Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘപരിവാർ ഫാസിസവും ഇസ്ലാമിക ഫാസിസവും ഒരുപോലെയല്ല; ഫാസിസം ഒരു പ്രത്യയശാസ്ത്രമായി സ്വീകരിച്ചവരെയും അതിനോടുള്ള പ്രതികരണങ്ങളിൽ ഉണ്ടാകുന്ന തീവ്ര നിലപാടുകളെയും സമീകരിക്കാനാവില്ല; വിശ്വാസപരമായ വൈകാരിക കാര്യങ്ങളിൽ മതത്തിനകത്തു നിന്നാണ് പരിഷ്‌ക്കരണം വരേണ്ടത്; മുത്തലാക്കിനും ശബരിമല വിഷയത്തിലുമൊക്കെ ഇത് ബാധകം; വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സു തുറക്കുന്നു

സംഘപരിവാർ ഫാസിസവും ഇസ്ലാമിക ഫാസിസവും ഒരുപോലെയല്ല; ഫാസിസം ഒരു പ്രത്യയശാസ്ത്രമായി സ്വീകരിച്ചവരെയും അതിനോടുള്ള പ്രതികരണങ്ങളിൽ ഉണ്ടാകുന്ന തീവ്ര നിലപാടുകളെയും സമീകരിക്കാനാവില്ല; വിശ്വാസപരമായ വൈകാരിക കാര്യങ്ങളിൽ മതത്തിനകത്തു നിന്നാണ് പരിഷ്‌ക്കരണം വരേണ്ടത്; മുത്തലാക്കിനും ശബരിമല വിഷയത്തിലുമൊക്കെ ഇത് ബാധകം; വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സു തുറക്കുന്നു

ഷാജൻ സ്‌കറിയ

തിരുവനന്തപുരം. ദലിത് -പിന്നോക്ക- ന്യൂനപക്ഷ ഐക്യം ലക്ഷ്യമിട്ട് രൂപം കൊടുത്ത വെൽഫെയർ പാർട്ടി, സാധാരണക്കാരെ സംഘടിപ്പിച്ചുകൊണ്ടുള്ള നിരവധി പ്രക്ഷോഭ സമരങ്ങളിലുടെയാണ് കേരളത്തിന്റെ ശ്രദ്ധയാകർഷിച്ചത്. ഇടതും വലതുമായി വേർതിരിഞ്ഞിരിക്കുന്ന കേരള രാഷ്ട്രീയത്തിൽ മൂന്നാമതൊരു പ്രസ്ഥാനമായി സംഘപരിവാർ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ, യഥാർഥത്തിലുള്ള ജനകീയ വിഷയങ്ങൾ ഏവരും മറന്നുപോവുമ്പോൾ, വെൽഫയർ പാർട്ടി ഇർത്തിപ്പിടിക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തിയേറെയുണ്ട്. അതേസമയം ഇസ്ലാമിക രാഷ്ട്രീയം ഒളിച്ചുകടത്തുന്നു എന്നത് അടക്കമുള്ള നിരവധി വിമർശനങ്ങളും പാർട്ടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മറുനാടൻ ടീവിയുടെ 'ഷൂട്ട് അറ്റ് സൈറ്റിൽ' അതിഥിയായി എത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഈ വിഷയങ്ങളിലെല്ലാം തന്റെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇങ്ങനെ:

  • സംവരണവിഷയത്തിൽ ഏറ്റവും സത്യസന്ധമായ നിലപാട് എടുത്ത പാർട്ടിയാണ് വെൽഫെയർ പാർട്ടി. എല്ലാ പാർട്ടികളും സാമ്പത്തിക സംവരണത്തെയാണ് അനുകൂലിച്ചത്. എന്തുകൊണ്ടാണ് വെൽഫെയർ പാർട്ടി സാമ്പത്തിക സംവരണത്തെ നഖശിഖാന്തം എതിർക്കുന്നത്?

ഇന്ത്യയിലെ സാമൂഹിക വ്യവസ്ഥ സൃഷ്ടിച്ച അസമത്വത്തിന്റെ പരിഹാരമായി, സാമൂഹിക നീതിക്കുള്ള ടൂൾ എന്ന അർഥത്തിലാണ് സംവരണം ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഈ ഒരു സംവരണത്തെ ദാരിദ്രവുമായി ബന്ധിപ്പിക്കുന്നത്, വളരെ സമർഥമായി ഇന്ത്യയിലെ ചാതുർവർണ്യ അധികാരഘടനയെ നിലനിർത്താനുള്ള ഗുഢാലോചനയുടെ ഭാഗമാണ്. പ്രത്യേകിച്ചും ഇതിനെക്കുറിച്ച് ഗോൾവാൾക്കറും സവർക്കറുമൊക്കെ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്, സംവരണം എന്നു പറയുന്നത് നമ്മുടെ രാജ്യത്ത് അപകടമാണെന്നും സാമ്പത്തിക സംവരണമാണ് നടപ്പിലാക്കേണ്ടതെന്നും. അവരുടേത് വംശീയതയിൽ അടിസ്ഥാനമാക്കിയ ഒരു പ്രത്യയശാസ്ത്രമാണ്. അത് ഒരിക്കലും ജർമ്മനിയിലെ നാസിസം പോലെയോ, ഇറ്റലിയിലെ ഫാസിസം പോലെയോ ലളിതമല്ല. ഇവയൊക്കെ എളുപ്പത്തിൽ തകർക്കാൻ കഴിയും. എന്നാൽ ഇന്ത്യയിലെ ഫാസിസത്തെ എളുപ്പം തകർക്കാൻ കഴിയില്ല. കാരണം അതിന്റെ അടിവേര് നിൽക്കുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന ആചാരങ്ങളിലും വിശ്വാസങ്ങളിലുമാണ്. ചാതുർവർണ്യ വ്യവസ്ഥയിലാണ്. ഈ ചാതുർവർണ്യ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സവർക്കറും ഗോൾവാൾക്കറും സാമ്പത്തിക സംവരണത്തെക്കുറിച്ച് പറയുന്നത്.

ഇന്ത്യയിലെ ഈ സാമൂഹിക വ്യവസ്ഥ അഡ്രസ് ചെയ്യാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഒരിക്കലും ശ്രമിച്ചിട്ടില്ല. അവർ യൂറോ കേന്ദ്രീകൃതമായ വർഗ വിഭജനത്തിൽ കുടുങ്ങിക്കിടക്കയാണ്. അതുകൊണ്ട് അവരും സാമ്പത്തിക സംവരണത്തെകുറിച്ചാണ് സംസാരിക്കുന്നത്. സാമ്പത്തിക സംവരണത്തെ വെൽഫയർ പാർട്ടി നഖശിഖാന്തം എതിർക്കുന്നത് അത് ചാതുർവർണ്യവ്യവസ്ഥയിൽ അധിഷ്ഠിതമായ അധികാരഘടനയെ പൊളിച്ചെഴുതണം, ഒരു സാമൂഹികമാറ്റം ഉണ്ടാകണം എന്ന് കരുതുന്നതിനാലാണ്. ദാരിദ്രനിർമ്മാർജനത്തിന് സർക്കാറിന് വേറെ പദ്ധതികൾ വേണം. സംവരണം സംവരണമായി തുടരണം. ഇവിടെ സവർണ്ണ സമൂഹത്തിലും ദരിദ്രരുണ്ട്, അവർണ്ണ സമൂഹത്തിലും ദരിദ്രരുണ്ട്. ദാരിദ്രം ഒരിക്കലും സാമൂഹിക അവസ്ഥയുമായി ബന്ധപ്പെട്ടതല്ല.

  • ഉയർന്ന ജാതിയിൽ ജനിച്ചുഎന്നതുകൊണ്ട് മാത്രം, മാറ്റി നിർത്തപ്പെടുന്നത് ശരിയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്?

മാറ്റി നിർത്തപ്പെടുന്നില്ലല്ലോ. കാരണം ഒരിക്കലും സാമൂഹിക പിന്നോക്കാവസ്ഥ അവർ അനുഭവിക്കുന്നില്ല. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണെങ്കിലും. പട്ടിണി എന്നത് ഒരാളുടെ അന്തസ്സിനെയും അഭിമാനത്തെയും ബാധിക്കുന്നില്ല. ഒരു സവർണ്ണ സമുദായത്തിൽപെട്ട ഒരാൾ പട്ടിണി കിടക്കുമ്പോഴും അയാൾക്ക് സ്വപ്നം കാണാൻ കഴിയും. കാരണം അദ്ദേഹം ഒരിക്കലും അടിമത്തം അനുഭവിച്ചിട്ടില്ല. അതേസമയം സാമൂഹിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ഒരു ജനതക്ക് ഒരു ദിവസം ആയിരം രൂപ കൂലികിട്ടിയാൽ പോലും, അദ്ദേഹത്തിന്റെ കുട്ടികളെ പഠിപ്പിക്കുന്നതിനെ കുറിച്ചോ ഭൂമിവാങ്ങുന്നതിനെ കുറിച്ചോ, വീട് വെക്കുന്നതിനെ കുറിച്ചോ സ്വപ്നം കാണാൻ പോലും സാധിക്കാത്ത വിധത്തിലാണ് ആ വിഭാഗത്തെ അടിച്ചമർത്തിയിരിക്കുന്നത്. ഇവരെ സർക്കാർ ബോധപൂർവം ഉയർത്തിക്കൊണ്ട് വരേണ്ടിവരും. മറ്റേത് അങ്ങനെയല്ല. ദാരിദ്രത്തെ ദാരിദ്രമായി കാണണം. സവർണവിഭാഗത്തിൽ ദാരിദ്രം ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ വേണം. അതിനെ അധികാരമായും ഉദ്യോഗവുമായും ബന്ധപ്പെടുത്തേണ്ട കാര്യമില്ല. സംവരണത്തിന് അധികാര പങ്കാളിത്തവുമായിട്ടാണ് യഥാർഥ ബന്ധം.

  • എന്നിട്ടും സാമ്പത്തിക സംവരണ ബില്ലുവന്നപ്പോൾ ദലിത്- പിന്നോക്ക എം പിമാർ ആരും എതിർത്തില്ല. ആകെക്കൂടി മുസ്ലീലീഗിന്റെ എംപിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു, അതിനെ എതിർക്കാനായിട്ട്?

അത് പരിശോധിക്കേണ്ടതാണ്. ഭരണഘടനാപരമായ ആനുകൂല്യമായിട്ടും അവർ തന്നെ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ പ്രശ്നമായിട്ടും അവർക്ക് പ്രതികരിക്കാൻ കഴിയുന്നില്ല എന്നത് കഷ്ടമാണ്.

  •  ഇസ്ലാമിലെ സ്ത്രീ ആധുനിക കാലഘട്ടത്തിലെ ഒരു വലിയ ചർച്ചാ വിഷയമാണ്. പർദയടക്കമുള്ള മുഖം മറച്ചുള്ള വസ്ത്രധാരണം, വിദ്യാഭ്യാസം, തൊഴിൽ എന്തിനേറെ മുത്തലാക്ക്വരെയുള്ള വിഷയങ്ങളിൽ ഇസ്ലാം സ്ത്രീയെ അടിച്ചമർത്തുന്നു എന്നതാണ് ഒരു പൊതുസംസാരം. അങ്ങനെ കരുതുന്നുണ്ടോ?

ഇസ്ലാമിലെ സ്ത്രീമാത്രം ചർച്ചചെയ്യപ്പെടുന്നത് അത്ര സത്യസന്ധമാണെന്ന് തോനുന്നില്ല. ലോകതലത്തിൽ തന്നെ ശ്രദ്ധിച്ചാൽ അറിയാം, സ്ത്രീകൾ നിരന്തരമായ വിവേചനത്തിന് ഇരയായി കൊണ്ടിരിക്കയാണ്. ഒരിക്കലും തന്നെ ലിംഗ നീതി ലോകത്ത് ഉണ്ടായിട്ടില്ല. ലിംഗ നീതിയെന്നത് ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മുദ്രാവാക്യമാണ്. സമത്വം അനുവദിച്ചുകൊടുക്കണം എന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. അതേസമയം ഈ പുരുഷമേധാവിത്വ മനോഭാവം എല്ലാ സമൂഹങ്ങളിലും ഉണ്ട്. ഒരു മതത്തിലും വിശ്വസിക്കാത്തവരിൽപോലും അത് പ്രവർത്തിക്കുന്നു. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ പല അഭിപ്രായപ്രകടനങ്ങളും നമ്മുടെ പല ജനപ്രതിനിധികൾ പോലും പ്രകടിപ്പിക്കുന്നത് ഇതിന് ഉദാഹരണമാണ്.

  • മുത്തലാഖ് പോലുള്ള കാര്യങ്ങളെ എതിർക്കേണ്ടതല്ലേ?

സ്ത്രീകൾക്ക് നീതി നിഷേധിക്കുന്ന എല്ലാകാര്യങ്ങളും എതിർക്കപ്പെടേണ്ടതാണ്. ഈ വിഷയത്തിൽ ഞങ്ങൾ സൂക്ഷിച്ചാണ് നിലപാട് പറയാറുള്ളത്. മതപരവും വിശ്വാസപരവുമായ വൈകാരിക കാര്യങ്ങളിൽ പരിഷ്‌ക്കരണം എന്ന് പറയുന്നത്, ബന്ധപ്പെട്ട സമൂഹത്തിനകത്തുതന്നെ ഉണ്ടാവണം. അതിലൂടെ അവിടെ നിലനിൽക്കുന്ന അസമത്വങ്ങളും അനീതികളും പരിഹരിക്കപ്പെടുകയാണ്. അപ്പോഴാണ് അത് സ്ഥായിയായി നിലനിൽക്കുക. പലപ്പോഴും പുറത്തുനിന്നുള്ള ഇടപെടലുകൾ വരുമ്പോൾ അത് മതവിരുദ്ധമാണെന്ന് കരുതപ്പെടുകയും അതിനെ പ്രതിരോധിക്കാനുള്ള ഒരു ശ്രമം അകത്തുനിന്നുതന്നെ ഉണ്ടാവുകയും ചെയ്യും. അപ്പോൾ അകത്ത് പരിഷ്‌ക്കരണം സൃഷ്ടിക്കും വിധമുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് ഇത്തരം കാര്യങ്ങളിൽ ഉണ്ടാവേണ്ടത്.

  • ശബരിമല സ്ത്രീപ്രവേശനത്തിൽ ഇതേ നിലപാട് ആണോ?

ശബരിമലയിലും സ്ത്രീകൾക്കുനേരെ വിവേചനം ഉണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാൽ ശബരിമല വിഷയത്തിൽ ബന്ധപ്പെട്ട സമൂഹം തന്നെ അതിനകത്ത് സ്ത്രീ സമത്വം ഉറപ്പുവരുത്താൻ ആവശ്യമായ പരിഷക്കരണങ്ങൾ നടത്തുകയാണ് വേണ്ടത് എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്.

  • സർക്കാറിന്റെത് ഒരു അമിതാവേശമായി എന്നു പറയാമോ?

ഞങ്ങൾ രണ്ടുരീതിയിൽ അതിനെ വിലയിരുത്തുന്നുണ്ട്. ഒന്ന് വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിച്ചിട്ടില്ലെങ്കിൽ, ഫാസിസ കാലത്ത് അത് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുക, തീവ്രവാദ പ്രവണതയുള്ള വിഭാഗങ്ങൾ ആയിരിക്കും. ശബരിമല വിഷയത്തിൽ സൂക്ഷ്മമായി പരിശോധിച്ചാൽ വർഗ്ഗീയ ഫാസിസ്റ്റ് സംഘടനകൾക്കാണ് അതിന്റെ ഗുണം ലഭിക്കുന്നത്. ഒരു പ്രശനത്തിൽ സർക്കാർ ഇടപെടുമ്പോൾ ഇത് എങ്ങനെയാണ് ഫാസിസ്റ്റ് സംഘടനകൾ തങ്ങൾക്ക് അനുകൂലമാക്കുന്നത് എന്നുകൂടി പരിശോധിച്ചുകൊണ്ട് കുറച്ചുകൂടി ഒരു പക്വതതും ക്രിയാതമകതയുമുള്ള നിലപാട് സ്വീകരിക്കാൻ കഴിയണം.

  •  സർക്കാർ ആ തരത്തിൽ ഒരു പരാജയം എന്ന് പറയേണ്ടി വരുമോ?

സർക്കാറിന്റെ നിലപാടിൽ കുറച്ചുകൂടി അവധാനത വേണ്ടിയിരുന്നു.

  • ഫാസിസം എന്നു പറയുമ്പോൾ സംഘപരിവാർ ഫാസിസം മാത്രമാണോ? സിപിഎമ്മിന്റെ പല നടപടികളും ഫാസിസമല്ലേ, എസ്ഡിപിഐ പോലുള്ള സംഘടനകൾ ഉയർത്തിപ്പിടിക്കുന്നത് ഫാസിസമല്ലേ? കൈവെട്ടു കേസ് ഫാസിസത്തിന്റെ ഒന്നാന്തരം ഉദാഹരണമേല്ല. അതല്ല, സംഘപരിവാറിന് മാത്രമേ ഫാസിസ്റ്റ് നിലപാട് ഉള്ളൂ എന്നാണോ വെൽഫയർ പാർട്ടി കരുതുന്നത്?

ഒരിക്കലുമല്ല. ഞങ്ങൾ എല്ലാ ഫാസിസ്റ്റ് നിലപാടുകളെയും എതിർക്കുന്നു. അതേസമയം ഫാസിസം ഒരു പ്രത്യയശാസ്ത്രമായി സ്വീകരിച്ചവരെയും, ആ പ്രത്യയശാസ്ത്രത്തോടുള്ള പ്രതികരണങ്ങളിൽ ഉണ്ടാകുന്ന തീവ്ര നിലപാടുകളെയും സമീകരിക്കാറില്ല. ആക്രമിക്കപ്പെടുന്നവൻ നടത്തുന്ന പ്രതിരോധവും, ഒരു പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമായുള്ള വംശീയ ഉന്മൂലനം വെച്ചുകൊണ്ടുള്ള ആക്രമണത്തെയും ഞങ്ങൾ സമീകരിക്കാറില്ല. രണ്ടിനെയും രണ്ടായി കാണുന്നു. പക്ഷേ രണ്ടിനെയും തെറ്റായി കാണുന്നു.

അക്രമത്തിന് പ്രതിരോധം തീർക്കയല്ല, നിയമപരമായും ജനാധിപത്യപരമായും നേരിടണം എന്നാണ് പാർട്ടിയുടെ നിലപാട്. ഇന്ത്യയെപ്പോലുള്ള ഒരു മതേതര ജനാധിപത്യ രാജ്യത്ത് അതാണ് ചെയ്യേണ്ടത്. അക്രമികളോട് അക്രമത്തിന്റെ വഴി സ്വീകരിക്കുന്നത് തെറ്റാണ് എന്ന ഉറച്ച വിശ്വാസവും നിലപാടുമാണ് ഞങ്ങൾക്കുള്ളത്.

  • പോപ്പുലർ ഫ്രണ്ടിനോടും എസ്ഡിപിഐയോടുമുള്ള സമീപനം എന്താണ്?

ആർഎസ്എസ് പോലെ  വംശീയത പ്രത്യയശാസ്ത്ര നിലപാടായി സ്വീകരിച്ച സംഘടനകൾ തീർച്ചയായും ഫാസിസ്റ്റ് സംഘടനകൾ തന്നെയാണ്. അതേ സന്ദർഭത്തിൽ അത്തരം ഫാസിസ്ററ് സംഘടനകളെ പ്രതിരോധിക്കുന്നിടത്ത്, നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന നിയമവും ജനാധിപത്യ വ്യവസ്ഥിതിയും മതനിരപേക്ഷതയുമൊന്നും മാനിക്കാതെ, ഞങ്ങൾക്ക് അടി കിട്ടിയിട്ടുണ്ട് അതുകൊണ്ട് ഞങ്ങൾ തന്നെ തിരിച്ചടിക്കും എന്ന ഒരു പ്രതികരണ രീതി ശരിയല്ല. അത്തരം നിലപാടുകൾ തീവ്രവാദ നിലപാടുകൾ ആണെങ്കിൽ അതിന്റെ ഗുണവും ലഭിക്കുന്നത് യഥാർഥ ഫാസിസ്റ്റുകൾക്കാണ്. സിപിഎം പോലും കണ്ണൂരിൽ ആർഎസ്സിനെ തിരിച്ചടിക്കുന്നതിൽ ഞങ്ങൾക്ക് ഇതേ നിലപാടാണ്. ആർഎസ്എസുകാർ കൊല്ലുമ്പോഴാണ് അവർ തിരിച്ചുകൊല്ലുന്നത്. പക്ഷേ ഞങ്ങളുടെ നിലപാട്, ഒരു ഗവൺമെന്റുപോലും കൈയിലുള്ള, മാറിമാറിയെങ്കിലും ഭരിക്കുന്ന പാർട്ടി, ഇവിടെയുള്ള നിയമ വ്യവസ്ഥയെയും അധികാര സംവിധാനത്തെയുമാണ് അത്തരം ഫാസിസ്റ്റു പ്രവണതകളെ പ്രതിരോധിക്കാൻ ഉപയോഗിക്കേണ്ടത്. മറിച്ച് അക്രമത്തിന്റെ പാത ഉപയോഗിക്കുന്നത് അരക്ഷിതത്വവും അരാജകത്വവും ഉണ്ടാക്കും. ഒപ്പം യഥാർഥ വർഗീയ ഫാസിസിത്തിന് അത് അനുകൂലമാവുകയും ചെയ്യും.

  • പ്രതിരോധം മാത്രമാണോ. പലപ്പോഴും അഭിപ്രായം പറയാൻപോലും അവർ അനുവദിക്കുന്നില്ല. സംഘപരിവാർ ഫാസിസം പോലെ തന്നെ ചെറുവിമർശനംപോലും ഇസ്ലാമിക ഫാസിസവും അംഗീകരിക്കുന്നില്ല. എറ്റവും പ്രശസ്തമായ ഉദാഹരമാണമാണ് കൈവെട്ടുകേസ്. അപ്പോൾ അതൊരു പ്രതിരോധം മാത്രമാണോ. അതിന് അപ്പുറത്തുള്ള മാനങ്ങൾ ഇല്ലേ? ഇസ്ലാം വിമർശനാതീതമാണോ?

ഒരിക്കലുമല്ല. ഒന്നും വിമർശനാതീതമല്ല. കൈവെട്ടുകേസ് തീർച്ചയായും തെറ്റാണ്. അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അത്തരം തെറ്റുകളെ അതിശക്തമായി എതിർക്കുന്ന ഒരു വിഭാഗമാണ് വെൽഫെയർ പാർട്ടി. എസ്ഡിപിഐയുടേയും പോപ്പുലർ ഫ്രണ്ടിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം നീക്കങ്ങളെ അതിശക്തമായി അപലപിക്കുകയും ആശയപരമായി നേരിടുകയും ചെയ്യുന്ന പാർട്ടിയാണ് വെൽഫെയർ പാർട്ടി.

  • ഇസ്ലാം വിമർശനത്തെയും അംഗീകരിക്കുന്നോ?

വിമർശനം, സംവാദം എന്നു പറയുന്നത് ആർക്കും നിഷേധിക്കാൻ കഴിയാത്ത കാര്യമാണ്. പക്ഷേ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താതെ വിമർശിക്കാൻ കഴിയുക, എന്നത് ഒരു കലയാണ്. അത് സാധിക്കുക എന്നതാണ് എപ്പോഴും നല്ലത്. വിമർശിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്.

  • ലീഗിനോടുള്ള സമീപനം എന്താണ്?

ലീഗ് അവർ തന്നെ അവകാശപ്പെടുന്നത് അനുസരിച്ച് ഒരു സാമുദായിക രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇത് ഒരു തെറ്റല്ല. അതിന് വർഗീയ സ്വഭാവം വരുമ്പോഴോ വെറൊരു വിഭാഗത്തെ അംഗീകരിക്കാൻ കഴിയാതിരിക്കുമ്പോഴോ ആണ് അതൊരു തെറ്റായി മാറുക. ആ നിലക്ക് മുസ്ലീ ലീഗ് മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങൾ അറ്റൻഡ് ചെയ്യുന്ന പാർട്ടിയാണ്. ഇങ്ങനെയുള്ള അവരുടെ അവകാശവാദത്തോട് അവർക്ക് നീതിപുലർത്താൻ പറ്റിയോ എന്നാണ് സമുദായം ചർച്ച ചെയ്യേണ്ടത്.

  • ലീഗിനോട് സഹകരിക്കാനുള്ള സാധ്യതയുണ്ടോ ഭാവിയിൽ?

ഞങ്ങൾ  ഒരിക്കലും ഒരു പ്യൂരിട്ടൻ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല. നമ്മുടെ ആശയം അടിയറ വെക്കാതെ മുന്നണി രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ലീഗിനോടെന്നല്ല മറ്റെല്ലാ പാർട്ടികളോടുമുള്ള സമീപനം ഇങ്ങനെയാണ്.

  • ഗെയിൽ സമരത്തിൽ ശക്തമായി ഇടപെട്ടിരുന്നു. പക്ഷേ അവർ അത് പൂർത്തിയാക്കി.  ഗെയിൽ സമരം ഒരു പരാജയമാണോ എന്ന് തോനുന്നുണ്ടോ?

ഒരിക്കലുമില്ല. സർക്കാറിന്റെ എല്ലാ അധികാരങ്ങളും വെച്ച് ഒരു സമരത്തെ അടിച്ചമർത്തിയാൽപോലും ആ സമരം തെറ്റായിരുന്നുവെന്നോ പരാജയമായിരുന്നെന്നോ പറയാൻ കഴിയില്ല. കാരണം ഇരകൾ പരാജയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിൽ അർഥമില്ല. കാരണം എല്ലാ മെഷിനറിയും സർക്കാറിന്റെ കൈവശമാണുള്ളത്. ആ മെഷനറി ഉപയോഗിച്ച് ഒരു സമരത്തെ തോൽപ്പിച്ചുവെന്ന് വന്നാൽ സ്വന്തം ജനതയേ തോൽപ്പിച്ചുവെന്നേ അതിന് അർഥമുള്ളൂ. സമരം നിർത്തിപ്പോയിട്ടില്ല. ഗെയിൽ സമരം ഇപ്പോഴും തുടരുകയാണ്.

  • വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളിൽനിന്ന് വ്യത്യസ്തമായ സമീപനം പുലർത്തുന്ന ഒന്നാണെല്ലോ ആം ആദ്മി പാർട്ടി. എന്തുകൊണ്ട് അവരുമായി നിങ്ങൾക്ക് ഒരു സഹകരണം സാധ്യമല്ല

ആം ആദ്മി പാർട്ടിയുമായി സഹകരണത്തിന് ഒരു തടസ്സവുമില്ല. മഹാരാഷ്ട്രയിൽ ആംആദ്മി കൂടിയുള്ള ഒരു മുന്നണിയിൽ ഇപ്പോൾ വെൽഫയർ പാർട്ടി അംഗമാണ് എന്നതാണ്. കേരളത്തിലും ആ ആദ്മി നേതൃത്വത്തെ കാണുന്നുണ്ട്. ഞങ്ങൾ റെഡിയാണ്. പലകാര്യങ്ങളിലും ഒരേ ആശയം ഉയർത്തിപ്പിടിക്കുന്നതുകൊണ്ട് ഈ ന്യൂജൻ പാർട്ടികളുമായി ചേർന്നു നിൽക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP