Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെന്നിത്തല മുഖ്യമന്ത്രിയാകാൻ പോകുന്നു; ഏഴു മന്ത്രിമാർ കഴിവുകെട്ടവർ; അഡ്വ. ജയശങ്കർ മറുനാടൻ മലയാളിയോട്

ചെന്നിത്തല മുഖ്യമന്ത്രിയാകാൻ പോകുന്നു; ഏഴു മന്ത്രിമാർ കഴിവുകെട്ടവർ; അഡ്വ. ജയശങ്കർ മറുനാടൻ മലയാളിയോട്

സുനിത ദേവദാസ്

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സോളാറിനും മുമ്പേ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരുന്നു. സോളാർ വന്നതോടെ എല്ലാവരും സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും പിന്നാലെയായി. രമേശിനെയും രമേശിന്റെ മന്ത്രിസഭാ പ്രവേശത്തെയും മറന്നു. സോളാർ വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴും കെ പി സി സി പ്രസിഡന്റ് മൗനത്തിലായിരുന്നു. പക്ഷേ, കേരളത്തിന്റെ ശാപം രമേശിന് ഉപകാരമായി എന്ന നിലയിലേക്കാണു കാര്യങ്ങൾ പോകുന്നതെന്നു നിരീക്ഷിക്കുകയാണു പ്രമുഖ രാഷ്ട്രീയ-മാദ്ധ്യമ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ. ജനകീയ വിഷയങ്ങൾ മറന്നുകൊണ്ടു വിവാദങ്ങൾക്കു പിന്നാലെ പോകുന്ന സംസ്ഥാനത്തിലെ രാഷ്ട്രീയ-മാദ്ധ്യമലോകത്തെ കണക്കറ്റു വിമർശിച്ചുകൊണ്ടു ജയശങ്കർ മറുനാടൻ മലയാളിയോടു സംസാരിക്കുന്നു.

  • മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും പൊതുജനങ്ങളും കഴിഞ്ഞ 40 ദിവസമായിട്ട് സോളാറിന് പുറകേയാണ്. കേരളത്തിൽ എന്താണ് സംഭവിക്കുന്നത്?

കേരളത്തിൽ കാലവർഷക്കെടുതികൊണ്ടും പകർച്ചാവ്യാധികൊണ്ടും വിലക്കയറ്റം കൊണ്ടും ചരിത്രത്തിലില്ലാത്തവിധം ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. പവർകട്ട് പിൻവലിച്ചത് മാത്രമാണ് ആകെയുള്ള സമാധാനം. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തുടരുന്നു. സ്വാശ്രയകോളജ് പ്രവേശനവും മാനേജ്‌മെന്റുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആരും ശ്രദ്ധിക്കാതെ വിദ്യാഭ്യാസ മേഖലയെ തകർത്തുകൊണ്ടിരിക്കുന്നു. ഈ അപകടം പിടിച്ച ഘട്ടത്തിൽ മാദ്ധ്യമങ്ങളും ഭരണാധികാരികളും പൊതുജനങ്ങൾ പോലും സോളാർ വിഷയത്തിൽ അദിരമിക്കുകയാണ്. ഇനി ഇതിന് അറുതിയുണ്ടാകണമെങ്കിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണം. മുഖ്യമന്ത്രിക്കുപ്പായം തയ്‌പ്പിച്ച് ശങ്കരനാരായണൻ, വയലാർ രവി, ജി കാർത്തികേയൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ രംഗത്തുണ്ടെങ്കിലും രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ പോകുന്നത്. കാര്യങ്ങൾ അവിടെ എത്തിനിൽക്കുന്നു.

  • ഒരു സാമ്പത്തിക തട്ടിപ്പാണു വിഷയം. ഇതു സംസ്ഥാന മുഖ്യമന്ത്രിയുടെ രാജിയിലേക്ക് നയിക്കുന്ന സാഹചര്യം എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത് ?

സോളാർ തട്ടിപ്പ് ചെറിയ രീതിയിൽ ദേശാഭിമാനി, ജനയുഗം തുടങ്ങിയ കമ്യൂണിസ്റ്റ് പത്രങ്ങളിലും കൈരളി പീപ്പിൾ തുടങ്ങിയ ചാനലുകളിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന ഒരു വാർത്തയായിരുന്നു. എന്നാൽ വിചാരിക്കാത്തത്ര വേഗത്തിൽ അത് ഒരു മാദ്ധ്യമങ്ങൾക്കും അവഗണിക്കാൻ പറ്റാത്ത ഒരു വാർത്തയായി മാറി. അതിൽ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു തന്നെയാണ്. കേരളത്തിൽ ഏറ്റവും പ്രതിച്ഛായയുണ്ടായിരുന്ന രാഷ്ട്രീയക്കാരൻ ആയിരുന്നു ഉമ്മൻ ചാണ്ടി. കഴിഞ്ഞ ഒരു മാസം കൊണ്ട് അദ്ദേഹം അരപതീറ്റാണ്ടോളം കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മുഴുവൻ പേരും പെരുമയും നഷ്ടപ്പെടുന്ന ഘട്ടത്തിലെത്തി നിൽക്കുകയാണ്.

ആരോപണം ഉയർന്നപ്പോൾതന്നെ അനേ്വഷണം പ്രഖ്യാപിക്കുകയോ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെ അനേ്വഷണം പ്രഖ്യാപിക്കുകയോ ചെയ്തിരുന്നെങ്കിൽ ഇത്രയും കടുത്ത സാഹചര്യം ഉമ്മൻ ചാണ്ടിക്ക് നേരിടേണ്ടി വരുമായിരുന്നില്ല. ആരും ആർക്കും ഫോൺ ചെയ്യുന്നത് കുറ്റമല്ലെന്നും അതിന്റെ പേരിൽ ആരെയും താൻ ബലിയാടാക്കില്ലെന്നുമുള്ള നിലപാടാണ് ആദ്യം അദ്ദേഹം എടുത്തത്. പറഞ്ഞതെല്ലാം ഓരോ ദിവസവും മാറ്റിപ്പറയേണ്ട ഗതികേടിലേക്ക് ഒടുവിൽ ഉമ്മൻ ചാണ്ടി എത്തി. അദ്ദേഹം ഓരോ പ്രസ്താവനകൾ നടത്തുമ്പോഴും അതിനെ ഖണ്ഡിക്കുന്ന തെളിവുകളുമായി അദ്ദേഹത്തിന്റെ വിശ്വസ്തർ തന്നെയാണ് മാദ്ധ്യമങ്ങളിൽ എത്തിയത്. ഈ വാർത്തകളൊന്നും മാദ്ധ്യമങ്ങളോ കെ സുരേന്ദ്രനോ ഗവേഷണം നടത്തി കണ്ടുപിടിച്ചതല്ല. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർ ഇവയെല്ലാം ഓരോ ഘട്ടത്തിൽ ഇവർക്കെത്തിച്ച് കൊടുക്കുകയായിരുന്നു.

  • കേരളം ഇങ്ങനെ ഒരു വിവാദം ഇതുവരെ കണ്ടിട്ടില്ല. മാദ്ധ്യമങ്ങളിൽ ഇതിൽപരം വേറെ ഒരു വിഷയമില്ല. സോളാർ സംസ്ഥാനത്തെ പിടിച്ച് കുലുക്കുന്ന രീതിയിലേക്ക് വളർന്നതെങ്ങനെയാണ്. പ്രതിപക്ഷത്തിനു പങ്കൊന്നുമില്ലേ?

പ്രതിപക്ഷത്തിന് അതിൽ വലിയ പങ്കൊന്നുമില്ല. ദൃശ്യമാദ്ധ്യമങ്ങളും കെ സുരേന്ദ്രനും പിസി ജോർജുമാണ് ഈ വാർത്തയെ പൊലിപ്പിച്ചുകൊണ്ടിരുന്നത്. അച്ചടിമാദ്ധ്യമങ്ങൾ ദൃശ്യമാദ്ധ്യമങ്ങളുടെ പാത പിന്തുടരാൻ നിർബന്ധിതരാകുകയായിരുന്നു. ഉമ്മൻ ചാണ്ടിയോട് വ്യക്തിപരമായി താത്പര്യമുള്ള മലയാള മനോരമയ്ക്ക്# അടക്കം ഈ പ്രതിസന്ധിയിൽ മുഖ്യമന്ത്രിയെ സഹായിക്കാൻ കഴിഞ്ഞില്ല. വാർത്തകളുടെ കുത്തൊഴുക്കിൽ അവരും വീണു. വെറുമൊരു അഴിമതിക്കഥയല്ല. ഐവി ശശി പടംപോലെ സെക്‌സും വയലൻസും ഒക്കെ നിറഞ്ഞ് നിൽക്കുന്ന ഒരു മസാലപ്പടമാണ് സോളാർ അഴിമതി. സീരിയൽ നടിയായ ശാലുമേനോനും സരിതാ നായരും വാർത്തകളുടെ ഗതിതന്നെ മാറ്റിമറിക്കുകയായിരുന്നു. കാതാലേ കേട്ടതും കണ്ണാലെ കണ്ടതും ഒക്കെ വാർത്തയാക്കാൻ മാദ്ധ്യമങ്ങൾ മത്സരിച്ചു. ചാരക്കേസിൽ മറിയം റഷീദ വന്നതോടെ കേസ് വഴിതിരിഞ്ഞതുപോലെ സരിതാ നായർ സോളാർ വാർത്തകളുടെ ഗതി നിയന്ത്രിച്ചു. സരിതാ നായരെ കണ്ടതോടെ മാദ്ധ്യമങ്ങൾ കവാത്ത് മറന്നു. ആദ്യമാദ്യം മംഗളം, മാദ്ധ്യമം, കേരള കൗമുദി തുടങ്ങിയ രണ്ടാംനിര പത്രങ്ങളാണ് ഇത്തരം സെക്‌സ് - വയലൻസ് വാർത്തകൾ പുറത്ത് വിട്ടത്. പിന്നീട്, പിടിച്ച് നിൽക്കാൻ വേണ്ടി കുത്തക പത്രങ്ങളും ആ പാത പിന്തുടരേണ്ട അവസ്ഥയായി.

  • മുഖ്യമന്ത്രിക്ക് എവിടെയാണു ചുവടുപിഴച്ചത് ?

കേസ് ഉയർന്നു വന്ന ആദ്യ ഘട്ടത്തിൽ വിശദമായ അനേ്വഷണം പ്രഖ്യാപിച്ചിരുന്നെങ്കിൽ, മുഖ്യമന്ത്രിക്കു നേരെ സംശയത്തിന്റെ ആദ്യ ചൂണ്ടുവിരൽ ഉയർന്നപ്പോൾ രാജിവച്ചിരുന്നെങ്കിൽ ഇന്നും ഉമ്മൻ ചാണ്ടിക്ക് തന്റെ പ്രതിച്ഛായ നിലനിർത്താനും ഒരുപക്ഷേ, മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്താനും കഴിഞ്ഞേനേ. പക്ഷേ, ഉമ്മൻ ചാണ്ടി തന്റെ ചുറ്റും നിൽക്കുന്നവരെ സംരക്ഷിക്കുന്ന ഒരു നിലപാട് ആദ്യമേ എടുത്തു. ഇതൊക്കെ പ്രശ്‌നങ്ങൾ വഷളാക്കും എന്ന് മനസ്സിലാക്കാനുള്ള അറിവും കഴിവും ഉണ്ടായിട്ടും ഉമ്മൻ ചാണ്ടി എന്തിനിങ്ങനെയൊരു നിലപാടെടുത്തു എന്നത് പിന്നീട് വലിയ സംശയത്തിന് ഇടയാക്കി. ഉമ്മൻ ചാണ്ടി തന്റെ വിശ്വസ്തരായി കണ്ടവരൊക്കെ തന്നെയാണ് അദ്ദേഹത്തിന്റെ പതനത്തിന് ആക്കം കൂട്ടിയത്. ചിലർ പ്രതികൾ, മറ്റുചിലർ മാദ്ധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകുന്നവർ, മറ്റ് ചിലർ സത്യം വിളിച്ച് പറയുന്നവർ... ഒടുവിൽ അങ്ങനെ ഉമ്മൻ ചാണ്ടിയുടെ അടിപതറിയിരിക്കുന്നു.

  • ഉമ്മൻ ചാണ്ടിക്കെതിരെ ഇത്രവലിയ ആരോപണങ്ങൾ ഉയർന്നപ്പോൾ സ്വന്തം എ ഗ്രൂപ്പിൽ നിന്നുപോലും അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ ആരുമുണ്ടാവാത്തത് എന്താണ്? എന്താണിതിലെ രാഷ്ട്രീയം ?

മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ഒറ്റയാളും ഇല്ലാത്ത സാഹചര്യം നാം കണ്ടുകൊണ്ടിരിക്കുകയാണ.#് വളരെ ദുർബലമായി അദ്ദേഹത്തെ ന്യായീകരിക്കുന്ന വിരലിലെണ്ണാവുന്ന കെ ശിവദാസൻ നായർ, ബെന്നി ബെഹന്നാൻ, പി സി വിഷ്ണുനാഥ്, ടി സിദ്ധിക്ക്, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ മാത്രമാണ് അദ്ദേഹത്തിന് വേണ്ടി സംസാരിച്ചതു തന്നെ. മന്ത്രിസഭാ പുനസംഘടനയുമായും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രശ്‌നവുമായും ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളിൽ മനംനൊന്ത് ഐ ഗ്രൂപ്പുകാർ പ്രതികാരം വീട്ടാൻ ഈ അവസരം ഉപയോഗിച്ചു. മുന്നണിയിലെ ഘടകകക്ഷികളായ മുസ്ലിം ലീഗും മാണിയും വാക്കാലുള്ള ഒരു പിന്തുണ മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയത്. ഞങ്ങൾ മുഖ്യമന്ത്രിയോടൊപ്പമാണ് എന്ന പ്രസ്താവനയോടെ അവരുടെ ജോലി കഴിഞ്ഞു. ഉമ്മൻ ചാണ്ടി ഇപ്പോൾ തീർത്തും എല്ലാ അർത്ഥത്തിലും ദുർബലനായിരിക്കുകയാണ്.

  • പിസി ജോർജ്ജിന്റെ നിലപാടുകൾ എങ്ങനെയാണ് ഉമ്മൻ ചാണ്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയത്? കെ എം മാണി മുഖ്യമന്ത്രിയാകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ ഇതുമായി കൂട്ടിവായിക്കാമോ?

മുൻ മന്ത്രി കെ ബി ഗണേശ്കുമാറുമായുള്ള നെല്ലിയാമ്പതി - ഗാർഹിക പീഡന സംഭവങ്ങളുടെ തുടർച്ചയായാണ് ഈ വിഷയത്തിൽ പി സി ജോർജ് ഇടപെടുന്നത്. ഗണേശ്കുമാറിനോടുള്ള അടക്കാൻ കഴിയാത്ത വൈരാഗ്യമാകാം ആദ്യം പിസി ജോർജ്ജിനെ ഈ വിഷയത്തിലേക്ക് അടുപ്പിച്ചത്. പിന്നീട് മാണിയുടെ ആശീർവാദത്തോടെയോ അല്ലാതെയോ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന എല്ലാ പ്രധാനപ്പെട്ട പരാമർശങ്ങളും പി സി ജോർജ്ജാണ് നടത്തിയത്. ജോപ്പനും സരിതയുമായി ബന്ധമുണ്ടെന്നും ജോപ്പനെ താൻ ഗുണദോഷിച്ചു എന്നും ഉമ്മൻ ചാണ്ടിയെ താൻ ഈ വിവരം അറിയിച്ചിരുന്നുവെന്നും ശാലുവിനെ അറസ്റ്റ് ചെയ്യണമെന്നും സലീംരാജിനേയും ജിക്കുവിനേയും വിശദമായി ചോദ്യം ചെയ്യണമെന്നും ഒടുവിൽ ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. താൻ വലിയ സത്യസന്ധനാണെന്നും എല്ലാ സത്യങ്ങളും തുറന്നുപറയുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അഴിമതി വിരുദ്ധ പോരാട്ടമാണ് തന്റെ ഏകവ്രതമെന്നും പിസി ജോർജ്ജ് പറയുന്നുണ്ടെങ്കിലും അതിന് പുറകിൽ ഗണേശ്കുമാറിനോടുള്ള പിണക്കവും മാണി മുഖ്യമന്ത്രിയായി കാണാനുള്ള ആഗ്രഹവും ഉണ്ടെന്നുള്ളത് സത്യമാണ്.

  • കെഎം മാണി മുഖ്യമന്ത്രിയാകുക എന്ന ആശയം എങ്ങനെയുണ്ടായി. എൽഡിഎഫ് മാണിയെ വെറുതെ ഒരു സ്വപ്നസഞ്ചാരത്തിന് ക്ഷണിച്ചതാണോ? ഒരാഴ്ച മാണി മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹത്തിന്റെ സുഖത്തിൽ കഴിച്ചുകൂട്ടിയല്ലോ?


എൽഡിഎഫ് പിന്തുണയോടെ മാണി മുഖ്യമന്ത്രിയാകുക എന്ന സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത് തള്ളിക്കളയാൻ പറ്റില്ല. മന്ത്രിസഭ തകർക്കാൻ മാണിയെ വശീകരിക്കുന്നതാണ് എളുപ്പം എന്ന് പ്രതിപക്ഷം മനസിലാക്കി. താത്കാലികമായി മാണിയെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാതെരഞ്ഞെടുപ്പും കൂടി നടത്താനാണ് പ്രതിപക്ഷം ആലോചിച്ചത്. കെ എം മാണി വളരെ സീസൺഡ് പൊളിറ്റീഷ്യനാണ്. അതുകൊണ്ട് മാണിയെ ഒപ്പം കൂട്ടാൻ എളുപ്പമാണ്. ഇപ്പോഴും ആ ആലോചന നിലനിൽക്കുന്നുണ്ട്. കാരണം സിപിഐയും ആർഎസ്പിയും ഒക്കെ ഇപ്പോഴും ബഹുമാനപ്പെട്ട പരിണിത പ്രജ്ഞനായ മാണിസാർ എന്നുതന്നെയാണ് അദ്ദേഹത്തെ വിളിക്കുന്നത്. കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ എന്നു മാത്രമേ ഇനി വിശേഷിപ്പിക്കാനുള്ളൂ.

  • മന്ത്രിസഭയുടെ രണ്ടാം വാർഷികം കഴിയുമ്പോൾ പ്രതിച്ഛായയിൽ ഉമ്മൻ ചാണ്ടി മാനംമുട്ടെ വളർന്നു നിൽക്കുകയായിരുന്നു. തന്റെ മാത്രം കഴിവും പ്രയത്‌നവും കൊണ്ട് മാത്രം മന്ത്രിസഭയെ നയിക്കുന്ന പ്രതിഭാശാലി എന്ന നിലയിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ പെട്ടന്നുള്ള പതനത്തിന് കാരണമെന്തായിരുന്നു?

ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ വലിയ പ്രശ്‌നമായിരുന്നു യഥാർത്ഥത്തിൽ അത്. കുറേ കഴിവ് കെട്ട മന്ത്രിമാരും അഴിമതിക്കാരായ മന്ത്രിമാരും ഒക്കെക്കൂടി വളരെ പ്രയാസമുള്ള ഒരു ടീമിനെയാണ് ഉമ്മൻ ചാണ്ടി നയിച്ചുകൊണ്ടിരുന്നത്. അതിന്റെ നിലനില്പ് ഉമ്മൻ ചാണ്ടിയുടെ ബലത്തിലായിരുന്നു. 

  • ആരൊക്കെയാണ് കഴിവുകെട്ട മന്ത്രിമാർ, അഴിമതിക്കാർ, മിടുക്കന്മാർ?

കെ പി മോഹനൻ, അനൂപ് ജേക്കബ്, വി എസ് ശിവകുമാർ, എ പി അനിൽ കുമാർ, പി കെ ജയലക്ഷ്മി, സി എൻ ബാലകൃഷ്ണൻ, പി കെ അബ്ദുറബ്ബ് എന്നിവരാണ് കഴിവുകെട്ട മന്ത്രിമാർ. എ ഗ്രൂപ്പ് മന്ത്രിമാരെക്കാൾ മോശമാണ് ഐ ഗ്രൂപ്പ് മന്ത്രിമാർ. കെ ബാബു, അടൂർ പ്രകാശ് എന്നിവർ അഴിമതിക്കാരും കഴിവുകെട്ടവരുമാണ്. കെ എം മാണി, പി ജെ ജോസഫ്, ആര്യാടൻ മുഹമ്മദ് എന്നിവർ ഓടിത്തളർന്ന കുതിരകൾ. ക്ഷീണം. ഒന്നിനും വയ്യ. ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ, വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവരാണ് അല്പം മെച്ചം. കെ മുരളീധരൻ, വി ഡി സതീശൻ, ടി എൻ പ്രതാപൻ തുടങ്ങി കഴിവുള്ളവർ മന്ത്രിസഭയ്ക്കു പുറത്തും. കാർത്തികേയനെയാണെങ്കിൽ മന്ത്രിയാക്കാതെ സ്പീക്കറുമാക്കി.

  • ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായിരുന്ന നല്ലബന്ധം നഷ്ടപ്പെട്ടത് എവിടെവച്ചാണ്?

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വെറും എംഎൽഎ ആയിരിക്കാനല്ല. ആഭ്യന്തരവകുപ്പ് ലഭിച്ചാലേ മന്ത്രിസഭയിലേക്കുള്ളൂ എന്നായിരുന്നു ആദ്യം മുതൽ രമേശിന്റെ നിലപാട്. അതിന് ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ വേണം എന്ന് കടുംപിടിത്തം പിടിച്ചു. രമേശ് വഴങ്ങി കെപിസിസി പ്രസിഡന്റാകാം എന്നു പറഞ്ഞു. എന്നാൽ അഞ്ചാം മന്ത്രിസ്ഥാന വിവാദം ഉയർന്നതോടെ ഉമ്മൻ ചാണ്ടി വഞ്ചനാപരമായ രീതിയിൽ രമേശിനെ ചതിച്ച് കൊണ്ട് തിരുവഞ്ചൂരിന് ആഭ്യന്തരമന്ത്രിസ്ഥാനം നൽകി. ഉമ്മൻ ചാണ്ടി സ്വയം കുഴിച്ച വലിയൊരു കുഴിയായിരുന്നു അത്. ആ കുഴിയിലാണിപ്പോൾ ഉമ്മൻ ചാണ്ടി വീണുകിടക്കുന്നത്.

എൻഎസ്എസ് പറയുന്ന പലതും യുക്തിക്ക് നിരക്കാത്തതാണെങ്കിലും രമേശിന്റെ കാര്യത്തിൽ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ന്യൂനപക്ഷ കേന്ദ്രീകൃതമായ ഒരു മന്ത്രിസഭയാണ് ഇപ്പോഴുള്ളത്. അതു ബാലൻസ് ചെയ്യാൻ താക്കോൽസ്ഥാനത്ത് രമേശ് ചെന്നിത്തല വരണം എന്നതിൽ ആർക്കും തർക്കമില്ല. 

ഘടകകക്ഷികളെ മുസ്ലിംലീഗിനേയും കേരളാകോൺഗ്രസിനേയും വർഗീയ കക്ഷികൾ എന്നു ഞാൻ പറയുന്നില്ല. എന്നാലും സമുദായ കക്ഷികൾ എന്നു പറയാം. മുഖ്യമന്ത്രിയും ന്യൂനപക്ഷ സമുദായാഗം. അപ്പോൾ ഒരു ഹിന്ദുവായ രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസഭയിൽ രണ്ടാം സ്ഥാനം കിട്ടണം എന്ന് പറയുന്നതിൽ എന്താണ് തെറ്റുള്ളത്? എ കെ ആന്റണി അടക്കമുള്ളവർ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ആഗ്രഹിക്കുന്നു. ഉമ്മൻ ചാണ്ടിയിൽ രമേശ് ചെന്നിത്തലയ്ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടത് തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിയാക്കിയതോടെയാണ്.

  • തിരുവഞ്ചൂരിന് ഉമ്മൻ ചാണ്ടി നല്ല പദവി നൽകി. വിശ്വാസമർപ്പിച്ചു. ആ വിശ്വാസം തിരുവഞ്ചൂർ തിരിച്ച് ഉമ്മൻ ചാണ്ടിയോടു കാണിച്ചോ?


തിരുവഞ്ചൂരിന്റെ ചില പെരുമാറ്റങ്ങളും നിലപാടുകളും പ്രസ്താവനകളും സംശയാസ്പദമാണ്. ടിപി വധക്കേസ് അനേ്വഷണത്തിൽ നല്ല ഖ്യാതിയുണ്ടാക്കിയെങ്കിലും ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ചില പ്രവർത്തന ശൈലി സോളാർ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൽ നിന്നുണ്ടായി. ശാലുവിന്റെ വീടിന്റെ പാലുകാച്ചലിൽ പോയതും കേസനേ്വഷണവും ജോപ്പന്റെ അറസ്റ്റുമൊക്കെ ചില സംശയങ്ങൾ ഉണർത്തുന്നുണ്ട്. മുഖ്യമന്ത്രിയായാൽ കൊള്ളാം എന്ന് തിരുവഞ്ചൂരിനും ആഗ്രഹമുണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തിലുളളതുപോലെ പൊലീസിലും ഗ്രൂപ്പുകളുള്ളതുകൊണ്ട് സോളാർവാർത്തകൾ സിഡികളും യഥാസമയം പുറത്തുവന്നുകൊണ്ടുമിരുന്നു. തന്ത്രപരമായി ഉമ്മൻ ചാണ്ടിയെ മുക്കാൻ ചില നീക്കങ്ങൾ തിരുവഞ്ചൂരും നടത്തിയിരുന്നു എന്നു സംശയിക്കണം.

  • കോടതി കൂടി ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിക്ക് ഇനിയും അധികാരത്തിൽ കടിച്ച് തൂങ്ങാൻ കഴിയുമോ?

കോടതി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറയുമ്പോഴും വീക്ഷണവും ചന്ദ്രികയുമൊഴികെയുള്ള എല്ലാ പത്രങ്ങളും കോടതി പറഞ്ഞ കാര്യങ്ങൾ വിശദമായി അച്ചടിച്ചിട്ടുണ്ട്. കോടതി ചില തെറ്റിദ്ധാരണകൾ കൊണ്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തിയത് എന്നാണ് കോൺഗ്രസ്സുകാരനായ പ്രോസിക്യൂഷൻ ഡയക്ടർ ജനറൽ ടി ആസഫലി പോലും പറഞ്ഞത്. തെറ്റിദ്ധാരണ കൊണ്ടാണെങ്കിലും കോടതി ചിലത് പറഞ്ഞു എന്നു സമ്മതിച്ചിട്ടുണ്ട്. രാജി വയ്ക്കുകയല്ലാതെ വേറെ വഴിയൊന്നും ഉമ്മൻ ചാണ്ടിക്കു മുന്നിലില്ല. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഒരു വലിയ നിരയുണ്ടെങ്കിലും രമേശ് ചെന്നിത്തല മുഖ്യമന്ത്രിപദത്തിലേക്ക് എത്തും. അതിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു കഴിഞ്ഞു. ഇന്നല്ലെങ്കിൽ നാളെ ഉമ്മൻ ചാണ്ടി രാജിവയ്ക്കും. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും. മന്ത്രിസഭ പുനസംഘടനയുണ്ടാകുമ്പോൾ പുറത്ത് നിൽക്കുന്ന കഴിവുള്ളവർ മന്ത്രിമാരുമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP