Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202116Wednesday

ജീവിക്കാൻ നിവൃത്തിയില്ല; സഹായിക്കാൻ ആരുമില്ല: മകനെ പഠിപ്പിക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ.. കോൺഗ്രസിന് വേണ്ടി ജീവിതം സമർപ്പിച്ച ഷാഹിദാ കമാൽ മനസു തുറക്കുന്നു

ജീവിക്കാൻ നിവൃത്തിയില്ല; സഹായിക്കാൻ ആരുമില്ല: മകനെ പഠിപ്പിക്കാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ.. കോൺഗ്രസിന് വേണ്ടി ജീവിതം സമർപ്പിച്ച ഷാഹിദാ കമാൽ മനസു തുറക്കുന്നു

സുനിത ദേവദാസ്

ത് ഷാഹിദാ കമാൽ. മുതിർന്ന മഹിളാ കോൺഗ്രസ് നേതാവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോഡ് മണ്ഡലത്തിൽ മത്സരിച്ച കഴിവുറ്റ വനിത. ഷാഹിദയുടെ ഭർത്താവ് 2013 ജനുവരി എട്ടിന് മരിച്ചുപോയി. കഴിഞ്ഞ ഒരു വർഷം താനും തന്റെ മകനും മാതാപിതാക്കളും അനുഭവിച്ച ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും കണ്ണീർക്കഥകൾ ഷാഹിദാ കമാൽ തുറന്ന് പറയുന്നു. പാർശ്വവത്ക്കരിക്കപ്പെട്ടവരുടേയും പാവങ്ങളുടെയും കണ്ണീരൊപ്പുന്നത് ജീവിതവ്രതമായി സ്വീകരിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പാവങ്ങളുടെ പടത്തലവനായ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഒരു പാർട്ടി പ്രവർത്തകയുടെ നിസ്സഹായ ജീവിതത്തിനോട് എന്ത് നിലപാടാണ് സ്വീകരിച്ചത് എന്ന സങ്കടകരമായ കഥകൂടിയാണിത്. ജനസമ്പർക്ക പരിപാടി എന്ന പേരിൽ നാട് മുഴുവൻ നടന്ന് പാവപ്പെട്ടവരുടെ കണ്ണീരൊപ്പുകയും സഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടി എന്തുകൊണ്ടാണ് സ്വന്തം പാർട്ടിയിലെ നിസ്സഹായയായ ഒരു വിധവയുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം ഷാഹിദയുടെ തന്നെ വാക്കുകളിലൂടെ തിരിച്ചറിയാനായി വായനക്കാർക്ക് മുന്നിൽ സമർപ്പിക്കുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാഹിദ തന്റെ ജീവിതാനുഭവം മറുനാടൻ മലയാളിയുടെ ചീഫ് റിപ്പോർട്ടർ സുനിത ദേവദാസിനോട് വിവരിച്ചത്. ഷാഹിദയുടെ വാക്കുകൾ കേൾക്കാം:

ഭർത്താവ് മരിച്ച് ജീവിക്കാൻ നിവൃത്തിയില്ലാതായ ഒരു സാധാരണക്കാരിയായ നിസ്സഹായയായ വിധവയുടെ വിലാപമായിട്ടാണ് ഞാനിത് പറയുന്നത്. അല്ലാതെ ഒരു രാഷ്ട്രീയക്കാരിയുടെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കുതന്ത്രങ്ങളായി നിങ്ങളാരും ഇതിനെ കാണരുത്. ഞാനെനെ്റെ ജീവിതത്തിൽ ഓർമ്മിക്കാൻ പോലും ആഗ്രഹിക്കാത്ത വർഷമാണ് 2013. അത്രയേറെ ദുരിതങ്ങൾ ഞാനും എന്റെ മകനും മാതാപിതാക്കളും അനുഭവിച്ചു. ആരും ഞങ്ങളെ സഹായിച്ചില്ല. പ്രത്യേകിച്ചും കഴിഞ്ഞ മുപ്പത് വർഷമായി ഞാൻ ചോരയും നീരും കൊടുത്ത് പ്രവർത്തിക്കുന്ന എന്റെ പാർട്ടി പോലും. ടിഎൻ സീമ എംപി പറഞ്ഞതു തന്നെയാണ് സത്യം. കോൺഗ്രസിൽ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നവർക്ക് യാതൊരു വിലയുമില്ല. നേതാക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കാണ് വില.


എന്റെ ഭർത്താവ് മരിച്ചിട്ട് ഇന്നലേക്ക് ഒരു വർഷം തികഞ്ഞു. ഗൾഫിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു അദ്ദേഹം. നാല്പതിനായിരം രൂപയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. പെട്ടന്നൊരു ദിവസം ഹാർട്ട് അറ്റാക്ക് വന്നാണ് എന്റെ ഭർത്താവ് മരിച്ചത. തലേന്ന് രാത്രി എന്നോട് ഫോണിൽ സംസാരിച്ചിട്ട് കിടന്നുറങ്ങിയ വ്യക്തി രാവിലെ അഞ്ച് മണിക്ക് മരണപ്പെട്ടു എന്ന വാർത്ത കേട്ടാണ് ഞാനുണർന്നത്. പെട്ടന്ന് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ എനിക്ക് എന്ത് ചെയ്യണം എന്നുപോലും അറിയില്ലായിരുന്നു. എന്റെ ഭർത്താവിന്റെ അമ്മ കശുവണ്ടി തൊഴിലാളിയാണ്. അച്ഛൻ ഹാർട്ട് അറ്റാക്ക് വന്ന് നിത്യരോഗിയായി കിടപ്പിലായ വ്യക്തിയാണ്. എന്റെ ഭർത്താവിന്റെ മൂന്നു പെങ്ങമ്മാരുടേതടക്കമുള്ള എല്ലാ ജീവിതച്ചെലവുകളും ഈ നാല്പതിനായിരം രൂപയിൽ നിന്നാണ് ചെലവാക്കിക്കൊണ്ടിരുന്നത്. എന്റെ ഭർത്താവിന്റെ ഒരു പെങ്ങളുടെ ഭർത്താവ് രണ്ട് സ്‌ട്രോക്ക് വന്ന് സംസാരശേഷി പോലും നഷ്ടപ്പെട്ട്# പൂർണ്ണമായും കിടപ്പിലായിപ്പോയ വ്യക്തിയായിരുന്നു. ദീർഘകാലത്തെ ചികിത്സ കൊണ്ട് ഇപ്പോൾ ഒരുവിധം എഴുന്നേറ്റ് നിൽക്കാറായിട്ടുണ്ട്. സംസാരശേഷി ഇപ്പോഴും തിരിച്ച് കിട്ടിയിട്ടില്ല. എന്റെ അച്ഛൻ സാധാരണക്കാരനായ ഒരു കർഷകനാണ്. എന്റെയോ എന്റെ ഭർത്താവിന്റെയോ കുടുംബത്തിന് ഈ നാല്പതിനായിരം രൂപയല്ലാതെ യാതൊരു വരുമാനവും ഇല്ല. എന്നിട്ടും അദ്ദേഹം ജീവിച്ചിരുന്നപ്പോൾ വളരെ ലളിതമായ ജീവിതം നയിച്ച് അതിൽ നിന്നും മിച്ചം പിടിക്കുന്ന പൈസ എന്റെ നാട്ടിലെ പാവങ്ങൾക്ക് ഞാൻ കൊടുത്തിട്ടുണ്ട്. പലപ്പോഴും പാർട്ടി പരിപാടികൾക്ക് പോലും സ്വന്തം കയ്യിൽ നിന്നും പൈസയെടുത്ത് യാത്രചെയ്യേണ്ടി വന്നിട്ടുണ്ട്.

എന്റെ ഭർത്താവ് വളരെ സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ പൊതുപ്രവർത്തനത്തിലും രാഷ്ട്രീയപ്രവർത്തനത്തിലും പാലിക്കേണ്ട മര്യാദകളെക്കുറിച്ച് അദ്ദേഹം എന്നെ എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു. സത്യസന്ധമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതുകൊണ്ട് എന്റെ കയ്യിൽ നിന്നും പണം അങ്ങോട്ട് ചെലവായതല്ലാതെ ഒരു രൂപപോലും ഞാൻ അന്യായമായ രീതിയിൽ സമ്പാദിച്ചിട്ടില്ല. എന്റെ ഭർത്താവ് മരിക്കുമ്പോൾ എന്റെ മകന് 16 വയസ്സാണ് പ്രായം. ജനുവരി 10ന് അവന് 17 വയസ്സ് തികയും. എന്റെ ഭർത്താവ് മരിച്ചപ്പോൾ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അടക്കം എല്ലാവരും എന്റെ വീട്ടിൽ വന്നിരുന്നു. എന്റെ യഥാർത്ഥമായ ജീവിതപശ്ചാത്തലം അവർക്കെല്ലാം അറിയാമായിരുന്നു. എന്നിട്ടും ഞാൻ ഉമ്മൻ ചാണ്ടി സാറിനോടും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സാറിനോടും ഞങ്ങൾക്ക് ജീവിക്കാൻ ആകെയുണ്ടായിരുന്ന വരുമാനം ഇന്നത്തോടെ നിലച്ചെന്നും ഇന്ന് മുതൽ മകനെ പഠിപ്പിക്കാൻ പോലും നിവൃത്തിയില്ലെന്നും എന്തെങ്കിലും സഹായം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ചെയ്യാമെന്ന് എല്ലാവരും പറഞ്ഞെങ്കിലും ആരും ഒന്നും ചെയ്തില്ല.


മൂന്നു മാസം കഴിഞ്ഞപ്പോൾ ഞാൻ സഹായം ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സോണിയാഗാന്ധിക്കും കത്തുകൾ എഴുതി. കത്തയക്കാനുള്ള കാരണം ഭർത്താവ് മരിച്ച് നാല് മാസം മുസ്ലിം സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റാത്തകാലമായതുകൊണ്ടാണ്. എന്റെ ആവശ്യങ്ങൾക്കോ നിവേദനങ്ങൾക്കോ യാതൊരു പ്രതികരണവും ഉണ്ടായില്ല. ഉമ്മൻ ചാണ്ടിയെ പലപ്രാവശ്യം ഫോണിൽ വിളിച്ച് ഞാനീ കാര്യങ്ങൾ ഓർമ്മിപ്പിച്ചു. അപ്പോഴൊക്കെ വരട്ടെ, നോക്കട്ടെ എന്നീ രണ്ടുവാക്കുകളല്ലാതെ ഒരക്ഷരം പോലും സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.

എന്നാൽ എന്റെ ദുരിതം നേരിട്ടു കണ്ട നാട്ടിലെ സിപിഎമ്മിന്റെയും സിപിഐയുടേയും പ്രവർത്തകർ എനിക്ക് ധനസഹായം വാഗ്ദാനം ചെയ്തു. എങ്കിലും അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകയായ എനിക്ക് അത് സ്വീകരിക്കാൻ പോലും കഴിഞ്ഞില്ല. കടുത്ത ദാരിദ്ര്യവും പട്ടിണിയുമാണെങ്കിലും ഞാനതെങ്ങനെ വാങ്ങും? പിന്നെ എന്റെ കഴിഞ്ഞ മുപ്പതുകൊല്ലത്തെ രാഷ്ട്രീയപ്രവർത്തനത്തിന് എന്തുവില?

ഇന്നലെ എന്റെ ഭർത്താവിന്റെ മരണത്തിന്റെ ഒന്നാം വാർഷികമായിരുന്നു. അതിനോടനുബന്ധിച്ചുള്ള ചടങ്ങ് നടത്താൻ പോലും എന്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. എന്റെ ഭർത്താവിന്റെ അമ്മ ദിവസവും കൂലിപ്പണിക്ക് പോയി കിട്ടുന്ന തുകയിൽ നിന്നും ഒരു ചെറിയ തുക ചടങ്ങ് നടത്താനായി ഇന്നലെ എന്നെ ഏല്പിച്ചു. എന്നാൽ ദാരിദ്ര്യം അതിന്റെ എല്ലാ ഭീകരതയോടു കൂടിയും കഴിഞ്ഞ ഒരു വർഷം കൊണ്ട് തിരിച്ചറിഞ്ഞ ഞാൻ ആ പണം വെറുതെ കളയേണ്ട എന്നു തീരുമാനിച്ചു. എന്റെ നാട്ടിൽ രോഗബാധിതരായി തളർന്ന് കിടക്കുന്ന മൂന്നു പേർക്ക് ഞാൻ ആ തുക വീതിച്ച് കൊടുത്തു. എന്റെ ഭർത്താവിന്റെ മരണത്തിന്റെ നാല്പതാം ദിവസത്തെ കർമ്മം കഴിക്കാൻ പലരും പണം പിരിച്ച് ഒന്നരലക്ഷം രൂപ എന്നെ ഏല്പിച്ചിരുന്നു. എന്നാൽ ഞാൻ ആ തുക എന്റെ വീടിനടുത്തുള്ള ഒരു വിധവയുടെ മകളുടെ കല്യാണത്തിന് സ്വർണം വാങ്ങാൻ കൊടുക്കുകയായിരുന്നു.

എന്റെ മകൻ ഇപ്പോൾ പ്ലസ് ടുവിന് പഠിക്കുകയാണ്. എനിക്കവനെ പഠിപ്പിക്കാൻ നിവൃത്തിയില്ല. എന്റെ ഭർത്താവിന്റെ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയുന്നില്ല. വീട്ടിലെ നിത്യച്ചെലവുകൾ കഴിക്കാൻ പോലും എന്റെ കയ്യിൽ പണമില്ല. ഞാൻ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നത് ഒന്നു മാത്രമാണ്. നിരവധി കോർപ്പറേഷനുകളിലേക്കും ബോർഡുകളിലേക്കും രാഷ്ട്രീയ നിയമനങ്ങൾ നടക്കുന്നുണ്ടല്ലോ? ഒരു നിത്യവരുമാനമുള്ള ഏതെങ്കിലും ഒരു തൊഴിൽ എനിക്കു തരണം. എന്റെ ജീവിതം മുഴുവൻ പാർട്ടി പ്രവർത്തനത്തിന് വേണ്ടി ഞാൻ ചെലവഴിച്ച് കഴിഞ്ഞു. പുറത്ത് പോയി ഒരു ജോലി കണ്ടുപിടിക്കാനുള്ള എന്റെ പ്രായം കഴിഞ്ഞു. പിഎസ്സി ടെസ്റ്റ് എഴുതാനും ഇനി എനിക്ക് കഴിയില്ല. എന്റെ എല്ലാവിധ ജീവിതദുരിതങ്ങളും നിസ്സഹായതയും അടുത്തറിയുന്ന പാർട്ടി നേതാക്കൾ ഒരു കൈസഹായം തന്ന് എന്നെ രക്ഷിക്കണം. ന്യൂനപക്ഷ കമ്മീഷനിലും പിഎസ് സിയിലും ഒഴിവുകൾ വന്നപ്പോൾ ഞാൻ നേതാക്കളുടെ കാല് പിടിച്ച് ആവശ്യപ്പെട്ടിട്ടും എനിക്കവർ ഒരു സ്ഥാനവും തന്നില്ല. ഈ അടുത്ത ദിവസം കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഒഴിവ് വരും. ഒരു കശുവണ്ടി തൊഴിലാളിയുടെ മരുമകൾ എന്ന പരിഗണനയെങ്കിലും വച്ച് എന്നെ ആ സ്ഥാനത്തേക്ക് പരിഗണിക്കണം.


കോൺഗ്രസിൽ സ്ത്രീകൾ കടുത്ത അവഗണനയാണ് അനുഭവിക്കുന്നത്. ഒരു ഗോഡ്ഫാദർ ഇല്ലെങ്കിൽ ഒരു സ്ത്രീക്കും കോൺഗ്രസിൽ അർഹമായ യാതൊരു സ്ഥാനമോ നീതിയോ ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. സാധാരണക്കാരായ താഴെത്തട്ടിൽ നിന്നും വന്ന പ്രവർത്തകർക്ക് അർഹമായ ഒരു സ്ഥാനവും പാർട്ടിയിൽ നിന്നും ലഭിക്കുന്നില്ല. മാന്യമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്താനേ എനിക്കറിയൂ. ഒരു രാഷ്ട്രീയനേതാവിനേയും ഞാൻ വീട്ടിൽ പോയി സന്ദർശിക്കാറില്ല. ഇവരുടെ ആരുടേയും വീട് എവിടെയെന്ന് എനിക്ക് അറിയുക പോലുമില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഓഫീസുകളിൽ പോയി അവരെ കാണുമെന്നല്ലാതെ ആരെയും അനാവശ്യമായി സന്ദർശിക്കാറില്ല. നിങ്ങൾക്ക് അനേ്വഷിച്ചാൽ അറിയാം. ഞാൻ കെപിസിസി ഓഫീസിൽ പോയിട്ട് പോലും മാസങ്ങളായി. എന്റെ പാർട്ടിയിൽ തന്നെ നിന്നുകൊണ്ട് വളരെ വേദനയോടെയാണ് ഞാനിത് പറയുന്നത്. എന്റെ നിവൃത്തികേട് കൊണ്ട്.

ഇന്നലെ കെപിസിസി ജനറൽ സെക്രട്ടറി അജയ് തറയിൽ മാദ്ധ്യമങ്ങളോട് എന്നെക്കുറിച്ച് പറഞ്ഞത് ഷാഹിദയ്ക്ക് അനർഹമായത് പലതും പലതവണ കൊടുത്തു എന്നാണ്. അദ്ദേഹത്തിന് അത് പറയാനുള്ള യോഗ്യത എന്താണ്? എന്താണ് എനിക്ക് പാർട്ടിയിൽ നിന്നും അനർഹമായിട്ട് ലഭിച്ചത്? അർഹമായ നീതി പോലും എനിക്ക് ലഭിച്ചിട്ടില്ല. ഞാൻ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ളതിന്റെ പകുതി പോലും പ്രവർത്തിക്കാത്ത വ്യക്തിയാണ് അജയ് തറയിൽ. ഞാൻ രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യപ്രവർത്തനവും ആരംഭിച്ചിട്ട് മുപ്പത് വർഷമായി.

13-ാം വയസ്സിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ കെഎസ്യുവിൽ പ്രവർത്തിക്കാൻ ആരംഭിക്കുന്നത്. പിന്നീട് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായി. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായ ആദ്യത്തെ വനിതയാണ് ഞാൻ. കേരളാ സർവ്വകലാശാല ഇലക്ഷന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഞാൻ മത്സരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിട്ടുണ്ട്. എനിക്ക് കഴിവില്ലായിരുന്നുവെങ്കിൽ ഈ സ്ഥാനമൊക്കെ എനിക്ക് ലഭിക്കുമായിരുന്നോ?

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ തോൽക്കുമെന്നുറപ്പുള്ള കാസർകോഡ് മണ്ഡലത്തിൽ മത്സരിക്കാൻ ഷാനിമോൾ വിസമ്മതിച്ചു. അന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഷിബു ബേബി ജോണും അടക്കം ഷാഹിദ മത്സരിച്ചേ പറ്റൂ, പാർട്ടിയുടെ മാനം കാക്കണമെന്ന് നിർബന്ധിച്ചപ്പോഴാണ് അറിഞ്ഞുകൊണ്ട് തോൽക്കുന്നൊരു മത്സരത്തിന് ഞാൻ തയ്യാറായത്. എന്നിട്ടും 16 ദിവസം മാത്രം പ്രവർത്തിച്ച് മികച്ച മത്സരം ഞാൻ കാഴ്ചവച്ചു. അന്ന് എല്ലാ നേതാക്കളും എന്നോട് പറഞ്ഞു, ഇനി ഷാഹിദാ കമാൽ കഴിഞ്ഞിട്ടേ കോൺഗ്രസിൽ മറ്റൊരു വനിതാ നേതാവ് ഉള്ളൂ എന്ന്. എന്നിട്ടും തുടർന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എനിക്ക് തോൽക്കുമെന്ന് ഉറപ്പുള്ള ചടയമംഗലം സീറ്റ് തന്നെ തന്നു. സിപിഐ മന്ത്രിയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ മത്സരിപ്പിച്ച് ജയിപ്പിക്കുന്ന സീറ്റാണ് ചടയമംഗലം. അത് അറിഞ്ഞുകൊണ്ട് തന്നെ ഞാനവിടെ മത്സരിച്ചു.

ഇന്ന് എനിക്ക് പാർട്ടിയിൽ ഒരു ഔദ്യോഗിക സ്ഥാനവുമില്ല. മഹിളാ കോൺഗ്രസിന്റെ അഖിലേന്ത്യാ ഭാരവാഹിയായി മൊഹ്‌സിന കിദ്വായി എന്നെ നിയമിക്കുകയുണ്ടായി. അതിന്റെ കാലാവധി കഴിഞ്ഞപ്പോൾ എന്റെ എല്ലാ കാര്യങ്ങളുമറിയാവുന്ന കേരളത്തിലെ ഒരു നേതാവും ഒരു സ്ഥാനത്തേക്കും എന്റെ പേര് നിർദ്ദേശിച്ചിട്ടില്ല. 'പാവത്തുങ്ങൾക്ക്‌ന' ന്യായമായ രീതിയിൽ ഈ പാർട്ടിയിൽ ഒരു സ്ഥാനവും കിട്ടില്ല. എന്നാൽ കേരളത്തിൽ ഉടനീളം എന്ത് സമ്മേളനം നടക്കുകയാണെങ്കിലും പ്രസംഗിക്കാൻ ഞാൻ വേണം. എന്നാൽ ഔദ്യോഗികമായി ഒരു സ്ഥാനവും ഷാഹിദാ കമാലിന്റെ പേരിന് പുറകിലില്ല. ഇപ്പോൾ കുറച്ച് കാലമായി ഞാൻ പ്രസംഗിക്കാൻ പോകാറില്ല. ഞാൻ തകർന്ന് പോയിരിക്കുന്നു. എന്റെ ജീവിതം വഴിമുട്ടിയിരിക്കുന്നു. എല്ലാവരും അസൂയയോടെ നോക്കിക്കണ്ടിരുന്ന മാതൃകാദമ്പതികൾ എന്ന് വിളിച്ചിരുന്ന എന്റെ ഭർത്താവിന്റെ മരണത്തോടെ ഞാൻ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.

ഞാൻ എന്റെ പാർട്ടിയേയും നേതാക്കളേയും ഇപ്പോഴും വിശ്വസിക്കുന്നു. അവരുടെ തിരക്കിനിടയിൽ അവർക്കെന്റെ ദുരിതം കാണാൻ കഴിയാതെ പോയതാണെങ്കിൽ ഞാനിപ്പോൾ അവരെയെല്ലാം ഓർമ്മിപ്പിക്കുകയാണ്. തുടർന്നുജീവിക്കാൻ നിവൃത്തിയില്ലാത്തവിധം നിസ്സഹായയായ ഒരു വിധവയാണു ഞാൻ. എന്റെ മരിച്ചുപോയ ഭർത്താവിനോട് എനിക്കിനി നീതി കാണിക്കാൻ ഒരേയൊരു വഴിയേയുള്ളൂ. എന്റെ മകനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുക എന്നതാണത്. ഒന്നും കഴിഞ്ഞില്ലെങ്കിലും അവന്റെ തുടർവിദ്യാഭ്യാസത്തിന് ആവശ്യമായ കാര്യങ്ങളെങ്കിലും അവരൊന്നു ചെയ്തുതന്നാൽ മതിയായിരുന്നു...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP