Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

വാളുകൊണ്ട് വെട്ടുമ്പോ നമ്മൾ പരിചകൊണ്ടേ തടുക്കാവു; മഹാത്മാഗാന്ധി പറഞ്ഞപോലെ ഒരു കവിളത്ത് അടിക്കുമ്പോ മറു കവിൾ കാണിച്ച് കൊടുക്കാൻ തനിക്കാവില്ല; ഇഡി തന്റെ വീട്ടിലേക്ക് വരാഞ്ഞത് വന്നാൽ തനിക്ക് വല്ലതും തരേണ്ടി വരുമെന്ന് വച്ച്; ചോദ്യം ചെയ്യലിൽ കണ്ടത് എൻഐഎയുടെ മറ്റൊരുമുഖം; ജലീൽ അനുഭവങ്ങൾ പറയുമ്പോൾ

വാളുകൊണ്ട് വെട്ടുമ്പോ നമ്മൾ പരിചകൊണ്ടേ തടുക്കാവു; മഹാത്മാഗാന്ധി പറഞ്ഞപോലെ ഒരു കവിളത്ത് അടിക്കുമ്പോ മറു കവിൾ കാണിച്ച് കൊടുക്കാൻ തനിക്കാവില്ല; ഇഡി തന്റെ വീട്ടിലേക്ക് വരാഞ്ഞത് വന്നാൽ തനിക്ക് വല്ലതും തരേണ്ടി വരുമെന്ന് വച്ച്; ചോദ്യം ചെയ്യലിൽ കണ്ടത് എൻഐഎയുടെ മറ്റൊരുമുഖം; ജലീൽ അനുഭവങ്ങൾ പറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദുരിതാശ്വാസനിധി ക്രമക്കേടിൽ സർക്കാറിനനുകൂലമായ ലോകായുക്ത നിലപാട് ചർച്ചയാകുമ്പോൾ ഇതേ ലോകായുക്ത കർശന നിലപാട് സ്വീകരിച്ച മുന്മന്ത്രി കെ ടി ജലീലും വീണ്ടും ചർച്ചകളിലേക്കെത്തുകയാണ്.എന്തുകൊണ്ടാണ് ലോകായുക്ത തനിക്കെതിരെ കർശന നിലപാട് സ്വീകരിച്ചത്..അനധികൃത സ്വത്ത് സമ്പാദനമോ ഒന്നുംതന്നെ കേട്ടുകൾവി പോലുമില്ലാത്ത ജലീൽ സ്വർണ്ണക്കടത്തിലും ഖുർ ആൻ കടത്തിലും ഒക്കെ പെട്ടതെങ്ങിനെ.. ഇങ്ങനെ ഇന്നും അധികമൊന്നും അദ്ദേഹം പങ്കുവെക്കാത്ത അനുഭവങ്ങളുടെ തുറന്ന് പറച്ചിലാണ് അഭിമുഖത്തിന്റെ രണ്ടാം ഭാഗം..

ലോകായുക്തയെ വ്യക്തിപരമായി താനല്ല അധിക്ഷേപിച്ചതെന്നും ്അറ്റോർണി ജനറൽ തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും വിശദീകരിക്കുന്ന ജലീൽ മാന്യന്മാരോട് മാന്യത..മാന്യമായിട്ടല്ലാതെ പെരുമാറുന്നവരോട് അങ്ങിനെ.മഹാത്മാഗാന്ധി പറഞ്ഞപോലെ ഒരു കവിളത്ത് അടിക്കുമ്പോ മറ്റെ കവിള് കാണിച്ച് കൊടുക്കണം എന്നുപറയാനുള്ള വിശാല മനസ്‌കത എനിക്കില്ല..എന്ന തന്റെ ഉറച്ച നിലപാടും വ്യക്തമാക്കുന്നുണ്ട്.എൻഐഎയുടയും ഇഡിയുടെയും ചോദ്യം ചെയ്യലോടെ അവരോടുള്ള മതിപ്പ് കൂടിയിട്ടെയുള്ളുവെന്നും ജലീൽ പറയുന്നു.ഡിജിറ്റൽ തെളിവുകളുടെ ഇക്കാലത്ത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലെ നാം പേടിക്കേണ്ടതുള്ളു എന്നാണ് തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.

അഭിമുഖം രണ്ടാം ഭാഗത്തിന്റെ പൂർണ്ണരൂപം

സർക്കാറിന് അനുകൂല നിലപാടെടുത്തുവെന്ന് വേണമെങ്കിൽ പറയാവുന്ന ഇതേ ലോകായുക്ത തന്നെയാണ് താങ്കൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്..എന്തുകൊണ്ടാവും അത്?

(ചിരിക്കുന്നു) എനിക്കെതിരായി അന്ന് തീരുമാനം വന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്.മുസ്ലിംലീഗിന് എന്നെ പൊളിറ്റിക്കലായിട്ട് അവസാനിപ്പിക്കണമായിരുന്നു.അതിന് ഒരു കാരണം നോക്കി നടക്കുകയായിരുന്നു അവർ.അന്ന് ആ സമയം വരെ നല്ല പകയുണ്ടായിരുന്നു അവർക്ക്.. പക്ഷെ ഇപ്പോൾ അത്രയുണ്ടോ എന്നെനിക്ക് അറിയില്ല.

എന്നെ രാഷ്ട്രീയപരമായി ഇല്ലായ്മ ചെയ്യാൻ നോക്കി നടക്കുന്ന സമയത്തണ് വിഷയം വരുന്നത്.ഞാൻ അന്ന് യഥാർത്ഥത്തിൽ കുത്തഴിഞ്ഞ് കിടന്നിരുന്ന മൈനോറിറ്റി ഫിനാൻഷ്യൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷനെ നേരയാക്കാൻ ഉള്ള ശ്രമത്തിലായിരുന്നു.അതിന് നല്ലൊരു ബാങ്കിൽ നിന്നും ഒരാളെ കൊണ്ടുവന്ന് അതിന്റെ ജനറൽ മാനേജർ പോസ്റ്റിലിരുത്തിയാൽ പറ്റും എന്നാണ് വിചാരിച്ചത്.ഇതിനായി ഒരുപാട് ആളോട് അന്വേഷിച്ചു.ബാങ്കുകളിൽ ഒരു ലക്ഷത്തിന് മേലെ ശമ്പളമുണ്ട്.പക്ഷെ ഇതിന് 85000 രൂപയെ ഉള്ളൂ.അതുകൊണ്ട് തന്നെ അധികമാരും താൽപ്പര്യം കാണിക്കില്ല.എന്നാലും ഞാൻ പരിശ്രമം തുടർന്നു.

അങ്ങിനെയാണ് അദീബിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.ഞാൻ അയാളോട് പറഞ്ഞത് നീ ഒന്ന് വന്ന് കോർപ്പറേഷനെ ഒന്ന് ശരിയാക്കി മാതൃസ്ഥാപനത്തിലേക്ക് തന്നെ തിരിച്ചുപോയ്‌ക്കോ..പരമാവധി ഒരു വർഷത്തേക്ക് ഇവിടെ നിന്നാമതി എന്നാണ്.അല്ലാതെ ഇതിൽ വ്യക്തിപരമായി എനിക്കൊരു താൽപ്പര്യവും ഇല്ലായിരുന്നു.ഒരിക്കലും മോശക്കാരനായിരുന്നില്ല അയാൾ.യാദൃശ്ചികമായി ഞാൻ സൂചിപ്പിക്കട്ടെ അന്ന് സൗത്ത് ഇന്ത്യൻ ബാങ്കിലായിരുന്ന അവൻ ഇപ്പൊ സെൻട്രൽ ഗവ എംപ്ലോയി ആണ്.ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചിയിലെ ചീഫ് മാനേജറായിരിക്കുന്നു.

പക്ഷെ ആ തെരഞ്ഞെടുപ്പിൽ പ്രൊസീജ്യർ പാലിക്കാത്തയുള്ള പ്രശ്‌നം എന്തെങ്കിലും?

അതെ അത് പറയാം..സാധാരണഗതിയിൽ ഡെപ്യൂട്ടേഷൻ എന്നൊക്കെ പറഞ്ഞാൽ നമ്മൾ നിർബന്ധിച്ചിട്ടാണ് വരുന്നത്.പ്രധാനമായും സാലറി പ്രശ്‌നം തന്നെ.അപ്പോൾ ഞാൻ ഇവനോട് പറഞ്ഞു ഒരു നല്ല കാര്യമല്ലേ.. നീ ഒന്ന് വന്നിട്ട് ആ സ്ഥാപനമൊന്ന് മെച്ചപ്പെടുത്തി ഒരു വർഷം കഴിഞ്ഞ് തിരിച്ചു പൊയ്‌ക്കോ എന്ന് പറഞ്ഞ് കൊണ്ടുവന്നതാണ് അല്ലാതെ ഇതിൽ ഒരു ദുരുദ്ദേശവും ഇല്ല.

അത് വല്ലാതെ വൈകാരികമായി എടുത്തുവല്ലേ?

വൈകാരികമായി എടുത്തു എന്നുവച്ചാൽ അത് നമ്മുടെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്തതുകൊണ്ടാണ്.പത്തേ പത്ത് ദിവസം കൊണ്ടായിരുന്നു ആ കേസിന്റെ എല്ലാ പ്രൊസിജ്യറും വിധിയുൾപ്പടെ പൂർത്തിയാക്കിയത്.തെരഞ്ഞെടുപ്പിന്റെ മുൻപ് പൊട്ടിക്കനാണ് ഉദ്ദേശിച്ചിരുന്നത് അവർ.പക്ഷെ അന്ന് ദൈവത്തിന്റെ കൈ എന്നൊക്കൈ പറയുന്നത് പോലെ കോർപ്പറേഷന്റെ വക്കീലായിരുന്ന കാളീശ്വരം രാജ് ഇവർ നിശ്ചയിച്ചിരുന്ന ദിവസം മറ്റൊരു കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലായിരുന്നു.അ കാര്യം പറഞ്ഞ് കൊണ്ട് ലോകായുക്തയ്ക്ക് അദ്ദേഹം മെയിൽ ചെയ്തു.അങ്ങിനെയാണ് അ ഡേറ്റ് മാറിയത്.അല്ലെങ്കിൽ വല്ല്യ ഇംപാക്ട് ഉണ്ടായേനെ.രാജി മാത്രമല്ല ആ തിരഞ്ഞെടുപ്പിനെ തന്നെ അത് ബാധിച്ചേനെ.

അന്ന് യുഡുഎഫിന്റെ നേതാക്കന്മാർ പറഞ്ഞ് നടന്നിരുന്നു ഒരു ബോംബ് പൊട്ടാനുണ്ട്..ഒരു ബോംബ് പൊട്ടാനുണ്ട്.. എന്ന്.പക്ഷെ നേരത്ത പറഞ്ഞപോലെ ദൈവത്തിന്റെ കൈയുണ്ടായതുകൊണ്ട് ആ ബോംബ് പൊട്ടിയില്ല്.അതുകൊണ്ടാണ് ഇലക്ഷന് ശേഷം വിധി പറയുന്ന അവസ്ഥുണ്ടായത്.എനിക്ക് ഒരു നോട്ടീസ് പോലും ലോകായുക്ത അയച്ചില്ല എന്നതാണ് സത്യം.ഇപ്പോൾ ശൈലജ ടീച്ചർക്ക് എതിരായുള്ള ഒരു കേസ് വന്നു.ഹർജ്ജി ഫയലിൽ സ്വീകരച്ചുവെന്ന് അവർക്ക് നോട്ടീസ് അയച്ചു.എനിക്ക് പക്ഷെ അങ്ങിനെ ഒരു നോട്ടീസ് പോലും എനിക്ക് വന്നില്ല.

എന്നെ കേട്ടില്ല.എന്നെ വിളിച്ചൊന്ന് ചോദിക്കണ്ടെ? ഒരാളെ തൂക്കികൊല്ലാൻ കൊണ്ടുപോകുമ്പോഴും ചോദിക്കില്ലെ.എല്ലാ നടപടിക്രമങ്ങളും മറികടന്നായിരുന്നു എനിക്കെതിരെ വിധിയുണ്ടായത്

സിറയക് ജോസഫിന് അങ്ങയോട് എന്തെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടോ?

അതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ അ സമയത്ത് ഉണ്ടായിട്ടുണ്ട്.അന്ന് ഞാൻ മൈനോറിറ്റി വകുപ്പിന്റെ മന്ത്രി എന്ന നിലയിൽ ഒരുപാട് വകുപ്പിന്റെ കാര്യങ്ങൾ മുസ്ലിംകമ്മ്യൂണിറ്റിക്ക് വേണ്ടി അന്യായമായി ചെയ്യുന്നുവെന്നരു തോന്നൽ ഉണ്ടായിരുന്നു.വെറും തെറ്റിധാരണ.സത്യത്തിൽ അങ്ങിനെയൊരു സംഭവവും ഉണ്ടായിരുന്നില്ല.ഇപ്പോൾ എയ്റ്റി ട്വന്റി എന്നുപറയുന്ന സ്‌കോളർഷിപ്പിന്റെ അനുപാതമാണ്.ഇത് ഞാനായിട്ട് പറഞ്ഞതല്ല..വി എസ് സർക്കാറിന്റെ കാലത്ത് ആരംഭിച്ചതാണ്.അതിന് ശേഷം ഉമ്മൻ ചാണ്ടി സർക്കാർ വന്നു.മഞ്ഞളാംകുഴി അലിയായിരുന്നു വകുപ്പ് മന്ത്രി.അവരും അതേ അനുപാതാണ് പിന്തുടർന്നത്.അത് തുടർന്ന് കൊണ്ട് പോവുക മാത്രമാണ് ഞാൻ ചെയ്തത്.

സത്യത്തിൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്ക് കൂടി ഈ വകുപ്പ് ആപ്ലിക്കബിൾ ആക്കുകയാണ് ഞാൻ ചെയ്തത്.പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് എന്ന പേര് മന്ത്രിയായിരുന്നപ്പോൾ ഞാനാണ് നൽകിയത്.യുഡിഎഫിന്റെ കാലത്ത് സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ് എന്നൊരു പേരിട്ടു.പക്ഷെ ഞാനിട്ട മറ്റൊരു പേര് മദർ തെരേസ സ്‌കോളർഷിപ്പ് എന്നായിരുന്നു.ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് ഞാനാണ് ആദ്യമായി പാർട്ടിയോട് പറയുന്നത്..കാരണം അനൗപചാരിക വിദ്യാഭ്യാസത്തിന്റെ അപ്പോസ്തലനായിരുന്നു അദ്ദേഹം.

പിന്നെ വിസി പ്രശ്‌നം.. അന്ന് 15 16 ഓ യുണിവേഴ്‌സിറ്റി ഉണ്ടായപ്പോഴും ഒരൊറ്റ ഒന്നിന്റെയും വിസിയായി ഒരു മുസ്ലിം അദ്ധ്യാപകൻ ഇല്ലായിരുന്നു.നമ്മുടെ കേരളത്തിൽ നമ്മൾ എല്ലാ കാര്യത്തിലും ഒരു കമ്മ്യൂണൽ ബാലൻസ് കീപ്പ് ചെയ്യാറുണ്ട്.ഇപ്പോൾ കാലിക്കറ്റ് യുണിവേഴ്‌സിറ്റിയുടെ വിസിയായി ഒരാളെ നിയമിക്കണമെന്നാണ് സർക്കാർ വിചാരിച്ചത്.പക്ഷെ ഗവർണ്ണർ അതിന് തയ്യാറായില്ല.അതിന്റെ കാരണം എന്തെന്ന് വച്ചാൽ ആർഎസ്എസ്സിന്റെ ഒരു വലിയ എതിർപ്പ് വന്നുവെന്നാണ് പിന്നീട് ഞാൻ മനസിലാക്കുന്നത്. കാരണം അദ്ദേഹം ആർഎസ്എസിന്റെ രാഷ്ട്രീയത്തെ ശക്തമായി എതിർക്കുന്ന ഒരാളാണ്.നിരവധി ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

ആ ശ്രമം നടക്കാതെ വന്നപ്പോഴാണ് പിന്നീട് ഓപ്പൺ യൂണിവേഴ്‌സിറ്റി തുടങ്ങിയപ്പോ ഡോ മുബാറക് പാഷയെ വിസിയാക്കുന്നതിന് ഗവൺമെന്റ് തീരുമാനിച്ചത്.അന്ന് ആ ചോദ്യത്തിന് മറുപടിയായി എല്ലാ വിസിമാരുടയും പേര് വായിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്.മറ്റൊന്നും അദ്ദേഹം പറഞ്ഞില്ല.

എനിക്കൊരു ചോദ്യം ഉള്ളത് പേരിൽ മാത്രമായിരുന്നോ ശ്രീനാരായണ ഗുരു..അല്ലാതെ അദ്ദേഹത്തിന്റെ ഐഡിയോളജി ഹൈലൈറ്റ് ചെയ്യാനൊന്നും പദ്ധതിയുണ്ടായിരുന്നില്ലേ?

അല്ല ഇത് നമ്മൾ ഓപ്പൺ യുണിവേഴ്‌സിറ്റിയാണ്.യുജിസി പറഞ്ഞു റഗുലർ യൂണിവേഴ്‌സിറ്റികളിൽ ഇനി ഡിസ്റ്റൻസ് സ്റ്റഡീസ് പാടില്ല.അതിന് നിങ്ങൾ പ്രത്യേകമായുള്ള സംവിധാനം ഉണ്ടാക്കണം.അങ്ങിനെയാണ് നമ്മൾ ഓപ്പൺ യുണിവേഴ്‌സിറ്റി ആരംഭിക്കുന്നത്. നിലവിലെ അവസ്ഥയിൽ രണ്ട് മുന്ന് വർഷം കഴിഞ്ഞാൽ കേരളത്തിലെ ഒരു യുണിവേഴ്‌സിറ്റിയിലും ഡിസ്റ്റൻസ് നടത്താൻ പറ്റില്ല.

ജൂഡിഷ്യൽ പവറുള്ള ലോകായുക്തയെ വ്യക്തിപരമായി അധിക്ഷേപിച്ചത് ശരിയാണെന്ന് തോന്നുന്നുണ്ടോ?

വ്യക്തിപരമായി ഞാനല്ല അദ്ദേഹത്തെ അധിക്ഷേപിച്ചത്..നമ്മുടെ അറ്റോർണി ജനറൽ തന്നെ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.ജോമോൻ പുത്തൻപുരക്കലിന്റെ ദൈവത്തിന്റെ സ്വന്തം വക്കീലെന്ന് പറയുന്ന പുസ്തകം അദ്ദേഹത്തിനെതിരായുള്ള കുറ്റപത്രമാണ്.അറ്റോർണി ജനറൽ സിറിയക് ജോണിനെക്കുറിച്ച് സുപ്രീംകോടതിയിൽ പറഞ്ഞത് ഇന്ത്യൻ ജുഡീഷ്യറിയിലെ പുഴുക്കുത്തുകൾ എന്നാണ്.ആ പുഴക്കുത്തുകൾ ആരാണ് എന്ന് ചോദിച്ചപ്പോൾ ഇദ്ദേഹത്തിന്റെ പേരാണ് അറ്റോർണി ജനറൽ പറഞ്ഞത്.

പക്ഷെ ഞാൻ വീണ്ടും ചോദിക്കട്ടെ ഇങ്ങനെ നേരിട്ട് പറയുമ്പോ ജൂഡീഷ്യറിക്ക് നേരെയുള്ള അറ്റാക്ക് പോലെ ആകുവല്ലേ?

എന്താന്ന് വച്ചാൽ നമ്മൾ മാന്യന്മാരോട് മാന്യമായിട്ട് തന്നെ നിൽക്കണം.വാളുകൊണ്ട് വെട്ടുമ്പോ നമ്മൾ പരിചകൊണ്ടേ തടുക്കാവു കൈകൊണ്ട് തടുത്താൽ കൈമുറിയും.മാന്യന്മാരോട് മാന്യത..മാന്യമായിട്ടല്ലാതെ പെരുമാറുന്നവരോട് അങ്ങിനെ.മഹാത്മാഗാന്ധി പറഞ്ഞപോലെ ഒരു കവിളത്ത് അടിക്കുമ്പോ മറ്റെ കവിള് കാണിച്ച് കൊടുക്കണം എന്നുപറയാനുള്ള വിശാല മനസ്‌കത എനിക്കില്ല..ഞാനത് സമ്മതിക്കുന്നു.ഞാനൊരു സാധാരണക്കാരാനായിട്ടാണ് പ്രതികരിക്കുന്നത്.

അദ്ദേഹം ഇങ്ങനെ ഒരു നോട്ടീസ് പോലും തരാതെ നമ്മളെ കേൾക്കാതെ വിധി പറഞ്ഞതിന്റെ സാധുത അദ്ദേഹം തന്നെയാണ് മനസാക്ഷിയോട് ചോദിക്കേണ്ടത്.ജസ്റ്റീസ് വി ആർ കൃഷ്ണയ്യരെപോലെയുള്ളവർ ഇരുന്ന കസേരയിലാണല്ലോ ഇവരൊക്കെ ഇരുന്നത് എന്നത് വല്ലാത്തൊരു അവസ്ഥയാണ്.

ഇതേ ലോകായുക്തയാണ് ഇപ്പോൾ പിണറായി വിജയന് അനുകൂലമായി വിധി പറഞ്ഞിരിക്കുന്നത്?

അതിന് കാരണം എന്താണെന്ന് വച്ചാൽ എതിരായിട്ട് വിധി പറയാൻ എന്തെങ്കിലും വേണ്ടെ.. ഇതിലൊരു കാര്യം വേണ്ടെ.. ഇപ്പോൾ പിണറായി വിജയൻ സ്വജനപക്ഷപാതം കാണിച്ചു.. എന്ത് സ്വജനപക്ഷപാതം കാണിച്ചുവെന്ന് പറയണ്ടേ..എന്റെ കാര്യത്തിലേത് പോലെയുമല്ല ഇവിടെ..ഇപ്പോൾ ഉഴവൂർ വിജയനെപ്പോലെയുള്ള ഒരാൾക്ക് ഒരു സഹായം ഗവൺമെന്റ് ചെയ്യാം എന്നുവച്ചാൽ..അതിപ്പൊ യുഡിഎഫിലുള്ള ഒരാൾക്ക് വേണ്ട ചെയ്യാൻ പറഞ്ഞാലും നമ്മുടെ മുഖ്യമന്ത്രി ചെയ്യും.

നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു വലിയ പ്രത്യേകത എനിക്ക് തോന്നിയത് ഇത്തരം കാര്യങ്ങളിലൊക്കെ അദ്ദേഹം പിന്തുടരുന്ന മാനവീകതയാണ്.ഞാൻ മന്ത്രിയായിരുന്ന സമയത്ത് രണ്ട് മൂന്നുപേരുടെ പ്രശ്‌നങ്ങൾ ഞാൻ ആരുടെയും പേര് പറയുന്നില്ല ലീഗിന്റെ തന്നെ വലിയ നേതാക്കന്മാരുടെ.. അപ്പോൾ ഞാനിങ്ങനെ പറയും ഇങ്ങനെ ഒരു വിഷയം ഉണ്ട്.. നമ്മൾ എന്താണ് സമീപനം സ്വീകരിക്കേണ്ടത്.അവരെ ദ്രോഹിക്കുന്ന നിലപാടൊന്നും നമ്മൾ എടുക്കേണ്ട.. പറ്റുമെങ്കിൽ സഹായിക്കുന്ന നിലപാട് സ്വികരിച്ചാമതി. അതിനി ലീഗിന്റെ മാത്രമല്ല കോൺഗ്രസ്സിന്റെതുൾപ്പടെ..

അദ്ദേഹത്തിന് അങ്ങിനെ ഒരു മാനവീക മുഖം ഉണ്ടോ എന്നുള്ള കാര്യത്തിൽ ഞങ്ങളെപ്പോലുള്ളവർക്ക് സംശയമുണ്ട്?

അത് നിങ്ങൾത്ത് ബന്ധം ഇല്ലാത്തതുകൊണ്ട.. നിങ്ങൾക്ക് അദ്ദേഹവുമായി അടുത്ത് ഇടപഴകിയ മനസിലാകും.ഒറ്റനോട്ടത്തിൽ പരുഷനാണെന്ന് തോന്നും.അതിപ്പൊ എന്റെ ബാപ്പ അങ്ങിനെയ..എന്റെ ജീവിതത്തിൽ ഒരിക്കൽപ്പോലും എന്റെ ബാപ്പ എന്നെ അഭിനന്ദിച്ചിട്ടില്ല.ബാപ്പാന്റെ മുന്നിലിരുന്നിട്ടില്ല ഇതുവരെ...കേൾക്കുമ്പോ നിങ്ങൾക്ക് അത്ഭുതം തോന്നാം.എന്റെ ഗൺമാനും ആൾക്കാരും ഒക്കെ വരുമ്പോൾ ബാപ്പ സൽക്കരിച്ച് ഇരുത്തും.മന്ത്രിയായിരുന്നപ്പോൾ പോലും ബാപ്പയുള്ള സമയത്ത് ഞാനെന്റെ തറവാട് വീടിന്റെ കോലായിൽ ഇരുന്നിട്ടില്ല.

ബാപ്പ വളരെ അപൂർവ്വെ ചിരിക്കുവേം ഉള്ളു..പെങ്ങൾ എപ്പോഴും പറയും ജയിൽ വാർഡനായി ബാപ്പ അപേക്ഷിക്കുകയാണെങ്കിൽ ഇന്റർവ്യൂ പോലും നടത്താതെ കിട്ടും എന്ന് പറയും.പക്ഷെ നമ്മൾക്ക് എന്തെങ്കിലും പ്രശ്‌നം വരുമ്പോ അദ്ദേഹത്തിന്റെ ഒരു ഉത്കണ്ഠയും ഒക്കെ വേറെയാണ്.. എന്നെയല്ല എന്റെ ഗൺമാന്മാരെ വിളിക്കും.അ ഒരു സ്‌നേഹം എന്റെ ബാപ്പയിൽ നിന്നും ഞാൻ അനുഭവിച്ചറിഞ്ഞത.. അതുകൊണ്ട് തന്നെ സഖാവ് പിണറായി വിജയന്റെ അത്തരമൊരു പ്രകൃതത്തെ പെട്ടെന്ന് തന്നെ ഉൾക്കൊള്ളാൻ പറ്റി.

മൈക്ക് തട്ടി മാറ്റുകയും പെട്ടെന്ന് ക്ഷുഭിതനാവുകയും ഒക്കെ ചെയ്യുന്ന ഒരു ഇറിറ്റേറ്റിങ്ങ് പ്രകൃതമല്ലെ ശരിക്കും?

അതൊക്കെ ഒരോ ആൾക്കാരുടെ പ്രകൃതമാണ്..എല്ലാവർക്കും ഇപ്പോൾ ഉമ്മൻ ചാണ്ടിയെപ്പോലെ എന്ത് ചെയ്താലും ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ പറ്റണം എന്നില്ല.ഇപ്പോ എന്റെ ബാപ്പയോട് ജലീലിന്റെ ബാപ്പയല്ലേ എന്നു ചോദിച്ചാ പറയും അല്ല എന്റെ മകനാണ് അവനെന്ന്.ഇപ്പൊ അടുത്തുപോലും അങ്ങിനെ ഒരു സംഭവം ഉണ്ടായി.

പിണറായിയുമായിട്ട് ഇപ്പോഴും ആ ഉഷ്മളമായ ബന്ധം നിലനിൽക്കുന്നുണ്ടോ?

തീർച്ചയായിയിട്ടും..അദ്ദേഹവുമായിട്ട് നല്ല അടുപ്പവും ബന്ധവുമാണ്.എന്തെങ്കിലും പ്രത്യേക കാര്യം ചോദിക്കാൻ ഉണ്ടെങ്കിൽ സമയം ചോദിക്കും പോയി കാണും.

ഞാൻ കേട്ട ഒരു കാര്യം കുഞ്ഞാലിക്കുട്ടിയുടെ ബാങ്കുമായി ബന്ധപ്പെട്ട കാര്യം പുറത്തുകൊണ്ട് വന്നപ്പോൾ പിണറായി അങ്ങയെ വിളിച്ച് ശാസിച്ചു എന്നാണല്ലോ?

ഏയ്.. അങ്ങിനെ അല്ല അത്..നമ്മുടെ ഒരു അഭ്യൂദയ കാംഷികൂടെ നമ്മളോട് പറഞ്ഞു അപ്പോൾ പിന്നെ ഞാനും വിചാരിച്ചു.. നമ്മളായിട്ട് എന്തിനാ ..ഒരു പൊല്ലാപ്പ് വേണ്ട എന്ന്.രാഷ്ട്രീയത്തിൽ അങ്ങിനെ ശാശ്വതമായിട്ട് ശത്രുക്കളും മിത്രങ്ങളും ഒന്നുമില്ലല്ലോ.അതെന്താന്ന് വച്ച ആയിക്കോട്ടെ എന്ന് ഞാനും കരുതി.

താങ്കൾ ആദ്യം വളരെ ശക്തമായ പ്രതികരണം ഒക്കെ നടത്തിയിരുന്നു?

നടത്തിയിരുന്നു നടത്തിയിരുന്നു.. തീർച്ചയായിട്ടും.കാരണം നമ്മളെ മെക്കിട്ട് കേറാൻ വരാത്തിടത്തോളം കാലം ഞാൻ ആരെയും ഒന്നും പറയില്ല.എന്റെ മെക്കിട്ട് കേറാൻ വന്നാൽ ഞാൻ വിടുകയും ഇല്ല.(ചിരിക്കുന്നു)

ഇപ്പോൾ കേൾക്കുന്ന കഥ ലീഗ് ഇടതുപക്ഷത്തേക്ക് വരാൻ സാധ്യതയുണ്ട് എന്നാണല്ലോ.. വല്ല ധാരണയും ഉണ്ടോ അതിനെപ്പറ്റി? പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടി?

അങ്ങിനെ കുഞ്ഞാലിക്കുട്ടി മാത്രമായി വരില്ല..മുസ്ലിംലീഗ് എന്ന് പറയുന്നത് അവർ കൂട്ടമായി ഒരു തീരുമാനമെടുത്താൽ അതവർക്ക് നടപ്പിലാക്കാൻ പറ്റും.ഇബ്രാഹിം സുലൈമാൻ സേട്ടിനെ പുറത്താക്കിയിട്ട് ആ പാർട്ടി എംബ്ലോക്കായിട്ട് തന്നെ നിന്നില്ലേ..

ഷാജിയും മുനീറും ഒക്കെ അതിനെതിരല്ലെ..?

പക്ഷെ അവർക്കൊന്നും അതിലൊന്നും ചെയ്യാൻ പറ്റില്ല.പാണക്കാട് തങ്ങളെടുക്കുന്ന തീരുമാനത്തിന്റെ കൂടെ നിൽക്കാനെ അവർക്ക് സാധിക്കു.ലീഗിനൊരു ചരിത്രം തന്നെയുണ്ട്.ഇപ്പോ സീദി ഹാജിയെക്കുറിച്ച് പറയാറുണ്ട്..ഏതോ ഒരു കാര്യവുമായി ബന്ധപ്പെട്ട് ഒരു വ്യക്തപരമായ അഭിപ്രായം അദ്ദേഹം ലീഗിൽ നടത്തി..പക്ഷെ അതിന് വിരുദ്ധമായിട്ടാണ് ലീഗ് തീരുമാനിച്ചത്.പത്രക്കാര് സിദീഹാജിയോട് ചോദിച്ചു .. അല്ല നിങ്ങൾ പറഞ്ഞതിനെതിരായിട്ടാണല്ലോ ലീഗിന്റെ തീരുമാനം.. അദ്ദേഹം പറഞ്ഞു ഞാൻ പറഞ്ഞത് പത്തായക്കോടന്റെ അഭിപ്രായമാണ്..ഈയ്യ പറഞ്ഞത് മുസ്ലിംലീഗിന്റെ അഭിപ്രായമാണ്.

ആ നിലപാടിലേക്ക് ലീഗിലെ ആളുകൾക്ക് വരേണ്ടതായിട്ട് വരും.കാരണം ലീഗിന്റെ ഒരു സെറ്റപ്പ് അങ്ങിനെയാണ്.ഇടതുപക്ഷത്തേക്ക് ലീഗിന് അധികം വൈകാതെ വരേണ്ടിവരുമെന്നാണ് എന്റെ ഒരു തോന്നൽ.കാരണം കോൺഗ്രസ്സ് എത്രമാത്രം ഇവിടെ പിടിച്ചുനിൽക്കുമെന്ന് നമുക്ക് പറയാൻ പറ്റില്ല.കാരണം ഇവിടെ ഏത് സമയത്തും കോൺഗ്രസ്സിന്റെ നേതാവ് ബിജെപിയിലേക്ക് പോകാം എന്ന അവസ്ഥയാണ്.കെ മുരളീധരനെക്കുറിച്ച് വരെ വാർത്തകൾ വരാൻ തുടങ്ങി.. അദ്ദേഹം നിഷേധിച്ചുവെങ്കിലും.. കെ സുധാകരനും പറഞ്ഞു എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ ബിജെപിയിൽ പോകും..അങ്ങിനെയുള്ള ലീഡേർസ് നയിക്കുന്ന ഒരു സംവിധാനവുമായി ലീഗിന് എത്രകാലം മുന്നോട്ട് പോകാൻ പറ്റുമെന്ന് കണ്ടറിയണം

ഇങ്ങനെയാണെങ്കിൽ നിങ്ങൾക്കിടയിലെ മഞ്ഞുരുകിയാൽ ജലീൽ ലീഗിലേക്ക് പോകുമോ?

അത് വേണ്ട.. അങ്ങിനെ ഒരാവശ്യമില്ല.എനിക്കെന്താണെന്ന് വച്ചാൽ ഞാൻ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങിയ മുതൽ എനിക്കുള്ള അച്ചീവ്‌മെന്റ് എന്താണെന്ന് വച്ചാൽ മൾട്ടി റിലീജിയസ് ആയിട്ടുള്ള ഓഡിയൻസിനെ അഭിസംബോധന ചെയ്യാൻ പറ്റുന്നുവെന്നുള്ളതാണ്.നമ്മൾ ഇപ്പോ ലീഗിൽ എത്ര വലിയ സമ്മേളനത്തിൽ സംസാരിച്ചാലും അത് മുസ്ലിം കമ്മ്യൂണിറ്റിയെ മാത്രമാണ് നമുക്ക് അഡ്രസ് ചെയ്യാൻ പറ്റുന്നത്.പക്ഷെ സിപിഎമ്മിൽ ഒരു ബഹുസ്വര സമൂഹത്തോട് നമുക്ക് സംവദിക്കാൻ പറ്റും...അതൊരു ഭയങ്കര ത്രില്ല..

നമ്മുടെ പ്രധാനപ്പെട്ട വിഷയങ്ങളൊക്കെ ബാക്കി കിടക്കുകയാണ്.. സ്വർണ്ണക്കടത്ത്.. ഖുർ ആൻ കടത്ത്.. ഇന്തപ്പഴ കടത്ത്.. അങ്ങിനെ ഒരുപാട് ഉണ്ടല്ലോ.. എന്താണ് ശരിക്കും സംഭവിച്ചത്? ഞാൻ മനസിലാക്കിയടത്തോളം അങ്ങ് സ്വത്ത് സമ്പാദനമൊന്നും നടത്തിയിട്ടില്ല..അങ്ങിനെ ഒരാരോപണവും ഇല്ല.എന്നിട്ടും അങ്ങ് എങ്ങിനെ ഒരു വില്ലനായി മാറി?

എന്താണെന്ന് എനിക്ക് തന്നെ അറിയില്ല.. സ്വർണ്ണക്കടത്ത് ..ഖുർ ആൻ കടത്ത്.. സത്യത്തിൽ ഈ .. നമ്മുടെ കോൺസുലേറ്റ് ജനറൽ അദ്ദേഹം വ്യക്തിപരമായി നമ്മളുമായി നല്ല അടുപ്പത്തിലായിരുന്നു.ഷാർജ ഷെയ്ഖിന്റെ വരവുമായി ബന്ധപ്പെട്ട് ഞാനായിരുന്നു അന്ന് മിനിസ്റ്റർ ഇൻവൈറ്റി.അത്തൊണ്ട് തന്നെ എപ്പഴും അവരുമായി കോൺടാക്ട് ചെയ്യേണ്ടതും ഞാനായിരുന്നു.അ ഒരു അടുപ്പം വച്ചിട്ട് അവർ സാധാരണ പെരുന്നാളും നോമ്പുമൊക്കെയാകുമ്പോൾ കിറ്റുകൾ കൊടുക്കും.

ഞാൻ തന്നെ അവരുടെ കിറ്റുകളുടെ വിതരണത്തിന് പോയിട്ടുണ്ട്.കോവിഡായ സമയത്ത് അവർക്കതുകൊടുക്കാൻ പറ്റിയില്ല.അങ്ങിനെ ഒരു ദിവസം അദ്ദേഹം തന്നെ മെസേജിലൂടെ എന്നോട് ചോദിക്കുകയാണ് നമുക്ക് ഇങ്ങനെ ഒരു കിറ്റുണ്ട് അതുകൊടുക്കാൻ പറ്റുമോ എന്നാണ്.റംസാൻ ആണല്ലോ എന്നുപറഞ്ഞിട്ട്.ഞാൻ പറഞ്ഞു നമുക്ക് നാട്ടിൽ തന്നെ കൊടുക്കാലോ എന്ന്.നിങ്ങള് അത് വാങ്ങി നമ്മളെ ഏൽപ്പിച്ചാൽ അതുകൊടുക്കാനുള്ള സംവിധാനം ഞാൻ ഉണ്ടാക്കി തരാമെന്നും.

കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം വെറോരു മെസേജ് കൂടി.. അപ്പൊ ഈ അറബികളുടെ പ്രത്യേകത ..അവർ ഈ ഖുർ ആന്റ കോപ്പികൾ റംസാൻ ഒക്കെ ആകുമ്പോ അവരിങ്ങനെ നിയ്യത്ത് വെക്കും.. ആയിരം ഖുർ ആളുകൾക്ക് കൊടുക്കാം എന്നൊക്കെ..അത് അവരുടെ ഒരു പൊതുസ്വഭാവമാണ്.അപ്പോൾ എന്നോട് ചോദിച്ചു ഖുർ ആനിന്റെ കുറച്ച് കോപ്പിയുണ്ട്.. അതും വിതരണം ചെയ്ത് കൂടെ എന്നു.അപ്പോൾ ഞാൻ പറഞ്ഞു ശരി നമ്മുടെ നാട്ടിലെ രണ്ട് മതസ്ഥാപനങ്ങളുണ്ട്.അവിടെ ഞാൻ കൊടുത്തോളാം എന്ന്.അങ്ങിനെയാണ് ഞാനിതിൽ ഇൻവോൾവ് ചെയ്യുന്നത്. അല്ലാതെ നമ്മൾ അവരുട അടുത്ത് നിന്ന് പൈസ വാങ്ങുകയോ നമ്മൾ ഏതെങ്കിലും കടയിൽപോയി സാധനം വാങ്ങുകയോ ഒന്നും ചെയ്തിട്ടില്ല.

ഇങ്ങനെ ഒരു സ്വർണ്ണകള്ളക്കടത്തിന്റെ പ്രശ്‌നം വന്നപ്പോ ഇതൊക്കെ അതിനോട് ചേർത്ത് പറയാൻ തുടങ്ങി.ഇതിൽ തന്നെ ഈന്തപ്പഴുവുമായി ബന്ധപ്പെട്ട് എനിക്കൊരു ബന്ധവുമില്ല.അത് അന്ന് കൊടുത്തത് തന്നെ ഓർഫനേജുകളിലാണ്.അത് അന്ന് സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലാ..ഞാൻ അറിയുക പോലും അല്ല അത്.ഓർഫനേജിലെ കുട്ടികൾക്ക് 250 ഗ്രാം ഇന്തപ്പഴത്തിന്റെ പാക്കറ്റുകളാക്കി കുട്ടികൾക്ക് കൊടുത്തിട്ടുണ്ട്. അതൊക്കെ അറബ്‌സിന്റെ കൾച്ചറിന്റെ ഭാഗമാണ്..അവരുടെ സ്‌നേഹ പ്രകടനം അവർ നടത്തുന്നത് ഇങ്ങനെയോക്കെയാണ്.

അതിൽ നമ്മൾ ഭാഗവാക്കായി എന്നുമാത്രം.. പിന്നെ എന്തൊക്കെ കഥകളാണ്.ആ വാഹനത്തിന്റെ കഥയൊക്കെ പച്ച നുണയാണ്.. അങ്ങിനെ വല്ലതും ഉണ്ടെങ്കിൽ എപ്പോൾ എന്നെ പിടിച്ചുവെന്ന് ചോദിച്ചാൽ പോരെ.കോൺസുലേറ്റിൽ നിന്ന് എവിടെയാ ഇറക്കിക്കൊടുക്കേണ്ടത് എന്ന് ചോദിച്ചു..അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ സിയാഫ്റ്റിന്റെ അവിടെ ഇറക്കികൊടുത്താൽ മതിയെന്ന്.കാരണം അവിടെ നിന്ന് പുസ്തകങ്ങളുമായി വാഹനം കണ്ണൂരിലേക്ക് പോകുന്നുണ്ട്.

അതിൽ കുറെ സ്ഥലം ബാക്കിയുണ്ടാകും അപ്പൊ ഞാൻ പറഞ്ഞു നിങ്ങൾ ഏതായാലും കണ്ണുരിലേക്ക് പോകുവല്ലെ അപ്പൊ ഈ കേട്ട് വഴിയിൽ ഒന്ന് ഇറക്കി കൊടുത്താൽ മതി.വഴി ഡൈവേർട്ട് ചെയ്യുക പോലും വേണ്ട വഴിയിൽ തന്നെ മതിയെന്ന്.അതാണ് പിന്നെ വലിയ ഒച്ചപ്പാടാവുകയും മൂന്ന് അന്വേഷണ ഏജൻസികൾ നമ്മളെ വട്ടമിട്ട് പറന്ന് അന്വേഷിച്ചതും.

അവരുടെ ചോദ്യം ചെയ്യൽ എങ്ങിനെയായിരുന്നു?

ആദ്യം ഇഡിയാണ് ചെല്ലാൻ പറഞ്ഞത്..ഇ ഡി സത്യത്തിൽ അത് വളരെ കോൺഫിഡൻഷ്യലായി കണ്ട് പറഞ്ഞു. ഞാൻ ചോദിച്ച് നിങ്ങൾ ഇത് വേറെ ആരോടേലും പറയുന്നുണ്ടോയെന്ന്.അപ്പൊ അവർ പറഞ്ഞു ഇല്ല ഞങ്ങളാരോടും പറയുന്നില്ല.അപ്പോൾ ഞാൻ വൈകുന്നേരം വരാം എന്നു പറഞ്ഞു.കാരണം അന്ന് ഉച്ചയ്ക്ക് ഗവർണ്ണർ ഒരു പുസ്തകം പ്രകാശനം ചെയ്യുന്നുണ്ട്.രാജ്ഭവനിലെ ആ ചടങ്ങിൽ എനിക്കും പങ്കെടുക്കണം.
ഞാനത് കഴിഞ്ഞ് നേരെ എറണാകുളത്തേക്ക് വരാം.അങ്ങിനെ ഞാൻ ഔദ്യോഗിക വാഹനം ഒരു സുഹൃത്തിന്റെ വീട്ടിലിട്ട് അദ്ദേഹത്തിന്റെ വണ്ടിയിലാണ് പോയത്.

രാത്രി ഒരു 9-9.30 വരെ അവരെന്നോട് കാര്യങ്ങൾ ചോദിച്ചു.ആ ചോദിച്ചത് തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നോട് പറയാൻ പറഞ്ഞു. ഞാൻ ഈ വസ്തുതകളൊക്കെ പറഞ്ഞു.എല്ലാ ചാറ്റുകളും മൊബൈലിൽ ഉണ്ട് നിങ്ങൾക്കത് പരിശോധിക്കാമെന്നും പറഞ്ഞു.9.30 ആയപ്പോൾ അവിടുത്തെ ഹയർ ഓഫീസർ എന്നോട് പറഞ്ഞു എനി നമുക്ക് നാളെ ചെയ്യാം എന്ന്.രാവിലെ പത്ത് മണിക്ക് എത്തി..അന്ന് രണ്ട് വരെ എന്റെ സാമ്പത്തിക വിവരങ്ങൾ ഒക്കെ ചോദിച്ചു.

ഞാൻ പറഞ്ഞു എന്റെ അക്കൗണ്ടിൽ എന്റെ ശമ്പളമല്ലാതെ ഒരു പൈസ വന്നിട്ടില്ല.ഇഡിയുടെ റെക്കോർഡ് എഴുതുന്ന ആൾ എന്റെ അക്കൗണ്ട് കണ്ടിട്ട് പറഞ്ഞു ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന്.അവർ കോടികളുടെ ഇടപാടാണ് പ്രതീക്ഷിച്ചത്.ഞാൻ എന്റെ വീട്ടിലേക്ക് വരെ അവരോട് വരാൻ പറഞ്ഞു അവർ വന്നില്ല.. എനിക്ക് തോന്നുന്നു അവർ വരാതിരുന്നത് വന്നാൽ എനിക്കെന്തങ്കിലും ഇങ്ങോട്ട് തരേണ്ടി വരുമോ എന്ന് സംശയിച്ചാവും എന്നാണ്...

പിന്നെ എൻഐഎ..എൻഐഎ എന്നോട് പറഞ്ഞു നിങ്ങളുടെ മൊബൈൽ ഫോൺ വേണമെന്ന്.. ഞാൻ കൊടുത്തു.അപ്പോൾ പറഞ്ഞു ഇതിൽ നിന്നും സ്വപ്‌ന സുരേഷിന് നിങ്ങളയച്ച മെസേജ് ഞങ്ങൾ റിട്രൈവ് ചെയ്ത് എടുക്കട്ടെ എന്ന്.. ഞാൻ പറഞ്ഞു എടുത്തോളു അതിനെന്ത..അതെല്ലാം ഒരു വലിയ സ്‌ക്രീനിൽ വന്നു.ഒരു മോശമായിട്ടുള്ള വാക്ക്..ഒരു ചിഹ്നം ഞാൻ അവരുമായി നടത്തിയിട്ടില്ല..സ്വപ്‌നപോലും അത് പറഞ്ഞിട്ടുമില്ല..എനിക്ക് വലിയ ബിസിനസ്സ് താൽപ്പര്യമെന്ന് മാത്രമാണ് അവർ പറഞ്ഞത്..എനിക്കൊരു ബിസിനസ്സ് പോലും ഇല്ല..

ഒരാളെക്കണ്ടാൽ അറിഞ്ഞുടെ അയാളുടെ അവസ്ഥ.. നിങ്ങൾ കാർ അയച്ച് തന്നിട്ട് വരേണ്ട അവസ്ഥയുണ്ടാകുമോ ഞാൻ ബിസിനസ്സുകാരനായിരുന്നെങ്കിൽ.എനിക്കിവിടെ വലിയ കാറും സന്നാഹവുമൊക്കെ ഉണ്ടാകില്ലെ.. നിങ്ങൾ ഒരു ദിവസം എന്റെ വീട്ടിൽ വന്ന് നോക്ക്..ഇന്നുവരെ ഞാൻ ഒരാൾക്ക് പത്തുപൈസ കടംകൊടുത്തിട്ടും ഇല്ല വാങ്ങീട്ടും ഇല്ല.ഒരാളുടെ ഒരു ഗ്ലാസ് ചായ ഞാൻ പ്രതിഫലമായി പറ്റിയിട്ടില്ല.ഇ ആഭിമുഖം വരുമ്പോൾ ഞാൻ പറയുന്നത് നുണയാണെങ്കിൽ ആരെങ്കിലും പറയട്ടെ.. മറുപടി ഇടട്ടെ..

എൻഐഎയുടെ സമീപനം എങ്ങിനെയായിരുന്നു?

നല്ല സമീപനമായിരുന്നു..ഇതൊക്കെ കഴിഞ്ഞപ്പോൾ എനിക്കവരോട് ബഹുമാനം കുടുകയാണ് ചെയ്തത്. ഈ ഇലക്ട്രോണിക്ക് തെളിവ് എന്നു പറയുന്നത് കുറ്റം ചെയ്തവനെ സംബന്ധിച്ച് രക്ഷപ്പെടാൻ പാടാ..കുറ്റം ചെയ്തിട്ടില്ലെങ്കിൽ പേടിയും വേണ്ട.എൻഐഎക്കാർ ഖുർ ആന്റെ കോപ്പികൾ പോയി പരിശോധിച്ചിരുന്നു.

തുടരും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP