Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202229Tuesday

ചെന്നിത്തല ഉശിരായി നയിച്ചു; പക്ഷേ തിരഞ്ഞെടുപ്പിൽ ഓപ്പറേഷൻ സക്സസ്..ബട്ട് രോഗി ചത്തു എന്ന പോലെയായി; ചെന്നിത്തലയെ പാർട്ടി ഒരിക്കലും അപമാനിച്ചു എന്ന് ആരും പറയില്ല; സുധാകരൻ പ്രസിഡന്റായാൽ കോൺഗ്രസ് രക്ഷപ്പെടും; രാജ്‌മോഹൻ ഉണ്ണിത്താൻ ഷൂട്ട്@സൈറ്റിൽ

ചെന്നിത്തല ഉശിരായി നയിച്ചു; പക്ഷേ തിരഞ്ഞെടുപ്പിൽ ഓപ്പറേഷൻ സക്സസ്..ബട്ട് രോഗി ചത്തു എന്ന പോലെയായി; ചെന്നിത്തലയെ പാർട്ടി ഒരിക്കലും അപമാനിച്ചു എന്ന് ആരും പറയില്ല; സുധാകരൻ പ്രസിഡന്റായാൽ കോൺഗ്രസ് രക്ഷപ്പെടും; രാജ്‌മോഹൻ ഉണ്ണിത്താൻ ഷൂട്ട്@സൈറ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിൽ കോൺഗ്രസിന്റെ നാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. അദ്ദേഹത്തിന്റെ നാവിന്റെ മൂർച്ച അറിഞ്ഞവർ ഏറെ. എന്നാൽ ഏറെക്കാലം പാർലമെന്ററി രാഷ്ട്രീയം അദ്ദേഹത്തിനൊരു ബാലികേറാമലയായിരുന്നു. എന്നാൽ അതിന് ഉണ്ണിത്താൻ പ്രതികാരം വീട്ടിയത് 35 വർഷങ്ങൾക്ക് ശേഷം കാസർഗോഡ് ലോകസഭാ മണ്ഡലം ചരിത്രഭൂരിപക്ഷത്തിൽ പിടിച്ചെടുത്തുകൊണ്ടായിരുന്നു.

കോൺഗ്രസിന്റെ നിലവിലെ അവസ്ഥയിൽ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുള്ള ആളാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രതിപക്ഷനിരയിലെ പ്രവർത്തനങ്ങളെയും തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചും അദ്ദേഹത്തിന് ഏറെ പറയാനുണ്ട്. രമേശ് ചെന്നിത്തലയെ നീക്കി പുതിയ പ്രതിപക്ഷനേതാവിനെ അവരോധിച്ചതിൽ കൃത്യമായ നിലപാടുള്ള ഉണ്ണിത്താൻ കെപിസിസിയിലും മാറ്റം വേണമെന്ന് ആവശ്യപ്പെടുന്നു. പ്രവർത്തകരുടെ വികാരം മാനിച്ച് കെ. സുധാകരനെ പരിഗണിക്കമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ മറുനാടനോട് നിലപാട് വ്യക്തമാക്കുന്നു. ഒന്നാംഭാഗം.

കോൺഗ്രസിൽ അഴിച്ചുപണികളുടെ കാലമാണ്. തലമുറമാറ്റമെന്നാണ് അതിനെ വിളിക്കുന്നത്. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ നിയമിച്ചതിനെ താങ്കൾ എങ്ങനെ കാണുന്നു?

കോൺഗ്രസ് പാർട്ടിക്കകത്ത് പാർലമെന്റിലായാലും നിയമസഭയിലായാലും സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ പരമ്പരാഗതമായ ഒരുരീതി ഉണ്ടായിരുന്നു. അതിൽ നിന്നും വ്യത്യസ്തമായാണ് ഇത്തവണ അസംബ്ലിയിലേയ്ക്ക് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. ഇത്തവണ വിജയസാധ്യത മാത്രമായിരിക്കും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ഏക മാനദണ്ഡമെന്ന് ഹൈക്കമാൻഡ് ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. പലരുടെയും മനസിൽ പല മണ്ഡലങ്ങളിലും പല പേരുകളുമുണ്ടായിരുന്നു. എന്നാൽ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന പ്രഖ്യാപനം വന്നപ്പോൾ എല്ലാവരും അത് അംഗീകരിക്കുന്നതാണ് കണ്ടത്. എഐസിസി മൂന്ന് സെക്രട്ടറിമാരെ കേരളത്തിലേക്ക് അയച്ചു. അവർ കേരളത്തിൽ അവർക്ക് ചുമതലയുള്ള ജില്ലകളിൽ ക്യാമ്പ് ചെയ്ത് ആളുകളുടെ വികാരം മനസിലാക്കി ഓരോ മണ്ഡലത്തിലും ആരൊക്കെ സ്ഥാനാർത്ഥികളായാൽ വിജയിക്കുമെന്ന് പഠിച്ച് റിപ്പോർട്ട് എഐസിസിക്ക് കൊടുത്തു. മാത്രമല്ല എഐസിസി ചില ഏജൻസികളെ ഉപയോഗിച്ച് സർവേകൾ നടത്തുകയും ചെയ്തു. അങ്ങനെ വലിയ ഗൃഹപാഠം നടത്തിയ ശേഷമാണ് ഇത്തവണ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് കേരളത്തിൽ തലയെടുപ്പുള്ള, സ്ഥിരമായി തെരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്ന നേതാക്കളെ ഒഴിവാക്കി ഒരുപാട് പുതിയ ചെറുപ്പക്കാർക്ക് അവസരം ലഭിച്ചത്. വിജയസാധ്യത മാത്രമാണ് ഘടകമെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചില്ലായിരുന്നെങ്കിൽ ഒരുകാരണവശാലും പുതിയ ആളുകൾക്ക് ഇത്തവണ അവസരം കിട്ടുമായിരുന്നില്ല. ഏതാണ്ട് 96 ൽ അമ്പതോളം സീറ്റുകളിൽ നവാഗതരെ പരീക്ഷിച്ച സമീപനം ഒരു മാറ്റത്തിന്റെ തുടക്കമായാണ് ഞാൻ കാണുന്നത്.

ഹൈക്കമാൻഡ് അന്ന് തന്നെ പല ജില്ലകളിലും കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ പറ്റി അഭിപ്രായവ്യത്യാസം രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ചില ഡിസിസികൾ പുനഃസംഘടിപ്പിക്കാനും അന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അതിന് ശേഷം രമേശ് ചെന്നിത്തലയുടെ യാത്ര ആരംഭിച്ചതിനാൽ ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നത് നടന്നില്ല. ജാഥ കടന്നുപോകുന്ന പ്രദേശങ്ങളിൽ പുതിയ നേതൃത്വം വന്നാൽ അത് ജാഥയെ ബാധിക്കുമെന്നതുകൊണ്ടായിരുന്നു അത് നടക്കാതെ പോയത്. അങ്ങനെ അല്ലായിരുന്നെങ്കിൽ, ഹൈക്കമാൻഡിന് അന്ന് കുറേക്കൂടി സ്വതന്ത്ര്യം ലഭിച്ചിരുന്നെങ്കിൽ ഡിസിസികളിൽ പുതിയ ആൾക്കാർ വരുകയും കുറേക്കൂടി നല്ല പ്രവർത്തനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടാകുകയും ചെയ്യുമായിരുന്നു.

ഇത്തവണത്തെ പരാജയം അപ്രതീക്ഷിതമാണ്. പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല നല്ല പ്രവർത്തന പാരമ്പര്യമുള്ള ഒരാളാണ്. അദ്ദേഹത്തെ ഞാൻ നിസാരവൽക്കരിക്കുന്നില്ല. അദ്ദേഹം കെ.എസ്.യു പ്രസിഡന്റായിരുന്നു, എൻ.എസ്.യു പ്രസിഡന്റായിരുന്നു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റായിരുന്നു, ചെറിയ പ്രായത്തിൽ തന്നെ എംഎൽഎയും മന്ത്രിയുമായിരുന്നു. കോട്ടയത്ത് നിന്നും മാവേലിക്കരയിൽ നിന്നും പാർലമെന്റംഗം ആയിരുന്നു. എഐസിസി സെക്രട്ടറി ആയിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമാണ്. ചെറുതും വലുതുമായ പലപല സ്ഥാനങ്ങൾ വഹിച്ചിരുന്നു. കരുണാകരൻ പാർട്ടി വിട്ടുപോയപ്പോൾ പ്രവർത്തകർ അങ്ങോട്ട് പോകുമോ എന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് രമേശ് കെപിസിസി പ്രസിഡന്റായി വരുന്നത്. നീണ്ട ഒമ്പത് വർഷം അദ്ദേഹം ആ സ്ഥാനത്തിരുന്നു. അതിന് ശേഷം കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനനാളുകളിൽ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായി.

കോൺഗ്രസിനുള്ളിൽ വലിയ പാരമ്പര്യമുള്ള, ഒരുപാട് സൗഹൃദ വലയങ്ങളുള്ള ഒരു നേതാവാണ് രമേശ് ചെന്നിത്തല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയമുണ്ടായപ്പോൾ ഉമ്മൻ ചാണ്ടി മാറിനിന്നതിനെ തുടർന്നാണ് അദ്ദേഹം പ്രതിപക്ഷനേതാവായി വരുന്നത്. അന്നും ആളുകൾക്ക് ആശങ്കയുണ്ടായിരുന്നു, രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായാൽ ശോഭിക്കുമോ എന്ന്. ഭരിക്കുന്ന പാർട്ടിയുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കുക എന്നതിനൊപ്പം അതിൽ അടിസ്ഥാനമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണല്ലോ പ്രതിപക്ഷത്തിന്റെ ധർമം. രമേശ് ഉയർത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും അത്തരത്തിൽ പരിശോധിച്ചാൽ ഗവൺമെന്റിന് പുറകോട്ട് പോകേണ്ടി വന്നില്ലേ. ഒരു പ്രതിപക്ഷനേതാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ചുമതല സ്തുത്യർഹമായ നിലയ്ക്ക് തന്നെ നിർവഹിച്ചു. പക്ഷെ തെരഞ്ഞെടുപ്പിൽ നമ്മൾ പരാജയപ്പെട്ടു. ഓപ്പറേഷൻ ഈസ് സക്സസ്, ബട്ട് പേഷ്യന്റ് ഡൈഡ് എന്ന് പറയും പോലെയായി.

ഇത്രയൊക്കെ ചെയ്തിട്ടും തെരഞ്ഞെടുപ്പിൽ തോറ്റു. അത് വളരെ ആഴത്തിലുള്ള പരാജയമാണ്. വോട്ടിങ് ശതമാനം പരിശോധിച്ചാൽ ഇടത് മുന്നണിയും നമ്മളും തമ്മിൽ ചെറിയൊരു വ്യത്യാസമെ ഉള്ളു. എന്നാൽ ബിജെപിയുടെ നാല് ശതമാനം വോട്ട് കാണാനില്ല. അതെവിടെ പോയെന്ന് എല്ലാവർക്കും അറിയാം. ആർഎസ്എസിന്റെ ജിഹ്വയായ കേസരിയിൽ അവർ പറയുന്നുണ്ട് കോൺഗ്രസ് മുക്ത ഭാരതം കേരളത്തിൽ നടപ്പാക്കാൻ ഉപയോഗിച്ച അടവ് നയമാണ് ഇടതുമുന്നണിയുടെ ഈ വിജയമെന്ന്. കേസരിയിൽ പരസ്യമായി തന്നെ അവർ പറഞ്ഞിരിക്കുന്നു അവരാണ് കേരളത്തിൽ ഒരിക്കൽ കൂടി പിണറായി വിജയന് അധികാരത്തിൽ വരാനുള്ള അവസരമുണ്ടാക്കിയതെന്ന്. ഇത്തവണ കൂടി കോൺഗ്രസ് കേരളത്തിൽ പരാജയപ്പെടണം. ഒരുതവണകൂടി ഇടതുമുന്നണി ഭരിച്ചാൽ അടുത്തതവണ കോൺഗ്രസിനെ പൂർണമായും ഉന്മൂലനം ചെയ്യാൻ സാധിക്കുമെന്നാണ് അവർ കരുതുന്നത്. ഇത് സിപിഎം- ആർഎസ്എസ് അടവ് നയത്തിന്റെ ഭാഗമാണ്.

ഇവിടെ സിപിഎം ആർഎസ്എസിനെതിരെ സംസാരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴൊക്കെ ഇവർക്ക് രണ്ട് കൂട്ടർക്കും ഒരുപോലെ ഉറ്റചങ്ങാതിയുണ്ട്. രണ്ട് പേർക്കും ഒരുപോലെ വേണ്ടപ്പെട്ടയാണ് കേരളത്തിലെ ഡിജിപി. അപ്പോൾ ഒരു ഭാഗത്തുകൂടെ ആർഎസ്എസിനെ എതിർക്കുന്നുവെന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തുകയും മറുഭാഗത്തുകൂടെ അവരോട് സന്ധി ചെയ്യുകയുമാണ് സിപിഎം. ശ്രീ എം സിപിഎമ്മിനും ആർഎസ്എസിനും മധ്യസ്ഥനായി വരുന്നു. ആയുധം താഴെ വയ്‌പ്പിക്കാനാണെന്നാണ് പറയുന്നത്. ഇവിടെ ആരാ ആയുധം എടുക്കുന്നത്? സിപിഎമ്മല്ലേ. വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം മുതൽ ഇങ്ങോട്ടുള്ള കണക്കെടുത്തു നോക്കു. മറുഭാഗത്താരാ? ആർഎസ്എസ്. അപ്പോൾ ഉവർ രണ്ട് കൂട്ടരും ഞങ്ങളിനി ആയുധമെടുക്കില്ല എന്ന തീരുമാനമെടുത്താൽ പോരെ. അതിനിടയിൽ എന്തിനാ ഒരു മധ്യസ്ഥൻ. ആർഎസ്എസും സിപിഎമ്മും തമ്മിൽ ചർച്ച നടത്തിയത് വല്ലതും നമ്മളറിഞ്ഞോ. എത്രയോ നാളുകൾ അത് മറച്ചുവച്ചു. തലശ്ശേരിയിൽ ചർച്ച നടത്തി, തൃശൂരിൽ ചർച്ച നടത്തി, തിരുവനന്തപുരത്ത് ചർച്ച നടത്തി. നാലേക്കർ ഭൂമി സംസ്ഥാന സർക്കാർ ശ്രീ എമ്മിന് കൊടുത്തു. എന്നിട്ടെന്തായി. വീണ്ടും കൊലപാതകം നടന്നില്ലെ. വീണ്ടും സംഘർഷങ്ങൾ നടന്നില്ലെ. അതായത് ശ്രീ എം ചർച്ച നടത്തിയിട്ടും രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും വീണ്ടും നടന്നു. അപ്പോൾ ശ്രീ എമ്മിന്റെ വരവ് അക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാനല്ല.

പരമ്പരാഗതമായി കോൺഗ്രസിനെ സഹായിച്ച, കോൺഗ്രസിനൊപ്പം നിലകൊണ്ട കുറേ സാമൂഹ്യപ്രസ്ഥാനങ്ങൾ കേരളത്തിലുണ്ട്. അവ ഇന്ന് അകന്നുപോയിരിക്കുന്നു. അകന്നുപോകാനുണ്ടായ പ്രധാന കാരണം കോൺഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നു എന്നൊരു തെറ്റിദ്ധാരണ മതന്യൂനപക്ഷങ്ങളായ മുസ്ലീങ്ങൾക്കിടയിലും ക്രിസ്ത്യാനികൾക്കിടയിലും ഉണ്ടായി. പിണറായി വിജയൻ രഹസ്യമായി മുസ്ലിം സമുദായത്തേയും ക്രിസ്ത്യൻ സമുദായത്തേയും കൈകാര്യം ചെയ്ത് അവർ പരസ്പരം അറിയാതെ രണ്ടുകൂട്ടരുടെയും വോട്ട് കൈക്കലാക്കി.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കൊരു ലക്ഷ്യമുണ്ടായിരുന്നു. മോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണം. ബിജെപിയുടെ ഭരണം അവസാനിപ്പിക്കണം. അതിന് മതേതരത്വആശയത്തിൽ വിശ്വസിക്കുന്ന കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്ന് അവർ ആഗ്രഹിച്ചു. അതിന് വേണ്ടി അവർ ഒറ്റക്കെട്ടായി യുഡിഎഫിന് വോട്ട് ചെയ്തു. ന്യൂനപക്ഷങ്ങളിൽ തന്നെ പല അവാന്തരവിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാൽ അവർ അത്തരം അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ഒറ്റക്കെട്ടായി യുഡിഎഫിന് പിന്നിൽ അണിനിരന്നതുകൊണ്ടാണ് ഞാനടക്കമുള്ള ആളുകൾ ജയിച്ചുവന്നത്.

35 വർഷങ്ങൾക്ക് ശേഷം കാസർഗോഡ് ഒരു യുഡിഎഫ് എംപി ഉണ്ടായതിന് പിന്നിൽ ആ കൂട്ടായ്മയും യോജിപ്പുമാണ്. ആ കൂട്ടായ്മയും യോജിപ്പുമൊക്കെ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം നഷ്ടപ്പെട്ട വിവരം നമ്മുടെ ആളുകൾ നിസാരവൽക്കരിക്കുകയാണ് ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ പരാജയം അതിനൊരു മുന്നോടിയായിരുന്നു. എന്നാൽ അത് കൃത്യമായി വിലയിരുത്തുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമില്ലെന്നും വ്യക്തികളെ നോക്കിയാണ് വോട്ട് വരുന്നതെന്നുമൊക്കെ പറഞ്ഞ് പരാജയത്തെ ഗൗരവമായി കാണാനും പരാജയത്തിന്റെ ആഴത്തെ പറ്റി അളക്കാനും അതിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ കണ്ടെത്തി അവരെ തങ്ങൾക്കൊപ്പം കൊണ്ടു വരാനും നേതൃത്വം തയ്യാറാകാതിരുന്നതാണ് കൂടുതൽ പ്രതിസന്ധിയിലേക്ക് കോൺഗ്രസിനെ കൊണ്ടുപോയതെന്ന് വേണം കാണാൻ.

രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷനേതാവെന്ന നിലയിലുള്ള പ്രവർത്തനം ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെങ്കിലും മതന്യൂനപക്ഷങ്ങളുടെ മനസിൽ ഉണ്ടായ കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്ന ആശങ്ക അകറ്റുന്നതിന് കേരളത്തിലെ കോൺഗ്രസിന് സാധിക്കുന്നില്ല എന്ന തോന്നലുണ്ടായി. എന്നാൽ പാർട്ടി എല്ലാ വിഷയത്തിലും ശക്തമായ നിലപാടുകൾ എടുത്തിട്ടുണ്ടുതാനും. സിഎഎ എൻആർസി വിഷയത്തിൽ ഞാനൊക്കെ എത്രയെത്ര യോഗങ്ങളിലാണ് പ്രസംഗിച്ചത്. കേരളത്തിലെ മതന്യൂനപക്ഷങ്ങളെ ബോധവൽക്കരിക്കാനും ആർഎസ്എസിനും കേന്ദ്രസർക്കാരിനുമെതിരെ ആഞ്ഞടിക്കാനും ആ യോഗങ്ങൾ ഉപയോഗിച്ചു.

സിഎഎ വിഷയത്തിൽ മാത്രമല്ല യുഎപിഎയിൽ വ്യക്തികളെ കൂടി ഉൾപ്പെടുത്താനുള്ള കേന്ദ്രഗവൺമെന്റ് തീരുമാനം, മുത്തലാക്ക് ബിൽ, ജമ്മു കാശ്മീരിനെ രണ്ടായി വെട്ടിമുറിച്ചതും 370 യും 35(എ) യും റദ്ദുചെയ്ത തീരുമാനം എന്നിവയ്ക്കൊക്കെ എതിരെ ശക്തമായ പോരാട്ടങ്ങൾ നടത്താൻ കോൺഗ്രസിനായി. പക്ഷെ അതൊക്കെ അവരെ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. നമ്മളൊരു കാര്യം ചെയ്താൽ പോരാ, അതിന്റെ ഗുണഭോക്താക്കളെ അത് ബോധ്യപ്പെടുത്താനും നമുക്ക് സാധിക്കണം. അവിടെയാണ് നമ്മൾ പരാജയപ്പെട്ടത്. അതുകൊണ്ട് പ്രതിപക്ഷനേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ മികവുറ്റ പ്രവർത്തനം നമ്മൾ അംഗീകരിക്കുമ്പോഴും അതിനകത്ത് എന്തൊക്കെയോ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്ന കാര്യവും നമ്മൾ സമ്മതിക്കേണ്ടി വരും. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പരാജയം സംഭവിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകരും, അനുഭാവികളും, പാർട്ടിയെ സ്നേഹിക്കുന്നവരും ഒരു മാറ്റം വേണമെന്ന് ആവശ്യപ്പെട്ടത്. ഞാനും അത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. കാരണം ഞാൻ ജനങ്ങൾക്കൊപ്പവും പ്രവർത്തകർക്കൊപ്പവും ഏറ്റവുംകൂടുതൽ ഇടപെടുന്ന ഒരു പാർലമെന്റ് അംഗമാണ്. ജനവികാരം എന്താണോ അതിനൊപ്പമെ ഞാൻ നിന്നിട്ടുള്ളു. ജനവികാരം ആർക്കനുകൂലമാണോ അതിനൊപ്പം നിലകൊള്ളാനുള്ള വിശാലമനസ്‌കത എനിക്കുണ്ട്. അത് എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന് വരില്ല. അതുകൊണ്ടാണ് ഒരു മാറ്റം വേണമെന്ന് പാർട്ടി പ്രവർത്തകരും അനുഭാവികളും ആഗ്രഹിക്കുന്നു എന്ന് ഞാൻ പറഞ്ഞത്.

നേതൃരംഗത്ത് ഒരു മാറ്റമുണ്ടായാൽ പാർട്ടിയിൽ മാറ്റമുണ്ടാകും എന്നവർ കരുതുന്നു. പാർലമെന്ററി രംഗത്ത് മാത്രമല്ല പാർട്ടിയുടെ സമസ്തമേഖലകളിലും ഒരു മാറ്റമുണ്ടായാൽ ആ മാറ്റം സംഘടനയെ രക്ഷിക്കുമെന്ന് കരുതുന്ന ആളുകളെ ബോധ്യപ്പെടുത്തണമെങ്കിൽ ആ മാറ്റം ഉണ്ടാക്കി കാണിച്ചു കൊടുക്കണം. അതുകൊണ്ട് പ്രതിപക്ഷനേതൃസ്ഥാനത്ത് ആര് വരണമെന്നല്ല ഞാൻ പറഞ്ഞത്. പാർലമെന്ററി നേതൃരംഗത്ത് ഒരു മാറ്റമുണ്ടാകണം. അവിടെയാണ് വിഡി സതീശനെ ആ സ്ഥാനത്ത് അവരോധിച്ചതിനെ എല്ലാവരും സ്വാഗതം ചെയ്തത്. ഏതെങ്കിലുമൊരാൾ സതീശനെ പ്രതിപക്ഷനേതാവാക്കിയതിനെതിരെ വന്നിട്ടുണ്ടോ? ഇല്ല. കാരണം ഇത് പ്രവർത്തകർ ആഗ്രഹിച്ചൊരു കാര്യമാണ്. അതായത് സതീശൻ വരണമെന്നല്ല, മാറ്റം വേണമെന്നാണ് അവർ ആഗ്രഹിച്ചത്. ആ ആഗ്രഹം ഹൈക്കമാൻഡ് യാഥാർത്ഥ്യമാക്കിയതുകൊണ്ട് ഹൈക്കമാൻഡിന്റെ തീരുമാനം കോൺഗ്രസ് പ്രവർത്തകരും അംഗീകരിച്ചു. അതുകൊണ്ടാണ് എല്ലാ മേഖലകളിൽ നിന്നും സതീശന് അനുകൂലമായ ഒരു തരംഗം ഉണ്ടായത്.

അദ്ദേഹം പ്രതിപക്ഷനേതാവായി വന്ന ശേഷം വർഗീയതയെ ഉന്മൂലനം ചെയ്യുമെന്ന ആദ്യത്തെ പ്രതികരണങ്ങൾ വളരെ ശക്തമായ അനുരണനങ്ങളാണ് സൃഷ്ടിച്ചത്. അപ്പോൾ കോൺഗ്രസിൽ പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നു. അതിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടായിരിക്കുന്നു. പ്രവർത്തകർക്ക് ആവേശമുണ്ടായിരിക്കുന്നു. അപ്പോൾ രണ്ടാമത്തെ പ്രഖ്യാപനവും വന്നു. 'ആവശ്യത്തിനും അനാവശ്യത്തിനും ഗവൺമെന്റിനെ എതിർക്കുന്നത് പ്രതിപക്ഷത്തിന്റെ ജോലിയല്ല. ഗവൺമെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിക്കണം.' ശരിയാണ്. ഗവൺമെന്റ് ചെയ്യുന്നതിൽ നല്ലതെന്ന് ജനങ്ങൾക്ക് തോന്നുന്ന കാര്യങ്ങളെ കോൺഗ്രസ് എതിർത്താൽ ജനം നമുക്ക് എതിരാവും.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി നിർത്തലാക്കുമെന്ന് പറഞ്ഞാൽ ലൈഫിൽ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ഒരുപറ്റം ജനങ്ങൾ ഇവിടെയുണ്ട്. അവർ അത് അംഗീകരിക്കുമോ? ലൈഫിന്റെ മറവിൽ അഴിമതി നടക്കുന്നുണ്ടാവാം. ഞങ്ങൾ അധികാരത്തിൽ വന്നാൽ ലൈഫിൽ അഴിമതി ഉണ്ടാകില്ല. അതിന്റെ അവസാനത്തെ ചില്ലിക്കാശ് വരെ ജനങ്ങളിലേയ്ക്കെത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ പദ്ധതി അഭംഗുരം തുടരും എന്നല്ലെ പറയേണ്ടത്.

കിഫ്ബിയിലൂടെ നടക്കുന്ന വികസനങ്ങൾ ഒരു നേർക്കാഴ്‌ച്ചയായി ജനങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ അതിനെ എതിർക്കുന്നതും ജനങ്ങൾ ഇഷ്ടപ്പെടുന്ന കാര്യമല്ല. കിഫ്ബിയും മസാല ബോണ്ടുമൊക്കെ ഭരണഘടനാവിധേയമാണോ എന്നത് മറ്റൊരു കാര്യം. സ്വർണകള്ളക്കടത്ത്, ഡോളർ കള്ളക്കടത്ത്, കിഫ്ബിയിലെ അഴിമത്, ലൈഫ് മിഷൻ അഴിമതി എന്നിവയൊക്കെ ചൂണ്ടിക്കാണിക്കുമ്പോൾ ജനങ്ങൾ ചോദിക്കുന്നത്, അവർ അഴിമതി കാണിച്ചോട്ടെ ഞങ്ങൾക്ക് വല്ലതും കിട്ടുമോ എന്നതാണ്. തമിഴ്‌നാട്ടിൽ ജയലളിത മരിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ശശികലയ്ക്കൊപ്പം ജയിലിൽ കിടക്കേണ്ട ആളല്ലേ. എന്നാൽ ശശികലയ്ക്കൊപ്പം അവർ ഇപ്പോൾ മോചിപ്പിക്കപ്പെട്ട് തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നെങ്കിൽ അവർ തോൽക്കുമോ? അപ്പോൾ അഴിമതിയൊന്നും അവർക്കൊരു വിഷയമല്ല. ജനങ്ങൾക്ക് എന്തെങ്കിലും കിട്ടുന്നത് ഇല്ലാതാക്കാൻ ആര് ശ്രമിക്കുന്നുവോ ജനങ്ങൾ അവർക്കെതിരാവുമെന്ന് ഉറപ്പാണ്.

ഇപ്പോൾ പ്രധാന പ്രചരണം കിറ്റും പെൻഷനുമായിരുന്നല്ലോ. ആയിരം രൂപയുടെ കിറ്റിൽ 250 രൂപ അവർ വെട്ടിച്ചിട്ടാണ് 750 രൂപയ്ക്കുള്ള കിറ്റ് കൊടുത്തത്. പക്ഷെ 250 രൂപ അവർ കൊണ്ടുപൊയ്ക്കോട്ടെ, 750 ന്റെ കിറ്റ് എങ്കിലും നമുക്ക് കിട്ടുന്നുണ്ടല്ലോ എന്നാണ് ജനങ്ങൾ കരുതുന്നത്. ഇലക്ഷൻ സമയത്ത് പ്രതിപക്ഷത്തിനെതിരെ നടത്തിയ പിആർ വർക്ക് ആയിരുന്നു അന്നംമുടക്കികളെന്ന പ്രചാരണം. നമുക്കെന്തെങ്കിലും കിട്ടുന്നതിനെ മുടക്കാൻ നിൽക്കുന്നവരാണ് പ്രതിപക്ഷമെന്ന പ്രചരണം ഉണ്ടായപ്പോൾ എന്നാലവരെ തട്ടിമാറ്റി മുന്നോട്ടുപോകാമെന്ന് ജനം ചിന്തിച്ചാൽ അവരെ കുറ്റം പറയാനാകില്ല. അതിനാൽ ഗവൺമെന്റിനെ എതിർക്കേണ്ട കാര്യത്തിൽ മാത്രമെ എതിർക്കാവു.

 ഗവൺമെന്റ് ഒരു മഹാമാരിയെ നേരിടുന്ന സമയത്ത് എന്തിനും ഏതിനും ഗവൺമെന്റിനെ എതിർക്കുക എന്ന് പറഞ്ഞാൽ അതിനെ ജനം അംഗീകരിക്കില്ല. അതിനാലാണ് പുതിയ പ്രതിപക്ഷനേതാവായി സതീശൻ വന്നപ്പോൾ ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ സർക്കാരിനെ അംഗീകരിക്കേണ്ടതിനെ അംഗീകരിക്കുകയും എതിർക്കേണ്ടവയെ മാത്രം എതിർക്കുകയും ചെയ്യുമെന്ന് പറഞ്ഞത്. അതിനുദാഹരണമായിരുന്നു സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവനയെ സഭയിൽ ചോദ്യം ചെയ്തത്. ഒടുവിൽ സ്പീക്കർക്ക് അതിന് മറുപടി നൽകേണ്ടി വന്നു. അപ്പോൾ പറയേണ്ട കാര്യങ്ങൾ, പറയേണ്ട സമയത്ത്, പറയേണ്ടവരുടെ മുഖത്ത് നോക്കി പറയണം. അല്ലാതെ എന്തിനും ഏതിനും ഗവൺമെന്റിനെ കുറ്റപ്പെടുത്തിയാൽ ജനങ്ങൾ അത് അംഗീകരിച്ചെന്ന് വരില്ല. അതിനാൽ ഒരു മാറ്റം വേണമെന്ന കാര്യം എല്ലാവരും ആഗ്രഹിച്ചതാണ്. ആ മാറ്റമാണ് എഐസിസി നടപ്പിലാക്കിയത്. അതൊരു അനിവാര്യമായിരുന്നു. ഇനിയൊരു മാറ്റം പാർട്ടിക്കകത്ത് വരണം. ഇപ്പോൾ പാർട്ടിക്കകത്തുള്ള പ്രവർത്തകരുടെ മുറവിളി കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണം എന്നാണ്.

അതിനോട് യോജിക്കുന്നുണ്ടോ?

പ്രവർത്തകന്റെ വികാരങ്ങൾക്കനുസരിച്ച് ഉയരാൻ കോൺഗ്രസിനാകണം. പ്രവർത്തകർ ആഗ്രഹിക്കുന്നത് സുധാകരനെയാണെങ്കിൽ അദ്ദേഹം കെപിസിസി പ്രസിഡന്റ് ആകട്ടെ. അതിനെന്താ കുഴപ്പം. സുധാകരൻ വിചാരിച്ചാൽ കോൺഗ്രസ് നന്നാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വിശ്വാസമെങ്കിൽ ആ വിശ്വാസത്തെ നമ്മളെന്തിനാണ് മറികടക്കുന്നത്. കോൺഗ്രസ് രക്ഷപ്പെടുമെന്നുള്ള ആ വിശ്വാസമാണ് ഈ പാർട്ടിയെ തിരിച്ച് അധികാരത്തിൽ കൊണ്ടുവരേണ്ടത്. സുധാകരനിലൂടെ കോൺഗ്രസ് തിരിച്ചുവരണമെന്ന് പ്രവർത്തകർ ആഗ്രഹിച്ചാൽ ആ ആഗ്രഹം സാക്ഷാത്കരിക്കാൻ നേതൃത്വം തയ്യാറാകണം.

സുധാകരൻ വന്നാൽ കോൺഗ്രസ് രക്ഷപ്പെടുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഞാനെപ്പോഴും കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തോടൊപ്പം നിൽക്കുന്നയാളാണ്. പ്രവർത്തകരുടെ തീരുമാനത്തിനെതിരെ ഞാനൊരിക്കലും നിൽക്കില്ല.

സുധാകരൻ വരാൻ രണ്ട് ഗ്രൂപ്പുകളും സമ്മതിക്കില്ലല്ലോ

പ്രതിപക്ഷനേതാവായി സതീശൻ വന്നത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാമല്ലോ. കോൺഗ്രസിനെ കേരളത്തിൽ രക്ഷപ്പെടുത്തുന്നതിനുള്ള വഴികളാണ് ഹൈക്കമാൻഡ് ചിന്തിക്കുന്നത്. അതുകൊണ്ടാണല്ലോ സ്ഥാനാർത്ഥി പട്ടികയിൽ ഇത്രയധികം മാറ്റങ്ങൾ വന്നത്. എന്നിട്ടും പരാജയപ്പെട്ടപ്പോൾ നേതൃതലത്തിൽ മാറ്റം വന്നു. ഇപ്പോൾ പ്രവർത്തകർ എല്ലാവരും പറയുന്നു സുധാകരൻ വിചാരിച്ചാൽ കോൺഗ്രസ് രക്ഷപ്പെടുമെന്ന്. സുധാകരൻ വിചാരിച്ചാൽ കോൺഗ്രസ് രക്ഷപ്പെടുമെങ്കിൽ സുധാകരന് ഒരു അവസരം നൽകണം.

ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയുമൊക്കെ സഹകരണം ഇല്ലാതെ സുധാകരന് ഒറ്റയ്ക്ക് എന്ത് ചെയ്യാൻ കഴിയും?

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുടെയുമൊക്കെ കോൺഗ്രസുകാരാണ്. താഴെത്തട്ടിൽ നിന്നും വളർന്നുവന്നവരാണ്. ഒരിക്കലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കേരളത്തിന്റെ മണ്ണിൽ തകർന്നുകാണണമെന്ന് ആഗ്രഹിക്കുന്നവരല്ല അവർ. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ അവർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. അവരെടുക്കുന്ന തീരുമാനത്തെ ഹൈക്കമാൻഡും അംഗീകരിച്ചിട്ടുണ്ട്. അപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അതിൽ ചെറുപ്പവലുപ്പമൊന്നുമില്ല. കോൺഗ്രസിന്റെ നേതൃരംഗത്തെ എല്ലാ നേതാക്കളും ഒരു മനസോടെ നിന്നാൽ കേരളത്തിലെ കോൺഗ്രസ് രക്ഷപ്പെടില്ല എന്നാണോ ഷാജൻ കരുതുന്നത്.

അവർ അങ്ങനെ നിൽക്കുമോ എന്നതാണ് ചോദ്യം

നിൽക്കുമല്ലോ. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ കഴിയു. പ്രതിപക്ഷനേതാവിന്റെ കാര്യത്തിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ അഭിപ്രായങ്ങളുണ്ടായിരുന്നല്ലോ. കോൺഗ്രസ് ഹൈക്കമാൻഡ് ഒരു തീരുമാനം എടുത്തപ്പോൾ ഒരക്ഷരം രണ്ടുപേരും മിണ്ടിയോ. അവർ അത് അംഗീകരിച്ചല്ലോ. അതുകൊണ്ട് ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയുമൊക്കെ വിലകുറച്ചുകാണാൻ ഞാനില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുൻ കെപിസിസി പ്രസിഡന്റുമാരായ ഹസനും വി എം സുധീരനും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന എകെ ആന്റണിയും കെസി വേണുഗോപാലും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കഴിഞ്ഞ പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമൊക്കെ ഒന്നിച്ചുനിന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ മനസ് കുളിർക്കും. അവർ സട കുടഞ്ഞെഴുന്നേൽക്കും. അവരെല്ലാം ഫീൽഡിൽ വരും. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും. വീണ്ടും കോൺഗ്രസ് അധികാരത്തിൽ വരും. ഇപ്പോൾ പ്രവർത്തകർ ആഗ്രഹിക്കുന്നത് സുധാകരനെയാണ്. പകരം വേറൊരാൾ വന്നാൽ അവർ നിരാശരാകും. കോൺഗ്രസ് പ്രവർത്തകരെ നിരാശപ്പെടുത്തിയാൽ പിന്നെ അവർ ഫീൽഡ് ചെയ്യില്ല. കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹത്തിനനുസരിച്ചുള്ള തീരുമാനമാണ് വേണ്ടത്. അതുകൊണ്ട് തന്നെ ഞാൻ പറയുന്നു സുധാകരൻ വരണമെന്ന് പ്രവർത്തകർ ആഗ്രഹിക്കുന്നുവെങ്കിൽ അത് തന്നെയാണ് ഹൈക്കമാൻഡ് ചെയ്യേണ്ടത്.

ചെന്നിത്തലയ്ക്ക് കുറേക്കൂടി മാന്യമായ യാത്രയയപ്പ് നൽകേണ്ടിയിരുന്നില്ലേ?

പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനുള്ള അവകാശം ഹൈക്കമാൻഡിന് വിട്ടുകൊടുത്തത് അദ്ദേഹം കൂടി പങ്കെടുത്ത പാർലമെന്ററി പാർട്ടി യോഗമാണല്ലോ. ഹൈക്കമാൻഡ് തീരുമാനമെടുത്തു. അതിൽ അദ്ദേഹത്തെ എന്താ അപമാനിച്ചത്. അദ്ദേഹത്തിന് ഈ പാർട്ടി നൽകിയ അവസരങ്ങൾ നോക്കിയാൽ അദ്ദേഹത്തോട് പാർട്ടി ഒരിക്കലും അപമാനിച്ചു എന്ന് ആരും പറയില്ല. അദ്ദേഹവും ഒരിക്കലും അങ്ങനെ പറയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP