Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനപക്ഷം ആഗ്രഹിച്ചത് യുഡിഎഫിൽ ചേരാൻ; സോണിയപോലും അനുകൂലിച്ചിട്ടും നടക്കാതെ പോയത് ഉമ്മൻ ചാണ്ടിയുടെ പിടിവാശി മൂലം; കോൺഗ്രസിന് അങ്ങനെ തോന്നിയത് ദൈവാനുഗ്രഹം; എൻഡിഎയിൽ എത്തിയത് അവരുടെ പ്രകടന പത്രികയിലെ പല കാര്യങ്ങളിലും യോജിപ്പുള്ളതിനാൽ: മോദി തന്നെ അധികാരത്തിൽ എത്തും; ഇക്കുറി കേരളത്തിൽ കുറഞ്ഞത് മൂന്ന് എംപിമാരുണ്ടാകും: അടുത്ത തിരഞ്ഞെടുപ്പിൽ പത്ത് എംഎൽഎമാർ എൻഡിഎയ്ക്ക് ഉണ്ടാകുമെന്നും പൂഞ്ഞാർ എംഎൽഎ പിസി ജോർജ് മറുനാടനോട്

ജനപക്ഷം ആഗ്രഹിച്ചത് യുഡിഎഫിൽ ചേരാൻ; സോണിയപോലും അനുകൂലിച്ചിട്ടും നടക്കാതെ പോയത് ഉമ്മൻ ചാണ്ടിയുടെ പിടിവാശി മൂലം; കോൺഗ്രസിന് അങ്ങനെ തോന്നിയത് ദൈവാനുഗ്രഹം; എൻഡിഎയിൽ എത്തിയത് അവരുടെ പ്രകടന പത്രികയിലെ പല കാര്യങ്ങളിലും യോജിപ്പുള്ളതിനാൽ: മോദി തന്നെ അധികാരത്തിൽ എത്തും; ഇക്കുറി കേരളത്തിൽ കുറഞ്ഞത് മൂന്ന് എംപിമാരുണ്ടാകും: അടുത്ത തിരഞ്ഞെടുപ്പിൽ പത്ത് എംഎൽഎമാർ എൻഡിഎയ്ക്ക് ഉണ്ടാകുമെന്നും പൂഞ്ഞാർ എംഎൽഎ പിസി ജോർജ് മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരള ജനപക്ഷം ആഗ്രഹിച്ചിരുന്നതും പാർട്ടി തീരുമാനിച്ചിരുന്നതും യുഡിഎഫ് മുന്നണിയിൽ ചേരാനായിരുന്നുവെന്നും എന്നാൽ സോണിയ ഗാന്ധി പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉമ്മൻ ചാണ്ടിയുടെ പിടിവാശിയാണ് അത് നടക്കാതെ പോയതിന് പിന്നിലെന്നും പിസി ജോർജ്. എൻഡിഎ മുന്നണിയിലെത്തിയത് അവരുടെ പ്രകടന പത്രികയിൽ പറയുന്ന പല കാര്യങ്ങളുമായിട്ടും ജനപക്ഷത്തിന് യോജിപ്പുള്ളതുകൊണ്ടാണെന്നും പിസി പറഞ്ഞു. ഇന്ത്യയിൽ വീണ്ടും മോദി തന്നെ അധികാരത്തിൽ എത്തുമെന്നും കേരളത്തിൽ നിന്ന് കുറഞ്ഞത് മൂന്ന് എംപിമാർ ലോക്സഭയിലുണ്ടാകുമെന്നും അദ്ദേഹം മറുനാടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എൻഡിഎ മുന്നണിയിൽ ചേർന്നതിനെ ചൊല്ലി ജനപക്ഷം പാർട്ടിക്കുള്ളിൽ അസ്വാരസ്യം ഉണ്ട് എന്നത് ശരിയാണ്. അത് ചില കേന്ദ്രങ്ങളിൽ നിന്നുള്ള നുണ പ്രചാരണത്തിന്റെ ഫലമാണ്. സത്യം തിരിച്ചറിഞ്ഞ് പലരും തിരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസും യുഡഎഫും ശരിക്കും അപമാനിച്ചുവെന്നും പിസി പറയുന്നു. കേരളത്തിലെ കോൺഗ്രസിന്റെ ഗ്രൂപ്പിസത്തിന് എല്ലാം കാരണം ഉമ്മൻ ചാണ്ടി മാത്രമാണ്. കെ മുരളീധരനെ വടകരയിൽ തോൽപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. തന്റെ ഒപ്പം ഉള്ളവർ മാത്രം വിജയിക്കണം എന്ന ചിന്തയും ഉമ്മൻ ചാണ്ടിക്ക് ഉണ്ടെന്നും പിസി ആരോപിക്കുന്നു. അഭിമുഖത്തിലേക്ക്...

  • എന്തുകൊണ്ട് എൻഡിഎ?

എൻഡിഎ ആണ് ഇന്ത്യാ രാജ്യത്ത് ശരി എന്നതുകൊണ്ട് തന്നെയാണ് അവർക്കൊപ്പം ചേർന്നത്. ഇന്ത്യ എന്ന ഈ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത അഞ്ച് വർഷം ഭരിക്കാൻ മോദി തന്നെ വീണ്ടും എത്തും എന്നതിൽ ആർക്കും തർക്കം വേണ്ട അതായത് ബിജെപി തന്നെ വീണ്ടും ഭരിക്കും എന്ന് അർത്ഥം. നമ്മുടെ കേരളത്തിൽ ഒരു പൊതുവായ ശീലമുണ്ട്. അത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന് എതിരായിട്ടുള്ളതാണ്. അങ്ങനെ ചെയ്തിട്ട് കേരളത്തിന് അത് കിട്ടിയില്ല ഇത് കിട്ടിയില്ല എന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല. ഇനി അങ്ങനെ പറഞ്ഞ് കരയാൻ പിസി ജോർജിനെ കിട്ടില്ല. കോൺഗ്രസും മുസ്ലിം ലീഗും സിപിഎമ്മും ചേർന്ന് പറയുന്നത് ഹിന്ദു വർഗ്ഗീയത ആണ്. ഇതാണ് ഇവിടത്തെ ഒരു പ്രശ്‌നം. ഇവിടെ സിപിഎമ്മിന് അകത്തുള്ള അത്രയും ഹിന്ദുക്കളേ ബിജെപിയിലും ഉള്ളു. ഹിന്ദു കൂടുതൽ ഉള്ളതിനെ ആണ് ഈ ഹിന്ദു വർഗ്ഗീയത എന്ന് പറയുന്നത് എങ്കിൽ ഈ മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടി ആണെന്ന് പറയേണ്ടി വരില്ലേ. ആകെ ഒരു രാമനല്ലാതെ വേറെ ആരും ഇല്ല എന്നതാണ് സത്യം.

ഇപ്പോൾ ഞങ്ങൾ ജനപക്ഷം എൻഡിഎ മുന്നണിയിൽ ചേർന്നിരിക്കുന്നു. കേരള ജനപക്ഷം സെക്കുലർ എന്ന പാർട്ടിയിൽ മുഴുവൻ ജാതി മത വിഭാഗത്തിൽ ഉള്ളവരും ഉൾപ്പെടുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യാനി അങ്ങനെ എല്ലാ വിഭാഗത്തിൽ ഉള്ളവരും ഉണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ പാർട്ടിയിൽ 14 ജില്ലാ പ്രസിഡന്റുമാരിൽ 5 പേർ മുസ്ലീങ്ങളാണ്. അപ്പോൾ പിന്നെ അത്രയും മതേതരത്വം ഉള്ള ഒരു പാർട്ടിയാണ് ഇപ്പോൾ ബിജെപിക്ക് ഒപ്പം ചേരുന്നത്. കോൺഗ്രസിന് ഒപ്പം ചേരുക യുഡിഎഫിൽ പ്രവർത്തിക്കുക എന്നതായിരുന്നു എന്റേയും പാർട്ടിയുടേയും ആഗ്രഹം. പക്ഷേ ദൈവാനുഗ്രഹം കൊണ്ട് അവർ ഞങ്ങളെ പുച്ഛിച്ച് തള്ളി.

പാർട്ടി തീരുമാനം നടപ്പിലാക്കാനും മുന്നണിക്ക് ഒപ്പം ചേരാനും ഞാൻ ഇവരുടെ പിറകെ നടന്നതാണ്. ഒരു ദിവസം എന്നെ 600 കിലോമീറ്റർ വണ്ടി ഓടിപ്പിച്ച് വിട്ടിട്ട് ഇപ്പോൾ പറയുന്നു ജനപക്ഷത്തെ യുഡിഎഫിൽ വേണ്ട.. നിങ്ങളെ എടുക്കില്ല എന്ന്. അപമാനിക്കുകയായിരുന്നു പച്ചയ്ക്ക്. ഉമ്മൻ ചാണ്ടി ഉള്ളടത്തോളം കാലം ജനപക്ഷം യുഡിഎഫിന്റെ ഭാഗമാകില്ല എന്നായിരുന്നു. ഇപ്പോ ഉമ്മൻ ചാണ്ടിയെ കൊന്നിട്ട് ആ മുന്നണിയുടെ ഭാഗമാകേണ്ടതില്ലല്ലോ. ആരെയും കൊല്ലുന്നത് ഞങ്ങൾക്ക് ഇഷ്ടവുമല്ല. സോണിയ ഗാന്ധിയുമായി പോലും സംസാരിച്ചിരുന്നു പക്ഷേ സമ്മതിക്കാതിരുന്നത് ഉമ്മൻ ചാണ്ടിയാണ്. ഇത്രയും മോശം സ്വഭാവമുള്ള ഒരു നേതാവ് വേറെ ഇല്ല.

ഇപ്പോൾ ഈ ലോക്സഭ തെരഞ്ഞെടുപ്പിലെ കാര്യം തന്നെ നോക്കു. ഇല്ലാത്ത പുകിലാണ് ആ വയനാട്, വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ പോയി ഉണ്ടാക്കി വെച്ചിരിക്കുന്നത്. ആ മുരളീധരനെ കൊണ്ടുപോയി വടകരയിൽ അവസാനം നിർത്തിയത് ആ ഉമ്മൻ ചാണ്ടിയുടെ കളിയാണ്. ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് എതിരെ മത്സരിക്കാൻ തയ്യാറായതാണ് ആ മുരളി. എങ്ങനെയെങ്കിലും അയാളെ ജയിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം കൊണ്ട് പോയി തോൽപ്പിക്കാൻ ആണ് ശ്രമം. ഇത് അയാളുടെ വർഗ്ഗ സ്വഭാവമാണ്. അപ്പോ അങ്ങനെ പാർട്ടിയെ അപമാനിച്ചതിന് ശേഷം ഞാൻ വീണ്ടും കമ്മറ്റി വിളിച്ചു. മുഴുവൻ ജില്ലാ പ്രസിഡന്റുമാരും കമ്മറ്റി അംഗങ്ങളും പറഞ്ഞത് ബിജെപിയുമായി ചർച്ച നടത്തണം എന്നായിരുന്നു.

ഇതിന് പിന്നാലെ വലിയ മാനസിക സംഘർഷം തന്നെ ഉണ്ടായിരുന്നു. മുസ്ലിം വിരുദ്ധമായ പാർട്ടിയാണ് എന്നൊക്കെ ആണല്ലോ പറഞ്ഞ് വച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ എങ്ങനെ എന്ന് നന്നായിത്തന്നെ ആലോചിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ബിജെപിയുെട പ്രകടനപത്രിക പുറത്ത് ഇറങ്ങുന്നത്. അത് വലിയ അനുഗ്രഹമായി മാറുകയായിരുന്നു. അതായിരുന്നു യഥാർഥത്തിൽ ജനപക്ഷം പറയാൻ ആഗ്രഹിച്ചിരുന്നത്. റബ്ബർ ഒരു കാർഷിക വിള ആക്കണം എന്നതും ന്യൂനപക്ഷങ്ങളോടുള്ള സമീപനവും പ്രധാനമാണ്. ഹജ്ജ് ക്വാട്ട ഉൾപ്പടെയുള്ള കാര്യങ്ങളും അതിൽ ഏർപ്പെടുത്തുമെന്ന് പറഞ്ഞ കാര്യവും ഒക്കെ പ്രധാനമാണ്. ശബരിമല വിഷയത്തിലെ കേന്ദ്ര സർക്കാർ നിലപാടും ആചാര സംരക്ഷണവും അതിലെ നടപടിയുമൊക്കെ അവരുമായി ചേരുന്നതിൽ നിർണായകമായി. മനസാക്ഷി ഉള്ളവർ എൻഡിഎക്ക് ഒപ്പം ചേരും. ചേരണം. ഒപ്പം കൂട്ടിയതിന് അവരോട് നന്ദി.

  • എൻഡിഎ മുന്നണി പ്രവേശവും ജനപക്ഷത്തിലെ ആഭ്യന്തര കലഹങ്ങളും

അത് ഒരു സത്യമായ കാര്യമാണ്. എന്തിനാണ് ഇല്ല എന്ന് കള്ളം പറയുന്നത്. ആദ്യം ഇതിന് എതിരെ വന്നത് കോട്ടയം ജില്ലാ പ്രസിഡന്റ് ആണ്. 14 ജില്ലാ പ്രസിഡന്റുമാരും ഒരുമിച്ച് അംഗീകരിച്ചിരുന്നു. അതിന് ശേഷമാണ് ഒരു അസ്വാരസ്യമുണ്ടായത്. എന്റെ പഞ്ചായത്ത് ആയ ഈരാറ്റുപേട്ടയിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവിടുത്തെ ഒരു പള്ളി കേന്ദ്രീകരിച്ചായിരുന്നു. അവിടെ ഇല്ലാത്ത നുണകൾ പറയുകയും ഒക്കെ ചെയ്തു. ഒരു ദുഃസ്വഭാവക്കാരനായ മൗലവിയാണ് മുന്നിൽ നിന്നത്. ജയിലിൽ കിടക്കേണ്ട ആളായിരുന്നു. ഞാനാണ് രക്ഷിച്ച് വിട്ടത്. ഇപ്പോ ഹിന്ദുക്കൾ എല്ലാം കൂടി വന്ന് മുസ്ലീങ്ങളെ കൊല്ലും എന്ന് പറഞ്ഞു പരത്തുകയായിരുന്നു.

ഇത് സോഷ്യൽ മീഡിയയിലും ഒക്കെ അങ്ങ് വ്യാപകമായി പ്രചരിച്ചപ്പോൾ ആണ് കോട്ടയം പ്രസിഡന്റ് രാജി വെച്ചത്. അയാൾ തന്നെ അടുത്ത ദിവസം വിളിച്ച് രാജി പിൻവലിക്കുകയാണെന്നു പറഞ്ഞു. പക്ഷേ സാധ്യമല്ല എന്ന മറുപടിയാണ് ഞാൻ നൽകിയത്. പുതിയ പ്രസിഡന്റിനെ നിയമിച്ചു എന്ന് പറഞ്ഞെങ്കിലും ഞാൻ തുടരുന്നു എന്നായിരുന്നു അയാളുടെ മറുപടി. പിന്നെ പുറത്ത് പോയതുകൊല്ലം ജില്ലാ പ്രസിഡന്റ് ആണ്. അയാളെ പുറത്താക്കണം എന്ന് നേരത്തെ തന്നെ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് കരുതി ഇരിക്കുകയായിരുന്നു. അപ്പോൾ അയാൾതന്നെ പുറത്ത് പോയി. പിന്നെ ഈരാറ്റ്പേട്ടയിൽ ഉൾപ്പടെ പോയവരെല്ലൊ തിരിച്ച് ഇങ്ങോട്ട് തന്നെ വരുന്നുണ്ട്. അടുത്ത നിയമസഭയിൽ മിനിമം 10 എൻഡിഎ എംഎൽഎമാർ ഉണ്ടാവുകയും ചെയ്യും.

  • എൻഡിഎ പ്രവേശനം പൂഞ്ഞാറിലെ ജനങ്ങളെ എതിരാക്കുമോ?

അത് മുസ്ലിം സമുദായത്തിൽ മാത്രം ഉള്ള ഒരു ചിന്തയാണ്. അത് അങ്ങനെ എല്ലാവർക്കും ഉണ്ട് എന്ന് പറയാനും കഴിയില്ല. മാത്രമല്ല പോയ പലരും തിരിച്ച് വരുന്നുമുണ്ട്. പിസി ജോർജിന് വോട്ട് ചെയ്യും, പിസി പറയുന്നവർക്ക് വോട്ട് ചെയ്യും എന്നിങ്ങനെയാണ് പറയുന്നത്. എന്റെ നിലപാട് പരസ്യമായി തന്നെ മൈക്ക് വച്ച് പറയും. ഇത്തരം ആരോപണം ഉന്നയിക്കുന്ന മേഖലയിലാണ് എംഎൽഎ ഫണ്ടിൽ നിന്ന് മൃഗീയ ഭാഗവും നൽകിയത്. ഇതൊക്കെ വാങ്ങിയിട്ടാണ് നമ്മളെ കുറ്റം പറയുന്നത്.

  • കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിൻ എൻഡിഎയുടെ സാധ്യത?

കേരളത്തിൽ ഇത്തവണ എൻഡിഎയ്ക്ക് വലിയ സാധ്യത തന്നെ ഉണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോട്ടയം എന്നീ മണ്ഡലങ്ങൾ ഉറപ്പായും വിജയിക്കും. പിന്നെ പാലക്കാട് കാസർഗോഡ് എന്നിവിടങ്ങളിലും ശക്തമായ മത്സരം നടത്തുന്നുണ്ട്. ഇതൊക്കെ ഗുണം ചെയ്യും. അക്കൗണ്ട് തുറക്കാൻ പോകുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് ശ്രദ്ധിക്കേണ്ടത്. കേരളത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മിനിമം പത്ത് സീറ്റ് കിട്ടും മാത്രമല്ല കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് പോലും എൻഡിഎ ആയിരിക്കും.

  • കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മേൽക്കോയ്മ ആർക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിൽ മേൽക്കോയ്മ യുഡിഎഫിന് തന്നെ ആയിരിക്കും എന്ന് മാത്രമല്ല എൽഡിഎഫ് ദയനീയമായി പരാജയപ്പെടും. കേന്ദ്രത്തിൽ എൻഡിഎ അധികാരത്തിൽ വരുന്നതോടെ കേരളത്തിൽ നിന്ന് വിജയിക്കുന്ന യുഡിഎഫുകാർ കൂടി നാട് വിടും. അതോടെ കേരളത്തിലെ കോൺഗ്രസിന്റെ ഇടപാട് അങ്ങ് തീരും. പിന്നെ രാഹുൽ ഗാന്ധി എന്ന് പറയുന്ന ആ ചെറുക്കന് വല്ല ബോധവും പൊക്കണവും ഒണ്ടോ.

അവൻ പറയുന്നു രണ്ടിടത്തും വിജയിച്ചാൽ അമേഠിയിൽ നിന്ന് രാജി വെക്കും എന്ന്. അങ്ങനെ പറഞ്ഞാൽ പിന്നെ ആരെങ്കിലും അയാൾക്ക് അവിടെ വോട്ട് ചെയ്യുമോ? പിന്നെ അത് പ്രശ്നമാകും എന്നായപ്പോൾ മാറ്റിപ്പറയുന്നു അമേഠിയിൽ ചെന്നിട്ട് വിജയിച്ചാൽ വയനാട് രാജി വെക്കും എന്ന്. അപ്പോ വയനാടുകാർ ആരെങ്കിലും ഇയാൾക്ക് വോട്ട് കൊടുക്കുമോ? നിലയുറക്കാത്തവനാണ് ഇവൻ. അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെ മണ്ടത്തരം പറയുമോ? നെറി ഉറയ്ക്കട്ടെ എന്നിട്ട് ആകാം പ്രധാനമന്ത്രിയൊക്കെ. തൽക്കാലം പ്രതിപക്ഷ നേതാവായി അവിടെ പോയി ഇരിക്കട്ടെ.

  • രാഹുൽ ഗാന്ധിയുടെ വരവും കേരളത്തിലെ കോൺഗ്രസും

ഉമ്മൻ ചാണ്ടി ഉള്ളിടത്തോളം കാലം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് കളി അവസാനിക്കില്ല. മുഴുവൻ ഗ്രൂപ്പിസമാണ്. കേരളത്തിൽ ഒരു കോൺഗ്രസുകാരനും ജയിച്ചില്ലെങ്കിലും തന്റെ ഒപ്പമുള്ളവർ മാത്രം വിജയിക്കണം എന്ന ചിന്തയാണ് ഉമ്മൻ ചാണ്ടിക്ക്. വടകരയിൽ മുരളീധരൻ തോൽക്കണം എന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുന്നത്. രക്ഷപ്പെടുന്ന കാര്യം ഇപ്പോൾ സംശയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP