Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

ഗ്രൂപ്പിൽ ചേരാൻ രണ്ട് നേതാക്കളുടെയും വീടിന് മുന്നിൽ കാത്തിരുന്നു; ഒരു ഗ്രൂപ്പിലും എടുത്തില്ല; ഗൾഫിൽ പോലും ഒന്നിച്ചുപോയ സ്വപ്നാ സുരേഷിനെ അറിയില്ല എന്ന് പിണറായി കളവ് പറഞ്ഞത് കുറ്റബോധം കൊണ്ട്; കെ.സുധാകരൻ ഓർത്തെടുക്കുന്നു പഴയകാലവും പുതിയകാലവും

ഗ്രൂപ്പിൽ ചേരാൻ രണ്ട് നേതാക്കളുടെയും വീടിന് മുന്നിൽ കാത്തിരുന്നു; ഒരു ഗ്രൂപ്പിലും എടുത്തില്ല; ഗൾഫിൽ പോലും ഒന്നിച്ചുപോയ സ്വപ്നാ സുരേഷിനെ അറിയില്ല എന്ന് പിണറായി കളവ് പറഞ്ഞത് കുറ്റബോധം കൊണ്ട്; കെ.സുധാകരൻ ഓർത്തെടുക്കുന്നു പഴയകാലവും പുതിയകാലവും

മറുനാടൻ മലയാളി ബ്യൂറോ

 കോൺഗ്രസിൽ തിരിച്ചെത്തിയ ശേഷം ഏതെങ്കിലുമൊരു ഗ്രൂപ്പിൽ കയറാൻ നേതാക്കളുടെ വീട്ടുപടിക്കൽ കാത്തുനിൽക്കേണ്ടി വന്നുവെന്ന് കെ. സുധാകരൻ. തന്നെ ഗ്രൂപ്പിലെടുക്കാൻ രണ്ട് ഗ്രൂപ്പുകളുടെയും ജില്ലാ നേതാക്കൾ അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് 1992 ലെ സംഘടനാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മൽസരിക്കേണ്ടി വന്നത്. അന്ന് കെ.എസ്.യു നേതാവായിരുന്ന കെസി വേണുഗോപാൽ പിന്തുണച്ചത് തന്നെയായിരുന്നു. തനിക്കെതിരെ ഗ്രൂപ്പുകളുടെ സംയുക്തസ്ഥാനാർത്ഥിയായി രാഷ്ട്രീയം നിർത്തി പോയ മുൻ ഡിസിസി പ്രസിഡന്റിനെ കൊണ്ടുവന്നത് ഉൾക്കൊള്ളാൻ ആകാതെയാണ് വേണു തനിക്കൊപ്പം നിന്നതെന്ന് സുധാകരൻ പറയുന്നു.

2001 ൽ അപ്രതീക്ഷിതമായാണ് മന്ത്രിയായത്. കന്യാകുമാരി ഗസ്റ്റ് ഹൗസിലിരിക്കുമ്പോൾ ആന്റണി വിളിച്ചു പറയുകയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് നക്സൽ നേതാക്കളായ കുന്നിക്കൽ നാരായണനും അതിരോത്ത് മാധവൻ നമ്പ്യാർക്കുമൊപ്പം ജയിലിൽ കിടന്ന കഥയും സുധാകരൻ പങ്കുവയ്ക്കുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായുള്ള അഭിമുഖത്തിന്റെ അവസാനഭാഗം.

കണ്ണൂരിൽ വേറെയും അറിയപ്പെടുന്ന നേതാക്കളുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ... അവരാരും ഈ സീനിലേയ്ക്ക് വന്നില്ലല്ലോ?

എല്ലാവർക്കും അത് ഉൾക്കൊള്ളാൻ കഴിയണമെന്നില്ല.

ഇതുപോലെ ത്യാഗം സഹിച്ച്, ജീവൻ പകരം നൽകിയ മറ്റൊരു നേതാവും കേരളത്തിലെ കോൺഗ്രസിൽ ഉണ്ടാകില്ല. പക്ഷെ എന്തുകൊണ്ടാണ് താങ്കൾ കെപിസിസി പ്രസിഡന്റാകാൻ ഇത്രയും വൈകിയത്?

അത് തന്നെയാണ് കാരണം. ഞാൻ 1969 വരെ കോൺഗ്രസായിരുന്നു. അതിന് ശേഷം അഖിലേന്ത്യാതലത്തിൽ പിളർപ്പുണ്ടായപ്പോൾ സംഘടനാ കോൺഗ്രസിന്റെ ഭാഗമായി. അടയന്തരാവസ്ഥകാലത്ത് ഞാനൊക്കെ ജയിലിൽ പോയി. അടിയന്തരാവസ്ഥ കഴിഞ്ഞ് പുറത്തുവരുമ്പോൾ നേതാക്കന്മാരൊക്കെ ജനതാപാർട്ടിയിൽ പോയി. ഞങ്ങൾ യാന്ത്രികമായി അങ്ങനെ ജനതയായി. പക്ഷെ അപ്പോഴും ഇടത് മുന്നണിയിൽ നിൽക്കുന്നത് എനിക്ക് സഹിക്കാനാകുന്നില്ലായിരുന്നു. ഞാൻ ഒമ്പത് വയസുള്ളപ്പോൾ സമപ്രായക്കാരായ പിള്ളേരെ കൂട്ടി കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ജാഥ നടത്തിയയാളാ, വിമോചനസമരകാലത്ത്. അങ്ങനെയൊരു വികാരത്തിന്റെ പുറത്ത് വളർന്നുവന്നയാളെന്ന നിലയ്ക്ക് സിപിഎമ്മുമായി എനിക്ക് സഹകരിച്ചുപോകാൻ കഴിയുമായിരുന്നില്ല. അങ്ങനെ ഞാനടക്കം അഞ്ഞൂറ് അറുന്നൂറ് നേതാക്കന്മാരും പ്രവർത്തകരുമൊക്കെയായി കോൺഗ്രസിലേയ്ക്ക് തിരിച്ചുവന്നു. അവരെന്നെ കെപിസിസി എക്സിക്യൂട്ടീവ് അംഗമാക്കി. അകത്ത് വന്നപ്പോഴാണ് ഏതെങ്കിലും ഗ്രൂപ്പിൽ കയറിയാലെ രക്ഷയുള്ളു എന്ന് മനസിലായി. അതിന് വേണ്ടി ഞാൻ രണ്ട് നേതാക്കന്മാരെയും കണ്ടു. അവർക്ക് കുഴപ്പമൊന്നുമില്ല. പക്ഷെ ജില്ലാതലത്തിലെ നേതാക്കന്മാർക്ക് താൽപര്യമില്ലായിരുന്നു. അതുകൊണ്ട് ഒരു ഗ്രൂപ്പിലും കയറാൻ കഴിഞ്ഞില്ല. പക്ഷെ ഞാനവിടെ കോൺഗ്രസിലെത്തി പ്രവർത്തനമാരംഭിച്ചപ്പോൾ ഇന്നിപ്പോൾ കാണുന്നത് പോലെ താഴെത്തട്ടിലെ പ്രവർത്തകർക്ക് വളരെ ആവേശമായി.

ഞാനിപ്പോൾ പറഞ്ഞാൽ നിങ്ങൾ ചിലപ്പോൾ വിശ്വസിക്കില്ല. ഒരു മൈനർ സ്ഥാനമെങ്കിലും നൽകി കൂടെ നിർത്താൻ ആരെങ്കിലും വന്നിരുന്നെങ്കിൽ ഞാൻ അവർക്കൊപ്പം നിന്നേനെ. പക്ഷെ ആർക്കും എന്നെ വേണ്ട. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയ സമയമാണത്. ലീഡറുടെ വീട്ടിൽ ഗ്രൂപ്പിലേയ്ക്ക് പ്രവേശനത്തിന് വേണ്ടി കാത്തിരുന്ന ഒരു കാലമുണ്ട്.

ഒടുവിൽ ഞാനവിടെ ഒറ്റയ്ക്ക് മൽസരിച്ചു. എയും ഐയും ഒന്നിച്ച് ബൂത്ത് തലം മുതൽ പ്രവർത്തിച്ചു. അവരെ തോൽപ്പിച്ചാണ് ഞാൻ ഡിസിസി പ്രസിഡന്റ് ആകുന്നത്. ആ ഇലക്ഷനിൽ കെസി വേണുഗോപാൽ എന്നെ സഹായിച്ചു. കെസി അന്ന് കെ.എസ്.യു നേതാവായിരുന്നു. രാഷ്ട്രീയം നിർത്തി പോയ ഒരു മുൻ ഡിസിസി പ്രസിഡന്റിനെ അവിടെ സ്ഥാനാർത്ഥിയാക്കിയത് വേണുവിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. വേണു ലീഡറെ വിളിച്ചിട്ട് ആ തീരുമാനം ഉൾക്കാനാവില്ലെന്ന് പറഞ്ഞു. വേണുവിന്റെ ആൾക്കാരോട് എനിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ ജയിച്ചു. അന്ന് ഈ പറഞ്ഞ നേതാക്കന്മാരുടെയൊക്കെ എതിർപ്പ് അതിജീവിച്ചാണ് ഞാൻ ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പിന്നീട് ലീഡറുമായിട്ട് നല്ല ബന്ധമായില്ലായിരുന്നോ?

അന്നും ആരുമായിട്ടും ബന്ധക്കുറവൊന്നുമില്ല. എകെയുമായിട്ടും ലീഡറുമായിട്ടും ഉമ്മൻ ചാണ്ടിയുമായിട്ടുമൊക്കെ അന്നും നല്ല ബന്ധം തന്നെയാണ്. എന്നെ അംഗീകരിക്കുന്നില്ല എന്നുകരുതി ആരുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ല. അവരെല്ലാം എന്റെ നേതാക്കന്മാരാണ് എന്ന നിലയിൽ തന്നെയാണ് അന്നും ഇന്നും മുന്നോട്ടുപോയിട്ടുള്ളത്.

2001 ൽ മന്ത്രിയായത് വളരെ യാദൃശ്ചികമായിരുന്നോ?

അത് എകെ ആന്റണിയുടെ സംഭാവനയാണ്. ഞാനൊരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇലക്ഷൻ കഴിഞ്ഞ് ഞാൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കന്യാകുമാരിയിൽ ഗസ്റ്റ് ഹൗസിലായിരുന്നു. അപ്പോഴാണ് എകെയുടെ ഫോൺ വരുന്നത്. തിങ്കളോ ചൊവ്വയോ മറ്റോ സത്യപ്രതിജ്ഞയാണ്. സുധാകരൻ റെഡിയാവണമെന്ന് പറഞ്ഞു. എനിക്കപ്പോൾ അത് വിശ്വസിക്കാനായില്ല. ശരിക്കും പ്രസിഡന്റേ? എന്നാണ് ഞാൻ ചോദിച്ചത്. പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു, 'ശരിക്കും'.

മാർക്സിസ്റ്റ് പാർട്ടിയുടെ പ്രചരണത്തിൽ എന്റെ മുഖം കേരളീയ സമൂഹത്തിന് മുന്നിൽ വളരെ വികൃതമായിരിക്കുന്ന സമയത്താണ് എകെ എന്നെ മന്ത്രിയാക്കുന്നത്. സ്പോർട്സ്, വനം എന്നീ രണ്ട് വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും സഞ്ചരിക്കാൻ എനിക്ക് സാധിച്ചു.

മന്ത്രിയെന്ന നിലയിൽ അങ്ങേയ്ക്ക് എന്തൊക്കെ ചെയ്യാൻ കഴിഞ്ഞു?

എനിക്ക് ഒരുപാട് കാര്യങ്ങൾ കുറഞ്ഞ കാലയളവിൽ ചെയ്ത് തീർക്കാൻ സാധിച്ചു. നഷ്ടപ്പെടുമായിരുന്ന മതികെട്ടാൻ മല വനംമന്ത്രിയെന്ന നിലയിൽ എന്റെയൊരു വ്യക്തിപരമായ നട്ടെല്ല് കൊണ്ട് തിരിച്ചുപിടിച്ചതാണ്.

അത് വിഎസിന്റെ ക്രഡിറ്റായിട്ടാണല്ലോ ജനങ്ങൾ പൊതുവേ പറയുന്നത്?

അതിൽ വിഎസിന് എന്തു ബന്ധം? മാധ്യമം പത്രത്തിൽ വന്ന ഒരു വാർത്തയെ തുടർന്ന് പിറ്റെന്ന് രാവിലെ ഞാൻ മതികെട്ടാനിലെത്തി. ജീപ്പിൽ മുകളിലേയ്ക്ക് കയറുമ്പോൾ ആളുകൾ തലയിൽ ഭാണ്ഡക്കെട്ടുമായി മുകളിലേയ്ക്ക് കയറുകയാണ്. എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ, 'മുകളിലൊരു സ്ഥലം കിട്ടി, അവിടേയ്ക്ക് പോകുകയാണ്' എന്നാണ് മറുപടി. മുകളിലെത്തി നോക്കുമ്പോൾ അവിടെ പുതിയ റോഡുകൾ പണിയുന്നു, പുതിയ വീടുകൾ ഉയരുന്നു. അവിടെ ലോകത്തെ അപൂർവമായ ഷോലെ കാടുകളാണ്. അവിടെയാണ് അപൂർവസസ്യങ്ങളൊക്കെ വെട്ടിമുറിച്ച് പുതിയ നിർമ്മാണങ്ങൾ നടക്കുന്നത്. എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് ചോദിച്ചപ്പോൾ താഴെ നിന്നും എഴുതി തന്നതാണെന്ന് പറഞ്ഞു. അപ്പോൾ തന്നെ സിസിഎഫ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് റോഡ് നിർമ്മിക്കാൻ കൊണ്ടുവന്ന ട്രാക്ടറൊക്കെ കസ്റ്റഡിയിൽ എടുത്തു. തിരിച്ചിറങ്ങുമ്പോൾ ഇപ്പോൾ പത്രസമ്മേളനം നടത്തണോ തിരുവനന്തപുരത്ത് പോയിട്ട് നടത്തണോ എന്നാണ് ഞാൻ ആലോചിച്ചത്. തിരുവനന്തപുരം എത്തുന്നത് വരെ കാത്തിരുന്നാൽ പല ബാഹ്യസമ്മർദ്ദങ്ങളും ഉണ്ടാകുമെന്നതിനാൽ അവിടെ വച്ചുതന്നെ ഞാൻ പത്രസമ്മേളനം വിളിച്ചു. അത് പിറ്റെന്ന് വലിയ ഇടിമുഴക്കമായി. അതിന്റെ ചലനം യുഡിഎഫിലുമുണ്ടായി. ഞാൻ ശരിക്കുമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞു. അത് മന്ത്രിസഭയ്ക്കുള്ളിൽ വലിയ തർക്കത്തിനിടയാക്കി. ആ പ്രദേശം റവന്യു ഭൂമിയാണെന്ന് അന്നത്തെ റവന്യു മന്ത്രിയും വനഭൂമിയാണെന്ന് ഞാനും വാദിച്ചു. ഒടുവിൽ ഒരു സംയുക്തസംഘം സർവേ നടത്തി അത് വനഭൂമിയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

അതുപോലെ മറ്റൊന്ന് മറയൂർ ചന്ദനം നിർബാധം വെട്ടിവിൽക്കുന്ന ഒരു കാലമായിരുന്നു അത്. അതിനൊരു പരിഹാരം കാണാൻ ഞങ്ങൾ കൂടിയാലോചിച്ചപ്പോൾ ഒരു നോർത്ത് ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു, അടുത്ത് ഫാക്ടറി ഉള്ളതാണ് പ്രശ്നം. അവിടത്തെ പ്രദേശവാസികൾക്ക് മരംമുറിച്ച് അവിടെതന്നെ കൊണ്ടുകൊടുത്ത് പണം വാങ്ങാം. ഇപ്പോഴവിടെ എത്ര മരം ഉണ്ട്, എത്രമരം മുറിച്ചു എന്നൊന്നും ഒരു കണക്കുമില്ല. ഞാനവിടെ നിന്ന് അതിനൊരു നടപടി ഉണ്ടാക്കി. എല്ലാ മരങ്ങളും എണ്ണി നമ്പരിട്ടു. അതിൽ ഇലക്ട്രിക്ക് ഫെൻസിങ് നടത്തി. ടവറുണ്ടാക്കി, മരത്തിന് കാവലേർപ്പെടുത്തി. ഈ 21 ഫാക്ടറികളും പൂട്ടാൻ തീരുമാനിച്ചു. അപ്പോഴേക്കും ആന്റണി രാജിവച്ചു, പുതിയ സർക്കാർ വന്നു. ആ സർക്കാരിൽ വനംമന്ത്രിയായിരുന്ന തിരുവഞ്ചൂരാണ് അത് നടപ്പാക്കിയത്.

ആദിവാസികൾക്ക് വേണ്ടി ആദ്യമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി 300 ഫോറസ്റ്റ് ഗാർഡുകളെ എടുത്തത് എന്റെ കാലത്ത്, എന്റെ താൽപര്യത്തിന്റെ പുറത്താണ്. ഞാൻ സൈലന്റ് വാലിയിൽ പോയി ഒരു ടവറിൽ നിൽക്കുമ്പോൾ ദുരെ നിന്നും പുക ഉയരുന്നത് കണ്ട് ഞാൻ താഴെ നിൽക്കുകയായിരുന്ന ഡിഎഫ്ഒയോട് അക്കാര്യം അറിയിച്ചു. തീ പിടിച്ചതാണെന്ന് തോന്നുന്നു എന്ന് പറഞ്ഞു. ഡിഎഫ്ഒ ഒരു ആദിവാസി പയ്യനെ വിളിച്ചിട്ട് പോയി നോക്കിയിട്ട് വരാൻ പറഞ്ഞു. അവൻ ഓടിപ്പോയി ഒരു അമ്പത്- അമ്പത്തഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ തിരിച്ചുവന്ന് അത് കർണാടക പരിധിയിലാണെന്ന് അറിയിച്ചു. അത്ര വേഗം അവൻ തിരിച്ചെത്തിയത് കണ്ട് ഞാൻ ഡിഎഫ്ഒയോട് അത് എത്ര അകലെയാണെന്ന് തിരക്കി. ഡിഎഫ്ഒ പറഞ്ഞു '22 കിലോമീറ്റർ സാർ. ഇവരത് ഒറ്റയടിപ്പാതയിലൂടെ പെട്ടെന്ന് ഓടിപോയിവരും. അതാണ് ഇവനെ വിട്ടത്.' ഞാൻ കരുതി, ''ടാ, അങ്ങനെയാണെങ്കിൽ ഇവനെയല്ലേ കാട് ഏൽപ്പിക്കേണ്ടത്.' അങ്ങനെയാണ് ആദിവാസി ചെറുപ്പക്കാർക്ക് വേണ്ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താൻ തീരുമാനിച്ചത്. പിന്നെയാരും അങ്ങനെ ചെയ്തിട്ടില്ലെന്നാണ് തോന്നുന്നത്.

നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത ഏതെങ്കിലും സാധാരണക്കാരന്റെ ജീവിതത്തിൽ അവന്റെ കണ്ണീരൊപ്പാൻ കഴിഞ്ഞ അനുഭവമുണ്ടായിട്ടുണ്ടോ? ജനപ്രതിനിധി എന്ന നിലയിലോ, പൊതുപ്രവർത്തകൻ എന്ന നിലയിലോ.

കിഡ്നി രോഗിയായ ഒരാൾക്ക് വേണ്ടി ഞാൻ ഒന്നേകാൽ കൊല്ലം ബോംബെയിൽ പോയി താമസിച്ച് ശുശ്രുഷിച്ചിട്ടുണ്ട്. ഞാൻ ലോ കോളേജിൽ പഠിക്കുന്ന കാലം. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഒരു മകൻ മഞ്ഞപ്പിത്തം വന്നു മരിച്ചു. മറ്റൊരാൾക്ക് പോളിയോ വന്നിട്ട് നടക്കാനാകില്ല. മറ്റൊരു മകൻ, കുഞ്ഞിരാമനെന്ന് പേരുള്ള, അദ്ദേഹത്തിന് രണ്ട് കിഡ്നിയും പ്രശ്നമാണ്. അന്ന് നമ്മുടെ നാട്ടിലെ ചില ഡോക്ടർമാർക്ക് കിഡ്നി മാറ്റി വയ്ക്കാമെന്നകാര്യം പോലും അറിയാത്ത കാലം. ഈ കുഞ്ഞിരാമനെയും കൊണ്ട് ഞാൻ ബോംബെയ്ക്ക് പോയി. അവിടെ ജെസ്ല ഹോസ്പിറ്റലിൽ ജയപ്രകാശ് നാരായൺ ഡയാലിസിസ് ചെയ്യുന്ന കാലമാണ്. കുഞ്ഞിരാമന് ചിലപ്പോൾ യൂറിന് പകരം ചോര വരും. ആ സമയത്ത് സെർപ്പാസിൽ ഇഞ്ചക്ഷൻ എടുക്കാനൊക്കെ ഡോക്ടറിൽ നിന്നും പഠിച്ചിട്ടാണ് ഞാൻ ബോംബെയ്ക്ക് പോകുന്നത്. അവിടെ പോയപ്പോൾ ആശുപത്രിയിൽ 75000 രൂപ കെട്ടിവച്ചാലേ ചികിൽസ തുടങ്ങു. അന്നത്തെ 75000 രൂപയാണെന്ന് ഓർക്കണം. എന്റെ കൈയിൽ ആകെ 46000 രൂപയേ ഉള്ളു. ഒരു നിവർത്തിയുമില്ല. അന്ന് കോട്ടയത്തുകാരൻ ഒരു ഡോക്ടറാണ് അവിടത്തെ സർജൻ. തോമസ് ചാണ്ടിയെന്നോ മറ്റോ ആണ് പേര്. അദ്ദേഹത്തെ വീട്ടിൽ പോയി കണ്ട് കാര്യം പറഞ്ഞു. അദ്ദേഹം അപ്പോൾ തന്നെ എനിക്കൊപ്പം വന്നു. കുഞ്ഞിരാമന്റെ അവസ്ഥ വളരെ സീരിയസായിരുന്നു. ഡോക്ടർ അപ്പോൾ തന്നെ അഡ്‌മിറ്റ് ചെയ്ത് ഡയാലിസിസ് തുടങ്ങി.

കിഡ്നി കൊടുക്കാൻ ഞങ്ങളാരംഭിച്ച സമാജ്വാദി കോളനിയിൽ നിന്നൊരു കൃഷ്ണൻ വന്നു. ചെക്കപ്പിനിടയിൽ കൃഷ്ണന് ഹൈഡ്രോസിൽ വന്നു. അപ്പോൾ കൃഷ്ണന്റെ കിഡ്നി എടുക്കാൻ പറ്റില്ലെന്നായി. പിന്നെ ഞാൻ ടൈംസ് ഓഫ് ഇന്ത്യയിൽ പരസ്യം കൊടുത്തു. പരസ്യം കണ്ടിട്ട് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കിഡ്നി നൽകാൻ തയ്യാറായി വന്നു. അവരുടെ ചെക്കപ്പ് നടക്കുമ്പോൾ കൃഷ്ണന്റെ ഹൈഡ്രോസിൽ താഴാൻ തുടങ്ങി. അപ്പോൾ കൃഷ്ണന്റെ കിഡ്നിയാണ് ചേരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. അങ്ങനെ വീണ്ടും നാല് മാസം കാത്തു. അപ്പോഴേക്കും കയ്യിലെ കാശോക്കെ തീർന്നു. ഞാനന്ന് കെ. ഗോപാലനെ വിളിച്ച് അദ്ദേഹം ബോംബെയ്ക്ക് വന്ന് എൻ.ജി ഗോറെയുടെ അടുത്തുകൊണ്ടുപോയി. അദ്ദേഹം കുറച്ച് പണമൊക്കെ തന്നുസഹായിച്ചു. പിന്നെ യേശുദാസിനെ പോയി കണ്ട് ഷൺമുഖാനന്ദ ഹാളിൽ പാട്ട് കച്ചേരി നടത്തി. അങ്ങനെയൊക്കെയാണ് ഓപ്പറേഷനുള്ള പണം കണ്ടെത്തിയത്. അങ്ങനെ രക്ഷപ്പെട്ട കുഞ്ഞിരാമൻ ഒമ്പത് വർഷം ജീവിച്ചു. ഒരു ദിവസം ചെന്നൈയിൽ മരുമകന്റെ കല്യാണത്തിന് പോയപ്പോൾ ദിവസവും കഴിക്കേണ്ട ഗുളിക കഴിച്ചില്ല. അങ്ങനെയാണ് അയാൾ മരിക്കുന്നത്. ലോ കോളേജിൽ പഠിക്കുമ്പോഴാണ് ഒരു വർഷം ഞാൻ ഇതിനുവേണ്ടി മെനക്കെട്ടത്. ആ ഒരു വർഷം പിന്നീട് എഴുതിയെടുക്കേണ്ടി വന്നെങ്കിലും അയാൾ രക്ഷപ്പെട്ടത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്.

അടിയന്തരാവസ്ഥകാലത്തെ ജയിൽ ജീവിതത്തെ എങ്ങനെ ഓർക്കുന്നു?

എട്ടുമാസക്കാലം ജയിലിലുണ്ടായിരുന്നു. തലശ്ശേരിയിലെ ഒരു പൊതുയോഗത്തിൽ ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്ന് ഞാൻ പ്രസംഗിച്ചിരുന്നു. അതിനായിരുന്നു അറസ്റ്റ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം മനസിന് സമാധാനം ഉള്ള കാലമായിരുന്നു ജയിൽ കാലഘട്ടം. ഞാൻ ജയിലിൽ നിന്നും പുറത്തിറങ്ങിയത് വളരെ സുമുഖനായിട്ടായിരുന്നു. കുന്നിക്കൽ നാരായണനും അതിരോത്ത് മാധവൻ നമ്പ്യാരുമടക്കമുള്ള നക്സലുകളൊക്കെയാണ് എനിക്കൊപ്പം സെല്ലിലുണ്ടായിരുന്നത്. അന്ന് ഞങ്ങൾക്കൊപ്പം മലപ്പുറത്ത് നിന്ന് ഒരു അഹമ്മദ് ഇക്ക ഉണ്ടായിരുന്നു. പച്ച മുണ്ടും അരയിൽ ബെൽറ്റുമൊക്കെയായി അസൽ മലപ്പുറം മുസ്ലിം. അക്ഷരാഭ്യാസമില്ല. സ്ലേറ്റും പെൻസിലുമൊക്കെ കൊണ്ടുവന്ന് പുള്ളിയെ അക്ഷരം പഠിപ്പിച്ചത് ഞാനാണ്. ആദ്യമായി സ്വന്തം പേര് വായിക്കാൻ പഠിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം ഇപ്പോഴും നല്ല ഓർമയുണ്ട്. അഹമ്മദ് കുഞ്ഞ് എന്ന് വായിച്ചിട്ട് അള്ളാ ഞമ്മന്റെ പേര് എന്നും പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത രംഗമാണത്. വിരൽ പതിച്ച് കയറിവന്ന് അഹമ്മദിക്ക തിരിച്ചുപോയപ്പോൾ പേരെഴുതി ഒപ്പിട്ടിട്ടാണ് പോയത്.

ഞങ്ങളവിടെയൊരു ക്യാബിനറ്റൊക്കെ ഉണ്ടാക്കിയിരുന്നു. കുന്നിക്കൽ നാരായണൻ പ്രധാനമന്ത്രി, അതിരോത്ത് മാധവൻ നമ്പ്യാർ ആഭ്യന്തര മന്ത്രി, ഞാൻ ഭക്ഷ്യമന്ത്രി ഒക്കെ ആയിട്ട്. വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം വീതിക്കുന്നതിനൊക്കെ ഞാനവിടെയൊരു സിസ്റ്റം ഉണ്ടാക്കി.

കുന്നിക്കലിനോട് നക്സലായതിന്റെ കഥയൊക്കെ ചോദിച്ചിരുന്നോ?

അദ്ദേഹം അദ്ദേഹത്തിന്റെ കഥകളൊക്കെ പറഞ്ഞു. കമ്യൂണിസ്റ്റുകാരെയൊക്കെ ഭയങ്കരമായി വിമർശിക്കുന്നയാളാണ്. അദ്ദേഹത്തിന് വലിയൊരു പുസ്തകശേഖരം ഉണ്ടായിരുന്നു. ഒരിക്കൽ പിണറായി വിജയൻ അതിൽ നിന്നൊരു പുസ്തമെടുത്തപ്പോൾ 'വയ്ക്കടാ അവിടെ' എന്ന് കുന്നിക്കൽ പറഞ്ഞു. 'ആ ബുക്ക് നീ വായിക്കേണ്ടവനല്ല. ആ ബുക്കിന് വേണ്ടി നിന്റെ പൊലീസുകാരുടെ അടി വാങ്ങിയവനാണ് ഞാൻ.' അത് റെഡ്സ്റ്റാർ ഓവർ ചൈന എന്ന ബുക്കാണ്. ആ പുസ്തകം മുഖ്യധാരാ കമ്യൂണിസ്റ്റുകാർ അംഗീകരിച്ചിട്ടില്ല. അവർ ഭരിക്കുമ്പോഴൊന്നും അത് വിൽക്കാൻ സമ്മതിക്കില്ല. അത് കടത്തിക്കൊണ്ടുവന്നതിന് കുന്നിക്കലിനെ പൊലീസുകാർ വളഞ്ഞിട്ട് അടിച്ചിട്ടുണ്ട്. അയാൾ വളരെ സ്നേഹമയിയാണ്. എന്നാൽ അതുപോലെ റഫുമാണ്. ഒരു തടവുകാരന് പനി വല്ലതും വന്നാൽ രാത്രി മുഴുവൻ പുള്ളി അടുത്തിരുന്ന് ശുശ്രുഷിക്കുമായിരുന്നു.

നക്സലായതിൽ അദ്ദേഹത്തിന് കുറ്റബോധമൊന്നും ഉണ്ടായിരുന്നില്ലേ?

ഒരിക്കലുമില്ല. എന്ന് മാത്രമല്ല അഭിമാനവുമാണ്. 'ഒരുപക്ഷെ എന്റെ തലമുറയിൽ കമ്യൂണിസം വരില്ലായിരിക്കും. ബട്ട് ഇറ്റ് വിൽ കം. റ്റുഡേ ഓർ റ്റുമാറോ' എന്ന് അദ്ദേഹം ആവർത്തിച്ച് പറയുമായിരുന്നു. ഇദ്ദേഹവും ഇദ്ദേഹത്തിന്റെ മകളും തമ്മിൽ കത്തിടപാടുകളിലൂടെ രൂക്ഷമായ ആശയതർക്കങ്ങളും അക്കാലത്ത് നടന്നിരുന്നു. അതൊക്കെ അദ്ദേഹം വായിച്ചുകേൾപ്പിക്കുമായിരുന്നു.

അതിന് ശേഷം പിന്നെ ജയിലിൽപോകേണ്ടി വന്നിട്ടുണ്ടോ?

കേസുകളൊക്കെ ഒരുപാട് വന്നിട്ടുണ്ട്. ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലം മുതലെ നാട്ടിലൊക്കെ എന്ത് സംഭവം നടന്നാലും നമ്മളൊക്കെ അതിൽ പ്രതിയാകും. ഒരേസമയം ഞാൻ പത്തും പതിനാലും കേസിൽ പ്രതിയായിട്ടുണ്ട്. പക്ഷെ ഒറ്റകേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

കേശവനെന്ന് പറയുന്ന ഒരു മജിസ്ട്രേറ്റ് ഉണ്ടായിരുന്നു കണ്ണൂരിൽ. അദ്ദേഹമൊരു ഭക്തനായിരുന്നു. ചന്ദനക്കുറിയൊക്കെ തൊട്ടാണ് വരുക. ഞാനും കോടതിയിൽ പോകുമ്പോൾ അതുപോലെ ചന്ദനമൊക്കെ തൊട്ടുപോയിട്ട് അദ്ദേഹത്തെ കാണുമ്പോൾ താണുവീണ് തൊഴും. അതൊക്കെ കാണുമ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമാണ്. വാദത്തിനവസാനം ഞങ്ങളുടെ വക്കീൽ അഡ്വ. കരുണാകരൻ നമ്പ്യർ മജിസ്ട്രേറ്റിനോട് റിക്വസ്റ്റ് പറഞ്ഞുതുടങ്ങുമ്പോൾ തന്നെ അദ്ദേഹം അവിടെയിരുന്ന പറയും 'യെസ്, യെസ്, യെസ്. നോ എവിഡന്റ്സ് നോ എവിഡന്റ്സ്' എന്ന്. കേസിന്റെ വിധി അവിടെ തന്നെയായി.

അങ്ങൊരു മല്ലനായി നിൽക്കുന്ന ബ്രണ്ണൻ കോളേജ് കാലത്തെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അന്നേ ഈ കളരിയൊക്കെ ഉണ്ടോ?

ഞാനന്ന് കളരി കളിക്കുന്ന സമയമാണ്. കളരിയിൽ കുറച്ചുകാലമേ പോയിട്ടുള്ളു. അത് ആ സമയത്താണ്.

ഇപ്പോഴും കൃത്യമായി ജിമ്മിൽ പോകാറുണ്ടോ?

ഭക്ഷണം കഴിക്കുന്നത് പോലെതന്നെ ജിമ്മും എന്റെ ഒരു ദിനചര്യയാണ്. എന്തുണ്ടെങ്കിലും അത് മുടങ്ങാറില്ല. ഷാജൻ സ്‌കറിയ അല്ല, മഹാനായ തമ്പുരാൻ വന്നാലും അവിടെ ഇരിക്ക് ഇതുകഴിഞ്ഞിട്ട് കാണാമെന്ന് പറയും. അതിൽ കോംപ്രമൈസില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്നുവിളിച്ചത് ഏറെ വിവാദമായി. അതിൽ ഇപ്പോൾ കുറ്റബോധമുണ്ടോ?

ഒരിക്കലുമില്ല. എല്ലാവരും പറയുന്നത് ഞാൻ ജാതി പറഞ്ഞുവെന്നാണ്. ഇതിലെവിടെയാണ് ജാതി. ചെത്തുകാരൻ ജാതിയാണോ? തൊഴിലല്ലേ. തൊഴിൽ പറയുന്നത് മോശമാണോ? ഞാൻ ശരിക്കും പറഞ്ഞതെന്താണ്. അത്രയും അടിസ്ഥാനവർഗത്തിൽ നിന്നും വന്നയാളുടെ ജീവിതശൈലി തൊഴിലാളിവർഗത്തിന് അനുസരിച്ചുള്ളതാണോ എന്നതാണ് എന്റെ ചോദ്യം. 18 കോടി രൂപ ചെലവഴിച്ച് ഹെലികോപ്ടറിൽ യാത്ര ചെയ്യണോ കേരളത്തിന്റെ മുഖ്യമന്ത്രി, 40 പൊലീസുകാരുടെ എസ്‌കോർട്ടുമായി പോകണോ തൊഴിലാളിവർഗത്തിന്റെ പ്രതിനിധി എന്നതാണ് എന്റെ ചോദ്യം. അതിന് ഞാൻ ആ പശ്ചാത്തലം പറഞ്ഞെന്നേ ഉള്ളു. അതിലെന്താ തെറ്റ്? സുധാകരൻ പറഞ്ഞതിൽ തെറ്റില്ലെന്ന് പിണറായി തന്നെ സമ്മതിച്ചില്ലേ?

എന്റെ പാർട്ടിയിലെ തന്നെ ചില നേതാക്കൾ പറഞ്ഞു, സുധാകരൻ ചെത്തുകാരന്റെ മകൻ എന്ന് വിളിച്ചതിന്റെ പേരിൽ ഈഴവ വോട്ടുകൾ നഷ്ടപ്പെടുമെന്ന്. കോൺഗ്രസിൽ നിന്നും ഈഴവർ അകന്നിട്ട് കാലമെത്രയായി. അവരെ തിരിച്ചുകൊണ്ടുവരേണ്ടത് എന്റെ ലക്ഷ്യമാണ്. അതുകൊണ്ട് ആ വിമർശനത്തിൽ യാതൊരു അർത്ഥവുമില്ല.

പിണറായി വിജയൻ മകളുടെ ഭർത്താവിനെ മന്ത്രിയാക്കിയിട്ട് നിങ്ങളാരും ഒരക്ഷരം മിണ്ടിയില്ലല്ലോ. അവർ മക്കൾ രാഷ്ട്രീയമെന്ന് പറഞ്ഞ് കോൺഗ്രസിനെ പരിഹസിച്ചിരുന്നതല്ലേ?

മിണ്ടുകയൊക്കെ ചെയ്തു. പക്ഷെ അഭിമാനബോധമുള്ള ആളുകളെ വിമർശിച്ചിട്ടല്ലേ കാര്യമുള്ളു. അതിനേക്കാൾ വലിയ വഷളത്തരങ്ങൾ എത്ര നടന്നു. നാല് വർഷം എല്ലാ സ്ഥലങ്ങളിലും, ഗൾഫിൽ പോലും ഒന്നിച്ചുപോയ സ്വപ്നാ സുരേഷിനെ പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ അറിയില്ല എന്ന് എന്തിനദ്ദേഹം കളവ് പറഞ്ഞു. എല്ലാ ഐടി മീറ്റിങുകളിലും സ്വാഗതം പറഞ്ഞത് അവരല്ലേ. അവർ മുഖ്യമന്ത്രിയോട് എത്രയോ തവണ സംസാരിച്ചിട്ടില്ലേ, ഒപ്പം സഞ്ചരിച്ചിട്ടില്ലേ. അതൊന്നും തെറ്റല്ല. സ്റ്റാഫാകുമ്പോൾ സഞ്ചരിക്കും, സംസാരിക്കും. പക്ഷെ മാധ്യമങ്ങളോട് മുഖ്യമന്ത്രി എന്തിന് കള്ളം പറഞ്ഞു എന്നതാണ് എന്റെ ചോദ്യം. അങ്ങനെ പറയണമെങ്കിൽ അദ്ദേഹത്തിന്റെ മനസിൽ കുറ്റംബോധം ഉള്ളതുകൊണ്ടായിരിക്കില്ലേ.

സ്വർണക്കടത്തിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് തന്നെയാണോ വിശ്വസിക്കുന്നത്?

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിരന്തരമായി ഫോൺകോളുകൾ പോവുകയാണ്, സ്വർണം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട്. മുഖ്യമന്ത്രിയുടെ സ്റ്റാഫുകൾക്ക് പ്രിൻസിപ്പൾ സെക്രട്ടറിക്ക് വരെ പങ്കാളിത്തമുള്ള സംഭവത്തിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനുള്ള മൗഢ്യം ഉള്ളവരാണോ കേരളത്തിലെ ജനങ്ങൾക്ക്.

ലാവ്ലിൻ കേസിൽ സ്വാധീനം കൊണ്ട് രക്ഷപ്പെട്ടതാണോ?

സംശയമെന്താ, 25 തവണയൊക്കെ ഒരു കേസ് നീട്ടി വയ്ക്കുകയെന്നാൽ മറ്റെന്താണ്. ഇവിടെ ഉണ്ടാകുന്ന അക്രമങ്ങൾക്കും അഴിമതികൾക്കുമൊക്കെ ഒരു പരിധി വരെ കോടതിയും കാരണക്കാരാണ്. എന്ത് ന്യായമാണ് കോടതിക്കുള്ളത്, 25 തവണയൊക്കെ ഒരു കേസ് നീട്ടിവയ്ക്കാൻ. അത് ജനങ്ങളറിയണ്ടേ. അക്കാര്യത്തിൽ കോടതി പോലും പ്രതിക്കൂട്ടിലാണ്.

പഴയൊരു അഭിമുഖത്തിൽ ബിജെപിയിൽ പോകില്ലെന്ന് പറയാനാവില്ലെന്ന് താങ്കൾ പറഞ്ഞതായി കാണുന്നു. എന്താണത്തരമൊരു അഭിപ്രായപ്രകടനത്തിന് കാരണം?

അത് ഞാൻ ആ അവസരത്തിനൊത്ത് പറഞ്ഞതാണ്. എനിക്ക് ബിജെപിയിലേയ്ക്ക് പോകാൻ മറ്റാരുടെയും അനുമതി വേണ്ട എന്ന അർത്ഥത്തിലാണ് ഞാനത് പറഞ്ഞത്. അതിന് സിപിഎമ്മിന്റെ ശുപാർശ വേണോ എന്നാണ് എന്റെ ചോദ്യം. എന്റെ രാഷ്ട്രീയം തീരുമാനിക്കേണ്ടത് ഞാനല്ലേ. എനിക്ക് ബിജെപിയിൽ പോകാൻ ഉദ്ദേശമുണ്ടെങ്കിൽ ഞാനങ്ങനെ പറയോ. പറഞ്ഞത് തന്നെ സുതാര്യമല്ലേ. ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയാണ്.

ഞാൻ കോൺഗ്രസിൽ ജനിച്ചു. കോൺഗ്രസിൽ വളർന്നു. കോൺഗ്രസിൽ മരിക്കും.

ഇനി താങ്കളുടെ സ്വപ്നം എന്താണ്?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന എന്റെ രാഷ്ട്രീയപ്രസ്ഥാനത്തെ പഴയ കരുത്തിലേയ്ക്ക് കേരളത്തിലെങ്കിലും കൊണ്ടുവരാൻ എനിക്ക് സാധിച്ചാൽ എന്റെ ജിവിതം ധന്യമായെന്ന് കരുതുന്നയാളാണ് ഞാൻ. അതിനപ്പുറത്തേയ്ക്കൊരു ലക്ഷ്യം എനിക്കില്ല.

കുടുംബം?

എടക്കാടാണ് താമസം. ഭാര്യ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചറായിരുന്നു. വിരമിച്ചു. രണ്ട് മക്കളാണ്. രണ്ടുപേരും എംബിഎ കഴിഞ്ഞു. ജോലി ഒന്നും ആയിട്ടില്ല. ചെറിയ, ചെറിയ സംവിധാനങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു.

ഇത്രയും സ്വാധീനമുള്ള ദേശീയപാർട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ മക്കൾക്ക് ഇതുവരെ ജോലിയൊന്നും ആയില്ലെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും?

മറ്റുള്ളവർക്ക് വേണ്ടി ശുപാർശ ചെയ്യാം. പക്ഷെ സ്വന്തം മക്കൾക്ക് വേണ്ടി ശുപാർശ ചെയ്യാൻ മടിയാണ്. ഇന്നിപ്പോൾ മക്കളിൽ ഒരാൾ ഒറ്റപ്പാലത്തും മറ്റൊരാൾ കോയമ്പത്തൂരുമാണ്. ജോലിക്ക് വേണ്ടി അലയുന്നതാണ്. അക്കാര്യത്തിൽ ഞാനൊരു പരാജയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP