Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേണുഗോപാലിനെ തോല്പിച്ചു സീറ്റ് ഉറപ്പിക്കാൻ ഏറെ പരിശ്രമിച്ചു; മഹല്ല് കമ്മറ്റികളുമായി ബന്ധപ്പെട്ട് മുസ്ലിം വോട്ടുകൾ കോൺഗ്രസിനെതിരാക്കി; വെള്ളാപ്പള്ളിയേയും തിരിച്ചു; ഷാനിമോൾ സിപിഐ(എം) ചാരവനിതയെന്ന് വനിത കോൺഗ്രസ് നേതാവ് മറുനാടനോട്

വേണുഗോപാലിനെ തോല്പിച്ചു സീറ്റ് ഉറപ്പിക്കാൻ ഏറെ പരിശ്രമിച്ചു; മഹല്ല് കമ്മറ്റികളുമായി ബന്ധപ്പെട്ട് മുസ്ലിം വോട്ടുകൾ കോൺഗ്രസിനെതിരാക്കി; വെള്ളാപ്പള്ളിയേയും തിരിച്ചു; ഷാനിമോൾ സിപിഐ(എം) ചാരവനിതയെന്ന് വനിത കോൺഗ്രസ് നേതാവ് മറുനാടനോട്

തിരുവന്ന്തപുരം: മഹല്ല് കമ്മിറ്റികളുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ തോൽവി ഉറപ്പാക്കാൻ മുസ്‌ളീംവോട്ടുകൾ ഭിന്നിപ്പിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചതായി സംശയമുണ്ടെന്ന് ആലപ്പുഴ ഡിസിസി അംഗം സീനത്ത് നാസർ. ആലപ്പുഴയിൽ സീറ്റുകിട്ടാത്തതിന്റെ ചൊരുക്കുതീർക്കാനും കെസി വേണുഗോപാലിനെ തോല്പിക്കാനും ഷാനിമോൾ പ്രവർത്തിച്ചതിന് വ്യക്തമായ തെളിവുണ്ടെന്നും സീനത്ത് നാസർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കോൺഗ്രസ്സിലെ മുസ്ലിംവോട്ടുകൾ എതിർചേരിയിലേക്ക് കൊണ്ടുപോകാൻ മാത്രമല്ല, എസ്എൻഡിപിയെ മറുകണ്ടം ചാടിക്കാനും ഷാനിമോൾ കൂട്ടുനിന്നതായി കരുതണമെന്നും സീനത്ത് പറഞ്ഞു.

ഞാനും ഷാനിമോളും ഒരേ ബൂത്തിലാണ് താമസിക്കുന്നത്. കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതൽത്തന്നെ സീറ്റുകിട്ടാത്തതിന്റെ പേരിൽ തണുപ്പൻ പ്രവർത്തനമായിരുന്നു ഷാനിമോൾ ആലപ്പുഴ മണ്ഡലത്തിൽ നടത്തിയത്. സീനിയർ നേതാവെന്ന നിലയിൽ ജനങ്ങൾക്കിടയിൽ നടന്നു പ്രവർത്തിക്കണമെന്നില്ല. പക്ഷേ, സ്ഥാനാർത്ഥിക്കുവേണ്ടി പ്രസംഗിക്കാനെങ്കിലും എത്തണമല്ലോ. കഴിഞ്ഞതവണ കെസി വേണുഗോപാലിനുവേണ്ടി പേരിന് പ്രസംഗിച്ചെന്നുവരുത്തിയ ഷാനിമോൾ ഇത്തവണ ഒരിടത്തും പ്രസംഗിക്കാൻ പേരിനുപോലും എത്തിയില്ല. ഒരു ദേശീയനേതാവ് എന്ന നിലയിൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ശക്തമായ നേതൃത്വം നൽകേണ്ടത് ഷാനിമോളായിരുന്നു. എന്നാൽ ഒരിടത്തുപോലും അവരെ ഞാനോ കോൺഗ്രസ്സുകാരോ കണ്ടിട്ടില്ല - സീനത്ത് പറയുന്നു. ആലപ്പുഴ സീറ്റിൽ മത്സരിക്കണമെന്നായിരുന്നു ഷാനിമോളുടെ എക്കാലത്തേയും ആഗ്രഹം. കഴിഞ്ഞതവണ മുതൽത്തന്നെ ഈ ആഗ്രഹം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെസി വേണുഗോപാലിനെ ആലപ്പുഴയിൽ നിർത്താൻ തീരുമാനം ഉണ്ടാവുന്നത്. കഴിഞ്ഞ തവണ കാസർകോട്ട് ഷാനിമോളെ മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം. എന്നാൽ അവിടെ തോൽക്കുമെന്നുകണ്ടതോടെ കുടുംബപരമായി ബുദ്ധിമുട്ടുണ്ടെന്നുപറഞ്ഞ് ഷാനിമോൾ പിന്മാറി. അങ്ങനെയാണ് ഷാജിത കമാലിനെ പാർട്ടി കാസർകോട്ട് മത്സരിപ്പിക്കുന്നത്. പത്തുപതിനഞ്ചുവർഷമായി ആലപ്പുഴയിൽ നിറഞ്ഞുപ്രവർത്തിക്കുന്ന കെസിവേണുഗോപാൽ ആലപ്പുഴക്കാരനല്ലെന്നുപോലും ആർക്കും തോന്നില്ല. അങ്ങനെയിരിക്കെ വിജയം ഉറപ്പായ വേണുഗോപാലിനെ തന്നെയല്ലേ ഇവിടെ പാർട്ടി മത്സരിപ്പിക്കേണ്ടത്? - സീനത്ത് ചോദിക്കുന്നു.

ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സണായിരിക്കെപോലും സ്വന്തംകാര്യം നോക്കുന്ന വ്യക്തിയായിരുന്നു ഷാനിമോൾ. ഞാൻ അന്ന് അവർക്കൊപ്പം കൗൺസിലറായിരുന്നതുകൊണ്ട് എനിക്ക് അവരെപ്പറ്റി ന്ന്നായറിയാം. അന്നുതൊട്ടേ പാർട്ടിക്കകത്തെ വിഷയങ്ങൾ സിപിഎമ്മിന് ചോർത്തുന്ന ശീലമുണ്ട് ഷാനിമോൾക്ക്. പാർട്ടിയിലെ കാര്യങ്ങളും ചർച്ചകളും ഞങ്ങളറിയും മുമ്പേ പ്രതിപക്ഷത്തെ അറിയിച്ചിരിക്കും. ഭൂരിപക്ഷം കോൺഗ്രസ് കൗൺസിലർമാർക്കും ഷാനിമോളുടെ സ്വഭാവം ഇഷ്ടമായിരുന്നില്ല. നേരിയ ഭൂരിപക്ഷത്തിൽ കേരള കോൺ#്ഗ്രസ്സിന്റെയും പിഡിപിയുടേയും പിന്തുണയോടെയാണ് അന്ന് നഗരസഭ യുഡിഎഫ് ഭരിച്ചിരുന്നത്. ഷാനിമോൾ ഉണ്ടാക്കുന്ന ഓരോ പ്രശ്‌നങ്ങളും പരിഹരിക്കാൻ ഞങ്ങൾ ഏറെ പണിപ്പെട്ടിരുന്നു. അവിശ്വാസം വന്നപ്പോൾ ഷാനിമോൾക്ക് പിന്തുണ നൽകാനാവില്ലെന്ന് കേരളാ കോൺഗ്രസിലെ ഫിലിപ്പോസും പിഡിപിയും അന്ന് പറഞ്ഞിരുന്നു. ഒരുവിധത്തിൽ അവരെ അനുനയിപ്പിച്ചാണ് ഭരണം നിലനിർത്തിയത്. വിമർശിക്കുന്നവരെ എങ്ങനെ ഒതുക്കാം എന്ന കളികളാണ് ഷാനിമോൾക്ക് അന്നും ഇന്നും ഉള്ളത്. അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ മുരളീധരനും ഇപ്പോഴത്തെ പ്രസിഡന്റ് വിഎം സുധീരനുമെല്ലാം ഇക്കാര്യങ്ങൾ വ്യക്തമായി അറിയാം - സീനത്ത് പറയുന്നു.

സീനിയർ നേതാവാണ് ഷാനിമോൾ. പക്ഷേ, ഞങ്ങളെപ്പോലുള്ള നിരവധി സാധാരണ പ്രവർത്തകർക്ക് അവരെപ്പോലുള്ള നേതാക്കൾ പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നത് കണ്ടുനിൽക്കാനാവില്ല. പലരും ഇക്കാര്യങ്ങളെല്ലാം പരസ്പരം പറയുന്നുണ്ടെങ്കിലും തുറന്നുപറയാൻ എല്ലാവർക്കും പേടിയാണ്. കെസിയെ തോല്പിക്കാൻ മഹല്ല് കമ്മിറ്റികളുമായി ഷാനിമോൾ നേരിട്ടു ബന്ധപ്പെട്ടു എന്നുതന്നെ കരുതണം. ഇത്തവണ കെസിയുടെ കാര്യം വിഷമമാണല്ലോ എന്ന് ഇത്തവണ നിരവധി മഹല്ല് കമ്മിറ്റി അംഗങ്ങൾ എന്നോട് പറഞ്ഞിരുന്നു. ഇപ്രാവശ്യം മുസ്‌ളീംവോട്ട് കെസിക്ക് കിട്ടില്ലെന്ന് വ്യാപകമായി സംസാരമുണ്ടായി. ഇതെല്ലാം സൂചിപ്പിക്കുന്നത് എന്താണ്. ഇത്തരമൊരു നീക്കം നടന്നു എന്നുതന്നെയല്ലേ? - സീനത്ത് ചോദിക്കുന്നു.

സീറ്റു കിട്ടാത്ത വിഷയത്തിൽ ഷാനിമോൾ സാമുദായികമായി കുത്തിത്തിരിപ്പുണ്ടാക്കി എന്നത് തീർച്ചയാണ്. അതിന് തെളിവാണ് ഷാനിമോൾ ഇത്തവണ പ്രവർത്തനത്തിന് ഇറങ്ങിയില്ലെന്ന വിഷയം ഡിസിസിയിൽ ചർച്ചയായപ്പോൾ അതിനെതിരെ എസ്എൻഡിപി യോഗം നേതാവു കൂടിയായ ഡി സുഗതൻ ഉടൻ പ്രതികരിച്ചത്. പിന്നെ ഷാനിമോളെ അനുകൂലിച്ച മറ്റൊരു വ്യക്തി വെള്ളാപ്പള്ളിയുടെ അടുത്തയാളായ സി ആർ ജയപ്രകാശാണ്. ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്. മുസ്‌ളീം, ഈഴവ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഷാനിമോൾ ശ്രമിച്ചു എന്നതു തന്നെയല്ലേ.

കെസി വേണുഗോപാലിനെ തോല്പിച്ചാലേ തനിക്കിനി സീറ്റ് ലഭിക്കൂ എന്ന തോന്നലുള്ളതുകൊണ്ടാണ് ഷാനിമോൾ ഇങ്ങനെ പ്രവർത്തിച്ചതെന്ന് തീർച്ചയായും കരുതേണ്ടിവരും. സരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളും പരാതികളും അവർക്ക് നേരത്തേതന്നെ കെപിസിസിയിലോ പാർട്ടിയിലെ ഉന്നതരെയോ നേരത്തെ അറിയിക്കാനും അനേ്വഷണം ആവശ്യപ്പെടാനും സമയമുണ്ടായിരുന്നു. എന്നാൽ ഷാനിമോൾ ഇത്തവണ തിരഞ്ഞെടുപ്പിൽ പ്രചരണത്തിനിറങ്ങിയില്ലെന്നും കെസിയെ തോല്പിക്കാൻ ശ്രമിച്ചെന്നും ഡിസിസി റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും ഒന്നും മിണ്ടാതിരുന്ന ഷാനമോൾ ആരോപണങ്ങളുമായി രംഗത്തിറങ്ങിയത്. ഇത് പ്രചരണത്തിനിറങ്ങിയില്ല എന്ന ഡിസിസി റിപ്പോർട്ടിനെ ചെറുക്കാൻ വേണ്ടിയാണെന്നതിന് വേറെന്ത് തെളിവാണ് വേണ്ടത്. ഇത്രയും വലിയ നേതാവായിരുന്നിട്ട് അവർ കാലുവാരുന്നത് ഇവിടത്തെ സാധാരണക്കാരായ പ്രവർത്തകർ തീരെ ക്ഷമിക്കില്ല. നഗരസഭാ ചെയർപേഴ്‌സണായിരിക്കെ പോലും ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിച്ച ഷാനിമോൾ ഇതല്ല, ഇതിനപ്പുറവും ചെയ്യും - സീനത്ത് പറയുന്നു.

കെസി വേണുഗോപാലിനെ തോല്പിക്കാൻ ഷാനിമോൾ ഉസ്മാൻ ശ്രമിച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറും വ്യക്തമാക്കി. അനുകൂലമായി പ്രവർത്തിച്ചില്ലെന്നു മാത്രമല്ല, പ്രവർത്തനം ഏകോപിപ്പിക്കാതെ നിഗൂഢമായി എതിർസ്ഥാനാർത്ഥിക്കുവേണ്ടി ഷാനിമോൾ ചരടുവലികൾ നടത്തിയെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. മാഫിയാ സംഘങ്ങളെ, പ്രത്യേകിച്ച് ബാറുകാരെ സഹായിക്കാൻ വേണ്ടിയാണ് കെപിസിസി യോഗം കഴിഞ്ഞ് ഇത്രയുംനാൾ മിണ്ടാതിരുന്ന ഷാനിമോൾ ഇപ്പോൾ സുധീരനെതിരെ രംഗത്തുവന്നിരിക്കുന്നത്. പെരുമ്പാവൂരിൽ തോൽക്കുകയും കാസർകോട് മത്സരിക്കാൻ ധൈര്യമില്ലാതിരിക്കുകയും ചെയ്ത ഷാനിമോൾക്ക് ആലപ്പുഴ സീറ്റ് നൽകേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. അവർക്ക് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. എ#്ന്നാൽ അത്തരമൊരു ചർച്ചപോലും പാർട്ടിയിൽ ഉണ്ടായിരുന്നില്ല. മുസ്‌ളീംവോട്ടുകൾ ഭിന്നിപ്പിക്കാൻ അവർ ശ്രമിച്ചതായും സൂചനകളുണ്ട്. മണ്ഡലം, ബ്‌ളോക്ക് സമിതികളിൽ തുടങ്ങി താഴേത്തട്ടിൽവരെ കെസിയെ തോല്പിക്കാൻ അവർ ശ്രമിച്ചുവെന്ന് എല്ലാവരും പറയുന്നുണ്ട് - ഷുക്കൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP