Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ചാവേറാകാനല്ല; അഴിമതി ഭരണത്തിന്റെ അമരക്കാരന് മറുപടി പറയേണ്ടി വരും; ഉമ്മൻ ചാണ്ടിക്കെതിരായ ഓരോ വോട്ടും നന്മയുടെ രാഷ്ട്രീയത്തിനുള്ള അംഗീകാരം; മുഖ്യമന്ത്രിക്കെതിരെ അങ്കത്തിനിറങ്ങുന്ന എസ്എഫ്‌ഐ നേതാവ് ജെയ്ക് സി തോമസ് മറുനാടനോട്

പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ചാവേറാകാനല്ല; അഴിമതി ഭരണത്തിന്റെ അമരക്കാരന് മറുപടി പറയേണ്ടി വരും; ഉമ്മൻ ചാണ്ടിക്കെതിരായ ഓരോ വോട്ടും നന്മയുടെ രാഷ്ട്രീയത്തിനുള്ള അംഗീകാരം; മുഖ്യമന്ത്രിക്കെതിരെ അങ്കത്തിനിറങ്ങുന്ന എസ്എഫ്‌ഐ നേതാവ് ജെയ്ക് സി തോമസ് മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുന്നത് വെറുമൊരു ചാവേറായിട്ടല്ലെന്ന് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും എസ്.എഫ്.‌ഐ സംസ്ഥാന പ്രസിഡന്റുമായ ജെയ്ക്ക് സി തോമസ്. കഴിഞ്ഞ പത്ത് തവണ പുതുപ്പള്ളിയിലെ വോട്ടർമാരെ സമീപിച്ചതുപൊലെയാകില്ല ഉമ്മൻ ചാണ്ടിക്ക് ഇത്തവണ ജനങ്ങളെ സമീപിക്കേണ്ടിവരികയെന്നും ജെയ്ക് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഒട്ടേറെ അഴിമതി ആരോപണങ്ങൾ നേരിട്ട സർക്കാറിന്റെ അമരക്കാരനെന്ന നിലയിൽ ജനങ്ങൾക്ക് മുന്നിൽ പലതിനും ഉമ്മൻ ചാണ്ടി മറുപടി പറയേണ്ടിവരുമെന്നും അഴിമതിക്കേസുകളിൽ പലതിലും കോടതി പരാമർശങ്ങൾ പോലും എതിരായ വന്ന ഉമ്മൻ ചാണ്ടിയുടെ മുഖം ചെറുതല്ലാത്ത രീതിയിൽ അനാവൃതമായികഴിഞ്ഞുവെന്നും ജെയ്ക്ക് അഭിപ്രായപ്പെട്ടു. പുതുപ്പള്ളി മണ്ഡലത്തിലെ മണർക്കാട് പഞ്ചായത്തിലാണ് ജെയ്ക്കിന്റെ വീട്. നാട്ടുകാരനായ യുവാവിനെ പുതുപ്പള്ളിക്കാർ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ജെയ്കിനെ സിപിഐ(എം) സ്ഥാനാർത്ഥിയാക്കുന്നത്.

മണ്ഡലത്തിലെ തന്നെ വ്യക്തിയെന്ന നിലയ്ക്ക് തനിക്ക് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിലുപരി യുവാക്കളുടെ പിന്തുണയും ലഭിക്കുമെന്നതിന്റെ സൂചന ഇതിനോടകം ലഭിച്ചുതുടങ്ങി. ഉമ്മൻ ചാണ്ടി എന്ന അതികായനോട് മത്സരിക്കാനായി പാർട്ടി തന്നെ നിയോഗിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ എതിരാളിയുടെ രാഷ്ട്രീയ പാരമ്പര്യത്തിനല്ല മറിച്ച് രാഷ്ട്രീയമായ പോരാട്ടത്തിനാണ് പ്രസക്തിയെന്നും ജെയ്ക്ക് കൂട്ടിച്ചേർത്തു.

25 വയസ്സ് മാത്രമാണ് പ്രായമെങ്കിലും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെകുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് ജെയ്ക്കിന്. കപടമായ സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാത്രം സമയം കണ്ടെത്തിയാണ് ഉമ്മൻ ചാണ്ടി വികസനമെന്ന പേരിൽ ജനങ്ങളെ പറ്റിക്കുന്നതെന്നും ഒരു സാധാരണ എംഎ‍ൽഎ നടത്തിയിട്ടുള്ള വികസനം മാത്രമാണ് പുതുപ്പള്ളിക്ക് ലഭിച്ചത്. ഒരു മുഖ്യമന്ത്രിയുടെ മണ്ഡലമെന്ന ഒരു പരിഗണനയും വികസനത്തിന്റെ കാര്യത്തിൽ പുതുപ്പള്ളിക്ക് ലഭിച്ചിട്ടില്ല. ജനസമ്പർക്കം എന്ന പേരിൽ കുറേ ഫയലുകൾ പരിശോധിച്ചതാണോ മുഖ്യൻ സ്വന്തം മണ്ഡലത്തിൽ നടത്തിയ വികസനമെന്നെും സിപിഎമ്മിന്റെ ഈ യുവരക്തം ചോദിക്കുന്നു.

ആരോഗ്യ മേഖലയിലും പൊതുവിദ്യാഭ്യാസ മേഖലയിലും സ്വയം പര്യാപ്തത നേടുന്നതിന് ഊന്നൽ നൽകികൊണ്ടുള്ള വികസനമാണ് പുതുപ്പള്ളിക്കാവശ്യം. എന്തായാലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ നിയോഗിക്കപ്പെട്ടേക്കുമെന്ന വാർത്ത വന്നതോടെ തനിക്ക് ലഭിച്ച പ്രശസ്തിയിൽ സന്തോഷമുണ്ടെന്നും എന്നാൽ എതിരാളിയെ ഭയക്കുന്നില്ലെന്നും വിവിധ സ്ഥലങ്ങളിൽ നിന്നും അനേകംപേർ തന്നെ വിളിച്ച് പിന്തുണയറിയിക്കാരുണ്ടെന്നും ഇത് ശുഭപ്രതീക്ഷനൽകുന്നതായും ജെയ്ക്ക് മറുനാടനോട് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ഓരോ വോട്ടും തനിക്കും താൻ പ്രതിനിധാനം ചെയ്യുന്ന നന്മയുടെ രാഷ്ട്രീയത്തിനുമുള്ള അംഗീകാരമായിരിക്കുമെന്നും ജെയ്ക്ക് പറഞ്ഞു.

ജെയ്ക് ജനിച്ചകാലം മുതൽ ഉമ്മൻ ചാണ്ടിയാണ് പുതുപ്പള്ളിയുടെ എംഎ‍ൽഎ. 11ാമത്തെ തവണയും തുടർച്ചയായി വിജയം ആവർത്തിക്കാൻ കേരളത്തിന്റെ ജനപ്രിയ നേതാവ് ഇറങ്ങുമ്പോൾ, എതിരാളിയായി രംഗത്തുവരുന്നത് ഈ 25കാരനാണ്. സിന്ധുജോയിക്കു ശേഷം ഉമ്മൻ ചാണ്ടിയെ നേരിടാനായി സിപിഐ(എം) രംഗത്തിറക്കുന്ന മറ്റൊരു എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റാണ് ജെയ്ക് സി. തോമസ്. എതിരാളിയുടെ രാഷ്ട്രീയപാരമ്പര്യമോ, വിജയചരിത്രമോ ഒന്നും ഈ ചെറുപ്പക്കാരനെ ആവലാതിപ്പെടുത്തുന്നില്ല.

കോട്ടയം സി.എം.എസ് കോളേജിൽ പഠിച്ച ജെയ്ക് സി. തോമസ് ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദധാരിയാണ്. വിദൂരവിദ്യാഭ്യാസത്തിലൂടെ ഇന്റർനാഷണൽ റിലേഷൻസിൽ എം.എ പൂർത്തിയാക്കി. എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരുമാസം മുമ്പ് സംസ്ഥാന പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. എസ്.എഫ്.ഐയുടെ പ്രസിദ്ധീകരണമായ സ്റ്റുഡന്റ് മാഗസിന്റെ എഡിറ്ററുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP