Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

എംഎം മണി ഇപ്പോൾ നേതാവല്ല; പ്രായമായാൽ വീട്ടിലിരുന്നു കൂടെ എന്നൊക്കെ ആളുകൾ പറയും; തന്നെ കൈകാര്യം ചെയ്യണമെങ്കിൽ പുറത്തു നിന്ന് ആളെ കൊണ്ടു വരണം; സിപിഎമ്മിന്റെ ആഹ്വാനം ഭയപ്പെടുത്തുന്നില്ലെന്ന് എസ് രാജേന്ദ്രൻ; മൂന്നാറിലെ പഴയ എംഎൽഎ മറുനാടനോട്

എംഎം മണി ഇപ്പോൾ നേതാവല്ല; പ്രായമായാൽ വീട്ടിലിരുന്നു കൂടെ എന്നൊക്കെ ആളുകൾ പറയും; തന്നെ കൈകാര്യം ചെയ്യണമെങ്കിൽ പുറത്തു നിന്ന് ആളെ കൊണ്ടു വരണം; സിപിഎമ്മിന്റെ ആഹ്വാനം ഭയപ്പെടുത്തുന്നില്ലെന്ന് എസ് രാജേന്ദ്രൻ; മൂന്നാറിലെ പഴയ എംഎൽഎ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ഇടുക്കിയിലെ രാഷ്ട്രീയ അന്തരീക്ഷം അൽപ്പം ചൂടുപിടിച്ചിട്ടുണ്ടെന്നാണ് പൊതുവെയുള്ള നിഗമനം.പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. ദേവികുളം എം എൽ എ അഡ്വ. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് ഡി. കുമാർ നടത്തിവരുന്ന നിയമ നടപടികളുടെ മുന്നേറ്റമാണ് ഇതിൽ പ്രധാനം. ഇത് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ ഒരു പരിധിവിട്ടുള്ള പരസ്യപ്രതികരണത്തിന് രാഷ്ട്രീയ കേന്ദ്രങ്ങൾ മുതിരുന്നില്ല.മുൻ മന്ത്രി എം എം മണിയും മുൻ ദേവികുളം എം എൽ എ എസ് രാജേന്ദ്രനും തമ്മിൽ നടന്നു വരുന്ന വാക്പോരാണ് രണ്ടാമത്തെ ഘടകം.

കഴിഞ്ഞ ദിവസം തൊഴിലാളി സംഘടന സംഘടിപ്പിച്ച പരിപാടിയിൽ എം എം മണി പങ്കെടുത്തിരുന്നു. എല്ലാ ആനുകൂല്യങ്ങളും പറ്റിയ ശേഷം പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയവനെ തിരിച്ചറിയണമെന്നും അവനെ കൈകാര്യം ചെയ്യണമെന്നും എസ് രാജേന്ദ്രന്റെ പേര് പരമാർശിക്കാതെ എം എം മണി പതിവ് ശൈലിയിൽ ആഹ്വാനം ചെയ്തിരുന്നു. ഈ വിഷയത്തിൽ പ്രതികരണം തേടിയപ്പോൾ എസ് രാജേന്ദ്രൻ മറുനാടനോട് മനസ്സുതുറന്നു.എം എം മണിയുമായുള്ള പൊരുത്തക്കേടിന് പിന്നിലെ കാര്യ-കാരണങ്ങളെക്കുറിച്ചും തനിക്കെതിരെ ഉണ്ടായിട്ടുള്ള പാർട്ടി നടപടിയിലെ പൊള്ളത്തരത്തെക്കുറിച്ചും മാറിയ സാഹചര്യത്തിൽ സ്വീകരിച്ചിട്ടുള്ള നലപാടുകളെക്കുറിച്ചും അദ്ദേഹം വിശദമാക്കി.അഭിമുഖത്തിന്റെ പൂർണ്ണ രൂപം ചുവടെ

എം എം മണിയുടെ ആഹ്വാനം ഭയപ്പെടുത്തുന്നുണ്ടോ?

എന്നെ അങ്ങിനെ കൈകാര്യം ചെയ്യാൻ അത്ര എളുപ്പമല്ല. പറ്റത്തില്ല, പുറമെ നിന്ന് പണം കൊടുത്ത് ആളെ കൊണ്ടുവരുന്ന രീതി ഇപ്പോഴുണ്ടല്ലോ.. അങ്ങിനെ ആരെയെങ്കിലും പാക്കേജ് പോലെ അവനെ ഒന്ന് കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് കൊണ്ടുവന്നാൽ അപ്രതീക്ഷമായി , പ്രതീക്ഷിക്കാത്ത സമയത്ത് സ്ഥലത്ത് വല്ലതും നടന്നാലേ ഉള്ളു. അല്ലാതെ തോട്ടം മേഖലയിൽ വാശിക്കുവേണ്ടി ചെയ്യണമെന്ന് വച്ചാൽ പോലും നടക്കില്ല. നടക്കത്തില്ല എന്ന് പറയാൻ കാരണം ഞാൻ ഭയങ്കര മിടുക്കനാണ്് .. ബലശാലിയാണ്.. ധീരനാണ് എന്നുള്ള അഭിപ്രായത്തിലൊന്നുമല്ല. മറിച്ച് ഞാൻ എം എൽ എ ആകുന്നതിന് മുമ്പ ഈ തോട്ടം മേഖലയിൽ സർക്കാരിന്റെ ഒരു ചല്ലി പൈസ വീണിട്ടില്ല.

ഇപ്പോൾ തോട്ടം തൊഴിലാളികൾക്ക് സഞ്ചരിക്കാൻ പഞ്ചായത്തിന്റെ ആയാലും എം എൽ എ ഫണ്ട് ഉപയോഗിച്ച് പണിതതായാലും റോഡുകളുണ്ട്. കുട്ടികൾക്ക് പഠിക്കാൻ അംഗൻവാടികളുണ്ട്. കുറ്റിയാർവാലിയിൽ സ്ഥലവും അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം എല്ലാ പാർട്ടിയിലുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചെയ്തിട്ടുള്ളത്. ഇത് അവർ നന്ദിയോടെ ഓർക്കുന്നു. മുമ്പ് ഒരു എം എൽ എയും ചെയ്തിട്ടുമില്ല.ഇനി നടക്കുമെന്ന് എനിക്ക് പറയാനുമാവില്ല. അങ്ങിനെയുള്ള എല്ലാ ആളുകളുമായി സ്നേഹബന്ധമുള്ള സാഹചര്യത്തിൽ എന്നെ ആരെങ്കിലും ഇവിടെ എത്തി കൈകകാര്യം ചെയ്യാൻ വരുമെന്ന് കരുതുന്നില്ല.ഇതിനും അപ്പുറം തോട്ടം തൊഴിലാളികൾ തല്ലാൻ വരുന്നെങ്കിൽ വരട്ടെ.. സംസാരിച്ചുനോക്കാമല്ലോ..എന്താ തല്ലാൻ വന്നതിന്റെ കാര്യം പറയെന്ന്.കാരണം പറഞ്ഞിട്ട് അവർക്ക് വേണമെങ്കിൽ തല്ലാം.

ഇന്നയാൾ പറഞ്ഞുവിട്ടതാ..എന്ന് അവർ പറഞ്ഞാൽ തല്ലിക്കോ എന്നാവും ഞാൻ പറയുക.തല്ലുകിട്ടുകയാണെങ്കിൽ പൊലീസിൽ പരാതി നൽകും.അപ്പോൾ ഹരിജൻ പീഡനത്തിന് കേസെടുക്കണമെന്ന് ഞാൻ പറയും.കരാണം ഞാനൊരു ദളിതനാണ്.തല്ലിയവന്റെ പേരിൽ കെസെടുക്കരുതെന്നും തല്ലാൻ പറഞ്ഞുവിട്ടവരുടെ പേരിൽ കേസെടുക്കണമെന്നാവും ഞാൻ ആവശ്യപ്പെടുക. എം എം മണി, കെ വി ശശി,കെ കെ വിജയൻ ,സി വി വർഗീസ് എന്നിവരിൽ ആരായാലും ഇതായിരിക്കും സ്വീകരിക്കുന്ന നയം.ഹൈക്കോടതിയിൽ റിട്ട് വേറെ ഫയൽ ചെയ്യുകയും ചെയ്യും.അതുകൊണ്ട് ഞാൻ വളരെ ധൈര്യത്തിലാണ്

ഇപ്പോൾ എനിക്ക് 57 വയസ്സായി. അവർ ഒരു 125 വർഷം വരെ ജീവിക്കട്ടെ.. ജീവിതം അസ്വദിക്കട്ടെ... നേതാക്കളായി ഇരിക്കട്ടെ...എന്നും എംഎൽഎയും ബാങ്ക് പ്രസിഡന്റും യൂണിയൻ നേതാക്കളും ഒക്കെയായി ഇരിക്കട്ടെ. ഇതിൽ എനിക്ക് യാതൊരുപ്രയാസവും ഇല്ല.

എം എം മണിക്ക് മറുപിടി പറയാൻ എസ് രാജേന്ദ്രൻ ആയോ...എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് ?

ദീർഘ വീക്ഷണവും ചിന്താശക്തിയുമുള്ളവർ ഈ ചോദ്യം ചോദിക്കില്ല.രാജ എം എൽ എ ആയി തിരഞ്ഞടുക്കപ്പെട്ടെന്ന പ്രഖ്യപനം വന്നതിന് പിന്നാലെ ഒരു ചാനലിൽ വന്നത് രജേന്ദ്രൻ എതിരെ പ്രവർത്തിച്ചിട്ടും രാജ ജയിച്ചു എന്നാണ്.ഇതിന് മുമ്പ യാതൊരു വിധ പ്രശ്നങ്ങളും ഇല്ല എന്നതും ഓർക്കണം. ഞാൻ 4 തവണ മത്സരിച്ചെങ്കിലും സീറ്റുവേണമെന്ന് ആവശ്യപ്പെട്ട് ഒരു നേതാവിനെയും ഒരിക്കൽ പോലും സമീപിച്ചിരുന്നില്ല.രാജയ്ക്കെതിരെ ഞാൻ പ്രവർത്തിച്ചു എന്നുള്ള പ്രചാരണം എവിടെ എത്തി നിൽക്കുന്നു എന്നത് ഈ ആരോപണം ഉന്നയിക്കുന്നവർ പരിശോധിക്കണം.

കേന്ദ്രകമ്മറ്റി പ്രായ പരിധി സംബന്ധിച്ച് ഒരു നിർദ്ദേശം നൽകിയിരുന്നു.ഇതോടെ ബാക്ക് സീറ്റ് ഡ്രൈവിങ് താൽപര്യം ഉള്ളവർ ഇടപെട്ട് ഞാൻ മാറണമെന്ന് തീരുമാനിക്കുകയായിരുന്നു.ഇപ്പോഴത്തെ സ്ഥിതിയെന്താ..എം മണിക്ക് പ്രായം എന്തായി..പ്രായത്തിന് പുറത്തിരിക്കുന്ന ആൾ ഇപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇല്ലല്ലോ. ഇപ്പോൾ അദ്ദേഹം ഏത് ഘടകത്തിലാണെന്ന് മനസ്സിലാക്കിയാൽ ഈ ചോദ്യം ചോദിക്കുന്നവർ വായും അടച്ച് സ്ഥലം വിടും.സഖാവ് എം എം മണിയെ ബഹുമാനിക്കണം എന്ന കാര്യത്തിൽ അനുകൂല മനോഭാവമാണ് ഉള്ളത്.പാർട്ടി നിശ്ചയിച്ചതും തീരുമാനിച്ചതുമായ വാക്കുകളും പരാമർശങ്ങളും നടത്താൻ മുൻ മന്ത്രി തയ്യാറായാൽ അദ്ദേഹത്തെ ബഹുമാനിക്കും അക്കാര്യത്തിൽ തർക്കമില്ല.

അതെ സമയം പാർട്ടിപറയാതെ തന്നിഷ്ട പ്രകാരം കൈകാര്യം ചെയ്യണം.. കൈകാര്യം ചെയ്യും എന്നൊക്കെ പറയുകയും അതിന്റെ പുറകെ നടന്ന് വാലുപിടിക്കുകയും ചെയ്യുന്നവർക്ക് ഈ ചോദ്യം ചോദിക്കാൻ അവകാശമില്ല, അവർ മന്ദ ബുദ്ധികളെപ്പോലെ എന്തൊക്കെയോ പറഞ്ഞു നടക്കുന്നു എന്നുമാത്രം. എംഎം മണി ഇപ്പോൾ നേതാവല്ല, പ്രായമായാൽ വീട്ടിലിരുന്നുകൂടെ എന്നൊക്കെ ആളുകൾ പറയും. ഞാൻ അങ്ങിനെയൊന്നും പറയുന്നില്ല. അത് ഈ ചോദ്യം ചോദിച്ച ആളുകൾ ചിന്തിക്കണം. ഇത്തരക്കാർ പാർട്ടിലുള്ളവരായാലും ശരി , എൻജിഒയിൽ ഉള്ളവരായാലും ശരി പാർട്ടിയുടെ പിന്നിൽ അണിനിരക്കുക. ആരുടെയെങ്കും വാലുപടിക്കാൻ പോകരുതെ എന്ന അഭ്യാർത്ഥനയാണ് എനിക്കുള്ളത്.

സിപിഎമ്മിന് എസ് രാജേന്ദ്രനോട് വിയോജിപ്പുണ്ടോ ?

പാർട്ടിക്ക് എന്നോട് വിയോജിപ്പില്ല. ബാക്ക് സീറ്റ് ഡ്രൈവിംഗിന് താൽപര്യമുള്ളവരാണ് ഇപ്പോൾ അവസ്ഥയ്ക്ക് കാരണക്കാർ. പാർട്ടി നൽകിയതാണ് എം എൽ എ സ്ഥാനം. വിജയിക്കുന്നതിൽ പല കരങ്ങളും സഹായകമായി. ഇത് കഴിഞ്ഞ് ആഘോഷിച്ച് ,ആസ്വദിച്ച് നാട് കറങ്ങിയിട്ടില്ല. ഞാൻ എംഎൽഎ ആയിരുന്ന സമയത്ത് പാർട്ടിക്ക് ഗുണം ഉണ്ടായിട്ടില്ലെ എന്നും പരിശോധിക്കണം. അങ്ങിനെ ഉണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കുന്നുണ്ടെങ്കിൽ അതിന്റെ ഭാഗമായി പാർട്ടി തലങ്ങളിൽ എനിക്കും അർഹതപ്പെട്ട സ്ഥാനങ്ങൾ ലഭിക്കേണ്ടതായിരുന്നു. ഇതിന് തടസ്സം സൃഷ്ടിക്കാൻ രണ്ടുപേർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴുണ്ടായിട്ടുള്ള നടപടി. അത് പാർട്ടിയുടെ അഭിപ്രായമായി ഞാൻ കരുതുന്നില്ല.

എ രാജയ്ക്കെതിരെ പ്രവർത്തിച്ചു എന്നാണല്ലോ ആരോപണം. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും ആയല്ലോ ആത്മാർത്ഥിമായിട്ട് ,ഉള്ളുതൊട്ട് ഒരാൾ പോലും ഇത് പറയില്ല.അങ്ങിനെ ഒരാളെങ്കിലും പറയെട്ടെ ..ജാതി തിരിച്ചാണെങ്കിലും കുഴപ്പമില്ല. പാർട്ടി സമ്മേളനം നടക്കുമ്പോഴാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകുന്നത്.ഇത് പുറത്തുവന്നിരുന്നില്ല.ഈ സാഹചര്യത്തിൽ മറയൂരിൽ നടന്ന യോഗത്തിൽ റിപ്പോർട്ട് അനുകൂലമായാലും ഇല്ലങ്കിലും ഞാൻ അവനെ പുറത്താക്കും എന്ന് എം എം മണി പറഞ്ഞു.സംസ്ഥാന കമ്മറ്റി അംഗമായിരുന്ന അദ്ദേഹത്തിന് ഇതുപറായാൻ എന്ത് അധികാരമാണുള്ളത്.

ബ്രാഞ്ചിലും ലോക്കൽ സമ്മേളനങ്ങളിലും രാജയ്ക്കെതിരെ ഞാൻ പ്രവർത്തിച്ചു എന്ന് ആരെങ്കിലും പരാമർശിച്ചതായി അറയില്ല.എന്നിട്ടും ഏര്യ സമ്മേളനത്തിൽ സഖാവ് എം എം മണി പരസ്യമായി രാജേന്ദ്രനെ വിമർശിക്കണം..ചോദ്യം ചെയ്യണം എന്നൊക്കെ പറഞ്ഞു.ഇത് എന്തുകൊണ്ടാണെന്ന് വിമർശനങ്ങൾ ഉന്നയ്ക്കുന്നവർ ചിന്തിക്കണം. വ്യക്തിപരമായി രണ്ടുപേർ ആലോചിച്ച് തീരുമാനിക്കുന്ന കാര്യങ്ങൾ പാർട്ടിയിലൂടെ നടപ്പിലാക്കുമ്പോൾ അത് പാർട്ടിനിലപാടിയി കരുതാനാവില്ല എന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം.എന്നുള്ളതുകൊണ്ട ഞാൻ പാർട്ടിയിൽ നിന്നും അകന്നുപോയി എന്നില്ല.

പാർട്ടിയെ സ്നേഹിക്കുന്നവർ ഒരുപാട് പേർ പുറത്തുണ്ട്.അവർ കൂട്ടംചേരലുകൾക്ക് എത്താറില്ല.വ്യക്തികളുടെ അടിച്ചമർത്തലുകൾ സഹിച്ച് മുന്നോട്ട് പോകാൻ താൽപര്യപ്പെടുന്നില്ല.അതുകൊണ്ടാണ് എം എം മണിയെപ്പോളുള്ളവർക്കെതിരെ പരസ്യപ്രതികരണത്തിന് തയ്യാറാവേണ്ടിവരുന്നത്.

എം എം മണിയുമായുള്ള അഭിപ്രായ ഭിന്നതയുടെ കാരണം ?

എം എം മണിയുടെ താൽപര്യപ്രകാരം ,അദ്ദേഹത്തോടൊപ്പമുള്ളവർ മെനഞ്ഞതാണ് എനിക്കെതിരെയുള്ള പരാതി.രാജയ്ക്കെതിരെ പ്രവർത്തിച്ചു ,തോൽപ്പിക്കാൻ ശ്രമിച്ചു എന്നൊക്കെയായിരുന്നു ആരോപണം.എന്നെ മാറ്റുക എന്നതിന് കണ്ടെത്തിയ ഒരു വിഷയമാണ് ഇത്.ഈ വിഷയത്തിൽ കമ്മീഷൻ റിപ്പോർട്ട് വന്നു. കമ്മീഷൻ കണ്ടെത്തിയ വസ്തുകൾ വിചിത്രമാണ്. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്നും രാജേന്ദ്രൻ മാറിനിന്നു,പാർട്ടിയുടെ ജില്ലാ കമ്മറ്റി അംഗം യാത്ര ചെയ്യുമ്പോൾ സബ്ബ് ഇൻസ്പെക്ടർ വാഹനം തടഞ്ഞത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി എന്നിങ്ങിനെയൊക്കെയായിരുന്നു കുറ്റാരോപണം.

മൂന്നാറിൽ നടന്ന പെമ്പിളൈ ഒരുമൈ സമരം നടന്നുവരുന്ന സമയമായിരുന്നു അത്്. സമരം കൊഴുപ്പിക്കാൻ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിൽച്ചാടാൻ പെട്ടിമുടിയിൽ നിന്നുള്ള കൂട്ടികളെയും കൂട്ടാൻ ശ്രമം നടക്കുന്നതായി അറിഞ്ഞു. അത് തടയുന്നതിനായി ഞാൻ പെട്ടിമുടയിലേയ്ക്ക് പോയി.ഈ സമയത്താണ് മുഖ്യമന്ത്രി പെട്ടിമുടി സന്ദർശനത്തിനെത്തുന്നത്.എന്റെ വാഹനത്തിൽ ഡിസി മെമ്പർമാർ ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു.എന്നിട്ടും എന്റെ വാഹനം പൊലീസ് തടഞ്ഞിട്ടു. മുഖ്യമന്ത്രിയുടെ ഈ പരിപാടിക്ക് ശേഷമുള്ള എല്ലാപരിപാടികളിലും ഞാൻ ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവുകൾ ഉണ്ട്. പാർട്ടി ഡിസി മെമ്പർ ആണോ വലുത് സബ്ബ് ഇൻസെപെക്ടർ ആണോ വലുത് ,മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നോ ഇല്ലയോ എന്നീ കാര്യങ്ങളിൽ മറുപിടി പറയേണ്ടത് പാർട്ടിയാണ്.

ഈ രണ്ട് ചോദ്യങ്ങളും അപ്രസക്തമാണ്.എന്തെങ്കിലും ചോദ്യം ചോദിക്കുക, എന്തെങ്കിലും മറുപിടികൊണ്ട് അവസാനിപ്പിക്കുക എന്നതായിരുന്നു നയം.ഇന്നയാളോട് വോട്ട് ചെയ്യണ്ട എന്ന് പറഞ്ഞു.ഇന്ന സ്ഥലത്ത് ഞാൻ കരാണം വോട്ട് കുറഞ്ഞു തുടങ്ങി കൃത്യമായ കാരണങ്ങളൊന്നും കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല.നടന്നത് ആസുത്രിത നീക്കമായിരുന്നെന്ന് പിന്നീട് നടന്ന സംഭങ്ങളിൽ നിന്നും വ്യക്തമായി.

ഇടുക്കിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകൾ,മൂന്നാറിനെ കേന്ദ്രീകരിച്ച് ഉയരുന്ന അഴിമതിയാരോപങ്ങളിൽ പാർട്ടി നേതാക്കൾക്കുള്ള പങ്ക്,വീട് നിർമ്മാണത്തെപ്പറ്റിയുള്ള വിവാദങ്ങളുടെ പിന്നാമ്പുറം,പാർട്ടിയോടുള്ള ഭാവി സമീപനം എന്നിവയെക്കുറിച്ചും കൂടിക്കാഴ്ചയിൽ രാജേന്ദ്രൻ വിശദമായി പ്രതികരിച്ചു.അതെക്കുറിച്ച് നാളെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP