്ഥാനം ലഭിക്കാതെ പോകുന്നു. അത് മുൻകൂട്ടികണ്ടാണ് എന്റെ നിയോജകമണ്ഡലത്തിൽ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത ആദ്യ മണ്ഡലമാക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ച് മുന്നൂറിലധികം ടിവി കൊടുത്തു, ഇരുന്നൂറിലധികം ടാബ് കൊടുത്തു. അങ്ങനെ ഒറ്റകുട്ടി ബാക്കിയില്ലാതെ മുഴുവൻപേർക്കും കൊടുത്തു.

പക്ഷെ ഈ വർഷം വീണ്ടും പ്രശ്നം വരുകയാണ്. ചിലരുടെ ടിവി കേടാകും, മറ്റ് ചിലരുടെ ടാബ് കേടാകും, ചിലരുടെ ഫോൺ കേടാകും. ഇപ്പോൾ വീണ്ടും ലിസ്റ്റ് എടുത്തുകൊണ്ടിരിക്കുകയാണ്. കൊച്ചിയോട് അടുത്തുകിടക്കുന്ന മണ്ഡലമായതിനാൽ അവിടത്തെ സ്ഥാപനങ്ങളുടെ സഹായത്തോടെ എന്നെ പോലൊരു എംഎൽഎയ്ക്ക് സാധിക്കും. എന്നാൽ എല്ലാവർക്കും സാധിക്കില്ല. ഞാനന്ന് 150 കുട്ടികളെ ഉണ്ടാകുകയുള്ളു എന്ന് കരുതി തുടങ്ങിയതാണ്. എന്നാൽ 750 ഓളം പേർക്ക് നൽകേണ്ടി വന്നു. ഒരു വാശിയോടെ മുഴുവൻപേർക്കും ഞാൻ കൊടുത്തുതീർത്തു. അന്നത്തെ വിദ്യാഭ്യാസമന്ത്രി എന്നെ അഭിനന്ദിക്കുകയൊക്കെ ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ മാറ്റിവച്ചാൽ നാട്ടിലെ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗവൺമെന്റിന്റെ ഒരു ചെറിയ സഹായം കൂടിയുണ്ടെങ്കിൽ എല്ലാ മണ്ഡലങ്ങളിലും ഇത് നടപ്പിലാക്കാൻ സാധിക്കും.

അതുപോലെ വിക്ടേഴ്സ് ചാനലിൽ ഓരോ ആഴ്‌ച്ച ഓരോ അദ്ധ്യാപകർ വന്ന് ക്ലാസെടുക്കുന്നതിന് പകരം അതാത് സ്‌കൂളുകളിലെ അദ്ധ്യാപകർ അതാത് കുട്ടികളെ ഓൺലൈനിലൂടെ പഠിപ്പിച്ചാൽ ആ കുട്ടികൾക്ക് ക്ലാസ് കേൾക്കാൻ താൽപര്യമുണ്ടാകും. ഞങ്ങൾ അത്തരത്തിൽ നന്നായി പഠിച്ചാണ് ഈ വിഷയം സഭയിൽ അവതരിപ്പിച്ചത്. അത് സർക്കാർ അംഗീകരിച്ചിട്ടുണ്ട്. അത്തരത്തിലൊരു ഉത്തരവ് ഉടനുണ്ടാകും. ഇത്തരത്തിൽ ഒട്ടേറെ നിർദ്ദേശങ്ങൾ ഞങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിരുന്നു.

ഓൺലൈൻ ക്ലാസ് നടക്കുമ്പോൾ ഒരു ആറ് മാസം സർക്കാർ ഒരു പഠനം നടത്തണമായിരുന്നു. അത് ഉണ്ടായിട്ടില്ല. ഇപ്പോൾ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു പഠനം പുറത്തുവന്നിട്ടുണ്ട്. നല്ലൊരു പഠനമാണ്. ഞാൻ അവരെ അഭിനന്ദിക്കുകയാണ്. അത്തരമൊരു പഠനം സർക്കാർ നടത്തിയിരുന്നെങ്കിൽ ഈ വർഷം അത് നടപ്പിലാക്കാമായിരുന്നു. ആറ് മാസം കഴിഞ്ഞ് വീണ്ടുമൊരു പഠനം നടത്തണം. അങ്ങനെ ഓരോ വർഷവും പുതിയ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകണമായിരുന്നു. ഇത്തരം കാര്യങ്ങൾ സഭയിൽ ചർച്ച ചെയ്തപ്പോൾ ഒരുപാട് പ്രതികരണങ്ങൾ അതിനനുകൂലമായി ഉണ്ടായി. ഇപ്പോൾ അദ്ധ്യാപകരുടെ കാര്യം. കേരളത്തിൽ 1600 സ്‌കൂളുകളിൽ പ്രഥമാധ്യാപകരില്ല. അത് നമ്മൾ സഭയ്ക്കുള്ളിൽ ചർച്ചയാക്കി. ഗവൺമെന്റ് സെക്ടറിൽ 9500 അദ്ധ്യാപകരുടെ ഒഴിവുണ്ട്. എയ്ഡഡ് സെക്ടറിൽ 6500 അദ്ധ്യാപകരുടെ ഒഴിവുണ്ട്. അതൊന്നും നിയമിച്ചിട്ടില്ല. ഇതൊക്കെ സഭയ്ക്കുള്ളിൽ ചർച്ചയാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

സ്വകാര്യസ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് 2020 മാർച്ചിന് ശേഷം പരീക്ഷകൾ പോലും നടക്കുന്നില്ല. എത്തരത്തിലൊരു ഇടപെടലാണ് ഇക്കാര്യത്തിൽ നടത്താൻ കഴിയുക?

വളരെ പ്രധാനപ്പെട്ടൊരു കാര്യമാണിത്. ഉദാഹരണമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇപ്പോൾ കോവിഡ് ആശുപത്രിയാണ്. അവിടെ മാസ്റ്റർ ഓഫ് സർജറിക്ക് കയറിയ വിദ്യാർത്ഥികൾക്ക് എത്ര സർജറികൾ നടത്താൻ പറ്റിയിട്ടുണ്ട്? അവരുടെ പ്രാക്ടിക്കലാണല്ലോ സർജറി. ഇപ്പോൾ അവിടെ സർജറികൾ ഒന്നും നടക്കുന്നില്ല. ഒരു വിദ്യാർത്ഥി എന്നോട് പറഞ്ഞത് എംഎസ് ഇൻ കോവിഡ് എന്ന് പറയേണ്ടി വരും എന്നാണ്. മെഡിസിൻ, നേഴ്സിങ്, എൻജിനീയറിങ് എന്നിങ്ങനെയുള്ള കോഴ്സുകൾ പഠിക്കുന്ന കുട്ടികളെല്ലാം പ്രതിസന്ധിയിലാണ്. ആർട്സ് വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾക്ക് വീട്ടിലിരുന്ന് പഠിക്കുകയെങ്കിലും ചെയ്യാം. എന്നാൽ സയൻസ് വിഷയങ്ങളിലും പ്രൊഫഷണൽ കോഴ്സുകളിലും ഇത്തരത്തിൽ വളരെ ഗൗരവകരമായ പ്രശ്നങ്ങളുണ്ട്.

ആ മേഖലയിൽ കൂടുതൽ പഠനങ്ങൾ നടത്തി സർക്കാരിനെ തിരുത്തുമോ?

തിരുത്തണം. അതൊക്കെ നമ്മുടെ ശ്രദ്ധയിൽ വന്നിട്ടുള്ള വിഷയങ്ങളാണ്. മുൻപറഞ്ഞ വിഷയങ്ങളൊക്കെ കുറഞ്ഞകാലത്തിനുള്ളിൽ സഭയ്ക്കുള്ളിൽ ഉയർത്താൻ നമുക്ക് സാധിച്ചു. ഇതുപോലെ ഓരോരോ വിഷയങ്ങൾ ആളുകളെ എത്തരത്തിൽ ബാധിച്ചുവെന്നും അതിന്റെ സോഷ്യോ- എക്കണോമിക് ഇംപാക്ട് എന്താണെന്നുമൊക്കെ നമ്മൾ പരിശോധിക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് ഞാനിന്ന് സഭയിൽ കൊണ്ടുവന്ന ഒരു വിഷയമാണ് ബാങ്ക് ലോണുകളെ കുറിച്ചിട്ടുള്ളത്. ബാങ്ക് ലോൺ, സഹകരണ ബാങ്കുകളിലെ ലോൺ, കുടുംബശ്രീ ലോൺ, വട്ടിപ്പലിശക്കാരിൽ നിന്നെടുത്ത ലോൺ ഇതെല്ലാം ജനങ്ങളെ ഇന്ന് അലട്ടിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ മോറോട്ടോറിയവുമില്ല ഒന്നുമില്ല. ടാക്സിക്കാരൻ, പ്രൈവറ്റ് ബസ് ഉടമ, ടൂറിസ്റ്റ് ബസ് ഉടമ, ഓട്ടോ ഡ്രൈവർ എന്നിവരുടെയൊക്കെ അവസ്ഥയും കഷ്ടമാണ്. ഇവരെങ്ങനെ ടാക്സ് അടയ്ക്കും. ഒരു വർഷമായി ഓട്ടമില്ലാതെ വണ്ടി ഷെഡിൽ കിടക്കുകയാണ്. പണ്ടൊക്കെ ബസ് മുതലാളി എന്ന് പറയുമായിരുന്നു. ഇപ്പോൾ ബസ് മുതലാളി ഇല്ല. കഴിയുമെങ്കിൽ കണ്ടക്ടറെ ഒഴിവാക്കി ആ പണി സ്വയം ഏറ്റെടുത്ത് ഒരാളുടെ കൂലിയെങ്കിലും ലാഭിക്കാൻ ശ്രമിക്കുന്നവരാണ് അവർ. ഇലക്ഷൻ വരെ ഗവൺമെന്റ് ഇവരെ ടാക്സിൽ നിന്നും ഒഴിവാക്കിക്കൊടുത്തു. അത് ശരിയല്ലല്ലോ. തുടർന്നും അത് ഒഴിവാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്തായാലും ഓഗസ്റ്റ് വരെ അത് ഒഴിവാക്കാമെന്നും പിന്നീട് ചർച്ച ചെയ്ത് ഫൈനൽ തീരുമാനമെടുക്കാമെന്നും ഇന്ന് തീരുമാനിച്ചിട്ടുണ്ട്.

ബാങ്കുകളുടെ ഒരു അടിയന്തരമീറ്റിങ് വിളിക്കണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്ന് മോറട്ടോറിയം പ്രഖ്യാപിക്കാൻ അവരോട് ആവശ്യപ്പെടണം. റിസർവ് ബാങ്ക് നിർദ്ദേശം കൊടുത്തിട്ടും അവർ തയ്യാറായിട്ടില്ലല്ലോ. മറ്റൊന്ന് സിബിൽ റേറ്റിങ് തൽക്കാലത്തേയ്ക്ക് സസ്പെൻഡ് ചെയ്യാനും അവരോട് ആവശ്യപ്പെടണം. കാരണം മോറട്ടോറിയം പ്രഖ്യാപിച്ചാലും തിരിച്ചടവ് മുടങ്ങിയാൽ അത് സിബിൽ സ്‌കോറിനെ ബാധിക്കും. പിന്നീട് അവർക്ക് വായ്പ പോലും എടുക്കാനാകാത്ത അവസ്ഥ ഉണ്ടാകും. അപ്പോൾ ഇങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങൾ ഉയർത്താൻ ഞങ്ങൾക്ക് ഈ ചെറിയ കാലത്തിനുള്ളിൽ സാധിച്ചിട്ടുണ്ട്. ഇങ്ങനെയും പ്രതിപക്ഷത്തിന് പ്രവർത്തിക്കാം.

ഗവൺമെന്റിനെ കൊണ്ട് തിരുത്തിച്ച് നല്ലവഴിക്ക് നടത്തിക്കുമ്പോൾ ഗവൺമെന്റിനല്ലേ അതിന്റെ നേട്ടമുണ്ടാകുക, അവർക്കല്ലേ അതിന്റെ സൽപ്പേര് ഉണ്ടാകുക?

അങ്ങനയല്ല. ജനങ്ങൾ ഇതെല്ലാം നോക്കിക്കാണുകയല്ലേ. ഇത് ആര് ഇടപെട്ടിട്ടാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്, എന്തുകൊണ്ടാണ് ഇതുവരെയും ഇങ്ങനെയൊന്നും നടക്കാത്തത് എന്നൊക്കെ അവർ ചിന്തിക്കില്ലേ. ഇന്നുവരെ നിയമസഭയ്ക്കുള്ളിലോ കേരളത്തിലെ പൊതുരാഷ്ട്രീയമണ്ഡലത്തിലോ സിബിൽ റേറ്റ് എന്നൊരു കാര്യത്തെ പറ്റി ഇന്നുവരെ ആരെങ്കിലും സംസാരിച്ചിട്ടുണ്ടോ? ഞങ്ങൾ ഇപ്പോൾ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ പറ്റി സംസാരിച്ചിട്ടില്ലായിരുന്നെങ്കിൽ ഓൺലൈൻ വിദ്യാഭ്യാസത്തിലെ ഗുണനിലവാരതകർച്ചയെ പറ്റി ഒരു ചർച്ചയുണ്ടാകുമായിരുന്നോ? ഗവൺമെന്റ് ഇതുവരെ അതിനെപറ്റി ആലോചിച്ചിട്ടുപോലുമില്ലല്ലോ.

അതായത് വെറും വിമർശനമല്ല ഈ പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ഗവൺമെന്റിന് തിരുത്താതിരിക്കാൻ പറ്റാത്ത നിലയിൽ നിങ്ങൾ ഗവൺമെന്റിനെ എത്തിക്കും എന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. അല്ലേ?

അതെ. സർക്കാരിന്റെ തെറ്റുകൾ, വീഴ്‌ച്ചകൾ, മറവികൾ, അശ്രദ്ധ അതെല്ലാം കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്ന ഒരു പ്രതിപക്ഷം ഉണ്ട്. ജനങ്ങളും അത് ശ്രദ്ധിക്കുകയാണ്. സഭയിൽ ഓരോ വിഷയവും അവതരിപ്പിച്ചുകഴിയുമ്പോഴും കരഞ്ഞുകൊണ്ടൊക്കെ ചിലർ ഫോണിൽ വിളിക്കും. ഞങ്ങളുടെ വിഷയവും അവതരിപ്പിച്ചല്ലോ. സർക്കാരിന്റെ മറുപടി എന്തായാലും ഞങ്ങളുടെ വിഷയവും പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിയല്ലോ എന്നൊക്കെയാണ് അവർ പറയുന്നത്. പിഎസ്‌സി ലിസ്റ്റിൽ വന്നിട്ട് മെമോയും അപ്പോയ്മെന്റ് ഓർഡറും കൈപ്പറ്റി 16 മാസമായി കാത്തിരിക്കുന്നവരുണ്ട് ഈ കേരളത്തിൽ എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ.

താങ്കൾ സഭയ്ക്കുള്ളിൽ പിണറായി വിജയന്റെ ആക്രമിക്കുമ്പോൾ തന്നെ അദ്ദേഹവുമായി നല്ല ബന്ധം പുലർത്തുന്ന ഒരാളുമാണ്. സഭാ ടിവിക്ക് വേണ്ടി അദ്ദേഹത്തെ ഇന്റെർവ്യു ചെയ്യുകയൊക്കെ ഉണ്ടായി. അപ്പോൾ ഇതൊക്കെയൊരു ഒത്തുതീർപ്പ് ആണെന്നുള്ള ആരോപണം വരാൻ സാധ്യതയില്ലെ?

അതൊക്കെ ഓരോ വിഷയം വരുമ്പോഴാണല്ലോ. കഴിഞ്ഞ ദിവസം കുഴൽപ്പണവിഷയം സഭയിൽ ഉന്നയിച്ചല്ലോ. അപ്പോൾ ഞങ്ങൾ ഗവൺമെന്റുമായി ഏറ്റുമുട്ടി. ഈ കേസ് ഒത്തുതീർപ്പാകുമോ എന്ന സംശയം ഞങ്ങൾക്കുണ്ട്. ബിജെപി സംസ്ഥാനപ്രസിഡന്റിനെ പൊലീസ് അന്വേഷിക്കുന്നു, മകനെ പറ്റി അന്വേഷിക്കുന്നു. തിരിച്ച് അപ്പുറത്തുമുണ്ടല്ലോ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന മക്കൾ. അപ്പോൾ ഞങ്ങൾ നിയമസഭയിൽ പറഞ്ഞു, നിങ്ങൾ ഒത്തുതീർപ്പുണ്ടാക്കും. നിങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായും സംഘപരിവാറുമായും ഒത്തുതീർപ്പുണ്ടാക്കിയവരല്ലെ എന്ന് ചോദിച്ചു. അപ്പോൾ മുഖ്യമന്ത്രി പ്രകോപിതനായി. അപ്പോൾ തന്നെ തെളിവുകൾ നൽകാൻ പറഞ്ഞു. അപ്പോൾ അവർ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയുമായി ധാരണ ഉണ്ടാക്കിയ വിവരം ഞങ്ങൾ പുറത്തുവിട്ടു. അപ്പോൾ അത്തരം കാര്യങ്ങളിലൊന്നും യാതൊരു വീട്ടുവിഴ്‌ച്ചകൾക്കും ഞങ്ങൾ തയ്യാറല്ല.

ഈ സർക്കാരിന്റെ മുകളിൽ ഇഷ്ടംപോലെ കേന്ദ്രഏജൻസികൾ വട്ടമിട്ട് പറക്കുകയാണല്ലോ. അതുകൊണ്ട് കുഴൽപ്പണക്കേസുമായി അതൊക്കെ ഈ സർക്കാർ സെറ്റിൽ ചെയ്യുമോ എന്ന് ഞങ്ങൾ നോക്കിയിരിക്കുകയാണ്. അതുപോലെ മുട്ടിൽ മരംമുറികേസിൽ കഴിഞ്ഞ സർക്കാരിലെ രണ്ട് മന്ത്രിമാർ സംശയത്തിന്റെ നിഴലിലാണ്. അതിലൊന്നും യാതൊരു വിട്ടുവീഴ്‌ച്ചയും ഞങ്ങൾ ചെയ്യില്ല. മഹാമാരിയുടെ കാര്യത്തിൽ മാത്രമാണ് സർക്കാരിന് ഞങ്ങൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കത്തേണ്ട സമയത്ത് ഞങ്ങൾ ആളിക്കത്തും.

പിന്നെ സഭാ ടിവിക്ക് വേണ്ടി അഭിമുഖം എടുത്തതിനെ പറ്റി. സഭാ ടിവി ലോഞ്ച് ചെയ്ത സമയത്ത് അവർ തീരുമാനിച്ചത് ഭരണകക്ഷിയിലെ പ്രധാന നേതാക്കളെ പ്രതിപക്ഷ അംഗങ്ങളും പ്രതിപക്ഷത്തെ പ്രധാന നേതാക്കളെ ഭരണകക്ഷി അംഗങ്ങളും ഇന്റർവ്യൂ ചെയ്യണമെന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ഞാൻ ഇന്റർവ്യൂ ചെയ്തത്. അതേസമയം ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇന്റെർവ്യു ചെയ്തത് ഭരണകക്ഷി അംഗങ്ങളാണ്. മുഖ്യമന്ത്രിയെ ഞാൻ ഇന്റെർവ്യു ചെയ്തപ്പോൾ ചോദിച്ചത് മുഴുവൻ സ്വർണകടത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിനെ പറ്റിയാണ്, അദ്ദേഹത്തിന്റെ പ്രിൻസിപ്പൾ സെക്രട്ടറി ജയിലിൽ കിടക്കുന്നതിനെ കുറിച്ചാണ്. പിന്നെ മുതിർന്ന നേതാക്കളെ നമ്മൾ ഇന്റർവ്യൂ ചെയ്യുമ്പോൾ കാണിക്കേണ്ട ഒരു മര്യാദ ഉണ്ടല്ലോ. അത് അത്രയേ ഉള്ളു.

സത്യം പറഞ്ഞാൽ സഭാ ടിവി പോലുള്ള ധൂർത്തുകൾ ചോദ്യം ചെയ്യേണ്ടത് തന്നെയല്ലെ?

നിയമസഭയിൽ ഒരു കാര്യവുമില്ലാത്ത കാര്യമാണ് സഭാ ടിവി. 16 കോടി രൂപ മുടക്കി ലോകമലയാളിസഭയ്ക്ക് വേണ്ടി മാത്രം. നിയമസഭയ്ക്കുള്ളിൽ അതിനെയൊക്കെ വിമർശിച്ചയാളാണ് ഞാൻ. കഴിഞ്ഞ സർക്കാരിന്റെ ധൂർത്തിനെപറ്റി ഏറ്റവുമധികം വിമർശനങ്ങൾ ഉന്നയിച്ച ആളാണ് ഞാൻ.

കഴിഞ്ഞ നിയമസഭാ സ്പീക്കർ ധൂർത്തിന്റെ കാര്യത്തിൽ രാജാവായിരുന്നു. സഭാ ടിവി മാത്രമല്ല, ഓരോ പദ്ധതിയുടെയും പിന്നിൽ വലിയ അഴിമതികൾ ഉണ്ടായിരുന്നു. അതിനെ പറ്റി അന്വേഷിച്ചറിഞ്ഞ തെളിവുകളുടെ പുറത്താണ് ഞാൻ പറയുന്നത്. ശങ്കരനാരായണൻതമ്പി ഹാളിന്റെ നവീകരണവും ലൈബ്രറി പണിയാൻ ടെൻഡർ കൊടുത്തതുമടക്കം എല്ലാം തട്ടിപ്പായിരുന്നു. ഇതിന്റെ തുടർച്ച ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഈ പ്രതിപക്ഷം കാണിക്കുമോ?

ഉറപ്പായും. താങ്കൾ ഈ പറഞ്ഞ ശങ്കരനാരായണൻതമ്പി ഹാളിന്റെ കാര്യം ആദ്യം സഭയിൽ ഉന്നയിച്ചത് ഞാനാണ്. അതിന് ശേഷം സ്പീക്കർക്കെതിരെ ഞങ്ങൾ അവിശ്വാസം കൊണ്ടുവന്നു. വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യം. ഈ വിഷയങ്ങളൊക്കെ തന്നെയാണ് ആ അവിശ്വാസത്തിന് പിന്നിലെ കാരണങ്ങൾ. ഇനി അത്തരം കാര്യങ്ങൾ സഭയ്ക്കുള്ളിൽ ആവർത്തിക്കപ്പെടാതിരിക്കാൻ ഞങ്ങൾ ഞങ്ങളുടെതായ രീതിയിൽ പ്രവർത്തിക്കും.

ഈ സ്പീക്കറുടെയും തുടക്കം അത്ര തൃപ്തികരമായി എനിക്ക് തോന്നിയില്ല. താങ്കൾക്ക് അത് പരസ്യമായി പറയാൻ കഴിയുമോ എന്ന് എനിക്കറിയില്ല. ഒരു കാരണം, താങ്കളുടെ ആരോപണത്തിന്റെ തെളിവുകൾ ഇപ്പോൾ തന്നെ പറയാൻ മുഖ്യമന്ത്രി സഭയ്ക്കുള്ളിൽ പരസ്യമായി വെല്ലുവിളിക്കുന്നു. അതിന് മറുപടി നൽകാൻ താങ്കൾ എഴുന്നേറ്റിട്ടും സ്പീക്കർ മൈക്ക് ഓഫ് ചെയ്യുന്നു. അതെങ്ങനെയാണ് ശരിയാകുന്നത്?

മുഖ്യമന്ത്രി വളരെ സീനിയറായ നേതാവാകുമ്പോൾ പാർട്ടിക്കുള്ളിലെ ഹൈറാർക്കിയിൽ കുറേക്കൂടി താഴെയുള്ളവർ സ്പീക്കറായി വരുമ്പോഴുള്ള ഒരു പ്രശ്നമുണ്ട്. ഞാൻ സ്പീക്കറെ പറ്റി പറയുന്നത് ശരിയല്ല. പ്രത്യേകിച്ച് മറ്റൊരു പ്ലാറ്റ്ഫോമിൽ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ മറ്റുചില കാര്യങ്ങളിലൊക്കെ കുറേക്കൂടി ആറ്റിറ്റിയൂഡ് അദ്ദേഹം കാണിക്കേണ്ടതുണ്ട്.

വി എം സുധീരനെയും കെ. രാധാകൃഷ്ണനെയും പോലുള്ളവർ ഇരുന്ന സ്പീക്കർ സ്ഥാനത്തിന്റെ മഹത്വം കഴിഞ്ഞ തവണ മുതൽ താഴ്ന്ന് പോകുകയാണോ? അത് ഉയർത്തിപ്പിടിക്കാൻ നിങ്ങളെപോലുള്ളവർ ശ്രമിക്കുന്നുണ്ടോ?

ഈ സ്പീക്കറുടെ അനുമോദന യോഗത്തിൽ കെ. രാധാകൃഷ്ണന്റെ കാര്യം പറയുന്നത് ഞാനാണ്. 2006- 2011 കാലഘട്ടം എന്റെ നിയമസഭാ ജീവിതത്തിലെ യുദ്ധപർവ്വമായാണ് ഞാൻ കാണുന്നത്. 32 അടിയന്തര പ്രമേയങ്ങളും ഏഴ് മന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളും കൊണ്ടുവന്ന ഞാൻ വൈബ്രന്റ് ആയി നിൽക്കുന്ന കാലമാണ്. അന്ന് സ്പീക്കർ രാധാകൃഷ്ണനാണ്. അദ്ദേഹം മെറിറ്റ് നോക്കിയിട്ടാണ് കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത്.അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ തന്നെ ഞാനത് ഇത്തവണ പറഞ്ഞു. പിന്നീട് പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള നിരവധിപേർ അദ്ദേഹത്തെ പറ്റി പറഞ്ഞു. അദ്ദേഹമൊരു മോഡലാണ്.

വക്കം പുരുഷോത്തമനെ പോലെ വളരെ സ്ട്രിക്ട് ആയിട്ടുള്ള സ്പീക്കർമാർ ഉണ്ടായിട്ടുണ്ട്. തേറമ്പിലിനെ പോലെ വളരെ ലിബറലായിട്ടുള്ളവർ ഉണ്ടായിട്ടുണ്ട്. കാർത്തികേയനെ പോലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ബഹുമാനിക്കുന്നയാൾ ഈ പദവിയിൽ ഇരുന്നിട്ടുണ്ട്. അപ്പോൾ ചെറുപ്പക്കാരായിട്ടുള്ളവർ ആ പദവിയിൽ വരുമ്പോൾ അവർ കുറെക്കൂടി ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതുണ്ട്. കാരണം വളരെ സമുന്നതമായൊരു പദവി ആണത്. ആ പദവിക്ക് ഒരു അന്തസുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP