Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202303Saturday

എം എം മണിയുമായി ഉള്ള ഭിന്നതയുടെ തുടക്കം മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കം; മണിക്ക് തോന്നിയത് എന്നേക്കാൾ നീ വളർന്നോ എന്ന ഈഗോ; വീട് നിർമ്മാണ വിവാദത്തിലും മണി ഒരു അനുകൂല വാക്കുപറഞ്ഞില്ല; മണിക്കൊപ്പം ഇനിയില്ല; എസ്.രാജേന്ദ്രൻ മറുനാടനോട് മനസുതുറന്നപ്പോൾ

എം എം മണിയുമായി ഉള്ള ഭിന്നതയുടെ തുടക്കം മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കം; മണിക്ക് തോന്നിയത് എന്നേക്കാൾ നീ വളർന്നോ എന്ന ഈഗോ; വീട് നിർമ്മാണ വിവാദത്തിലും മണി ഒരു അനുകൂല വാക്കുപറഞ്ഞില്ല; മണിക്കൊപ്പം ഇനിയില്ല; എസ്.രാജേന്ദ്രൻ മറുനാടനോട് മനസുതുറന്നപ്പോൾ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: തന്റെ രാഷ്ട്രീയഭാവി ഇരുട്ടിലാവാൻ കാരണം ഹൈഡൽ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെന്നും ഇക്കാനഗറിൽ ഏറെ ആശിച്ച് നിർമ്മിച്ച വീട്ടിൽ താമസിക്കാൻ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്റെയും അന്തരിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഇടപെടലെന്നും മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ.

പാർട്ടി നയങ്ങൾ വിട്ടുള്ള ജീവിതം ഇല്ല. എംഎം മണിയുള്ളിടത്തോളം കാലം പാർട്ടിയിൽ അംഗമായി പ്രവർത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പാർട്ടി മെമ്പർഷിപ്പ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് നടക്കില്ലെന്നറിയാം. അതുകൊണ്ട് ആ മോഹം ഉപേക്ഷിച്ചു, അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈഡൽ ടൂറിസം വികസന പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഇതിന്റെ നടത്തിപ്പിൽ നിരന്തര ഇടപെടലുകൾ നടത്തിയിരുന്നു. ഇതാണിപ്പോൾ രാഷ്ട്രീയ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്ന സാഹചര്യം സൃഷ്ടിച്ചത്, രാജേന്ദ്രൻ പറഞ്ഞു.

മൂന്നുതവണ സിപിഎം പ്രതിനിധിയായി ദേവികുളത്തുനിന്നും നിയമസഭയിൽ എത്തിയ രാജേന്ദ്രൻ ഇപ്പോൾ പാർട്ടിയുടെ കണ്ണിലെ കരടാണ്. നടപടിയെടുത്ത് പാർട്ടിയിൽ നിന്നകറ്റിയെങ്കിലും മുൻ മന്ത്രി എം എം മണി രാജേന്ദ്രനെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലന്നാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പരസ്യപ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

പോട്ടെ പോട്ടെ എന്നുകരുതി അടങ്ങിയിരുന്നാലും തലയിൽക്കറുന്ന എംഎം മണിയുടെ ശൈലി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. മറുപടി പറയേണ്ട വിഷയങ്ങളിൽ ഒരു മടിയും കൂടാതെ പ്രതികരി്ക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. മറുനാടന് അനുവദിച്ച കൂടിക്കാഴ്ചയിലാണ് എസ് രാജേന്ദ്രൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അഭിമുഖത്തിന്റെ പൂർണ്ണ രൂപം ചുവടെ.

ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ഉയരുന്ന അഴിമതി ആരോപണങ്ങളിൽ കഴമ്പുണ്ടോ ?

പിണറായി വൈദ്യുത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തുടങ്ങുകയും എസ് ശർമ്മ വകുപ്പിന്റെ ചുമതലയിൽ എത്തിയപ്പോൾ ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്ത പദ്ധതിയാണിത്. എം എൽ എ ആയിരുന്ന 15 വർഷകാലത്തിനുള്ളിൽ വിവിധ വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികൾ വഴി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞിരുന്നു.ഹൈഡൽ പദ്ധതി നടത്തിപ്പ് ഈ വഴിക്കുള്ള നീക്കത്തിന് ആക്കം കൂട്ടി.

ഹൈഡൽ പദ്ധതി നടത്തിപ്പിൽ നിരന്തരമായി ഇടപെട്ടിരുന്നു. പ്രളയം ഉണ്ടായപ്പോഴും മഴ ശക്തമായപ്പോഴും മൂന്നാർ പട്ടണത്തിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ സമയം പട്ടണത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഡാമിന്റെ ഷട്ടർ തുറക്കാൻ ജീവനക്കാരെ വിളിച്ചുകൂട്ടുന്നതിനും നടപടികൾക്കുമായി പാതിരാത്രികളിൽ പലവട്ടം വീട്ടിൽ നിന്നിറങ്ങിയിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ രാഷ്ട്രീയ ഭാവിയെ ഇല്ലാതാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു എന്നത് കഴിഞ്ഞ ദിവസങ്ങളിലാണ് മനസ്സിലായത്. എം എം മണി വൈദ്യുത വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഒരു കത്തുകൊടുത്തിരുന്നു. പുറമെ പല സ്ഥലങ്ങളിലും ഇടിഞ്ഞുവീഴുന്ന മണ്ണ് ഡാമിൽ നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നും ഇതുമൂലം ഡാം നികന്നുവരുന്നെന്നും ഇത് വെള്ളപ്പൊത്തിന് സാധ്യത വർദ്ധിപ്പിക്കുമെന്നുമായിരുന്നു കത്തിലെ സൂചന. ഒരു കോപ്പി ജില്ലാ കളക്ടർക്കും അയച്ചിരുന്നു.

ഇതിന്റെ പിന്നാലെ ചൊക്കനാട്ടിലേയ്ക്ക് പോകുന്ന റോഡ് ഇടിഞ്ഞു .ഇതെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകനായ രാജാറാം ആരംഭിച്ച നിയമനടപടിയാണ് ഇപ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിലയ്ക്കാൻ കാരണമായതെന്നാണ്് മനസ്സിലാക്കുന്നത്. പദ്ധതി നടത്തിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട് എന്റെ പേര്് പലരും പരാമർശിച്ചപ്പോഴാണ,് ഇതിന്റെ പിന്നിൽ നടന്ന കാര്യങ്ങൾ ഏകദേശം മനസ്സിലായത്.മന്ത്രി്ക്ക് ഒരു കത്തുകൊടുത്തു എന്നല്ലാതെ ഈ വിഷയത്തിൽ എനിക്ക് യാതൊരു പങ്കുമില്ല.

എം എം മണി മന്ത്രിയായിരുന്നപ്പോൾ, പാർട്ടി നേതൃത്വം നൽകുന്ന മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പദ്ധതി പ്രദേശത്ത് ടൂറിസം വികസന പ്രവർത്തനങ്ങൾ നടത്താൻ സന്നദ്ധത പ്രകടിപ്പിക്കുകയും ഇത് സംബന്ധിച്ച് കരാറിൽ ഏർപ്പെടുകയും ചെയ്്തിരുന്നു. മണ്ണിട്ട് നികത്തിയ പ്രദേശത്താണ് ബാങ്ക് തയ്യാറാക്കിയ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ നീക്കം നടന്നത്. അത് കോടതി ഇടപെടലിൽ നിന്നുപോയി. പദ്ധതി നിർമ്മാണം നിലയ്ക്കാൻ കാരണം ഞാൻ തന്നെയാണ് എന്ന് രീതിയിൽ സഹപ്രവർത്തകർ തന്നെ പ്രചരിപ്പിച്ചു.

സർവ്വീസ് സഹകരണ സംഘത്തിൽ നിന്നും പണം പിൻവലിക്കണമെങ്കിൽ നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭൂമിയുടെ കൃത്യമായ രേഖകൾ ബാങ്കിൽ സമർപ്പിക്കണം. പക്ഷേ ഈ രേഖകൾ ഇല്ലാതെ തന്നെ എഗ്രിമെന്റിന്റെ ബലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു എന്നാണ് മനസ്സിലായിട്ടുള്ളത്. ഇതാണിപ്പോൾ കോടതി ഇടപെടലിനെത്തുടർന്ന് നിലച്ചിരിക്കുന്നത്.

ഈ സ്ഥിതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പണം പിൻവലിച്ചോ എന്ന് വ്യക്തമല്ല, പദ്ധതിയുടെ നിർമ്മാണത്തിനായി ഇറക്കിയിട്ടുള്ള യന്ത്ര സാമഗ്രികൾക്ക് പണം മുടക്കിയത് ആരാണെന്നും അറയില്ല. ഞാൻ ഇനി ഇതിനുപിന്നാലെ പോകാനും ആഗ്രഹിക്കുന്നില്ല.

വീട് നിർമ്മാണത്തെക്കുറിച്ച് ഉയർന്ന വിവാദങ്ങളെക്കുറിച്ച് ?

71- ലെ കെഡിഎച്ച് ആക്ട് നിലവിൽ വന്ന ശേഷം ഞാൻ താമസി്ക്കുന്ന പ്രദേശം പൊതുമരാമത്ത് വകുപ്പും ഇലക്ട്രിസിറ്റി വകുപ്പും ചേർന്നുള്ള പ്രദേശമാണ്. സ്വാതന്ത്ര്യം കിട്ടി, കേരളം രൂപീകൃതമായി ,പിൽക്കാലത്ത് വകുപ്പുകൾ വിഭജിച്ചു. നിലവിൽ താമസിക്കുന്ന ഭൂമി സർക്കാർ പുറംപോക്കായിരുന്നു.

ഈ ഭൂമിക്ക് പട്ടയം നൽകണമെന്ന് കാണിച്ച് അപേക്ഷ നൽകി. പട്ടയം കിട്ടി. എന്റെ ഒപ്പം 17 പേർക്ക് അസൈമെന്റ് കമ്മറ്റി പട്ടയം അനുവദിച്ചിരുന്നു. വൻകിട കയ്യേറ്റം ഉണ്ടെന്ന് വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ കൈവശ ഭൂമിയിലും പട്ടയ ഭൂമിയിലും മറ്റും വീട് പണിത ചെറുകിടക്കാർക്ക് എതിരെ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനായിരുന്നു ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. ഇതിൽ ഞാനും പെട്ടുപോകുകയായിരുന്നു.

താമസിച്ചിരുന്നത് പട്ടയ ഭൂമിയിലാണ്. ഇത് റഗുലറൈസ് ചെയ്യുന്നതിന് ഇപ്പോഴും ഉദ്യോഗസ്ഥർ തടസംനിൽക്കുകയാണ്. ഇത് സംബന്ധിച്ച് നടപടികൾ പുരോഗമിക്കുന്നുണ്ട്. വീട് പണിയുമ്പോൾ എതിരാളികളിൽ നിന്നുപോലും സഹായം ലഭിച്ചു. വാഴയ്ക്കൻ അന്ന് മൂവാറ്റുപുഴ എം എൽ എയാണ്. പാസുള്ള മണൽ വരുന്ന കാര്യത്തിൽ തടസ്സങ്ങളുണ്ടാവാതിരിക്കാൻ അദ്ദേഹത്തെ ബന്ധപ്പെട്ടു. അദ്ദേഹം ആവശ്യമായ സഹായങ്ങൾ ചെയ്തു.

വൈകിട്ട് ടിവി ചർച്ചയിൽ രാജേന്ദ്രന്റെ കൊട്ടാരം പണി ആരും കാണുന്നില്ലെ എന്നൊക്കെ അദ്ദേഹം ചോദി്ക്കുന്നതും കേട്ടു. പിന്നീട് സഭയിൽ കണ്ടപ്പോൾ വീടുപണി തീർന്നോ എന്ന് അദ്ദേഹം അന്വേഷിക്കുകയും ചെയ്തു. തിരുവഞ്ചൂരും വീടുപണിയെക്കുറിച്ച് അറിഞ്ഞപ്പോൾ സാധാരണക്കാർ വീട് പണിയുന്നത് എതിർക്കാനില്ലന്ന് സഭയിൽ പറഞ്ഞു. ഫലത്തിൽ ചിലയാളുകൾ ഇവിടെ ഇരുന്ന് ചരടുവലികൾ നടത്തിയെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. അന്നത്തെ ഏര്യസെക്രട്ടറി ശശികുമാർ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് എന്നെ ഉപദ്രവിച്ചതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. അന്ന് എം എം മണിയുൾപ്പെടെ ഒരു പാർട്ടി നേതാക്കളും എനിക്ക് അനുകൂലമായി ഒരുവാക്കുപോലും പറഞ്ഞില്ല എന്നതാണ് വാസ്തവം.

ഭാവിപരിപാടികൾ ?

എം എം മണിയുള്ളിടത്തോളം കാലം പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരം കിട്ടുമെന്ന് കരുതുന്നില്ല. എന്നുവച്ച് പാർട്ടിയിൽ നിന്നും അകന്നുപോകാനും കഴിയില്ല. ജീവിതത്തിന്റെ ഭാഗമാണ് പാർട്ടി. പെട്ടെന്ന് പറിച്ചെറിയാൻ കഴിയില്ല. മെമ്പർഷിപ്പുള്ള പ്രവർത്തകനാകണമെന്നുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് നടക്കില്ലന്നറിയാം.

വെറുതെയിരുന്നാലും എം എം മണി ഓരോന്ന് പറഞ്ഞ് അധിക്ഷേപിക്കൽ തുടരുകയാണ്.ഇന്നുവരെയുള്ള കാര്യങ്ങളിൽ പ്രശ്നങ്ങളില്ല.നാളെ എന്താവുമെന്ന് കണ്ടറിയാമെന്നാണ് കരുതുന്നത് .രാജേന്ദ്രൻ വാക്കുകൾ ചുരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP