Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മകൻ മയക്കുമരുന്ന് കേസിൽ പെട്ടതു കൊണ്ടാണ് കോടിയേരി പ്രതിപക്ഷ സമരത്തെ 'ഖുറാൻ വിരുദ്ധ സമരം' എന്നു വിളിക്കുന്നത്; സ്വർണ്ണക്കടത്ത് വിവാദത്തിൽ മിണ്ടാതിരുന്ന ശേഷം ഇപ്പോൾ പച്ച വർഗീയത പറഞ്ഞ് പൊട്ടിത്തെറിക്കുന്നു; കേരളം ഭരിക്കുന്നത് മോദിയെയും അമിത് ഷായെയും കാണുമ്പോൾ മുട്ടിടിക്കുന്ന മുഖ്യമന്ത്രി; ലൈഫിന്റെ പദ്ധതിയിൽ വലിയ അഴിമതി; യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്ന് അപ്പോൾ തീരുമാനിക്കും: പ്രതിപക്ഷ നേതാവ് മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ പറഞ്ഞത്

മകൻ മയക്കുമരുന്ന് കേസിൽ പെട്ടതു കൊണ്ടാണ് കോടിയേരി പ്രതിപക്ഷ സമരത്തെ 'ഖുറാൻ വിരുദ്ധ സമരം' എന്നു വിളിക്കുന്നത്; സ്വർണ്ണക്കടത്ത് വിവാദത്തിൽ മിണ്ടാതിരുന്ന ശേഷം ഇപ്പോൾ പച്ച വർഗീയത പറഞ്ഞ് പൊട്ടിത്തെറിക്കുന്നു; കേരളം ഭരിക്കുന്നത് മോദിയെയും അമിത് ഷായെയും കാണുമ്പോൾ മുട്ടിടിക്കുന്ന മുഖ്യമന്ത്രി; ലൈഫിന്റെ പദ്ധതിയിൽ വലിയ അഴിമതി; യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്ന് അപ്പോൾ തീരുമാനിക്കും: പ്രതിപക്ഷ നേതാവ് മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ പറഞ്ഞത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാറിന്റെ കാലാവധി തീരാൻ ഇനി എട്ട് മാസത്തോളം കാലം മാത്രമാണ് അവശേഷിക്കുന്നത്. ഒരു ഘട്ടത്തിൽ തുടർഭരണം ലഭിക്കുമെന്ന പ്രതീതി പോലും ജനിപ്പിച്ച ഇടതു സർക്കാർ ഇപ്പോൾ നിരവധി വിവാദങ്ങളുടെ പടുകുഴിയിലാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാറിന്റെ പ്രതിച്ഛായ തന്നെ നഷ്ടമായിട്ടുണ്ട്. വീണു കിട്ടിയ അവസരം പരമാവധി മുതലെടുത്തും സർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞു പ്രതിപക്ഷവും കളം പിടിച്ചു കഴിഞ്ഞു. പ്രതിപക്ഷത്തെ നയിക്കുന്ന നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയും അടുത്തകാലത്ത് തൊട്ടതെല്ലാ്ം പൊന്നാക്കി കളം നിറഞ്ഞു കഴിഞ്ഞു.

കേരളം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളിൽ പെട്ട് ഉഴറുകയാണ് പിണറായി സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോലും സ്വർണ്ണക്കടത്തിലെ പ്രതികളുടെ ബന്ധങ്ങൾ എത്തിയതോടെ പ്രതിച്ഛായക്ക് വളരെ മങ്ങലേറ്റിരിക്കയാണ്. സർക്കാറിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ ധർമ്മം നിർവ്വഹിച്ചതിൽ ചെന്നിത്തല വിജയമായി എന്ന് അഭിപ്രായവും കേരളത്തിലെ പൊതുമണ്ഡലത്തിൽ ശക്തമാണ്. ഈ ഘട്ടത്തിൽ സമകാലിക രാഷ്ട്രീയ വിവാദങ്ങളിൽ തുറന്ന അഭിപ്രായം പറഞ്ഞു കൊണ്ട് രമേശ് ചെന്നിത്തല രംഗത്തെത്തി.

മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖ പരിപാടിയിൽ മനസ്സു തുറന്നാണ് ചെന്നിത്തല സംസാരിച്ചത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ഒരു തികഞ്ഞ പരാജയമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കേരളം ഭരിക്കുന്നത് മോദിയെയും അമിത് ഷായെയും കാണുമ്പോൾ മുട്ടിടിക്കുന്ന മുഖ്യമന്ത്രി ആണെന്നും മറുനാടൻ അഭിമുഖത്തിൽ തുറന്നടിച്ചു. താൻ ഉയർത്തികൊണ്ടു വന്ന വിഷയങ്ങളിലൊക്കെ മറുപടി നഷ്ടപ്പെട്ടതു കൊണ്ടാണ് സൈബർ ആക്രമണ പാതയിൽ സിപിഎം നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്ണന്റെ മകൻ മയക്കുമരുന്നു കേസിൽ കുടുങ്ങിയതു കൊണ്ടാണ് ഇപ്പോൾ ഖുർആൻ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ സമരത്തെ വിളിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സ്വർണ്ണക്കടത്തു കേസിൽ പ്രതികരിക്കാതിരുന്ന കോടിയേരി മകൻ വിവാദത്തിലായപ്പോഴാണ് പ്രതിരോധവുമായി രംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രി ആരാകുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ചെന്നിത്തല തുറന്നു പറഞ്ഞു. എന്റെ ലക്ഷ്യം യുഡിഎഫിനെ തിരിച്ചു കൊണ്ടുവരിക എന്നുള്ളതാണ്. അതിനുവേണ്ടി പരിശ്രമിക്കുന്നു. അതിന് വേണ്ടി എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് പോവുക. ഉമ്മൻ ചാണ്ടിയും പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹവുമായി ചേർന്നു കൊണ്ട് പ്രവർത്തിക്കുമെന്നും ചെന്നിത്തല അഭിമുഖത്തിൽ വ്യക്തമാക്കി.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന വ്യക്തി കൂടിയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഏഴ് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവം. മാവോയിസത്തെ ചെറുക്കണം എന്നതു കൊണ്ട് അവരെ വെടിവെച്ച് കൊല്ലണം എന്ന അഭിപ്രായം തനിക്കില്ലെന്നും ചെന്നിത്തല അഭിമുഖത്തിൽ പറഞ്ഞു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സു തുറന്ന അഭിമുഖത്തിലേക്ക്:

  • കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സ്വയം മാർക്കിടാൻ നിർദ്ദേശിച്ചാൽ എത്ര മാർക്കിടും?

രമേശ് ചെന്നിത്തല: എന്റെ പ്രവർത്തനങ്ങൾക്ക് മാർക്കിടാൻ ഞാനില്ല. മാർക്കിടേണ്ടത് ജനങ്ങളാണ്. എന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം ഒരു വിട്ടുവീഴ്‌ച്ചയുമില്ലാതെ ചെയ്യാൻ കഴിഞ്ഞു എന്നുള്ള ആത്മസംതൃപ്തിയാണ് എന്നിക്കുള്ളത്. പ്രതിപക്ഷ നേതാവിന്റെ ചുമതല സർക്കാരിനെ തിരുത്തുക എന്നതാണ് അത്തരം തിരുത്തലുകൾ വരുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അത് വിജയിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.

  • സോഷ്യൽ മീഡിയ വഴി നടക്കുന്ന ആക്രമണങ്ങളെ കുറിച്ച്?

തനിക്കെതിരെ സൈബർ ലോകത്തു കുറേ നാളുകളായി നടക്കുന്നാണ് അത്. അതിനർത്ഥം നമ്മൾ വിജയിച്ചു എന്നാണ്. സംഘടിതമായ ആക്രമണത്തിനെതിരെ പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. പരാതി കൊടുത്താലും കാര്യമില്ല. എനിക്കെതിരെ വളരെ മോശമായി പോസ്റ്റിട്ട ഒരാൾക്കെതിരെ പരാതി കൊടുത്തിട്ട് മൂന്ന് വർഷം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് അന്വേഷിക്കാൻ വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുടെ അഭിപ്രായത്തെ ഭയപ്പെടുന്ന ഒരു മുഖ്യമന്ത്രിയാണ്. ജനാധിപത്യത്തിൽ ഭരണാധികാരികൾ വിമർശനത്തിന് അതീതരല്ല. ഞാനും രണ്ട് തവണ മന്ത്രിയായ ആളാണ്. ആ സമയത്ത് അവർ വിമർശിക്കാറുണ്ട്. ഞങ്ങൾ കേൾക്കാറുണ്ട്.

  • സിപിഎമ്മിനും ബിജെപിക്കും ശക്തമായ സൈബർ വിഭാഗമുള്ളതു പോലെ കോൺഗ്രസിന് സൈബർ സംവിധാനം ഇല്ലല്ലോ?

നമുക്ക് സംവിധാനം ഉണ്ട് പക്ഷെ, അവരെപ്പോലെ സ്പ്രിങ്ക്‌ളർ ഉപയോഗിച്ച് ചെയ്യാൻ പറ്റുന്നതല്ല. സ്പ്രിങ്ക്‌ളർ പോലെയൊരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ചെയ്യാനുള്ള ശക്തി നമുക്കില്ല. ഇവരെ സഹായിക്കുന്നത് മുഴുവൻ സ്പ്രിങ്കളർ പ്ലാറ്റ്‌ഫോമാണ്. ഞാനൊരു പത്രസമ്മേളനം നടത്തുന്ന സമയം തന്നെ ഒരു നൂറ് പേര് കേറി എന്നെ അറ്റാക്ക് ചെയ്യും. ഇത് റോബോർട്ട് വെച്ച് ചെയ്യുന്നതാണെന്ന് വരെ പറയുന്നുണ്ട്. സ്‌ക്രിപ്റ്റ് മോഡൽ നേരത്തെ കൊടുത്തിരിക്കുകയാണ്. എം വി ജയരാജന്റെ ഭാഷയിൽ കാപ്‌സ്യൂൾ കൊടുത്തിരിക്കുകയാണ്, നമുക്കിട്ട് തെറി പറയാൻ. പക്ഷെ അതൊക്കെ ജനങ്ങൾ മനസിലാക്കുന്നുണ്ട്. സൈബർ ഇടപെടലിൽ നിന്നും പിന്നോട്ട് മാറുന്നില്ല. ഇപ്പോൾ കോൺഗ്രസിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മെച്ചപ്പെട്ടുതുടങ്ങി. മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

  • മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?

കേരള മുഖ്യമന്ത്രി വിമർശനങ്ങളെ ഭയപ്പെടുന്ന വ്യക്തയാണ്. ധാർഷ്ട്യമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ജനങ്ങളോടുള്ള വെല്ലുവിളിയാണ് നമുക്ക് കാണാൻ കഴിയുന്ന പ്രധാന കാര്യം. ഭരണാധികാരി ആയിരിക്കുമ്പോൾ മറ്റ് പ്രതിപക്ഷ പാർട്ടികളും മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ വന്നാൽ അദ്ദേഹം മാധ്യമങ്ങളെയാണ് വിമർശിക്കുകയാണ് ചെയ്യുന്നത്. അല്ലാണ്ട് അവര് പറയുന്നത കാര്യങ്ങൾ എന്താണ് എന്ന് നോക്കാതെ അവരെ കഠിനമായി വിമർശിക്കുന്ന ഒരു മുഖ്യമന്ത്രിയാണ്. അത് ശരിയല്ല.

  • വ്യക്തിപരമായി തന്നെ ആക്രമിക്കു്ന്ന സ്വഭാവക്കാരനാണോ?

തീർച്ചയായും. എന്നെ ഞാൻ സ്പ്രിങ്കളർ അഴിമതി കൊണ്ടുവന്ന സന്ദർഭത്തിലും എനിക്ക് സമനില തെറ്റിയെന്നാണ് പറഞ്ഞത്. അതുപോലെ തന്നെ എന്റെ ശീലം വെച്ചിട്ടാണ് ഞാനിത് പറയുന്നത്. ഇങ്ങനെ മൂന്നാല് വാക്കുകൾ അദ്ദേഹത്തിനുണ്ട്. സമനില, മാനസിക നില, നിങ്ങളുടെ ശീലം വച്ച് ഞങ്ങളെ അളക്കരുത് ഇതൊക്കെ സ്ഥിരമായി പറയുന്ന വാചകങ്ങളാണ്. അതുകൊണ്ടൊന്നും കാര്യമില്ല. അതൊക്കെ ജനങ്ങൾ മനസിലാക്കുന്നുണ്ട്.

സ്പ്രിങ്കളർ അഴിമതി ആദ്യം ഞാൻ കൊണ്ടുവന്നപ്പോൾ ആളുകൾക്ക് മനസിലായില്ല. കേരളത്തിലെ പാവപ്പെട്ട കോവിഡ് രോഗികളുടെ ആരോഗ്യ രഹസ്യങ്ങൾ വിറ്റ് കാശാക്കുന്ന അമേരിക്കൻ കമ്പനിയാണിത്. ഈ കമ്പനിക്ക് ഒരു വ്യവസ്തയും ഇല്ലാതെയാണ് എഗ്രിമെന്റ് ഉണ്ടാക്കുന്നത്. എഗ്രിമെന്റ് പോലും ഞാൻ ആരോപണം ഉന്നയിച്ച ശേഷമാണ് ഒപ്പിടുന്നത്. അതിനു മുൻപ് ഈ ഡേറ്റ മുഴുവൻ പോയിക്കഴിഞ്ഞു. പിന്നീട് കോടതിയിൽ പോയി. കോടതി ഈ ഡേറ്റ മുഴുവൻ മാസ്‌ക് ചെയ്യണമെന്ന് പറഞ്ഞു. അത് അൺമാസ്‌ക് ചെയ്ത് ഉപയോഗിക്കാൻ പാടില്ലായെന്ന് പറഞ്ഞു. മാത്രമല്ല കോടതിയിൽ കേസ് ഇപ്പോഴും നിൽക്കുകയാണ്. എന്നിട്ടത് അന്വേഷിക്കാൻ വേണ്ടി മുഖ്യമന്ത്രി രണ്ടംഗകമ്മിറ്റിയെ വെച്ചു. പക്ഷെ ആ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല. ഒരു മാസത്തിനകം റിപ്പോർട്ട് തരണം എന്നാണ് പറഞ്ഞിരുന്നത്.

പമ്പാ മണൽക്കടത്തുമായി ബന്ധപ്പെട്ട വിഷയം ഞാൻ ഉന്നയിച്ചതാണ്. അത് വിജിലൻസ് അന്വേഷണത്തിന് കൊടുത്തു. വിജിലൻസ് അനുമതി ചോദിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് എഴുതിയെങ്കിലും അദ്ദേഹം അനുമതി കൊടുത്തില്ല. അപ്പോൾ ഞാൻ വിജലൻസ് കോടതിയിൽ പോയി. വിജിലൻസ് കോടതി അനുവദിച്ചു. നാൽപത് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണം എന്നു പറഞ്ഞു. നേരെ ഹൈക്കോടതിയിൽ പോയി. ഒരു അഴിമതി ആരോപണം അന്വേഷിക്കാൻ പോലും മനസില്ലാതെ ഹൈക്കോടതിയിൽ പോയി സ്‌റ്റേ വാങ്ങിച്ചിരിക്കുകയാണ്, രണ്ട് മാസത്തേയ്ക്ക്. ഐ വില്ല് ഫൈറ്റ് ഔട്ട്. സംശയമൊന്നുമില്ല.

അതു കഴിഞ്ഞുണ്ടായ ബെവ്‌കോ അഴിമതി. ഒരു മുൻപരിചയവുമില്ലാത്ത ഒരു സ്ഥാപനത്തിന് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ പാവപ്പെട്ട ജനങ്ങളാണ് കൂടുതലും ബീവറേജസ് കോർപ്പറേഷനിൽ പോയി മദ്യം വാങ്ങുന്നത്. അവർക്ക് ബുദ്ധിമുട്ടുണ്ടുണ്ടകുന്ന വിധത്തിൽ അവരെ ചൂഷണം ചെയ്യുന്ന വിധത്തിലാണ് ആപ്പ് കൊണ്ടുവന്നത്. ഒരു സിപിഎം സഹയാത്രികനാണ് ഇതുകൊടുത്തത്. ഈ വിഷയവും ഞാൻ ഉന്നയിച്ചു. ഞാൻ ഉന്നയിച്ചത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. കാരണം ഇപ്പോൾ നമുക്കറിയാം ബീവറേജസ് കോർപ്പറേഷന്റെ നട്ടെല്ലൊടിഞ്ഞിരിക്കുകയാണെന്ന്. ഗുണം കിട്ടിയത് മുഴുവൻ ബാറുകൾക്കാണ്. ഞാൻ പറഞ്ഞത് എത്ര ശരിയാണെന്ന് വന്നു.

അതുകഴിഞ്ഞിട്ടാണ് ഞാൻ ഇ മൊബിലിറ്റിയുടെ കാര്യം പറഞ്ഞത്. കോടികളുടെ ഇടപാടാണ്. ഹെസ്സ് എന്നു പറയുന്ന സ്വിറ്റ്‌സർലന്റിലെ ഒരു കമ്പനിക്ക് യാതൊരു ഇടപാടുമില്ലാതെ ഇവര് അവരുടെ കൈയിൽ നിന്നും മൂവായിരം ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോയി. ഞാൻ പ്രശ്‌നമുണ്ടാക്കിയതിന് ശേഷമാണ് ഇടപാട് നിർത്തിവെച്ചത്. സെക്രട്ടറിയേറ്റിൽ പിഡബ്ല്യൂസിയുടെ ഓഫീസ് തുടങ്ങാൻ വേണ്ടി വന്നു. ഇതെല്ലാം ഞാനാണ് പുറത്തുകൊണ്ടുവന്നത്. ആ സമയത്തൊന്നും മുഖ്യമന്ത്രിയുടം മറുപടി എന്നെ കളിയാക്കിയായിരുന്നു. പക്ഷെ ജനങ്ങൾക്ക് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്, ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നുള്ളത്. ഈ ഗവർമെന്റ് അവസാന കാലഘട്ടത്തിലേക്ക് കടക്കുകയാണ്. അപ്പോഴാണ് കടുംവെട്ട് നടത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ആ വിവരങ്ങൾ കൂടുതൽ കൂടുതൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

  • സ്പ്രിങ്കളറിലേയ്ക്ക് എത്തിയത് എങ്ങനെയാണ്?

ഞങ്ങളുടെ നാട്ടുകാരനായ മാവേലിക്കരക്കാൻ പ്രൊഫ. തോസിന്റെ മകനാണ് സ്പ്രിങ്കളർ ഉടമ റാജി തോമസ്. എനിക്കറിയില്ല പുള്ളിയെ. ഞങ്ങളിത് പരിശോധിച്ചപ്പോൾ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒരു സർക്കുലർ കണ്ടു. ആ സർക്കുലർ പ്രകാരം ആരുടെയെങ്കിലും ഡേറ്റ എടുത്ത് ഈ സൈറ്റിലേയ്ക്ക് അപ്ലോഡ് ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകണ്ടിട്ടാണ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയത്. അങ്ങനെയാണ് ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ വെളിയിൽ വന്നത്. എഗ്രീമെന്റ് ഇല്ല, ഒരു ധാരണയും ഇല്ല. വിവരങ്ങൾ സുരക്ഷിതത്വമില്ല. ഡേറ്റാ സെക്യൂരിറ്റി എന്നുള്ളത് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷിതത്വമാണ്. അതും പ്രത്യേകിച്ച ആരോഗ്യ രംഗത്തെ. ഒരു കാര്യത്തിലെനിക്ക് സന്തോഷമുണ്ട്. ഡാറ്റാ പ്രൈവസി എന്ന വിഷയത്തിൽ കേരളം ചർച്ച ചെയ്തത് ആദ്യമായിട്ടാണ്. എന്നിട്ടവരെക്കൊണ്ട് തിരുത്തിക്കാൻ കഴിഞ്ഞു. ഇനിയും തിരുത്തേണ്ടതായുണ്ട്. ഈ കമ്പനിക്ക് കൊടുത്ത ഡാറ്റ ഇപ്പോഴും ഇവരുടെ സോഫ്റ്റുവെയറിലാണ് വർക്ക് ചെയ്യുന്നത്.

  • പിണറായിയുടെ മകൾക്ക് ഈ കമ്പനിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം?

പിണറായിയുടെ മകളുടെ കാര്യം പി ടി തോമസ് എംഎൽഎയാണ് ഉന്നയിച്ചത്. പിടി തോമസിനെ വിളിച്ച് ചോദിച്ചു എന്താണ് കാര്യം? പിടി തോമസ് ചില രേഖകൾ കാണിച്ചു. ആ രേഖകൾ ഈ കമ്പനിയുമായി ബന്ധത്തെപ്പറ്റിയുള്ള രേഖകളാണ് അദ്ദേഹത്തിന്റെ കൈയിലുള്ളത്. എനിക്ക് വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാൻ താൽപ്പര്യമില്ല. പക്ഷെ, അത് സത്യമാണെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.

ലൈഫ് മിഷൻ പദ്ധതിയും വലിയ അഴിമതിയാണ്. മുഖ്യമന്ത്രി ദുബായിൽ പോവുന്നു. പ്രളയത്തിൽ സഹായം തേടുന്നു. ആ സമയത്ത് എന്തിനാണ് സ്വപ്‌ന സുരേഷും, ശിവശങ്കരും കൂടെ തലേദിവസം അവിടേയെക്ക് പോവുന്നത്. പദ്ധതിയുടെ വൈസ് ചെയർമാർ പദവിയിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ഞാൻ ആവശ്യപ്പെട്ടിട്ട് പോലും എംഒയുവിന്റെ കോപി ഇതുവരെ തന്നിട്ടില്ല. ഒരു കത്ത് കൂടി കഴിഞ്ഞ ദിവസം കൊടുത്തിട്ടുണ്ട്.

  • സ്വർണകള്ളക്കടത്തിൽ മന്ത്രി ജലീലിന് പങ്കുണ്ടെന്ന് കരുതുന്നുണ്ടോ?

ഞാൻ അങ്ങനെ കരുതുന്നുണ്ട്. കേസിൽ ജലീൽ പ്രതിയാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ജലീലിന് ഇവരുമായി നേരിട്ട് അടുപ്പമുണ്ട്. മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ പെട്ടിരിക്കുന്നതു കൊണ്ടാണ് കോടിയേരി ഞങ്ങളുടെ സമരത്തെ ഖുർആൻ വിരുദ്ധ സമരമെന്ന് വിളിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉണ്ടായപ്പോൾ മിണ്ടാതിരുന്ന കോടിയേരി ബാലകൃഷ്ണൻ സ്വന്തം കാര്യം വന്നപ്പോൾ പൊട്ടിത്തെറിക്കുകയാണ്.

വർഗീയ പറഞ്ഞുകൊണ്ട് ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. പച്ചയായി ജാതിയും മതവും പ്രചരിപ്പിക്കുന്ന ഒരു കമ്യുണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. മുഖ്യന്ത്രിയുടെ പാർട്ടിസെക്രട്ടറിയും കൂടെ നിരന്തരമായി ബിജെപിയെ വളർത്താൻ ശ്രമിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവലിൻ കേസ് പത്തൊൻപത് തവണ മാറ്റി വെച്ചതിന് പിന്നിൽ ബിജെപിയുമായി ധാരണയുണ്ട്. നരേന്ദ്ര മോദിയെയും അമിത് ഷായെയും കാണുമ്പോൾ മുട്ടിടിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. സിപിഎമ്മിനെ എതിർത്താൽ അവർ സംഘിയാണ്. അവരെ അനുകൂലിച്ചാൽ അവർ പുരോഗമനവാദിയാണ്. ഇങ്ങനെ ആക്കിതീർക്കുകയാണ് ഇചെയ്യുന്നത്.

  • യുഡിഎഫ്, മുഖ്യമന്ത്രി സ്ഥാനാർത്ഥി, അതേക്കുറിച്ച്?

യുഡിഎഫ് മുന്നണിയിൽ ഇപ്പോൾ നൂറ് ശതമാനം ഐക്യമാണ് നിലനിൽക്കുന്നത്. കേരളാ കോൺഗ്രസിലെ പ്രശ്‌നമായിരുന്നു ഒരു തടസ്സമായി നിലനിനന്നത്. ഇപ്പോൾ ഒരു ശതമാനം വിട്ടുപോയതോടെ നൂറു ശതമാനം ഐക്യത്തിലായി. യോജിച്ച് പോവാൻ കഴിയുന്നില്ലായെങ്കിൽ അതൊരു പ്രശ്‌നം തന്നെയാണ്. പാലാ തെരഞ്ഞെടുപ്പ് തോറ്റത് മുന്നണിക്കകത്ത് നിന്നുകൊണ്ട് പരസ്പരം വഴക്കിട്ടതു കൊണ്ടാണ്. പാലായിൽ തോറ്റെന്നു പറഞ്ഞാൽ പിന്നെ എവിടെയാണ് തോല്ക്കാത്തത്? മുന്നണിക്കകത്തു നിന്നും കൊണ്ട് വഴക്കടിക്കുകയും പരസ്പരം പോരടിക്കുകയും ചെയ്താൽ ജനങ്ങൾ സഹിക്കില്ല എന്ന സന്ദേശമാണ് പാലാ തെരഞ്ഞെടുപ്പു ഫലം നൽകിയത്.

അടുത്ത തവണ യുഡിഎഫ് അധികാരത്തിൽ വരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നൂറ് ശതമാനവും ജനങ്ങൾ അതിന് ഞങ്ങളെ അനുവദിക്കും എന്നാണ് വിശ്വാസം. ഞാൻ മുഖ്യമന്ത്രി ആവുമോ എന്നുള്ളതിനെ കുറിച്ച് ഇപ്പോൾ തീരുമാനിക്കേണ്ട കാര്യമല്ല. അത് ജനങ്ങൾ തീരുമാനിക്കട്ടെ. പാർട്ടി തീരുമാനിക്കട്ടെ. എന്റെ ലക്ഷ്യം യുഡിഎഫിനെ തിരിച്ചു കൊണ്ടുവരിക എന്നുള്ളതാണ്. അതിനുവേണ്ടി പരിശ്രമിക്കുന്നു. അതിന് വേണ്ടി എല്ലാവരെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. ഉമ്മൻ ചാണ്ടിയും പ്രധാനപ്പെട്ട നേതാവാണ് നമ്മുടെ മുന്നണിയിലെ. ഉമ്മൻ ചാണ്ടി രണ്ട് തവണ മുഖ്യമന്ത്രിയായ ആളാണ്. 50 വർഷം നിയമസഭയിൽ പൂർത്തിയാക്കിയ ആളാണ്. അദ്ദേഹത്തിന്റെ സീനിയോരിറ്റി തീർച്ചയായും നമ്മളെല്ലാവരും അംഗീകരിക്കുന്നതാണ്. അതുകൊണ്ട് അദ്ദേഹത്തെ കൂടി കൂട്ടിച്ചേർത്തുകൊണ്ട് യോജിപ്പിച്ച് നിർത്തിക്കൊണ്ട് എല്ലാവരും കൂടി ചേർന്നൊരു മുന്നേറ്റമാണ് ആഗ്രഹിക്കുന്നത്.

(അഭിമുഖത്തിന്റെ പൂർണ്ണ വീഡിയോകൾ വാർത്തക്കൊപ്പം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP