Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202308Thursday

പിണറായി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്നതുകൊള്ളാം; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താൽ യുഡിഎഫ് വെറുതെയിരിക്കില്ല; കെ റെയിൽ എതിർവികാരം ഉപതിരഞ്ഞെടുപ്പിൽ ആഞ്ഞടിക്കും: ഉമ്മൻ ചാണ്ടി മറുനാടനോട്

പിണറായി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്നതുകൊള്ളാം; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താൽ യുഡിഎഫ് വെറുതെയിരിക്കില്ല; കെ റെയിൽ എതിർവികാരം ഉപതിരഞ്ഞെടുപ്പിൽ ആഞ്ഞടിക്കും: ഉമ്മൻ ചാണ്ടി മറുനാടനോട്

അർജുൻ ശ്രീകുമാർ

 കൊച്ചി: കെ റെയിൽ ഒരിക്കലും പ്രാവർത്തികമാകാത്ത പദ്ധതിയെന്ന് മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി. എന്തുകൊണ്ടാണ് ഇത്തരമൊരു പദ്ധതിയുമായി പിണറായി വിജയൻ ഗവൺമെന്റ് മുന്നോട്ട് പോകുന്നത് എന്ന് തനിക്ക് അറിയില്ല എന്നും പ്രകൃതിയെ വളരെ അധികം ദോഷകരമായി ബാധിക്കുമെന്നറിഞ്ഞിട്ടും പദ്ധതിയുമായി മുന്നോട്ട് പോകുവാനുള്ള കാരണം ജനങ്ങൾ തിരിച്ചറിയട്ടെ എന്നും മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അതിവേഗ റെയിൽ എന്ന ആശയം കൊണ്ട് വന്നതും അതുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾ നടക്കുന്നതും. ശേഷം യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിശദമായ റിപ്പോർട്ട് ലഭിക്കുകയും കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല എന്ന് മനസ്സിലാക്കുകയും പദ്ധതി വേണ്ടന്ന് വയ്ക്കുകയുമായിരുന്നു. കാരണം വലിയ പണച്ചെലവ് ഇതിനായി വേണ്ടി വരും. കൂടാതെ സ്ഥലമേറ്റെടുപ്പ് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. പ്രകൃതിക്കും കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും അനുയോജ്യമല്ലാത്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന്റെ ഉദ്ദേശം സാധാരക്കാരായ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാൽ കെ റെയിൽ എതിർ വികാരവും തിരഞ്ഞെടുപ്പിൽ ആഞ്ഞടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫും കോൺഗ്രസ്സും വികസനത്തിനെ എതിർക്കുന്നു എന്ന് പറയുമ്പോഴും ഈ സർക്കാരിന് ചൂണ്ടിക്കാണിക്കാൻ പ്രത്യേകിച്ച് വികസനമൊന്നും ഇല്ല. കൊച്ചി മെട്രോയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമെല്ലാം യുഡിഎഫ് ഭരണകാലത്താണ് വന്നത്. കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേക്ക് നീളം കുറവാണ് എന്ന് പറഞ്ഞു പ്രതിഷേധവുമായി എത്തിയ എൽഡിഎഫ് ആറു വർഷം ഭരിച്ചിട്ടും ഒരു മീറ്റർ പോലും നീളം കൂട്ടാൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോൾ അത്തരം വാദങ്ങൾ എല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കെസ്ആർടിസിയിൽ യുഡിഎഫിന്റെ ഭരണ കാലത്ത് അഞ്ച് കൊല്ലത്തിൽ ഒരു ദിവസം മാത്രമാണ് ശമ്പളം വൈകിയത്. അന്ന് ശമ്പളം വൈകിയതിനെതിരെ സമരം ചെയ്തവരാണ് മാർക്സിസ്റ്റ് പാർട്ടിക്കാർ. എന്നാൽ ഇപ്പോൾ എൽഡിഎഫ് ഗവണ്മെന്റ് പറയുന്നത് ശമ്പളം കൊടുക്കേണ്ടത് സർക്കാരിന്റെ ചുമതലയല്ല എന്നും. ഇതിൽ നിന്നും തന്നെ ജനങ്ങൾക്ക് ഈ സർക്കാരിന്റെ ഭരണ മികവ് തിരിച്ചറിയാൻ സാധിക്കും. കൊച്ചി മെട്രോ നഷ്ടത്തിലാകാനുള്ള പ്രധാന കാരണം ഇപ്പോഴുള്ള സംവിധാനങ്ങൾ വേണ്ട രീതിയിൽ ഉപയോഗിക്കാത്തതാണ് എന്നും അദ്ദേഹം പറയുന്നു. കൊച്ചി മെട്രോയുടെ കീഴിലുള്ള കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയും പരസ്യങ്ങൾ നൽകിയും യാത്രക്കാർക്ക് ആവശ്യമായ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയുമെല്ലാം കൂടുതൽ വരുമാനം ഉണ്ടാക്കാം. അത്തരത്തിലുള്ള നടപടികളാണ് ഈ സർക്കാർ സ്വീകരിക്കേണ്ടത്. അങ്ങനെ മെട്രോയെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ കഴിയും.

തൃക്കാക്കരയിലെ ജനങ്ങൾ എക്കാലവും യുഡിഎഫിന്റെ ഒപ്പമാണ്. ഇത്തവണയും സത്യസന്ധതയുടെ പക്ഷത്ത് തന്നെ അയിരിക്കും ജനങ്ങൾ നിൽക്കുക. അതിനാൽ വൻ ഭൂരിപക്ഷത്തിൽ തന്നെ ഉമാ തോമസ് വിജയിക്കുമെന്നും ഉമ്മൻ ചാണ്ടി ആത്മവിശ്വാസത്തോടെ പറയുന്നു. പി.ടി യുടെ വിടവ് തൃക്കാക്കരക്ക് മാത്രമല്ല കേരളത്തിന്റെ മുഴുവൻ നഷ്ടമാണ്. ആനഷ്ടം നികത്താൻ ഉമാ തോമസിനാവുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. എറണാകുളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം നൽകിയിട്ടുള്ളത് കോൺഗ്രസ്സാണ്. തുടർന്നും അത്തരം പ്രവർത്തനങ്ങൾ തൃക്കാക്കരയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ നിന്ന് തന്നെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ജനാധിപത്യ രീതിയിലുള്ള ഏത് മാർഗവും സ്വീകരിക്കുന്നത് നല്ലതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ സർക്കാർ സംവിധാനങ്ങൾ അതിനായി ദുരുപയോഗം ചെയ്യുമെങ്കിൽ അതിനെ ശക്തമായി യുഡിഎഫ് എതിർക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP