Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപിയും സിപിഎമ്മും പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ; അവരുടെ ആവശ്യം കോൺഗ്രസിനെ ഇല്ലാതാക്കൽ; മോദിയേയും ബിജെപിയേയും തകർക്കാൻ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയില്ല; പിണറായി സർക്കാറിന് അഹങ്കാരത്തിന്റെ മുഖം; കഴിഞ്ഞു പോയത് ഒന്നും ശരിയാകാത്ത ഒരു വർഷം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുനാടനോട് മനസു തുറക്കുന്നു

ബിജെപിയും സിപിഎമ്മും പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ; അവരുടെ ആവശ്യം കോൺഗ്രസിനെ ഇല്ലാതാക്കൽ; മോദിയേയും ബിജെപിയേയും തകർക്കാൻ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയില്ല; പിണറായി സർക്കാറിന് അഹങ്കാരത്തിന്റെ മുഖം; കഴിഞ്ഞു പോയത് ഒന്നും ശരിയാകാത്ത ഒരു വർഷം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുനാടനോട് മനസു തുറക്കുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യമായ മുഖത്തിന്റെ ഉടമയാണ് രമേശ് ചെന്നിത്തല എന്ന കോൺഗ്രസ് നേതാവ്. മാവേലിക്കരയിലെ ചെന്നിത്തല ഗ്രാമത്തിന്റെ പ്രശസ്തി അഖിലേന്ത്യാ തലത്തിലേക്ക് ഉയർത്തിയ വ്യക്തിത്വം. ചെറിയ പ്രായത്തിൽ മന്ത്രിസ്ഥാനത്തെത്തി ഈ ചെന്നിത്തലക്കാരൻ ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ നിരയിൽ ശ്രദ്ധിക്കപ്പെട്ട സാന്നിധ്യമാണ്. കേരളത്തിലെ പ്രതിപക്ഷ നേതാവ് കൂടിയായ അദ്ദേഹ ദേശീയ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ വ്യക്തിത്വമാണ്. കെഎസ് യുവിലൂടെ വളർന്ന് യൂത്ത് കോൺഗ്രസിന്റെ അമരക്കാരനായി കോൺഗ്രസ് രാഷ്ട്രീയത്തിലെ തിരുത്തൽ വാദിയായും നിറഞ്ഞ രമേശ് ചെന്നിത്തലയാണ് സംസ്ഥാന കോൺഗ്രസിനെ ചലിപ്പിക്കുന്ന ശക്തിയും.

കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഒരു വർഷം പൂർത്തിയാക്കി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന ഇക്കാലയളവിൽ പ്രതിപക്ഷത്തിന്റെ പ്രവർത്തനം എങ്ങനെയായിരുന്നു എന്നു ചോദിച്ചാൽ പലർക്കും വ്യത്യസ്തമായ അഭിപ്രായങ്ങളാകും പറയാൻ ഉണ്ടാകുക. പ്രതിപക്ഷം വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്ന ആരോപണം മുന്നണിയിൽ നിന്നും പാർട്ടിയിൽ നിന്നും ഉയർന്നു കഴിഞ്ഞു. എന്നാൽ, ഒരു വർഷക്കാലം പ്രതിപക്ഷം നല്ല വിധത്തിൽ തന്നെ പ്രവർത്തിച്ചു എന്നാണ് ചെന്നിത്തലയ്ക്ക് പറയാനുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തുന്ന തീർത്തും അസഹിഷ്ണുത നിറഞ്ഞ ഭരണമാണ് പിണറായി വിജയന്റേതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു.

കേരളത്തിൽ ബിജെപിയും സിപിഎമ്മും സഹകരണ സംഘങ്ങളായി പ്രവർത്തിക്കുകയാണെന്നാണ് രമേശ് ചെന്നിത്തല മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കുറ്റപ്പെടുത്തിയത്. ഹിന്ദുവിന്റെ പേര് കണ്ടാൽ ആർഎസ്എസ് എന്നു പറഞ്ഞ് ബിജെപിക്ക് ആളെക്കൂട്ടുന്ന അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലേക്ക്...

  • കേരള രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ പരിചയമുണ്ട് രമേശ് ചെന്നിത്തല എന്ന നേതാവിന്. ഇക്കാലങ്ങളിൽ കേരളത്തിലെ രാഷ്ട്രീയത്തിൽ വന്ന മാറ്റത്തെക്കുറിച്ചും രമേശ് ചെന്നിത്തല എന്ന നേതാവിന് വന്ന മാറ്റത്തെയും എങ്ങനെ കാണുന്നു?

കേരള രാഷ്ട്രീയത്തിൽ വന്ന ഏറ്റവും വലിയ മാറ്റം കൂടുതൽ യുവാക്കൾക്ക് അവസരം ലഭിക്കുന്നു എന്നത് തന്നെയാണ്. ഇപ്പോൾ നിയമസഭയിലും അത് പ്രതിഫലിക്കുന്നത് കാണാം. ഭരണകക്ഷി പ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎൽഎമാരുടെ പ്രായം പരിശോധിച്ചാൽ അത് കാണാനാകും. പിന്നെ പ്രതിപക്ഷ നേതാവായി ഞാൻ വന്നും ആഭ്യന്തരമന്ത്രി ആയിരുന്ന എനിക്ക് പാർട്ടി അങ്ങനെ ഒരു അവസരം നൽകുകയായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിലും എന്റെ പ്രവർത്തനത്തിലും അത് വ്യക്തമായി കാണാം. പിന്നെ എന്റെ പ്രവർത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. അത് അവർ ചെയ്യുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാറിനെ തുറന്ന് കാണിക്കാൻ കിട്ടിയ അവസരം ഞാൻ കൃത്യമായി ഉപയോഗിക്കുന്നുണ്ട്. കിട്ടിയ അവസരം ഒന്നും തന്നെ പാഴാക്കിയിട്ടുമില്ല.

 
  • കേരള രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ്?

കേരള രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങൾ എന്താണെന്ന് വച്ചാൽ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ട നടപടികളല്ല പിണറായി സർക്കാറിൽ നിന്നും ഉണ്ടാകുന്നത്. സമരങ്ങളോട് അസഹിഷ്ണുതയുള്ള ഒരു സർക്കാരാണ് ഇവിടെ ഉള്ളത്. ഇവിടെ നായനാരും, വി എസ്സും ഇഎംഎസ്സുമൊക്കെ ഭരിച്ചപ്പോൾ സമരങ്ങളോട് അനുഭാവമുള്ള ഒരു മനോഭോവമായിരുന്നു പുലർത്തിയത്. എന്നാൽ ഈ സർക്കാറിൽ നിന്നും അങ്ങനെയൊരു മനോഭാവമല്ല. സമരങ്ങളോട് പുച്ഛം മാത്രം. മഹിജയുടെ സമരം കൊണ്ട് എന്ത് നേടി എന്നാണ് ചോദിച്ചത്, അത് മുതലാളിയുടെ ഭാഷയാണ്. ഒരിക്കലും ഇടത് സർക്കാർ അങ്ങനെ ചോദിക്കാൻ പാടില്ല, യുവാക്കളും വിദ്യാർത്ഥികളും ഏറ്റവും അധികം മർദ്ദനം ഏൽക്കേണ്ടി വന്നു. അവർക്കൊന്നും സമരം ചെയ്യാൻ അർഹതയില്ലെന്ന രീതിയിലാണ് സർക്കാർ പെരുമാറ്റം. നിരവധി യുവാക്കൾക്ക് സമരത്തിൽ പങ്കെടുത്തതിന് മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ട്.

 
  • വളരെ ചെറിയ പ്രായത്തിൽ രാഷ്ട്രീയത്തിൽ ഉന്നത പദവികളിലെത്തിയ വ്യക്തിയാണ് താങ്കൾ. ഇപ്പോൾ അതെങ്ങനെ തിരിഞ്ഞുനോക്കുന്നു? രാഷ്ട്രീയ പ്രവേശനം അടക്കമുള്ള കാര്യങ്ങൾ ഓർത്തെടുക്കാമോ?

ഞാൻ കുടുംബ രാഷ്ട്രീയത്തിന്റെ പേരിൽ പൊതുരംഗത്ത് വന്ന ആളല്ല. എന്റെ അച്ഛനോ ബന്ധുക്കളോ ആരും രാഷ്ട്രീയത്തിലില്ല. സാധാരണ പ്രവർത്തകനായി ഒരു കെഎസ് യുക്കാരനായി പൊതുരംഗത്ത് വന്നയാളാണ് ഞാൻ. ഒരു സ്‌കൂൾ അദ്ധ്യാപകന്റെ മകനാണ്. അങ്ങനെ വന്ന് പടി പടിയായ കെഎസ് യുവിലൂടെയും യൂത്ത് കോൺഗ്രസിലുമെല്ലാം പ്രവർത്തിച്ചാണ് കഠിനാധ്വാനത്തിന്റെയും പ്രവർത്തകരുടേയുമെല്ലാം പിന്തുണയുമാണ് ഇതുവരെ എത്തിച്ചത്.

 
  • ദേശീയ രാഷ്ട്രീയത്തിൽ മികവു തെളിയിച്ചുകൊണ്ടായിരുന്നു തുടക്കമെന്നതാണ് രമേശ് ചെന്നിത്തലയെ കേരളത്തിലെ മറ്റു നേതാക്കളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. എങ്ങനെയായിരുന്നു അങ്ങനെയൊരു മികവിലേക്കെത്തിയത്. ദേശീയതലത്തിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

തീർച്ചയായും പാർട്ടി എനിക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ട്. 26ാം വയസ്സിൽ എംഎൽഎയും 28ാം വയസ്സിൽ മന്ത്രിയുമാകാനുള്ള അവസരം പാർട്ടി നൽകി. അതിന് ശേഷം ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ട് പോയി എൻഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയുമൊക്കെ ആക്കുകയായിരുന്നു. എഐസിസി സെക്രട്ടറി, വർക്കിങ്ങ് കമ്മിറ്റി എന്നിവിടങ്ങളിൽ പ്രവർത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. നാല് തവണ പാർലമെന്റിലേക്ക് പോകാൻ അവസരം നൽകി. ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് പരമാവധി പ്രവർത്തനം തിരികെ നൽകിയിട്ടുണ്ട്. നിയമസഭയിലും ഇത് നാലാം തവണയാണ്. ജനങ്ങൾക്ക് എന്നോടുള്ള സ്നേഹവും വാൽസല്യവും ഉൾക്കൊണ്ട് കൊണ്ടാണ് എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്.

 
  • ദേശീയ രാഷ്ട്രീയത്തിൽ തന്നെ ശ്രദ്ധേയനാകാൻ കഴിഞ്ഞത് അങ്ങയുടെ പൊളിറ്റിക്കൽ കരിയറിനെ എങ്ങനെയാണ് ഉയർച്ചകളിലേക്ക് നയിച്ചത്?

നമ്മളെ ഒരു സ്ഥാനമേൽപ്പിച്ചാൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതാണ് പ്രധാനം. ഒരു സ്ഥാനം ഏൽപ്പിച്ചാൽ നന്നായി പ്രവർത്തിച്ചാൽ കൊള്ളാവുന്ന പ്രകടനം നടത്തിയാൽ അതിനുള്ള അംഗീകാരം ലഭിക്കും. അത് ലഭിച്ചിട്ടുണ്ട് എന്നതാണ് വിശ്വാസം. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ വൃത്തിയായി ഏറ്റെടുക്കുമ്പോൾ സത്യസന്ധതമായും നീതിപൂർവ്വവുമായി പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ കിട്ടുന്ന അംഗീകാരങ്ങളാണ് പിന്നീട് പല പദവികളും വഹിക്കാനുള്ള അവസരം ലഭിച്ചത്.

രമേശ് ചെന്നിത്തല എന്ന പേരു കേൾക്കുമ്പോൾ മലയാളിക്ക് മറക്കാനാവാത്ത സംഭവമാണ് കോട്ടയത്ത് ആർപ്പൂക്കരയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയുണ്ടായ ഇടിമിന്നൽ അപകടവുമാണ്. രമേശ് ചെന്നിത്തലയെ മലയാളികൾ എത്രമാത്രം സ്നേഹിക്കുന്നു എന്നു തെളിയിച്ച സംഭവമായിരുന്നു അത്. അന്നെന്താണ് ഉണ്ടായതെന്ന് ഓർത്തെടുക്കാമോ?

വളരെ വേദനയോടെയും ഞെട്ടലോടെയുമാണ് എന്നും ആ സംഭവത്തെ ഓർക്കുന്നത്. കോട്ടയം ലോക്സഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പും അസംബ്ലി തെരഞ്ഞെടുപ്പും ഒരുമിച്ചായിരുന്നു. ബാബു ചാഴിക്കാടനും ഞാനും ഉച്ചഭക്ഷണം കഴിഞ്ഞ് പ്രചരണത്തിനായി ആർപ്പൂക്കര പഞ്ചായത്തിലെ അതിരുംമ്പുഴ എന്ന പ്രദേശത്ത് പോകാൻ തയ്യാറെടുക്കുമ്പോഴാണ് പെട്ടെന്നൊരു മഴയൊന്നുമില്ലാത്ത ശാന്തമായ കാലാവസ്ഥയിൽ ഒരു ഇടിമിന്നലുണ്ടായത്. ഞങ്ങൾ രണ്ട് പേരും ആ വലിയ ഇടിമിന്നലിൽ ബോധംകെട്ട് താഴേക്ക് വീണത്. പിന്നീടാണ് മെഡിക്കൽ കോളേജിൽ വെച്ച് സംഭവ സ്ഥലത്ത് തന്നെ ബാബു ചാഴിക്കാടൻ മരിച്ചുവെന്ന വാർത്ത അറിയുന്നത്. ഞാനും മരിച്ചുവെന്നാണ് ആദ്യം പുറത്ത് വന്ന വാർത്ത. രാജീവ് ഗാന്ധി ഉൾപ്പടെയുള്ളവർഡോക്ടർമാരുമായി ബന്ധപ്പെട്ടു. കൂടുതൽ അവസരങ്ങൾ നൽകുന്നതിനായി എന്നെ ദൈവം ബാക്കി വയ്ക്കുകയായിരുന്നു. ഒരു സംശയവുമില്ല, ആ അപകടത്തിന് ശേഷം എനിക്ക് ഇപ്പോഴും ബാബുവിനേയും കുടുംബത്തിനേയും മറക്കാൻ കഴിയുന്നില്ല.

 
  • കേരളത്തിന് വാഗ്ദാനമായിരുന്ന യുവനേതാവിനെയാണ് അന്നത്തെ ദുരന്തത്തിലൂടെ നഷ്ടമായത്. ബാബു ചാഴികാടനെന്ന നേതാവുമായുള്ള അനുഭവങ്ങൾ എന്തൊക്കെ?

നല്ലൊരു പൊതു പ്രവർത്തകനായി ഉയർന്ന് വരേണ്ട കഴിവുള്ള ആദർശനിഷ്ഠയുള്ള നേതാവാണ്.ബാബുവിന്റെ ഓർമ്മകളില്ലാതെ ഞാനില്ല. ശരിക്കും കേരള ജനത എന്നെ എത്രത്തോളം ലസ്നേഹിക്കുന്നുവെന്ന തെളിവാണ് ആ സംഭവം. മെഡിക്കൽ കോളേജിൽ പതിനായിരങ്ങളാണ് അന്നും അടുത്ത ദിവസവും എത്തിയത്.

  • ഒരുപക്ഷേ, അങ്ങയെപ്പോലെ നിരവധി പദവികൾ മികവുറ്റ രീതിയിൽ വഹിച്ച മറ്റൊരു നേതാവുണ്ടാകില്ല. ഇവയിൽ ഏറ്റവും ഇഷ്ടപ്പെട്ട പദവിയേതായിരുന്നു. എന്തുകൊണ്ട്?

ഏറ്റവും ഇഷ്ടമുള്ളത് കെപിസിസി പ്രസിഡന്റ് പദവിയോട് തന്നെയാണ്. കാരണം പാർട്ടിക്ക് വേണ്ടി സജീവമാകാൻ കഴിയുന്ന പദവിയാണ് അത്. സംഘടനാ രംഗത്താണ് കൂടുതൽ സജീവമായി നിന്നിട്ടുള്ളത്. മന്ത്രിയായൊക്കെ രണ്ടരവർഷം മാത്രമേ ഉണ്ടായുള്ളു. രാഷ്ട്രീയ ജീവിതത്തിൽ കൂടുതൽ സമയവും ചിലവഴിച്ചിട്ടുള്ളത്.

  • ഇപ്പോൾ ഒരു വർഷമായി പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷനേതാവെന്ന നിലയിലെ രമേശ് ചെന്നിത്തലയെ സ്വയം വിലയിരുത്തുന്നതെങ്ങനെയാണ്?

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വലിയ മഹാന്മാർ ഇരുന്ന കസേരയാണ്. അവരുടെ അത്ര ഒന്നും ഔന്നിത്യമൊന്നും എനിക്കില്ല. പക്ഷേ ജനാധിപത്യത്തിന്റെ രീതിയിൽ പക്വതയോടെ കാര്യങ്ങൾ ചെയ്യണമെന്ന ബോധ്യമുണ്ട്. പ്രതിപക്ഷം എന്ന നിലയിൽ ജനങ്ങളുടെ ആവശ്യമാണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. അതിന് തന്നെയാണ് എപ്പോഴും ശ്രമിക്കുന്നത്. സഭയുടെ അന്തസ്സ് പരിപാലിക്കുന്നതിൽ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. പ്രതിപക്ഷനേതാവെന്ന രീതിയിലെ പ്രകടനം മികച്ചതെന്നാണ് എല്ലാവരും പറയുന്നത്. വിലയിരുത്തൽ നടത്തേണ്ടത് ഞാനല്ല. എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ അത് തിരുത്താനും തയ്യാറാണ്.

 
  • പ്രതിപക്ഷത്തിന് ശക്തി പോരെന്ന വിമർശനം

ഗവൺമെന്റ് അധികാരത്തിൽ വന്നയുടനെ എതിർക്കുകയെന്നത് ശരിയല്ല. മികച്ച ജനപിന്തുണയോടെ വന്ന സർക്കാറിനെ ആദ്യ ദിവസം മുതൽ അക്രമിച്ച് മുന്നോട്ട് പോകുന്നത് ശരിയാണെന്ന് തോന്നിയില്ല. അതാകാം ആദ്യ ഘട്ടത്തിൽ പ്രതിപക്ഷത്തിന് ഉശിരില്ലെന്ന രീതിയിൽ ചില പ്രചരണങ്ങൾ വന്നത്. അത് എ്പപോവും നമ്മൾ സ്വീകരിക്കേണ്ട സമീപനമാണ്. മൃഗീയ ഭൂരിപക്ഷവുമായി വന്ന ഒരു സർക്കാറിനെ ശ്വാസം വിടാൻ അനുവദിക്കുന്നില്ലെന്ന സമീപനം ശരിയല്ല.അതേസമയം സർക്കാറിന്റെ പോരായ്മകൾ കൂടി വന്നതനുസരിച്ച് പ്രതിപക്ഷം മികച്ചു നിന്നു.

  • പിണറായി സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു? പ്രതിപക്ഷത്തിന്റെ ഭാവി പരിപാടികൾ എന്തൊക്കെയാണ്?

ഈ സർക്കാറിന്റെ ഒരു വർഷം എന്നത് നഷ്ടപ്പെട്ട ഒരു വർഷമാണ്. ഒന്നും ശരിയാകാത്ത ഒരു വർഷമാണ്. ഒരു നേട്ടവും അവകാശപ്പെടാനില്ല. എത്ര ശ്രമിച്ചിട്ടും ഒരു നേട്ടം പോലും ഈ സർക്കാറിനുണ്ടെന്ന് പറയാൻ കഴിയുന്നില്ല. ചില സ്വപ്നങ്ങൾ മാത്രമാണ് ഈ സർക്കാറിനുള്ളത്. യാഥാർഥ്യങ്ങളില്ല.കിഫ്ബി വെറുമൊരു സ്വപ്നമാണ്. മിഷനുകൾ സ്വപ്നമാണ്. ഈ വർഷം കൊണ്ട് ഏതെങ്കിലുമൊരു പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയേണ്ടി വരും. അടിസ്ഥാന വികസനത്തിനായി ഒന്നും തന്നെ ചെയ്തിട്ടില്ല. ജനങ്ങൾക്ക് കാര്യങ്ങൾ അറിയാം. തൊഴിലില്ല, അരിയില്ല, കുടിവെള്ളമില്ല, കൊലപാതകങ്ങൾ വർദ്ധിക്കുന്നു, അക്രമങ്ങൾ കൂടുന്നു. അഹങ്കാരത്തിന്റേയും മുഖമാണ് ഈ സർക്കാർ.

 
  • ഇപ്പോഴും തെരഞ്ഞെടുപ്പുകളിൽ ഇടതിന് മുന്നേറ്റമുണ്ടാകുന്നു.

അത് പ്രാദേശികം മാത്രമാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എല്ലാ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് ജയിച്ചു. ഇപ്പോൾ പ്രാദേശിക തലം നോക്കി വിലയിരുത്താനാകില്ല. ഒരു പഞ്ചായത്തംഗം മരിച്ചാൽ അയാളുടെ കുടുംബത്തിലെ വ്യക്തി മത്സരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ ജയങ്ങൾ ഒരിക്കലും സംസ്ഥാന സർ്ക്കാറിന്റെ വിലയിരുത്തലല്ല.

  • രമേശ് ചെന്നിത്തല എന്ന നേതാവ് അടുത്തകാലത്ത് വിമർശിക്കപ്പെട്ടത് ഏറെയും സോഷ്യൽമീഡിയയിലാണ്. ബിജെപി നിലപാടുകളോട് അടുത്തുനിൽക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നു എന്നാണ് ഇത്. ഇതിനോടുള്ള പ്രതികരണം.

അതൊക്കെ വ്യാജ പ്രതികരണമാണ്. സിപിഎമ്മിന്റെ ബോധപൂർണ്ണമായ രീതികൾ മാത്രമാണ്. അവരുടെ ജോലി ഇപ്പോ ഹിന്ദുവിന്റെ പേര് കണ്ടാൽ ആർഎസ്എസ് എന്ന് പറഞ്ഞ് ബിജെപിക്ക് ആളെക്കൂട്ടലാണ്. ബിജെപിയും സിപിഎമ്മും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ്. അവർക്ക് ആവശ്യം കോൺഗ്രസിനെ ഇല്ലാതാക്കുക എന്നതാണ്. കോൺഗ്രസിലെ ഹിന്ദുക്കളെ ബിജെപിയിൽ എത്തിച്ച് പാർട്ടിയെ ഇല്ലാതാക്കുക. കേരളത്തിൽ സി.പി.എം ബിജെപി എന്നിവർ മാത്രം മതിയെന്ന നിലപാടാണ് ഇരു പാർട്ടികൾക്കും. ഗവൺമെന്റിനെ പ്രതിപക്ഷങ്ങൾ വിമർശിക്കുന്നത് ഒരുപോലെയായാൽ അതിന്റെ അർഥം അവർ ഒന്നാമതെന്നോ. അങ്ങനെയാണെങ്കിൽ കേന്ദ്രത്തെ വിമർശിക്കുന്ന സി.പി.എം കോൺഗ്രസ് എന്നിവർ ഒന്നാണെന്നാണോ. ഇത്തരം പ്രചരണങ്ങളൊന്നും കേരളത്തിൽ വിലപ്പോകില്ല. കേരളത്തിലെ ജനങ്ങൾക്ക് സത്യമറിയാം.

 
  • കേരളത്തിൽ ഇടതിനും കോൺഗ്രസിനും ബദലെന്ന നിലയിൽ ബിജെപിയുടെ വളർച്ച തള്ളിക്കളയാനാവുന്ന ഒന്നല്ല. ബിജെപിയുടെ വളർച്ച കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്നുണ്ടോ?

ഇല്ല ഗൗരവകരമായി തന്നെയാണ് കാണുന്നത്. യുഡിഎഫിന് അത് കാണാനായതുകൊണ്ടാണ് മലപ്പുറത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞത്. അതിനനുസരിച്ചാണ് പ്രവർത്തന രീത്. കേരളത്തിലെ ജനങ്ങൾക്ക് മതേതര ചിന്തയാണ്. ഹിന്ദുവായാലും, ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും അവർ ഏത് പാർട്ടിക്കാരനാണെങ്കിലും ജാതിമത ചിന്തയില്ല. ബിജെപി നടത്തുന്നത് കടുത്ത ഹൈന്ദവ അജണ്ടയാണ്. വർഗീയത അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അതിനെ തടുക്കാൻ കഴിയുന്ന ഏക പ്രസ്ഥാനം കോൺഗ്രസാണ്. കേന്ദ്രത്തിലെ മോദിയേയും ബിജെപിയേയും തകർക്കാൻ ഒരിക്കലും കേരളത്തിലും തൃപുരയിലും മാത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയില്ല. ബംഗാളിൽ പോലും കോൺഗ്രസിനൊപ്പമാണ് അവർ നിലനിൽക്കുന്നത്.

  • തിരക്കുകൾക്കിടയിലും കുടുംബസ്ഥനായ നേതാവാണ് താങ്കൾ, അറുപതു വയസ് പിന്നിടുന്ന വേളയിൽ വ്യക്തിപരമായി ജീവിതത്തെ നോക്കിക്കാണുന്നതെങ്ങനെയാണ്.

അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. മക്കളും ഭാര്യയും ഒരുപാട് സഹകരിക്കുന്നുണ്ട്. 40 വർഷത്തോളമായുള്ള രാഷ്ട്രീയ പ്രവർത്തനത്തോട് അവരും പാകപ്പെടുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP