Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടങ്കുളത്തിൽ പാർട്ടിയുടേത് ബുദ്ധികെട്ട സമീപനം; ജനങ്ങളുടെ മുന്നിൽ തെറ്റ് ഏറ്റുപറയേണ്ടതില്ല; വിഎസ് എംവി നികേഷ്‌കുമാറിനോട് പറഞ്ഞത്

കൂടങ്കുളത്തിൽ പാർട്ടിയുടേത് ബുദ്ധികെട്ട സമീപനം; ജനങ്ങളുടെ മുന്നിൽ തെറ്റ് ഏറ്റുപറയേണ്ടതില്ല; വിഎസ് എംവി നികേഷ്‌കുമാറിനോട് പറഞ്ഞത്

തിരുവനന്തപുരം: കൂടംകുളം ആണവ വിഷയത്തിൽ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്തെത്തി. കൂടംകുളം വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്നത് ബുദ്ധികെട്ട നിലപാടാണെന്ന് വിമർശിച്ച് വിഎസ് അച്യുതാനന്ദൻ ആണവകരാറിന്റെ പേരിൽ യുപിഎക്ക് പിന്തുണ പിൻവലിച്ച പാർട്ടിയാണ് സിപിഐ(എം) എന്ന് ഓർക്കണമെന്നും അതുകൊണ്ട് തന്നെ കൂടംകുളം വിഷയത്തിൽ പാർട്ടി നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. റിപ്പോർട്ട് ടിവി ചാനലിന്റെ 'ക്ലോസ് എൻകൗണ്ടറി'ലാണ് വിഎസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

റിപ്പോർട്ടർ ചാനൽ എഡിറ്ററും എംഡിയുമായ എംവി നികേഷ് കുമാറുമായി നടത്തിയ ദീർഘമായ അഭിമുഖത്തിൽ വിവാദവിഷയങ്ങളെ കുറിച്ചെല്ലാം വിഎസ് പരാമർശിച്ചു. ടിപി ചന്ദ്രശേഖരൻ വധത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ബുദ്ധിമുണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ല എന്നു വ്യക്തമാക്കുമ്പോൾ ഏതാണ് ഇതിൽ ശരിയായ അന്വേഷണമെന്ന് ചൂണ്ടുക്കാട്ടാൻ ബാധ്യതയുണ്ടെന്നും പറഞ്ഞു. .യുഡിഎഫ് സർക്കാറിന്റെ എമർജിങ് കേരളാ പദ്ധതിയെ നിശിദമായി വിമർശിച്ച അദ്ദേഹം അഴിമതിയില്ലാതെ യുഡിഎഫ് സർക്കാറിൽ ഒരു കാര്യവും നടക്കില്ലെന്നും വ്യക്തമാക്കി. നികേഷ് കുമാർ വിഎസ് അച്യുതാനന്ദനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

  • വിഎസ് അച്യുതാനന്ദൻ എന്ന പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് എമർജിങ് കേരളാ പദ്ധതിയിൽ പങ്കെടുത്തില്ല?


കൃഷിയെ തകർക്കാനുള്ള ആസൂത്രിതപദ്ധതിയാണ് എമെർജിങ് കേരളയിലൂടെ യുഡിഎഫ് നടത്തിയത്. മൊണ്ടേക് സിംഗിന്റെ പ്രസ്താവന ഇതിന്റ ഭാഗമാണമെന്നും ഐസ്‌ക്രീം കേസ് അടക്കമുള്ള കേസുകൾ മറച്ചുവെയ്ക്കാനാണ് എമെർജിങ് കേരള. കുഞ്ഞാലിക്കുട്ടിയെപോലുള്ളവർക്ക് അഴിമതി നടത്താനുള്ള പദ്ധതിയായിരുന്നു ഇത്. ജിം പോലെ എമെർജിങ് കേരളയും പരാജയപ്പെടും. യുഡിഎഫിൽ അഴിമതിയില്ലാത്ത ഒരു പദ്ധതിയുമില്ല. കുഞ്ഞാലിക്കുട്ടി അഴിമതിയുടെ പ്രമാണിയാണ്. ഇതിന് ഉമ്മൻ ചാണ്ടിയും കൂട്ടു നിൽക്കുകയാണ്. സുതാര്യമായ കാര്യങ്ങളല്ല പദ്ധതിയിൽ നടന്നത്. അതുകൊണ്ടാണ് പങ്കെടുക്കാതെ വിട്ടുനിന്നത്. ഇത്

  •  കൊച്ചി മെട്രോ വിഎസ് ഏറെ യത്‌നിച്ച പദ്ധിതിയാണ്. അതിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്നു. എന്തുകൊണ്ട്?


കൊച്ചിമെട്രോയെകുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് യുഡിഎഫിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് വിട്ടുനിന്നത്. ഇ ശ്രീധരന്റെ മഹാന്മ്യം പറയുക മാത്രം ചെയ്യുന്നവർ മെട്രൊ പദ്ധതിയിൽ നിന്നും ശ്രീധരനെ പോലും ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'ടോം ജോസിന്റെ നടപടികൾ തന്നെയാണ് ഇപ്പോഴും തുടരുന്നത്‌ന'. കമ്മീഷൻ പറ്റാൻ ശ്രമിക്കുന്നവരാണ് ഇപ്പോഴും സർക്കാറിലുള്ളത്. താൻ വരാത്തതിൽ ദുഖിക്കുന്ന ആന്റണി ഇ ശ്രീധരൻ വരാത്തതിൽ ദുഖിക്കാത്തത് എന്തുകൊണ്ടാണ്.

  • എമർജിങ് കേരളയിൽ പങ്കെടുത്തില്ലെങ്കിലും ഈ സംവാദത്തിൽ എൽഡിഎഫ് ഇടപെടേണ്ടതല്ലോ. അല്ലാതെ വലതുപക്ഷ സമീപനങ്ങൽ അടിച്ചേൽപ്പിക്കുന്നത്. നോക്കിയിരിക്കുകയാണോ വേണ്ടത്.?


ഇതേക്കുറിച്ച് അപ്പപ്പോൾ മറുപടി പറഞ്ഞിട്ടുണ്. അലുവാലിയയുടെ നിലപാട് അംഗീകരിക്കാനാവില്ല. ഐഐടി പരിഗണിക്കുന്നുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി പരിഹസിക്കുകയാണ്. അലുവാലിയുടെ നിലപാട് ശരിയല്ല്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നെൽവയൽ നികത്തൽ നിരോധന നിയമത്തിന് ഘടകവിരുദ്ധമാണമത്. ഇത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.

  • ഈ സർക്കാർ ഭരണം തുടങ്ങുമ്പോൾ രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. സർക്കാർ കാലാവധി തികക്കില്ലെന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് ഈ അവസ്ഥ മാറി. പിറവത്തും നെയ്യാറ്റിൻകരയിലും തോറ്റു. എന്താണ് പ്രതിപക്ഷത്തിന് സംഭവിച്ചത്?


ഇപ്പോഴത്തെ സർക്കാറിന് അധികകാലം മുന്നോട്ട് പോകാനാകില്ല. ജനങ്ങൾ ഇവരെ വലിച്ച് താഴെയിടും. സൂത്രത്തിൽ ജനങ്ങളെ കൈയിലെടുക്കാനുള്ള കാര്യമൊന്നും നടക്കില്ല. പ്രതിപക്ഷം സാവധാനത്തോടെ കാര്യങ്ങൽ കാണുകയാണ്. പ്രധാനന്ത്രിയും പ്ലാനിങ് കമ്മിറ്റി ഉപോധ്യക്ഷനും ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന നിലപാട് ആര് അംഗീകരിക്കും? മാദ്ധ്യമങ്ങൾ പോലും ഇത് പരിഹാസത്തോടെയാണ് കാണുന്നത്. മാദ്ധ്യമങ്ങളുടെ പിന്തുണ പോലും യുഡിഎഫ് സർക്കാറിനില്ല.

  • പ്രതിപക്ഷം അവസരം മുതലെടുക്കുന്നതിൽ വിമഖത കാണിച്ചിട്ടുണ്ടോ? നെയ്യാറ്റിൻകരയിൽ ചന്ദ്രശേഖരൻ വധം പ്രതിപക്ഷത്തിന്റെ അവസരം നഷ്ടപ്പെടുത്തുകയല്ലേ ചെയ്തത്?


പ്രതിപക്ഷം അവസരം നഷ്ടപ്പെടുത്തി എന്നുപറഞ്ഞുകൂടാ. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇങ്ങനെയൊരു അക്രമം ഉണ്ടായത് നിർഭാഗ്യകരമാണ്. സിപിഎമ്മിന് ഇതിൽ പങ്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർക്ക് ഇതിൽ പങ്കുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അങ്ങനെ തന്നെ സംഭവിക്കുമെന്നാണ് കരുതുന്നത്. ടിപി ചന്ദ്രശേഖരനെ വധിച്ചതിൽ പങ്കുള്ളവർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നാണ് കരുതുന്നത്.

  • ടിപി ചന്ദ്രശേഖരൻ വധത്തിൽ സിബിഐ അന്വേന്വേഷണം വേണമെന്ന് വിഎസിന്റെ ആവശ്യം കേന്ദ്രം തള്ളിയല്ലോ?


കേന്ദ്രക്കമ്മറ്റി പ്രമേയം ദേശാഭിമാനി പ്രസിദ്ധീകരിച്ചതിനാൽ പൊതുസമൂഹത്തിന് മുന്നിൽ തെറ്റ് ഏറ്റുപറണമെന്ന നിർദ്ദേശം അപ്രസക്തമായി. പ്രമേയത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയേണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നിയില്ല.

  • ഇത് സി.സി ക്ക് ബോധ്യപ്പെട്ടോ.?

 അത് അവരാണ് നിശ്ചയിക്കേണ്ടത്. എന്റെ കാര്യമാണല്ലോ ചോദിച്ചത്.
തെറ്റാണെന്ന് തനിക്ക് തോന്നിയ മൂന്ന് കാര്യങ്ങൾ ക്ലോസ് എൻകൗണ്ടറിൽ വി.എസ് എടുത്തുപറഞ്ഞു.

ഒന്ന് ; നെയ്യാറ്റിൻകര വോട്ടെടുപ്പ് ദിവസം ടി.പിയുടെ വീട്ടിൽ പോയത് ഒഴിവാക്കേണ്ടിയിരുന്നു.

രണ്ട്; ടി.പി.ചന്ദ്രശേഖറനെ കുലംകുത്തിയെന്ന് വിളിച്ച പിണറായി വിജയന്റെ പരാമർശം കേരളസംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് എനിക്ക് തോന്നിയിരുന്നു. മരിച്ചുകിടക്കുന്ന ആളുകളെ അത്തരത്തിൽ ആക്ഷേപിക്കുന്നസംസ്‌കാരം നമ്മുടെ സംസ്ഥാനത്തില്ല. എങ്കിലും വിജയനെതിരായ പരസ്യവിമർശനം വേണ്ടിയിരുന്നില്ല.

മൂന്ന്; ഡാങ്കേയുമായി പിണറായി വിജയനെ താരതമ്യം ചെയ്തതും ഒഴിവാക്കേണ്ടതായിരുന്നു.

തന്റെ ഭാഗത്തുനിന്ന് സംഭാഷണത്തിന് ഇടയിൽ വന്ന പിശകായ പരാമർശങ്ങൾ തെറ്റാണെന്ന് സി.സി.യെ ബോധിപ്പിച്ചിട്ടുണ്ട്. ഇത് ജനങ്ങളോട് പറയുക എന്ന നിർദ്ദേശമാണ് പിന്നെയുള്ളത്.കേന്ദ്രകമ്മറ്റിയുടെ കമ്യൂണിക്കേ ദേശാഭിമാനിയിൽ വന്നതിന് ശേഷം അത് വീണ്ടും ജനങ്ങളോട് പറേണ്ടതുണ്ട് എന്ന് തോന്നിയില്ല.

  • മുണ്ടൂർ

പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ വിമതപ്രവർത്തനം നടക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് പാർട്ടി ഉത്തരം പറയണം. ഉത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. മുണ്ടൂരിൽ സംഭവിച്ച കാര്യങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ പാർട്ടി പരിശോധിച്ചിട്ടുണ്ട്. ഗോകുൽ ദാസ് അടക്കമുള്ളവർക്കെതിരെ അച്ചടക്കനടപടിയെടുക്കേണ്ടതില്ല എന്ന തീരുമാനം ലീഡർഷിപ്പിന് വസ്തുതകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതാണ്. അങ്ങനെ ലീഡർഷിപ്പിന് ചെയ്യേണ്ടിവരും.

ഇക്കാര്യങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നില്ല. അവ ബന്ധപ്പെട്ടവരോട് ചോദിക്കുകയും വിശദീകരണം വാങ്ങുകയും വേണം. അച്ചടക്ക നടപടികൾ ചിലയിടത്ത് കീഴ്ഘടകങ്ങൾ സ്വീകരിക്കുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ ശിക്ഷിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് അവർക്ക്. അതേ സമയം തന്നെ അച്ചടക്ക നടപടിയെടുത്തവർക്കൊപ്പം ആളുകൾ അണിനിരക്കുന്നത് കാണുമ്പോൾ അവർക്കെതിരെ എടുത്ത നടപടി ശരിയാണോ എന്ന് മറുഭാഗത്തിനും തോന്നുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്ക് ചില തീരുമാനങ്ങളിൽ എത്തേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. എം.വി.രാഘവന്റെയും കെ.ആർ.ഗൗരിയമ്മയുടെയും കാലഘട്ടത്തിൽ പാർട്ടി എടുത്ത തീരുമാനം ജനം അംഗീകരിച്ചിരുന്നു. സഖാക്കൾ ആകെ തന്നെ പാർട്ടിയോടൊപ്പം നിന്നു. ജനങ്ങൾക്ക് ബോധ്യപ്പെടാത്ത കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയും അല്ലെങ്കിൽ ജനങ്ങളുടെ വിമർശനം പാർട്ടി അംഗീകരിക്കുയോ വേണ്ടിവരും. ശരിയായ സമീപനമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അത്ര പ്രബുദ്ധരാണ് ജനങ്ങൾ.

  • രമയ്ക്ക് കോടതിയെ സമീപിക്കാം

ടി.പി.വധത്തിൽ സി.ബി.ഐ അന്വേന്വേഷണം വേണ്ടെന്ന പാർട്ടി നിലപാട് ആളുകളെ ബോധ്യപ്പെടുത്താൻ വിഷമമുണ്ട്. സി.ബി.ഐ അന്വേന്വേഷണം വേണ്ട എന്ന് പറയുന്ന ആളുകൾ എന്താണ് ശരിയായ അന്വേന്വേഷണം എന്ന് പറയണം. പാർലമെന്ററി ജനാധിപത്യത്തിന് കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റോ അതിന്റെ പൊലീസോ ചെയ്യുന്ന കാര്യങ്ങളാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ശരി. സി.ബി.ഐ അന്വേന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന കെ.കെ.രമ കേന്ദ്രസംസ്ഥാന നിലപാടുകൾ നോക്കി അത് സ്വീകാര്യമല്ലെങ്കിൽ കോടതിയിലോ മറ്റോ പോയി മറ്റ് വഴികൾ നോക്കുകയുമാവാം. എതായാലും ടി.പി.ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തതല്ല, ആരോ വെട്ടിക്കൊലപ്പെടുത്തിയത് തന്നെയാണ്. 51 വെട്ടുവെട്ടിയാണ് കൊന്നത്. ആ സത്യം എന്നായാലും പുറത്തുവരും. ആർക്കും രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല. ശരിയായ ദിശയിൽ കേസ് നടക്കുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും അവരെ ശിക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത്.

ടി.പി.ചന്ദ്രശേഖരൻ വധത്തിന് പിന്നിൽ സി.പി.ഐഎം പ്രവർത്തരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുക തന്നെ ചെയ്യും. പാർട്ടി നടപടിയെടുക്കുന്നതിന് വേണ്ടിയുള്ള പ്രാഥമികമായ കാര്യങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടാകണമല്ലോ. അതുണ്ടായിക്കഴിഞ്ഞാൽ സസ്‌പെൻഷനോ അതുപോലുള്ള കാര്യങ്ങളോ എടുക്കേണ്ടി വരും. അത് സമയത്ത് ചെയ്യും. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ തന്നെയുള്ളതാണെന്ന് കണ്ടാൽ സിപിഐ(എം) പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകും.

ടി.പി.ചന്ദ്രശേഖരൻ വധത്തിൽ പാർട്ടി പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടോ എന്ന കാര്യം പാർട്ടി പരിശോധിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അത് ചെയ്യാതിരിക്കാനാകില്ല. ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ളശ്രമം ഉണ്ടാകും എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വിശ്വസിക്കുന്നത്.

  • പ്രകാശ് കാരാട്ടിന്റേത് ബുദ്ധികെട്ട സമീപനം

കൂടംകുളം നേരത്തെ ആരംഭിച്ചുപോയി എന്നതിന്റെ പേരിൽ ഇനി അതേപ്പറ്റി മിണ്ടേണ്ടതില്ല എന്ന് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ആണവ നിലയം എപ്പോൾ തുടങ്ങിയാലും അപകടം തന്നെയല്ലേ? പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നാം പാഠം പഠിക്കാതെ, കരാറിൽ ഏർപ്പെട്ടുപോയതാണ് ആ കരാർ ഇന്നത്തെ സാഹചര്യത്തിൽ നടപ്പാക്കാതിരിക്കാനാകില്ലെന്ന നിലപാട് ശരിയല്ല. കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമെന്ന നിലപാട് പാർട്ടി എടുക്കുന്നില്ലെങ്കിൽ സി.പി.ഐഎം ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെടുമെന്ന് മാത്രമല്ല, ആണവകരാറിനെ എതിർത്ത പാർട്ടി ഭരണകക്ഷിയെ ഇപ്പോൾ ന്യായീകരിക്കുന്നു എന്ന ബുദ്ധികെട്ട സമീപനമായി അത് മാറും. കൂടംകുളത്തെ വെടിവെപ്പിനെ പ്രകാശ്കാരാട്ട് ആക്ഷേപിക്കേണ്ടതായിരുന്നു. പ്രകാശ്കാരാട്ടിന്റെ ലേഖനം ജനങ്ങൾക്ക് ബോധ്യമാകുന്നതല്ല. പ്രകാശ് കാരാട്ട് ശരിയായ സമീപനത്തിലേക്ക് എത്തിച്ചേരുമെന്നാണ് ഞാൻ കരുതുന്നത്.

  • കൂടംകുളം സംബന്ധിച്ച് വി.എസിനും പാർട്ടിക്കും രണ്ട് നിലപാടാണോ?

എനിക്ക് സംശയം തീരുന്നില്ല. മന്മോഹൻസിങ് എടുത്ത സമീപനം അപകടകരമാണ്.
വി.എസ് കൂടംകുളത്തേക്ക് പോകുന്നതെപ്പോൾ?

  • ഒരാഴ്ചക്കകം കൂടംകുളത്തേക്ക് പോകും. ഞാൻ കൂടംകുളത്ത് എത്തുന്നത് സമരസമിതി സ്വാഗം ചെയ്യുന്നുണ്ട്.

    വി.എസിന് എങ്ങനെ പാർട്ടിക്ക് അതീതമായി സ്വതന്ത്രസമീപനം എടുക്കാൻ കഴിയുന്നു. ?

പാർട്ടി ശരിയായ നിലപാട് സ്വീകരിക്കാനുള്ള വിവാദമായി ഇതിനെ എടുത്താൻ മതി. പാർട്ടി നേതൃത്വത്തെ ലംഘിക്കുന്നുഎന്ന് വ്യാഖ്യാനിക്കേണ്ട. ചർച്ചകളിലൂടെ മാത്രമേ തിരുത്തൽ വരുത്താൻ കഴിയൂ. അത് ആരെങ്കിലും ചെയ്യണ്ടേ? അതിന് വേണ്ടി പരസ്യസംവാദം നടത്തുകയാണ്, ശരിയായ നിലപാട് എടുക്കാൻ വേണ്ടി.

  • കാസർകോട്ടെ ഭൂദാനം

കാസർകോട്ട് വി.കെ.സോമന് ഭൂമി നൽകിയ വിഷയത്തിൽ കുറ്റപത്രം നൽകിയാൽ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നു. അങ്ങനെയൊരു നില വന്നാൽ തന്റെ നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തും. ഞാനിങ്ങനെ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് തുടരുന്നത് ശരിയല്ല എന്ന് ഞാൻ പാർട്ടിയോട് പറയും. ഈ കേസിൽ എതിരാളികൾ മാത്രമല്ല മറ്റാളുകളും പിന്നിൽ കളിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും അത് സംഭവിക്കാൻ പോകുന്നില്ല. കാരണം ഇതിൽ നാല് ഐ.എ.എസുകാരുണ്ട്. അവരെ കേസിൽ പെടുത്താൻ കേന്ദ്രഗവൺമെന്റിന്റെ അനുമതി വേണം. അതുകൊണ്ട് ഈ അടുത്തകാലത്തൊന്നും കോടതിയിൽ കേസ് കൊടുക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇക്കാലയളവിൽ ഹൈക്കോടതിയിൽ കൊടുത്ത കേസിൽ ന്യായമായ വിധി വരികയും ചെയ്യും. ഹൈക്കോടതിയിൽ നിന്ന് നീതി കിട്ടുന്നില്ലെങ്കിൽ സുപ്രീംകോടതിയിൽ പോകും. അതുകൊണ്ട് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്ന സംശയമോ ഉൽക്കണ്ഠയോ എനിക്കില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP