Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വപ്നയെ തിരുവനന്തപുരത്തിന് പുറത്ത് എവിടെയും കണ്ടിട്ടില്ല; യാത്ര എന്റെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്; ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും പോയിട്ടുണ്ട്; തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്; കുടുംബവും പാർട്ടിയും 100ശതമാനവും എനിക്കൊപ്പം; വിവാദങ്ങൾക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ മറുപടി നൽകുമ്പോൾ

സ്വപ്നയെ തിരുവനന്തപുരത്തിന് പുറത്ത് എവിടെയും കണ്ടിട്ടില്ല; യാത്ര എന്റെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്; ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും പോയിട്ടുണ്ട്; തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്; കുടുംബവും പാർട്ടിയും 100ശതമാനവും എനിക്കൊപ്പം; വിവാദങ്ങൾക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ മറുപടി നൽകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ഇന്റലിജൻസിന്റെ വീഴ്ചയാണ് തന്നെ പ്രശ്‌നങ്ങളിൽ ചാടിച്ചതെന്ന് സ്പീ്കർ ശ്രീരാമകൃഷ്ണൻ. തലസ്ഥാനത്തെ ഒരു വർക് ഷോപ് ഉദ്ഘാടനത്തിനു പോയതു മുതലാണ് സ്വർണക്കടത്ത് കേസുമായി സ്പീക്കറെ ബന്ധിപ്പിക്കുന്നത്. അക്കാര്യത്തിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായി എന്ന സൂചനകൾ താങ്കൾ പിന്നീട് നൽകി? എന്തുകൊണ്ട്? എന്ന ചോദ്യത്തിനാണ് ഈ മറുപടി. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സ്പീക്കർ ഈ നിലപാട് വീണ്ടും ആവർ്ത്തിക്കുന്നത്. പൊന്നാനിയിൽ വീണ്ടും മത്സരിക്കാനും താൽപ്പര്യമുണ്ടെന്ന് ശ്രീരാമകൃഷ്ണൻ അഭിമുഖത്തിൽ സൂചന നൽകുന്നു.

തീർച്ചയായും ഇന്റലിജൻസ് വീഴ്ച ഉണ്ടായി. സ്പീക്കർ ഭരണ സംവിധാനത്തിന്റ ഭാഗമല്ലാത്തതുകൊണ്ട് എന്റെ മുന്നിൽ ഇത്തരം കാര്യങ്ങൾ വരാറില്ല. അപ്പോൾ ഇന്റലിജൻസ് ഇക്കാര്യം പരിശോധിച്ച് അറിയിക്കേണ്ടതു തന്നെയായിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസിന്റെ ക്ലിയറൻസ് കിട്ടിയ പരിപാടികൾക്കു മാത്രമെ ഞാൻ പോകാറുള്ളൂ. ഇന്നും ഒരു പരിപാടി ആ പേരിൽ ഉപേക്ഷിച്ചു. എല്ലാ പരിപാടിയും സ്‌ക്രൂട്ടിനി നടത്തി ഇന്റലിജൻസ് അനുവാദം കിട്ടിയാൽ മാത്രമേ പോകൂ എന്നു തീരുമാനിച്ചിട്ടുണ്ട്- മനോരമ ലേഖകൻ സുജിത് നായരോട് സ്പീക്കർ പ്രശ്‌നങ്ങളുടെ തുടക്കത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്.

സ്വപ്നാ സുരേഷ് നിർബന്ധപൂർവം ക്ഷണിച്ചതുകൊണ്ടാണോ സന്ദീപ് നായരുടെ ആ വർക് ഷോപ് ഉദ്ഘാടനത്തിനു പോയത് എന്ന ചോദ്യത്തിനോടും പ്രതികരണമുണ്ട്. അവരുമായി അക്കാലത്ത് അടുപ്പം ഉണ്ടായിരുന്നു. വ്യക്തിപരമായും കുടുംബപരമായും നല്ല സൗഹൃദം ഉണ്ടായിരുന്നു. ശിവശങ്കറുമായി ബന്ധപ്പെട്ടും അവരെ അറിയാമായിരുന്നു. എംബസിയുടെ പ്രതിനിധി എന്ന അംഗീകാരമാണ് അവർക്കു നൽകിയിരുന്നത്. അവർ വിളിച്ചപ്പോൾ ആദ്യം അസൗകര്യം മൂലം മാറ്റിവച്ചതാണ്. ഒടുവിൽ ആ പയ്യന്റെ(സന്ദീപ്) അമ്മ കാത്തിരിക്കുന്നു എന്നു പറഞ്ഞതുകൊണ്ടാണ് ഞാൻ പോയത്-സ്പീക്കർ പറയുന്നു.

കാൺസുലേറ്റിന്റെ പ്രതിനിധി എന്ന നിലയിൽ സ്വപ്നാ സുരേഷുമായി സൗഹൃദം ഉണ്ടായി എന്നതു ശരി. ഏതെങ്കിലും സാഹചര്യത്തിൽ അവരുടെ പ്രവർത്തനരീതിയിൽ സംശയം ഒരു തരത്തിലും ഉണ്ടായിട്ടില്ലെന്നും സ്പീക്കർ പറയുന്നു. അവരുമായി നിരന്തര ആശയവിനിമയം ഉണ്ടായിട്ടില്ല. എന്തെങ്കിലും ആവശ്യത്തിന് അവർ വരുമ്പോഴാണ് സംസാരിക്കുക. അങ്ങനെ സംശയം ജനിക്കുന്ന തരത്തിൽ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ നിരീക്ഷിക്കേണ്ട കാര്യവുമില്ലല്ലോ. തിരിഞ്ഞുനോക്കുമ്പോൾ കുറേക്കൂടി സൂക്ഷിക്കേണ്ടതായിരുന്നു എന്ന ചിന്ത ഉണ്ടെന്നും സ്പീക്കർ പറയുന്നു.

അതുണ്ടല്ലോ, ജീവിതത്തിൽ ഇത് ഒരു പാഠമാണ്. ആളുകളെ അങ്ങനെ വിശ്വസിക്കരുത് എന്നു പഠിച്ചു. സ്പീക്കറാണ്, ഉന്നതമായ പദവിയിലാണ് എന്നൊന്നും കരുതിയല്ല ഞാൻ ആളുകളോട് പെരുമാറാറുള്ളത്. അഹന്ത കാണിക്കാറില്ല. ഇത്തരം കാര്യങ്ങളിൽ സൂക്ഷ്മത വേണമെന്നു പഠിച്ചു. മനുഷ്യരുടെ നന്മയിലാണ് ഗാന്ധിജി ഏറ്റവും കൂടുതൽ വിശ്വസിച്ചിരുന്നത്. അതുപോലെ മനുഷ്യരിൽ തിന്മ ഉണ്ട് എന്നു കരുതി പ്രവർത്തിക്കുന്നയാളല്ല ഞാൻ. എല്ലാവരെയും വിശ്വസിക്കുന്ന എന്റെ പ്രകൃതത്തെ സുഹൃത്തുക്കൾ കുറ്റപ്പെടുത്താറുണ്ട്. ആളുകളിൽ നന്മയോടൊപ്പം തിന്മയും ഉണ്ട് എന്ന കാര്യം മനസ്സിലാക്കി നീങ്ങണമെന്ന പാഠം ഇതു നൽകി-ഇതാണ് വിശദീകരണം.

സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തിന് പുറത്ത് എവിടെയും ഞാൻ കണ്ടിട്ടില്ല, യാത്ര ചെയ്തിട്ടില്ല. അവരുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിലും എനിക്ക് പങ്കാളിത്തമുണ്ടായിട്ടില്ല. യാത്ര എന്റെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും ഞാൻ പോയിട്ടുണ്ട്. തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. തെണ്ടിത്തിരിഞ്ഞു നടന്ന അനുഭവങ്ങളുണ്ട്. എന്റെ കുടുംബത്തിൽ ഒരു പക്ഷേ ഞാൻ ഒഴികെ എല്ലാവരും തന്നെ ഗൾഫിലാണ്. സഹോദരിയും സഹോദരനും കുടുംബവും അവിടെയാണ്. അമ്മ അതിന്റെ ഭാഗമായി പലപ്പോഴും അവിടെയാണ്. മകൾ ഒരു ഇന്റേൺഷിപ്പിനു പോയപ്പോൾ ഭാര്യയും പോയി. സംഘടനകളുടെയും മറ്റും ക്ഷണം കിട്ടുമ്പോൾ അവരെ കൂടി കാണാമല്ലോ എന്നു കരുതി പോകാറുണ്ട്-ഗൾഫ് യാത്രകളിൽ ഇതാണ് പറയാനുള്ളത്,

വിദേശത്ത് എന്തെങ്കിലും വ്യവസായ സംരംഭം തുടങ്ങാനായി സ്പീക്കറുടെ സഹായം സ്വപ്ന തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഉണ്ടായിട്ടില്ല എന്നാണ് വിശദീകരണം. ലോക കേരള സഭയുടെ ഭാഗമായി പല പദ്ധതി നിർദ്ദേശങ്ങളും വന്നിരുന്നു. രാജ്യാന്തര വിദ്യാഭ്യാസ ഹബ് അങ്ങനെ ഒരു പ്രൊപ്പോസലായിരുന്നു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് വേറെയും നിർദ്ദേശങ്ങൾ വന്നിരുന്നു. എന്റേതായ ഒരു വിദ്യാഭ്യാസ സ്ഥാപനവും അക്കൂട്ടത്തിൽ ഇല്ലല്ലോ! എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരുമായി എനിക്ക് ബന്ധമുണ്ടാകാം. അവർ അതിന്റെ വികസനത്തിന് എന്റെ സഹായം തേടിയിട്ടുണ്ടാകാം. കേരളത്തിന് നല്ല സർവകലാശാലകൾ വരാൻ ശ്രമം നടത്തിയിട്ടുണ്ടാകാം. യൂണിവേഴ്‌സിറ്റികളിൽ, അവരുടെ പ്രോഗ്രാമുകളിൽ ഒക്കെ പോയിട്ടുണ്ട്. അതിലൊന്നും ക്രമം വിട്ട് ഒരു നടപടിയും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്റെ മുന്നിൽ വന്ന കാര്യങ്ങൾ ചിലപ്പോൾ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സ്പീക്കറുടെ മുന്നിൽ വരുന്ന കാര്യങ്ങൾ അനാഥമാകാതെ സഹായിക്കാറുണ്ട്. ഈ കാര്യങ്ങളിലൊന്നും സ്വപ്നയുമായി ഒരു ഇടപാടും ഉണ്ടായിട്ടില്ല.

കസ്റ്റംസ് ചോദ്യം ചെയ്യലിനെ പറ്റി എന്നോട് ആരും പറഞ്ഞിട്ടില്ല. അതിൽ ഒരു ശതമാനം,് കുറ്റബോധവും ഇല്ല. പ്രവാസികളായ മലയാളികൾ ഇത്തരം സഹായം തേടി എന്റെ മുന്നിൽ വന്നാൽ ഇനിയും സഹായിക്കും. കുടുംബം 100% എന്റെ കൂടെയുണ്ട്. അവർക്കെ എന്നെ നന്നായി അറിയാം. പാർട്ടിയും അങ്ങനെ തന്നെ. ഒരു ബുദ്ധിമുട്ട് ആ തലത്തിൽ ഉണ്ടായിട്ടില്ല. രണ്ടു ടേം കഴിയുന്നതിനാൽ വീണ്ടും മത്സരിക്കണമെങ്കിൽ പാർട്ടിയുടെ പ്രത്യേക അനുവാദം വേണം. പൊന്നാനിയിലെ ജനങ്ങൾക്ക് എന്നോട് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി തോന്നിയിട്ടില്ല. തദ്ദേശ തിരഞ്ഞെപ്പിൽ ഈ പ്രചാരണം എല്ലാം നടന്നിട്ടും മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വൻഭൂരിപക്ഷമാണ് എൽഡിഎഫിനു ലഭിച്ചത്-സ്പീക്കർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP