Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202303Saturday

തൊട്ടതിനെല്ലാം താങ്ക്യു താങ്ക്യു... ഒട്ടുമുഷിഞ്ഞാൽ സോറി സോറി....! ജോലിയെടുത്ത് കുടുംബം നോക്കിയ ഓട്ടൻതുള്ളലിനെ നെഞ്ചിലേറ്റിയ അച്ഛൻ; ഒറ്റപ്പെട്ട ബാല്യം; മരണ ഭയം മാറാൻ വായന; കടം വാങ്ങി വിദേശ പഠനം; അടിയന്തരാവസ്ഥയിൽ സിവിൽ സർവ്വീസ് മോഹം വേണ്ടെന്ന് വച്ചു; ഒടുവിൽ യുഎന്നിലുമെത്തി; അറിയപ്പെടാത്ത ജീവിത കഥ മറുനാടനോട് പറഞ്ഞ് ശശി തരൂർ

തൊട്ടതിനെല്ലാം താങ്ക്യു താങ്ക്യു... ഒട്ടുമുഷിഞ്ഞാൽ സോറി സോറി....! ജോലിയെടുത്ത് കുടുംബം നോക്കിയ ഓട്ടൻതുള്ളലിനെ നെഞ്ചിലേറ്റിയ അച്ഛൻ; ഒറ്റപ്പെട്ട ബാല്യം; മരണ ഭയം മാറാൻ വായന; കടം വാങ്ങി വിദേശ പഠനം; അടിയന്തരാവസ്ഥയിൽ സിവിൽ സർവ്വീസ് മോഹം വേണ്ടെന്ന് വച്ചു; ഒടുവിൽ യുഎന്നിലുമെത്തി; അറിയപ്പെടാത്ത ജീവിത കഥ മറുനാടനോട് പറഞ്ഞ് ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്നും തന്റേതായ നിലപാടുകളും വിശ്വപൗരനെന്ന വ്യക്തിത്വം കൊണ്ടും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് തിരുവനന്തപുരത്തിന്റെ എംപി കൂടിയായ ശശി തരൂർ. ഇന്നിപ്പോൾ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ മത്സരത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ മേഖലയുടേയും പൊതുസമൂഹത്തിന്റേയും ശ്രദ്ധ നേടുന്നത്. തിരക്കുകൾക്കിടയിലും മറുനാടന് നൽകിയ അഭിമുഖത്തിലൂടെ തന്റെ കുടുംബപശ്ചാത്തലവും, ബാല്യകാലവുമടക്കമുള്ള കാര്യങ്ങൾ തരൂർ പങ്കുവെക്കുകയാണ്.

കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് മുതൽ തനിക്കെതിരെ ഉയരുന്ന 'എലൈറ്റ് ക്ലാസെന്ന' ആരോപണത്തെ തന്റെ കുടുംബപശ്ചാത്തലം വിശദീകരിച്ചുകൊണ്ട് തരൂർ പൂർണ്ണമായും തള്ളിക്കളയുന്നു. താൻ വളർന്നുവന്നത് ഒരു സാധാരണ ഇടത്തരം സാമ്പത്തികാവസ്ഥയുള്ള കുടുംബത്തിൽ നിന്നുമാണ്.

ആദ്യമായി അമേരിക്കയിലേക്ക് പഠിക്കാൻ പോയത് ലോണെടുത്ത തുക ഉപയോഗിച്ചാണെന്നും വിജ്ഞാനവും,വിനോദവും,വിവിധ സാഹചര്യങ്ങളിൽ നിന്നുമുള്ള തന്റെ രക്ഷപെടലുമെല്ലാം സാധ്യമായത് തന്റെ വായനയിലൂടെയാണെന്നും തരൂർ മനസ്സ് തുറക്കുന്നു. അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം

വിശ്വപൗരനായിട്ടും ഇന്നും പേരിനൊപ്പമുള്ള പാലക്കാടൻ ഗ്രമാമവുമായുള്ള ബന്ധം ഓർത്തെടുക്കുമ്പോൾ?

അടിസ്ഥാനപരമായി താനും ഒരു പാലക്കാടുകാരനാണ്. അച്ഛനും അമ്മയും പാലക്കാടൻ ഗ്രാമത്തിൽ നിന്നും വളർന്നുവന്നവരാണ്. തന്റെ 19 ാം വയസ്സിലാണ് പേരുകൊണ്ട് പെരുമയുള്ള ഒരു ഇടത്തരം കുടുംബത്തിൽ നിന്നും ബോംബെ വഴി അച്ഛൻ ഇംഗണ്ടിലേക്ക് ജോലിക്കായി പോകുന്നത്. ഒരുപാട് കഷ്ടപ്പാടുകൾ അന്ന് കുടുംബത്തെ അലട്ടിയിരുന്നു.

കുടുംബത്തിന്റെ വിദേശബന്ധം ആരംഭിക്കുന്നത് അങ്ങനെയാണോ?

ടൈപ്പിങ് പഠിച്ച് ഇംഗ്ലണ്ടിലേക്ക് ജോലിക്ക് പോയി നല്ല നിലയിലേക്ക് എത്തിയ അച്ഛന്റെ മുതിർന്ന സഹോദരൻ തരൂർ പരമേശ്വരൻ വഴിയാണ് അച്ഛൻ ഇംഗണ്ടിലെത്തുന്നത്. തുടർന്ന് അവിടെ പഠിച്ച അച്ഛൻ സ്റ്റേറ്റ്സ്മാനിൽ ജോലിക്ക് പ്രവേശിച്ചു. തന്റെ ജനനമടക്കം പിന്നീട് അവിടെയായിരുന്നു. സ്റ്റേറ്റ്സ്മാന്റെ മാനേജ്മെന്റുമായി അച്ഛന് വളരെ ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്.ജോലിക്കൊപ്പം തന്നെ മറ്റ് കാര്യങ്ങളിലും ഏറെ കഴിവുള്ള വ്യക്തിയായിരുന്നു അച്ഛൻ.

ഓട്ടൻ തുള്ളലടക്കം അച്ഛന് സുപരിചിതമായ മേഖലകളായിരുന്നു.ഇംഗ്ലീഷും മലയാളവും ചേർത്ത് പ്രാസത്തിലുള്ള തുള്ളൽ പദങ്ങളും അച്ഛൻ തന്റേതായ രീതിയൽ ചിട്ടപ്പെടുത്തിയിരുന്നതായും ഓർക്കുന്നു. പത്ത് വർഷക്കാലം അവിടെ ജോലി ചെയ്ത അച്ഛന് ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ആഗ്രഹം. അതിനിടെയാണ് സ്റ്റേറ്റ്സ്മാന്റെ ബോംബെ ഓഫീസിലേക്ക് ഒഴിവ് വരികയും അച്ഛൻ നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്.

ഇംഗ്ലണ്ടിലെ പ്രവാസി പ്രവർത്തനങ്ങളിൽ അച്ഛൻ വളരെയധികം സജീവമായിരുന്നു. കൃഷ്മേനോനൊപ്പം ചേർന്ന് ഇന്ത്യ ക്ലബ്ബ് സ്ഥാപിക്കാൻ അച്ഛനാണ് മുൻ കൈ എടുത്ത്.ഇന്നും അവിടെയെത്തിയാൽ അച്ഛന്റെ ചിത്രം അവിടെ കാണാം. അച്ഛന്റെ ഓട്ടൻ തുള്ളലും പ്രസിദ്ധമായിരുന്നു. ബ്രീട്ടീഷ് ജീവിതത്തെ കുറിച്ച് അച്ഛനെഴുതിയ തുള്ളൽ പാട്ടിലെ രണ്ടു വരികൾ ഇങ്ങനെയായിരുന്നു....തൊട്ടതിനെല്ലാം താങ്ക് യൂ,താങ്ക് യൂ,ഒട്ടുമുഷിഞ്ഞാൽ സോറി,സോറി

കുടുംബത്തോടൊപ്പം കൊൽക്കത്തയിലേക്കുള്ള ചുവടുമാറ്റവും പിന്നീടുള്ള പഠനകാലവും എങ്ങനെയായിരുന്നു?

ബോംബെയിൽ ജോലി ചെയ്തുവരുമ്പോഴായിരുന്നു അച്ഛന് സ്റ്റേറ്റ്സ്മാന്റെ അഡ്വർടൈസ്മെന്റ് മാനേജരായി കൊൽക്കത്തയിൽ പോസ്റ്റിങ് ലഭിക്കുന്നത്. തുടർന്ന് കുടുംബത്തോടൊപ്പം തങ്ങൾ കൊൽക്കത്തയിലേക്കെത്തി. പഠനത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും തനിക്ക് അന്നേ അൽപ്പം വികൃതി കൂടുതലായിരുന്നു. സഹോദരങ്ങളെ കൂടി തനിക്കൊപ്പം നോക്കാനുള്ള ബുദ്ധിമുട്ട്് മൂലം തന്റെ പഠനം മോണ്ട് ഫോർട്ട് ബോർഡിങ് സ്‌കൂളിലേക്ക് മാറ്റുവാൻ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെയാണ് ബോർഡിങ് സ്‌കൂളിൽ തന്നെക്കാൾ മുതിർന്ന കുട്ടികളോടൊപ്പം അഞ്ചര വയസ്സിൽ താൻ മൂന്നാം ക്ലാസ്സ് പഠനത്തിലേക്ക് എത്തുന്നത്.

ബോർഡിങ് സ്‌കൂളിലെ ബാല്യകാലം?

ഏറെ പ്രയാസമേറിയതായിരുന്നു ബോർഡിങ് സ്‌കൂളിലെ തന്റെ പഠനകാലം.തന്നേക്കാൾ മുതിർന്ന കുട്ടികളോടൊപ്പമുള്ള പഠനം തന്നെ മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.കൂടാതെ ബാല്യകാലത്തിൽ തന്നെ മാതാപിതാക്കളെ പിരിഞ്ഞുള്ള ഒറ്റപ്പെടലും തന്നെ വേട്ടയാടിയിരുന്നു.ഇതിന്റെ ഭാഗമായി തന്നെ നിരന്തരം അസുഖബാധയും അലട്ടിയിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖമാണ് ഏറെയും ബുദ്ധിമുട്ടിലാക്കിയത്.

പിന്നീട് ബോംബെയിലെ സ്‌കൂളിലെത്തിയ തനിക്ക് സാങ്കേതിക കാരണങ്ങളാൽ ഒരു തവണ കൂടി മൂന്നാം ക്ലാസിൽ പഠിക്കേണ്ടി വന്നു. എട്ടാം ക്ലാസ് വരെ അവിടെയായിരുന്നു തന്റെ വിദ്യാഭ്യാസം.ഒറ്റപ്പെടലുകൾക്കിടയിലും അസുഖത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും തനിക്ക് കൂട്ടായത് വായനയായിരുന്നു. അത്തരത്തിൽ വളരെ ചെറുതിലെ തന്നെ വായനാശീലം വളർത്തിയെടുക്കാനും സാധിച്ചു. ഒമ്പതാം ക്ലാസ്സ് മുതൽ പ്രീ-ഡിഗ്രി വരെ കൊൽക്കത്തയിലായിരുന്നു പഠനം.

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലേക്കെത്തുമ്പോൾ ജീവിതത്തലുണ്ടായ മാറ്റം?

പ്രീ-ഡിഗ്രി കാലഘട്ടം പൂർത്തീകരിച്ച് സെന്റ് സ്റ്റീഫൻസ് കോളേജിലേക്കെത്തുമ്പോൾ വ്യക്തിത്വ രൂപീകരണത്തിന്റെ ഏറ്റവും വലിയൊരു വഴിത്തിരിവായാണ് അത് മാറിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അക്കാദമിക്ക് മികവുള്ള ക്യാമ്പസ്സായിരുന്നു അവിടത്തേത്.അവിടേക്ക് അഡ്‌മിഷൻ ലഭിച്ചത് പഠനമികവിന്റെ അടിസ്ഥാനത്തിൽ പൂർണ്ണമായും മെറിറ്റിലൂടെയായിരുന്നു. കോളേജിൽ പ്രസംഗത്തിലും,സംവാദങ്ങളിലും മികവ് പുലർത്താൻ സാധിച്ചു.രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്വിസ് ക്ലബ്ബെന്ന പുതിയ ആശയത്തിന് സെന്റ് സ്റ്റീഫൻസിലൂടെ തുടക്കമിടാൻ സാധിച്ചു.

കോളേജിൽ രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നോ,കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ?

രാഷ്ട്രീയത്തെ പൂർണ്ണമായും അകറ്റി നിർത്തിയിരുന്ന ക്യാമ്പസ്സായിരുന്നു സെന്റ് സ്റ്റീഫൻസിന്റേത്. എന്നിരുന്നാലും രാഷ്ട്രീയമില്ലാതെ തന്നെ കോളേജ് യൂണിയന്റെ നേതൃനിരയിലേക്കെത്തി യൂണിയൻ പ്രസിഡന്റാവാൻ കഴിഞ്ഞു. അക്കാലത്തെ ഏറ്റവും വലിയ വിഷമമായി ഇന്നും നിലനിൽക്കുന്നത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ അന്ന് നടന്നുവന്ന യുവജനപ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിൽ നിന്നും കോളേജിലെ വിദ്യാർത്ഥികളെ വിലക്കി എന്നുള്ളതായിരുന്നു.

അമേരിക്കയിലേക്കുള്ള ചുവടുമാറ്റം?

സെന്റ് സ്റ്റീഫൻസിലെ പഠനത്തിന് ശേഷമാണ് അമേരിക്കയിലെ ഫ്ലച്ചർ യൂണിവേഴ്സിറ്റിയിലേക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നത്. അവിടെ ഫീസ് നൽകി പഠിക്കാനുള്ള സാമ്പത്തികാവസ്ഥ അന്ന് കുടുംബത്തിനില്ലായിരുന്നു. പോകാനുള്ള ടിക്കറ്റിനുള്ള പണം കണ്ടെത്തിയത് റ്റാറ്റാ എൻഡോവ്മെന്റ് ഫണ്ടിൽ നിന്നും ലോണെടുത്തായിരുന്നു. ശമ്പളം കൊണ്ട് ദൈനംദിന ചിലവുകളെ നിയന്ത്രിച്ചിരുന്ന ഇടത്തരം കുടുംബമായതിനാൽ വിദ്യാഭ്യാസത്തിലൂടെ ഉന്നതി നേടാനായിരുന്നു അച്ഛൻ ഉപദേശിച്ചിരുന്നത്.

ഫ്ലച്ചറിൽ നിന്നും യു.എന്നിലെ ജീവനക്കാരനിലേക്കുള്ള മാറ്റം?

22 ാം വയസ്സിൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി നേടാനായത് വലിയ നേട്ടമായിരുന്നു. അതും പൂർണ്ണ സ്‌കോളർഷിപ്പോടെ.പഠന ശേഷം തിരികെ ഇന്ത്യയിലേക്ക് മടങ്ങാനായിരുന്നു ഉദ്ദേശം. അതിനിടെയാണ് യു.എൻ ഹൈ കമ്മീഷൻ ഓഫ് റെഫ്യൂജീസ് എന്ന അഭയാർത്ഥികൾക്കായുള്ള മനുഷ്യാവകാശ സംഘടനയുടെ ഭാഗമായുള്ള ജോലിയിലേക്ക് അവസരം ലഭിക്കുന്നത്. അങ്ങനെയായിരുന്നു ജനീവയുമായുള്ള ബന്ധം ആരംഭിക്കുന്നത്. അവിടെ പബ്ലിക്ക് റിലേഷൻസിലെ സാധാരണ ജീവനക്കാരനായി അങ്ങനെ തുടക്കം കുറിച്ചു.

വായനയും എഴുത്തും ചെറുപ്പം മുതലേ ശീലിച്ചിരുന്നു,ആദ്യമായി പുസ്തകം പ്രസിദ്ധീകരിച്ച് തുടങ്ങിയത് എപ്പോഴാണ്?

വായന വളരെ ചെറുതിലേ തന്നെ ശീലച്ചിരുന്നു.വളരെ എളുപ്പത്തിൽ തന്നെ പുസ്തകങ്ങൾ വായിച്ചു തീർക്കുന്നതിനാൽ ഒട്ടേറെ പുസ്തങ്ങൾ വായിക്കാനും സാധിച്ചിരുന്നു. എഴുത്തിലേക്ക് വന്നാൽ, ആദ്യമായി എഴുതി തുടങ്ങുന്നത് കുട്ടികളെ കുറിച്ചും അവരുടെ ബാല്യകാലത്തെ കുറിച്ചുമൊക്കെയുള്ളവയായിരുന്നു.അക്കാലത്ത് സ്റ്റേറ്റ്സ്മാന്റെ ഒരു സീരീസിൽ അത്തരത്തിലുള്ള തന്റെ ലേഖനം പ്രസിദ്ധീകരിച്ചു വന്നിരുന്നു.

വളരെയേറെ ആത്മവിശ്വാസത്തോട് കൂടിയാണ് പുസ്തകങ്ങളെ സമീപിക്കാറ്.ഇത് എങ്ങനെയാണ് സാധിക്കുന്നത്.?

കോളേജ് കാലം മുതൽ ഫിക്ഷൻ,മാധ്യമലോകം തുടങ്ങിയവയെ കുറിച്ച് എഴുതാൻ ആരംഭിച്ചിരുന്നു.തുടർന്ന് കഥകളും മാധ്യമ ലോകത്തെ എഴുത്തുകളും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞു.ഇത് പുസ്തകങ്ങളെ ഏറെ ആത്മവിശ്വാസത്തോടെ സമീപിക്കുന്നതിൽ ഒരു പ്രധാന ഘടകമായിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ അലട്ടിയപ്പോഴും എഴുത്തിനും വായനക്കും ഒരു മുടക്കവും വരുത്തിയിട്ടില്ല.

ഇന്ത്യൻ സിവിൽ സർവ്വീസ് മോഹങ്ങൾ ഉണ്ടായതായി കേട്ടിട്ടുണ്ട്,എന്തുകൊണ്ടാണ് അത് ഉപേക്ഷിച്ചത്?

താൻ അമേരിക്കയിലായിരുന്ന കാലഘട്ടത്തിലായിരുന്ന രാജ്യം അടിയന്തിരാവസ്ഥയിലൂടെ കടന്നുപോകുന്നത്.അന്ന് പത്രങ്ങളിൽ വന്നിരുന്ന വാർത്തകൾ ഏറെ അലോസരപ്പെടുത്തുന്ന തരത്തിലുള്ളവയായിരുന്നു. അതിനാൽ തന്നെ സിവിൽ സർവ്വീസിലൂടെ രാജ്യത്തെ സേവിക്കാമെന്ന മോഹം ഉപേക്ഷിക്കാൻ അടിയന്തിരാവസ്ഥ ഒരു കാരണമാകുകയായിരുന്നു.

തുടർന്ന് സിംഗപ്പൂരിലേക്ക്?

25 ാം വയസ്സിലാണ് സിംഗപ്പൂരിലെ ഹൈ കമ്മീഷൻ ഓഫ് റെഫ്യൂജീസ് ഹെഡ് ആയി നിയമിതനാകുന്നത്.അവിടെയുള്ള അഭയാർത്ഥി പ്രശ്നങ്ങളിൽ യു.എന്നിന്റെ ഭാഗത്ത് നിന്നുകൊണ്ട് കൃത്യമായ നിലപാടുകൾ എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇത് പലപ്പോഴും ഭരണകൂടവുമായുള്ള തർക്കത്തിനും വഴിവെച്ചിരുന്നു.

യു.എൻ സമാധാന ദൗത്യത്തിന്റെ ഭാഗമായി ന്യൂയോർക്കിലേക്ക്?

89 ലാണ് യു.എൻ സമാധാന ദൗത്യത്തിന്റെ ഭാഗമായുള്ള ജോലിയുമായി ന്യൂയോർക്കിലേക്ക് എത്തുന്നത്. ഹൈ കമ്മീഷനിൽ നിന്നും ആറ് മാസത്തെ ഇടവേളയെടുത്താണ് ന്യൂയോർക്കിലെ ജോലിയിലേക്ക് പ്രവേശിക്കുന്നത്.പിന്നീട് ആ ജോലിയിൽ സ്ഥിരപ്പെടുകയായിരുന്നു. ആ സമയത്താണ് തന്റെ പുസ്തകമായ ഗ്രേറ്റ് ഇന്ത്യൻ നോവൽ പ്രസിദ്ധീകരിക്കുന്നത്. തുടർന്ന ഇന്ത്യയിൽ ജോലി ചെയ്യാനായിെൈ ടംസ് ഓഫ് ഇന്ത്യയിൽ നിന്നുള്ള വിളിയുമെത്തി.

(തുടരും )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP