Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടിയും മുന്നണിയും ആവശ്യപ്പെട്ടാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് സ്ഥാനാർത്ഥിയാകുമെന്ന് കെ.എൻ.ബാലഗോപാൽ; ശബരിമല യുവതീ പ്രവേശന വിഷയവും പെരിയ രാഷ്ട്രീയ കൊലപാതകങ്ങളും സിപിഎമ്മിന്റെ സാധ്യതകളെ ബാധിക്കില്ല; ശബരിമലയിൽ ബിജെപിയുടെ ബി ടീമായി മാറിയത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദോഷം ചെയ്യും; സഖാവ് കുഞ്ഞാലിയെ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ആര്യാടൻ മുഹമ്മദിന് ഒഴിഞ്ഞുമാറാനാകില്ല; മറുനാടന് നൽകിയ അഭിമുഖത്തിൽ ബാലഗോപാൽ മനസ് തുറക്കുന്നു

പാർട്ടിയും മുന്നണിയും ആവശ്യപ്പെട്ടാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് സ്ഥാനാർത്ഥിയാകുമെന്ന് കെ.എൻ.ബാലഗോപാൽ; ശബരിമല യുവതീ പ്രവേശന വിഷയവും പെരിയ രാഷ്ട്രീയ കൊലപാതകങ്ങളും സിപിഎമ്മിന്റെ സാധ്യതകളെ ബാധിക്കില്ല; ശബരിമലയിൽ ബിജെപിയുടെ ബി ടീമായി മാറിയത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദോഷം ചെയ്യും; സഖാവ് കുഞ്ഞാലിയെ വെടിവെച്ചു കൊന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ആര്യാടൻ മുഹമ്മദിന് ഒഴിഞ്ഞുമാറാനാകില്ല; മറുനാടന് നൽകിയ അഭിമുഖത്തിൽ  ബാലഗോപാൽ മനസ് തുറക്കുന്നു

എം മനോജ് കുമാർ

 തിരുവനന്തപുരം: കണിശമായ രാഷ്ട്രീയ അവബോധവും പൊതുസമ്മതിയുമാണ് രാഷ്ട്രീയ നേതാവെന്ന നിലയിൽ കെ.എൻ.ബാലഗോപാലിനെ ശ്രദ്ധേയനാക്കുന്നത്. സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ബാലഗോപാലിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൊല്ലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളും മൺറോ തുരുത്തിലെ പുനരധിവാസ പ്രവർത്തനങ്ങളും വീട് നിർമ്മിച്ചു നല്കലുമെല്ലാം വ്യത്യസ്തനായ ജില്ലാ സെക്രട്ടറി എന്ന വിശേഷം ബാലഗോപാലിന് ചാർത്തിക്കൊടുത്തു. കേരളത്തിലെ സിപിഎമ്മിന്റെ ശക്തരായ നേതാക്കളിൽ ഒരാളും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് മുൻ രാജ്യസഭാ അംഗംകൂടിയായ ബാലഗോപാൽ. 1998 മുതൽ സംസ്ഥാന സമിതി അംഗമാണ്. എസ്എഫ്‌ഐയിൽ നിന്നും ഡിവൈഎഫ്‌ഐയിൽനിന്നുമാണ് ബാലഗോപാൽ സിപിഎമ്മിലേക്ക് എത്തുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ബാലഗോപാൽ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതകൾ ഏറെയാണ്. ഇപ്പോൾ ഇടതുമുന്നണിയിൽ സീറ്റു വിഭജന ചർച്ചകൾ ചൂടുപിടിച്ചിരിക്കെ വിവിധ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ടു മറുനാടൻ മലയാളിയുമായി ബാലഗോപാൽ ദീർഘമായി സംസാരിച്ചു. പാർട്ടിയും മുന്നണിയും ആവശ്യപ്പെട്ടാൽ കൊല്ലത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് ബാലഗോപാൽ പറയുന്നു. ശബരിമല പ്രശനവും പെരിയ കൊലപാതകങ്ങളുമെല്ലാം സിപിഎമ്മിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കില്ലെന്നും ബാലഗോപാൽ പറയുന്നു. സഖാവ് കുഞ്ഞാലിയെ വെടിവെച്ചു കൊന്നതിൽ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന് പങ്കുണ്ടെന്നും അഭിമുഖത്തിൽ ബാലഗോപാൽ ആരോപിക്കുന്നു. അഭിമുഖത്തിലേക്ക്..

ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തു വരുന്നു. എന്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ പ്രധാന പ്രചാരണ വിഷയങ്ങൾ?

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. വർഗീയ ശക്തികളിൽ നിന്ന്, ജനങ്ങളെ വിഘടിപ്പിക്കുന്ന ശക്തികളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുക. സാംസ്‌കാരികമായും സാമ്പത്തികമായും സാമൂഹികമായും ഇന്ത്യയുടെ അഖണ്ഡതയെ നശിപ്പിക്കുന്ന ശക്തികളിൽ നിന്ന്, ഭീകര രൂപമാർന്ന രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. ഒരു മതനിരപേക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരേണ്ടതുണ്ട്. രാജ്യത്തിനു ഗുണമുണ്ടാക്കുന്ന മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരേണ്ടതുണ്ടെങ്കിൽ അതിൽ ഇടതുപക്ഷത്തിന്റെ പങ്ക് പ്രധാനമാണ്. 2004-ൽ യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ ഇടതുപക്ഷം വഹിച്ചത് വലിയ പങ്കാണ്. 2004 ൽ 18 സീറ്റുകൾ ഇടതുപക്ഷത്തിന് ലഭിച്ചു. ആ ഇടതുപക്ഷത്തിന്റെ വിജയമാണ് കേരളത്തിൽ യുപിഎ സർക്കാർ വരാൻ പ്രേരകമായത്. അല്ലെങ്കിൽ ബിജെപി സർക്കാർ വീണ്ടും വന്നേനെ. അത്തരം ഒരു അന്തരീക്ഷം ഇപ്പോൾ വീണ്ടും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ബംഗാളിലും ത്രിപുരയിലും കഴിഞ്ഞ തവണത്തെ പോലെ ഇടതുപക്ഷ സ്വാധീനം പ്രകടമല്ല, കേരളത്തിൽ പരമാവധി സീറ്റുകൾ കിട്ടിയാൽ മാത്രമേ കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിൽ എത്താൻ സഹായിക്കുകയുള്ളൂ. ഈ രാഷ്ട്രീയം കേരളത്തിൽ ഞങ്ങൾ മുന്നോട്ടു വയ്ക്കും. നിലവിൽ നല്ല ഭരണം കാഴ്ചവയ്ക്കുന്ന ഒരു സർക്കാരാണ് കേരളത്തിൽ നിലനിൽക്കുന്നത്. ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കാണ് ഈ സർക്കാർ മുൻതൂക്കം നൽകുന്നത്. കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ വരണം. അതിൽ ഇടതുപക്ഷം വഹിക്കുന്ന പങ്ക്, കേരളത്തിലെ ഈ സർക്കാരിന്റെ ഗുണങ്ങൾ എല്ലാം ചൂണ്ടിക്കാണിച്ചുള്ള ഒരു പ്രചാരണം തന്നെയാകും ഇടതുമുന്നണി കേരളത്തിൽ നടത്തുക. പൊള്ളയായ പ്രസംഗങ്ങളും വാഗ്ദാനങ്ങളുമൊന്നും ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നടത്തില്ല. മറിച്ച് ജീവിതത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന ഒരു പ്രചാരണവും പ്രശ്‌നങ്ങളുമാകും ഇടതുപക്ഷം ഉയർത്തുന്നത്.

കൊല്ലത്ത് ലോക്‌സഭാ സ്ഥാനാർത്ഥിയായി മത്സരിക്കുമോ?

കേരളത്തിൽ ഇടതുമുന്നണി-യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പൂർണ്ണരൂപത്തിൽ വന്നിട്ടില്ല. ചില വ്യക്തികൾ, ചില സ്ഥാനാർത്ഥികൾ എന്നിങ്ങനെ പറഞ്ഞിട്ടില്ലാതെ എൽഡിഎഫും-യുഡിഎഫും സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടില്ല. ഇടതുമുന്നണിയുടെ സീറ്റ് വിഭജന ചർച്ചയും സ്ഥാനാർത്ഥി നിർണ്ണയവും ഒന്നും പൂർത്തിയായിട്ടില്ല. സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയായിട്ടില്ല. ഈ മാസം ആദ്യവാരം ഇതു സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമാകും. അതിന്റെ അടിസ്ഥാനത്തിലാകും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമാകുക. എന്തായാലും ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക അന്തിമരൂപമായിട്ടില്ല. കൊല്ലത്ത് സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ടാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. ഇടതുമുന്നണിയും സിപിഎമ്മുമൊക്കെ പാർട്ടി കാര്യങ്ങൾ ആലോചിച്ചാകും തീരുമാനം എടുക്കുന്നത്. വ്യക്തികൾക്ക് പ്രാധാന്യം ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങളിൽ വ്യക്തികൾ പ്രസക്തമല്ല. പാർട്ടിയും ഇടതുമുന്നണിയും ചർച്ച ചെയ്ത് ആ കാര്യങ്ങളിലേക്ക് വരട്ടെ. അപ്പൊഴല്ലേ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക, ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്ന രാഷ്ട്രീയത്തെ തുറന്നു കാണിക്കുക, വഞ്ചനാ രാഷ്ട്രീയത്തെ തുറന്നു കാണിക്കുക. ഇടതുപക്ഷത്തെ വഞ്ചിച്ച രാഷ്ട്രീയത്തെയും ജനങ്ങളെ വഞ്ചിച്ച രാഷ്ട്രീയത്തെയും തുറന്നു കാണിക്കുക. ജനങ്ങൾക്കൊപ്പം നിൽക്കുന്ന സാധാരണക്കാരുടെ രാഷ്ട്രീയത്തെ പുരോഗമന രാഷ്ട്രീയത്തെ മുന്നോട്ടു വയ്ക്കുക. അതിനായുള്ള ക്യാമ്പയിൻ ആയിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടു വയ്ക്കുന്നത്. എല്ലാ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരും ഇതിനായി പ്രവർത്തിക്കണം, അത്തരം ഉത്തരവാദിത്തം ഉള്ളയാളെന്ന നിലയിൽ ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ അത്തരം തീരുമാനങ്ങൾക്ക് വിധേയമായി തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതാണ് ഞങ്ങളുടെ എല്ലാം ഉത്തരവാദിത്തം.

ശബരിമല സ്ത്രീ പ്രവേശനം, പെരിയ കൊലപാതകങ്ങൾ എന്നിവ സിപിഎമ്മിന്റെ ലോക്‌സഭാ സാധ്യതകളെ ദോഷകരമായി ബാധിക്കുമോ?

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎം എടുത്ത തീരുമാനങ്ങൾ തെറ്റാണെന്നു പറയുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. തിരഞ്ഞെടുപ്പിൽ അത് വിഷയമാകും എന്ന് അവർ പറഞ്ഞു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് എടുത്ത ഒരു പ്രധാന തീരുമാനം നടപ്പിലാക്കുക എന്നത് മാത്രമാണ് സർക്കാർ ചെയ്തത്. സുപ്രീംകോടതി ജഡ്ജിമാർ തിരഞ്ഞെടുപ്പിനു നിൽക്കുമെങ്കിൽ അതിനെതിരെ സിപിഎം വിരോധം കാണിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനു അർത്ഥമുണ്ട്. ഇത് സുപ്രീംകോടതി ജഡ്ജിമാർ തിരഞ്ഞെടുപ്പിന് നിൽക്കുന്ന പ്രശ്‌നമല്ല. കേന്ദ്ര സർക്കാർ ആയാലും കേരള സർക്കാർ ആയാലും നടപ്പിലാക്കേണ്ട ബാധ്യത നടപ്പിലാക്കുന്നു എന്നല്ലാതെ ശബരിമല പ്രശ്‌നത്തിൽ വേറൊന്നും ഇടതുപക്ഷം തീരുമാനിച്ചിട്ടില്ല. ഇടത്പക്ഷത്തിനു അഭിപ്രായമുണ്ട്. സ്ത്രീ തുല്യത പ്രശ്‌നങ്ങളിൽ അടക്കം അഭിപ്രായമുണ്ട്. വി എസ് സർക്കാർ കൊടുത്ത സത്യവാങ്മൂലം ഈ സർക്കാരും ആവർത്തിക്കുകയാണ് ചെയ്തത്. സ്ത്രീ തുല്യത സംബന്ധിച്ച് ഞങ്ങൾക്ക് അഭിപ്രായമുണ്ട്. അവർക്ക് തുല്യത വേണം. പക്ഷെ ആചാരപരമായ കാര്യങ്ങളെക്കുറിച്ച് പണ്ഡിതന്മാരായ ആളുകൾ പഠിച്ച് ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണം കോടതി ഒരു തീരുമാനം എടുക്കാനെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. അത് ഞങ്ങൾ നടപ്പിലാക്കും എന്നും പറഞ്ഞു. സുപ്രീം കോടതി വിധി വന്നപ്പോൾ ഏത് സർക്കാർ ആണെങ്കിലും വിധി നടപ്പിലാക്കാൻ കഴിയില്ലാ എന്ന് പറയാൻ കഴിയില്ല. അപ്പോൾ അങ്ങിനെ ഒരു തീരുമാനം ഭരണഘടനാ പരമായി ചെയ്യുമ്പോൾ വഞ്ചനാപരമായ ചെയ്യുന്ന, തെറ്റിദ്ധാരണാപരമായി ചെയ്യുന്ന പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുമുണ്ട്. അതുകൊണ്ട് ജനങ്ങൾക്ക് അത് മനസിലാകും എന്നാണ് ഞങ്ങൾ കരുതുന്നത്. പെരിയയിലെ കൊലപാതകങ്ങൾ, അത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്നു പാർട്ടിയുടെ നേതൃത്വം,പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വളരെ വ്യക്തമായി ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

വ്യക്തിപരമായ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ചിലർ നീങ്ങുമ്പോൾ അതിനു പാർട്ടിക്ക് ഉത്തരവാദിത്തം ഏൽക്കാൻ കഴിയില്ല. കേരളത്തിലെ പകുതിയിൽ അധികം ആളുകൾ ഇടതുപക്ഷമാണ്. ബാക്കി കോൺഗ്രസും ബിജെപിയും മറ്റു പാർട്ടികൾ ഒക്കെയുമുണ്ട്. ഈ രാഷ്ട്രീയ പാർട്ടികളിൽ ഒക്കെ വിശ്വസിക്കുന്ന ആളുകൾ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ ആണ് ഉത്തരവാദികൾ എന്ന് പറയുന്നത് ശരിയല്ല, കൃത്യമായും പാർട്ടി പറഞ്ഞിട്ടുണ്ട് ഇത്തരം അക്രമരാഷ്ട്രീയത്തോട് ഞങ്ങൾക്ക് യോജിപ്പില്ല. പക്ഷെ പാർട്ടി ഇത് പറഞ്ഞാലും അത് സമ്മതിക്കാൻ കോൺഗ്രസ് തയ്യാറല്ല. മുഖ്യമന്ത്രി ഒരു വീട് സന്ദർശിക്കാൻ ചെല്ലുകയാണ്. അങ്ങിനെ പറഞ്ഞാൽ അതിനു അർത്ഥമെന്താണ്? ഇങ്ങിനെ ഒരു കാര്യത്തിന് സാധാരണ ഗതിയിൽ പോവുകയില്ലല്ലോ. മുഖ്യമന്ത്രി അങ്ങിനെ കാണാനായി പോകാൻ തീരുമാനിക്കുമ്പോൾ ഡിസിസി പ്രസിഡന്റ് പറഞ്ഞത് മുഖ്യമന്ത്രിക്ക് ഈ വീട് സന്ദർശിക്കാൻ അവകാശമുണ്ട്. പക്ഷെ പ്രതിഷേധിക്കാൻ കോൺഗ്രസുകാർക്കും അവകാശമുണ്ട് എന്നാണ്. അതിനർത്ഥം.

മുഖ്യമന്ത്രി ചെല്ലുമ്പോൾ അദ്ദേഹത്തെ അപമാനിക്കാനുള്ള പ്രതിഷേധം ഒരുക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു എന്നാണ്. അപ്പോൾ പെരിയ കോൺഗ്രസിന് ഒരു രാഷ്ട്രീയ പ്രശ്‌നമായി നിലനിർത്തണം. അതിനു സമാധാനം വേണ്ട. മരിച്ച ആളുകളോട് എന്തെങ്കിലും സ്‌നേഹമോ സഹതാപമോ അവർക്ക് ഇല്ല. ഈ മരണത്തെ അവർ ആഘോഷമാക്കുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കണം എന്നല്ല കോൺഗ്രസ് നേതൃത്വത്തിന്റെ താത്പര്യം. കേരളത്തിലെ ജനങ്ങൾ എല്ലാം മനസിലാക്കുന്നവരാണ്. ബുദ്ധിയുള്ള ജനതയാണ്. ജനങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ആരാണ് ഇതിനകത്ത് രാഷ്ട്രീയം കളിക്കുന്നത്. പല മാധ്യമങ്ങളും എഴുതി. ഈ പ്രശ്‌നത്തിൽ ഇടതുപക്ഷത്തിന്റെ നിലപാട് വിശ്വസനീയമാണെന്നാണ് മാധ്യമങ്ങൾ എഴുതിയത്. സുപ്രീംകോടതിക്കും സുപ്രീംകോടതി ജഡ്ജിമാർക്കും എതിരായി ഒരു തിരഞ്ഞെടുപ്പിൽ പറഞ്ഞാൽ അത് മനസിലാക്കാം. പക്ഷെ സർക്കാരിന് എതിരെ പറഞ്ഞിട്ട് എന്ത് കാര്യം, ജനങ്ങൾ ഇത് മനസ്സിലാക്കുന്നുണ്ട്. കഴിഞ്ഞ കാല അനുഭവങ്ങൾ പഠിച്ചിട്ടു കേരളത്തിൽ ഒരു മാറ്റമുണ്ടാകണം. പൊതുസ്വത്ത് നശിപ്പിച്ചാലേ കേസുള്ളൂ. സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ വസൂൽ ചെയ്യാൻ നിയമമല്ല. അതിനു ഇടത് സർക്കാരാണ് നിയമനിർമ്മാണം നടത്തിയത്.

ശബരിമല പ്രശ്‌നത്തിൽ സംഭവിച്ചത് ജനങ്ങൾ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. ശബരിമല പ്രശ്‌നത്തിൽ ബിജെപിക്ക് സഹായകരമായി, കോൺഗ്രസ് ബിജെപിയുടെ ബി ടീമായി എടുത്ത നിലപാടാണ് ശബരിമല കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ ജനങ്ങൾ ഈ കാര്യം മനസിലാക്കും. വിശ്വാസികൾക്ക് ഒപ്പം നിന്നത് ഇടതുപക്ഷമാണ്. വർഗീയതയ്ക്ക് ഒപ്പം നിൽക്കില്ല. വിശ്വാസം എന്ന് പറഞ്ഞാൽ എല്ലാവര്ക്കും സമാധാനവും സന്തോഷവും ഒക്കെ ലഭിക്കാനാണ്. വിശ്വാസത്തെ രാഷ്ട്രീയ അധികാരമായി ഉപയോഗിക്കുകയും ആളുകളെ കൊലപ്പെടുത്താൻ ഉപയോഗിക്കുന്നതുമാണ് വർഗീയത, ആ വർഗീയതയെ ഉപയോഗിക്കുന്നത് ഹിന്ദു വർഗീയത ആയാലും ഇസ്ലാം വർഗീയത ആയാലും അത്തരം കാര്യങ്ങളോട്, സംഘടനകളോട് ഞങ്ങൾക്ക് എതിർപ്പുണ്ട്. ഞങ്ങൾ വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്നവരാണ്. വിശ്വാസത്തിനു ഒപ്പം നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ യഥാർത്ഥ വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്ന സിപിഎമ്മിനും ഇടതു മുന്നണിക്കും മുൻകാലങ്ങളിൽ ലഭിച്ചിരുന്ന പിന്തുണ നിലനിൽക്കുന്നുണ്ട്. ആ പിന്തുണ ഇനിയും ലഭിക്കും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.

സിപിഎം കേരളത്തിൽ രാഷ്ട്രീയ വളർച്ചയുടെ പരകോടിയിൽ എത്തിനിൽക്കുന്നു. ഇനിയും സിപിഎം കേരളത്തിൽ അക്രമ രാഷ്ട്രീയവുമായി മുന്നോട്ടു പോകേണ്ട ആവശ്യമുണ്ടോ? പിണറായി സർക്കാർ വന്നശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒരു ഭാഗത്ത് സിപിഎമ്മാണ്. അക്രമരാഷ്ട്രീയത്തെ സിപിഎം ഇനി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ?

വളരെ വിനയത്തോടെ ഒരു കാര്യം പറയട്ടെ. കേരളത്തിൽ സിപിഎം വളർച്ചയുടെ പരകോടിയിൽ എത്തി നില്കുന്നു എന്ന അഭിപ്രായം ഞങ്ങൾക്കില്ല. സിപിഎമ്മിന് ഇനിയും ഒരു പാട് കാര്യങ്ങൾ ചെയ്യാനും മുഴുവൻ ജനങ്ങളുടെ അടുത്തേക്ക് എത്തിക്കാനും ബഹുഭൂരിപക്ഷം വരുന്ന ആളുകളെ ഞങ്ങൾ പറയുന്ന രാഷ്ട്രീയം പഠിപ്പിക്കാനും ഇനിയും കഴിയേണ്ടതുണ്ട്. അല്ലാതെ ഞങ്ങൾ എല്ലാ വളർച്ചയും ആയി. ഞങ്ങൾക്ക് വളരെ വലിയ സ്വാധീനമായി എന്നുള്ള ധാരണയിലല്ല ഞങ്ങൾ. കൂടുതൽ ആളുകളിലേക്ക് ചെല്ലാൻ കൂടുതൽ ആളുകളിലേക്ക് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു മേന്മയും നന്മയും എത്തിക്കാനുള്ള ഉത്തരവാദിത്തം ഉണ്ട് എന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതുകൊണ്ട് വളർച്ചയുടെ പരകോടിയിൽ എത്തി എന്നൊരു ധാരണ ഞങ്ങൾക്ക് തന്നെയില്ല. വിനയപൂർവ്വം ഞങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തെണ്ടതുണ്ട് എന്നാണ് ഞങ്ങളുടെ ധാരണ. കേരളത്തിലെ ജനങ്ങൾക്കിടയിൽ നല്ല സ്വാധീനം ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്.ജനങ്ങളുടെ നല്ല പിന്തുണയും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്രമ രാഷ്ട്രീയത്തിന്നെതിരായി പറയുന്നവർ ആണ് ഞങ്ങൾ.

കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ കണക്ക് എടുത്ത് നോക്കണം. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊലചെയ്യപ്പെട്ടത് ഏതു പ്രസ്ഥാനത്തിന്റെതാണ്. എൽഡിഎഫിന്റെ കൺവീനറും പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായിരുന്ന സഖാവ് അഴീക്കോടൻ രാഘവനെ കുത്തിക്കൊന്നു. അതിനു കോൺഗ്രസിന്റെ കൂടി പിന്തുണയുണ്ടായിരുന്നു എന്നതാണ് അന്നത്തെ ചരിത്രം. കേരളത്തിൽ ഒരു എംഎൽഎ കൊലചെയ്യപ്പെട്ടത്,കുഞ്ഞാലി സിപിഎമ്മിന്റെ നിലമ്പൂർ എംഎൽഎയായിരുന്നു. ആര്യാടൻ മുഹമ്മദ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഈ കൊലപാതകത്തിൽ പ്രതികളാണ്. അതുപോലെതന്നെ എത്രയോ സിപിഎം സംസ്ഥാന നേതാക്കൾ കേരളത്തിൽ കൊലചെയ്യപ്പെട്ടു. എന്തിനു കേരളത്തിന്റെ കാര്യം മാത്രം പറയുന്നു. ബീഹാറിലെ സിപിഎം എംഎൽഎയായിരുന്ന അജയ് സർക്കാരിനെ വെടിവെച്ച് കൊന്നത് അവിടുത്തെ വലതു പക്ഷ പാർട്ടി നേതാക്കളാണ്.

ഇന്ത്യയിലാകെ കമ്യൂണിസ്റ്റ് നേതാക്കളായ ആളുകൾ അവർ രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിച്ച് വരുമ്പോൾ, എംഎൽഎമാരും ജനപ്രതിനിധികളും വരുന്നു എന്ന് കണ്ടാൽ അക്രമം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങുന്നത് ഇടതുപക്ഷമാണ്. കേരളത്തിലും ഇന്ത്യയിലും ഇതു തന്നെയാണ് സ്ഥിതി. 700 ആളുകൾ കേരളത്തിൽ മാത്രം രാഷ്ട്രീയ കൊലപാതകത്തിന്നിരയായ പാർട്ടിയാണ് സിപിഎം. നേതാക്കളും പ്രവർത്തകരുമായി 700 ഓളം ആളുകൾ കേരളത്തിൽ സിപിഎമ്മിന് നഷ്ടമായിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം കേരളത്തിൽ അക്രമ രാഷ്ട്രീയം പാടില്ലാ എന്ന് തന്നെയാണ്. ഞങ്ങൾ ഇപ്പോഴും പറയുന്നത് ഞങ്ങൾക്ക് അക്രമത്തോട് യോജിപ്പില്ലാ എന്ന് തന്നെയാണ്. ചീമേനിയിൽ ഞങ്ങളുടെ അഞ്ച് പേരെയാണ് ചുട്ടുകൊന്നത്. പുറത്തേക്ക് രക്ഷപ്പെട്ടു ഓടിവന്ന ആളുകളെ ബൂത്ത് ഓഫീസിൽ വെച്ച് കുത്തി,അടിച്ച് വെട്ടിക്കൊന്ന സംഭവം വരെയുണ്ടായിട്ടുണ്ട്. അക്രമം ഉണ്ടാകാതിരിക്കുക,സമധാനപരമായ രാഷ്ട്രീയം നടത്തുക എന്ന ആഗ്രഹം സിപിഎമ്മിനാണ്. കാരണം ഇടതുപക്ഷത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പാവപ്പെട്ട ആളുകളാണ്. അവർക്ക് ഈ അക്രമവുമായി ഒന്നും നടക്കാൻ സമയമില്ല.വലിയ സ്വാധീനവും പണവും ഉള്ള ആളുകളാണ് ആക്രമത്തിന് നേതൃത്വം നൽകുന്നത്. ഒറ്റപ്പെട്ട തിരിച്ചടികൾ ഉണ്ടാകുന്നില്ല എന്നല്ല അക്രമം ഉണ്ടാകുമ്പോൾ കർഷക തൊഴിലാളികളും സാധാരണക്കാരുമൊക്കെ തിരിച്ചടിച്ചു എന്ന് വരും. പക്ഷെ ബഹുഭൂരിപക്ഷം അക്രമങ്ങളും അധികാരവും പണക്കൊഴുപ്പും ഉപയോഗിച്ചാണ്. അത് ഏറെയുണ്ട്. പൊലീസിന്റെ കള്ളക്കേസുകളും പൊലീസിന്റെ സഹായവും.ഇതിനൊക്കെ ഇരകൾ ആകുന്നത് ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരാണ്. ഇടതുപക്ഷക്കാരാണ്. അതുകൊണ്ട് അക്രമം ഇല്ലാതാകുന്ന ഒരു സാഹചര്യമാണ് ഏറ്റവും സന്തോഷകരം ഇടതുപക്ഷത്തെ സംബന്ധിച്ച്.

കുഞ്ഞാലിയെ കൊന്നത് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് ആണെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നുണ്ടോ?

ആര്യാടൻ മുഹമ്മദ് അടക്കമുള്ള ആളുകളുടെ പങ്ക് ഈ വധത്തിലുണ്ട്. ആര്യാടൻ ഉൾപ്പെടെയുള്ള ആളുകളുടെ പേരിലാണ് കേസ് ഉള്ളത്.ഓരോരുത്തർക്കും എത്ര പങ്ക് എന്നല്ല. ആര്യാടൻ ഉൾപ്പെടെയുള്ള ആളുകളുടെ രാഷ്ട്രീയമാണ് അത് ചെയ്തത്. എന്തായാലും കുഞ്ഞാലി കൊലചെയ്യപ്പെട്ടു. വെടിയേറ്റാണ് കുഞ്ഞാലി കൊലചെയ്യപ്പെട്ടത്. അതിന്നകത്തുള്ള പ്രധാന പ്രതികളിൽ ഒരാളായിരുന്നു ആര്യാടൻ മുഹമ്മദ്. അക്കാലത്ത് നടന്ന ചർച്ചകളും സംഭവങ്ങളും ഒക്കെയാണ് ഞാൻ പറയുന്നത്.കേസ് വാദിച്ചു. ആര്യാടൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു എന്നത് സത്യമാണ്. കുഞ്ഞാലി എന്ന എംഎൽഎയെ കൊലചെയ്യുന്ന വിധത്തിൽ കോൺഗ്രസ് രാഷ്ട്രീയം എത്തി എന്നുള്ളത് വസ്തുതയാണ്. ഒരു എംഎൽഎയെ കൊലചെയ്തത് കോൺഗ്രസ് രാഷ്ട്രീയമാണ്. അക്കാലത്ത് ആ പ്രദേശത്തെ നേതാക്കൾ എന്ന നിലയിൽ ആര്യാടൻ ഉൾപ്പെടെയുള്ള നേതാക്കൾ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടായിരുന്നു.

മറുനാടൻ മലയാളി നടത്തിയ സർവേയിൽ യുഡിഎഫിന് 11 സീറ്റും എൽഡിഎഫിന് 9 സീറ്റുമാണ് പ്രവചിക്കപ്പെട്ടത്. ഈ സർവേ ഫലത്തോട് എങ്ങിനെ പ്രതികരിക്കുന്നു?

സർവേ ഫലങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമായാലും എതിരായാലും സർവേ ഫലങ്ങളെ പൂർണമായും വിശ്വസിക്കേണ്ടതില്ലാ എന്ന നിലപാടാണ് ഞങ്ങൾ പിന്തുടരുന്നത്. കാരണം മുൻപ് ഈ കാര്യത്തിൽ ഒട്ടുവളരെ അനുഭവങ്ങൾ ഉണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കും എന്നായിരുന്നു സർവേ ഫലങ്ങൾ പ്രവചിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് ഇത്ര സീറ്റ് ലഭിക്കും എന്ന് സർവേ ഫലങ്ങൾ പറഞ്ഞില്ല. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ 18 സീറ്റ് ഇടതുപക്ഷത്തിനു ലഭിച്ചപ്പോൾ സർവേ ഫലങ്ങളിൽ ഈ കാര്യം വ്യക്തമായില്ല. അന്ന് ഏഴോ എട്ടോ സീറ്റുമാത്രം ഇടതുപക്ഷത്തിന് ലഭിക്കും എന്നാണ് സർവേ ഫലങ്ങൾ പറഞ്ഞത്. 2006 ലെ സർവേ റിപ്പോർട്ടിലോ, 2011 ലെ സർവേ റിപ്പോർട്ടുകളോ ഒന്നും യഥാർത്ഥ ചിത്രം വെളിയിൽ കൊണ്ടുവന്നിട്ടില്ല. ഏതുതരം സർവേ റിപ്പോർട്ടും പൂർണമായി വിശ്വസിക്കേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം.

12 ലക്ഷം വോട്ടർമാരുള്ള ഒരു പാർലമെന്റ് സീറ്റിൽ ആയിരം പേരെയാണ് സർവേയ്ക്കായി അണിനിരത്തപ്പെടുന്നത്. ഇതിൽ തെറ്റുകൾ വരാൻ സാധ്യതകൾ ഏറെയാണ്. അരി വേവുമ്പോൾ ഒന്നോ രണ്ടോ അരി എടുത്ത് ഞെക്കി നോക്കിയാൽ വെന്തോ എന്ന് അറിയാം. പക്ഷെ 12 ലക്ഷം വോട്ടർമാരുടെ പ്രശ്‌നം വരുമ്പോൾ അവസ്ഥ വ്യത്യസ്തമാണ്. വ്യക്തികൾ, മതം, വിശ്വാസം, രാഷ്ട്രീയം, അടിയൊഴുക്കുകൾ എന്നിങ്ങനെ ഒട്ടുവളരെ വിഷയങ്ങൾ ഉണ്ട്. ഞങ്ങൾ വിശ്വസിക്കുന്നത് വോട്ടർമാർ യഥാർത്ഥത്തിൽ വോട്ടു ചെയ്യുമ്പോൾ വരുന്ന ഫലത്തിലാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 30 സീറ്റുകളിലേക്ക് നടന്ന കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷവും ഇടത്പക്ഷത്തിനാണ് ലഭിച്ചത്. യുഡിഎഫിന് സീറ്റ് ലഭിച്ചപ്പോൾ ബിജെപിക്ക് ഒന്നും ലഭിച്ചില്ല.

കൊല്ലം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ നേരത്തെ രണ്ടാം സ്ഥാനമായിരുന്നു യുഡിഎഫിന്. ഇടതുമുന്നണിയുടെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയാണ് മുൻപ് ജയിച്ചത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസും മൂന്നാംസ്ഥാനത്ത് ബിജെപിയും. ഇപ്പോൾ ശബരിമല പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ ഈ സീറ്റിൽ രണ്ടാം സ്ഥാനം ബിജെപിയായി, മൂന്നാം സ്ഥാനത്തേക്ക് കോൺഗ്രസ് പിന്തള്ളപ്പെട്ടു. ബിജെപിയുടെ നയങ്ങൾ അതേപടി കോൺഗ്രസ് അംഗീകരിച്ചപ്പോൾ വന്ന റിസൽട്ട് ആണിത്. 1058 വോട്ടിനു ഇടതുപക്ഷ സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്. വോട്ടർമാർ അതേപടി വോട്ടുചെയ്യുന്ന സർവേ റിപ്പോർട്ടിൽ മാത്രമേ യഥാർത്ഥ ഫലം ദൃശ്യമാകൂ. അതിനാൽ വോട്ടിങ് ഫലങ്ങൾ തന്നെയാണ് സ്വീകരിക്കാവുന്നത്. പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിയാൽ കേരളത്തിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം സീറ്റിലും ഇടതുപക്ഷം വിജയിക്കണം എന്ന വികാരമാണ് കേരളത്തിൽ നിലനിൽക്കുന്നത് എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP