Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിമാറിക്കൊടുക്കാനായത് ഭാഗ്യമായി കണക്കാക്കുന്നു; വ്യക്തിഹത്യകളിൽ തളർന്നിട്ടില്ല; കോൺഗ്രസിനകത്തെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാനായിട്ടുണ്ട്; വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനടക്കം യുഡിഎഫ് പിടിച്ചെടുക്കും; വിശ്വാസ സംരക്ഷണത്തിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭം നടന്ന ജില്ലയാണ് കോഴിക്കോട്; ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് തികഞ്ഞ സംതൃപ്തിയോടെയാണെന്ന് അഡ്വ ടി സിദ്ദീഖ് മറുനാടൻ മലയാളിയോട്

ജാസിം മൊയ്ദീൻ

ഹൈന്ദവരുടെ വിശ്വാസ സംരക്ഷണത്തിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭം നടന്ന ജില്ലയാണ് കോഴിക്കോട്. കോഴിക്കോട് ജില്ലയിലെ കോൺഗ്രസിനകത്തെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാനായിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനടക്കം യുഡിഎഫ് പിടിച്ചെടുക്കും.രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിമാറിക്കൊടുക്കാനായത്് ഭാഗ്യമായി കണക്കാക്കുന്നു. വ്യക്തിഹത്യകളിൽ തളർന്നിട്ടില്ല. ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് തികഞ്ഞ സംതൃപ്തിയോടെയാണെന്ന് അഡ്വ ടി സിദ്ദീഖ് മറുനാടൻ മലയാളിയോട്.

കോഴിക്കോട്: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളിൽ പ്രഗത്ഭനായ ഒരാളാണ് അഡ്വ ടി സിദ്ദീഖ്. 2016 മുതൽ മൂന്നര വർഷക്കാലമായി അദ്ദേഹം കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനായിരുന്നു. അദ്ദേഹത്തിന് കെപിസിസി വൈസ്പ്രസിഡണ്ടായി സ്ഥാനക്കയറ്റം ലഭിച്ചതോടെ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി യു രാജീവൻ മാസ്റ്ററെ തെരഞ്ഞെടുത്തിരിക്കുന്നു. വരും ദിവസം ജില്ല കോൺഗ്രസ് കമ്മറ്റി അദ്ധ്യക്ഷന്റെ ചുമതലകൾ ടി സിദ്ദീഖ് യു രാജീവൻ മാസ്റ്റർക്ക് കൈമാറും. ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന ഘട്ടത്തിൽ ജില്ലകോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനെന്ന നിലയിൽ കോഴിക്കോട് ജില്ലയിൽ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചും ആസന്നമായിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ പ്രതീക്ഷകളെ കുറിച്ചും മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് അഡ്വ. ടി സിദ്ദീഖ്.

മൂന്നര വർഷക്കാലത്തെ ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് പൂർണ്ണ സംതൃപ്തിയോടെ

2016ലാണ് കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായി സ്ഥാനമേൽക്കുന്നത്. മൂന്നര വർഷം പൂർത്തിയാക്കിയിരിക്കുന്നു. തികഞ്ഞ സംതൃപ്തിയോടെയാണ് ഈ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. എന്നെക്കാൾ പരിചയ സമ്പത്തുള്ള ആളാണ് പുതിയ പ്രസിഡണ്ടായ രാജീവൻ മാസ്റ്റർ. അദ്ദേഹത്തിന് അടുത്ത ദിവസം തന്നെ ചുമതലകൾ കൈമാറും. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള പരിപാടികളും പദ്ധതികളും ഈ മൂന്നര വർഷക്കാലത്തിനിടയിൽ കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് പാർട്ടിക്ക് നടത്താൻ സാധിച്ചു എന്നതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ട്.

ജില്ല കോൺഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ പ്രയാൺ എന്ന പേരിൽ ഒരു പദ്ധതി ആവിഷ്‌കരിക്കുകയാണ് ചെയ്തത്. പാർട്ടി പ്രവർത്തകർക്ക് കൃത്യമായി പഠന ക്യാമ്പുകൾ സംഘടിപ്പിക്കലായിരുന്നു പ്രയാണിന്റെ ഉദ്ദേശ്യം. വർഷങ്ങൾക്ക് ശേഷമായിരുന്നു ഇത്തരത്തിൽ ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറത്ത് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരെയും നേതാക്കളെയും ഒരുമിച്ചിരുത്തി ക്യാമ്പുകൾ സംഘടിപ്പിച്ചത്. ഇത് പാർട്ടിയിലെ ഐക്യം ഊട്ടിയുറപ്പിക്കാൻ ഏറെ ഉപകാരപ്രദമായി. അന്ന് മുതൽ നിരവധി പ്രവർത്തനങ്ങളാണ് ജില്ലയിൽ പാർട്ടി ആവിഷ്‌കരിച്ചത്. അതിൽ പ്രധാനപ്പെട്ട ഒരു പദ്ധതിയായിരുന്നു ഒരു കാലത്ത് കോൺഗ്രസ് പാർട്ടിയിൽ സജീവമായി നിന്നിരുന്ന സാസ്‌കാരിക പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നത്.

കോഴിക്കോട്ടെയും സംസ്ഥാനത്താകെയുമുള്ള സാസ്‌കാരിക, സാഹിത്യ പ്രവർത്തകരെ കോൺഗ്രസ് പാർട്ടിയുമായി സഹകരിപ്പിച്ചു കൊണ്ട് മുൻകാലങ്ങളെ അപേക്ഷിച്ച് നിരവധി പ്രവർത്തനങ്ങൾ ഈ മൂന്ന് വർഷക്കാലയളവിനുള്ളിൽ നടപ്പിലാക്കാൻ സാധിച്ചു. സിഐഎ സമരവുമായി ബന്ധപ്പെട്ട് ശശിതരൂരടക്കമുള്ള ആളുകൾ പങ്കെടുത്ത് നിരവധി പ്രക്ഷോഭങ്ങൾ കോഴിക്കോട് കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ചപ്പോൾ നിരവധിയായ സാസ്‌കാരിക പ്രവർത്തകർ അതിൽ പങ്കെടുത്തു. ജയറാം രമേഷ്, ടിപി ശ്രീനിവാസൻ, മണിശങ്കർ അയ്യർ, എംജിഎസ് നാരായണൻ, എംഎൻ കാരശ്ശേരി തുടങ്ങി നിരവധിയായ സാസ്‌കാരിക പ്രവർത്തകരെ വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പടുത്താനായതും ഇക്കാലയളവിലാണ്.

നിരവധിയായ പ്രഭാഷണ പരമ്പരകളും ഇക്കാലളവിൽ പാർട്ടി കോഴിക്കോട് സംഘടിപ്പിച്ചു. ഗൗരി ലേങ്കഷ് കൊല്ലപ്പെട്ട സമയത്ത് ഗാന്ധി ടു ഗൗരി എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഓഖി ദുരന്തമുണ്ടായ സമയത്ത് കോഴിക്കോട് ജില്ലയുടെ തീരദേശ മേഖലയിലൂടെ ചേമ്പാല മുതൽ ബേപ്പൂർ വരെ പദയാത്ര നടത്തി മത്സ്യത്തൊഴിലാളികളടക്കമുള്ളവരുടെ പ്രശ്നങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു.സബർമതിയെന്ന പേരിൽ വീടില്ലാത്തവർക്ക് വീടുണ്ടാക്കിക്കൊടുക്കുന്ന പദ്ധതി ആവിഷ്‌കരിച്ചു.

ജില്ലയിൽ വിവിധയിടങ്ങളിൽ നിരവധി വീടുകളുടെ പ്രവർത്തി പൂർത്തീകരിച്ചു. അവിടെ താമസം തുടങ്ങി. നിരവധി വീടുകളുടെ പ്രവർത്തികൾ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നു. പരിസ്ഥിതിയുടെ രാഷ്ട്രീയം മുഖ്യധാരയിലേക്കെത്തിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളും ജില്ല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇക്കാലയളവിൽ നടന്നു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും പിറന്നാളുകളിൽ ഒരു മരം നടുന്ന പദ്ധതിയും നടപ്പിലാക്കിയത് ഈ കാലഘട്ടത്തിലാണ്. വർങ്ങൾക്ക് ശേഷം കോൺഗ്രസ് പ്രവർത്തകരുടെ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചതും ഈ മൂന്നര വർഷക്കാലത്തിനിടയിലായിരുന്നു.

രക്തസാക്ഷി കുടംബങ്ങളുടെ സംഗമങ്ങൾ നടത്തി. ജില്ലയിൽ പലയിടത്തായി നടന്നിരുന്ന സിപിഐഎം ബിജെപി സംഘർഷങ്ങൾക്കെതിരെ മാനവ മഹാംസംഗമങ്ങൾ നടത്തി. അതിന്റെ ഫലമായി ഇരുപാർട്ടികൾക്കും ആയുധങ്ങൾ താഴെ വെക്കേണ്ടി വന്നു. ഫാ.ടോംഉഴുന്നാലിനെ ഐഎസ് ഭീകരർ തടവിലാക്കിയ ഘട്ടത്തിൽ അദ്ദേഹത്തിന്റെ മോചനത്തിനായി ആദ്യമായി തെരുവിലിറങ്ങിയത് കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു. പിന്നീട് അദ്ദേഹം മോചിതനായി എത്തിയപ്പോൾ അദ്ദേഹത്തിന് സ്വീകരണവും നൽകി. ഇത്തരത്തിൽ നിരവധിയായ പ്രവർത്തനങ്ങളാണ് ഈ മൂന്നര വർഷക്കാലത്തിനുള്ളിൽ ജില്ല കോൺഗ്രസ് കമ്മറ്റി നടപ്പിലാക്കിയിരിക്കുന്നത്. അതെല്ലാം പറയാനിരുന്നാൽ ദിവസങ്ങളോളം വേണ്ടി വരും. ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കകത്ത് നിലനിന്നിരുന്ന 99 ശതമാനം പ്രശ്നങ്ങളും പരിഹരിക്കാനായിട്ടുണ്ട്. മുന്നണി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും ഈ മൂന്നര വർഷക്കാലയളവിനുള്ളിൽ കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ തലമുതിർന്ന കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമുണ്ട്. അവരുടെ ജീവനും രക്തവുമെല്ലാം പാർട്ടിക്ക് വേണ്ടി സംഭാവന ചെയ്ത നിസ്വാർത്ഥരായ കോൺഗ്രസ് പ്രവർത്തകർ. അവരെയെല്ലാം ഒരുമിച്ച് കൂട്ടാനും അവരുടെ അനുഭവങ്ങൾ പുതിയ തലമുറ പാർട്ടിപ്രവർത്തകർക്ക് കൈമാറാനും അവരെ ആദരിക്കാനും ഈ മൂന്നര വർഷത്തിനിടയിൽ ശ്രമിച്ചിട്ടുണ്ട്.

ശബരിമലയിൽ ആചാരലംഘനത്തിന് സർക്കാർ കൂട്ടുനിന്ന സമയത്ത് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിനായി കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടത്തിയ ജില്ലയാണ് കോഴിക്കോട്. കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിലും ഡിസിസി ഓഫീസ് കേന്ദ്രീകരിച്ച് ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്യുന്നതിനും സമാഹരിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടന്നു. കോഴിക്കോട് ജില്ലക്ക് പുറത്തേക്കും ജില്ല കോൺഗ്രസ് കമ്മറ്റിയുടെ കരുതൽ എത്തി. പത്തനംതിട്ടയിലേക്കും, എറണാകുളത്തേക്കും, വയനാട്ടിലേക്കുമെല്ലാം ഡിസിസി ഓഫീസിൽ നിന്ന് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളുമായി ലോറികൾ പുറപ്പെട്ടു. ഡിസിസി പ്രസിഡണ്ടെന്ന നിലയിൽ അതിനെല്ലാം നേതൃത്വം നൽകാൻ എനിക്കായിട്ടുണ്ട്. അതുകൊണ്ടെല്ലാം തന്നെ തികഞ്ഞ ആത്മസംതൃപ്തിയോടു കൂടിയാണ് ഇപ്പോൾ ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. എന്നേക്കാൾ കഴിവും പരിചയ സമ്പത്തുമുള്ള ആളാണ് യു രാജീവൻ മാസ്റ്റർ. അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും ആശംസകളും ഞാൻ ഈ അവസരത്തിൽ അർപ്പിക്കുകയാണ്. അടുത്ത ദിവസം തന്നെ ഒദ്യോഗികമായി ചുമതലകൾ അദ്ദേഹത്തിന് കൈമാറും.

കെപിസിസി വൈസ് പ്രസിഡണ്ടെന്ന പുതിയ ചുമതല ഉത്തരവാദിത്വങ്ങൾ വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും ഡിസിസി പ്രസിഡണ്ടെന്ന പോലെ തിരക്കുകളുണ്ടാകില്ലെന്നാണ് കരുതുന്നത്. നേരത്തെ ഞാൻ സ്ഥിരമായി യോഗ ചെയ്യാറുണ്ടായിരുന്നു, കോഴിക്കോട് കടപ്പുറത്ത് വന്ന് വോളിബോളും ഫുഡ്ബോളും കളിക്കാറുണ്ടായിരുന്നു. ഡിസിസി പ്രസിഡണ്ടായതിന് ശേഷം അത് പൂർണ്ണമായും മുടങ്ങിപ്പോയിരുന്നു. ഭക്ഷണം പോലും സമയത്തിന് കഴിക്കാൻ പറ്റിയിരുന്നില്ല. ആ രീതിയിൽ തിരക്കുപിടിച്ച ജീവിതമായിരുന്നു കഴിഞ്ഞ മൂന്നര വർഷക്കാലം. കെപിസിസി വൈസ്പ്രസിഡണ്ടെന്ന നിലയിൽ കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥ സംഘടനകളുടെ ചുമതലയും ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ട ചുമതലയുണ്ടാകും. എങ്കിലും മുടങ്ങിപ്പോയ വ്യായാമങ്ങളും വായനയും എഴുത്തുമെല്ലാം പുനരാരംഭിക്കണമെന്നും ആഗ്രഹമുണ്ട്.

ജീവിതത്തിലൊരിക്കലും മദ്യപിക്കാത്ത എന്നെ മദ്യപാനിയായി ചിത്രീകരിച്ചു

ഡിസിസി പ്രസിഡണ്ടായ സമയം മുതൽ നിരവധിയായ അധിക്ഷേപങ്ങൾ എനിക്ക് നേരെ എതിർപാർട്ടികളിലുള്ളവർ ഉന്നയിച്ചു. വ്യക്തിപരമായും കുടുംബപരമായും എന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി. ജീവിത്തിലൊരിക്കലും മദ്യപിക്കാത്ത എന്നെ കള്ളുകുടിയനായി ചിത്രീകരിച്ചു. ആദ്യമായി മരുഭൂമിയിലൂടെ സവാരി നടത്തിയ സമയത്ത് കാൽ നിലത്തുറക്കാതെ വീഴാൻപോയതിനെ മദ്യപിച്ച് ലെക്കുകെട്ടതായി ചിത്രീകരിച്ചു. കുടുംബത്തെ വരെ അതിലേക്ക് വലിച്ചിഴച്ചു. മരണപ്പെട്ട കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലേക്ക് ഭക്ഷ്യസാധനങ്ങൾ ചുമലിലേറ്റി പോകുന്ന ചിത്രമെടുത്ത് പിണറായി വിജയൻ സർക്കാറിന്റെ സൗജന്യ കിറ്റ് സ്വീകരിക്കുന്ന ഡിസിസി പ്രസിഡണ്ടെന്ന നിലയിൽ പ്രചരിപ്പിച്ചു. ഭാര്യയെയും മക്കളെയും വരെ ഇത്തരത്തിൽ അപവാദ പ്രചരണങ്ങളിലേക്ക് വലിച്ചിഴച്ചു. ഞാൻ മനസ്സ് കൊണ്ട് പോലും വിചാരിക്കാത്ത കാര്യങ്ങളിൽ എന്നെ പ്രതിചേർത്ത് പ്രചരണങ്ങൾ നടന്നു. ഇത്തരം പ്രചരണങ്ങൾ നടത്തിയവർ തന്നെ പിന്നീട് ക്ഷമാപണം നടത്തുന്ന സ്ഥിതിയുണ്ടായി. സാധാരണ ഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ മനുഷ്യർക്ക് വിഷമമുണ്ടാകുന്നത് പോലെ എനിക്കുമുണ്ടായിരുന്നു. എന്നാൽ പ്രചരണങ്ങൾക്കൊന്നും എന്നെ തളർത്താനായിട്ടില്ല. അതിൽ തളർന്നിരിക്കാനോ നാട് വിട്ടുപോകാനോ ഞാൻ തയ്യാറായിരുന്നുമില്ല. കാരണം ഞാൻ വ്യക്തിപരമായി ആരെയും ഇത്തരത്തിൽ ആക്ഷേപിച്ചിട്ടില്ല. അതെന്റെ രാഷ്്ട്രീയവുമല്ല. എന്റെ മനസ്സ് സത്യസന്ധമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രചരണങ്ങളുടെ ഒരു ഘട്ടത്തിലും ഞാൻ തളർന്നിട്ടില്ല.

രാഹുൽഗാന്ധിക്ക് വേണ്ടി വഴി മാറി 

ഏതൊരു പൊതുപ്രവർത്തകനെയും പോലെ ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ പ്രതിനിധീകരിക്കണമെന്ന ആഗ്രഹം എനിക്കുമുണ്ടായിരുന്നു. അങ്ങനെയാണ് മുന്നണിയും പാർട്ടിയും തീരുമാനിച്ചത് പ്രകാരം വയനാട് സീറ്റിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നത്. കോൺഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും സംബന്ധിച്ച് നൂറ് ശതമാനം വിജയം ഉറപ്പുള്ള സീറ്റായിരുന്ന വയനാട്. സ്ഥാനാർത്ഥിയായി തീരുമാനിക്കപ്പെട്ട് കൽപറ്റയിൽ പ്രചരണജാഥ നടക്കുന്നതിനിടയിലാണ് ഉമ്മൻ ചാണ്ടി ഫോണിൽ വിളിച്ച് ഇക്കാര്യ പറയുന്നത്. രാഹുൽ ഗാന്ധി കേരളത്തിലേക്ക് മത്സരിക്കാനായി വരുന്നുണ്ടെന്നും വയനാട് സീറ്റാണ് തീരുമാനിച്ചിരിക്കുന്നതും പറയുന്നത്.

എന്നോട് വിഷമം തോന്നരുതെന്നും പറഞ്ഞു. ഞാൻ അദ്ദേഹത്തിനോട് മറുപടി പറഞ്ഞത് ഒരു വിഷമവുമില്ല, ഇക്കാര്യം ആദ്യം അനൗൺസ് ചെയ്യുന്നത് ഞാനായിരിക്കുമെന്നുമാണ്. അങ്ങനെ ഞാൻ തന്നെയാണ് എനിക്ക് പകരം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യം മുക്കത്ത് വെച്ച് വാർത്തസമ്മേളനം വിളിച്ച് പ്രഖ്യാപിക്കുന്നത്. ജീവതത്തിൽ ഏറ്റവും വലിയ സംതൃപ്തി നൽകിയ തീരുമാനങ്ങളിലൊന്നായിരുന്നു അത്. രാഹുൽ ഗാന്ധിയെ പോലെ മതേതര ഇന്ത്യയുടെ പ്രതീക്ഷയായ ഒരാൾക്ക് വഴി മാറിക്കൊടുത്തു എന്ന അഭിമാനം മരണം വരെ എന്നെ മുന്നോട്ട് നയിക്കും.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ  യുഡിഎഫ് പിടിച്ചെടുക്കും

വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് കേൾക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതായിരിക്കും. രൂപീകരണ കാലം മുതൽ ഇടതുമുന്നണി ഭരിക്കുന്ന കോഴിക്കോട് ജില്ലപഞ്ചായത്തും മൂന്ന് പതിറ്റാണ്ടിലേറെയായി ഇടതുമുന്നണി കുത്തകയാക്കി വെച്ചിരിക്കുന്ന കോഴിക്കോട് കോർപറേഷനും യുഡിഎഫ് പിടിച്ചെടുക്കും. ജില്ലയിലെ മഹാഭൂരിഭാഗം നഗരസഭകളിലും ഇക്കുറി യുഡിഎഫ് അധികാരത്തിൽ വരും. വർഷങ്ങളായി കോഴിക്കോട് ജില്ലയിൽ നിന്നും നിയമസഭയിൽ കോൺഗ്രസിന്റെ അംഗങ്ങളുണ്ടാകാറില്ല.

അടുത്ത തവണ അതിനും മാറ്റമുണ്ടാകും. എണ്ണംപറഞ്ഞ എംഎൽഎമാർ കൈപ്പത്തി അടയാളത്തിൽ ജയിച്ച് കോഴിക്കോട് ജില്ലയിൽ നിന്നും നിയമസഭയിലെത്തും. ജില്ലയുൾപ്പെടുന്ന മൂന്ന് പാർലമെന്റ് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചുവരുന്നുണ്ട്. ഇത്തവണ അത് ജില്ല പഞ്ചായത്തിലേക്കും അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. ജില്ലയിലാകെ അതിന് സഹായകമാകുന്ന തരത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഉണർവേകാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന ദേശീയ നേതൃത്വങ്ങളുടെ സഹായത്തോടെ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നടപ്പിലാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങൾ തെരഞ്ഞെടുപ്പിൽ ഉണ്ടാകും.

പിണറായി വിജയന്റെ  ഭരണം പൂർണ്ണപരാജയം

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന്റെ നാല് വർഷക്കാലത്തെ ഭരണം പൂർണ്ണപരാജയമാണ്. എൻഐഎയും കസ്റ്റംസും എൻഫോഴ്സ്മെന്റ്ും തുടങ്ങി സകല അന്വേഷണ ഏജൻസികളും സെക്രട്ടേറിയേറ്റിലും മുഖ്യമന്ത്രിയും ഓഫീസിലും കയറി ഇറങ്ങുന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറിയെ 70 മണിക്കൂറോളം അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു.

ഇതെല്ലാം സർക്കാറിനും കേരള രാഷ്ട്രീയത്തിനും സംസ്ഥാനത്തിനാകെയും നാണക്കേടാണ്. അഴിമതിയുടെ കൂത്തരങ്ങായി സംസ്ഥാന ഭരണം മാറി. സ്പ്രിങ്ളറും, ബെവ്ക്യൂ ആപ്പും, ബ്രൂവറിയും,ഇ മൊബിലിറ്റി പദ്ധതിയുമെല്ലാം അഴിമതി നിറഞ്ഞതായിരുന്നു. ഏറ്റവുമൊടുവിൽ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിലെയും അഴിമതി കഥകളാണ് പുറത്തുവന്നിരിക്കുന്നത്. ഇത്രത്തോളം അഴിമതിയിൽ കുളിച്ചൊരു സർക്കാർ കേരള ചരിത്രത്തിലുണ്ടായിട്ടില്ല.

വെഞ്ഞാറുംമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ല

വെഞ്ഞാറുംമൂട്ടിൽ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ രണ്ട് പേർ മരിച്ചു. അതിൽ കോൺഗ്രസ് പാർട്ടിക്ക് പങ്കില്ല. അറസ്റ്റിലായവർക്ക് വേണ്ടി ഒരു ഇടപെടലും കോൺഗ്രസ് പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. ഒരു ചെറുകടലാസ് പോലും അറസ്റ്റിലായവർക്ക് വേണ്ടി കോടതിയിൽ പാർട്ടി നൽകില്ല. കോൺഗ്രസിന് ആരെയും കൊല്ലാനാകില്ല. കോൺഗ്രസ് പാർട്ടി കൊലയാളികൾക്ക് വേണ്ടി പിരിവ് നടത്താറുമില്ല.അത്തരക്കാരെ സംരക്ഷിക്കാറുമില്ല

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP