Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

പിണറായി ധരിക്കുന്നത് ഇപ്പോഴും ഇരിക്കുന്നത് എകെജി സെന്ററിലെന്ന്; സഖാക്കൾ പുകഴത്തും പോലെ ജനങ്ങളും പുകഴ്‌ത്തണമെന്ന് ചിന്ത; വിർശിക്കുന്നവർ മാധ്യമ സിൻഡിക്കേറ്റാകും; കേരളീയരുടെ ആരോഗ്യ ഡാറ്റ അമേരിക്കൻ കമ്പനിക്ക് നൽകാൻ തീരുമാനിച്ചാൽ അതിനെ എതിർക്കെണ്ടത് പ്രതിപക്ഷത്തിന്റെ ചുമതല; കൊറോണ കാലത്ത് മുഖ്യമന്ത്രിയും സർക്കാരും കളിക്കുന്നത് രാഷ്ട്രീയം; മറുനാടനോട് മനസ്സ് തുറന്ന് പ്രതിപക്ഷ നേതാവ്; രമേശ് ചെന്നിത്തല കോവിഡിലെ കള്ളക്കളികൾ എണ്ണി എണ്ണി പറയുമ്പോൾ

പിണറായി ധരിക്കുന്നത് ഇപ്പോഴും ഇരിക്കുന്നത് എകെജി സെന്ററിലെന്ന്; സഖാക്കൾ പുകഴത്തും പോലെ ജനങ്ങളും പുകഴ്‌ത്തണമെന്ന് ചിന്ത; വിർശിക്കുന്നവർ മാധ്യമ സിൻഡിക്കേറ്റാകും; കേരളീയരുടെ ആരോഗ്യ ഡാറ്റ അമേരിക്കൻ കമ്പനിക്ക് നൽകാൻ തീരുമാനിച്ചാൽ അതിനെ എതിർക്കെണ്ടത് പ്രതിപക്ഷത്തിന്റെ ചുമതല; കൊറോണ കാലത്ത് മുഖ്യമന്ത്രിയും സർക്കാരും കളിക്കുന്നത് രാഷ്ട്രീയം; മറുനാടനോട് മനസ്സ് തുറന്ന് പ്രതിപക്ഷ നേതാവ്; രമേശ് ചെന്നിത്തല കോവിഡിലെ കള്ളക്കളികൾ എണ്ണി എണ്ണി പറയുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ലോകം മുഴുവൻ കീഴടക്കി കൊറോണ എന്ന മഹാമാരി അതിന്റെ സംഹാരപ്പെയ്ത്ത് തുടരുകയാണ്. മൂന്നു ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് ഇതുവരെ ജീവൻ നഷ്ടമായത്. സംസ്ഥാനവും ഈ മഹാമാരിയ്‌ക്കെതിരെ യുദ്ധക്കളത്തിലാണ്. ആഗോള തലത്തിൽ പ്രശംസിക്കപ്പെട്ടതാണ് കേരളത്തിന്റെ കൊറോണ പ്രതിരോധ ശ്രമങ്ങൾ. കൊറോണ കേരളത്തെയും ഭീതിയുടെ മുൾമുനയിൽ നിർത്തുന്നുണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയം സജീവമാണ്. കൊറോണ കാലത്തും അതിശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കേരളവും വേദിയാകുന്നുണ്ട്. ആദ്യം ഒരുമിച്ച് നിന്ന് കൊറോണയ്ക്ക് എതിരെ കൈകോർത്തെങ്കിലും ഇപ്പോൾ സർക്കാരും പ്രതിപക്ഷവും വേറിട്ട അഭിപ്രായങ്ങളുമായി നിലകൊള്ളുകയാണ്. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കലർത്തുന്നു എന്ന് മുഖ്യമന്ത്രി തന്നെ ആരോപിക്കുമ്പോൾ വളരെ ശക്തമായ പിന്തുണയാണ് തങ്ങൾ സർക്കാരിനു നൽകുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. കൊറോണ കാലത്ത് മുഖ്യമന്ത്രിയും സർക്കാരുമാണ് രാഷ്ട്രീയം കളിക്കുന്നത് എന്ന് ഉദാഹരണ സഹിതമാണ് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടുന്നത്.

കൊറോണയിൽ കേരളത്തിലെ രാഷ്ട്രീയവും തിളക്കുമ്പോൾ എവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും പാളിച്ചകൾ പറ്റിയത് എന്ന് ചൂണ്ടിക്കാട്ടുകയാണ് മറുനാടന് അനുവദിച്ച എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ശക്തമായ പിന്തുണ നൽകി. മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിച്ച് കൊറോണയിൽ രാഷ്ട്രീയം കലർത്തി. കേരളത്തിലെ 19 എംപിമാരെയും കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ സർക്കാർ ഉൾപ്പെടുത്തിയില്ല.എല്ലാം യുഡിഎഫ് എംപിമാർ എന്ന രീതിയിൽ കണ്ടു സർക്കാർ അവരെ മാറ്റിനിർത്തുകയായിരുന്നു. പഞ്ചായത്ത് മെമ്പറോടും പോലും കൊറോണ കാര്യം സംസാരിച്ച മുഖ്യമന്ത്രി എംപിമാർക്ക് മുന്നിൽ അവരെ വിളിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. എംപിമാർക്ക് മുഖ്യമന്ത്രിയുമായി സംസാരിക്കാൻ ഒരിക്കലും കഴിഞ്ഞതുമില്ല. കാമ്പുള്ള അതിനിശിതമായ വിമർശനമാണ് അഭിമുഖത്തിന്റെ ഉടനീളവും പ്രതിപക്ഷ നേതാവ് ഉതിർക്കുന്നത്. വിമർശനങ്ങളെ തള്ളിക്കളഞ്ഞു കൊറോണ കാലത്ത് കോൺഗ്രസ് സ്ട്രാറ്റജി പാളിപ്പോയിട്ടില്ലെന്നു അദ്ദേഹം അടിവരയിട്ടു പറയുന്നു.

എണ്ണയിട്ട യന്ത്രം കണക്കെയാണ് പ്രതിപക്ഷം കേരളത്തിൽ നീങ്ങിയത്. പ്രതിപക്ഷം ഒറ്റക്കെട്ടാണ്. സ്പ്രിങ്‌ളർ വിവാദത്തിൽ സർക്കാരിനു മുട്ടുകുത്തിച്ചത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പറയുന്നു. വിമർശനം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഇപ്പോഴും സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറിയെപോലെയാണ് പെരുമാറുന്നത്. ഇതാണ് പലപ്പോഴും പ്രതിപക്ഷവുമായി യോജിക്കാൻ അദ്ദേഹത്തിനു കഴിയാതെ പോകുന്നത്. പ്രതിപക്ഷത്തിരുന്നു പ്രവർത്തിക്കേണ്ട ബിജെപി പിണറായി വിജയന് സ്തുതി പാടുകയാണ്. എന്താണ് ബിജെപിക്ക് സംഭംവിക്കുന്നത് എന്ന് മനസിലാകുന്നില്ല. പ്രവാസികളെ മരണദൂതന്മാരായി ചിത്രീകരിച്ച സർക്കാർ നടപടികൾ അങ്ങേയറ്റം നിർഭാഗ്യകരമാണ്. 366 ട്രെയിനുകൾ ഇതര സംസ്ഥാനങ്ങളിലുള്ളവരെ കൊണ്ട് വരാൻ വിവിധ മുഖ്യമന്ത്രിമാർ ഓടിച്ചപ്പോൾ ഒരു ട്രെയിൻ പോലും കേരളം മലയാളികളെ മടക്കിക്കൊണ്ടുവരാൻ അയച്ചില്ല. അതിനുള്ള നടപടികളും നടത്തിയില്ല--അഭിമുഖ വേളയിൽ ചെന്നിത്തല പറയുന്നു. അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിലേക്ക്

കൊറോണ കാലത്ത് കോൺഗ്രസ് സ്ട്രാറ്റജി പാളിപ്പോയോ?

കൊറോണ കാലത്ത് കോൺഗ്രസ് സ്ട്രാറ്റജി പാളിപ്പോയില്ല. എടുത്ത നിലപാട് അനുസരിച്ച് തന്നെയാണ് കോൺഗ്രസ് മുന്നോട്ടു പോയത്. ക്രിയാത്മക സഹകരണമാണ് പ്രതിപക്ഷം സർക്കാരിനു നൽകിയത്. അനുകൂലിക്കേണ്ട കാര്യങ്ങൾ അനുകൂലിക്കുകയും എതിർക്കേണ്ട കാര്യങ്ങൾ എതിർക്കുകയുമാണ് ചെയ്യുന്നത്. കൊറോണ കാലത്ത് ലോകം മുഴുവൻ ഒരുമിച്ച് നിൽക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. ആദ്യം മുതൽ ഞങ്ങൾ അതിനാണ് നിലകൊണ്ടത്. ഇപ്പോഴും നില കൊള്ളുന്നതും ഇതേ അഭിപ്രായത്തിൽ തന്നെയാണ്. . കൊറോണ ലോകത്തെ ഗ്രസിച്ച വലിയ ദുരന്തമാണ്. ഈ ദുരന്തത്തിൽ ഒരിക്കലും രാഷ്ട്രീയമായ ചേരിതിരിവുകൾ ഉണ്ടാകരുത് എന്നാണു ഞങ്ങൾ ആഗ്രഹിച്ചത്. എന്തെല്ലാം രാഷ്ട്രീയ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അതുകൊണ്ടാണ് ഞങ്ങൾ ഗവൺമെന്റുമായി പൂർണമായി സഹകരിക്കാൻ തയ്യാറായത്. ഇതിനു മുൻപ് പ്രളയം വന്നപ്പോഴും ഓഖി വന്നപ്പോഴും എല്ലാം ഞങ്ങൾ എടുത്ത നിലപാട് ഇതുതന്നെയായിരുന്നു.

ഓർമ്മയുണ്ടാകും പൗരത്വ നിയമം വന്ന സമയത്ത് ഞാനാണ് മുൻകൈ എടുത്ത് ഭരണഘടനാ സംരക്ഷണത്തിനു വേണ്ടി പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരുമായി യോജിച്ച് സമരത്തിനു മുൻകൈ എടുത്തത്. പ്രതിപക്ഷത്തിനു രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ഇതുപോലെയുള്ള ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ വരുമ്പോൾ അതിൽ സർക്കാരുമായി യോജിച്ച് പോകണം എന്ന അഭിപ്രായക്കാരനാണ് ഞാൻ തുടക്കം മുതൽ തന്നെ. അതിനു എന്നെ വിമർശിച്ച ആളുകളുണ്ട്. അതൊന്നും എനിക്ക് ഒരു പ്രശ്‌നമല്ല. കോവിഡ് പോലെ ഒരു മഹാമാരി ലോകത്തെ നടുക്കുന്ന സന്ദർഭത്തിൽ ഒരുമിച്ച് പോയി ഈ ദുരന്തത്തെ നേരിടണം എന്നുള്ളത് തന്നെയാണ് ഞങ്ങളുടെ നിലപാട്. ഞങ്ങളുടെ സ്ട്രാറ്റജി ഒരിക്കലും പാളിയിട്ടില്ല. ഞങ്ങൾ മുഖ്യമന്ത്രി എന്നോടു പറഞ്ഞു നമുക്ക് ഒരുമിച്ച് പഞ്ചായത്ത് മെമ്പർമാരുമായി സംസാരിക്കാമെന്ന്. ഞാനും മുഖ്യമന്ത്രിയും മന്ത്രി എ.സി.മൊയ്തീനും ഒരുമിച്ചാണ് പഞ്ചായത്ത് മെമ്പർമാരോട് വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചാണ്. .

കൊറോണയെ നേരിടുന്ന കാര്യത്തിൽ സർക്കാരുകൾ മാത്രമല്ല ലോകത്ത് അതിനെതിരെ പ്രവർത്തിക്കുന്നത്. കൊറോണയെ നേരിടാൻ ലോകത്ത് എമ്പാടും ഓരോ രാജ്യങ്ങളിലെയും പ്രതിപക്ഷവും ഭരണകക്ഷിയും ജനങ്ങളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. സർക്കാരും പ്രതിപക്ഷവും ജനങ്ങളും ഒരുമിച്ച് നിൽക്കുമ്പോഴാണ് കൊറോണയ്ക്ക് എതിരെ ഫലപ്രദമായ പ്രതിരോധം തീർക്കാൻ കഴിയുന്നത്. കേരളത്തിലും അതിനു തന്നെയാണ് ഞങ്ങൾ നേതൃത്വം നൽകിയത്. യുഡിഎഫിനു 45 എംഎൽഎമാർ. 19 എംപിമാർ. പകുതിയോളം വരുന്ന പഞ്ചായത്ത് സമിതികൾ, മുൻസിപ്പൽ കമ്മറ്റികൾ, എട്ട് ജില്ലാ പഞ്ചായത്തുകൾ, ആയിരക്കക്കണക്കിന് വരുന്ന പഞ്ചായത്ത് മെമ്പർമാർ ഇവരെല്ലാം തന്നെ കൊറോണ പ്രതിരോധ നടപടികൾക്ക് മുന്നിൽ തന്നെ നിന്ന് അതിനു നേതൃത്വം നൽകിയാണ് പ്രവർത്തിച്ചത്. ഞങ്ങൾ ഒരു രാഷ്ട്രീയവും നോക്കിയിട്ടില്ല.

കൊറോണാ കാലത്ത് സർക്കാർ ഒരു പൈസ പോലും പഞ്ചായത്ത് കമ്മറ്റികൾക്കോ ത്രിതല പഞ്ചായത്തുകൾക്കോ, ഗ്രാന്റായി നൽകിയില്ല. എല്ലാ ഉത്തരവാദിത്തവും അവരെ ഏൽപ്പിച്ചു. നിങ്ങൾ പണം തനത് ഫണ്ടിൽ നിന്നും എടുക്കണം, പ്ലാൻ ഫണ്ടിൽ നിന്നും എടുക്കണം, പ്ലാൻ ഫണ്ട് ഇല്ലെങ്കിൽ ജനങ്ങളുടെ കയ്യിൽ നിന്നും സമാഹരിച്ച് നടത്തണം. കമ്മ്യൂണിറ്റി കിച്ചൻ നടത്തി ഒരു ഫണ്ടും സർക്കാർ നൽകിയിട്ടില്ല. മരുന്ന് വാങ്ങാൻ പറഞ്ഞു. ഒരു പൈസ പോലും കൊടുത്തില്ല. എല്ലാ കാര്യങ്ങളും പഞ്ചായത്തുകളെയാണ് ഏൽപ്പിച്ചത്. പഞ്ചായത്ത് ആണ് എല്ലാം വഹിച്ചത്. യുഡിഎഫിന്റെ പഞ്ചായത്ത് സമിതികളും പഞ്ചായത്ത് മെമ്പർമാരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും ജില്ലാ പഞ്ചായത്ത് മെമ്പർമാരും എല്ലാം സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്നു. സന്നദ്ധസേനയുണ്ടാക്കി. അതിൽ യൂത്ത് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും യൂത്ത് ഫ്രണ്ടിന്റെയും പ്രവർത്തകന്മാർ സജീവമായി തന്നെ അതിൽ അംഗങ്ങളായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. .

യുഡിഎഫ് സമിതികളും എല്ലാത്തിനും നേതൃത്വം നൽകിയിരുന്നു. കൊറോണ കാലത്തെ പ്രവർത്തനം എന്ന് പറയുന്നത് സർക്കാരിന്റെ മാത്രം പ്രവർത്തനമായി വിലയിരുത്തുന്നത് ശരിയല്ല. അതാണ് ഇപ്പോൾ ഗവൺമെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. സർക്കാരാണ് ഇത് ചെയ്യുന്നത്. സർക്കാരാണ് ഇത് ചെയ്യുന്നത് എന്ന് പറയുമ്പോൾ സർക്കാർ മാത്രമാണോ ഇത് ചെയ്യുന്നത്, ഒന്ന് വിലയിരുത്തി നോക്കുക. പ്രതിപക്ഷത്തിന്റെ പൂർണപിന്തുണ എല്ലാ രംഗത്തും കൊറോണ കാലത്ത് സർക്കാരിനു നൽകിയിട്ടുണ്ട്. പക്ഷേ, പ്രതിപക്ഷത്തിന്റെ ജോലി സർക്കാരിനു മംഗളപത്രം എഴുതുകയല്ല. സഹകരിക്കുന്നതിനൊപ്പം പാളിച്ചകൾ ചൂണ്ടിക്കാണിക്കണം.നിർദ്ദേശങ്ങൾ നൽകണം. തെറ്റുകൾ ഉണ്ടെങ്കിൽ അവ ചൂണ്ടിക്കാണിക്കണം. അത് പ്രതിപക്ഷത്തിന്റെ ധർമ്മമാണ്. ജനാധിപത്യ ഭരണ സംവിധാനത്തിൽ തെറ്റുകൾ ചൂണ്ടിക്കാണിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. പക്ഷെ ഈ വലിയ ദുരന്തം വന്ന സന്ദർഭത്തിൽ അത്തരം പരാതികൾ എല്ലാം ഞങ്ങൾ മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഒട്ടനവധി പരാതികൾ ഞങ്ങൾക്ക് ചൂണ്ടിക്കാണിക്കാമായിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ പറയുന്ന പല കാര്യങ്ങളും നടക്കുന്നില്ല. ഞങ്ങൾ അത് എല്ലാം ഇഷ്യു ആക്കാത്തത് എന്ത്‌കൊണ്ടെന്നാൽ ഇത്രയും വലിയ ദുരന്തമുണ്ടാകുമ്പോൾ അതെല്ലാം മാറ്റിവെച്ച് ഒരുമിച്ച് പോകണം എന്നുള്ളതുകൊണ്ടാണ്.

പക്ഷെ ചില പ്രശ്‌നങ്ങൾ സ്പ്രിങ്‌ളർ പോലുള്ള പ്രശ്‌നങ്ങൾ വന്നു. കേരളത്തിലെ ആരോഗ്യമേഖലയിലെ ആരോഗ്യ ഡാറ്റ മുഴുവൻ ഒരു അമേരിക്കൻ കമ്പനിക്ക് ആരാലും അറിയാതെ നൽകേണ്ടത് ഞങ്ങൾ എതിർക്കേണ്ടേ? ഡാറ്റാ പ്രൊട്ടക്ഷന് വേണ്ടി ഏറ്റവും ശക്തമായി നിലകൊണ്ടിട്ടുള്ള ഒരു പാർട്ടിയാണ് സിപിഎം. ഗവൺമെന്റ് അറിഞ്ഞില്ല, കാബിനെറ്റ് അറിഞ്ഞില്ല, ഇടതുമുന്നണി അറിഞ്ഞില്ല. സിപിഎം അറിഞ്ഞില്ല, മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞില്ല, ഏറുമ്പിന് വരെ ഭക്ഷണം കൊടുക്കുന്ന കാര്യം പറഞ്ഞു. ഈ കാര്യം എന്തുകൊണ്ട് പറഞ്ഞില്ല. അത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് ജനനന്മയ്ക്ക് വേണ്ടിയിട്ടാണ്. അത് നാളെയും ഞങ്ങൾ ചൂണ്ടിക്കാണിക്കും. ഒരു സംശയവും ഈ കാര്യത്തിലില്ല. ഞങ്ങളുടെ സ്ട്രാറ്റജി പാളിയിട്ടില്ല. ഞങ്ങൾ എപ്പോഴും ജനങ്ങൾക്ക് ഒപ്പമാണ്. കേരളത്തിലെ ജനങ്ങളെ ദുരന്തത്തിൽ നിന്നും സംരക്ഷിക്കാൻ വേണ്ടിയിട്ടുള്ള കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും എല്ലാ നടപടികളോടും ഞങ്ങൾ യോജിച്ച് തന്നെയാണ് പോയിട്ടുള്ളത്. ലോക്ക് ഡൗൺ ഞങ്ങൾ പൂർണമായും സഹകരിച്ചു. മണിയടിക്കാനും വിളക്ക്‌കൊളുത്താനും ഒന്നും പോയില്ലെന്നു വെച്ച് ബാക്കി എല്ലാ കാര്യത്തിലും ഞങ്ങൾ സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളുടെ സ്ട്രാറ്റജി പാളിയിട്ടില്ല.

പ്രതിപക്ഷം കുത്തിത്തിരിപ്പുകൾക്ക് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു; ദിവസവും കുളിച്ചു കുറിയിട്ട് വിമർശിക്കാൻവരുന്നുവെന്ന് എന്ന് കെ.സുരേന്ദ്രനും ആക്ഷേപിച്ചു, എന്തുകൊണ്ട് ഈ രീതിയിൽ വിമർശനം ഉയരുന്നു?

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടത് എല്ലാവരും അദ്ദേഹത്തെ പുകഴ്‌ത്തണം എന്നാണ്. അദ്ദേഹത്തിനു അങ്ങനെ ഒരു വലിയ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. കോംപ്ലക്‌സ് ആണ് അദ്ദേഹത്തിന്. ആരും തന്നെ വിമർശിക്കാൻ പാടില്ല. അദ്ദേഹം ഇപ്പോഴും ധരിച്ചിക്കുന്നത് എകെജി സെന്ററിൽ ആണ് ഇരിക്കുന്നതെന്നാണ്. പാർട്ടി സഖാക്കൾ ആണ് അദ്ദേഹത്തിന്റെ കൂടെയുള്ളത് എന്നാണ് അദ്ദേഹം കരുതുന്നത്. ഇവരെല്ലാം അദ്ദേഹത്തെ പുകഴ്‌ത്തും. അതുപോലെ ജനങ്ങൾ പുകഴ്‌ത്തണം. മാധ്യമങ്ങൾ പുകഴ്‌ത്തണം എന്നൊക്കെയാണ്. മാധ്യമങ്ങൾ വിമർശിച്ചാൽ പറയും മാധ്യമ സിൻഡിക്കേറ്റ് ആണെന്ന്. പ്രതിപക്ഷം വിമർശിച്ചാൽ പറയും അത് കുത്തിത്തിരിപ്പ് ഉണ്ടാക്കാനാണ് എന്ന്. വിമർശനം ജനാധിപത്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. ഭരിക്കുന്നവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിസാരമായ കാര്യങ്ങൾ ഒന്നും ഞങ്ങൾ പറഞ്ഞില്ല. പക്ഷെ കേരളത്തിന്റെ ആരോഗ്യ ഡാറ്റ മുഴുവൻ ഒരമേരിക്കൻ കമ്പനിക്ക് നൽകാൻ രഹസ്യ തീരുമാനം വന്നപ്പോൾ അതിനെ എതിർക്കെണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയല്ലേ? മദ്യത്തിന്റെ കാര്യത്തിൽ എതിർക്കേണ്ടത് ഞങ്ങളുടെ ചുമതലയല്ലേ? ഞങ്ങൾ പറഞ്ഞ ഏതു കാര്യമാണ് തെറ്റ്.

പരീക്ഷകൾ മാറ്റി വയ്ക്കണം എന്ന് ഞങ്ങൾ പറഞ്ഞു. ഗവണ്മെന്റ് ആദ്യം അത് ചെയ്തില്ല. പിന്നെ ചെയ്തു. ഞങ്ങൾ പറഞ്ഞു ലോക്ക്‌ഡൗൺ നടപ്പിലാക്കണം. ആദ്യം അവർക്ക് താത്പര്യം ഇല്ലായിരുന്നു. ബീവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടണം എന്നുള്ളത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. ആദ്യം പൂട്ടാൻ തയ്യാറായില്ല. പിന്നെ പൂട്ടിയില്ലേ? ഞങ്ങൾ പറഞ്ഞ ഓരോ കാര്യവും സർക്കാരിനു പിന്നീട് നടപ്പിലാക്കേണ്ടി വന്നു. മുഖ്യമന്ത്രിയുടെയും ഗവണ്മെന്റിന്റിയും പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോൾ അതിനു നിർദ്ദേശങ്ങൾ, ഞങ്ങൾ കൂടുതലും നിർദ്ദേശങ്ങൾ ആണ് നൽകിയത്, ആ നിർദ്ദേശങ്ങൾ ഗവണ്മെന്റ് നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ വിമർശിച്ചാൽ പറയും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നെന്ന്. എല്ലാം സർക്കാർ നേരെ വരാൻ വേണ്ടിയിട്ടാണ്. നല്ല കാര്യങ്ങൾ സംസ്ഥാനത്തിനു വേണ്ടി ചെയ്യാൻ വേണ്ടിയിട്ടാണ്. അപാകതയുണ്ടെങ്കിൽ ഒരു കറക്ടീവ് ഫോഴ്‌സ് എന്ന നിലയിൽ അത് മനസിലാക്കി തെറ്റുകൾ തിരുത്തിപ്പിക്കേണ്ടത് തന്നെയാണു പ്രതിപക്ഷത്തിന്റെ ധർമ്മം. സ്പ്രിങ്‌ളർ അഴിമതി അത് ഞങ്ങൾ ഉന്നയിച്ചപ്പോൾ എന്തുകൊണ്ടാണ് ജനങ്ങൾ ഏറ്റെടുത്തത്. അത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നുള്ളതുകൊണ്ടും ഓരോ വ്യക്തിക്കും അതിൽ ആശങ്കയുള്ളതുകൊണ്ടുമാണ്. ഞങ്ങൾ പറഞ്ഞത് എല്ലാം ശരിയാണെന്ന് ഹൈക്കോടതി തന്നെ സമ്മതിച്ചു. ആ കേസ് വീണ്ടും വരാൻ പോവുകയാണ്. എന്തായാലും ഈ കൊറോണ കാലത്ത് സർക്കാരിനുള്ള പ്രതിപക്ഷത്തിന്റെ പിന്തുണ അടിയുറച്ചതായിരുന്നു. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ പൂർണമായും തള്ളുന്നു?

ബിജെപി പിണറായി സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്. അല്ലെങ്കിൽ പ്രതിപക്ഷത്ത് നിൽക്കുന്ന ബിജെപി സർക്കാരിനു പിന്തുണയുമായി വന്നതിന്റെ ഒരു ഔചിത്യം എല്ലാവരും മനസിലാക്കിയിട്ടുണ്ട്. ബിജെപിക്ക് എന്ത് പറ്റിയെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവർക്ക് എന്ത് പറ്റി? അവർക്ക് പിണറായി വിജയനെ താങ്ങേണ്ട കാര്യമെന്താണ്? എനിക്ക് ഇപ്പോഴും മനസിലാകാത്ത കാര്യമാണിത്. കോഴിക്കോട് നിന്നുള്ള യാത്രയെ പിന്തുണച്ചതുകൊണ്ടാണോ എന്ന് എനിക്കറിയില്ല.

പ്രവാസികളെ തിരികെ കൊണ്ട് വരുന്നത് വിവാദവിഷയമായല്ലോ?

കൊറോണ കാലത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ പൂർണമായി അനുസരിക്കുകയും അതിനു അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രോട്ടോക്കോൾ പൂർണമായും അംഗീകരിച്ചു. അനുസരിച്ചു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ അംഗീകരിച്ചു. ജനങ്ങൾക്ക് സഹായം എത്തിക്കുന്ന കാര്യത്തിൽ കോൺഗ്രസും യുഡിഎഫ് പ്രവർത്തകരുമാണ് മറ്റാരെക്കാളും കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. ഞങ്ങൾ കമ്മ്യൂണിറ്റി കിച്ചൻ നടത്തുമ്പോഴും കിറ്റ് വിതരണം നടത്തുമ്പോഴും അത് സംസ്ഥാന തലത്തിൽ തലത്തിൽ തന്നെ നടത്തി. പാവപ്പെട്ടവരെ സഹായിച്ചു. ഇതെല്ലാം ഇതിന്റെ ഭാഗമായിട്ട് തന്നെയാണ്. പക്ഷെ സർക്കാരിന്റെ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കും. അതിൽ പിണറായി വിജയന് തെറ്റിധാരണയൊന്നും വേണ്ട അതിശക്തമായി തന്നെ തെറ്റുകൾ ഞങ്ങൾ ചൂണ്ടിക്കാണിക്കും. ഞങ്ങൾ പറഞ്ഞത് എന്താണ്? നമ്മുടെ നാട്ടിലെ ജനങ്ങളാണ് വിദേശത്ത് പ്രവാസികളായിട്ടുള്ളത്. പ്രവാസികൾ കേരളത്തിന്റെ നട്ടെല്ലാണ്. കേരളം ഈ രീതിയിൽ സാമ്പത്തികമായി പുരോഗമിച്ചതിന്റെ പിന്നിൽ നമ്മുടെ നാട്ടിലെ പാവപ്പെട്ടവർ മണലാരണ്യത്തിൽ പോയി കഷ്ടപ്പെട്ട് പണിയെടുത്ത് ഇങ്ങോട്ട് അയക്കുന്ന പണം കൊണ്ടാണ്. അവരോടു എങ്ങോട്ട് വരേണ്ടെന്ന് പറയാൻ കഴിയുമോ? അവരെ മരണത്തിന്റെ വ്യാപാരികളായി ചിത്രീകരിച്ചിരിക്കുന്നു. മരണത്തിന്റെ ദൂതന്മാരായി ചിത്രീകരിച്ചിരിക്കുന്നു. എത്ര തെറ്റായി നടപടിയാണിത്.

വിദേശത്തുള്ള പ്രായമായവർ ഗർഭിണികൾ, കുട്ടികൾ എല്ലാവരെയും മരണത്തിന്റെ ദൂതന്മാരായി കരുതി ഇങ്ങോട്ട് വരേണ്ടെന്നു പറയുന്നത് ശരിയാണോ? അതുപോലെ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിപോയവർ അവരാരും അവിടെ സ്ഥിരതാമസം നടത്തുന്നവരല്ല. പരീക്ഷ എഴുതാൻ പോയവർ, പഠിക്കാൻ പോയ കുട്ടികൾ, ഇതര സംസ്ഥാനങ്ങളിൽ ചെറിയ ജോലികൾ ചെയ്തവർ, പല ആവശ്യങ്ങൾക്ക് വേണ്ടി പോയവർ അവർ ഈ നാട്ടിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ അവർ ഇവിടെയ്ക്ക് തിരികെ വരേണ്ട എന്ന് പറയാൻ നമുക്ക് കഴിയുമോ? അത് മനുഷ്യത്വപരമാണോ? ഈ സർക്കാർ ചെയ്തത് അതാണ്. 366 ട്രെയിനുകൾ ഇന്ത്യയിൽ ഓടിച്ചു. എല്ലാം ഓരോ സംസ്ഥാനങ്ങളിലെ ജനങ്ങളെ കൊണ്ടുവരാൻ. കേരള സർക്കാർ ഒരു ട്രെയിൻ പോലും ഓടിച്ചില്ല. മറ്റ് സംസ്ഥാനങ്ങളിലെ ആളുകളെ സർക്കാരുകൾ തിരികെ എത്തിച്ചു. ഞങ്ങൾ അതുകൊണ്ടാണ് ട്രെയിനിനു പണം ഞങ്ങൾ നൽകാം എന്ന് പറഞ്ഞത്.

സോണിയാ ഗാന്ധിയുടെ നിർദ്ദേശം അനുസരിച്ച് എല്ലാ പ്രദേശ് കോൺഗ്രസ് കമ്മറ്റികളും ട്രെയിനിനുള്ള പണം അടക്കാം എന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പറഞ്ഞു. നിങ്ങളുടെ പണം വേണ്ട. എന്തിനാണ് ഈ ദുരഭിമാനം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ആ പണം വാങ്ങിച്ച് ട്രെയിനുകൾ ഓടിച്ചല്ലോ? ഇവിടെയെല്ലാം രാഷ്ട്രീയം കളിച്ചത് ആരാണ് ഞങ്ങളാണോ? ഞങ്ങളെ സംബന്ധിച്ചിടത്തോളം വിദേശത്തുള്ള പ്രവാസികൾ ആണെങ്കിലും ഇതര സംസ്ഥാനങ്ങളിലെ മലയാളികൾ ആണെങ്കിലും സർക്കാർ സൗകര്യം ഒരുക്കണമെന്നു പറഞ്ഞപ്പോൾ അതിനു തയ്യാറായില്ല. ഞങ്ങൾ ബംഗളൂര് നിന്നും പത്ത് പന്ത്രണ്ടു വണ്ടികളിൽ ആളുകളെ കൊണ്ടുവന്നു. പാസില്ലാത്ത ഒരാളെ പോലും ഞങ്ങൾ കൊണ്ട് വന്നില്ല. എല്ലാവരെയും ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ച് കൊണ്ടുവന്നാൽ മതി. അവരെ പരിശോധിക്കട്ടെ. ഞങ്ങൾ ആരും പരിശോധിക്കേണ്ട എന്ന് പറഞ്ഞിട്ടില്ല. നമ്മുടെ ആളുകളെ തിരികെ കൊണ്ടുവരുമ്പോൾ ഞങ്ങൾ ശ്രമിക്കുമ്പോൾ എല്ലാവരും മരണത്തിന്റെ ദൂതന്മാരാണ്, ഞങ്ങൾ ഇവിടെ മനഃപൂർവം അസുഖമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നെല്ലാം സിപിഎം പ്രചാരണം നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.

കൊറോണ കാലത്ത് രാഷ്ട്രീയം കളിക്കുന്നത് സിപിഎമ്മും സർക്കാരുമാണോ?

കൊറോണ കാലത്ത് മുഖ്യമന്ത്രിയും സർക്കാരും പൂർണമായി രാഷ്ട്രീയം കളിക്കുന്നു. ആരോഗ്യ പ്രോട്ടോക്കോൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരെ കേസില്ല. അതേ സമയം അടൂർ പ്രകാശ് എംപിക്ക് എതിരെ കേസ് എടുത്തു. ഷാനിമോൾ ഉസ്മാന് എതിരെ കേസ് എടുത്തു. റോജി എം ജോണിന്റെ പേരിൽ കേസ് എടുത്തു. എംപിമാരായ രമ്യാ ഹരിദാസും ടിഎൻ പ്രതാപനും അനിൽ അക്കരെ എംഎൽഎയും തൃശൂർ കളക്ടറേറ്റിനു മുന്നിൽ ധർണ്ണയിരുന്നു. എന്താ കാര്യം? വി.കെ.ശ്രീകണ്ഠൻ പാലക്കാട് അതിർത്തിയിൽ പോയി എന്താ കാര്യം? നമ്മുടെ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ആളുകൾ നമ്മുടെ അതിർത്തിയിൽ വാളയാറിൽ കുടുങ്ങിക്കിടക്കുന്നു. അവർക്ക് ഭക്ഷണമില്ല, വെള്ളം കിട്ടുന്നില്ല. കിടക്കാൻ സൗകര്യം ലഭിക്കുന്നില്ല. ആളുകൾ നാട്ടിൽ നിന്ന് വിളിച്ച് പറഞ്ഞപ്പോൾ ജനപ്രതിനിധികൾക്ക് അവിടെ പോകേണ്ടി വന്നു. അല്ലാതെ അട്ടിമറിക്കാൻ പോയതല്ല. ഈ സർക്കാരിന്റെ ആറാം തീയതി സർക്കുലർ ഉണ്ട്. ആ സർക്കുലർ പറയുന്നു. പാസില്ലാതെ വരുന്നവരെ ഇൻസ്റ്റിട്ട്യുഷണൽ കോറന്റൈനിൽ വയ്ക്കണമെന്ന്. ആ ഓർഡർ കണ്ടു വന്ന ധാരാളം ആളുകളുണ്ട്. പിന്നീടാണ് സർക്കാർ പറഞ്ഞത് രണ്ടു സംസ്ഥാനങ്ങളിലെയും പാസ് വേണമെന്ന്. ഞങ്ങളുടെ നിലപാട് രണ്ടു സംസ്ഥാനങ്ങളിലെയും പാസ് ഉള്ളവരെ മാത്രം കയറ്റിവിട്ടാൽ മതി എന്നായിരുന്നു. പക്ഷെ യുഡിഎഫ് നേതാക്കളോട് ക്വാറന്റൈനിൽ പോകാൻ പറഞ്ഞു കേസ് എടുത്തു. പക്ഷെ എ.സി.മൊയ്തീനും ഗുരുവായൂർ എംഎൽഎ അബ്ദുൾഖാദറും ചെയ്തത് ഒരേ കാര്യമാണ്. അവരുടെ പേരിൽ എന്തുകൊണ്ട് കേസില്ല. ഇവരെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. കൊറോണ കാലത്ത് മുഖ്യമന്ത്രി തന്നെയാണ് രാഷ്ട്രീയം കളിക്കുന്നത്.

അന്യനാട്ടിൽ പോയി കഷ്ടപ്പെടുന്നവർ, പാവങ്ങൾ അവർ തിരികെ വരാൻ ആഗ്രഹിക്കുമ്പോൾ പ്രവാസികൾ മരണത്തിന്റെ ദൂതന്മാരാണ് എന്ന് പറയുന്നു. എന്ത് തെറ്റായ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. യുഡിഎഫ് നേതാക്കളോട് ക്വാറന്റൈനിൽ പോകാൻ പറഞ്ഞപ്പോൾ ഞാനും അവരൊട് പറഞ്ഞത് സർക്കാർ നിർദ്ദേശം അനുസരിക്കാനാണ്. അതിനൊന്നും ഞങ്ങൾ എതിരല്ല. പക്ഷെ എ.സി.മൊയ്തീനും ക്വാറന്റെനിൽ പോകണം. കടകംപള്ളിയുടെ പേരിൽ കേസ് എടുക്കണം. അത് ചെയ്യാതെ യുഡിഎഫ് എംപിമാർക്ക് എതിരെയും എംഎൽഎമാർക്കെതിരെയും കേസ് എടുക്കുന്നതും അവരെ മാത്രം ക്വാറന്റൈനിൽ പോകാൻ പറയുന്നതിന് പിന്നിലും രാഷ്ട്രീയം മാത്രമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുഴുവൻ സിപിഎം മാത്രമാണ് നടത്തിയത് എന്നാണ് പ്രചാരണം. ഞങ്ങൾ ഒരിക്കലും ഈ കാര്യങ്ങളിൽ രാഷ്ട്രീയം കണ്ടില്ല.

നാല്പത്തിമൂന്നു ശതമാനത്തോളം ആളുകൾ വോട്ടു ചെയ്യുന്ന മുന്നണിയാണ് ഞങ്ങൾ. ഏതെങ്കിലും വിധത്തിലുള്ള തലവേദന സർക്കാരിനു മുന്നിലുണ്ടാക്കിയോ? പക്ഷെ കാര്യങ്ങൾ പറയേണ്ടി വരും. വിവിധ ജനവിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികൾ, പ്രയാസങ്ങൾ ഇതെല്ലാം ഗവണ്മെന്റിനു മുന്നിൽ എത്തിക്കേണ്ട ചുമതലയുള്ളവരാണ് ഞങ്ങൾ എല്ലാവരും. അത് ഞങ്ങൾ ചെയ്യരുത് സർക്കാരിനു ജയ് വിളിക്കണം എന്ന് പറഞ്ഞാൽ അത് നടക്കില്ല. കൊറോണയുമായി ബന്ധപ്പെട്ടു പഞ്ചായത്ത് തലത്തിൽ കമ്മറ്റിയുണ്ട്. അതിൽ എംപിമാരുടെ പ്രതിനിധിയില്ല. ആ പ്രതിനിധി വേണ്ടതല്ലേ. കേരളത്തിലെ 19 യുഡിഎഫ് എംപിമാരോടും സർക്കാർ അവഗണനയാണ് കാണിച്ചത്. ഒരു എംപിയോടും മുഖ്യമന്ത്രി സംസാരിച്ചിട്ടില്ല. പഞ്ചായത്ത് മെമ്പർമാരെ വരെ വിളിച്ചു. അതുപോലെ എംപിമാരെ മുഴുവൻ വിളിക്കണമല്ലോ എന്തുകൊണ്ട് വിളിച്ചില്ല. 19 എംപിമാരും യുഡിഎഫ് ആയതുകൊണ്ട് എംപിമാരെ ഒരു കാര്യത്തിലും മുഖ്യമന്ത്രി അടുപ്പിക്കുന്നില്ല.

(തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP