Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്റർവ്യൂവിനിടെ ചായ കുടിക്കുന്ന ചിത്രവുമായി ബാറുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് പ്രചരണം; ലാലിനേയും സുരേഷ്ഗോപിയേയും അധിക്ഷേപിച്ചെന്നും കഥകൾ; വിവാഹക്കാര്യം ചർച്ചയാക്കിയത് വ്യക്തിഹത്യ നടത്താൻ; ഇത്തരം തട്ടിപ്പുകളൊന്നും എന്റെ തൊലിപ്പുറത്തു പോലും ഏശില്ല: മറുനാടനോട് മനസു തുറന്ന് ചിന്താ ജെറോം

ഇന്റർവ്യൂവിനിടെ ചായ കുടിക്കുന്ന ചിത്രവുമായി ബാറുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് പ്രചരണം; ലാലിനേയും സുരേഷ്ഗോപിയേയും അധിക്ഷേപിച്ചെന്നും കഥകൾ; വിവാഹക്കാര്യം ചർച്ചയാക്കിയത് വ്യക്തിഹത്യ നടത്താൻ; ഇത്തരം തട്ടിപ്പുകളൊന്നും എന്റെ തൊലിപ്പുറത്തു പോലും ഏശില്ല: മറുനാടനോട് മനസു തുറന്ന് ചിന്താ ജെറോം

അരുൺ ജയകുമാർ

തിരുവനന്തപുരം: തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന വിവാദങ്ങളെ ചെറുപുഞ്ചിരിയോടെ തള്ളിക്കളയുന്നുവെന്നും നാട്ടിലെ യുവാക്കളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും അവരിൽ നല്ലൊരു സംസ്‌കാരം വളർത്താനുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും വ്യക്തമാക്കി യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷയായി എസ്എഫ്‌ഐയിലൂടെ തീപ്പൊരി പ്രാസംഗികയായി വളർന്ന ചിന്താ ജെറോം സ്ഥാനമേറ്റിട്ട് എട്ടുമാസത്തോളമായി. ഇക്കാലയളവിൽ നിരവധി തവണ ചിന്താജെറോം വാർത്തകളിൽ നിറഞ്ഞു. ക്യാമ്പസുകളിലെ വിഷയങ്ങളും തെരുവിലെ വിഷയങ്ങളും പീഡനങ്ങളും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ യുവജന കമ്മീഷന്റെ ഇടപെടലുണ്ടായി. മറ്റക്കര ടോംസ് കോളേജിലും ജിഷ്ണു പ്രണോയ് വിഷയത്തിലുമുൾപ്പെടെ ശക്തമായ ഇടപെടലുകൾ നടത്താനായെന്നും പ്രത്യേകിച്ച് സ്വാശ്രയ കോളേജുകളിലെ പീഡനങ്ങളിൽ കമ്മിഷൻ അന്വേഷണം നടത്തി നടപടികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞെന്നും ചിന്താ ജെറോം പറയുന്നു. ജീവിതത്തിൽ ഉയർന്ന വിവാദങ്ങളിലും യുവനേതാവുകൂടിയായ ചിന്ത മറുനാടനിലൂടെ പ്രതികരിക്കുന്നു.

യൂത്ത് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച്

കേരള സംസ്ഥാന യൂത്ത് കമ്മീഷൻ രൂപീകൃതമായിട്ട് മൂന്ന് വർഷം മാത്രമേ ആയിട്ടുള്ളു. അതിന്റെ ആദ്യ ചെയർമാനായി പ്രവർത്തിച്ചത് ആർ വി രാജേഷാണ്. യൂത്ത് കമ്മീഷൻ ഇപ്പോൾ അതിന്റെ ബാല്യത്തിലാണ്. പക്ഷേ ഈ കാലഘട്ടത്തിൽ യൂത്ത് കമ്മിഷന് വളരെ വലിയ പ്രാധാന്യവുമുണ്ട്. ഇപ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്നത് സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്. ഇത്തരം പ്രശ്‌നങ്ങൾ വിശദമായി പഠിച്ച് സർക്കാരിനും അധികാരികൾക്കും നടപടിയെടുക്കത്തക്ക റിപ്പോർട്ട് സമർപ്പിക്കുന്നതിലാണ് ഇപ്പോൾ പ്രധാന ശ്രദ്ധ. ഇങ്ങനെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് നിരീക്ഷിക്കുന്നതിനായി അനുഭവ സമ്പത്തുള്ള അദ്ധ്യാപകരേയും വിദ്യാഭ്യാസ പ്രവർത്തകരേയും ഉൾപ്പെടുത്തിയാണ് സംഘങ്ങൾ രൂപീകരിച്ചിരിക്കുന്നത്.

യുവാക്കളിൽ ലഹരി ഉപയോഗം വർധിച്ച് വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരം ലഹരി ഉപയോഗങ്ങളിൽ നിന്നും യുവ തലമുറയ്ക്ക് വേണ്ടത്ര ബോധവൽക്കരണം നൽകുന്ന പരിപാടികൾക്ക് നേതൃത്വം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ക്യാമ്പസുകളിലും കോളനികളും കേന്ദ്രീകരിച്ച് ബോധവൽക്കരണം നൽകും. കേരളത്തിലെ എസ് സി എസ് ടി കോളനികളിലെ യുവാക്കളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ സജീവമാക്കും. ഇതിന് പ്രത്യേക പചരണം നടത്തും. ഇതിന്റെ ഭാഗമായി ഇടമലക്കുടിയിലെത്തി അവിടുത്തെ പ്രശ്‌നങ്ങൾ പഠിച്ച് തീരുമാനമെടുത്തിട്ടുണ്ട്. ഇതിനെ തുടർന്ന് സർക്കാറിലേക്ക് റിപ്പോർട്ടു നൽകിയിട്ടുണ്ട്.

സ്വാശ്രയ കോളേജുകളിലെ പീഡനങ്ങളും കമ്മീഷന്റെ ഇടപെടലുകളും

ജിഷ്ണു പ്രണോയിയുടെ മരണത്തിന് ശേഷമാണ് കോളേജ് ക്യാമ്പസുകളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്ന് പറയാൻ വിദ്യാർത്ഥികൾ തയ്യാറായത്. ജിഷ്ണുവിന്റെ മരണത്തിന് ശേഷം വിവിധ സ്വാശ്രയ കോളേജുകളിൽ നിലനിൽക്കുന്ന നിരവധി പീഡനങ്ങളെക്കുറിച്ച് യൂത്ത് കമ്മീഷന് തന്നെ പരാതി കിട്ടിയിട്ടുണ്ട. ചില കോളേജുകളിൽ യുവജന കമ്മീഷൻ നേരിട്ടെത്തി പരിശോധന നടത്തിയിട്ടുമുണ്ട്. കായംകുളം വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിങ്ങ് കോളേജിൽ കമ്മീഷൻ നേരിട്ട് പോയി പരിശോധന നടത്തിയിരുന്നു. അവിടെ വിദ്യാർത്ഥികളുടെ മൊഴിയെടുത്തു. പ്രശ്‌നങ്ങൾ ശരിയാണെന്ന് മനസ്സിലാക്കിയ ശേഷമെടുത്ത റിപ്പോർട്ട് സർക്കാറിലേക്ക് കൈമാറിയിട്ടുണ്ട്. കോട്ടയം മറ്റക്കര ടോംസ് കോളേജിലും സമാനതകളില്ലാത്ത വിദ്യാർത്ഥി പീഡനങ്ങളാണ് നടന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവിടെ പരിശോധന നടത്തിയപ്പോൾ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. അഫിലിയേഷൻ കൊടുക്കാൻ പോലും യോഗ്യതയില്ലാത്ത കോളേജാണ് റസിഡൻഷ്യൽ ക്യാമ്പസായി പ്രവർത്തിക്കുന്നത്. അവിടെ ഹോസ്റ്റൽ സംവിധാനമുൾപ്പടെ ദയനീയമായിരുന്നു.

വിവാദചിത്രം ചുവടേ..

ഇന്റേണൽ മാർക്കിലെ കൃത്രിമം, പെൺകുട്ടികളോട് മാനസികവും ശാരീരികവുമായ പീഡനം, പലപ്പോഴും റസീപ്റ്റ് പോലും നൽകാതെ വലിയ തുക ഫീസിനത്തിൽ പിരിച്ചെടുക്കുന്നു. ഫീസ് നൽകാത്തവരുടെ പേരിൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നു. എന്തെങ്കിലും കാരണം കൊണ്ട് പഠനം പാതി വഴിയിൽ നിർത്തേണ്ടി വന്നാൽ സർട്ടിഫിക്കറ്റ് തിരികെ നൽകാതെ പീഡിപ്പിക്കുന്നുവെന്ന പരാതികളും കമ്മീഷന്റെ മുന്നിലെത്തിയിട്ടുണ്ട്.

ക്യാമ്പസുകളിൽ പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ

നിർഭാഗ്യകരമായ സംഭവമായി തോന്നുത് കേരളത്തിലെ കലാലയങ്ങളിൽ നടക്കുന്ന വിദ്യാർത്ഥിനി പീഡനങ്ങളാണ്. കേരളം ഉയർത്തിപ്പിടിക്കുന്ന പുരോഗമന ചിന്താഗതിയെതന്നെ പിന്നിലേക്ക് വലിക്കുന്ന സമീപനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കുന്നുണ്ട്. സമൂഹത്തിൽ തുല്യ പരിഗണന ലഭിക്കേണ്ടവരാണെന്ന് ബോധം പലപ്പോഴും ഇല്ലാതാകുന്നു. സ്ത്രീകളുടെ വസ്ത്ര ധാരണമാണ് പ്രശ്‌നമെന്നും അവൾ ഒറ്റയ്ക്ക് ഇറങ്ങി നടക്കാനാകില്ലെന്നും പറയുന്നത് ശരിയായില്ല. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ടാൽ പ്രശ്‌നങ്ങൾ തീരും എന്ന് പറയുന്നത് ശരിയല്ല. പുരുഷ മേധാവിത്വമെന്ന് പറയുന്നത് പുരുഷന്മാർ മാത്രം ഉൾപ്പെടുന്നതല്ല. പുരുഷ മേധാവിത്വം അംഗീകരിക്കുന്ന ഒരു വലിയ വിഭാഗം സ്ത്രീകളും ഇവിടെയുണ്ട്. പുരുഷന്മാർക്ക് മാത്രമല്ല മറിച്ച് ഇത്തരം പുരുഷ മേധാവിത്വം അംഗീകരിക്കുന്ന എല്ലാവരുടേയും ചിന്താഗതിക്കാണ് മാറ്റമുണ്ടാകേണ്ടത്.

സ്ത്രീകൾക്കെതിരെ വർധിച്ച് വരുന്ന അ ക്രമങ്ങളെക്കുറിച്ച്

കുറച്ച് കാലത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വലിയ പീഡനങ്ങളുടെ കഥയണ്. അതിനെ ചെറുക്കാൻ ഭരണകൂടത്തിന്റെ മാത്രം ശ്രദ്ധ മതിയാകില്ല. ഭരണകൂടത്തിന്റെ ശ്രദ്ധയ്‌ക്കൊപ്പം തന്നെ മൊത്തം സമൂഹവും ജാഗ്രത പുലർത്തേണ്ടതുണ്ട്. അതിനെ ചെറുക്കത്തക്ക കാഴ്ചപാട് പൊതുബോധമായി മാറണം. കേരളത്തിൽ എത്ര പീഡനമുണ്ടാകുന്നു എന്ന് പെരുപ്പിച്ച് പറയുന്നതിനൊപ്പം തന്നെ എത്ര കേസുകളിൽ തീർപ്പുണ്ടായെന്നും പറയേണ്ടതുണ്ട്.

കൃത്യമായും പീഡകരെയും കൊലയാളികളേയും പിടികൂടത്തക്ക നിലപാടുകളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. പ്രമുഖ നടിയെ അക്രമിച്ച കേസിലായാലും ശരി ആറ് ദിവസത്തിനുള്ളിൽ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരാനും നിയമത്തിന് മുന്നിലെത്തിക്കാനും സർക്കാറിന് കഴിഞ്ഞിട്ടുണ്ട്.പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികനെയും പിടികൂടാൻ ഒരു സമ്മർദ്ദത്തിനും ഇടനൽകാതെ പ്രവർത്തിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മിഷേൽ ഷാജിയുടെ കാര്യത്തിലും സ്ഥിതി സമാനമാണ്. പീഡനങ്ങൾ നടക്കുന്നു എന്ന യാഥാർഥ്യത്തോടൊപ്പം തന്നെ അത്തരം പീഡനങ്ങളെ തടയാനും സർക്കാർ നടപടി സ്വീകരിക്കുന്നുണ്ട് എന്നും അതോടൊപ്പം തന്നെ പീഡകരെ പിടികൂടുന്നുണ്ടെന്നതും ചേർത്ത് വായിക്കേണ്ടതാണ്.

സദാചാര ഗുണ്ടായിസം വർധിക്കുന്ന സഹചര്യം

സദാചാരം എന്ന വാക്കിനോട് ഒരിക്കലും ചേർന്ന് പോകാത്ത ഒരു വാക്കാണ് ഗുണ്ടായിസം. സദാചാര ക്രിമിനലുകൾക്കെതിരെ കൃത്യമായും നടപടി വേണം. കപട സദാചാരം എന്നത് എതിർക്കപ്പെടേണ്ടതാണ്. പണ്ട് സതി എന്ന അനാചാരമായിരുന്നു സദാചാരം. ഭർത്താവ് മരിക്കുമ്പോൾ ഭാര്യയും അതേ ചിതയിൽ ചാടണമെന്ന പൊതുബോധം. ഞങ്ങൾക്കിഷ്ടമുള്ളതേ ഇവിടെ നടക്കുകയുള്ളു. അത് അനുസരിച്ച് എല്ലാവരും മുന്നോട്ട് പോണം എന്ന് പറയുന്ന സമീപനം തെറ്റ് തന്നെയാണ്, ഞങ്ങൾക്കിഷ്ടമല്ലാത്തത് ചെയ്താൽ നിയമം കൈയിലെടുക്കുമെന്ന വാദം ഒരിക്കലും അംഗീകരിക്കാനാകില്ല. കൊച്ചി മറൈൻ ഡ്രൈവിൽ എതിർക്കേണ്ട പൊലീസ് എതിർത്തില്ല. പിന്നീട് അവർക്കെതിരെ നടപടി സ്വീകരിച്ചത് അങ്ങേയറ്റം പ്രശംസനീയമാണ് എന്നാണ് എന്റെ എഭിപ്രായം.

അരാജകത്വവും അഭിപ്രായ സ്വാതന്ത്ര്യവും രണ്ടാണ്. വ്യക്തിപരമായി സൂചിപ്പിക്കാനുള്ളത് ഓരോ മനുഷ്യനും സ്വാതന്ത്ര്യമുണ്ട്. നിങ്ങൾ പറയുന്നത് തെറ്റാണെങ്കിൽ സമരം ചെയ്യാൻ എനിക്ക് അവകാശമുണ്ട് പക്ഷേ എന്തുതരം സമരത്തിനും എല്ലാവരും തയ്യാറാകണമെന്ന് പറയാൻ ആർക്കും കഴിയില്ല. സമരം അരാജകത്വത്തിലേക്ക് പോയാൽ അത് തടുക്കാൻ ഇവിടെ നിയമമുണ്ട്. പൊതു ഇടങ്ങളിൽ സമരം ചെയ്യാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ഉടല് കൊണ്ട് കലഹിക്കുന്ന സമരം പെട്ടെന്നുള്ളതാണ്. എല്ലാ സമരങ്ങളും അങ്ങനെയാകണമെന്ന പറയുന്നതാണ് തെറ്റ്. സദാചാര ഗുണ്ടായിസത്തെ അംഗീകരിക്കുന്നത് ഒരു ന്യൂന പക്ഷമാണ്. അവർക്ക് കൂടി ഉൾക്കൊള്ളത്തക്കമായിരിക്കണം സമരം. അപ്പോഴേ കൂടുതൽ ജനസമ്മതി കിട്ടൂ.

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ സദാചാര ഗുണ്ടായിസം

ഒരു ക്യാമ്പസിലും സദാചാര ഗുണ്ടായിസമുണ്ടാകാൻ പാടില്ലെന്നതാണ് ഇതേക്കുറിച്ച് പറയാനുള്ളത്. ക്യാമ്പസുകൾ സർഗാത്മകമായ ഇടങ്ങളാണ്. സൗഹൃദവും പ്രണയവുമെല്ലാം മൊട്ടിടുന്ന ഇടങ്ങളാണ് ക്യാമ്പസുകളും ക്ലാസ്റൂമുകളും. ക്യാമ്പസുകൾക്കും ക്ലാസ് റൂമുകൾക്കും പ്രത്യേക സൗന്ദര്യം തന്നെയുണ്ട്. അവിടെ മൊട്ടിടുന്ന സൗഹൃദങ്ങൾ എല്ലാ കാലത്തും സൂക്ഷിക്കാൻ കഴിയുന്നു എന്നതാണ് പ്രത്യേകത. ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസിന്റെ കസ്റ്റഡിയിലുള്ള കാര്യമാണ്. ആ അന്വേഷണത്തിൽ കുട്ടികൾക്ക് തൃപ്തിക്കുറവുണ്ടെങ്കിൽ കൃത്യമായും ഇടപെട്ടിരിക്കും്. പരാതി ലഭിച്ചാൽ ഇടപെടും. കേരളത്തിലെ ക്യാമ്പസുകളിൽ സദാചാര ഗുണ്ടായിസത്തെ എതിർക്കണം.

വിവാഹ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും

തികച്ചും വ്യക്തപരമായ കാര്യം. അതും കേരള സമൂഹം ചർച്ച ചെയ്യതക്ക ഒന്നുമില്ലാത്ത ഒരു വിഷയം. ഗൗരവകരമായ വിഷയമാണെന്ന് തോന്നിയവർ ചർച്ച ചെയ്യുന്നത് തെറ്റല്ല. നിങ്ങൾക്ക് ചർച്ച ചെയ്യാനും വിമർശിക്കാനുമുള്ള അവകാശത്തെ സ്വാഗതം ചെയ്യുന്നു. എന്റെ നിലപാടിൽ ഒരു മാറ്റവുമില്ല. മതേതരത്വം എന്നും ഉയർത്തിപിടിക്കും. അതിന് കാരണം ഞാൻ കടന്നുവന്ന വഴിയാണ്. തെരഞ്ഞെടുത്ത രാഷ്ട്രീയം തന്നെയാണ് മതേതര കാഴ്ചപാട് ഉയർത്താൻ സഹായിച്ചത്. അത് എന്നും നിലനിൽക്കും അത്തരത്തിലൊരു ജീവിതം തന്നെയാണ് എല്ലാക്കാലവും തെരഞ്ഞെടുക്കുക. ജീവിതാവസാനം വരെ അത് തുടരും. വിവാഹം മാത്രമല്ല എല്ലാ കാര്യത്തിലും മതേതര നിലപാട് സ്വീകരിക്കും. ഒരിക്കലും എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അത്തരമൊരു പരസ്യം വന്നത്. വിവാഹം പോലെയുള്ള കാര്യങ്ങൾ പരസ്യം ചെയ്യുന്നതിനോട് തന്നെ യോജിപ്പില്ല. ഇതൊക്കെ ചർച്ചയ്കേകെടുത്തത് മറ്റ് പലതും മറച്ച് വെക്കാനാണോ എന്ന പൊതു സമൂഹം ചർച്ച ചെയ്യട്ടെ.

സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വ്യക്തിഹത്യ ചെയ്യപ്പെടുന്നുവെന്ന് തോന്നിയിട്ടുണ്ടോ

ഞാൻ നവ മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കാറുള്ളത് പുതിയ വാർത്തകളും പുതിയ കാര്യങ്ങളും പഠിക്കാനുള്ള താൽപര്യത്തിൽ മാത്രമല്ല. അത്കൊണ്ട് തന്നെ അതിനൊന്നും വലിയ ഗൗരവം നൽകാറില്ല. അതൊക്കെ വായിച്ച് ചെറു പുഞ്ചിരിയോടെ തള്ളിക്കളയുകയാണ് പതിവ്. ഇത്തരം സംഭവങ്ങളിൽ നിയമനടപടികൾ സ്വീകരിക്കാത്തതെന്തെന്ന് പലപ്പോഴും സുഹൃത്തുക്കൾ ഉൾപ്പടെ ചോദിക്കാുണ്ട്. ഈ അടുത്ത് തന്നെ ഒരിക്കലും വിചാരിക്കാത്ത ഒരു വിവാദമുണ്ടായിരുന്നു. കൊല്ലത്തെ വീട്ടിൽ വെച്ച് ഒരു മാധ്യമ അഭിമുഖം നൽകിയപ്പോൾ ആ പരിപാടിയുടെ പ്രോഡ്യൂസർ ഒരു ഐഡിയ പറഞ്ഞു. വീട്ടിൽ വച്ചാണല്ലോ ഇന്റർവ്യൂ. അപ്പോൾ അമ്മ കട്ടൻ കാപ്പി കൊണ്ട് വരുന്നത് കൂടി ഉൾപ്പെടുത്താം എന്ന്.

ഇന്റർവ്യൂ നടക്കുമ്പോൾ അമ്മ കട്ടൻകാപ്പി കൊണ്ട് തന്നു. അത് കുടിച്ച് ഇന്റർവ്യൂ തുടർന്നു. കുറച്ച് കാലം കഴിഞ്ഞപ്പോൾ ഒരു സഖാവ് വിളിച്ചു പറഞ്ഞു. ഒന്നു ശ്രദ്ധിക്കണം കേട്ടോ. അടച്ച ബാറുകൾ തുറക്കണമെന്ന് ചിന്താ ജെറോം ആവശ്യപ്പെട്ടുവെന്ന ഒരു പോസ്റ്റ് പരക്കുന്നുണ്ട്. നിങ്ങൾ കൈയിൽ ഗ്ലാസും പിടിച്ച് നിൽക്കുന്ന ഫോട്ടോയുമുണ്ട. പിന്നീട് ആ ഫോട്ടോ കണ്ടപ്പോഴാണ് അന്നത്തെ ഇന്റർവ്യൂവും കട്ടൻകാപ്പിയുമെല്ലാം ഓർമ്മവന്നത്. കൈയിൽ ഗ്ലാസും പിടിച്ച് നിൽക്കുന്ന ഫോട്ടോ എപ്പോഴാണ് എടുത്തത്. ഫോട്ടോ കണ്ടപ്പോൾ മനസ്സിലായി എങ്ങനെയാണ് കട്ടൻചായക്ക് എങ്ങനെയാണ് അത്തരം നിർവചനമുണ്ടായതെന്ന്. നമ്മുടെ നിലപാടിൽ അസ്വസ്തപ്പെടുന്ന ആരെങ്കലുമാകും എന്ന കരുതി തള്ളിക്കളയുകയാണ് ചെയ്തത്. ഞാൻ ആർക്കും മീതെ നിൽക്കുന്ന ആളോ ആരുടേയും അഭിപ്രായം മാനിക്കാത്ത ആളോ അല്ല.

എന്നെക്കുറിച്ച് പരക്കുന്ന മറ്റൊരു കാര്യം മലയാളത്തിലെ രണ്ട് പ്രമുഖ താരങ്ങളെ അധിക്ഷേപിച്ചുവെന്നാണ്. എന്നെ അടുത്തറിയുന്നവർക്കറിയാം പൊതു പ്രവർത്തനം കഴിഞ്ഞാൽ ഏറ്റവും അധികം ആസ്വദിക്കുന്നത് സിനിമയാണ്. പിഎച്ഡി ഗവേഷണത്തിലെ ഒരു വിഷയം പോലും മലയാള കച്ചവട സിനിമ എന്നതായിരുന്നു. മലയാളത്തിലെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടനെന്ന് പറഞ്ഞുകൊണ്ടും ഇന്ത്യൻ സിനിമയ്ക്ക് മലയാളം സംഭാവന ചെയ്ത അപൂർവ്വ പ്രതിഭയാണ് ലാലേട്ടനെന്നും പറഞ്ഞ് മാത്രമെ അദ്ദേഹത്തെ അഭിസംബോധന ചെയ്തിട്ടുള്ളു. അവരോടുള്ള ആരോധന ഒരിക്കലും അഭിപ്രായ വ്യത്യാസം തുറന്ന് പറയുന്നതിൽ തടസ്സമായിട്ടില്ലെന്ന പറഞ്ഞ്കൊണ്ട് മാത്രമേ അഭിപ്രായപ്രകടനം നടത്തിയിട്ടുള്ളു. അത് മോഹൻ ലാലിന്റെ കാര്യത്തിലും സുരേഷ്ഗോപിയുടെ കാര്യത്തിലും അങ്ങനെതന്നെയായിരുന്നു.

സ്ത്രീയായതുകൊണ്ടാണോ ഇത്രയും വിമർശനങ്ങൾ

സ്ത്രീയായതുകൊണ്ട് തന്നെ വിമർശിക്കാൻ എളുപ്പമാണ് വ്യക്തിഹത്യ നടത്താനും എളുപ്പമാണ്. വിവാഹം പോലും ചർച്ചാ വിഷയമായതും അത്കൊണ്ട് തന്നെയാണ്. വിയോജിപ്പുണ്ടെങ്കിൽ അഭിപ്രായം പറയാം. പക്ഷേ അത് വ്യക്തി ഹത്യയാകരുത്. സ്ത്രീ സമൂഹത്തോട് അങ്ങനെ ഒരു പൊതു ബോധമില്ല മലയാളികൾക്ക്. സ്ത്രീയായതുകൊണ്ട് ഒരുപാട് ഗുണങ്ങൾ ലഭിച്ചിട്ടുണ്ട്. ക്യാമ്പസ് ജീവിതത്തിലും മറ്റുമെല്ലാം ഒരു പെൺകുട്ടിയായതുകൊണ്ട് തന്നെയാണ് ഇത്രയും അംഗീകാരം ലഭിച്ചത്. ഒരു ചെറിയ വിഭാഗത്തിന് എതിരഭിപ്രായമുണ്ടെന്നത് കാര്യമാക്കേണ്ടതില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP