Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമലയിലെ ആത്മാർത്ഥത കാരണം തിരുവനന്തപുരത്തേക്കാൾ കൂടുതൽ ജയസാധ്യത പത്തനംതിട്ടയിലെ സുരേന്ദ്രന്; വിമതനായി മത്സരിക്കാതെ മാറിയത് ആർഎസ്എസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനാൽ; പരമഭക്തനായ കുമ്മനത്തിന് ജയിക്കണമെങ്കിൽ രാഷ്ട്രീയ വോട്ടും അനിവാര്യത; പ്രചരണ രംഗത്ത് സജീവമാകാത്തത് താൻ പാർട്ടിയുടെ ഭാഗമല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞതിനാൽ; ബിജെപി നേതൃത്വത്തോട് മുതിർന്ന നേതാവ് അതൃപ്തിയിൽ തന്നെ; മനസ്സിലെ രാഷ്ട്രീയം മറുനാടനോട് പങ്കുവച്ച് പിപി മുകുന്ദൻ

ശബരിമലയിലെ ആത്മാർത്ഥത കാരണം തിരുവനന്തപുരത്തേക്കാൾ കൂടുതൽ ജയസാധ്യത പത്തനംതിട്ടയിലെ സുരേന്ദ്രന്; വിമതനായി മത്സരിക്കാതെ മാറിയത് ആർഎസ്എസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനാൽ; പരമഭക്തനായ കുമ്മനത്തിന് ജയിക്കണമെങ്കിൽ രാഷ്ട്രീയ വോട്ടും അനിവാര്യത; പ്രചരണ രംഗത്ത് സജീവമാകാത്തത് താൻ പാർട്ടിയുടെ ഭാഗമല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞതിനാൽ; ബിജെപി നേതൃത്വത്തോട് മുതിർന്ന നേതാവ് അതൃപ്തിയിൽ തന്നെ; മനസ്സിലെ രാഷ്ട്രീയം മറുനാടനോട് പങ്കുവച്ച് പിപി മുകുന്ദൻ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഏപ്രിൽ 23ന് കേരളത്തിൽ നടക്കുന്ന ലോക്സഭ തെരഞ്ഞടുപ്പിൽ ബിജെപിക്ക് തിരുവനന്തപുരത്തെക്കാൾ വിജയസാധ്യത പത്തനംതിട്ടയിലാണ് എന്ന് പിപി മുകുന്ദൻ. തിരുവനന്തപുരത്ത് മത്സരരംഗത്ത് വളരെ അധികം പിന്തുണ തനിക്ക് ഉണ്ടായിട്ടും പിന്മാറിയത് ആർഎസ്എസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്കൊണ്ടാണ്. പ്രചാരണ രംഗത്ത് സജീവമാകാത്തത് ബിജെപി പ്രസിഡന്റ് ശ്രീധരൻപിള്ള താൻ പാർട്ടിയുടെ ഭാഗമല്ല എന്ന് പറഞ്ഞതുകൊണ്ടാണ് എന്നും പിപി മുകുന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അങ്ങോട്ട് വലിഞ്ഞ് കയറി ചെന്ന് പ്രചാരണം നടത്തേണ്ട കാര്യം തനിക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേന്ദ്രന് സാധ്യത കൂടുതലാണ് എന്ന് പറഞ്ഞത് ശബരിമല വിഷയത്തിൽ കാണിച്ച ആത്മാർത്ഥ കൊണ്ടാണ്.

ശബരിമല വിഷയം മാത്രം ഉന്നയിച്ച് ബിജെപിക്ക് ഗുണം ഉണ്ടാക്കാൻ കഴിയില്ല. മറ്റ് വിഷയങ്ങൾ കൂടി ഉന്നയിക്കണം. ശബരിമല വിഷയത്തിൽ കോടതി വിധിക്ക് എതിരെ ചിന്തിക്കുന്ന എല്ലാവരുടേയും വോട്ടുകൾ കിട്ടും എന്ന് കരുതരുത്. അവർക്ക് ആ വിഷയത്തിൽ വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും അവരുടേതായ രാഷ്ട്രീയമുണ്ട് അപ്പോൾ വോട്ട് പെട്ടിയിൽ വീഴില്ല. രാഷ്ട്രീയം കൂടി പറഞ്ഞാൽ മാത്രമെ വിജയത്തിലേക്ക് എത്തുകയുള്ളു. ഈ കാര്യങ്ങൾ തന്നെയാകും കുമ്മനം തിരുവനന്തപുരത്ത് വിജയിക്കുമോ എന്നതിനും ആധാരം.

അഭിമുഖത്തിന്റെ പൂർണ രൂപം

എന്തുകൊണ്ടാണ് മത്സര രംഗത്ത് നിന്ന് പിന്മാറിയത്?

തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചിരുന്നു എന്നത് ശരിയാണ്. ശിവസേനയുടേയും മറ്റ് പല ഹൈന്ദവ സംഘടനകളുടേയും ആവശ്യം പരിഗണിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. ശബരിമല വിഷയത്തിൽ ഉൾപ്പടെ പ്രതീക്ഷിച്ച പോലെയുള്ള ഒരു പിന്തുണ ലഭിച്ചില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് പല സംഘടനകളും എന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ബിജെപി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷവയ്ക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് പിന്മാറിയത് ആര്എസ്എസ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം മാനിച്ചാണ്. പിപി മുകുന്ദൻ മത്സരിച്ചാൽ വ്യക്തിപരമായി സമാഹരിക്കുന്ന വോട്ടുകൾ ബിജെപി സ്ഥാനാർത്ഥിയുടെ സാധ്യതകൾക്ക് മേൽ മങ്ങൽ ഏൽപ്പിക്കും എന്നും നേതൃത്വം എന്നോട് പറഞ്ഞു. ഇത് ശബരിമലയുമായി ബന്ധപ്പെട്ട് എനിക്ക് അനുകൂലമായി നിന്ന സംഘടനകളേയും ആർഎസ്എസ് നേതൃത്വം പറഞ്ഞ് മനസ്സിലാക്കിയതോടെയാണ് പിന്മാറ്റത്തിലേക്ക് എത്തിയത്.

ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമല്ലാത്തത് എന്ത്കൊണ്ടാണ്?

സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ ഒരു സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ അത് ഉണ്ടോ എന്ന് പരിശോധിക്കണം വിശദമായി തന്നെ. ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകേണ്ടത് സ്വയം അങ്ങോട്ട് വലിഞ്ഞ് കയറി ചെന്നിട്ട് അല്ലല്ലോ. അത് എന്റെ ഒരു രീതിയുമല്ല അങ്ങനെ വലിഞ്ഞ് കയറി ചെല്ലുന്നത്. ഇപ്പോൾ പ്രചാരണ രംഗത്ത് പോകാത്തത് ഞാൻ ബിജെപിയുടെ ഭാഗത്ത് നിന്ന് പ്രവർത്തിക്കുന്ന ഒരാളല്ല എന്ന സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള ഉൾപ്പടെയുള്ളവരുടെ അഭിപ്രായപ്രകടനങ്ങൾ തന്നെയാണ് അതിന് കാരണം. ആരും ക്ഷണിക്കാതെ അങ്ങോട്ട് ചെല്ലുന്നത് ഔചിത്യമല്ല എന്ന തിരിച്ചറിവും ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സാധ്യതകൾ എങ്ങനെ?

കുമ്മനം രാജശേഖരൻ എന്ന വ്യക്തിക്ക് രാഷ്ട്രീയത്തിന് അപ്പുറത്തുള്ള വോട്ടുകൾ ശേഖരിക്കാൻ കഴിയും. എന്നാൽ അത് വിജയത്തിലേക്ക് എത്താൻ പ്രാപ്തമാണോ എന്ന് പരിശോധിക്കേണ്ടത് സംഘടന സംവിധാനമാണ്. മൊത്തം 1200-1300 ബൂത്തുകളുള്ളതിൽ 800ന് അടുത്ത് ബൂത്തുകളിൽ ഒന്നാമത് എത്തണം പിന്നെ 400-500 ബൂത്തുകളിൽ നിസാര വ്യത്യാസത്തിന് രണ്ടാം സ്ഥാനത്തും എത്താൻ കഴിയണം. എങ്കിൽ മാത്രമെ വിജയത്തിലേക്ക് എത്താൻ കഴിയുകയുള്ളു. കഴിഞ്ഞ തവണ ഒ രാജഗോപാൽ മത്സരിക്കുമ്പോൾ പോലും 450 ബൂത്തുകളിൽ മാത്രമാണ് ഒന്നാമത് എത്താൻ കഴിഞ്ഞത്. അത് വിജയിക്കാൻ പര്യാപ്തമല്ല. കുമ്മനം എന്ന വ്യക്തിയെ ഒരു സാധുവായ മനുഷ്യനായും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്ന ആളുമായിട്ടാണ് കാണുന്നത്. പിന്നെ ഒരു പരമ ഭക്തനാണ് കുമ്മനം. അപ്പോൾ ശബരിമല വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാടുകളും സ്വാധീനിക്കപ്പെടും.

 ശബരിമല വിഷയം തിരുവനന്തപുരത്ത് സഹായകമാകുമോ?

ഏറ്റവും പ്രധാനമായ കാര്യം ശബരിമല വിഷയത്തിന്റെ ചൂട് ഭക്തരുടെ മനസ്സിൽ ഉൾപ്പടെ കുറഞ്ഞ് കഴിഞ്ഞു എന്നുള്ളതാണ്. പ്രക്ഷോഭം കൊടുംപിരി കൊണ്ട് നിൽക്കുന്ന സമയത്ത് കോൺഗ്രസ്, സിപിഎം അനുഭാവികളായ വിശ്വാസികൾ പോലും അവർക്ക് എതിരായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ കാലം കഴിഞ്ഞു. ഓരോ വ്യക്തിയും ഭക്തനാണ് എങ്കിൽ പോലും അവരുടെ രാഷ്ട്രീയത്തിന് അനുസരിച്ച് മാത്രമെ വോട്ട് ചെയ്യുകയുള്ളു. അത് തിരിച്ചറിയാൻ ബിജെപിക്ക് കഴിഞ്ഞില്ല. അഞ്ച് വർഷം രാജ്യം ഭരിച്ച പാർട്ടിക്ക് ശബരിമല മാത്രം പറഞ്ഞ് വോട്ട് പിടിക്കാൻ കഴിയില്ല. അതിന് പരിമിതികളുണ്ട്. ഓരോ മണ്ഡലത്തിന് വേണ്ടിയും എന്ത് ചെയ്തു എന്ന് പറയാൻ കഴിയണം.

കർഷകർക്ക് പെൻഷൻ നൽകിയത് ബിജെപിയാണ്, തൊഴിലുറപ്പ് പദ്ധതി കേന്ദ്രത്തിന്റേതാണ്. ഇതിന്റെ ഒക്കെ ഗുണഭോക്താക്കളോട് അത് ബിജെപി സർക്കാർ ചെയ്തതാണ് എന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയ മാത്രമല്ല തെരഞ്ഞെടുപ്പ് എന്ന് മനസ്സിലാക്കണം. എന്നിട്ട് പ്രവർത്തിക്കണം. മറ്റൊരു ഉദാഹരണം പറഞ്ഞാൽ തീരദേശ മേഖലയിലെ വോട്ടുകൾ സമാഹരിക്കാൻ എന്ത് ശ്രമം നടത്തി എന്ന് പരിശോധിക്കണം. ദുരന്തങ്ങൾ അനുഭവിച്ച അത്തരം വ്യക്തികൾക്ക് കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നതും പ്രധാനമാണ്.

2014 ചെറിയ ഭൂരിപക്ഷത്തിന് തോറ്റ മണ്ഡലത്തിൽ വിജയിക്കാൻ പ്രാപ്തമാണോ ബിജെപി?

2014ൽ മോദി അനുകൂല തരംഗം കൊടുംപിരി കൊണ്ട് നിൽക്കുകയായിരുന്നു. അഞ്ച് വർഷത്തെ ഭരണം മികച്ചതാണെങ്കിൽ പോലും അന്ന് നിലനിന്നിരുന്ന ഒരു അനുകൂല സാഹചര്യം ഇന്ന് കേരളത്തിൽ ഇല്ല. അതാണ് നേരത്തെ പറഞ്ഞത്. വിജയിക്കാൻ പ്രാപ്തനാകണമെങ്കിൽ ശബരിമല മാത്രം പോര എന്ന്. അതിനോട് ഒപ്പം തന്നെ മികച്ച ഭരണ നേട്ടങ്ങളും ജനങ്ങൾക്ക് എത്തിച്ച് നൽകിയ വികസന പ്രവ്രർത്തനവും വിളിച്ച് പറയണം. പിന്നെ രാജഗോപാൽ ആണല്ലോ കഴിഞ്ഞ തവണ മത്സരിച്ചത്. അന്ന് രാജേട്ടന് ഒരുപാട് അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നു.

മന്ത്രിയായിരുന്നപ്പോൾ റെയിൽവേയിൽ ഉൾപ്പടെ കേരളത്തിന് നൽകിയ സംഭാവന വളരെ വലുതാണ്. പിന്നെ അന്ന് മോദി തരംഗത്തിന് ഒപ്പം തന്നെ വിജയിച്ചാൽ ഒ രാജഗോപാൽ കേന്ദ്ര മന്ത്രി വരെ ആയോക്കാം എന്നതും ഗുണമായി. കേരളത്തിൽ ബിജെപിക്ക് വലിയ സാധ്യത അടുത്തകാലത്ത് ഒന്നും ഇല്ലെന്ന് ആ വ്യക്തി തന്നെ പറയുമ്പോൾ പിന്നെ കേരളത്തിൽ സീറ്റ് നേടുക ദുഷ്‌കരമാണ് എന്ന് പറയേണ്ടതില്ലല്ലോ.

പത്തനംതിട്ടയിലെ സാധ്യതകൾ എങ്ങനെ?

നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്തെക്കാൾ സാധ്യത കൂടുതൽ കാണുന്നത് പത്തനംതിട്ടയിലാണ്. ശബരിമല വിഷയം മാത്രമല്ല അതോടൊപ്പം തന്നെ അവിടുത്തെ സ്ഥാനാർത്ഥി ശബരിമല സമരത്തിന് വേണ്ടി രംഗത്ത് ഇറങ്ങിയത് വളരെഗുണകരമാകും. 28 ദിവസം ജയിലിൽ കിടന്ന ആളാണ്. സ്ത്രീകൾക്ക് ഇടയിൽ പോലും സുരേന്ദ്രന് സ്വീകാര്യത വർധിച്ചു കഴിഞ്ഞു. പിന്നെ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ മേഖലകളിൽ നിർണായക സ്വാധീനമുള്ള പിസി ജോർജിന്റെ പിന്തുണയും ഗുണം ചെയ്യും.

ഒരു മുന്നണിയിൽ നിന്നും പിന്തുണ കിട്ടാതെ വിജയിച്ച് കയറിയ വ്യക്തിയാണ് പിസി ജോർജ് അപ്പോൾ അങ്ങനെ ഒരു വ്യക്തിയുടെ പിന്തുണ ഒരു ചെറിയ കാര്യമായി കാണാൻ കഴിയില്ല. ഒരു കാര്യം കൂടി ഉള്ളത് 250ൽപ്പരം കേസുകളാണ് അയ്യപ്പന് വേണ്ടി സുരേന്ദ്രൻ ഏറ്റുവാങ്ങിയത്. അതിന്റെ ഒരു സിമ്പതി സുരേന്ദ്രന് തീർച്ചയായിട്ടും ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP