Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

മന്ത്രി പദവിയിൽ ഏറെ വേദനിപ്പിച്ചത് ശബരിമലയിലെ പ്രശ്നങ്ങൾ; ഈ വിഷയത്തിൽ എന്തുപറഞ്ഞാലും വിവാദം ആകുന്നതുകൊണ്ട് മിണ്ടുന്നില്ല; കേരള ബാങ്കിലെ വിവാദങ്ങൾ തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായത്: ഷൂട്ട് അറ്റ് സൈറ്റിൽ മനസ് തുറന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മന്ത്രി പദവിയിൽ ഏറെ വേദനിപ്പിച്ചത് ശബരിമലയിലെ പ്രശ്നങ്ങൾ; ഈ വിഷയത്തിൽ എന്തുപറഞ്ഞാലും വിവാദം ആകുന്നതുകൊണ്ട് മിണ്ടുന്നില്ല; കേരള ബാങ്കിലെ വിവാദങ്ങൾ തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായത്: ഷൂട്ട് അറ്റ് സൈറ്റിൽ മനസ് തുറന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു മന്ത്രി എന്ന നിലയിൽ തന്നെ ഏറ്റവും വേദനപ്പിച്ചത് ശബരിമലയിലെ പ്രശ്‌നങ്ങളാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം മന്ത്രി എന്ന നിലയിലാണ് തനിക്ക് വ്യക്തിപരമായി ഒട്ടേറെ പ്രശ്‌നങ്ങൾ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിലാണ് കഴിഞ്ഞ അഞ്ചുവർഷത്തെ തന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

കഴിഞ്ഞ അഞ്ചുവർഷത്തെ തന്റെ പ്രവർത്തനങ്ങളെ മന്ത്രി വിലയിരുത്തിയത് ഇങ്ങനെയായിരുന്നു; മൂന്നു വകുപ്പുകൾ കൈകാര്യം ചെയ്യേണ്ട മന്ത്രിയായിരുന്നു.ജനങ്ങളാണ് വിലയിരുത്തേണ്ടതെങ്കിലും മൂന്നുവകുപ്പുകളിലും സാമന്യം മെച്ചപ്പെട്ട പ്രവർത്തനം നടത്താൻ സാധിച്ചുവെന്നാണ് വിശ്വാസം.ഇതിൽ അബ്രാഹ്മണ ശാന്തിനിയമനം, മുന്നോക്ക വിഭാഗത്തിലെ സംവരണം എന്നിവ ഈ വകുപ്പിലെ നേട്ടമായും കാണുന്നുണ്ട്. ഒപ്പം ടൂറിസം വകുപ്പും ഉണ്ടായതുകൊണ്ട് തീർത്ഥാടന ടൂറിസം എന്ന പദ്ധതി യാഥാർത്ഥ്യമാക്കാനും സാധിച്ചു.ഇതിന്റെ പ്രധാനകാരണം കേരളത്തിലെക്ക് തീർത്ഥാടനത്തിനായി വരുന്നതും ടൂറിസ്റ്റുകൾ തന്നെയാണ്.ശബരിമല, ഗുരുവായൂർ ഒക്കെ ഇതിന് ഉദാഹരമാണ്.എതാണ്ട് 500 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്.

വിനോദസഞ്ചാരമേഖലയിൽ കേരളത്തെ ആകെ ഒരു ടൂറിസം ഹബ്ബായി മാറ്റാൻ സാധിച്ചു. അത്രകണ്ട് ശ്രദ്ധ എത്താതിരുന്ന മലബാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ സാധിച്ചത് വലിയ നേട്ടമായി കാണുന്നു.സഹകരണ മേഖല നോക്കുകയാണെങ്കുൽ ചരിത്രസംഭവമായി മാറുകയാണ് കേരള ബാങ്ക്. സഹാകരികൾക്കിടയിലോ സഹകരണ ജീവനക്കാർക്കിടയിലോ കേരളബാങ്കിനെപ്പറ്റി ഒരു എതിർപ്പും ഇല്ല.ഇതൊക്കെ വകുപ്പുകളിൽ നേട്ടമായി കാണുന്നുണ്ടെന്നും അദ്ദേഹം സുചിപ്പിച്ചു.

ശബരിമലയെക്കുറിച്ച് താൻ എന്ത് പറഞ്ഞാലും ഇപ്പോൾ വിവാദമാകും. അതുകൊണ്ട് തന്നെ ആ വിഷയത്തോട് പ്രതികരിക്കുന്നില്ലെന്നും പക്ഷെ ഒരു കാര്യം മാത്രം പറയാം നിലവിൽ ശബരിമലയിൽ പ്രശനങ്ങൾ ഒന്നുമില്ല.വിശാല ബഞ്ചിന്റെ തീരുമാനം എന്താണൊ അതിന്‌ശേഷം ഈ വിഷയത്തിൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കിറ്റും പെൻഷനും മാത്രമാണോ വികസനകാഴ്‌ച്ചപ്പാടായി സർക്കാർ മുന്നോട്ട് വെക്കുന്നത് എന്ന ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെ; ഒരിക്കലുമല്ല.വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ പ്രവർത്തനങ്ങൾ മാത്രം നോക്കിയാൽ ഇ സംശയത്തിന് മറുപടി കിട്ടും.സാധാരണക്കാരനും ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കുക എന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയത്.ഇതുകൂടാതെ ജനങ്ങളെ സ്വാധീനിച്ച മറ്റൊന്നാണ് സർക്കാരിന്റെ നാലുമിഷനുകൾ.ആർദ്രം പോലുള്ള മിഷനുകൾ വരുത്തിയത് ഉള്ളടക്കത്തിലുള്ള മാറ്റങ്ങളാണ്.ആരോഗ്യ വകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചു, ആശുപത്രികളുടെ നിലവാരം ഉയർത്തി ഇങ്ങനെ നീളുന്നു.

ഹരിതകേരളം പദ്ധതി അടിസ്ഥാനപരമായ മാറ്റത്തിന് ഒരുപാട് ഗുണം ചെയ്തു.കാർഷിക വൃത്തിയിലേക്ക് ഒരു സമൂഹത്തെത്തന്നെ കൊണ്ടുവരുന്നതിനുള്ള പ്രവൃത്തിക്ക് നേതൃത്വം കൊടുക്കാൻ സാധിച്ചു.ഇതൊക്കെ തന്നെയാണ് വികസനത്തിന് ഉദാഹരണം. പക്ഷെ പ്രതിസന്ധികൾ ഒഴിയാതെ വന്നത് വമ്പൻപദ്ധതികൾക്ക് തടസ്സമായി.മെട്രോ ഉൾപ്പടെയുള്ള പദ്ധതികൾ മുന്നിലുണ്ടായിരുന്നു. പക്ഷെ വിവിധ പ്രതിസന്ധികൾകാരണം ഉദ്ദേശിച്ചപ്പോലെ നടപ്പാക്കാനായില്ല.ഉന്നതവിദ്യാഭ്യാസം, ടൂറിസം, ഐടി ഇൻഡസ്ട്രി എന്നീമേഖലകളെ കേന്ദ്രീകരിച്ചാവും ഇനി മുന്നോട്ട് പോകുവാനാകുക എന്നും അദ്ദേഹം പറഞ്ഞു.

കേരളബാങ്കിൽ പിൻവാതിൽ നിയമനമൊന്നും നടന്നിട്ടില്ല. ഒരു തെറ്റിധാരണയുടെ പുറത്തുണ്ടായ വിവാദമാണ് അത്.കേരളബാങ്കിലെ നിയമനങ്ങൾ എല്ലാം തന്നെ പിഎസ്‌സി വഴിയാണ്.ജില്ലാ ബാങ്കുകളിൽ താൽക്കാലിക നിയമനങ്ങൾ നടന്നിരുന്നു.കേരള ബാങ്കിന്റെ രൂപീകരണസമയത്ത് അവരെ പിരിച്ചുവിടും എന്ന തരത്തിൽ ബോധപൂർവ്വം ആശങ്ക സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു.അത് ഒഴിവാക്കാനായി അവരെ പിരിച്ചുവിടില്ല എന്ന് വാക്കുനൽകിയിരുന്നു.താൻ തന്നെ നേരിട്ടെത്തി അവരെ ജീവനക്കാരെ കണ്ടാണ് ഇ ഉറപ്പ് നൽകിയത്. അത് ഇപ്പഴും തുടരുന്നുവെന്ന് മാത്രമെയുള്ളുവെന്നും കേരള ബാങ്ക് പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉദ്യോഗാർത്ഥികളെ ചിലർ കബളിപ്പിച്ച് സമരം ചെയ്യിപ്പിക്കുകയായിരുന്നുവെന്നതാണ് യാഥാർത്ഥ്യമെന്നായിരുന്നു പ്രതികരണം.ഒര് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ നിലവിൽ ഒഴിവിനനുസരിച്ചല്ലെ നിയമനം നടത്താൻ പറ്റു.എറ്റവും കൂടുതൽ നിയമനം പിഎസ്‌സി വഴി നടത്തിയ സർക്കാരാണ് കഴിഞ്ഞവർഷത്തേത്. പക്ഷെ വലിയ ആശ്വാസം അവസാനസമയത്ത് ഉദ്യോഗാർത്ഥികൾക്ക് യാഥാർത്ഥ്യം മനസിലായി എന്നുള്ളതാണ്.

തങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. ആഴക്കടൽ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് അഴിമതി നൽകേണ്ടുന്ന കേന്ദ്രസർക്കാർ തന്നെ സംസ്ഥാന സർക്കാർ അനുമതി നൽകി എന്നപേരിൽ ഞങ്ങളുടെ മേൽ കുറ്റം ആരോപിക്കുകയായിരുന്നു. പക്ഷെ ഇതിന്റെ സത്യാവസ്ഥയും ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.

വീണ്ടും ഭരണത്തുടർച്ച ലക്ഷ്യംവെക്കുമ്പോൾ അതിന്റെ കാരണങ്ങളായി വിലയിരുത്തുന്നത് എന്തൊക്കെയെന്ന് ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെ; ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ നാട്ടിലെ മഹാഭൂരിപക്ഷം ആളുകളും തൃപ്തരാണ്.ഒരു പാട് പ്രതിസന്ധികൾ ഈ കാലയളവിൽ നമുക്കുണ്ടായിട്ടുണ്ട്. അതിനെ മറികടക്കാൻ സർക്കാർ സ്വീകരിച്ച നടപടികളാണ് ജനങ്ങളെ സർക്കാരിനോടടുപ്പിച്ചത്.അന്നന്ന് ജോലിയെടുത്ത് കുടുംബം പുലർത്തുന്ന നിരവധി കുടുംബങ്ങളാണ് കേരളത്തിൽ ഉള്ളത്.

ഒരാഴ്‌ച്ചയൊക്കെ ജോലിയില്ലാതായാൽ അവരുടെ കുടുംബം പട്ടണിയിലേക്ക് മാറും. എന്നാൽ അത്തരം കുടുംബങ്ങളെപ്പോലും പട്ടിണിയാവാതെ കോവിഡ് കാലത്ത് പിടിച്ചുനിർത്താൻ സാധിച്ചു എന്നത് തന്നെയാണ് സർക്കാരിന്റെ വലിയ നേട്ടം.ഇത് വെറുതെ പറയുന്നതല്ല.താൻ പങ്കെടുക്കുന്ന പൊതുയോഗങ്ങളിലൊ മറ്റ് ചടങ്ങുകളിലൊക്കെ താൻ ആ പ്രദേശത്ത് പട്ടിണികിടക്കുന്ന കുടുംബങ്ങൾ ഉണ്ടോ എന്ന് ചോദിക്കാറുണ്ട്. സദസ്സ് ഒന്നടങ്കം ഇല്ല എന്നാണ് പറയാറ്.അത് തന്നെയാണ് സർക്കാരിന്റെ കരുതലും.

ഇതിന് പുറമെ കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷം കേരളത്തിൽ നടന്നത്. ഇതിലും ജനങ്ങൾക്ക് അത്ഭുതവും ആദരവുമാണ്.ഗെയിൽ ഉൾപ്പടെ നടക്കില്ലെന്ന കണ്ട് ഉപേക്ഷിച്ചുപോയ പല പദ്ധതികളും പൂർത്തിയാക്കാനും സംസ്ഥാന സർക്കാരിന് ഈ കാലയളവിൽ സാധിച്ചു.ഇതൊക്കെത്തന്നെയും ഗുണം ചെയ്യും.ഇതിനൊപ്പം തനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത് മുഖ്യമന്ത്രി പിണറായി വിജയനെ വെറുമൊരു മുഖ്യമന്ത്രിയായിട്ടല്ല ജനങ്ങൾ കാണുന്നത്.

പ്രത്യേകിച്ചും വീട്ടമ്മമാർ.മുഖ്യമന്ത്രിയെ ഒരു ഫാമിലി ഫ്രണ്ടായോ കുടുംബനാഥനായോ ആണ് അവർ കാണുന്നത്.സീരിയലിൽ ഒതുങ്ങിയിരുന്ന വീട്ടമ്മമാരെപ്പോലും തന്റെ പത്രസമ്മേളനത്തിലേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രിക്കായി.അത് വലിയൊരു മാറ്റമാണ്.ചാനലുകളുടെ റേറ്റിങ്ങിനെപ്പോലും നിർണ്ണയിക്കുന്ന ഘടകമായി മുഖ്യമന്ത്രിയുടെ പത്രസമ്മേളനം മാറിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടയ്ക്ക് മറ്റുള്ള ഒരു മന്ത്രിമാരുടെയും വകുപ്പിൽ മുഖ്യമന്ത്രി ഇടപെടുകയോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുകയോ ചെയ്തിട്ടില്ല.മറിച്ച് വകുപ്പുകളുടെ പ്രവർത്തനങ്ങളെ അദ്ദേഹം കൃത്യമായി മോണിറ്ററിങ്ങ് ചെയ്യുമായിരുന്നു.ഈ മോണിറ്ററിങ്ങ് വരുന്നത് ഒരു കത്തിന്റെ രൂപത്തിൽ മുന്നു മാസങ്ങളുടെ ഇടവേളകളിലാണ്. ഈ കാലയളവിൽ ഇത്രയേറെ പദ്ധതികൾ നിങ്ങളുടെ വകുപ്പിന് കീഴിൽ പൂർത്തിയാക്കേണ്ടതുണ്ട്. പക്ഷെ അതിൽ ഇത്രയെണ്ണം മാത്രമെ പൂർത്തിയാക്കിയതായി കാണുന്നുള്ളു.അത് എന്തുകൊണ്ടാണ് എന്ന വിശദീകരണം മാത്രമാണ് ചോദിക്കുന്നതെന്നും മുഖ്യമന്ത്രി ധാർഷ്ട്യക്കാരനോ ക്ഷിപ്രകോപിയോ ആണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

സർക്കാരിനെതിരെ ഉയർന്നിട്ടുള്ള വിവാദങ്ങൾ ഒന്നും തന്നെ ഉണ്ടായതല്ല മറിച്ച് സൃഷ്ടിക്കപ്പെട്ടവയാണെന്നായിരുന്നു ഒരുപാട് വിവാദങ്ങൾ സർക്കാരിനെ പിന്തുടരുന്നുണ്ടല്ലോ എന്ന് ചോദ്യത്തിനുള്ള മറുപടി. കിഫ്ബി, സ്വർണ്ണകടത്ത് ഇപ്പോൾ ഇരട്ടവോട്ട് വരെ ഇത് തന്നെ അവസ്ഥ.ഇവയൊക്കെ മനപ്പൂർവ്വം സൃഷ്ടിക്കപ്പെടുന്നതുകൊണ്ടാണ് അവയൊന്നും അധികകാലം നിലനിൽക്കാതെ പോകുന്നത്. നേരെ മറിച്ച് സോളാർ വിഷയത്തിൽ അ പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്നത് അന്നത്തെ പ്രതിപക്ഷമായിരുന്നില്ല. മറിച്ച് അതിന്റെ ദുരിതങ്ങൾ അനുഭവിച്ചവർ തന്നെയായിരുന്നു.വിഷയം ഒരുപാട് ചർച്ചയായതിന് ശേഷമാണ് പ്രതിപക്ഷം ഏറ്റെടുത്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴക്കൂട്ടത്തെ വികസന പ്രവർത്തനങ്ങളെയും തെരഞ്ഞെടുപ്പ് പ്രചരണത്തെയും കുറിച്ചുള്ള പ്രതികരണം ഇങ്ങനെ; കേരളത്തിന്റെ തന്നെ ഐടി ഹബ്ബായി കഴക്കൂട്ടം മാറിക്കഴിഞ്ഞു.അതിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് ഇനി കഴക്കൂട്ടത്ത് താൻ പ്ലാൻ ചെയ്യുന്നത്.കാര്യമായി വികസനങ്ങൾ ഒന്നും നടക്കാത്ത മണ്ഡലമായിരുന്നു കഴക്കൂട്ടം.എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തോടെ അതിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്.ഇതിന് പുറമെ കഴിഞ്ഞ അഞ്ച് വർഷം താൻ ലക്ഷ്യം വച്ചത് വിദ്യാർത്ഥികളുടെ ഉന്നമനമാണ്.വിദ്യാർത്ഥികൾക്ക് തുടർപഠനങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുന്നതിനായി പ്രമുഖരെ ഉൾപ്പെടുത്തി നിരവധി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഇ ക്ലാസുകൾക്ക് ഉണ്ടായിരുന്നത്.

ഒരോ ദിവസവും മികച്ചപ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. നല്ല വിജയപ്രതീക്ഷയോടെയാണ് ഒരോ ദിവസവും മുന്നോട്ട് പോകുന്നത്.ഒരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം വർധിക്കുന്നുമുണ്ടെന്നും കടകംപള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP