Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആംആദ്മി ഒരു രാഷ്ട്രീയപ്പാർട്ടിയല്ല; മോഡൽസ്‌റ്റേറ്റായ കേരളത്തിൽ ഈ പ്രസ്ഥാനം കത്തിപ്പടരും; പുലിപ്രഭാകരനെ അഭിമുഖത്തിൽ വീഴ്‌ത്തിയ പെൺപുലി ഇതുവരെ വോട്ടുചെയ്യാത്തതെന്തുകൊണ്ട്? മറുനാടനോട് മനസ്സുതുറന്ന് എറണാകുളത്തെ ആപ് സ്ഥാനാർത്ഥി അനിത പ്രതാപ്

ആംആദ്മി ഒരു രാഷ്ട്രീയപ്പാർട്ടിയല്ല; മോഡൽസ്‌റ്റേറ്റായ കേരളത്തിൽ ഈ പ്രസ്ഥാനം കത്തിപ്പടരും; പുലിപ്രഭാകരനെ അഭിമുഖത്തിൽ വീഴ്‌ത്തിയ പെൺപുലി ഇതുവരെ വോട്ടുചെയ്യാത്തതെന്തുകൊണ്ട്? മറുനാടനോട് മനസ്സുതുറന്ന് എറണാകുളത്തെ ആപ് സ്ഥാനാർത്ഥി അനിത പ്രതാപ്

കൊച്ചി: ശ്രീലങ്കയിൽ തമിഴ് പുലികളുടെ മടയിൽ പോലും കയറിച്ചെന്ന് എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ അഭിമുഖമെടുത്ത മാദ്ധ്യമപ്രവർത്തക പുതിയ റോളിൽ ആംആദ്മി സ്ഥാനാർത്ഥിയായി എറണാകുളത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ കൗതുകത്തോടെ നോക്കുകയാണ് രാഷ്ട്രീയ കേരളം. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യപനത്തിന് മുമ്പുതന്നെ അനിത പ്രതാപ് എറണാകുളം മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞിരുന്നു. കനത്ത വേനൽച്ചൂടിൽ കൊച്ചി എംജിറോഡിലെ സംസ്ഥാനകമ്മറ്റി ഓഫീസിലിരുന്ന് അവർ രാഷ്ട്രീയത്തിന്റെ ചൂടേറിയ ഉള്ളുകള്ളികൾ തുറന്നുകാട്ടുന്നു.

  •  ആം ആദ്മിപാർട്ടിക്ക് കേരളത്തിൽ എന്തെങ്കിലും ചലനമുണ്ടാക്കാനാകുമോ?

എല്ലാവരും പറയുമല്ലോ കേരളത്തിലെ മനുഷ്യർ നല്ല ബുദ്ധിയുള്ളവരാണ്, രാഷ്ട്രീയ പ്രബുദ്ധരാണ്, സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ ചരിത്രത്തിന്റെ ഭാഗമായ നാടാണ് കേരളം എന്നെല്ലാം. ലോകം മുഴുവൻ കേരളത്തെ ഒരു റോൾ മോഡൽ സ്റ്റേറ്റ് ആയിത്തന്നെയാണ് കാണുന്നത്. ആദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിറ്റ് മന്ത്രിസഭ അധികാരത്തിൽ വന്നത് ഇവിടെയാണ്. മറ്റുള്ളയിടങ്ങളിലെല്ലാം അവർ അധികാരം പിടിച്ചെടുക്കുകയാണല്ലോ. അതുപോലൊരു ചരിത്രം തിരുത്തിക്കുറിക്കാൻ സമയമായി എന്നാണ് എന്റെ അഭിപ്രായം. വോട്ടർമാർ ആ രീതിയിൽ കാര്യങ്ങൾ കാണുമെന്ന് ഞാൻ കരുതുന്നു. എല്ലാവരും നാടിന്റെ അവസ്ഥകണ്ട് മടുത്തിരിക്കുകയാണ്. അഞ്ചുകൊല്ലം കോൺഗ്രസ് ഭരിക്കുന്നു, നാട് മുഴുവൻ നാശമാക്കുന്നു. അതുപോലെ ഇടതുപക്ഷവും. നമ്മുടെ മുമ്പിൽ പിന്നെ്താണ് ഓപ്ഷൻ? അപ്പോൾ മുന്നിൽ കാണുന്നത് ബിജെപിയാണ്. അവർ വന്നാലും ഇതൊക്കെ തന്നെയാണ് സംഭവിക്കുക എന്ന് തെളിഞ്ഞുകഴിഞ്ഞല്ലോ. വീണ്ടും ജനം കോൺഗ്രസിന് നറുക്ക് വീഴ്‌ത്തുന്നു. ഞാൻ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ കാണുന്നതാണിത്. മനുഷ്യർക്ക് രാഷ്ട്രീയത്തോട് അറപ്പും വെറുപ്പുമാണ്. സാധാരണജനം സ്വയം അധികാരം കയ്യേറണമെന്നാണ് ഞാൻ പറയുന്നത്. നിങ്ങൾ നോക്കൂ, നമ്മുടെ ചെറുപ്പക്കാരെല്ലാം നല്ല വിദ്യാഭ്യാസമുള്ളവരാണ്. പക്ഷെ അവർക്കാർക്കും ഇവിടെ ജോലി ചെയ്യാനാകുന്നില്ല. ഇതിനൊരു മാറ്റംവന്നേ മതിയാകൂ. ആം ആദ്മി പാർട്ടിയെ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയായല്ല കാണേണ്ടത്. അത് സാധാരണക്കാരന്റെ മുന്നേറ്റമാണ്. ഇത് മുമ്പ് മഹാത്മഗാന്ധി നമുക്ക് കാണിച്ചുതന്നതാണ്. പിന്നെ ജയപ്രകാശ് നാരായണനിലൂടെ കണ്ടു. ഒരാൾ മാത്രമായി നമ്മെ രക്ഷിക്കുമെന്ന് എന്തായാലും ഇനി കരുതാനാകില്ല ജനം ഒരുമിച്ച് നിന്നേ മതിയാകൂ.

  • തമിഴ്പുലികളുടെ സങ്കേതത്തിൽവരെപോയി പത്രപ്രവർത്തനം നടത്തിയ ആളാണ് താങ്കൾ. മാദ്ധ്യമരംഗത്തെ അനുഭവ പരിചയം രാഷ്ട്രീയത്തിൽ മുതൽക്കൂട്ടാകുമോ?


തീർച്ചയായും. അന്ന് ഞാൻ പുലിമടയിലേക്കാണ് പോയതെങ്കിൽ ഇന്ന് രാഷ്ട്രീയക്കാരുടെ മടയിലേക്കെന്ന വ്യത്യാസമേയുള്ളൂ. ഇലക്ഷനെയും ഒരുയുദ്ധം പോലെ കാണാനാണ് എനിക്കിഷ്ടം. എനിക്ക് മറ്റുള്ളവരുടെ അത്രയും പൈസയും, അംഗബലവും ഒന്നുമില്ല. എന്റെ മനസ്സ് നല്ലതാണ്. ഉദ്ദേശ്യം നല്ലതാണ്. എനിക്ക് ആത്മ വിശ്വാസമുണ്ട്. അന്ന് കാട്ടിലേക്ക് പോകരുതെന്നുപറഞ്ഞ് എല്ലാവരും തടസ്സം നിൽക്കുകയായിരുന്നു. എങ്ങിനെയെങ്കിലും വേലുപ്പിള്ള പ്രഭാകരന്റെ അടുത്തെത്തുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. ആ മനോഭാവം തന്നെയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോഴും. സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങൾ പുറത്തേക്കെത്തിക്കണം. ആ ലക്ഷ്യം തന്നെയാണ് എനിക്കെപ്പോഴും ഉള്ളത്. മന്ത്രിയാകാനോ എംപിയാകാനോ വേണ്ടിയല്ല ഈ പോരാട്ടം. പരിവർത്തനം ഉണ്ടാകണം. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. അതിനിവിടെ ഒരുപാട് മാർഗ്ഗങ്ങൾ ഉണ്ട്. പക്ഷേ, ആരെങ്കിലും തടസ്സം നിൽക്കും. നിയമം ഉണ്ടാക്കുന്നവർ ഇതൊന്നും അറിയാത്ത ഭാവത്തിൽ സുഖിച്ചുകഴിയുന്നു, സാധാരണക്കാരൻ സഹിക്കുന്നു എന്നതാണ് അവസ്ഥ.

  •  ഒരു കോൺഗ്രസ് അനുകൂല മണ്ഡലമായാണ് പൊതുവെ എറണാകുളത്തെ വിലയിരുത്തുന്നത്. ഇടതുപക്ഷത്തിനും നല്ല സ്വാധീനമുണ്ട്. ആം ആദ്മി പാർട്ടിയുടെ കടന്നുവരവ് ഇതിൽ വല്ല മാറ്റവുമുണ്ടാക്കുമോ?

ഞാൻ നേരത്തേ പറഞ്ഞല്ലോ കേരളം ഒരു മാതൃകാ സംസ്ഥാനമാണെന്ന്. ആ പറഞ്ഞത് ശരിയാണെങ്കിൽ ജനം ഇക്കാര്യം ഏറ്റെടുക്കും. ഡൽഹിയിൽ തുടങ്ങിയ ആം ആദ്മി വിപ്ലവം കേരളത്തിലൂടെ ലോകത്തിൽത്തന്നെ കത്തിപ്പടരുമെന്നാണ് ഞാൻ കണക്കുകൂട്ടുന്നത്. നിങ്ങൾക്ക് ചിലപ്പോൾ തോന്നാം ഇതൊക്കെ നടക്കുമോ എന്ന്. ഡൽഹിയിലും ഇതൊക്കെത്തന്നെയല്ലേ പറഞ്ഞത്. കോൺഗ്രസിന്റെ ഈ മണ്ഡലത്തിൽ ആം ആദ്മിക്ക് എന്ത് കാര്യമെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഞാൻ ചോദിക്കട്ടെ, അങ്ങിനെയെങ്കിൽ കഴിഞ്ഞ തവണ കോൺഗ്രസിന്റെ ഭൂരിപക്ഷമെത്രയായിരുന്നു. വെറും 8000 ത്തോളം വോട്ട് മാത്രം. ഒരു രാഷ്ട്രീയ പാർട്ടിയുടേയും മണ്ഡലമായി എറണാകുളത്തെ തീറെഴുതേണ്ട. ഇത് ജനങ്ങളുടെ മണ്ഡലമാണ്. അന്ന് കോൺഗ്രസ് ജയിച്ചു ശരി, അതിനുശേഷം അവരുടെ ഭരണം എങ്ങിനെയായിരുന്നു എന്ന് ജനം കാണുന്നുണ്ടല്ലോ. ആ വെറുപ്പ് ജനങ്ങൾക്കിടയിൽ ഉണ്ട്. അതിന് ഒരു വഴി നമ്മൾ കൊടുക്കണമെന്നേയുള്ളൂ. ആം ആദ്മി പാർട്ടിയാണ് ആ വഴി. വിഭാഗീയതയും വിവാദവുമാണ് കേരളത്തിലെ പ്രധാന പ്രശ്‌നമായി ഞാൻ കാണുന്നത്.

  • എറണാകുളം മണ്ഡലത്തിൽ പ്രധാന പരിഗണന നൽകുന്നതെന്തിനായിരിക്കും?

പണ്ടുമുതലേ എറണാകുളം അറിയപ്പെടുന്നത് ഒരു ഇന്റർനാഷണൽ സിറ്റിയായാണ്. അത് ഇന്ന് ഇല്ലാതായിരിക്കുകയാണ്. ആ പേര് നമുക്ക് തിരിച്ച് പിടിക്കണം. എറണാകുളത്ത് സാധാരണക്കാരനുവേണ്ടിയാണ് എന്റെ ഈ പോരാട്ടം. യുവതലമുറയ്ക്ക് ഇവിടെയിരുന്ന് ജോലി ചെയ്യാൻ ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കണം. സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഞാനെനെ്റെ മാദ്ധ്യമപ്രവർത്തന ജീവിതത്തിൽ അധികസമയവും ചെലവിട്ടത്. എന്നാൽ ജേർണലിസത്തിലൂടെ മാത്രം ആ ലക്ഷ്യം നിറവേറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്.

 

  • ആം ആദ്മി പാർട്ടി പറയുന്നു അഴിമതിയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന്? താങ്കളുടെ അഭിപ്രായത്തിൽ അഴിമതി മാത്രമാണോ ഇവിടുത്തെ പ്രശ്‌നം?


അഴിമതി മാത്രമാണെന്ന് ഞാനും കരുതുന്നില്ല. പക്ഷേ, പ്രശ്‌നങ്ങളുടെയെല്ലാം മൂലകാരണം അഴിമതിയാണെന്നതിൽ ഒരു തർക്കവും ഇല്ല. ഇലക്ഷൻ പ്രചാരണത്തിന് തന്നെ ആരാണ് രാഷ്ട്രീയ പാർട്ടികൾക്ക് പൈസ കൊടുക്കുന്നത്? കോർപ്പറേറ്റുകളല്ലേ. അവർ ചക്കാത്തിനെനെ്തായാലും പൈസ തരുമെന്ന് ഞാൻ കരുതുന്നില്ല. 100 കോടി കൊടുക്കുമ്പോൾ 1000 കോടി രൂപ തിരിച്ച് കിട്ടാനായിരിക്കും അത്. ആ പൈസകൊണ്ട് വിജയിച്ചുവരുന്നവർക്ക് കോർപ്പറേറ്റുകളോടായിരിക്കും കൂറ് എന്നതിൽ സംശയമില്ല. ഇതാണ് പ്രധാനകാരണം. മറ്റു പാർട്ടികളിൽ നിന്ന് ആം ആദ്മി പാർട്ടിയെ വേറിട്ട് നിർത്തുന്നതും ഇതുതന്നെയാണ്. സാധാരണക്കാരന്റെ കയ്യിൽനിന്നും ചെറിയ സംഭാവന വാങ്ങിയാണ് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പിലേക്ക് വരുന്നത്. ആം ആദ്മിയുടെ കൂറ് അപ്പോൾ എന്തായാലും സാധാരണക്കാരനോടുതന്നെയായിരിക്കും. കോൺഗ്രസ് സർക്കാർ എത്ര വർഷമായി ദാരിദ്ര്യ നിർമ്മാർജന പരിപാടികളുമായി മുന്നോട്ടുപോകുന്നു. ആ പണം യഥാർത്ഥ അവകാശികളുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ദാരിദ്രമേ ഉണ്ടാകില്ലായിരുന്നു. ഇതിനെല്ലാം കാരണം അഴിമതി തന്നെയല്ലേ? പണമുള്ളവന്റെ കയ്യിൽ സമ്പത്ത് കുമിഞ്ഞുകൂടുന്നു. ദരിദ്രൻ പരമദരിദ്രനായി തന്നെ ജീവിക്കുന്നു. ഈ സാമൂഹ്യാവസ്ഥയാണ് മാറേണ്ടത്. ഈ പ്രശ്‌നങ്ങളിലേക്കെല്ലാം കണക്റ്റ് ചെയ്യുന്നത് അഴിമതി തന്നെയാണെന്ന് ഞാനും വിശ്വസിക്കുന്നു. പണമുള്ളവന്റെ വരുമാനം രാജ്യത്തിന്റെ മൊത്തം വരുമാനമായി ഉയർത്തിക്കാണിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അഴിമതി ഇല്ലായിരുന്നെങ്കിൽ ആ പണം മുഴുവൻ സാധാരണക്കാരന്റെ കയ്യിൽ ഉണ്ടായിരുന്നേനേെ. അഴിമതി നിർമ്മാർജനം ചെയ്യാൻ രാജ്യത്തെ രക്ഷിക്കാൻ ഇത് നല്ലൊരു അവസരമാണ്. അതിനായി ജനം തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

  • കെ വി തോമസ്, ക്രിസ്റ്റി ഫെർണാണ്ടസ്, എഎൻ രാധാകൃഷ്ണൻ... പ്രഗൽഭരുടെ ഒരു നീണ്ട നിരയാണ് എറണാകുളത്ത് മത്സരിക്കാൻ പോകുന്നത്. എങ്ങിനെ നോക്കിക്കാണുന്നു തിരഞ്ഞെടുപ്പിനെ?


പോരാട്ടം കനക്കും എന്നതിൽ എനിക്കും നിങ്ങൾക്കും സംശയമുണ്ടാകില്ല. പല സ്ഥാനാർത്ഥികളും നല്ലവരായിരിക്കാം. ഇവരെയൊന്നും എനിക്ക് നേരിട്ട് പരിചയമില്ല. അവരെപ്പറ്റിയൊന്നും പ്രതികരിക്കാനും ഞാനില്ല. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയമാണ് ഞങ്ങൾ പറയുന്നത്. വെറും 49ദിവസം മാത്രമാണ് അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ മുഖ്യമന്ത്രിയായത്. എത്ര നിയമങ്ങളാണ് പാസാക്കിയത്. ഇതുപോലെ മറ്റൊരു മുഖ്യമന്ത്രിയെ നിങ്ങൾ കാണിച്ചുതരൂ. എന്നിട്ട് കുറ്റംപറയൂ. 49 ദിവസം കഴിഞ്ഞപ്പോൾ ആദർശത്തിന്റെ പേരിൽ രാജിയും വച്ചു. ഇത് അരവിന്ദ് കെജ്രിവാളിന്റെ പോരാട്ടമല്ല, എന്റെ പോരാട്ടമല്ല, നമ്മുടെ പോരാട്ടമായി കാണണം. എന്നാലേ വിജയമുണ്ടാകൂ.

  • ആം ആദ്മി പാർട്ടിയെ ഒരു രാഷ്ട്രീയ പാർട്ടിയായി താങ്കൾ കാണുന്നില്ലെന്നാണോ?


ഇത് ഒരു മൂവ്‌മെന്റ് ആണ്. സാധാരണക്കാരന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന മൂവ്‌മെന്റ്. ചരിത്രം തിരുത്തിക്കുറിക്കാനുള്ള ഒരു ജനകീയ കൂട്ടായ്മയാണ് ആം ആദ്മി പാർട്ടിയെന്നാണ് ഞാൻ കരുതുന്നത്.

  • എന്തുകൊണ്ടാണ് ഇവിടെ സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് അധികമായി കടന്നുവരാത്തത്?

ഇവിടെ രാഷ്ട്രീയം എന്നുപറഞ്ഞാൽത്തന്നെ ആക്റ്റുകൾ പറയുന്നത് 'ഡേർട്ടി പൊളിറ്റിക്‌സ് ' എന്നാണല്ലോ. പിന്നെങ്ങിനെ സ്ത്രീകൾ രാഷ്ട്രീയത്തിലേക്ക് വരും. ഞാൻ ലോകം കണ്ടതാണ്, യുദ്ധം കണ്ടതാണ്. പക്ഷെ സാധാരണ സ്ത്രീകൾ എല്ലാവരും എന്നെപ്പോലെയല്ലല്ലോ. പലരും എന്നോട് ചോദിച്ചു. ഇത്രയും നന്നായി ജേണലിസം ചെയ്തിട്ട് ഈ ഡേർട്ടി പൊളിറ്റിക്‌സിലേക്ക് വരണോ എന്ന്. ഈ പേടികൊണ്ടാണ് പലരും രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ മടിക്കുന്നത്. ജേണലിസം കൊണ്ട് മാത്രം നാട് നേരെയാകില്ലെന്ന ഉത്തമ വിശ്വാസമുള്ളതുകൊണ്ട് തന്നെയാണ് ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത്. എന്റെ മോന്റെ കാര്യമെല്ലാം സെറ്റിൽ ചെയ്തു. ഹസ്‌ബെന്റിന്റെ കാര്യമെല്ലാം. ഇപ്പോൾ എനിക്ക് ആരോഗ്യമുണ്ട്. ഇപ്പോൾ അല്ലെങ്കിൽ പിന്നെപ്പോഴാണ് നാടിനുവേണ്ടി നേരിട്ടിറങ്ങി പ്രവർത്തിക്കുക? ഇതെന്റെ അവസാന പ്രതീക്ഷയാണ്. ആം ആദ്മിക്ക് ശരിക്ക് നമ്പേഴ്‌സ് കിട്ടുകയാണെങ്കിൽ ഇവിടെ മാറ്റം വരും. എനിക്കുറപ്പാണ്. ഈ സമയത്ത് മതവും, ജാതിയും, സമുദായവും എല്ലാം മാറ്റിവയ്ക്കണമെന്നാണ് എന്റെ അപേക്ഷ.

  • വ്യവസായങ്ങൾക്ക് വിവാദങ്ങൾ തടസമാണ് എന്നാണോ താങ്കളുടെയും അഭിപ്രായം?


കേരളത്തിൽ വികസനം അത്യാവശ്യമാണ്. പക്ഷെ അതുപോലെ പരിസ്ഥിതിയും വേണം. പരിസ്ഥിതി നശിപ്പിച്ചിട്ട് വികസനം നടത്തിയാൽ അതിന് അധികം ആയുസ്സുണ്ടാകില്ല. ഇത് വലിയ കാര്യമൊന്നുമല്ല. മറ്റു രാജ്യങ്ങളിൽനിന്ന് ഞാൻ പഠിച്ച പാഠമാണത്. പരിസ്ഥിതി സൗഹൃദ വികസനമാണ് നമുക്ക് വേണ്ടത്. അതിന് ചിലപ്പോൾ വിട്ടുവീഴ്ചകൾ വേണ്ടിവരും. നിങ്ങൾ ചൈനയെ നോക്കൂ. അവിടെ വികസനം മാത്രമേയുള്ളു. പരിസ്ഥിതി പാടെ തകർന്നിരിക്കുന്നു. ശ്വസിക്കുന്ന വായുവിൽ പോലും വിഷമാണ്. അത് പോലൊരു വികസനം എന്തായാലും നമ്മുക്ക് വേണ്ട.

  • അറബ് രാജ്യങ്ങളിൽ ഉണ്ടായ മുല്ലപ്പൂ വിപ്ലവങ്ങളോട് ആം ആദ്മിയുടെ ഇടപെടലിനെ ഉപമിക്കാനാകുമോ?


ഇല്ല. ഒരിക്കലുമില്ല, അറബ് രാജ്യങ്ങളിൽ എല്ലാം നടക്കുന്നത് നിലവിലെ വ്യവസ്ഥിതിയെ വേരോടെ പിഴുതെറിയലാണ്. അതിന് കാരണം അവിടെ ജനാധിപത്യം ഉണ്ടായിരുന്നില്ല എന്നതാണ്. പക്ഷെ ഇന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ്. ഒന്നുമില്ലെങ്കിലും ഇവിടെ നമുക്ക് വോട്ട് ചെയ്യാനെങ്കിലും അവസരമുണ്ടല്ലോ. നമ്മുടെ വ്യവസ്ഥിതിയെ ഒരിക്കലും നശിപ്പിക്കരുത്. ഇതാണ് രാഹുൽ ഗാന്ധിയുമായിട്ട് എന്റെ അഭിപ്രായവ്യത്യാസം. അദ്ദേഹം സിസ്റ്റം മാറണം എന്നാണ് പറയുന്നത്. ഞാൻ പറയുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്ത നിലനിർത്തിവേണം മാറ്റം എന്നതാണ്. സ്വജന പക്ഷപാതം അവസാനിപ്പിക്കണം. കുടുംബവാഴ്ച അവസാനിപ്പിക്കണം. എന്നാൽ ഈ നാട് നോരെയാകും. വിഭജനത്തിന് ശേഷമുള്ള നാടിന്റെ ദുരവസ്ഥ നാം കണ്ടുപഠിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

  • ഇന്ത്യൻ രാഷ്ട്രീയത്തിൽ താങ്കളുടെ റോൾ മോഡൽ ആരാണ്?


ഇത്രയും നാളായിട്ട് ഒരാളെയും ഞാൻ കണ്ടിട്ടില്ല. ഏറ്റവും ഒടുവിലാണ് അരവിന്ദ്ജിയുടെ രാഷ്ട്രീയം ശ്രദ്ധയിൽ പെട്ടത്. എന്റെ നിലപാടുകളുമായി യോജിക്കുന്നതായിരുന്നു അത്.

  • താങ്കൾ ഇന്ത്യയിൽ വോട്ട് ചെയ്തിട്ടുണ്ടോ?


ഇതുവരെയില്ല. ഞാൻ ഡൽഹിയിൽ ആയിരുന്നു താമസം. ഒരു മാദ്ധ്യമപ്രവർത്തകയെന്നാൽ നിഷ്പക്ഷയായിരിക്കുക എന്നാണ് എന്റെ പോളിസി. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്താൽ സ്വാഭാവികമായും ആ പാർട്ടി ജയിക്കണം എന്ന് ഞാനും ആഗ്രഹിച്ചുപോകും. അതുണ്ടാകാതിരിക്കാനാണ് വോട്ട് ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചത്. ഇപ്പോൾ അതലല്ലോ അവസ്ഥ. ഞാൻകൂടി ഈ സിസ്റ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എന്തായാലും എനിക്ക് ഇവിടെ വോട്ട് ഇല്ല, ഡൽഹിയിലാണ് എന്റെ വോട്ട്. പോസ്റ്റൽവോട്ട് എങ്കിലും ചെയ്യാൻ ശ്രമിക്കും.

  • അവസാനമായി ഒരു ചോദ്യംകൂടി. എറണാകുളത്ത് എത്രത്തോളം വിജയ പ്രതീക്ഷയുണ്ട്?


ജനം എന്നെ സ്വീകരിക്കുമെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. മാറ്റം വന്നേ മതിയാകൂ. വിജയിച്ച് പാർലമെന്റിൽ എത്താനാകുമെന്ന് തന്നെയാണ് ഞാൻ പ്രതിക്ഷിക്കുന്നത്. അതിന് എല്ലാവരുടെയും പിന്തുണ വേണം. പ്രത്യേകിച്ച് മാദ്ധ്യമങ്ങളുടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP