Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പ്രതികാരം എന്റെ അജണ്ടയിൽ ഇല്ല; പറയുന്ന ഒരു വാക്ക് തെറ്റിപ്പോയാൽ അസ്വസ്ഥനാവുന്ന വ്യക്തിയാണ് ഞാൻ; സോളാർ കേസിന് പിന്നിൽ ഗണേശ്‌കുമാറാണെന്ന് കരുതുന്നില്ല; ഞാൻ ഏറ്റവും കൂടുതൽ വിവാദങ്ങളിൽപെട്ടത് ഇത്തരം ചില സുഹൃത്തുക്കളെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിലാണ്; പിണറായിയെ ജനം വിലയരുത്തട്ടെ'; സരിതയും ഗണേശും പിന്നെ വിവാദ ട്രെയിൻ യാത്രയും; താൻ നേരിട്ട അഗ്നിപരീക്ഷകൾ മറുനാടനോട് വിവരിച്ച് ഉമ്മൻ ചാണ്ടി; ഷൂട്ട് അറ്റ് സൈറ്റ് അവസാനഭാഗം

'പ്രതികാരം എന്റെ അജണ്ടയിൽ ഇല്ല; പറയുന്ന ഒരു വാക്ക് തെറ്റിപ്പോയാൽ അസ്വസ്ഥനാവുന്ന വ്യക്തിയാണ് ഞാൻ; സോളാർ കേസിന് പിന്നിൽ ഗണേശ്‌കുമാറാണെന്ന് കരുതുന്നില്ല; ഞാൻ ഏറ്റവും കൂടുതൽ വിവാദങ്ങളിൽപെട്ടത് ഇത്തരം ചില സുഹൃത്തുക്കളെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിലാണ്; പിണറായിയെ ജനം വിലയരുത്തട്ടെ'; സരിതയും ഗണേശും പിന്നെ വിവാദ ട്രെയിൻ യാത്രയും; താൻ നേരിട്ട അഗ്നിപരീക്ഷകൾ മറുനാടനോട് വിവരിച്ച് ഉമ്മൻ ചാണ്ടി; ഷൂട്ട് അറ്റ് സൈറ്റ് അവസാനഭാഗം

മറുനാടൻ ഡെസ്‌ക്‌

വൈരനിര്യാതനബുദ്ധി വെച്ചുപുലർത്തുകയും, വിമർശനത്തോട് അങ്ങേയറ്റം അസഹിഷ്ണുത കാട്ടുകയും, ചോദ്യങ്ങൾ ചോദിക്കുന്നത് തടസപ്പെടുത്തകയും ചെയ്യുന്ന ആധുനികകാല നേതാക്കൾക്കിടയിൽ ഒരു അത്ഭുതമാവുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികാരം എന്നൊന്ന് തന്റെ അജണ്ടയിൽ ഇല്ലെന്നും, പറയുന്നഒരു വാക്കുപോലും ഒരു വാക്ക് തെറ്റിപ്പോയാൽ അസ്വസ്ഥനാവുന്ന വ്യക്തിയാണ് താൻ എന്നും അദ്ദേഹം പറയുന്നു. സോളാർ കേസിൽ തന്നെ വേട്ടയാടിയവരോടുപോലും അദ്ദേഹം ക്ഷമിക്കയാണ്. അതുപോലെ സ്വപ്ന വിവാദത്തിൽ വ്യക്തിപരമായി ഭരണപക്ഷ നേതാക്കളെ ആക്രമിക്കാൻ തയ്യാറല്ലെന്ന് മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ ഈ മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കുന്നു. സരിതയും ഗണേശും പിന്നെ വിവാദ ട്രെയിൻ യാത്രയുമൊക്കെയായി ജീവിതത്തിൽ താൻ നേരിട്ട അഗ്നിപരീക്ഷകളിലൂടെ സഞ്ചരിക്കയാണ് അദ്ദേഹം. ഈ വിവാദങ്ങളിൽ ഒന്നും തന്നെ ഒരു തരിപോലും സത്യമില്ലെന്ന് തന്റെ മനസാക്ഷിക്ക് ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് ഹീനമായ വ്യകതിഹത്യക്കാലത്തും തനിക്ക് പ്രശ്നം ഒന്നും ഇല്ലാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.മറുനാടൻ മലയാളിയുടെ 'ഷൂട്ട് അറ്റ് സൈറ്റ്' പരിപാടിൽ പങ്കെടുത്ത് എഡിറ്റർ ഷാജൻ സ്‌കറിയയുമായി ഉമ്മൻ ചാണ്ടി നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.

ചോദ്യം: മറ്റുള്ളവരുടെ വീക്ഷണം കൂടി കേട്ട് ചിന്തിക്കുന്നതുകൊണ്ടാണ് ശത്രുതയുണ്ടാവാത്തത് എന്ന് അങ്ങ് പറയുന്നു. ഗണേശ് കുമാറിനോട് ശത്രുതയില്ലേ. അത്രക്ക് വ്യക്തിപരമായ ആക്രമണമല്ലേ ഗണേശ് അഴിച്ചുവിട്ടത്. താങ്കളുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും അപമാനം ഉണ്ടാക്കിയ വിഷയമാണ് സോളാർ കേസ്. അതിന്റെ പിന്നിൽ ഗണേശായിരുന്നില്ലേ. എന്നിട്ടും ഗണേശിനോട് വിരോധമില്ലേ?

ഉമ്മൻ ചാണ്ടി: ഞാൻ ഏറ്റവും കൂടുതൽ വിവാദങ്ങൾ കേൾക്കേണ്ടി വന്നത് ഇങ്ങനെയുള്ള ചില സുഹൃത്തുക്കളെ രക്ഷിക്കാൻ വേണ്ടി നടത്തിയ ശ്രമത്തിന് ഇടയിലാണ്. പക്ഷേ എനിക്കതിൽ പരാതിയൊന്നുമില്ല. അദ്ദേഹം എനിക്ക് അറിയാവുന്നിടത്തോളം എനിക്കെതിരെ നേരിട്ട് ഒന്നും ചെയ്തിട്ടില്ല. ഞാനിപ്പോളും ആ ആരോപണങ്ങൾ വിശ്വസിക്കുന്നില്ല. ഗണേശ് അതിനകത്ത് ഇങ്ങനെ ഒരു റോൾ എടുത്തു എന്ന് വിശ്വസിക്കുന്നില്ല. വിശ്വസിച്ചാൽ എനിക്ക് പിന്നെ ടെൻഷൻ ആണ്.

ആ സമയത്ത് രാഷ്ട്രീയ പ്രവർത്തനം നിർത്തണമെന്ന് തോന്നിയിട്ടുണ്ടോ?

ഉമ്മൻ ചാണ്ടി: ഇല്ല. ഞാൻ ഒരു തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്തിമമായി എനിക്ക് അനുകൂലമായിട്ടുവരും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. ഞാൻ ഒരു ചെറിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ എനിക്ക് കിട്ടും. പറയുന്ന ഒരു വാക്ക് തെറ്റിപ്പോയാൽ അസ്വസ്ഥനാവുന്ന വ്യക്തിയാണ് ഞാൻ. ഇപ്പോൾ ഈ ഇന്റവ്യൂ വന്നു കഴിഞ്ഞാൽ ഉടനെ പലരും എന്നെ വിളിക്കും. ഓരോ ഇന്റർവ്യൂ കഴിയുമ്പോഴും അങ്ങനെയാണ്. പക്ഷേ ഒരാൾ വിളിച്ച് അതിൽ ഇന്നയാളെക്കുറിച്ച് പറഞ്ഞത് മോശമായിപ്പോയി എന്നു പറഞ്ഞാൽ എനിക്ക് ആകെ അസ്വസ്ഥതയാണ്. ആ ആളിന് വിഷമമുണ്ടാകില്ലേ അദ്ദേഹത്തിന്റെ കുടുംബത്തിന് വിഷമം ഉണ്ടാവില്ലേ, ഞാനാണല്ലോ അതിന് കാരണക്കാരൻ എന്ന ചിന്ത. അതേസമയത്ത് ഇത്ര വലിയ ഗുരുതരമായ ഏത് കാര്യം പറഞ്ഞാലും, എനിക്ക് മനസാക്ഷിക്കുത്തില്ലെങ്കിൽ ഒരു പ്രശ്‌നവും ഇല്ല. ഞാൻ തികഞ്ഞ ആത്മവിശ്വാസത്തോടു കൂടി തന്നെ മുന്നോട്ടുപോവും. എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നിട്ടുള്ള മുഴുവൻ സാഹചര്യങ്ങളും എടുത്തുനോക്കിയാൽ ഇത് നൂറുശതമാനം ശരിയാണ്.

ഞാൻ ആദ്യത്തെ തവണ മുഖ്യമന്ത്രിയായപ്പോൾ അമൃത ട്രയിനിൽ യാത്രചെയ്തപ്പോൾ സമാനമായ ഒരു വിവാദം ഉണ്ടായിരുന്നു. എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. 43 കൊല്ലമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ആ സമയത്തിനും മുമ്പും പിമ്പുമൊക്കെ എപ്പോഴൊക്കെ ഞാൻ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടോ, അപ്പോഴൊക്കെ എംഎൽഎ ആൻഡ് വൺ കമ്പാനിയൻ എന്ന് കാണാം. കമ്പാനിയൻ ആരും ആകാം. പക്ഷേ അന്നൊരു ദിവസം മാത്രം ഞാൻ മാത്രമേ യാത്ര ചെയ്തുള്ളൂ. മറ്റേത് പ്രത്യേക ടിക്കറ്റാണ്. എന്താണെന്ന് ചോദിച്ചാൽ കാനറ ബാങ്കിലെ ഉദ്യോഗസ്ഥയായിരുന്നു. അവരുടെ ഒരു ഔദ്യോഗിക ആവശ്യത്തിന് വേണ്ടിയാണ് പോയത്. ബാങ്ക് ടിക്കറ്റ് എടുത്ത് അവർ ടിഎ കൊടുത്ത് വിടുന്നതുകൊണ്ട് എന്റെ എംഎൽഎ കൂപ്പൺ ഉപയോഗിച്ചില്ല. വിമൺസ് ഡേ ആയിരുന്നു പിറ്റേദിവസം. അവിടുത്തെ ഫോട്ടോയും ജില്ലാ കലക്ടറും പുള്ളിക്കാരിയുമായി ഇരിക്കുന്ന ഫോട്ടോയുണ്ട്. വാർത്തയുണ്ട്. പിന്നെ പിസി ചാക്കോ, അന്നത്തെ ഐഎൻടിയുസി പ്രസിഡന്റ് സുരേഷ്ബാബു, പിന്നെ അന്ന് ധനകാര്യമന്ത്രിയായിരുന്നു ശങ്കരനാരായണന്റെ പ്രൈവറ്റ് സെക്രട്ടറിയും കുടുംബവും. ഇത്രയും പേർ നമ്മുടെ കൂടെയുണ്ടായിരുന്നു. പക്ഷേ എന്നിട്ടും ആരോപണം വന്നു. പക്ഷേ എനിക്കൊന്നും ഉണ്ടായില്ല.

അതൊക്കെ വെറും ശത്രു സർക്കിളിൽ മാത്രമായിരുന്നല്ലോ. പക്ഷേ പൊതുസമൂഹത്തിൽ വന്നത് സോളാർ ആയിരുന്നല്ലോ.

ഉമ്മൻ ചാണ്ടി: അതും എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അതുകഴിഞ്ഞ് ഈ ഗവൺമെന്റ് വന്നില്ലേ. എന്തു ചെയ്തു.

സോളാർ കമ്മീഷനെ വെച്ചത് തെറ്റായിപ്പോയി എന്ന് പിന്നീട് തോന്നിയിട്ടുണ്ടോ? കമീഷന്റെ മുന്നിൽ പോയി രാത്രിയും പകലും ഇരിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ?

ഉമ്മൻ ചാണ്ടി: രാത്രിയും പകലും മാത്രമല്ല, എത്ര ദിവസം ഉണ്ടായിരുന്നു. ചീഫ് മിനിസ്റ്റർ ആയിരിക്കുമ്പോൾ ആണ് ഈ പതിനാല് മണിക്കൂർ. അതും കഴിഞ്ഞുമുണ്ടായി. നിയമസഭയിൽ ഒരു വിഷയത്തെക്കുറിച്ച് അടിയന്തര പ്രമേയം ഒരിക്കലേ പറ്റൂ. പക്ഷേ എട്ടു ദിവസം അടുപ്പിച്ചു വന്നു ഇത്. അപ്പോൾ എല്ലാ ദിവസവും സ്പീക്കർ വിളിച്ച് ചോദിക്കും, ഞാൻ ഇത് അനുമതി നിഷേധിക്കയാണെന്ന്. പക്ഷേ ഞാൻ പാടില്ല എന്നാണ് പറഞ്ഞത്. കാരണം അവർ പറയാനുള്ളത് പറയട്ടെ. തെളിവുകൾ കൊണ്ടുവരട്ടെ. ഈ പറയുന്നവർക്ക് ഇത് പറഞ്ഞു പറഞ്ഞ് മടുക്കുകയാണ്. കാരണം വേറെ ഒന്നും ഇല്ല. ഞാൻ മുഖ്യമന്ത്രി അല്ലാതായിട്ട് എഴുദിവസം എട്ടു ദിവസം മുഴുവനായി സോളാർ കമ്മീഷന് മുമ്പാകെ പോയി. അപ്പോൾ എനിക്ക് തിരിച്ച് ചോദിക്കാം. ഈ ആരോപണം ഉന്നയിച്ചവർ ഒക്കെ അവിടെ വന്നോ. ഒരു തെളിവ് ആരും കൊണ്ടുവന്നിട്ടില്ല. ഞാൻ ഈ എട്ടുദിവസവും ഇവരുടെ വക്കീലന്മാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ഒരാൾക്കും ഒരു ആക്ഷേപവും കൊണ്ടുവരാൻ സാധിച്ചില്ല. നിയമസഭയിൽ അവർക്ക് മുഴുവൻ സമയവും കൊടുത്തു. കമ്മീഷനുമുന്നിൽ എന്ത് ചോദ്യവും ചോദിക്കാനുള്ള അവസരവും കൊടുത്തു. ചില ചോദ്യങ്ങൾ എന്റെ അഡ്വക്കേറ്റ് എതിർക്കും. അപ്പോൾ ഞാൻ മറുപടി പറഞ്ഞോളാം എന്നാണ് ഞാൻ പറയാറുള്ളത്. അങ്ങനെ അല്ലായിരുന്നെങ്കിൽ വക്കീൽ തടഞ്ഞതുകൊണ്ട് എനിക്കെന്റെ ചോദ്യം ചോദിക്കാൻ കഴിഞ്ഞില്ല എന്ന ആക്ഷേപം വന്നേനെ.

ഇതിനേക്കാൾ എത്രയോ ഗുരുതരമായ വിഷയമാണ് സ്വപ്ന. കേന്ദ്ര അന്വേഷണ ഏജൻസി ദേശവിരുദ്ധ പ്രവർത്തനത്തിന് കേസ് എടുത്തിരിക്കുന്ന വ്യകതിയാണ്. എന്തുകൊണ്ടാണ് താങ്കൾ ഇത് അതിശക്തമായി ഉപയോഗിക്കാത്തത്. എന്താണ് തിരിച്ച് ആക്രമിക്കാത്തത്. ഇതുപോലെ ഒരു അവസരം ഇനിയെന്ന് കിട്ടും?

ഉമ്മൻ ചാണ്ടി: പ്രതികാരം എന്റെ അജണ്ടയിൽ ഇല്ല. അത് ഒരിക്കലും ചെയ്യില്ല. കാരണം ഞാൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എനിക്ക് ദോഷം ഉണ്ടാവില്ലെന്നത് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. അത് എന്റെ ജീവിതത്തിൽ എല്ലാക്കാലവും നടന്നിട്ടുള്ള കാര്യമാണ്. ഇത് ഞങ്ങൾ ആരും അറിഞ്ഞിട്ടുള്ളതാണോ. പക്ഷേ വന്നു. പബ്ലിക്ക് വിലയിരുത്തുന്നുണ്ട്. പലരും എന്നെ വിലയിരുത്തുന്നുണ്ട്. ഞാൻ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. എനിക്ക് ആരോടും വിരോധമില്ല എന്ന്. എന്നെ പലരും വിളിച്ചുപറഞ്ഞു. ഇത് അന്തസ്സായ നിലപാട് തന്നെയാണെന്ന്. അതൊക്കെ ജനങ്ങൾ മനസ്സിലാക്കും. തെറ്റുചെയ്തില്ലെങ്കിൽ, ഒരു പ്രശനവുമില്ല.

പ്രതികാരം എന്നല്ല ഉദ്ദേശിച്ചത്.സ്വപ്ന വിഷയത്തിലൊക്കെ സിപിഎമ്മിനെ അറ്റാക്ക് ചെയ്യേണ്ടതല്ലേ?

ഉമ്മൻ ചാണ്ടി: അത് പാർട്ടി നേതൃത്വം ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അത് സജീവമായി ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടുവന്ന പല പ്രശ്‌നങ്ങളും ആദ്യം അവർ നിസ്സാരവത്ക്കരിക്കാൻ ശ്രമിച്ചു. പിന്നെ മറുപടി പറയാതെ അവഗണിക്കാൻ ശ്രമിച്ചു. പക്ഷേ പിന്നീടെന്തായി, പറയുന്നത് സത്യമാണെന്ന് ജനങ്ങൾക്ക് കൂടി ബോധ്യപ്പെട്ടു.

താങ്കൾ സോളാർ കമ്മീഷനിൽ ഇത്രയും ദിവസം പോയി മൊഴികൊടുക്കുന്നു. എന്നാൽ വിചാരണപോലുമില്ലാതെ ലാവലിൻ കേസിൽനിന്ന് തടിതപ്പാൻ പിണറായി ശ്രമിക്കുന്നു. ലാവലിൻ കേസിൽ വിചാരണ നേരിടണം എന്ന അഭിപ്രായമില്ലാ?

ഉമ്മൻ ചാണ്ടി: നിയമം നിയമത്തിന്റെ വഴിക്കും, കോടതി കോടതിയുടെ വഴിക്കും മുന്നോട്ട് നീങ്ങുകയാണ്. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതൊരു പ്രതികാരം ആയിട്ടേ കാണുള്ളൂ. പക്ഷേ എനിക്ക് അങ്ങനെയില്ല. സത്യം തെളിയട്ടേ. നിയമപരമായ നടപടികൾ അങ്ങനെ തന്നെ നടക്കട്ടേ.

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെക്കുറിച്ച് എന്താണ് അഭിപ്രായം?

ഉമ്മൻ ചാണ്ടി: ഞാനല്ല. ജനങ്ങളാണ് അത് വിലയിരുത്തേണ്ടത്. അത് വിലയിരുത്താൻ ഒട്ടും പറ്റിയ ആളല്ല ഞാൻ. കാരണം ഞാനും മുഖ്യമന്ത്രിയായിട്ട് ഇരുന്നയാളാണ്. ഓരോരുത്തർക്കും അവരവരുടേതായ ശൈലിയുണ്ട്. അവരവരുടേതായ പ്രവർത്തന രീതിയുണ്ട്. ഞാൻ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന് ഞാൻ പറഞ്ഞാൽ മതിയോ. ഏതാണ് ശരി, ഏതാണ് നാടിന് പ്രയോജനം എന്നുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെ.

മാധ്യമങ്ങൾക്കുനേരെയുള്ള പിണറായിയുടെ ധാർഷ്ട്യം വിമർശിക്കപ്പെടേണ്ടതല്ലേ. ഒരു മാധ്യമ പ്രവർത്തകൻ രണ്ടു ചോദ്യം ചോദിച്ചാൽ ഉത്തരം പറയില്ല എന്നൊക്കെയാണ് ഇപ്പോൾ പറയുന്നത്.

ഉമ്മൻ ചാണ്ടി: ചോദ്യങ്ങൾ നിയമസഭയിൽ ആയാലും, പത്രക്കാരുടേത് ആയാലും അതിന് മറുപടി പറയണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. മറുപടി പറയുന്നില്ലെങ്കിൽ മറുപടി ഇല്ലാത്തതുകൊണ്ടാവും എന്നാണ് ആളുകൾ കരുതുക. ഞാൻ അടിയന്തര പ്രമേയത്തിന് സാങ്കേതികത്വം പറഞ്ഞ് തടയരുത് എന്ന് പറയുന്നത് ഞങ്ങൾക്ക് പലതും പറയാനുണ്ടായിരുന്നു സമയം കിട്ടിയില്ല എന്ന് പറയാൻ പിന്നീട് ആർക്കും കഴിയരുത് എന്ന ബോധ്യത്തിൽ നിന്നാണ്. എന്തൊക്കെ നോട്ടീസ് കൊടുത്തോ, അതെല്ലാം സമ്മതിച്ചിട്ടുണ്ട്. കമ്മീഷൻ എത്ര ദിവസം പറഞ്ഞിട്ടുണ്ടോ, അത്രയും ദിവസം പോയിട്ടുണ്ട്.

പ്രതിപക്ഷത്തെ ഒരു പ്രമുഖ നേതാവ് എന്ന നിലയിൽ സർക്കാരിനേയും മുഖ്യമന്ത്രിയും എല്ലാം കടുത്ത രീതിയിൽ വിമർശിക്കണ്ടേ?

ഉമ്മൻ ചാണ്ടി: പ്രതിപക്ഷ നേതാവും, കെപിസിസി. സെക്രട്ടറിയുമെല്ലാം ആ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നുണ്ട്. മാത്രമല്ല രമേശ് ഉയർത്തിക്കൊണ്ടുവന്ന എല്ലാ കാര്യങ്ങളും തെളിവുകൾ സഹിതം ജനങ്ങളെ ബോധ്യപ്പെടുന്ന രീതിയിലേക്ക് എത്തിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് നന്നായി വർക്ക് ചെയ്യുന്നുണ്ട് എന്നാണോ അങ്ങയുടെ അഭിപ്രായം?

ഉമ്മൻ ചാണ്ടി: അദ്ദേഹത്തിന്റെ പ്രവർത്തനത്തെ കുറിച്ച് യാതൊരു സംശയവുമില്ല. ജനങ്ങൾ വിലയിരുത്തുന്നത് മാർക്‌സിസ്റ്റ് പാർട്ടിയുടെ സമയത്തെ പ്രതിപക്ഷ പ്രവർത്തനങ്ങളുമായിട്ടാണ്. അത് കോൺഗ്രസിന് പറ്റില്ല, യു.ഡി.എഫിന് പറ്റില്ല. അവർ നിയമസഭ തല്ലിപ്പൊളിച്ചു. സ്പീക്കറുടെ കസേര മറിച്ചിട്ടു. എന്തൊക്കെയാണ് അവർ കാട്ടിയത്. അത് യു.ഡി.എഫ് കാണിച്ചാൽ ആരെങ്കിലും അംഗീകരിക്കുമോ?

അന്നും നിങ്ങൾ തമ്മിൽ നല്ല യോജിപ്പിൽ തന്നെ ആയിരുന്നല്ലോ?

ഉമ്മൻ ചാണ്ടി: ദീർഘകാലം ഞാൻ പാർലമെന്ററി പാർട്ടി ലീഡറായിരിക്കുമ്പോൾ അദ്ദേഹമായിരുന്നു കെപിസിസി പ്രസിഡന്റ് .നല്ല ബന്ധമാണ്. എന്റെ മന്ത്രിസഭയിലെ ഹോം മിനിസ്റ്റർ ആയിരിക്കുമ്പോഴും അത് അങ്ങനെ തന്നെയാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്.

കൊലപാതക രാഷ്ട്രീയത്തിൽ നിലപാട് എടുക്കുന്ന കോൺഗ്രസ് വെഞ്ഞാറമ്മൂട് കേസിൽ പെട്ട് പോയില്ലെ?

ഉമ്മൻ ചാണ്ടി: ഒരിക്കലുമില്ല അതിന്റെ സത്യം പുറത്ത് വരട്ടെ.. അക്രമണ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഒരു കോംമ്പ്രമൈസും ഉണ്ടാകില്ല. കൊലപതാക രാഷ്ടട്രീയത്തെ പിന്തുണയ്ക്കുന്ന സമീപനം കോൺഗ്രസിന് ഇല്ല. അത്തരക്കാർക്ക് കോൺഗ്രസിൽ സ്ഥാനമില്ല. ഇപ്പോൾ പിടിക്കുമെന്ന് പറയുന്നുണ്ടല്ലോ. കോൺഗ്രസ് അക്രമത്തിന് കൂട്ടുനിൽക്കില്ല. അത്തരക്കാരെ സംരക്ഷിക്കത്തുമില്ല.

കോൺഗ്രസിലെ പുതുതലമുറയെ കുറിച്ചുള്ള അഭിപ്രായം?

ഉമ്മൻ ചാണ്ടി: അവർ വളരെ സമർത്ഥരാണ്..അവർ നല്ല നിലയിൽ സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നു. ജനാധിപത്യത്തിൽ എപ്പോഴും സംവാദങ്ങൾ പതിവാണ്. അതിൽ മികച്ച കഴിവാണ് പുതിയ തലമുറയിൽപ്പെട്ടവർ നടത്തുന്നത്.

ശശി തരൂർ വിമത വേഷം കെട്ടുന്നെന്ന് തോന്നുന്നുണ്ടോ?

ഉമ്മൻ ചാണ്ടി: അദ്ദേഹം പറഞ്ഞ അല്ലെങ്കിൽ ഒപ്പിട്ടതിനെ ചൊല്ലിയാണ് വിവാദം പുകയുന്നത്. പരസ്യപ്പെടുത്തിയത് ശരിയായ നടപടിയല്ല. അത് പാർട്ടിയിലാണ് പറഞ്ഞിരുന്നതെങ്കിൽ ഓക്കെ.. പുറത്ത് പറഞ്ഞത് ഒട്ടും ശരിയല്ല. കോൺഗ്രസ് പാർട്ടിയിൽ ഒരു ലീഡർഷിപ്പ് ക്രൈസിസ് ഇല്ല. എല്ലാവർക്കും രാഹുൽഗാന്ധി വരണം എന്നാണ് ആഗ്രഹം. 23 പേർക്കിടയിലും അദ്ദേഹം വരുന്നില്ല എന്നത് മാത്രമാണ് പരാതി. അദ്ദേഹം വരും എന്നതാണ് വിശ്വാസം.

വന്നില്ലെങ്കിൽ കോൺഗ്രസ് എന്തുചെയ്യും, പ്രിയങ്കയ്ക്ക് സാധ്യത?

ഉമ്മൻ ചാണ്ടി: അദ്ദേഹം ലീഡർഷിപ്പ് ഏറ്റെടുക്കും ഏറ്റെടുത്തേ മതിയാകു. കോൺഗ്രസിന്റെ മാത്രം ആവശ്യം അല്ല.. രാജ്യത്തിന്റെ ആവശ്യമാണത്. നേതൃരംഗത്ത് തന്നെയാണ് പ്രിയങ്കയും.

രാജ്യം നേരിടുന്ന പ്രതിസന്ധിയിൽ കോൺഗ്രസ് പിന്നോട്ട് പോകുന്നില്ലേ?

ഉമ്മൻ ചാണ്ടി: ജനാധിപത്യത്തിൽ നല്ലകാലവും കാണും മോശം കാലവും കാണും. കോൺഗ്രസിന് ഒരു മോശം കാലമാണ്. പക്ഷേ ആ മോശം കാലത്താണ് കോൺഗ്രസിന്റെ പ്രാധാന്യം ആളുകൾ മനസിലാക്കുന്നത് ഇപ്പോഴാണ്. കോൺഗ്രസ് ആയിരുന്നെങ്കിൽ നോട്ട് നിരോധനം ഉണ്ടാകുമായിരുന്നോ. ജി.എസ്.ടി കൂടുമായിരുന്നു. കർഷക ബില്ല് തന്നെ ഒടുവിലത്തെ ഉദാഹരണമാണ് എന്തുകൊണ്ട് ഒരു ചർച്ച നടത്തിയില്ല..സംസ്ഥാനങ്ങളുമായി നടത്തിയില്ല, കൃഷി സ്റ്റേറ്റിന്റെ പരിതിയിൽ വരും. കേന്ദ്രം ഇടപെടുന്നതിന് ഒരു മര്യാദയില്ലേ. അവരുടെ അഭിപ്രായം ഉൾക്കൊള്ളണ്ടേ.

മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യെണ്ടേ. കോൺഗ്രസിന്റെ അസാന്നിധ്യവും കോൺഗ്രസ് ഇല്ലാത്തതിന്റെ പ്രശ്‌നങ്ങളും ജനങ്ങൾ ഇന്ന് മനസിലാക്കുകയാണ്. മോശമായ ഈ കാലഘട്ടത്തിൽ കോൺഗ്രസിന് അനുകൂലമായി ജനമനസുകളിൽ ഒരു സ്ഥാനമുണ്ടായികൊണ്ടിരിക്കുകയാണ്.

മോദിയും അമിത്ഷായും അവകാശപ്പെടുന്നത് വരുന്ന 25 വർഷം അവർ ഭരിക്കുമെന്നാണ്?

ഉമ്മൻ ചാണ്ടി: (ചിരിക്കുന്നു) ആദ്യം 2024 കഴിയട്ടെ പിന്നാലെയാകാം ബാക്കി കാര്യങ്ങൾ.

ആന്ധ്രയിലെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജഗന്മോഹനെ തിരികെ കൊണ്ടുവരാൻ സാധിക്കുമോ?

ഉമ്മൻ ചാണ്ടി: അതിൽ കുറേ രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉണ്ട്. ജഗമോഹന് എതിരായുള്ള കേസുകൾ ഉണ്ട്. ജഗന്മോഹൻ തിരിച്ച് വരാനുള്ള സാധ്യതകളെ കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല.. പക്ഷേ കോൺഗ്രസ് ശക്തിപ്പെട്ടെ മതിയാകു എന്ന വികാരം ഉണ്ടായിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ഒരുപോലെ ശ്രദ്ധിക്കാനാണോ താൽപര്യം?

ഉമ്മൻ ചാണ്ടി: പാർട്ടി എന്താണോ പറയുന്നത്.അത് അനുസരിക്കാനാണ് തീരുമാനം.

താങ്കളുടെ ഭരണകാലം ശരിക്കും മാധ്യമ പ്രവർത്തകർക്കും പാഠമായിരുന്നു. അന്ന് ആ സർക്കാറിനെ രൂക്ഷമായി വിമർശിച്ച ഞങ്ങൾ അടക്കമുള്ളവർ ഇപ്പോഴത്തെ സർക്കാറിന്റെ പ്രവർത്തന രീതി കണ്ടപ്പോഴാണ്, ഉമ്മൻ ചാണ്ടി സർക്കാർ എത്രമാത്രം ജനാധിപത്യവാദികൾ ആയിരുന്നുവെന്ന് മനസ്സിലാക്കുന്നത്.

ഉമ്മൻ ചാണ്ടി: രാഷ്ട്രീയത്തിൽ ദുരഭിമാനം ഉണ്ടാകാൻ പാടില്ല. രാഷ്ട്രീയത്തിൽ അസഹിഷ്ണതയുണ്ടാകാൻ പാടില്ല..രാഷ്ട്രീയത്തിൽ വിമർശനം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആ വിമർശനത്തെ ഞാൻ സ്വാഗതം ചെയ്യുകയാണ്. വിമർശനം ഇല്ലെങ്കിൽ ഞാൻ പോലും ചിലപ്പോൾ വഴി തെറ്റിയെന്ന് ഇരിക്കും. ഞാൻ ചോദ്യം ചെയ്യപ്പെടാത്ത ആളാണ്, എന്നെ ആരും എതിർക്കാനില്ല എന്ന് കണ്ടാൽ എനിക്ക് എന്തും ചെയ്യാവുന്ന ഒരു തോന്നൽ വരും .. മാത്രമല്ല കൂടെ നിൽക്കുന്നവരും എന്റെ മേൽ സമ്മർദ്ദം ചെലുത്തും. ദുരഭിമാനവും വിമർശനത്തോടുള്ള അസഹിഷ്ണുതയും ഒരിക്കലും ഉണ്ടാകാൻ പാടില്ല. തെറ്റ് തിരുത്തുന്നതിൽ ഏറ്റവും വലിയ കാര്യമാണ്. മാധ്യമങ്ങളുടെ സ്‌ക്രൂട്ടണിയുള്ളതുകൊണ്ടാണ് ഞാൻ പോലും ഇങ്ങനെ നിലനിൽക്കുന്നത്. അല്ലെങ്കിൽ എന്റെ പുറത്തും സമ്മർദങ്ങൾ വരും, തെറ്റ് ചെയ്യിക്കാൻ. എപ്പോഴും ജനാധിപത്യത്തിന്റെ ശക്തിയെന്ന് പറയുന്നത് സംവാദങ്ങളും, സഹിഷ്ണുതയോട് കൂടി മറ്റുള്ളവരുടെ കാര്യങ്ങൾ കേൾക്കലുമാണ്.

( അവസാനിച്ചു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP