Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

സ്ത്രീകളോട് കാണിക്കുന്നത് കടുത്ത അനീതി; തന്നെ തഴഞ്ഞതിലൂടെ തടഞ്ഞത് മഹിളാ കോൺഗ്രസ്സിനെയാണ്; തനിക്ക് ഒരുപാട് ആത്മബന്ധമുള്ള ഏറ്റൂമാനൂർ സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം എല്ലാ നേതാക്കളോടും പറഞ്ഞിരുന്നു; ഡോ. ബി ആർ സോനക്കെതിരെ താൻ പ്രവർത്തിച്ചെന്നും കഥയുണ്ടാക്കി; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ പൊട്ടിക്കരഞ്ഞ് ലതിക സുഭാഷ്

സ്ത്രീകളോട് കാണിക്കുന്നത് കടുത്ത അനീതി; തന്നെ തഴഞ്ഞതിലൂടെ തടഞ്ഞത് മഹിളാ കോൺഗ്രസ്സിനെയാണ്; തനിക്ക് ഒരുപാട് ആത്മബന്ധമുള്ള ഏറ്റൂമാനൂർ സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം എല്ലാ നേതാക്കളോടും പറഞ്ഞിരുന്നു; ഡോ. ബി ആർ സോനക്കെതിരെ താൻ പ്രവർത്തിച്ചെന്നും കഥയുണ്ടാക്കി; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ പൊട്ടിക്കരഞ്ഞ് ലതിക സുഭാഷ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തന്റെ പാർട്ടി സ്ത്രീകളോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് ലതിക സുഭാഷ്. കെ എസ് യു പ്രസിഡന്റിനും യൂത്ത്കോൺഗ്രസ്സ് പ്രസിഡന്റിനും പ്രസിഡന്റിനും സ്ഥാനമുള്ളപ്പോൾ തഴഞ്ഞത് മഹിളാകോൺഗ്രസ്സ് പ്രസിഡന്റിന് സീറ്റില്ലെന്നും അവർ ആരോപിച്ചു. മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിലാണ് ലതികാ സുഭാഷ് തന്റെ അനുഭവങ്ങളും ആശയങ്ങളും പങ്കുവെച്ചത്. ഇതിനുമുൻപും പല തെരഞ്ഞെടുപ്പിലും തന്റെ പേര് പരാമർശിച്ച് പോയിട്ടുണ്ട്. അന്നൊക്കെ താൻ ചെറിയ ചെറിയ സ്ഥാനങ്ങളിൽ ആയിരുന്നു. അതുകൊണ്ട് തന്നെ അപ്പോഴും അത് വിഷയമാക്കിയിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. താൻ മഹിളാകോൺഗ്രസ്സ് പ്രസിഡന്റാണ്. തന്നെ തഴഞ്ഞതിലൂടെ തടഞ്ഞത് മഹിളാ കോൺഗ്രസ്സിനെയാണ്. അതിലാണ് തനിക്ക് സങ്കടം.അല്ലാതെ ഒരു സ്ഥാനത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആളല്ല താനെന്നും ലതിക സുഭാഷ് പറഞ്ഞു.

ഇതിനുമുൻപും സ്ഥാനങ്ങൾ പാർട്ടി എനിക്ക് തന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലൊക്കെ കഠിനമായ സീറ്റുകളിൽ താൻ വിജയിച്ചിട്ടുമുണ്ട്. പക്ഷെ ഇത് അതുപോലെയല്ല. തനിക്ക് ഒരുപാട് ആത്മബന്ധമുള്ള സ്ഥലമാണ് ഏറ്റുമാനൂർ. അവിടെ മത്സരിച്ചിരുന്നെങ്കിൽ വിജയം സുനിശ്ചിതമായേന. ജോസ് കെ മാണി വിഭാഗം പാർട്ടിവിട്ടപ്പോൾ തന്നെ താൻ പാർട്ടിനേതാക്കളോട് പറഞ്ഞു എന്നു മാത്രമല്ല ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരും തനിക്ക് വേണ്ടി രമേശ് ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും ഉമ്മൻ ചാണ്ടിയോടും സംസാരിച്ചിരുന്നു. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്കും ഏറ്റുമാനൂർ ലതികയ്ക്കും മാറ്റിവച്ച് ബാക്കി നോക്കിയാൽപ്പോരെ എന്നാണ് ഷാനി ചോദിച്ചത്. പഞ്ചായത്ത് ഇലക്ഷൻ കഴിഞ്ഞ് തീരുമാനിക്കാം എന്നാണ് മറുപടി ലഭിച്ചത്.

താൻ ചെയ്യുന്നകാര്യങ്ങൾ അതാത് സമയം നേതാക്കളെ വിളിച്ചുപറഞ്ഞ് ശ്രദ്ധനേടുന്ന ആളല്ല ഞാൻ. ഈ തരം രാഷ്ട്രീയ പ്രവർത്തനത്തിന് ഞാൻ മാതൃകയാക്കിയത് ഉമ്മൻ ചാണ്ടിയെയാണ്. ഈ പ്രതിസന്ധി വന്നപ്പോൾ താൻ അദ്ദേഹത്തോടുപോലും സങ്കടം പറഞ്ഞു. അവര് തരുന്നില്ല അവര് തരുന്നില്ല എന്ന മറുപടിയാണ് അദ്ദേഹവും പറഞ്ഞത്. ഇതിന് ശേഷം ഞാൻ തിരുവഞ്ചിയൂരിനെപ്പോയി കണ്ടു. എനിക്ക് എംഎൽഎ ആയാമതി എന്നും ഏറ്റുമാനൂർ എങ്ങിനെയെങ്കിലും സീറ്റ് തനിക്ക് ശരിയാക്കിതരണമെന്നുമാണ് അദ്ദേഹത്തെ അറിയിച്ചത്. എന്നാൽ ഒട്ടേറെ സീറ്റുകളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ആയിപ്പോയെന്നും കോൺഗ്രസ്സിന് ഇതുവരെ പിടിച്ചടെുക്കാൻ പറ്റാത്ത നിരവധി സീറ്റുകൾ ഇപ്പോഴും ബാക്കിയുണ്ടെന്നും അ സീറ്റുകളിൽ ഒന്നിൽ തീർച്ചയായും ലതികയെ പരിഗണിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഒരു സ്ത്രീയെ അവഗണിക്കണമെങ്കിൽ അതേ ഇടത്തിൽ നിന്ന് മറ്റൊരാളെ ഉയർത്തിക്കൊണ്ടു വരിക എന്നതാണ് പൊതുവേ പയറ്റുന്ന തന്ത്രം. അങ്ങിനെയാണ് ഡോ ബി ആർ സോനയെ ഉയർത്തിക്കൊണ്ടുവന്നത്. തന്റെ കീഴിൽ ഒരോരോ പദവികൾ നൽകിയും പരിശീലനം നൽകിയും ഉയർത്തിക്കൊണ്ടുവന്ന സോനക്കെതിരെ താൻ പ്രവർത്തിച്ചു എന്നുവരെ വാർത്തകൾ ഉണ്ടാക്കി. താൻ ദുബൈയിലായിരുന്നപ്പോളാണ് കെപിസിസി ജനറൽ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും ലിസ്റ്റ് വരുന്നത്.

മഹിളാ കോൺഗ്രസ്സിന്റെ വാട്സ് ഗ്രൂപ്പിലിൽ നിന്നാണ് ഈ ലിസ്റ്റ് താൻ കാണുന്നത്. അതിൽ ജനറൽ സെക്രട്ടറിമാരുടെ ലിസ്റ്റിൽ ഡി സോന എന്നൊരു പേരു കണ്ടു. പക്ഷെ സത്യമായിട്ടും അത് ആരാ എന്ന് മനസിലായില്ല. അങ്ങിനെയാണ് ഞാൻ ഗ്രൂപ്പിൽ ഇതാരാണെന്നും ഇത്രയും പുരുഷന്മാരെ ഉൾപ്പെടുത്തിയപ്പോൾ ഒരു സ്ത്രീയെ മാത്രം ഉൾപ്പെടുത്തിയതിൽ പ്രതിഷേധമുണ്ടെന്നും ്ഗ്രൂപ്പിൽ വോയിസ് മെസേജ് അയച്ചത്.

ഡോ. ബി ആർ സോനയെ പേര് തെറ്റിച്ച് ഡി സോന എന്ന കൊടുത്തതാണെന്ന് എനിക്ക് മനസ്സിലായില്ല. ഇ ശബ്ദം ഉപയോഗിച്ചാണ് താൻ സോനയെ അപമാനിച്ചു എന്നു കാണിച്ച് ചാനൽ ചർച്ചവരെ സംഘടിപ്പിച്ചത്.ജോസഫിന്റെ പാർട്ടിക്കാർക്ക് സീറ്റുകൊടുത്തപ്പോൾ അവർ പോലും പറഞ്ഞു തങ്ങൾക്ക് ഏറ്റുമാനൂർ നിർബന്ധമില്ല എന്ന്.ഒരൊറ്റ തവണയാണ് താൻ മത്സരിച്ചത്. അത് മുഖ്യമന്ത്രിക്ക് എതിരെയായിരുന്നു. കഴിഞ്ഞതവണ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ചോദിച്ചത് ലതികക്ക് എവിടെയാ സീറ്റ് നൽകുക. ഏറ്റുമാനൂർ സ്ഥാനാർത്ഥി ഉണ്ടല്ലോ എന്ന്. അത്കൊണ്ടാണ് ഇത്തവണ ആദ്യം തന്നെ ഏറ്റുമാനൂർ ഒഴിവ് വന്നപ്പോൾ താൻ നേതാക്കളെ കണ്ടത്.

പിന്നെ തനിക്കെതിരെ പ്രയോഗിച്ച ഒരു മാർഗ്ഗം തന്റെ ഭർത്താവ് സുഭാഷിന് വൈപ്പിനിൽ സീറ്റ് നൽകുക എന്നതാണ്.ഈ പാർട്ടിയിൽ സഹോദരനും സഹോദരിയും ഭാര്യയും ഭർത്താവും ഒക്കെ മത്സരിക്കാറുണ്ടെങ്കലും താൻ അത് ചൂണ്ടിക്കാട്ടിയില്ല. തന്നെക്കാളും രാഷ്ട്രീയ പാരമ്പര്യവും പ്രവർത്തന പരിചയും ഉള്ള തന്റെ ഭർത്താവിന് ഒരു സീറ്റ് കീട്ടുകയാണെങ്കിൽ അത് ധാരാളമാണെന്നാണ് താൻ കരുതിയത്. പക്ഷെ അവിടെയും പണി തന്നു. ഗ്രൂപ്പിസത്തിലൂടെ അതും ഇല്ലാതാക്കി. ഈ അനുഭവം ഉണ്ടെങ്കിലും കഴിഞ്ഞ ദിവസം രാവിലെക്കുടി ഡൊമനിക്ക് പ്രസന്റേഷൻ സുഭാഷ് ഇത്തവണയും വൈപ്പിനിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പാർട്ടിയെ ബുദ്ധിമുട്ടിലാക്കണ്ട എന്നു കരുതി തീരുമാനം ഉണ്ടെങ്കിൽ അത് നടക്കട്ടെ എന്നാണ് താൻ പറഞ്ഞത്.

അതിലും തീരുമാനമായില്ല. അതിനിടയിലാണ് രമേശ് ചെന്നിത്തല വിളിച്ച് കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യം പറയുന്നത്. പക്ഷെ അത് അംഗീകരിക്കാൻ തനിക്ക് കഴിയുമായിരുന്നില്ല. കാരണം ചുരുങ്ങിയ ദിവസം കൊണ്ട് അവിടെ പോയി തനിക്ക് ഒന്നും ചെയ്യാനാവില്ല.അതുമല്ലെങ്കിൽ താൻ മുൻ എംഎൽഎയോ മറ്റൊ ആയിരുന്നിരിക്കണം. പക്ഷെ താൻ ഇതൊന്നുമല്ലാത്ത സ്ഥിതിക്ക് കാഞ്ഞിരപ്പള്ളി തനിക്ക് അപ്രാപ്യമാണ്. തനിക്ക് ഒരു വാക്കും ഒരു പ്രവർത്തിയും അല്ല. തലമുണ്ഡലം ചെയ്തതോടെ കോൺഗ്രസ്സിന് തന്നെ അനഭിമതയായി. പക്ഷെ മറ്റ് പാർട്ടിയിലേക്ക് പോകില്ല. ബിജെപിയിൽ നിന്നുൾപ്പടെ തനിക്ക് വിളികൾ വരുന്നുണ്ട്. അതിനെക്കുറിച്ചൊന്നും തനിക്കിപ്പോൾ ചിന്തിക്കാനാവില്ല. കാരണം അത്രമേൽ താൻ കോൺഗ്രസ്സിനെ സ്നേഹിക്കുന്നുണ്ട്.

തന്റെ പ്രതിഷേധം തന്റെ വ്യക്തിപരമായ സ്ഥാനങ്ങൾക്ക് വേണ്ടിയല്ല. മഹിളാ കോൺഗ്രസ്സിന് വേണ്ടിയാണ്.എന്റെ അച്ഛൻ എന്റെ ചേച്ചിക്ക് ഇട്ട പേര് പ്രിയദർശനി എന്നാണ്. താൻ കോൺഗ്രസ്സുകാരിയായത് എന്തുകൊണ്ടാണെന്ന് ഇതിൽപ്പരം ലളിതമായി പറയാനാവില്ല. 1979- 80 കാലഘട്ടത്തിലാണ് വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലുടെ താൻ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. 1989ലാണ് പാർലിമെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. 91 മുതൽ സജീവമായി രാഷ്ട്രീയം. ഇതിനിടയിൽ മാധ്യമപ്രവർത്തനത്തിലും സജീവമായി. രണ്ടുമേഖലകളെയും പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. 2000 ൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റായതോടെ ജോലിയിൽ നിന്നും ലീവെടുക്കേണ്ടി വന്നു. പക്ഷെ പിന്നീട് രണ്ടര വർഷത്തിന് ശേഷം ജോലിയിൽ തിരെ പ്രവേശിച്ചെങ്കിലും പഴയത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. അങ്ങിനെ ജോലി രാജിവെക്കാൻ താൻ നിർബന്ധിതയാവുകയായിരുന്നു.

രാഷ്ട്രീയ പ്രവർത്തനം കൊണ്ട് എല്ലാവരും സാമ്പത്തിക നില ഭദ്രമാക്കുകയാണ് പൊതുവേ കണ്ടുവരുന്നത്. പക്ഷെ തന്റെ കാര്യം നേരെ തിരിച്ചാണ്. ലക്ഷ്യങ്ങളുടെ ബാധ്യതയാണ് താൻ ഉണ്ടാക്കി വച്ചിട്ടുള്ളത്. പൊതുപ്രവർത്തനത്തിലോ മറ്റെന്തിലോ ആയിക്കോട്ടെ പുരുഷന് ഒരു രൂപ ചെലവാകുമ്പോൾ ആ സ്ഥാനത്ത് സ്ത്രീയാണെങ്കിൽ ചെലവാകുന്നത് 5 രൂപയാണ്. കാരണം ഒരു വാഹനം ഉറപ്പിക്കാതെ ഒരു വനിതാ പ്രവർത്തകയ്ക്ക് ഈ രംഗത്ത് ഇടപെടാൻ പറ്റില്ല. ഇതൊക്കെ കൊണ്ട് തന്റെ ബാധ്യതകൾ ഒരുപാടാണ്. ഇപ്പോൾ ഇങ്ങനെ ഒന്നുമില്ലാതായി ഇറങ്ങുമ്പോൾ കൈമുതലായുള്ളത് ഈ ബാധ്യതകളും ഇത്രയും കാലത്തെ പൊതുപ്രവർത്തനത്തിടക്ക് കിട്ടിയ കുറച്ച് ബന്ധങ്ങളും മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP