Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തേ രണ്ടാം പ്രളയകാലത്തു നിങ്ങളാരും തിരിഞ്ഞു നോക്കിയില്ല? മുഖ്യമന്ത്രിയുടെ സഹായ നിധിയിൽ എന്തേ ആരും പണം നൽകിയില്ല? സുതാര്യതയും വിശ്വാസവുമാണ് ഇല്ലാതാക്കിയത്; ആദ്യ പ്രളയകാലത്തു പറഞ്ഞ ഒരു വാക്കും പാലിക്കപ്പെട്ടില്ല; സ്വയം വിമർശനം നടത്തിയാൽ പിണറായി സർക്കാരിന് ഇത് ബോധ്യപ്പെടും; ജനങ്ങളെ പറ്റിക്കാൻ മോദിക്ക് എല്ലായ്‌പ്പോഴും പറ്റില്ല; കോൺഗ്രസ് ഇനിയും തിരിച്ചു വരാൻ ശക്തിയുള്ള പ്രസ്ഥാനം: അങ്കമാലി എംഎൽഎ റോജി ജോൺ മറുനാടനോട് രാഷ്ട്രീയം പറയുമ്പോൾ

എന്തേ രണ്ടാം പ്രളയകാലത്തു നിങ്ങളാരും തിരിഞ്ഞു നോക്കിയില്ല? മുഖ്യമന്ത്രിയുടെ സഹായ നിധിയിൽ എന്തേ ആരും പണം നൽകിയില്ല? സുതാര്യതയും വിശ്വാസവുമാണ് ഇല്ലാതാക്കിയത്; ആദ്യ പ്രളയകാലത്തു പറഞ്ഞ ഒരു വാക്കും പാലിക്കപ്പെട്ടില്ല; സ്വയം വിമർശനം നടത്തിയാൽ പിണറായി സർക്കാരിന് ഇത് ബോധ്യപ്പെടും; ജനങ്ങളെ പറ്റിക്കാൻ മോദിക്ക് എല്ലായ്‌പ്പോഴും പറ്റില്ല; കോൺഗ്രസ് ഇനിയും തിരിച്ചു വരാൻ ശക്തിയുള്ള പ്രസ്ഥാനം: അങ്കമാലി എംഎൽഎ റോജി ജോൺ മറുനാടനോട് രാഷ്ട്രീയം പറയുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ''മോദി സർക്കാർ ജനങ്ങളെ തുടർച്ചയായി പറ്റിക്കുകയാണ്. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ലാതാകുന്നില്ല. കോൺഗ്രസ്സ് തിരിച്ചു വരിക തന്നെ ചെയ്യും. ജനങ്ങൾ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. അവർക്കു തന്നെ തിരുത്തൽ നടത്താനും അറിയാം. കേരളത്തിൽ ബിജെപിക്ക് അടുത്തകാലത്തൊന്നും പ്രതീക്ഷ വേണ്ടാത്ത സ്ഥലമാണ്. അവർക്കു അവരിൽ തന്നെ വിശ്വാസം നഷ്ടമായ സാഹചര്യമാണ്. പ്രളയ കാലത്തേ കേരളത്തിന്റെ ഒരുമ ലോകത്തിനു തന്നെ മാതൃക ആയിരുന്നു, എന്നാൽ അതേ ജനങ്ങളെ തമ്മിലടിപ്പിച്ചു എന്ന ക്രെഡിറ്റാണ് പിന്നീട് പിണറായി വിജയൻ സ്വന്തമാക്കിയത്...'' കേരളത്തിലെ എംഎൽഎയും അങ്കമാലി സ്വദേശിയുമായ റോജി ജോൺ ദേശീയവും പ്രാദേശികമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുകയാണ് മാധ്യമ പ്രവർത്തകനായ കെ ആർ ഷൈജുമോനുമായുള്ള ഹ്ര്വസ സംഭാഷണത്തിലൂടെ.

ഒരു ദശകത്തിലേറെ വിദ്യാർത്ഥി കാലഘട്ടത്തിനു ശേഷം ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്ത ശേഷമാണു രാഹുൽ ഗാന്ധി ബ്രിഗേഡിലൂടെ അദ്ദേഹം പൊടുന്നനെ കേരള രാഷ്ട്രീയത്തിൽ നിലയുറപ്പിക്കുന്നത്. പാർട്ടി പദവികളിൽ സജീവമാകും മുന്നേ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കൈകാര്യം ചെയ്യേണ്ടി വന്ന റോജി ജോൺ കഴിഞ്ഞ നിയമസഭാ കാലത്ത് കോൺഗ്രസ്സ് കേരളത്തിൽ തകർന്നടിഞ്ഞപ്പോഴും ഒൻപതിനായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്നും അങ്കമാലി സീറ്റ് കോൺഗ്രസിന് വേണ്ടി പിടിച്ചെടുത്തത്. തങ്ങളുടെ തിരഞ്ഞെടുപ്പ് നൂറു ശതമാനം ശരിയായിരുന്നു എന്ന് അങ്കമാലിക്കാരെക്കൊണ്ട് ചിന്തിപ്പിക്കും വിധമുള്ള പ്രവർത്തനമാണ് 2018 ലെ മഹാപ്രളയത്തെ തുടർന്ന് അദ്ദേഹം ഏറ്റെടുത്തത്. അയർലന്റ് സന്ദശനത്തിനു ശേഷം ഏതാനും ദിവസം കെന്റിൽ താമസിക്കുന്ന സഹോദരി റിൻസി റോബർട്ടിനെ കാണുവാൻ എത്തിയ റോജി ജോൺ രണ്ടു നാൾ കൂടി യുകെയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങും.

കോൺഗ്രസിന്റെ തിരിച്ചു വരവിനു എന്തെങ്കിലും സാദ്ധ്യതകൾ കാണുന്നുണ്ടോ?

ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും എഴുതി തള്ളാൻ പറ്റില്ല. ശരിയാണ്, തുടർച്ചയായ രണ്ടു തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. പക്ഷെ ഇനിയും തിരിച്ചു വരാൻ ശക്തിയുള്ള പ്രസ്ഥാനം തന്നെയാണ് കോൺഗ്രസ്. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഒരു ഷോർട്ട് ഫേസിൽ ഉണ്ടായിരിക്കുന്ന കാര്യമാണ്. എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാൻ ആർക്കും പറ്റില്ല. രാജ്യം ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോകുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന ലക്കും ലഗാനുമില്ലാത്ത വിധമാണ്. പാനിക് സെയിൽ എന്ന് പറയേണ്ടി വരും.

ഇത് തന്നെയല്ലേ മന്മോഹൻ സിങ് സർക്കാരും ചെയ്തിരുന്നത്?

അങ്ങനെയല്ല. അതിൽ ഒരു പോളിസി ഉണ്ടായിരുന്നു. ഇതിപ്പോൾ ലാഭത്തിൽ ഉള്ള സ്ഥാപനങ്ങൾ പോലും വിറ്റുതുലയ്ക്കുകയാണ്. മന്മോഹൻ സിങ് സർക്കാർ സാമ്പത്തിക വളർച്ച ഉറപ്പാക്കാനും തൊഴിൽ സുരക്ഷക്കും തൊഴിൽ ഇല്ലായ്മ മാറ്റുന്നതിനുമാണ് വിൽപ്പന നടത്തിയത്. മോദി സർക്കാരിന് ഇതിൽ ഒന്ന് പോലും ഉറപ്പു നൽകാൻ കഴിയുന്നില്ല. എല്ലാ രംഗവും പിന്നോട്ടാണ്. ഇന്ത്യയുടെ സാമ്പത്തിക അടിത്തറയാണ് തകരുന്നത്. ഗിമ്മിക് കാട്ടി അധികം പിടിച്ചു നിൽക്കാൻ കഴിയില്ല. ഇത് ജനം തിരിച്ചറിയും.

ജനം തിരിച്ചറിയണമെങ്കിൽ എങ്ങനെ സാധിക്കും , കോൺഗ്രസിന് അതിനുള്ള കെൽപ്പുണ്ടോ?

കോൺഗ്രസിന് സംഘടനാപരമായി ചില പാളിച്ചകൾ ഉണ്ടെന്നു സമ്മതിക്കുന്നു. പക്ഷെ പാർട്ടി അത് ഓവർ കം ചെയ്യും. അതിനുള്ള കഴിവും ആൾബലവും ഉണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായതു സമ്മതിക്കുന്നു. ഇപ്പോൾ ഒരു പുതിയ സർക്കാർ ചുവടു വയ്ക്കുന്ന സമയമാണ്. സാഹിത്യപരമായി ഹണിമൂൺ പീരിയഡ് എന്നൊക്കെ പറയും. അത് കഴിഞ്ഞു ഒരു സെക്കന്റ് ടെം വരുന്നുണ്ട്. അതിൽ ജനപിന്തുണയോടെ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകും. ഇഷ്യുകൾ അടിസ്ഥാനമാക്കിയാണ് ജനവികാരം രൂപപ്പെടുക. സർക്കാരിനെതിരെ വികാരം രൂപപ്പെടുമ്പോൾ അതിനു നേതൃത്വം നൽകി മുന്നിൽ നിൽക്കാൻ കോൺഗ്രസിന് കഴിയും.

രാഹുൽ ഗാന്ധിയിൽ തന്നെയാണോ ഇപ്പോഴും പ്രതീക്ഷ , അതോ പ്രിയങ്കയിലോ?

തീർച്ചയായും രാഹുലിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്, പ്രിയങ്കയും നേതൃത്വത്തിൽ ഉണ്ടല്ലോ. രാഹുലിന്റെ കരിസ്മ ഒന്നും നഷ്ടമായതായി ഞാൻ ചിന്തിക്കുന്നില്ല. 2014 തിരഞ്ഞെടുപ്പ് തോൽവിയിൽ എല്ലാവരും രാഹുലിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഏവർക്കും പ്രതീക്ഷ നൽകി അദ്ദേഹം തിരിച്ചു വന്നാണ് തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ചത്. പരാജയം സംഭവിക്കുമ്പോൾ ഏതു നേതാവായാലും കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വരും.

രാഹുലും നേതാക്കളും തമ്മിലുള്ള ശീതസമരം ജനറേഷൻ ഗാപ് ആയി വിശേഷിപ്പിക്കാമോ?

കോൺഗ്രസിൽ എല്ലാ പ്രായക്കാർക്കും ഇടമുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ മുപ്പതു കഴിഞ്ഞവരും നാൽപതു കഴിഞ്ഞവരും ഏറെ പ്രായം ചെന്നവരും ഒക്കെയുണ്ട്. എല്ലാവരും പരസ്പരം ആദരിച്ചും ബഹുമാനിച്ചും പോകുന്ന രീതിയാണ് കോൺഗ്രസിന്റേത്. എല്ലാത്തരം ആളുകളുടെയും ഒരു ബ്ലെൻഡ് ആണ് കോൺഗ്രസ് എന്ന് വിശേഷിപ്പിക്കാം. ജയിക്കുമ്പോൾ ശരിയും തോൽക്കുമ്പോൾ തെറ്റും എന്നതാണ് ജനാധിപത്യത്തിന്റെ രീതി. നമ്മൾ പറയുന്ന കാര്യങ്ങളോട് എല്ലായ്‌പ്പോഴും ജനാധിപത്യത്തിൽ സ്വീകാര്യത കിട്ടണം എന്ന് വാശി പിടിക്കാനുമാകില്ല.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ശ്രദ്ധ നേടിയവരാണ് ചെറുപ്പക്കാരായ ഹരിത എം എൽ എ മാർ. ഇവർ പിന്നീട് നിശബ്ദമായി പോകുന്ന പോലെ ഉള്ള അനുഭവം ഉണ്ടായി, കോൺഗ്രസിൽ ചെറുപ്പക്കാർ നിശ്ശബ്ദരാക്കപ്പെടുകയാണോ?

അങ്ങനെയൊന്നുമില്ല, അവരൊക്കെ ഇപ്പോഴും ശക്തവും സജീവവുമാണ്. വി ടി ബലറാമും വി ഡി സതീശനും ഹൈബി ഈഡനും ഒക്കെ പാർട്ടിയിൽ ശക്തമായ സ്വാധീനം ഉള്ള യുവനേതാക്കൾ തന്നെയാണ്. ഒരു വിഷയം ഉയർത്തിക്കാട്ടിയപ്പോൾ സമാന മനസ്‌ക്കർ എന്ന പേരിൽ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ഒക്കെ ശ്രദ്ധ കിട്ടി. അതിനു ഹരിത എംഎൽഎമാർ എന്നൊക്കെ പേരും നൽകി. അവരൊക്കെ അതേ നിലപാടിൽ തന്നെ ഇപ്പോഴുമുണ്ട്. പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്തപ്പോൾ പൊതുസമൂഹം ഒരു പ്രത്യേക ഐഡന്റിറ്റി നൽകി എന്നാണ് ഞാൻ കരുതുന്നത്.

രാഹുൽ ഗാന്ധിയുടെ നോമിനിയെന്ന പേരിൽ പലരും തിരഞ്ഞെടുപ്പിൽ വന്നെകിലും അങ്കമാലിയിൽ നിയോഗികകപ്പെട്ട താങ്കളാണ് 2016 ലെ ശ്രദ്ധിക്കപ്പെട്ട സ്ഥാനാർത്ഥി. മറ്റു പലരും പരാജയം നേരിട്ടപ്പോൾ വിപരീത സാഹചര്യത്തിൽ വിജയിച്ച 22 പേരിൽ ഒരാളാകാൻ സാധിച്ചതെങ്ങനെ?

ഞാൻ അങ്കമാലിയിൽ നൂലിൽ കെട്ടി ഇറങ്ങിയ ആളല്ല. വർഷങ്ങളായി അവിടെ താമസിക്കുന്ന കുടുംബത്തിലെ അംഗമാണ്. പഠനത്തിന്റെ ഭാഗമായി നാട് വിടേണ്ടി വന്നു, ചുരുക്കകാലം ഡൽഹി കേന്ദ്രമായി പ്രവർത്തിക്കേണ്ടി വന്നു. പഠിക്കുന്ന സമയം എറണാകുളത്തും മറ്റും സജീവമായിരുന്നു. സേക്രട്ട് ഹാർട്ടിൽ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു. കോൺഗ്രസ് പലവട്ടം ജയിച്ചിട്ടുള്ള അങ്കമാലി ഒരു പ്രത്യേക സാഹചര്യത്തിൽ കൈവിട്ടു. പക്ഷെ പുതുമുഖമായി എത്തിയ ആൾ എന്ന നിലയിൽ അങ്കമാലിക്കാർ എന്നെ ഏറ്റെടുക്കുക ആയിരുന്നു.

വീണ്ടും 2021 ൽ സ്ഥാനാർത്ഥി ആയാൽ എന്തുകൊണ്ട് ആയിരിക്കണം അങ്കമാലിക്കാർ കൂടെ നിൽക്കേണ്ടത്?

അഞ്ച് വർഷം കൊണ്ട് പറഞ്ഞ കാര്യങ്ങൾ ചെയ്തു തീർത്തോ എന്നാണ് ആദ്യമായി നാട്ടുകാർ വിലയിരുത്തേണ്ടത്. വക്തിപരമായും രാഷ്ട്രീയമായും ഞാൻ നേരിട്ട വെല്ലിവിളിയാണ് കഴിഞ്ഞ വർഷത്തെ പ്രളയകാലം. ഞാൻ ജനങ്ങളുടെ കൂടെ ഉണ്ടായി എന്നാണ് എന്റെ വിശ്വാസം. ജീവിതത്തിൽ പലരും നേരിടാത്ത ഒരു സാഹചര്യത്തെയാണ് നമ്മുടെ നാട്ടുകാർ കൈകാര്യം ചെയേണ്ടി വന്നത്. എനിക്ക് മുൻപ് ജമ്മുവിലും ചെന്നൈയിലും ഇതുപോലത്തെ അവസ്ഥയിൽ എൻഎസ്‌യു ഭാരവാഹിയായ സേവനം ചെയ്ത മുൻകലാ അനുഭവം തുണയായി. രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും അധികം പ്രയാസം കൂടാതെ ചെയ്യാനാകുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു, അത് സാധിച്ചു. എന്നാൽ രണ്ടാം ഘട്ടമാണ് ദുഷ്‌ക്കരംവും, വെല്ലുവിളി നിറഞ്ഞതും.

ആ സമയത്താണ് ജനങ്ങൾക്ക് ജനപ്രതിനിധി കൂടുതൽ സമയവും അവരോടൊപ്പം ഉണ്ടാകേണ്ടതും. ഈ രണ്ടാം സ്റ്റേജ് രണ്ടോ മൂന്നോ വർഷം നീണ്ട ഒരു കാലയളവ് കൂടിയാണ്. നഷ്ടമായത് മുഴുവൻ അവർക്കു തിരിച്ചു പിടിക്കേണ്ട സമയം. ഏകദേശം 7500 കുട്ടികളെയാണ് വ്യക്തിപരമായി സഹായിക്കാൻ കഴിഞ്ഞത്. എന്നെ വിശ്വസിച്ചു കൂടെ നിന്ന വിദേശ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ ഇതിനകം 16 കുടുംബങ്ങൾക്ക് വീട് പൂർത്തിയാക്കി ക്യാമ്പുകളിൽ നിന്നോ താൽക്കാലിക കേന്ദ്രങ്ങളിൽ നിന്നോ അവരെ മാറ്റിപാർപ്പിക്കാൻ കഴിഞ്ഞു.

പ്രളയം ആഞ്ഞടിച്ച സ്ഥലങ്ങളിൽ താങ്കളും വി ഡി സതീശനും ഹൈബി ഈഡനും ഏറ്റെടുത്ത വെത്യസ്ത പ്രവർത്തനങ്ങൾ ജനം ശ്രദ്ധിച്ചിട്ടുണ്ട് . എം എൽ എ മാർ ആണെങ്കിലും വക്തികൾ എന്ന നിലയിൽ നിങ്ങള്ക്ക് കോഡിനേറ്റു ചെയ്യാൻ സാധിച്ചത് പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല . അനുഭവത്തിൽ നിന്ന് പറയുമ്പോൾ , സർക്കാരിന് എവിടെയാണ് തെറ്റിയത്?

സർക്കാരിന് എവിടെ എന്നല്ല എല്ലായിടത്തും തെറ്റി എന്നതാണ് ശരി. തുടക്കം മുതൽ തന്നെ ഏന് പറയേണ്ടി വരും. ഇതിനെ രാഷ്ട്രീയമായും കാണണ്ട. പ്രളയം ഉണ്ടായപ്പോൾ കാരണം നോക്കാതെ കൂടെ നിന്നവരാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ കൂടെ സഞ്ചരിച്ച പ്രതിപക്ഷ നേതാവ് കളിയാക്കലുകൾ പോലും അക്കാലത്തു നേരിട്ട്. ലോകത്തിനു നമ്മൾ ഒരു മഹത്തായ മാതൃക കാണിച്ചു നൽകി. എല്ലാവരെയും തോളൊപ്പം ചേർത്ത് നിർത്താൻ നമുക്കായി. ലോകത്തിന്റെ എല്ലാ കോണിൽ നിന്നും ജാതിയും മതവും രാഷ്ട്രീയവും മറന്നു പണവും സഹായവും എത്തി. നിങ്ങൾ യുകെ മലയാളികൾ പോലും വഴിയിൽ ഇറങ്ങി പണം പിരിച്ചില്ലേ. എന്റെ സഹോദരി അടക്കമുള്ളവർ പറഞ്ഞു അത്തരം കാര്യങ്ങൾ ഒക്കെ നന്നായി അറിയാം.

എന്തെ രണ്ടാം പ്രളയകാലത്തു നിങ്ങളാരും തിരിഞ്ഞു നോക്കിയില്ല? മുഖ്യമത്രിയുടെ സഹായ നിധിയിൽ എന്തെ ആരും പണം നൽകിയില്ല? എവിടെ പോയി ആദ്യ പ്രളയകാലത്തെ വിശ്വാസവും നാടിനോടുള്ള സ്നേഹവും ഒക്കെ? ഇന്നും വ്യക്തിപരമായി വിദേശ മലയാളി സംഘടനകളും മറ്റും ഞാൻ അടക്കമുള്ള ആളുകളെ പണം ഏൽപ്പിക്കാൻ തയ്യാറായാണ്. ചെയ്യുന്ന കാര്യങ്ങൾ സുതാര്യം ആയിരിക്കും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആണത്. ആ സുതാര്യതയും വിശ്വാസവുമാണ് സർക്കാർ ഇല്ലാതാക്കിയത്. പ്രളയകാലത്തു പറഞ്ഞ ഒരു വാക്കും പാലിക്കപ്പെട്ടില്ല. ആത്മാർത്ഥമായി സ്വയം വിമർശനം നടത്തിയാൽ സർക്കാരിന് ഇത് ബോധ്യപ്പെടും.

പ്രളയകാലത്തു ഒന്നിച്ചു നിന്നെകിലും പിന്നീട് രാഷ്ട്രീയം അതിൽ കലർന്നോ?

ഞാൻ പറയേണ്ട എന്ന് കരുതിയ കാര്യമാണത്. ചോദിച്ച നിലക്ക് പറയാം, നിങ്ങൾ നേരിട്ട് അന്വേഷിക്കൂ. മുഴുവൻ സ്ഥലങ്ങളിലും അത്തരം പരാതികൾ ഉണ്ട്. അടിയന്തര ധനസഹായം നൽകിയിടത്തു പോലും രാഷ്ട്രീയം നോക്കിയതായി പരാതിയുണ്ട്. വെള്ളം കയറിയത് പാർട്ടി നോക്കിയാണോ? എങ്കിൽ സഹായവും എല്ലാവരെയും തേടി എത്തേണ്ടതല്ലെ? ഒരു ക്യാംപിൽ വിതരണം ചെയ്ത സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതോ മറ്റോ നമുക്കു മനസിലാക്കാം. അതുപോലെയാണോ സർക്കാർ നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ? എന്തിനാണ് അതിൽ പാർട്ടിയും രാഷ്ട്രീയവും നോക്കുന്നത്. സർക്കാരിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് പറയേണ്ടി വരും.

മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് വിദേശ മലയാളികൾ അടക്കം നൽകിയത് നാലായിരം കോടി രൂപയാണ്. അതിൽ സർക്കാരിന്റെ കണ്ണ് മഞ്ഞളിച്ചു. തോന്നിയ പാടേ അതെടുത്തു ചെലവാകാം എന്നൊരു ധാരണ രൂപപ്പെട്ടു. തുടക്കം മുതെലെ അത് പ്രത്യേക ഫണ്ടായി സൂക്ഷിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്. അതുണ്ടായില്ല. ഫലമോ, വന്നതും പോയതിനും ഒന്നും ഒരു കണക്കുമില്ല തുക സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൽകാൻ സർക്കാരിന് കഴിയില്ല. രണ്ടായിരം കോടി രൂപ ചെലവിട്ടപ്പോൾ രണ്ടായിരം കോടി കെട്ടിക്കിടക്കുകയാണ്. രണ്ടാമതൊരു പ്രളയം സർക്കാർ എന്നല്ല ആരും പ്രതീക്ഷിച്ചതല്ല. ആദ്യ പ്രളയത്തെ ഇവ്വിധം കൈകാര്യം ചെയ്തതുകൊണ്ടാണ് ആവർത്തിച്ചു മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ആരും കണ്ട ഭാവം നടിക്കാതിരുന്നത്. ആദ്യ പ്രളയത്തിൽ കൂടെ നിന്ന വിദേശ മലയാളി സമൂഹമാണ് രണ്ടാം പ്രളയത്തിൽ തിരിഞ്ഞു നിന്നത്.

എങ്കിൽ താങ്കൾ ഈ സർക്കാരിന് എത്ര മാർക്ക് നൽകും?

ഞാൻ അല്ല മാർക്ക് നൽകേണ്ടത്, ജനങ്ങളാണ്. അതവർ നൽകിക്കഴിഞ്ഞു. 1/ 20 ആണ് ജനങ്ങൾ ഈ സർക്കാരിന് നൽകിയ മാർക്ക്

താങ്കളുടെ മണ്ഡലത്തിൽ നിർണായക ശക്തി അല്ലെങ്കിലും ബിജെപി കേരളത്തിൽ വളരുകയല്ലേ, എന്താണ് അവരുടെ സാദ്ധ്യതകൾ?

ബിജെപി വളരുന്നുണ്ട്, പക്ഷെ അവർക്കു ജയിക്കാനാകുകയില്ല ''അതിനുള്ള സാഹചര്യം ഇപ്പോഴും കേരളത്തിൽ ഇല്ല . ശബരിമല വിഷയം രാഷ്ട്രീയമായി അവർ ദുരുപയോഗം ചെയ്യുക ആയിരുന്നു. ഒരു ഘട്ടത്തിൽ കേന്ദ്ര നേതൃത്വത്തിനും ഇവിടെ പ്രതീക്ഷ ഉണ്ടായിരുന്നു. അതാണ് അമിത് ഷാ അടക്കമുള്ളവർ പ്രത്യേക ശ്രദ്ധ നൽകിയത്. ഇപ്പോൾ അവരുടെ പ്രതീക്ഷയും നഷ്ടമായി. ഇവിടെ ഉളവർക്കാകട്ടെ ആത്മവിശ്വാസവും പോയി. ഇപ്പോൾ കോന്നിയിലാണ് അവരുടെ പ്രതീക്ഷ. ഉത്തരേന്ത്യ പോലെ പണമെറിഞ്ഞു വോട്ടു കച്ചവടം നടക്കുന്ന സ്ഥലമല്ല കേരളം. ജനങ്ങൾക്ക് എല്ലാമറിയാം.

വയസു 35 ആകുന്നു, എത്രകാലം കൂടി ജീവിതത്തിൽ ഒറ്റയാനായി തുടരും?

(ഉത്തരം കുമാരനാശാന്റെ കരുണയിലെ ഉപഗുപ്തന്റെ വാസവദത്തയോടുള്ള മറുപടി ആയിരുന്നു) സമയമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP