Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടെക്നോപാർക്ക് - ദേശീയപാതാ വികസനങ്ങളിൽ എന്റെ കയ്യൊപ്പുണ്ട്; രാഷ്ട്രീയ അഗ്‌നിപരീക്ഷകളിൽ നിന്നും കൂടുതൽ പഠിച്ചു; തിരുവനന്തപുരത്തിന്റെ ശബ്ദം ഡൽഹിയിൽ കേൾപ്പിക്കുക ലക്ഷ്യം; അഴിമതിയിൽ ബിജെപി പിഎച്ച്ഡി എടുത്തു; അവിടേക്ക് ഒരിക്കലും പോകില്ല; ശശി തരൂർ പറയുന്നു

ടെക്നോപാർക്ക് - ദേശീയപാതാ വികസനങ്ങളിൽ എന്റെ കയ്യൊപ്പുണ്ട്; രാഷ്ട്രീയ അഗ്‌നിപരീക്ഷകളിൽ നിന്നും കൂടുതൽ പഠിച്ചു; തിരുവനന്തപുരത്തിന്റെ ശബ്ദം ഡൽഹിയിൽ കേൾപ്പിക്കുക ലക്ഷ്യം; അഴിമതിയിൽ ബിജെപി പിഎച്ച്ഡി എടുത്തു; അവിടേക്ക് ഒരിക്കലും പോകില്ല; ശശി തരൂർ പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശക്തമായ തിക്രോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ശശി തരൂർ ഇക്കുറിയും വിജയപ്രതീക്ഷയിൽ തന്നെയാണ്. തലസ്ഥാന മണ്ഡലവുമായി അത്രയ്ക്ക് ആത്മബന്ധം തനിക്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കുറി നാലാം തവണയാണ് തരൂർ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. താൻ മണ്ഡലത്തിൽ വികസനം ഒന്നും കൊണ്ടുവന്നില്ലെന്ന പ്രചരണങ്ങളെ അപ്പാടെ തള്ളിക്കളയുകയണ് അദ്ദേഹം. കൂടാതെ എന്തെക്കെ വികസന പ്രവർത്തനങ്ങൾ ചെയ്തുവെന്നും അദ്ദേഹം മറുനാടന് നൽകിയ അഭിമുഖത്തിൽ അക്കമിട്ടു നിരത്തി കൊണ്ട് വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ പരിചയങ്ങൾ ഇല്ലാതെയാണ് ഇറങ്ങിയത് എങ്കിലും അഗ്നിപരീക്ഷകളെ അതിജീവിച്ചു എന്നാണ് തരൂർ പറയുന്നത്. ഇന്ന് തലസ്ഥാനത്തിന്റെ ശബ്ദം ഡൽഹിയിൽ കേൾപ്പിക്കുകയാണ് ലക്ഷ്യമെന്നും തരൂർ പറുന്നു. അഴിമതിയുടെ കാര്യത്തിൽ ബിജെപി പിഎച്ച്ഡി എടുത്തിരിക്കയാണ്. വർഗീയമാണ് അവരുടെ നിലപാടുകൾ അതുകൊണ്ട് കോൺഗ്രസ് തകർന്നാലും ബിജെപിയിൽ പോകില്ലെന്നും തരൂർ അഭിമുഖത്തിൽ വ്യക്തമാക്കി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്..

15 വർഷമായി തിരുവനന്തപുരം എംപി, തലസ്ഥാനത്തിനായി എന്തു ചെയ്തു?

കഴിഞ്ഞ 15 വർഷമായി തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എംപിയാണ്. താൻ എന്തു ചെയ്തു എന്നു ചോദിക്കുന്നവരോട് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. 40 വർഷക്കാലം തടസ്സമായിരുന്ന ദേശീയപാതാ ബൈപ്പാസ് നിർമ്മാണം വേഗത്തിലാക്കാൻ നടപടി എടുത്തത് താൻ ആദ്യമായി എംപിയായിരിക്കുമ്പോളാണ്. അന്ന് യുപിഎ സർക്കാറിൽ വിവിധ മന്ത്രിമാരെ കണ്ടാണ് ഇടപെടലുകൾ നടത്തിയത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഭൂമി ഏറ്റെടുത്തത്. വി എസ് സർക്കാറിന്റെ കാലത്ത് ഭൂമി ബൈപ്പാസിനായി ഏറ്റെടുത്തിരുന്നില്ല. ഉമ്മൻചാണ്ടയുടെ കാലത്ത് എന്റെ സാന്നിധ്യത്തിലാണ് ഭൂമി ഏറ്റെടുക്കലിന്റെ ആദ്യ ചെക്ക് കൈമാറിയത്. അതുകൊണ്ടാണ് പിന്നീട് തുടർവിജയം നേടാൻ സാധിച്ചതും. പ്രാരംഭ കാര്യങ്ങൾ യുപിഎ സർക്കാറിന്റെ കാലത്താണ്. അത് പണിതപ്പോൾ ബിജെപി ഭരണമാണെന്ന് മാത്രം. ബിജെപി പൂർണമായും അവകാശപ്പെടുന്നതു പോലെയല്ല, വസ്തുത. തുടക്കമിട്ടത് താനാണ്. എന്റെ മണ്ഡലത്തിലെ കാരോട് വരെ ദേശീയപാത നിർമ്മാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ, കന്യാകുമാരിയിൽ ഒരിഞ്ച് മുന്നോട്ടു പോയിട്ടില്ല. അവിടെ ബിജെപിക്ക് എംപി ഉണ്ടായിരുന്നല്ല. അതുകൊണ്ട് ബൈപ്പാസിന്റെ കാര്യത്തിൽ ഞാൻ അഭിമാനത്തോടെ പറയും.

ദേശീയപാതാ വികസനം പോലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യവും. താൻ ആദ്യ തവണ എംപിയായിരുന്നപ്പോൾ വിമാനത്താവളം ചെറിയ ടെർമിനൽ മാത്രമാണുള്ളത്. എന്നാൽ, ഇപ്പോൾ അതല്ല, രണ്ട് ടെർമിനൽ ഉണ്ട്. അന്താരാഷ്ട്ര ടെർമിനൽ അടക്കം എത്തി. അതുപോലെ ടെക്‌നോപാർക്ക് ഭാഗത്ത് പാതവികസനത്തിൽ അടക്കം പങ്കാളിയായി. കൂടാതെ തന്റെ ദേശീയ-അന്തർദേശീയ ബന്ധങ്ങൾ ഉപയോഗിച്ചാണ് ടെക്‌നോപാർക്കിൽ കമ്പനികളെ എത്തിച്ചത്. ഒറാക്കിൾ അടക്കമുള്ള പ്രമുഖ കമ്പനികെ താൻ ഇടപെട്ടാണ് എത്തിച്ചത്. ഇതിന് അന്നത്തെ സംസ്ഥാന സർക്കാറും മുൻകൈയെടുത്തു. നിസ്സാൻ അടക്കം കമ്പനികളെയും ടെക്‌നോപാർക്കിൽ എത്തിച്ചു. ചെറിയ സ്ഥാപനങ്ങൾ അടക്കാൻ തുനിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയും താനും സംസാരിച്ചതിനെ തുടർന്നായിരുന്നു അവയെ നിലനിർത്തിയത്. ടെക് മഹീന്ദ്ര അടക്കമുള്ള സ്ഥാപനങ്ങൾ എത്തി. ഇവരുമായി അടക്കം നേരിട്ടാണ് ഞാൻ സംസാരിച്ചത്. ടെക്‌നോപാർക്കിൽ ആദ്യം ഒരു ഫേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഫേസ് 3ലേക്ക് വരെ എത്തി. പിന്നീട് ടോറസ് ഡൗൺ ടൗൺ കൊണ്ടുവന്നതിലും എംപിയെനന്ന നിയിൽ തനിക്ക് പങ്കുണ്ട്. വ്യക്തിപരമായ ബന്ധം അടക്കം പലപ്പോഴും ഉപയോഗപ്പെടുത്തി. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റേഷൻ അനുവദിച്ചതും ഞാൻ ഇടപെട്ടതിനെ തുടർന്നാണ്.

യുഎഇ കോൺസുലേറ്റും കോവിഡ്കാല മാതൃകയും

തിരുവനന്തപുരത്ത് അന്താരാഷ്ട്ര സ്ഥാപനങ്ങൾ എത്തിക്കുന്നതിലും തിരുവനന്തപുരം എംപിയായ എനിക്ക് പങ്കുണ്ട്. ഇതിൽ പ്രധാനം യുഎഇ കോൺസുലേറ്റാണ്. ഇതിന് പുറമേ ശ്രീലങ്കൻ കോൺസുലേറ്റ് അടക്കം തലസ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. അതിനൊപ്പം ആരോഗ്യ മേഖലയിലെ വികസനത്തിനായി നിരവധി ഇടപെടലുകളും നടത്തിയിട്ടുണ്ട്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിനായി പുതിയ കെട്ടിടം കൊണ്ടുവന്നു. ഇതിനായി ആരോഗ്യ മന്ത്രാലത്തിലെ മന്ത്രിയെയും സയൻസ് ആൻഡ് ടെക്‌നോളജി മന്ത്രിയെും നേരിട്ടു കണ്ട് സംസാരിച്ചാണ് ഫണ്ട് നേടിയെടുത്തത്. യുപിഎ സർക്കാറിന്റെ കാലത്തായിരുന്നു ഈ വികസനങ്ങൾ കൊണ്ടുവന്നത്. പിന്നീട് നിരവധി വികസനങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും വിജയിക്കാതെ പോയ കാര്യങ്ങളുമുണ്ട്. എയിംസ് തലസ്ഥാനത്തുകൊണ്ടുവരാൻ താൻ ശ്രമിച്ചിരുന്നു, എന്നാൽ ബിജെപി സർക്കാർ അനുവദിച്ചില്ല. അതുപോലെ കേന്ദ്ര ആയുർവേദ യൂണിവേഴ്‌സിറ്റിക്കായി പരിശ്രമിച്ചു. എന്നാൽ, ബിജെപി സർക്കാർ അത് സ്ഥാപിച്ചത് ഗുജറാത്തിലാണ്. ഗുജറാത്തിന് ആയുർവേദത്തിൽ എത്ര റോൾ ഉണ്ടെന്നാണ് ഞാൻ ആലോചിക്കുന്നത്.

ഞാൻ പാർലമെന്റിൽ ആവശ്യപ്പെട്ട നാഷണൽ സ്പീച്ച് ആൻഡ് ഹിയറിങ് നാഷണൽ യണിവേഴ്‌സിറ്റി ഫോർ ഡിസ് എബിലിറ്റിയും ബിജെപി സർക്കാർ അനുവദിച്ചില്ല. ഈ ആശയം മുന്നോട്ടു വെച്ചത് താനാണെങ്കിലും എന്റെ ആശയം മറ്റ് സംസ്ഥാനത്തുകൊണ്ടുപോയി നടപ്പാക്കുയാണ് ബിജെപി ചെയ്തത്. ഇതാണ് ബിജെപിയുടെ വിശ്വാസ്യത. തിരുവനന്തപുരത്തിന്റെ വികസനത്തിനായി കൊണ്ടുവന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടി എല്ലാത്തിനും ഫ്‌ളക്‌സ് ബോർഡ് അടിക്കുന്ന ആളല്ല ഞാൻ. എന്റെ ബന്ധങ്ങൾ പരമാവധി ഉപയോഗിച്ചുണ്ട്. പല കാര്യങ്ങളിലും സംസ്ഥാന സർക്കാറിന് യാതൊരു റോളം ഉണ്ടായിരുന്നില്ല.

ഇത്രയും വികസനം കൊണ്ടുവന്ന വ്യക്തിയെന്ന നിലയിൽ എന്നെ വീണ്ടും എപിയായി തിരഞ്ഞെടുക്കണം എന്നാണ് പറയാനുള്ളത്. കോവിഡ് സമയത്ത് ആകെ ഒരു എംപിയാണ് ഇവിടെ ഉള്ളതെന്ന് പോലും പറഞ്ഞ കാലമുണ്ട്. എംപി ഫണ്ട് ചെലവാക്കി പിപിഇ കിറ്റും ഗ്ലൗസും റാപ്പിഡ് ടെസ്റ്റിങ് കിറ്റും ആദ്യമായി എത്തിച്ചത് താനാണ്. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രശംസിച്ച കാര്യമാണിത്. എംപിയെന്ന നിലയിൽ തരൂർ അന്ന് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങൾ സജീവമായി റിപ്പോർട്ടു ചെയ്്തിരുന്നു. എനിക്ക് എന്റെ രീതിയിൽ വർക്ക് ചെയ്യാനാണ് ഇഷ്ടം. വർക്ക് ചെയ്യുന്നവരും അതിന്റെ ക്രെഡിറ്റ് എടുക്കുന്നവരും എന്ന രണ്ട് വിഭാഗക്കാരുണ്ട്. ഇതുവരെ ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫ്‌ളക്‌സ് ബോർഡ് ഇറക്കാത്തത് നല്ലകാര്യമായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. എന്റെ മുഖം വെച്ച് ഇറക്കിയിട്ടില്ലെങ്കിലും 68 പേജുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. എംപിയെന്നതിൽ ഉപരി വ്യക്തി ബന്ധങ്ങൾ ഉപയോഗപ്പെടുത്തി പലരെയും സഹായിച്ചിട്ടുണ്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നുണ്ട് ഇപ്പോഴും. തന്റെ പിതാവ് ചന്ദ്രൻ തരൂർ ഫൗണ്ടേഷൻ വഴിയും സഹായം ചെയ്യാറുണ്ട്. തിരുവനന്തപുരത്തിന്റെ ശബ്ദം ഡൽഹിയിൽ കേൽപ്പിക്കുക എന്നതാണ് ദൗത്യം. ലോകത്തിന്റെ പലയിടത്തും പോകുമ്പോൾ തിരുവനന്തപുരത്ത് നിന്നുള്ള ആളാണെന്ന് പറയുമ്പോൾ നമ്മുടെ തരൂരിന്റെ മണ്ഡലമല്ലേ എന്നാണ് ചോദിക്കാറ്. അത് എന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കരുതുന്നു.


കേരളത്തിലും ഭരണം മാറണം, സംസ്ഥാനം കടത്തിൽ മുങ്ങുന്നു

കേരളത്തിലെ സർക്കാറിനെ മാറ്റണം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതും കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. നിലവിൽ എംപിയായിരുന്ന പലർക്കും കേരളത്തിൽ നിൽക്കാനാണ് താൽപ്പര്യം എങ്കിലും എല്ലാവരും ലോക്‌സഭയിലേക്ക മത്സരിക്കണം എന്ന് നിർദ്ദേശിക്കുകയായിരുന്നു. സിപിഎം ദുർഭരണത്തിനെതിരെ കൂടി നിൽക്കണം. കടത്തിൽ മുങ്ങിയ സംസ്ഥാനാണ് കേരളം. ശമ്പളവും പെൻഷനും പലിശയും മാത്രം മാത്രം കൊടുക്കാനേ ബജറ്റു കൊണ്ട് സാധിക്കുന്നുള്ളൂ. നാടിന്റെ വികസനത്തിന് പണമില്ലാത്ത അവസ്ഥയാണ്. സിപിഎം കേഡേഴ്‌സിന് മാത്രം ജോലി കൊടുക്കുന്നതാണ് അവസ്ഥ. ദേശിയ രാഷ്ട്രീയത്തിൽ മാത്രം പോര, സംസഥാന രാഷ്ട്രീയത്തിലും സജീവമാകും. കേരളത്തിൽ ഇറങ്ങി വികസനത്തിന് വേണ്ടി പോരാടും. ഈ സർക്കാരിന് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളും ചെയ്തിട്ടില്ല. ഐടി, വിദ്യാഭ്യാസ മേഖലയിൽ ആണെങ്കിലും നമുക്ക് പലതും ചെയ്യാൻ സാധിക്കും. ഈസ് ഓഫ് ഡുയീംഗ് ബിസിനസ് കേരളത്തിൽ അത്രയ്ക്ക് എളുപ്പമല്ല, അടുത്തിടെ ഒരു ആശുപത്രിയുടെ ഉദ്ഘാടനത്തിന് പോയി. ആശുപത്രി കെട്ടാൻ ഒന്നര വർഷവും പ്രവർത്തന അനുമതി ലഭിക്കാൻ നാല് വർഷവും വേണ്ടി വന്നു ംന്നാണ് അവർ എന്നോട് പറഞ്ഞത്. ഇന്ത്യയിലും കേരളത്തിലു യുവാക്കൾ ജനസംഖ്യയുടെ നല്ലൊരു ശതമാനമുണ്ട്. ഇവർ മികച്ച അവസരം തേടി വിദേശത്തേക്ക് പോകുകയാണ്. ഈ അവസ്ഥയിൽ കുറവുണ്ടാകേണ്ടതുണ്ട്.

ദേശീയ തലത്തിൽ സെൻസസ് അടക്കം നടത്തുന്നത് വൈകിക്കുകയാണ് കേന്ദ്രസർക്കാർ. ജനസംഖ്യാ അനുപാതം നോക്കി സീറ്റുകൾ നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വരും. സെൻസസ് നീട്ടുന്നത് പ്രകാരം, ഹിന്ദി ഭാഷ സംസാരിക്കുന്ന പ്രദേശത്തിൽ കൂടുതൽ സീറ്റുകൾ കിട്ടുമെന്നെ അവസ്ഥ ബിജെപിക്ക് ഉണ്ടാകും. ഇതാണ് എന്റെ ആശങ്ക. ഞാൻ ഒരു ഇന്ത്യനും ഭാരതീയനുമാണ്. ഹിന്ദി-ഹിന്ദുത്വ-ഹിന്ദുസ്ഥാൻ രീതി കൊണ്ടുവന്നാൽ, ചൈനയുടെ അവസ്ഥ ഉണ്ടാകും. ജനസംഖ്യയിൽ കൂടുതലുള്ള സംസ്ഥാനങ്ങളുടെ സീറ്റുകൾകൂടുകയും ജനസംഖ്യാ നിയന്ത്രണമുള്ള കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളുടെ പ്രാധിനിത്യം കുറയുകയം ചെയ്യുുന്ന അവസ്ഥയുണ്ടാകുമെന്ന ആശങ്കയുണ്ട്. 2026ലാണ് ഇക്കാര്യത്തിൽ ഭേദഗതി വരുന്നത്. എന്റെ വിചാരം ഭാരതം ബഹുസ്വരതയാണ്. ഒരു പാർട്ടി നയത്തെ അംഗീകരിക്കാൻ കഴിയില്ല. ഒരു തിരഞ്ഞെടുപ്പ് എന്ന നിലയിലേക്ക് നീങ്ങുന്നത് അപകടമാണ്. പ്രസിഡൻഷ്യൻ റൂൾ വരുന്ന അവസ്ഥ സംസ്ഥാനങ്ങളിൽ ഉണ്ടാകും. അത് അംഗീകരികക്കാൻ സാധിക്കില്ല. വൺ നാഷൺ വൺ ഇലക്ഷൻ എന്നത് ഒരു പ്രശ്‌നമാണ്. ഒന്നര വർഷത്തിന്റെയും 13 ദിവസത്തിന്റെ കേ്ര്രന്ദസർക്കാറും ഉണ്ടായിരുന്നു എന്ന് ഓർക്കണം.

ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നപ്പോൾ കോൺഗ്രസിനും അതിന്റെ ഭാഗമാകേണ്ടി വന്നു. കേന്ദ്രസർക്കാർ ചെയ്യുന്നത് ആദ്യം സിബിഐ, ഇൻകം ടാക്‌സ്, ഇഡി റെയ്ഡ് നടക്കുന്നു. പിന്നാലെ ബോണ്ട് വാങ്ങുന്നു എന്നാണ് അവസ്ഥ. ഒട്ടും സുതാര്യമല്ലാത്തതാണ് അവസ്ഥ. ഇലക്ട്രറൽ ബോണ്ടിൽ അഴിമതി വ്യക്തമാണ്. കെജ്രിവാളിന് എതിരായ കേസിൽ ഒരാൾ മാപ്പുസാക്ഷിയായി. ഇത് ശരിയല്ലാത്ത രാഷ്ടീയമാണ്. എന്ത് കുറ്റം പറഞ്ഞാലും കോൺഗ്രസ് ഇത്തരം കാര്യങ്ങളൊന്നും ചെയ്യില്ല. ബിജെപി അഴിമതിയിൽ പിഎച്ച്ഡി എടുത്തവരാണ്. അഴിമതിക്കാരെ വെളുപ്പിക്കാനുള്ള വാഷിങ് മെഷീനായി മാറി. കാലുമാറി ബിജെപിയിൽ ചേർന്നാൽ അഴിമതി തുടച്ചു നീക്കുന്ന അവസ്ഥ.

ഒന്നര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയം പഠിപ്പിച്ചത്.

രാഷ്ട്രീയത്തിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിലെ അഗ്നിപരീക്ഷകളെ മറികടക്കാൻ സാധിച്ചു. പിന്നാലെ വരുന്ന വെല്ലുവിളികളെ നേരിട്ടു. 2014ന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പാർട്ടി അധ്യക്ഷനാകാൻ അടക്കം മത്സരിച്ചു. കേരളത്തിൽ മരാമൺ കൺവെൻഷനിൽ അടക്കം അതിഥിയായി പങ്കെടുത്തു. ഇപ്പോൾ അടിമുടി രാഷ്ട്രീയക്കാരനായി മാറി. അതിന് ഒരു പാഷനും കമ്മിറ്റ്‌മെന്റും ഉണ്ട്. ലോകത്ത് എനിക്ക് ആകെ വീടുള്ളത് തിരുവനന്തുപുരത്ത് മാത്രമാണ്. അമ്മയും ഇവിടെയാണ്. അതുകൊണ്ട് ഇതാണ് എന്റെ തട്ടകം.

എന്റെത് ആളുകൾക്ക് നല്ലത് വരണം എന്നാഗ്രഹിക്കുന്ന രാഷ്ട്രീയ വീക്ഷണമാണ്. ബിജെപിയുടെ എല്ലാ കാര്യങ്ങളിലും എതിർപ്പില്ല. എന്നാൽ, അവരുടെ വർഗീയത സഹിക്കാൻ എനിക്ക് കഴിയില്ല. ഇടതുപക്ഷത്തിന്റെ സാമ്പത്തിക നിലപാടുകൾ അംഗീകരിക്കാനും സാധിക്കില്ല. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കാണുന്നത് കോൺഗ്രസ് ആണ്. ഒരു കാലത്ത് കോൺഗ്രസിന്റെ കൂടുതൽ സർക്കാർ ഭരണത്തെയും ഞാൻ വിമർശിച്ചിട്ടുണ്ട്. ലൈസിൻസി രാജിന്റെ കാലത്താണ്. 91ന് ശേഷം എഴുതിയിട്ടില്ല. കോൺഗ്രസ് നാളെ രാജ്യത്തെ ഭാവിയിലേക്ക് നയിക്കുന്ന പാർട്ടിയാണ്. അതന്റെ സംഘടനാ ശക്തിയെ ബലപ്പെടുത്തേണ്ടതുണ്ട്.

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോകുന്നവർ തോറ്റവരാണ്. എനിക്ക് അത്തരത്തിൽ യാതൊരു ചിന്തയുമില്ല. ചില ബിജെപി നേതാക്കളുമായി നല്ല ബന്ധമുണ്ട്. ദേശീയപാതാ വികസനത്തിൽ അടക്കം നിതിൻ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ട്. റോഡ് വികസന കാര്യത്തിൽ എടക്കം വിശദമായി തന്നെ സംസാരിച്ചിട്ടുണ്ട്. അതുപോലെ, നിർമ്മല സീതാരാമൻ നല്ല സുഹൃത്തായിരുന്നു. പ്രവാസി മലയാളികളുടെ വിഷയത്തിൽ അടക്കം മന്ത്രിമായിരുന്ന ഹർദീപ് സിങ് പുരിയുമായും എസ് ജയശങ്കറുമായും പലപ്പോഴും അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട്. നാളെ ബിജെപി പ്രതിപക്ഷത്ത് ആണെങ്കിലും ഞങ്ങൾ സഹകരിക്കും. ഇലക്ഷൻ കഴിഞ്ഞാൽ എല്ലാവരുടെയും നമ്മൾ എല്ലാവരുടെയും ജനപ്രതിനിധിയാണ്. ഢഞാൻ നേരത്തെ പാർലമെന്റിലെ വിദേശകാര്യ കമ്മിറ്റി ചെയർമാനായിരുന്നു. രാജ്യത്തിന് വേണ്ടി ഇടപെടൽ നടത്താൻ സാധിച്ചിരുന്നു. പിന്നീട് അതിൽ നിന്നും മാറ്റി. സാധാരണ ഗതിയിൽ പ്രതിപക്ഷത്തു നിന്നുമാണ് ഈ കമ്മിറ്റിയുടെ ചെയർമാൻ ഉണ്ടായിരുന്നത്. ഐടി കമ്മറ്റിയിൽ നിന്നും അടക്കം തന്നെ മാറ്റിയത് ജനാധിപത്യ വിരുദ്ധമാണ്. എന്നാൽ യുപിഎ സർക്കാറിന്റെ കാലത്ത് മന്മോഹൻ സിങ് പ്രതിപക്ഷത്തെ ഏറെ മുഖവിലയ്ക്കെടുത്തിരുന്നു. ആണവ കരാറിന്റെ കാലത്ത് അടക്കം എൽകെ അദ്വാനിയും സുഷമ സ്വരാജുമായും അടക്കം നിരന്തരം അദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ, മോദി സർക്കാർ അങ്ങനെയല്ല. പ്രതിപക്ഷവവുമായി സൗഹൃദത്തിവ് അവർ തയ്യാറാകുന്നില്ല. എന്തായാലും ഞാൻ ബിജെപി വഴിയിലേക്ക് ഒരിക്കലും പോകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP