Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202307Thursday

'ഐ നെവർ നോ റ്റു ഫോർഗറ്റ് യൂ മിസ്റ്റർ ശശി': അഭയാർത്ഥി രക്ഷാ ദൗത്യങ്ങളിലെ തരൂർ ടച്ച്; യു.എന്നിലെ ജോലി, മേശക്ക് മുന്നിലിരുന്ന് കടലാസുകൾ ഒപ്പിടുന്നതായിരുന്നില്ല; യു.എൻ സെക്രട്ടറി തിരഞ്ഞെടുപ്പിൽ 'നോ മോർ കോഫീസ്' എന്ന സന്ദേശവുമായി അമേരിക്ക പാര വച്ചു; ശശി തരൂരെന്ന ഡിപ്ലോമാറ്റിനെ കൂടുതൽ അടുത്തറിയുമ്പോൾ

'ഐ നെവർ നോ റ്റു ഫോർഗറ്റ് യൂ മിസ്റ്റർ ശശി': അഭയാർത്ഥി രക്ഷാ ദൗത്യങ്ങളിലെ തരൂർ ടച്ച്; യു.എന്നിലെ ജോലി, മേശക്ക് മുന്നിലിരുന്ന് കടലാസുകൾ ഒപ്പിടുന്നതായിരുന്നില്ല; യു.എൻ സെക്രട്ടറി തിരഞ്ഞെടുപ്പിൽ 'നോ മോർ കോഫീസ്' എന്ന സന്ദേശവുമായി അമേരിക്ക പാര വച്ചു; ശശി തരൂരെന്ന ഡിപ്ലോമാറ്റിനെ കൂടുതൽ അടുത്തറിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

യു.എൻ സെക്രട്ടറി ജനറൽ പദത്തിലേക്ക് ഒരു ഇന്ത്യക്കാരൻ മത്സരിച്ചപ്പോൾ ലോകരാജ്യങ്ങളുടെ മുന്നിൽ ശശി തരൂർ എത്തിയത് ഇരുത്തം വന്ന ഡിപ്ലോമാറ്റിന്റെ മെയ് വഴക്കത്തോടെയായിരുന്നു. 22 ാം വയസ്സിൽ തന്നെ യു.എന്നിന്റെ സുപ്രധാന ചുമതല വഹിച്ചുകൊണ്ട് തുടങ്ങിയ തരൂർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അഭയാർത്ഥി പ്രശ്നങ്ങളിലും, യുദ്ധമേഖലകളിലെ സമാധാന ദൗത്യങ്ങളിലും യു.എന്നിന്റെ മുഖമായി മാറി. പ്രവർത്തന മേഖലയിലെ കഴിവും പ്രവീണ്യവും തരൂരിനെ സാക്ഷാൽ കോഫി അന്നന് പോലും ഏറ്റവും പ്രിയപ്പെട്ടവനാക്കി മാറ്റി. അതുകൊണ്ടു തന്നെയാവണം ജനകീയനായ കോഫി അന്നന്റെ പിൻഗാമിയാകാൻ ശ്രമിച്ച തരൂരിനെ 'നോ മോർ കോഫീസ്' എന്ന രഹസ്യ ക്യാമ്പയിനുമായി സെക്രട്ടറി പദത്തിൽ നിന്നും അകറ്റി നിർത്താൻ അമേരിക്ക തന്നെ മുൻകൈ എടുത്തതും. കൂടുതലറിയാം തരൂരെന്ന ലോകം കണ്ട ഏറ്റവും മികച്ച ഡിപ്ലോമാറ്റിനെ (ശശി തരൂരുമായുള്ള മറുനാടന്റെ അഭിമുഖം രണ്ടാം ഭാഗം)

അഭയാർത്ഥി പ്രശ്നങ്ങളിൽ യു.എന്നിന്റെ ഇടപെടലുകൾ എത് തരത്തിലായിരുന്നു?

ഒരു രാജ്യത്തിന്റെ പൗരത്വത്തിന്റെ പേരിലോ, അവിടുത്തെ മതത്തിന്റെ പേരിലോ, രാഷ്ട്രീയത്തിന്റെ പേരിലോ ആ രാജ്യത്ത് ഒരാൾ പീഡിപ്പിക്കപ്പെടുകയും ജീവിക്കാനുള്ള ആഗ്രഹത്തിന്റെ പേരിൽ മറ്റൊരു രാജ്യത്ത് അഭയം തേടുകയും ചെയ്താൽ അയാളെ അഭയാർത്ഥിയായി കണ്ടുകൊണ്ട് വേണ്ട സഹായങ്ങൾ ചെയ്യാൻ യു.എൻ മുൻകൈയെടുക്കും. അതേസമയം കൂടുതൽ സൗകര്യമുള്ള ഒരു ജീവിതത്തിനായി മറ്റൊരു രാജ്യത്തേക്ക് എത്തുന്നവരെ സഹായിക്കേണ്ട ബാധ്യത യു.എന്നിനില്ല. ഇതാണ് പ്രഖ്യാപിത നയം. എന്നാൽ അഭയാർത്ഥി എന്ന പേര് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുണ്ട്. സിംഗപ്പൂരിൽ വെച്ച് എനിക്ക് അത്തരത്തിൽ ഒരു അനുഭവമുണ്ടായിരുന്നു. പാക്കിസ്ഥാനിൽ നിന്ന് അഭയാർത്ഥിയെന്ന പേരിൽ വ്യാജരേഖ ഉണ്ടാക്കിയ ഒരാൾ എന്നെ സമീപിക്കുകയും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.എന്നാൽ ഒരാഴ്‌ച്ചക്ക് ശേഷം ഇതേ ആളുടെ പേരിലുള്ള അതേ രേഖയുമായി തന്നെ മറ്റൊരാൾ സമീപിച്ചപ്പോഴാണ് അഭയാർത്ഥി എന്ന പേരിൽ തട്ടിപ്പ് നടത്തുന്ന പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഒരു റാക്കറ്റാണ് ഇതിന് പിന്നിലെന്ന് മനസ്സിലാക്കാനായത്.

അഭയാർത്ഥി പ്രശ്നങ്ങളിൽ വിവിധ രാജ്യങ്ങളുടെ സമീപനം? അക്കാലത്തെ അനുഭവങ്ങൾ

സിംഗപ്പൂരിനെ സംബന്ധിച്ചിടത്തോളം അഭയാർത്ഥികളുടെ കാര്യത്തിൽ നിയമവശങ്ങൾ കർക്കശമായി പാലിക്കുന്ന രാജ്യമായിരുന്നു. അനുഭവങ്ങളിലേക്ക് വന്നാൽ സിംഗപ്പുരിനടുത്തുള്ള രാജ്യമാണ് ഇന്തോനേഷ്യ, അവിടെയുള്ള സുമാത്രയിൽ അച്ചനീസ് എന്നൊരു സംഘടന അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ സംഘടനക്ക് സുമാത്രയിൽ അന്ന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. ഏറ്റുമുട്ടലുകളടക്കം സംഘടനയും സുരക്ഷാസേനയുമായി അക്കാലത്ത് നടന്നിരുന്നു. അതിനിടയിലാണ് അച്ചനീസ് സംഘടനയിലുള്ള 5 പേർ സുമാത്രയിൽ നിന്നും സിംഗപ്പൂരിൽ എത്തിയിട്ടുണ്ടെന്നും അവരെ അഭയാർത്ഥികളായി പരിഗണിച്ചുകൊണ്ട് വേണ്ട സഹായങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ തന്നെ സമീപിച്ചത്.

ഇവർക്ക് സംരക്ഷണമൊരുക്കിയാൽ അത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുകയും യു.എന്നിന് അത് നാണക്കേടാകുകയും ചെയ്യുമെന്നുള്ള ബോധ്യം തനിക്കുണ്ടായിരുന്നു. സിംഗപ്പൂർ ഭരണകൂടത്തെ വിവരം അറിയിച്ചെങ്കിലും എത്രയും പെട്ടന്ന് ഇവരെ രാജ്യത്ത് നിന്നും മാറ്റണമെന്നുള്ള അഭിപ്രായത്തിൽ അവർ ഉറച്ചുനിൽക്കുകയായിരുന്നു. അതേ തുടർന്ന് മറ്റ് വഴികൾ ആലോചിച്ചപ്പോൾ അച്ചനീസ് മൂവ്മെന്റിന് അക്കാലത്ത് നിശബ്ദ സഹായങ്ങൾ ചെയ്തുവന്നിരുന്നത് സ്വീഡനായിരുന്നു.

തുടർന്ന് അവരെ സമീപിക്കാം എന്നുള്ള തീരുമാനത്തിൽ സ്വീഡിഷ് അംബാസ്സിഡറെ ബന്ധപ്പെട്ടുകയും ഇരു ചെവിയറിയാതെ വിമാനമാർഗ്ഗം വഴി അവരെ സുരക്ഷിതമായി സ്വീഡനിലേക്ക് മാറ്റാനും സാധിച്ചു. എതെങ്കിലും തരത്തിൽ പുറം ലോകമോ മാധ്യമങ്ങളോ അറിഞ്ഞാൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വലിയ പ്രശ്നങ്ങളിലേക്കുവരെ എത്താൻ സാധ്യതയുള്ള ഒരു സംഭവം പരിഹരിക്കാൻ കഴിഞ്ഞതും അഭയാർത്ഥികളായി എനിക്ക് മുന്നിൽ എത്തിയവരെ സംരക്ഷിക്കാൻ കഴിഞ്ഞുവെന്നതും ഏറെ സന്തോഷമുളവാക്കിയ ഒരു സംഭവമായിരുന്നു. സമാനമായ രീതിയിൽ തൊട്ടടുത്ത വർഷമുണ്ടായ ഒരു അഭയാർത്ഥി പ്രശ്നം ഇന്തോനേഷ്യക്കും മലേഷ്യക്കും ഇടയിൽ വലിയ ഭിന്നതക്കും അന്താരാഷ്ട്രാ തലത്തിൽ യു.എന്നിന് നാണക്കേടാകുന്ന തരത്തിലും എത്തിയപ്പോഴാണ് ഞാൻ സിംഗപ്പൂരിലെടുത്ത നിലപാടിന്റെ യഥാർത്ഥവില തിരിച്ചറിയാനായത്.

സിംഗപ്പൂരിൽ വെച്ചുള്ള മറ്റൊരു മറക്കാനാവാത്ത അനുഭവമായിരുന്നു ഒരു പോളിഷ് പൗരനെ രക്ഷപ്പെടുത്താൻ സാധിച്ചത്. ഒരു കപ്പലിൽ നിന്നും കടലിലേക്ക് ചാടിയ പോളിഷ് പൗരൻ എത്തിപ്പെട്ടത് അമേരിക്കൻ കപ്പൽ നങ്കൂരമിട്ടിരുന്ന സ്ഥലത്തായിരുന്നു. ഇയാളെ അമേരിക്ക തങ്ങളുടെ കപ്പലിനുള്ളിൽ തടവിലാക്കി. തങ്ങളുടെ തീരത്തെത്തിയ ഇയാളെ കസ്റ്റഡിയിൽ വേണമെന്ന് സിംഗപ്പൂരും വാദിച്ചു. തുടർന്ന് സിംഗപ്പൂർ സർക്കാരിന്റെ വിളി എനിക്ക് വരികയും 103 ഡിഗ്രി പനി പിടിച്ചുകിടന്ന ഞാൻ ആ പ്രശ്നം പരിഹരിക്കനായി ഇടപെടാൻ മുൻകൈയെടുക്കുകയും ചെയ്തു. രണ്ട് രാജ്യങ്ങൾക്കും ഇയാളെ വിട്ടുനൽകാതെ എന്റെ സംരക്ഷണയിലേക്ക് അയാളെ മാറ്റുക എന്ന തീരുമാനമായിരുന്നു അന്ന് സ്വീകരിച്ചത്. തുടർന്ന് ഇയാളെ ഒരാഴ്ചക്കാലം എന്റെ സംരക്ഷണത്തിൽ താമസിപ്പിക്കുകയും യു.എന്നിന്റെ കൂടെ സഹായത്തോടെ സുരക്ഷിതമായി കാലിഫോർണിയയിലേക്ക് എത്തിക്കാനും അന്ന് കഴിഞ്ഞു. അവിടെയെത്തിയ ശേഷം അയാൾ എനിക്കൊരു പോസ്റ്റ് കാർഡിൽ ഇങ്ങനെ എഴുതിയയച്ചു. 'ഐ നെവർ നോ റ്റു ഫോർഗറ്റ് യൂ മിസ്റ്റർ ശശി'. തന്റെ യു.എൻ ജീവിതത്തോട് എന്നും ചേർത്തുവെക്കുന്നൊരു പോസ്റ്റ് കാർഡാണത്.

 സമാധാന പാലന ദൗത്യത്തിലേക്കുള്ള മാറ്റം?

യു.എന്നിന്റെ സമാധാന പാലന ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച് തുടങ്ങുമ്പോൾ എനിക്ക് ആദ്യമായി ഏറ്റെടുക്കേണ്ടി വന്നത് യൂഗോസ്ലാവ്യയിലെ ആഭ്യന്തര യുദ്ധമായിരുന്നു. 91 മുതൽ 96 വരെ യുദ്ധത്തിന്റെ സമാധാന പാലന ദൗത്യവുമായി പ്രവർത്തിച്ചു. വളരെ ഭീകരമായ അനുഭവങ്ങളിലൂടെയാണ് ആ കാലത്ത് കടന്നുപോയത്. യു.എന്നിന്റെ സമാധാനദൗത്യവുമായി 17 തവണയോളം വെള്ളക്കൊടിയുമായി നേരിട്ട് ഷെല്ലിങ് അടക്കം നടക്കുന്ന യുദ്ധഭൂമിയിലേക്ക് ഞാനും ഉദ്യോഗസ്ഥരും പോയിട്ടുണ്ട്. കുട്ടികളടക്കം ചോരയിൽ മുങ്ങിയ കണ്ണീരണിയിക്കുന്ന യുദ്ധ ചിത്രങ്ങൾ അന്ന് കാണേണ്ടി വന്നു. സിവിൽ യുദ്ധമായതിനാൽ തന്നെ മരിച്ചവരുടെ ചിത്രങ്ങൾ ഏത് പക്ഷത്തിന്റേതാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിലൂടെയാണ് ആ യുദ്ധകാലം കടന്നുപോയത്.

അന്ന് ആ യുദ്ധത്തിനിടയിൽ എതിർപക്ഷക്കാർ തന്റെ ഭാര്യയേയും മകളേയും കൊന്നതിനെപ്പറ്റി ഒരാൾ തന്നോട് പങ്കുവെച്ചത് ഏറെ ക്രൂരത നിറഞ്ഞൊരു അനുഭവമായിരുന്നു. അയാൾ എല്ലാ വേനൽക്കാലത്തും വീടിന്റെ താക്കോൽ വിശ്വസിച്ച് ഏൽപ്പിച്ചിരുന്ന വ്യക്തിയാണ് അയാളുടെ ഭാര്യയേയും മകളേയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അക്കാലത്ത് സായുധസേനയുടെ സുരക്ഷാകവചത്തിൽ ജീവിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു. ഏറെ ഭയത്തോടെയാണ് ഞാൻ അന്നവിടെ കഴിഞ്ഞുപോരുന്നതെന്ന് വീട്ടിലടക്കം അറിയിച്ചിരുന്നു. അത്തരത്തിൽ ഭീകരമായ അനുഭവങ്ങളാണ് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. അല്ലാതെ യു.എന്നിലെ ജോലിയെന്നാൽ തന്റേത് ഒരു മേശക്ക് മുന്നിലിരുന്ന് കടലാസ്സുകളിൽ ഒപ്പിടുന്ന പണിയായിരുന്നില്ല. യു.എന്നിനെ സംബന്ധിച്ചിടത്തോളം യൂഗോസ്ലാവ്യയിലെ യുദ്ധം ഏറെ ശ്രമകരമായ സമാധാന ദൗത്യമായിരുന്നു. അതിന് നേതൃത്വം നൽകാൻ സാധിച്ചതിലൂടെ സംഘടനക്കുള്ളിലും ലോകസമൂഹത്തിന് മുന്നിലും തന്റേതായ ഇടം കണ്ടത്താൻ എനിക്ക് കഴിഞ്ഞു.

എങ്ങനെയായിരുന്നു യു.എന്നിന്റെ സമാധാന പരിപാലന രീതി?

സമാധാനം നിലനിൽക്കുന്നിടത്ത് മാത്രമേ അത് പരിപാലിക്കാൻ സാധിക്കുകയുള്ളൂ. അതിനായാണ് പല യുദ്ധ സമയങ്ങളിലും യു.എന്നിന്റെ ഇടപെടൽ പല രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളിലടക്കം ആവശ്യപ്പെടാറുള്ളത്. യുദ്ധം ആരംഭിച്ച് കഴിഞ്ഞ് അത്തരത്തിൽ ഒരു ഇടപെടലിന് പ്രസക്തിയില്ല. ദൗർഭാഗ്യവശാൽ പണ്ട് കാലങ്ങളിൽ നടന്ന ആഭ്യന്തര യുദ്ധങ്ങളിൽ പലപ്പോഴും അത്തരത്തിലായിരുന്നു യു.എന്നിന്റെ ഇടപെടൽ. ഇതിന് അന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഒരു തരത്തിൽ കാരണക്കാരായിരുന്നു. ആവർക്ക് നേരിട്ട് ഇടപെടാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ യുദ്ധത്തിന്റെ ആരംഭം കുറിച്ചതിന ശേഷം പലപ്പോഴും യു.എന്നിനെ അവർ സമാധാന ദൗത്യത്തിനായി സമീപിക്കുകയായിരുന്നു പതിവ്.

യു.എന്നിലെ ഉയർന്ന പദവിയിലേക്ക്?

പിന്നീടാണ് കോഫി അന്നൻ യു.എൻ സമാധാന പരിപാലന ദൗത്യത്തിന്റെ മേധാവിയായി കടന്നുവരുന്നത്. അദ്ദേഹത്തിനൊപ്പം അന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് വളരെ വലിയൊരു അനുഭവമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന് വേണ്ടിയുള്ള പല ഓർഡറുകളും താനായിരുന്നു തയ്യാറാക്കി അയച്ചിട്ടുള്ളത്. ആ അടുപ്പം നിലനിൽക്കേയാണ് ആഫ്രിക്കക്കുള്ള രണ്ടാം ടേമിന്റെ ഒഴിവിൽ കോഫി അന്നൻ യു.എൻ സെക്രട്ടറി ജനറലാവുന്നത്. അന്ന് എല്ലാവർക്കുമറിയാമെങ്കിലും രഹസ്യമായി അന്നന്റെ ക്യാമ്പയിൻ താനായിരുന്നു നടത്തിയിരുന്നത്. തുടർന്ന് അദ്ദേഹം പദവി ഏറ്റെടുത്ത ശേഷം തന്നെ സമാധാന ദൗത്യത്തിൽ നിന്നും മാറ്റി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോസ്റ്റ് ചെയ്യുകയുമായിരുന്നു.

ആ സമയത്താണ് യു.എന്നിലെ ഏറ്റവും വലിയ വിഭാഗമായ പബ്ലിക്ക് റിലേഷൻസിൽ ചില പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ആ പ്രശ്നങ്ങളടക്കം പരിഹരിക്കാനായാണ് അന്ന് അണ്ടർ സെക്രട്ടറിയെ നിയമിക്കാൻ അന്നൻ തീരുമാനിക്കുന്നത്. തുടർന്ന് ആറ് മാസക്കാലം വിവിധയാളുകളെ ഇതിനായി തിരഞ്ഞുവെങ്കിലും ആ നിയോഗം അവസാനം അദ്ദേഹം തന്നെ ഏൽപ്പിക്കുകയായിരുന്നു.

നിയമനത്തിൽ ഏതെങ്കിലും തരത്തിലുള്ള എതിർപ്പുണ്ടായിരുന്നോ?

ഐക്യരാഷ്ട്ര സഭയ്ക്കുള്ളിൽ നിന്നോ രാജ്യങ്ങളുടെ ഭാഗത്ത് നിന്നോ യാതൊരു തരത്തിലുള്ള എതിർപ്പും എന്റെ നിയമനത്തിൽ ഉയർന്നിരുന്നില്ല. കാരണം എന്റെ കഴിവാണ് മാനദണ്ഡമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. സെൻസിറ്റീവ് വിഷയങ്ങളടക്കം കൈകാര്യം ചെയ്യാനുള്ള കഴിവും, ഭാഷകളിലുള്ള പ്രാവീണ്യവും, ഓരോ വിഷയങ്ങളിൽ ഇടപെടുന്ന രീതികളും, യു.എന്നിലെ എന്റെ പ്രവൃത്തി പരിചയവും എന്റെ നിയമനത്തിൽ പ്രധാന ഘടകങ്ങളായി മാറി. തുടർന്ന് ആറര വർഷം ആ നിലയിൽ പ്രവർത്തിക്കുമ്പോഴാണ് വിവിധ സ്ഥലങ്ങളിലെ അംബാസിഡർമാരടക്കമുള്ളവർ എനിക്ക് എന്തുകൊണ്ട് കോഫി അന്നൻ ഇരിക്കുന്ന പദവിയിലേക്ക് എത്തിക്കൂടാ എന്ന ചോദ്യം ഉന്നയിച്ചത്. അതിനവർ ഉദാഹരണമായി പറഞ്ഞതും സാധാരണ യു.എൻ ഉദ്യോഗസ്ഥനിൽ നിന്നും സെക്രട്ടറി ജനറൽ വരെയെത്തിയ കോഫി അന്നന്റെ വളർച്ച ചൂണ്ടിക്കാട്ടിയായിരുന്നു. മന്മോഹൻ സിങ്ങും അന്ന് അദ്ദേഹത്തിന്റെ നാഷണൽ സെക്യൂരിറ്റി അഡൈ്വസറായിരുന്ന എം.കെ നാരായണനും അടക്കമുള്ളവർ ആ ആലോചനയോട് യോജിച്ചുകൊണ്ട് രാജ്യത്തിന്റെ പിന്തുണ ഉറപ്പ് നൽകുകയായിരുന്നു.

മന്മോഹനുമായുള്ള ബന്ധം ഇന്ത്യയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി യു.എൻ ജനറൽ സെക്രട്ടറി പദത്തിലേക്ക് മത്സരിക്കുന്നതിൽ നിർണ്ണായകമായോ?

യു.എൻ പോലെയുള്ള സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമ്പോൾ തീർച്ചയായും രാജ്യത്തിന്റെ ഔദ്യോഗിക പിന്തുണ ആവശ്യമാണ്. ഞാൻ യു.എൻ അണ്ടർ സെക്രട്ടറിയായിരിക്കുന്ന സമയത്താണ് മന്മോഹൻ സിങ്ങ് പ്രധാനമന്ത്രി ആകുന്നത്. മാത്രമല്ല നേരത്തെ അദ്ദേഹം യു.എന്നിന്റെ സൗത്ത് കമ്മീഷനിൽ ഉള്ളപ്പോൾ തന്നെ ജനീവയിൽ വെച്ച് അദ്ദേഹവുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹം പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായി യു.എന്നിൽ എത്തിയപ്പോൾ തന്നെ സ്വകാര്യ വിരുന്നിനടക്കം ക്ഷണിച്ചിരുന്നു. അന്ന് പർവ്വേസ് മുഷാറഫുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്‌ച്ചയ്ക്ക് വരെ ഞാനാണ് വഴിയൊരുക്കിയത്.

മത്സര രംഗത്തെ അനുഭവം?

യു.എൻ അണ്ടർ സെക്രട്ടറി സ്ഥാനത്ത് നിന്നും താൽക്കാലികമായി അവധിയെടുത്തുകൊണ്ടാണ് മത്സര രംഗത്തേക്ക് ഇറങ്ങിയത്. കോഫി അന്നന്റെ നിർദ്ദേശപ്രകാരമായിരുന്നു ആ തീരുമാനം .തുടർന്ന് പ്രചരണം ആരംഭിച്ചു. തന്റെ സ്ഥാനാർത്ഥിത്വം ഏറെ വൈകിയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇത് പ്രചരണം തുടങ്ങുന്നതിലും കാലതാമസം ഉണ്ടാക്കി. എങ്കിലും ബാൻ കി മൂണുമായി നല്ല രീതിയിലുള്ള മത്സരം കാഴ്‌ച്ച വെക്കാനായി.തന്റെ തോൽവി ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് അമേരിക്കയാണെന്ന് ബാലറ്റ് എണ്ണിയപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞു. പിന്നീട് അതിന്റെ കാരണം കോഫി അന്നനെ പോലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നൊരു വ്യക്തി വീണ്ടും ആ പദവിയിൽ എത്തുന്നതിൽ നിന്നും അകറ്റി നിർത്തുകയായിരുന്നു എന്നും തിരിച്ചറിയാൻ കഴിഞ്ഞു. ഇറാഖ് യുദ്ധത്തിലടക്കം അമേരിക്കക്കെതിരെ അന്നൻ സ്വീകരിച്ച നിലപാടായിരുന്ന അമേരിക്കയ്ക്ക് അദ്ദേഹത്തോടുള്ള എതിർപ്പിന് കാരണം. അന്ന് അവരൊരു തീരുമാനമെടുത്തത് 'നോ മോർ കോഫീസ്' എന്നതായിരുന്നു.

യു.എൻ വിടുന്നു

സെക്രട്ടറി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം വീണ്ടും അണ്ടർ സെക്രട്ടറിയായി റീ ജോയിൻ ചെയ്തു. മറ്റൊരു സുപ്രധാന വകുപ്പിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറിയായി പ്രവർത്തിക്കാമോ എന്നായിരുന്നു പുതിയ സെക്രട്ടറിയായ ബാൻ കി മൂൺ തന്നോട് ചോദിച്ചത്. ആലോചിച്ച ശേഷം ഇല്ല എന്ന ഉത്തരമാണ് ഞാൻ നൽകിയത്. കാരണം യു.എന്നിൽ വീണ്ടും തുടർന്നാൽ തൊടുന്നതും പിടിക്കുന്നതുമെല്ലാം വിവാദമായി മാറാൻ സാധ്യതയുണ്ടായിരുന്നു. അങ്ങനെ യു.എന്നിലെ എന്റെ സേവനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യക്ക് മടങ്ങാനായിരുന്നു താൽപ്പര്യമെങ്കിലും ഒന്നര വർഷക്കാലം കൂടി ഒരു പ്രൈവറ്റ് കമ്പനിയുടെ ഭാഗമായി അവിടെ ജോലി ചെയ്തു.

തിരികെ ഇന്ത്യയിലേക്കുള്ള മടക്കം

യു.എന്നിലെ എന്റെ പ്രവർത്തനങ്ങൾക്കിടയിലും ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്താൻ സാധിച്ചിരുന്നു. മന്മോഹൻസിങ്ങ്, സോണിയാഗാന്ധി, വാജ്പേയ്, ജസ്വന്ത് സിങ് അടക്കമുള്ളവരുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഞാൻ യു.എൻ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട സമയത്ത് വാജ്പേയ് സർക്കാരിലെ മന്ത്രിയായിരുന്ന ഒരാൾ തന്നെ ബിജെപി യിലേക്ക് കഷണിച്ചു. എന്നാൽ എന്റെ ആശയം എന്താണെന്ന് എന്റെ പുസ്തകങ്ങളിലൂടെ തന്നെ വ്യക്തമാണെന്നും അതിൽ അടിയുറച്ച് നിൽക്കുമെന്നും പറഞ്ഞ് അദ്ദേഹത്തെ അന്ന് ഒഴിവാക്കി.

കേരളത്തിലും അന്നത്തെ ഇടതുപക്ഷ സർക്കാരുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. വി എസ് സർക്കാരിലെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമുമായി ചേർന്ന് 25 പ്രവാസികളുടെ കൂട്ടായ്മ സംഘടിപ്പിച്ചുകൊണ്ട് കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികൾക്ക് അന്ന് മുൻകൈ എടുത്തിരുന്നു. എന്നാൽ നമ്മുടെ നാട്ടിലെ 'കൊടി' കുത്തൽ നയത്തെ തുടർന്ന് അവരെല്ലാം അതിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്. കേരളത്തിൽ നിക്ഷേപിക്കാൻ തങ്ങൾക്ക് ഒട്ടും വിശ്വാസമില്ലെന്നായിരുന്നു വ്യവസായികളുടെ പ്രതികരണം. രാജ്യത്തേക്കുള്ള മടങ്ങിവരവിൽ എല്ലാ പാർട്ടികൾക്കും ഞാൻ സ്വീകാര്യനായിരുന്നു.

ലോക്സഭാ സ്ഥാനാർത്ഥിയായി കോൺഗ്രസിലേക്കുള്ള വരവ്?

മടങ്ങിവരവിൽ കോൺഗ്രസ്സ് തന്നെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് അന്നത്തെ നേതൃത്വത്തിന് കീഴിൽ കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ ഞാൻ തയ്യറാണെന്ന നിലപാട് സ്വീകരിച്ചു. തിരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ, എനിക്ക് പ്രായപൂർത്തിയായതിന് ശേഷം ആദ്യമായാണ് രാജ്യത്തെ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ട് കാണുന്നതും ഒപ്പം നേരിടാൻ ഒരുങ്ങുന്നതും എന്ന അവസ്ഥയായിരുന്നു.2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് ഞാൻ സ്ഥാനാർത്ഥിയാണെന്ന് അറിയുന്നത് തന്നെ. പല കോണിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും അവസാന നിമിഷം സ്ഥാനാർത്ഥിയായി തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP