Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വപ്നങ്ങളുടെ വ്യാപാരിയല്ല; അങ്ങിനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല; യെമണ്ടൻ പദ്ധതികളുടെ വിതരണക്കാരനുമല്ല; ബൈ ദി കോർപ്പറേറ്റ്‌സ് ഫോർ ദി കോർപ്പറേറ്റ്‌സ് ഓഫ് ദി കോർപറേറ്റ്സ് എന്ന രീതിയിൽ ഇന്ത്യൻ ജനാധിപത്യം മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവൂദിന്റെ റോളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്; ഹാട്രിക് ജയം തേടി ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങുന്ന എ.സമ്പത്ത് എംപി മറുനാടനോട് മനസ് തുറക്കുന്നു

സ്വപ്നങ്ങളുടെ വ്യാപാരിയല്ല; അങ്ങിനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല; യെമണ്ടൻ പദ്ധതികളുടെ വിതരണക്കാരനുമല്ല;  ബൈ ദി കോർപ്പറേറ്റ്‌സ് ഫോർ ദി കോർപ്പറേറ്റ്‌സ് ഓഫ് ദി കോർപറേറ്റ്സ് എന്ന രീതിയിൽ ഇന്ത്യൻ ജനാധിപത്യം മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവൂദിന്റെ റോളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്; ഹാട്രിക് ജയം തേടി ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങുന്ന എ.സമ്പത്ത് എംപി മറുനാടനോട് മനസ് തുറക്കുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: മൂന്നാം വയസിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതാണ് എ. സമ്പത്ത്, സഖാവ് ആനത്തലവട്ടം ആനന്ദന്റെ ചുമലിൽ ഇരുന്നാണ് സമ്പത്ത് അച്ഛൻ അനിരുദ്ധനു വേണ്ടി വോട്ടു തേടിയത്. അന്ന് അനിരുദ്ധൻ ജയിലിലായിരുന്നു. പക്ഷെ അന്നത്തെ സാഹചര്യത്തിൽ അച്ഛന് വോട്ടു തേടാൻ കുഞ്ഞു സമ്പത്ത് ഇറങ്ങുക തന്നെ ചെയ്തു. ചൈനാ ചാരൻ എന്ന് പറഞ്ഞു മുദ്ര കുത്തി ഒന്നരവർഷം അന്നത്തെ സർക്കാർ അനിരുദ്ധനെ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. മൂന്നാം വയസിൽ സമ്പത്ത് അച്ഛനു വേണ്ടി വോട്ടു തേടിയെങ്കിൽ ഇന്നു സമ്പത്ത് വോട്ടു തേടുന്നത് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ തന്റെ മൂന്നാം ഊഴം തേടിയാണ്. വിജയിച്ചാൽ സമ്പത്തിനു കരഗതമാകുക ആറ്റിങ്ങലിൽ നിന്നുള്ള ഹാട്രിക് ജയമാകും.

അച്ഛൻ സമ്പത്തിന്റെ അറസ്റ്റിനെക്കുറിച്ച് ഹൃദയസ്പർശിയാകും വിധം സമ്പത്ത് മറുനാടനോട് ഇങ്ങിനെ പറഞ്ഞു. ജയിലിൽ ആയിരുന്നു. അച്ഛനെ ഒരു ഡിസംബർ മാസം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലിൽ അടയ്ക്കുന്നത്. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ 'അമ്മ ഗർഭിണിയായിരുന്നു. ഈ പ്രത്യേക സാഹചര്യം നിലനിൽക്കുമ്പോൾ തന്നെയാണ് അച്ഛൻ അറസ്റ്റിലാകുന്നത്. പോകുമ്പോൾ അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് മോനെ ചാച്ച പോയിട്ട് വരാം. എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഇങ്ങിനെ പറഞ്ഞു. അപ്പി വരണില്ല. ചാച്ച പോയിട്ടുവാ. പിറ്റേന്ന് ഞാൻ നോക്കുമ്പോൾ എന്റെ പിതാവിനെ കാണുന്നില്ല. അടുത്ത ദിവസവും അച്ഛൻ ഇല്ല. സാധാരണ അച്ഛൻ പോകുമ്പോൾ മൂന്നാലു ദിവസം കഴിഞ്ഞാൽ മടങ്ങി വരും. പക്ഷെ അച്ഛനെ കാണാഞ്ഞു അച്ഛന്റെ മുഷിഞ്ഞു നാറിയ ഉടുപ്പുകളിന്മേൽ കിടന്നു പൊട്ടിക്കരഞ്ഞ കുട്ടിയാണ് ഞാൻ. പിന്നീടാണ് അച്ഛൻ ജയിലിൽ ആണ് എന്ന കാര്യം ഞാൻ അറിഞ്ഞത്.

ജയിൽ എന്താണ് എന്നറിയാത്ത എന്നെ അമ്മയാണ് അമ്മാമന്മാർക്കൊപ്പം അച്ഛനെ കാണാനായി എന്നെ ജയിലിൽ എത്തിക്കുന്നത്. പൂജപ്പുരയിലെ സെൻട്രൽ ജയിലിലേക്ക് കയറിയ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ഒരു പക്ഷെ ഞാൻ ആയിരിക്കും. അപ്പുറവും ഇപ്പുറവും പൊലീസുകാർ. ബന്ധനസ്ഥനായ അനിരുദ്ധൻ ജയിലിൽ. അപ്പോഴുള്ള സംസാരം. ആ ദൃശ്യങ്ങൾ അതൊക്കെ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തി എന്നെനിക്ക് മനസിലായി-സമ്പത്ത് പറയുന്നു. ഈ മാറ്റത്തിൽ നിന്ന് തന്നെയാണ് യഥാർത്ഥ ജനപ്രതിനിധിയുടെ റോളിലേക്ക് സമ്പത്ത് എത്തുന്നതും. വിശദമായ അഭിമുഖമാണ് സമ്പത്ത് മറുനാടന് അനുവദിച്ചത്. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവൂദിന്റെ റോളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്. ബൈ ദി കോർപ്പറേറ്റ്‌സ് , ഫോർ ദി കോർപ്പറേറ്റ്‌സ് , ഓഫ് ദി കോർപറേറ്റ്സ് എന്ന രീതിയിൽ ഇന്ത്യൻ ജനാധിപത്യം മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അഞ്ഞൂറിലേറെ ഭേദഗതി നിർദ്ദേശങ്ങൾ ആണ് വിവിധ ബില്ലുകളുടെ പേരിൽ ഞാൻ നൽകിയത്, 493 ഭേദഗതി നിർദ്ദേശങ്ങൾ ലോക്‌സഭാ സെക്രട്ടറിയേറ്റിനു സ്വീകരിക്കേണ്ടതായി വരുകയും ചെയ്തു. -സമ്പത്ത് പറയുന്നു. തന്റെ മൂന്നാം ഊഴത്തെക്കുറിച്ച്, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വികസന പ്രവർത്തനത്തെക്കുറിച്ച്, വിജയ സാധ്യതകളെക്കുറിച്ച് എല്ലാം സമ്പത്ത് അഭിമുഖത്തിൽ വിശദമാക്കുന്നു.

ഹാട്രിക് വിജയം ലക്ഷ്യമിട്ടാണോ ഇക്കുറി താങ്കൾ ആറ്റിങ്ങൽ മണ്ഡലത്തിൽ പോരിനിറങ്ങുന്നത്?

എന്റെ പാർട്ടി സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വലിയ ഉത്തരവാദിത്തമാണ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ഒരു നിയോഗം തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കണ്ണിലെ കൃഷ്ണമണിപോലെ ഞാൻ കാത്തുസൂക്ഷിച്ചു. അതിർത്തി കാക്കുന്ന ഒരു ഭടന്റെ ജാഗ്രതയും സൂക്ഷ്മതയും ആത്മാർത്ഥയും നിശ്ചയദാർഢ്യവും പ്രവർത്തനനിരതയും ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ പിന്തുടരാനാണ് ഞാൻ ആഗ്രഹിച്ചത്. ഞാൻ സ്വപ്നങ്ങളുടെ വ്യാപാരിയല്ലാ എന്ന് ആറ്റിങ്ങലിൽ കഴിഞ്ഞ തവണ ഞാൻ ജനവിധി തേടുമ്പോൾ തന്നെ പറഞ്ഞിരുന്നു.. യെമണ്ടൻ പദ്ധതികളുടെ വിതരണക്കാരനുമല്ലാ എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

നാടൻ ഭാഷയിൽ പറഞ്ഞാൽ സാധാരണക്കാരന്റെ വക്കീലായി അവരുടെ ശബ്ദം പാർലമെന്റിൽ കേൾപ്പിക്കുന്നതിനായി ഒരർഥത്തിൽ പറഞ്ഞാൽ കണ്ണുണ്ടെങ്കിലും കാണാത്തവരുടെയും കാതുകൾ ഉണ്ടെങ്കിലും കേൾക്കാത്തവരുടെയും ഹൃദയമുണ്ടെങ്കിലും ഹൃദയ ഹൃദയത്തുടിപ്പുകളും വികാരങ്ങളും ഉൾക്കൊള്ളാത്തവരുടെയും കോർപ്പറേറ്റു താത്പര്യം മാത്രം പ്രതിനിധാനം ചെയ്യുന്നവരുടെയും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരുടെയും മനുഷ്യരുടെ പ്രശ്‌നങ്ങളും നാടിന്റെ വിഷയങ്ങളും ഉന്നയിക്കുക പാർലമെന്റിനകത്തും പുറത്തും അത്തരം വിഷയങ്ങൾ സംഘടിപ്പിക്കുക , പ്രശ്ങ്ങളുടെ നിജസ്ഥിതി നിജസ്ഥിതി പറയുക.

ഇവിടെ ഏപ്രിൽ 23 നു കേരളത്തിൽ കേരളത്തിൽ വോട്ടെടുപ്പ് വോട്ടെടുപ്പ് നടക്കുമ്പോൾ ഞാൻ ഉൾപ്പെടെയുള്ള ഐക്യ ജനാധിപത്യപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്നാണ് എനിക്ക് വിനീതമായി വിനീതമായി അഭ്യർത്ഥിക്കാനുള്ളത്..നമ്മുടെ നമ്മുടെ രാജ്യത്തെ രാജ്യത്തെ നിലനിർത്താനുള്ള ചരിത്രപരമായ കടമ ഓരോ ഇന്ത്യക്കാർക്കുമുണ്ട്. രാഷ്ട്രം നിലനിൽക്കുന്നു എങ്കിൽ എങ്കിൽ നമ്മൾ ആരും മരിക്കുന്നില്ല എന്ന് ജവഹർലാൽ ജവഹർലാൽ നെഹ്റു പഠിപ്പിച്ചതുപോലെ എല്ലാ അധികാരങ്ങളും ജനങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. എല്ലാ അധികാരങ്ങളുടെയും ഗുണഭോക്താക്കൾ താഴെത്തട്ടിലുള്ള ജനങ്ങൾ ആയിരിക്കണം എന്ന് നമ്മുടെ രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധി പഠിപ്പിച്ചത് അക്ഷരാർത്ഥത്തിൽ പരിപാലിക്കാൻ ജനപ്രതിനിധികളും പ്രവർത്തകരും പ്രതിജ്ഞാ ബദ്ധരാണ്. ഞാൻ ഒരു ജനപ്രതിനിധി .മാത്രമാണ്. ഞാൻ ജനങ്ങളുടെ വക്താവാണ്. ജനങ്ങൾക്ക് ഒപ്പമാണ് നിലകൊള്ളുന്നത്. ജനങ്ങൾക്കൊപ്പം ജനങ്ങളോടൊപ്പം എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. ഇന്ത്യയിൽ ജനപക്ഷം ഹൃദയപക്ഷം എന്നത് അത് ഇടതുപക്ഷമാണ് അത് ഈ തിരഞ്ഞെടുപ്പോടെ ബോധ്യമാകും.

ശബരിമല പ്രശ്‌നങ്ങൾ, പെരിയ അടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ; ഇക്കുറി വിജയം എളുപ്പമാണോ?

ശബരിമല പ്രശ്‌നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഒക്കെ തിരഞ്ഞെടുപ്പിൽ വിഷയമാകും എന്നറിയാം. അതെല്ലാം ചർച്ച വിഷയമാകുകയും ചെയ്യണം. മഹാത്മാഗാന്ധിയുടെ മുദ്രയുള്ള നോട്ടുകൾ ഒരു രാത്രികൊണ്ട് ഡിമോണിട്ടൈസേഷൻ എന്ന് ഓമന പേരിട്ടു നിരോധിച്ചവരാണ് കേന്ദ്ര സർക്കാർ. ഭീകരവാദം തടയാനും കള്ളപ്പണം പിടിക്കാനും എന്നൊക്കെ പറഞ്ഞു നോട്ടു നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഇപ്പോൾ പറയുന്നത് ഈ തീരുമാനം തങ്ങളുടെ തീരുമാനം അല്ലാ എന്നാണ്. തങ്ങളുടെ തീരുമാനം അല്ലെങ്കിൽ പിന്നെ വേറെ ആരുടെ തീരുമാനമാണിത്. കള്ളപ്പണം തിരികെ പിടിച്ച് ഓരോ ഇന്ത്യക്കാരന്റെ അകൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കും എന്ന് പറഞ്ഞു. ഒരു തീരുമാനവും നടപ്പിലായില്ല. പാര്‌ലമെന്റിറി സ്റ്റാൻഡിങ് കമ്മറ്റികൾ വരെ നിലവിൽ നോക്കുകുത്തികളാണ്. സ്റ്റാൻഡിങ് കമ്മറ്റികൾ കൂടുന്നത് പോലും വല്ലപ്പോഴുമാണ്.

ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കുന്നത്. കോടിക്കണക്കിനു ജനങ്ങളുടെ ഭാഗധേയം നിയന്ത്രിക്കുന്ന ബില്ലുകൾ ആണ് ഇങ്ങിനെ ലാഘവ ബുദ്ധിയോടെ പെരുമാറിയത്. അഞ്ഞൂറിലേറെ ഭേദഗതി നിർദ്ദേശങ്ങൾ ആണ് വിവിധ ബില്ലുകളുടെ പേരിൽ ഞാൻ നൽകിയത്, 493 ഭേദഗതി നിർദ്ദേശങ്ങൾ ലോക്‌സഭാ സെക്രട്ടറിയേറ്റിനു സ്വീകരിക്കേണ്ടതായി വരുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ എല്ലാ നെറികേടുകളെയും ദുഷ്‌ചെയ്തികളെയും തുറന്നു കാട്ടാൻ പാർലമെന്റിൽ എനിക്ക് ലഭിച്ച എല്ലാ അവസരങ്ങളും ഞാൻ വിനിയോഗിച്ചു. കുട്ടികളെകൂടി വിശ്വാസത്തിൽ എടുത്തുള്ള പ്രവർത്തനങ്ങളാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ നടത്തിയിട്ടുള്ളത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യം തന്നെയാണ് ഞങ്ങൾക്കുള്ളത്.

ചില മണ്ഡലങ്ങൾ വിജയസാധ്യത മുൻനിർത്തി കോൺഗ്രസ് എഴുതി തള്ളാറുണ്ട്; പക്ഷെ ഇക്കുറി കോൺഗ്രസ് ആറ്റിങ്ങലിനെ എഴുതിത്ത്ത്തള്ളുന്നില്ല; അടൂർ പ്രകാശ് പോലുള്ള ശക്തനായ സ്ഥാനാർത്ഥിയുണ്ട്?

ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് സ്വാധീന ശക്തിയുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. കേരളം ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് മാതൃകയാകും. അടൂർ പ്രകാശിന്റെ വരവ് ആറ്റിങ്ങലിൽ ഭീഷണിയാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പക്ഷെ സമ്പത്ത് നൽകുന്നില്ല. എല്ലാ മുന്നണികളും ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തും. എല്ലാ എതിർ സ്ഥാനാർത്ഥികൾക്കും സ്വാഗതം ചെയ്യന്നു, . ഞങ്ങൾ മുന്നോട്ടു വെച്ച മുദ്രാവാക്യങ്ങൾ, ഞങ്ങളുടെ വികസന പ്രവർത്തനങ്ങൾ അത് തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയും. യഥാർത്ഥ പക്ഷം ഇടതുപക്ഷമാണ്. കേരളത്തിന്റെ ദേശസ്‌നേഹം ആരും ചോദ്യം ചെയ്യേണ്ടതില്ല. അത് ചോദ്യം ചെയ്യാൻ ആരും വരേണ്ടതുമില്ല.യഥാർത്ഥ പക്ഷം ഇടതുപക്ഷമാണ് എന്ന് ജനങ്ങൾക്ക് അറിയാം.
മലയാളം അറിയാത്ത സോണിയാ ഗാന്ധി പാർലമെന്റിൽ എ.സമ്പത്ത് മുഴക്കിയ മുദ്രാവാക്യം ഏറ്റുവിളിച്ചിട്ടുണ്ട്. ഹൃദയം ഹൃദയത്തോട് ഏറ്റുവിളിച്ച കാര്യങ്ങൾക്ക് ഭാഷ ഒരു തടസമല്ല എന്ന് ഈ കാര്യം തെളിയിക്കുന്നു. ശിവഗിരിമഠവുമായി യാതൊരു പ്രശ്‌നങ്ങളും നിലനിൽക്കുന്നില്ല.

എംപി ഫണ്ട് വിനിയോഗത്തിൽ റെക്കോർഡ് സൃഷ്ടിച്ചു ?

ഏസി ആംബുലൻസ് അടക്കമുള്ള പാലിയേറ്റിവ് കെയർ സംവിധാനങ്ങൾ ഇന്ത്യയിൽ ഉള്ള ഒരേ ഒരു പാർലമെന്റ് മണ്ഡലം ആറ്റിങ്ങൽ മണ്ഡലം മാത്രമാണ്. ഇന്ത്യയിൽ കുട്ടികൾക്ക് കളിക്കാനായി ഏറ്റവും കൂടുതൽ പാർക്കുകൾ ഉള്ള പാർലമെന്റ് മണ്ഡലവും ആറ്റിങ്ങൽ മാത്രമാണ്. ഇന്ത്യയിൽ അഞ്ച് ഐസറുകൾ മാത്രമാണ് ഉള്ളത്. അതിൽ ഒന്ന് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ മാത്രമാണ്. ഒരു പാസ്‌പോർട്ട് സേവാ കേന്ദ്രം കൂടി ആറ്റിങ്ങൽ മണ്ഡലത്തിൽ തുറന്നിട്ടുണ്ട്. നേമത്ത് കോച്ചിങ് ടെർമിനൽ നിർമ്മാണം ഇപ്പോൾ ആരംഭിച്ചിട്ടുമുണ്ട്.

ആറ്റിങ്ങലിൽ എംപി ഫണ്ട് എത്താത്ത ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനവുമില്ല. കല്ലമ്പലത്ത് നാല് വരിപ്പാത യാഥാർഥ്യമാകുന്നു. ഇത് നാഷണൽ ഹൈവേയുടെ ഭാഗമാണ്. അല്ലാതെ ബൈപ്പാസ് അല്ല. ഭൂമി ഏറ്റെടുക്കൽ ജോലികളെല്ലാം സുതാര്യമായി മാറുകയാണ്. വികസനം എന്നത് ആരുടെയും ഔദാര്യമല്ല. ഓരോ മനുഷ്യന്റെയും അവകാശമാണ്. ഈ അവകാശം ട്രാൻസ്‌ജെൻഡർമാർ പോലുമുണ്ടെന്നു ഞാൻ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. എംപി ഫണ്ട് ചെലവിടാൻ പ്രചോദനം നൽകുന്നത് മണ്ഡലത്തിലെ സാധാരണ ജനങ്ങളാണ്. അംബേദ്കർ കോളനിയിലെ മൂന്നു സെന്ററിൽ നിന്ന് ഒന്നര സെന്റ് നൽകിയ അമ്മയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. ഇവരെല്ലാം നന്മയുടെ പ്രതീകമാണ്.

പാർക്കിനു വേണ്ടി ഭൂമി വിട്ടു നൽകാൻ ആളുകൾ. തയ്യറാകുന്നു. അംഗനവാടി നിർമ്മിക്കാൻ ഭൂമി വിട്ടു നൽകുന്നു. എംപി ഫണ്ട് പദ്ധതികൾ വരുന്നത് ചെറിയ മനുഷ്യരുടെ വലിയ ആഹ്ളാദങ്ങൾക്ക് അനുസരിച്ചാണ് ഞാൻ എംപി ഫണ്ട് ചിലവഴിച്ചത്. ജനങ്ങളുടെ ഒപ്പം നിന്ന് സത്യസന്ധമായാണ് കാര്യങ്ങൾ ചെയ്തത്. ജനങ്ങളിൽ നിന്നും ഒളിച്ചു വെച്ചില്ല. ജനങ്ങൾക്കൊപ്പം നിന്ന് സത്യസന്ധമായാണ് കാര്യങ്ങൾ ചെയ്തത്. എംപി ഫണ്ടിന്റെ കാര്യത്തിൽ പാർലമെന്ററി കമ്മറ്റി ചെയർമാൻ തന്നെ എന്നെ പ്രശംസിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ ആണ് ചെയർമാൻ. നിങ്ങൾ എംപി ഫണ്ട് വഴി സോഷ്യൽ അസറ്റ് ആണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. അഞ്ചു കോടി രൂപ ഓരോ വർഷവും ചെലവിടുമ്പോൾ അത് എട്ടുകോടിയോളം രൂപയുടെ സോഷ്യൽ അസറ്റ് ആയി മാറുകയാണ്. ഇതാണ് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞത്. ഇത് ഒരു കൂട്ടായ്മയായി ചെയ്തതാണ്. ഞങ്ങൾക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്.

ഇന്ത്യയിൽ ആദ്യത്തെ സാമ്രാജ്യത്വ വിരുദ്ധ കലാപം നടന്ന മണ്ണിനെയാണ് ഞാൻ പ്രതിനിധാനം ചെയ്യുന്നത്. ഇനിയും എന്നെത്തന്നെ പ്രതിനിധിയായി തിരഞ്ഞെടുക്കണമെന്നു പറഞ്ഞാണ് ഞാൻ അവരുടെ മുന്നിലേക്ക് പ്രതിനിധിയായി വരുന്നത്. 1721-ൽ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ ആദ്യത്തെ കലാപം നടന്ന മണ്ണാണ് ആറ്റിങ്ങൽ. അഞ്ച് തെങ്ങു കോട്ട വിഷു ദിനത്തിൽ ആക്രമിച്ചാണ് ആറ്റിങ്ങലുകാർ പ്രക്ഷോഭത്തിന് തുടക്കമിടുന്നത്. കല്ലറ-പാങ്ങോട് സമരവും നടന്ന മണ്ണും ആറ്റിങ്ങലിലെ മണ്ണ് തന്നെ. ആ കലാപത്തിനും 75 വർഷങ്ങൾ തികയുകയാണ്. സ്വദേശാഭിമാനി പത്രത്തിന്റെ വക്കം മൗലവിയുടെ നാടും ആറ്റിങ്ങൽ തന്നെ. മലയാളത്തിന്റെ പ്രിയ നടൻ പ്രേംനസീറിന്റെ നാടും ആറ്റിങ്ങൽ മണ്ഡല ത്തിൽ ഉൾപ്പെടുന്നു, അത്തരം ഒരു നാട്ടിൽ നിന്നാണ് അവരുടെ ധപ്രതിനിധിയായി ഞാൻ വീണ്ടും ആറ്റിങ്ങലിൽ നിന്നും ജനവിധി തേടുന്നത്.

ദേശീയ തലത്തിൽ ബിജെപി ഗോലിയാത്തിനെപോലെയാണ് തിരഞ്ഞെടുപ്പ് ഗോദയിൽ നിലകൊള്ളുന്നത്. കംസനെ വീഴ്‌ത്തിയത് കറുത്ത കുഞ്ഞാണ്. അത് നിങ്ങൾ ഓർക്കണം. ശ്രീകൃഷ്ണൻ എന്ന കൊച്ചു കുഞ്ഞാണ്. ഗോലിയാത്തിനെ തോൽപ്പിച്ചത് നിക്കർ ധരിച്ച ചെറിയ ബാലനാണ്. ഒരു ചെറിയ ബാലന്റെ കവണയിലാണ് ഗോലിയാത് വീണത്. ഈ ഊർജം തന്നെയാണ് ഞങ്ങളുടെയും കരുത്ത്. ഞങ്ങൾക്ക് ലാഭം വേണം ലാഭം വേണം എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നാട്ടിൽ തൊഴിലില്ലായ്മ, യുവജനപ്രശ്‌നങ്ങൾ, ജനങ്ങളുടെ പ്രശ്‌നങ്ങൾ എല്ലാം തന്നെ അധികരിച്ചിരിക്കുകയാണ്. നോട്ടു നിരോധനം വന്നപ്പോൾ എന്താണ് പറഞ്ഞത്. കള്ളപ്പണം എല്ലാം അവസാനിക്കുകയാണ് എന്നാണ് പറഞ്ഞത്. പക്ഷെ എല്ലാം കഴിഞ്ഞപ്പോൾ കാണുന്നത് രാഷ്ട്രത്തിന്റെ പ്രതിരോധത്തിന്റെ പേരിൽ കാശ് സമ്പാദിച്ചു കൂട്ടുകയാണ്. ഇന്ത്യൻ ഭരണത്തിന്റെ തലപ്പുറത്തുള്ളവർ എല്ലാം വലിയ കോർപ്പറെറ്റുകളുടെ വക്കീലന്മാർ ആയി മാറുകയാണ്. ഇന്ത്യൻ ജനാധിപത്യം എന്നത് ബൈ ദി കോർപ്പറേറ്റ്, ഫോർ ദി കോർപ്പറേറ്റ്, ഓഫ് ദി കോർപറേറ്റ്സ് എന്ന് മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിനു എതിരെ അരുത് എന്ന ശബ്ദം ഉയരുന്നത് ഇടതുപക്ഷത്തു നിന്നാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെയാണ് ശരി എന്ന് ജനങ്ങൾ വിധിയെഴുതും. ആ വിധിയെഴുത്ത് തന്നെയാകും ഏപ്രിൽ 23 നു ദൃശ്യമാവു-സമ്പത്ത് പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP