Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പിറവം കൂടാതെ മൂന്ന് സീറ്റുകൾ കൂടി ജേക്കബ് വിഭാഗത്തിന് അധികം വേണം; അങ്കമാലി സീറ്റ് കിട്ടിയേ തീരൂ; മൂവാറ്റുപുഴ മണ്ഡലത്തിൽ റിബലാകുമെന്ന് പറഞ്ഞത് താനല്ല, പ്രവർത്തകർ; കേരളാ കോൺഗ്രസുകൾക്ക് ഭാവിയിൽ ഒരുമിക്കാതെ തരമില്ല: ജോണി നെല്ലൂർ മറുനാടൻ മലയാളിയോട്

പിറവം കൂടാതെ മൂന്ന് സീറ്റുകൾ കൂടി ജേക്കബ് വിഭാഗത്തിന് അധികം വേണം; അങ്കമാലി സീറ്റ് കിട്ടിയേ തീരൂ; മൂവാറ്റുപുഴ മണ്ഡലത്തിൽ റിബലാകുമെന്ന് പറഞ്ഞത് താനല്ല, പ്രവർത്തകർ; കേരളാ കോൺഗ്രസുകൾക്ക് ഭാവിയിൽ ഒരുമിക്കാതെ തരമില്ല: ജോണി നെല്ലൂർ മറുനാടൻ മലയാളിയോട്

കൊച്ചി: യുഡിഎഫ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നുവരുന്നതേയുള്ളൂ. മുസ്ലിംലീഗ് അധിക സീറ്റ് വേണ്ടെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ജനതാദൾ യുണൈറ്റഡും ജേക്കബ് വിഭാഗവും മാണിയുമൊക്കെ നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ സാഹചര്യത്തിൽ ഒരു സീറ്റിൽ മാത്രമേ വിജയിക്കാൻ സാധിച്ചിരുന്നൂള്ളൂവെങ്കിലും ഇത്തവണ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെടുന്നത് നാല് സീറ്റാണ്. ഇതിൽ തന്നെ അങ്കമാലി, പിറവം സീറ്റുകൾ മാത്രമേ കിട്ടാൻ സാധ്യതയുള്ളൂവെന്നാണ് വിവരം.

അതേസമയം അങ്കമാലി സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തന്നെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ, എൻഎസ് യു ദേശീയ അധ്യക്ഷൻ റോജി ജോണിന് വേണ്ടി ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായേക്കുമെന്ന ആശങ്കയാണ് ജോണി നെല്ലൂരിനെ അലട്ടുന്നത്. ഈ സീറ്റിൽ ജോസ് തെറ്റയിൽ തന്നെ ഇടതു സ്ഥാനാർത്ഥിയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. കഴിഞ്ഞ തവണത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയ തെറ്റയിൽ വിജയിക്കുമോ എന്ന സംശയം ശക്തമാണ് താനും. ഇതിനിടെയാണ് ജോണി നെല്ലൂർ തന്നെ മത്സരിക്കാൻ രംഗത്തെത്തുന്നത്. മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ മറുനാടൻ മലയാളിയോട് പങ്കുവച്ചു.

അങ്കമാലി സീറ്റ് വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് താനും പാർട്ടിയുമെന്നാണ് ജോണി നെല്ലൂർ അഭിപ്രായപ്പെട്ടത്. പറയാനുള്ളതെല്ലാം കോൺഗ്രസ് നേതാക്കളോട് കഴിഞ്ഞ ദിവസം പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ തവണ മുവാറ്റുപുഴയിൽ നിന്ന് അങ്കമാലിക്ക് മത്സരിക്കാൻ പോയത് ഇഷ്ടമുണ്ടായിട്ടല്ലെന്നും പക്ഷെ ഇപ്പോൾ അങ്കമാലിയിൽ ആ സാഹചര്യമല്ലെന്നും വിജയപ്രതീക്ഷകൾ വച്ചു. അഞ്ചു വർഷമായി ജേക്കബ് വിഭാഗം പ്രവർത്തകരും താനും അങ്കമാലിയിൽ സീറ്റ് പ്രതീക്ഷിച്ചു വർക്ക് ചെയ്യുന്നവെന്നും അദ്ദേഹം പറഞ്ഞു.

അങ്കമാലിയിൽ ഇക്കുറി അടിപതറില്ലയെന്നാണ് ജോണി നെല്ലൂരിന്റെ വിശ്വാസം. കോൺഗ്രസ് ഇതിൽ തീരുമാനം 10 നു തന്നെ അറിയിക്കാമെന്നു എന്നും ഉറപ്പു നൽകിയതായി ജോണി നെല്ലൂർ വ്യക്തമാക്കി. അങ്കമാലി സീറ്റ് കിട്ടിയില്ലെങ്കിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ റിബലാകുമെന്ന വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ പറഞ്ഞത് ഞാനല്ല, പാർട്ടി പ്രവർത്തകരാണ്. അങ്കമാലി കിട്ടിയില്ലെങ്കിൽ മൂവാറ്റുപുഴയിൽ കാണാം എന്ന നിലപാടിലാണവരെന്നും താൻ. പക്ഷെ അത്തരത്തിലുള്ള ഒരു പരാമർശം നടത്തിയിട്ടേല്ലെന്നും ജോണി നെല്ലുർ പറയുന്നു.

മുവാറ്റുപുഴ നിലവിൽ കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ്. മൂവാറ്റുപുഴയിലെ പ്രമുഖനായ കേരള കോൺഗ്രസുകാരനായ ഫ്രാൻസിസ് ജോർജ് ഇന്ന് യുഡിഎഫ് മുന്നണി വിട്ടു പോയി. ഫ്രാൻസിസ് ജോർജ് ശക്തമായ ജോസഫ് വാഴക്കനൊപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്നപ്പോൾ വരെ വാഴക്കന് കിട്ടിയത് 5000ൽപരം ഭൂരിപക്ഷമാണ്. ഇന്ന് ഫ്രാൻസിസ് ജോർജില്ല, ഒപ്പം ജേക്കബ് ഗ്രൂപ്പിനെ കൂടി പിണക്കിയാൽ അത് വാഴക്കനും പാർട്ടിക്കും ദോഷം വരുത്തുമെന്ന് രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാകളെ അറിയിക്കാൻ ജോസഫ് വാഴക്കനോട് ജേകബ് വിഭാഗം ആവശ്യപ്പെട്ടതായും ജോണി നെല്ലൂർ മറുനാടനോട് പറഞ്ഞു.

അതുകൊണ്ട് അങ്കമാലി സീറ്റ് ഗൗരവമായി തന്നെ കോൺഗ്രസ് ചർച്ച ചെയ്യുമെന്നും ജോണി നെല്ലൂർ പറഞ്ഞു. കഴിഞ്ഞ ഇലക്ഷനിൽ യാതൊരു നിതീകരണവും ഇല്ലാതെയാണ് ജേക്കബ് ഗ്രൂപ്പിന്റെ കയ്യിലിരുന്ന മൂവാറ്റുപുഴ സീറ്റ് കോൺഗ്രസിൽ ഐ ഗ്രൂപ്പിന് കിട്ടിയത്. അതിൽ അന്നത്തെ പാർട്ടി ചെയർമാൻ ജേകബിന്റെ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അദേഹം അതിനുവേണ്ടി കുടൂതൽ പിടിവാശി പിടിച്ചില്ലെന്നും ജോണി നെല്ലൂർ പറയുന്നു. അട്ടിമറികൾ ഇത്തവണ അങ്കമാലിയിൽ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. അതുകൊണ്ട് ദൈവം സഹായിച്ചു ജയ സാധ്യതയുണ്ടെന്നും ജോണി നെല്ലൂർ പറയുന്നു.

അങ്കമാലി, പിറവം എന്നീ രണ്ടു സീറ്റുകളുടെ കടുംപിടുത്തത്തിനൊപ്പം കേരള കോൺഗ്രസ് ജേക്കബ് വിഭാഗം 4 സീറ്റുകളാണ് ആവശ്യപ്പെടുന്നത്. പിറവത്തിനും അങ്കമാലിക്കും പുറമേ മൂന്നാമത്തെ സീറ്റായി കുട്ടനാട്, ഉടുമ്പൻചോല എന്നീ മണ്ഡലങ്ങളോ നാലാമത്തെ സീറ്റ് കൊട്ടാരക്കരയോ പുനലൂരോ നൽകണമെന്ന ആവശ്യം കൂടി യുഡിഎഫിനെ അറിയിച്ചിട്ടുണ്ട്. അങ്കമാലി സീറ്റ് അനുവദിച്ചില്ലെങ്കിൽ പാർട്ടി പ്രവർത്തകർക്കിടയിൽ എന്തും സംഭവിക്കാം. അതൊന്നും ചിലപ്പോൾ ഞങ്ങളുടെ കൺട്രോളിൽ നിൽക്കില്ലെന്നും ജോണി നെല്ലൂർ പറയുന്നു.അതുകൊണ്ട് അങ്കമാലി തങ്ങൾക്ക് അനുവദിച്ചു തരുമെന്ന് പൂർണ്ണബോധ്യമുള്ളതായും ജോണി നെല്ലൂർ പറയുന്നു.

കേരള കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ജോണി നെല്ലൂർ അഭിപ്രായം പറഞ്ഞു. വിള്ളലുകളും പിളർപ്പുകളും പാർട്ടിയുടെ അകത്തു എപ്പോഴും സംഭവിക്കുന്നു. എന്നാൽ അത് കാര്യമാക്കണ്ടതില്ല. കേരളത്തിലെ കർഷകർക്ക് വേണ്ടി രൂപം കൊണ്ട പാർട്ടിയാണ് കേരള കോൺഗ്രസ്. അതിൽ എല്ലാ വിഭാഗങ്ങളും ഒരുമിച്ചു നിന്നാൽ ഇടതു, വലതു പക്ഷത്തിനും എന്തിനു ബിജെപി ഉൾപ്പടെയുള്ളവർക്ക് അത് സ്വീകാര്യമാവും. ഭാവിയിൽ പിളർപ്പുകൾ മാറി കേരള കോൺഗ്രസിന് ഒരുമിക്കാതെ തരമില്ല എന്നുള്ളതുകൊണ്ട് ഇപ്പോൾ കാണുന്ന പിളർപ്പിനെ അത്ര കാര്യമായി കാണാനില്ലെന്നാണ് ജോണി പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP