Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെറ്റുപറ്റിയെങ്കിൽ തിരുത്താൻ ഋഷിരാജ്‌സിങ്ങ് തയാറാണോ? അല്ലെങ്കിൽ എന്നെ കുറ്റം തെളിയിച്ച് ജയിലിലടക്കണം; വ്യാജ സിഡി കേസിൽ ബിസിനസ് തകർന്നടിഞ്ഞ വെൽഗേറ്റ് ഉടമ വർഗ്ഗീസ് മറുനാടൻ മലയാളിയോട്

തെറ്റുപറ്റിയെങ്കിൽ തിരുത്താൻ ഋഷിരാജ്‌സിങ്ങ് തയാറാണോ? അല്ലെങ്കിൽ എന്നെ കുറ്റം തെളിയിച്ച് ജയിലിലടക്കണം; വ്യാജ സിഡി കേസിൽ ബിസിനസ് തകർന്നടിഞ്ഞ വെൽഗേറ്റ് ഉടമ വർഗ്ഗീസ് മറുനാടൻ മലയാളിയോട്

സുനിത ദേവദാസ്

കേരളത്തിൽ തട്ടിപ്പുകാരെ വിറപ്പിക്കുന്ന സിങ്കമെന്നാണു ഋഷിരാജ് സിംഗിന്റെ വിളിപ്പേര്. വിവിധ ജില്ലകളിൽ എസ് പിയായും മൂന്നാർ ദൗത്യസംഘാംഗമായും ഇപ്പോൾ ഗതാഗത കമ്മിഷണറായും കേരളത്തെ വിറപ്പിക്കുകയാണ് ഋഷിരാജ്. 2006-ൽ കുറച്ചുവർഷം മുമ്പ് കേരളമൊട്ടുക്കു നടന്ന വ്യാജ സിഡി റെയ്ഡുകളിലൂടെ ഋഷിരാജ് കേരളത്തെ ഞെട്ടിച്ചു. അതുവരെ കേരളത്തിൽ സിഡി രംഗത്തു സജീവസാന്നിധ്യമായിരുന്ന വെൽഗേറ്റ് കമ്പനിയുടെ റെയ്ഡിന്റെ രണ്ടാം ദിവസം പൂട്ടി. വർഷങ്ങൾ പിന്നിട്ടിട്ടും കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല. പകർപ്പവകാശ ലംഘനത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് വെൽഗേറ്റ് ഉടമ വർഗ്ഗീസ് സർക്കാരിനെ സമീപിച്ചു. അന്വേഷണം നടത്താതെയാണ് സിഡികൾ പിടിച്ചെടുത്തത് എന്ന് കാണിച്ച് കേസിൽ തുടർ അന്വേഷണം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് സംഘം ഋഷിരാജ് സിങ്ങ് പിടിച്ചെടുത്ത സിഡികൾ പരിശോധിച്ചു. ഒടുവിൽ അവ വ്യാജ സിഡികൾ അല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വർഗ്ഗീസ് പൊലീസ് പരാതി പരിഹാര അഥോറിറ്റിയെ സമീപിച്ചു. അവർ ഋഷിരാജ് സിങ്ങിന് സമൻസ് അയച്ചു. പലവട്ടം സമൻസ് അയച്ചെങ്കിലും സമൻസ് കൈപ്പറ്റിയില്ല. ഒടുവിൽ പ്രത്യേക ദൂതൻ മുഖാന്തിരം സമൻസ് എത്തിച്ചു. ഒക്‌ടോബർ എട്ടിന് ഋഷിരാജ് സിങ്ങ് അഥോറിറ്റിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകണം. റെയ്ഡും കേസും തുടങ്ങിയിട്ട് ഏഴ് വർഷം കഴിഞ്ഞു. ഈ ഘട്ടത്തിൽ വെൽഗേറ്റ് ഉടമ വർഗ്ഗീസ് തന്റെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു.

എന്റെ ഇരുപതാമത്തെ വയസ്സിൽ യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കുമ്പോൾ ആരംഭിച്ച ബിസിനസ് ആണിത്. സൈക്കളിൽ കാസറ്റ് കൊണ്ട് നടന്ന് കൊടുക്കും. 1982 കാലഘട്ടമാണത്. അന്ന് ആരും അത്തരം ബിസിനസ് ചെയ്തിരുന്നില്ല. കേരളത്തിലെ ആദ്യത്തെ വീഡിയോ ഷോപ്പ് വെൽഗേറ്റിന്റേതാണ്. അന്ന് ടിവിക്കും വിസി ആറിനും കൂടി 1,40000 രൂപയായിരുന്നു വില. അക്കാലത്ത് വീഡിയോ വ്യവസായ രംഗത്ത് ഞങ്ങൾക്ക് എതിരാളികൾ പോയിട്ട് രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കാൻ പോലും ആളുണ്ടായിരുന്നില്ല.

734 സിനിമകളുടെ പകർപ്പവകാശം ഞങ്ങൾക്കുണ്ടായിരുന്നു. ഈ സിനിമകളുടെ പകർപ്പകവാശം ഇന്ത്യയിൽ ഞങ്ങൾക്ക് മാത്രമായിരുന്നു. കാസർകോഡ് മുതൽ പാറശ്ശാല വരെ 103 ഷോറൂമുകൾ വെൽഗേറ്റിനുണ്ടായിരുന്നു. 2006 ൽ സംഗീത സംവിധായകൻ ഇളയരാജ സംവിധാനം ചെയ്ത ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന സിനിമ ഞങ്ങൾ നിർമ്മിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 17 കോടി രൂപ മുതൽ മുടക്കിലാണ് സിനിമ നിർമ്മിച്ചത്. ഈ സിനിമയുടെ പ്രദർശനത്തിന് ഞങ്ങൾ ഒരുങ്ങുമ്പോഴാണ് സ്ഥാപനത്തിൽ റെയ്ഡ് നടന്നത്.

സിനിമയുടെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ഞാൻ എറണാകുളത്ത് ഫിലിം ചേംബറിന്റെ മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയി. 2006 നവംബർ 30 വ്യാഴാഴ്ച. ആ സമയത്താണ് ഋഷിരാജ് സിങ്ങ് തിരുവനന്തപുരത്തെ എന്റെ ഷോപ്പിൽ റെയ്ഡ് നടത്തുന്നത്. മാദ്ധ്യമങ്ങളെ റെയ്ഡിന്റെ വിവരം മുൻകൂട്ടി അറിയിച്ച് വൻ മാദ്ധ്യമപ്പടയോടൊപ്പമാണ് ഋഷിരാജ് സിങ്ങ് വന്നത്. അദ്ദേഹത്തോടൊപ്പം ആന്റി പൈറസി സെല്ലിന്റെ സ്റ്റേറ്റ് കോർഡിനേറ്റർ എന്ന് ഋഷിരാജ് സിങ്ങ് പരിചയപ്പെടുത്തിയ ഭാസ്‌ക്കരക്കുറുപ്പ് എന്ന വ്യക്തിയും മ്യൂസിയം എസ്‌ഐയും ഉണ്ടായിരുന്നു. ഭാസ്‌ക്കരക്കുറുപ്പ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നാണ് ഋഷിരാജ് സിങ്ങ് പരിചയപ്പെടുത്തിയത്. എന്റെ കടയിൽ നിന്നും മഹസർ എഴുതാതെ നിരവധി സിഡികൾ ലോറിയിൽ കയറ്റി കൊണ്ടുപോയി. എന്റെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.

ഭാസ്‌ക്കരക്കുറുപ്പ് ആരാണ് ?

ഋഷിരാജ് സിങ്ങിന്റെ കൂടെ പൊലീസിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഭാസ്‌ക്കരക്കുറുപ്പ് എത്തിയത്. ഡിഐജി റാങ്കിലുള്ള സ്റ്റേറ്റ് കോർഡിനേറ്റർ ആന്റി പൈറസി സെൽ എന്നാണ് ഋഷിരാജ് സിങ്ങ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. യഥാർത്ഥത്തിൽ ഭാസ്‌ക്കരക്കുറുപ്പ് റിട്ടയേർഡ് എസ്‌പിയാണ്,. 2002-ലാണ് ഇദ്ദേഹം സർവ്വീസിൽ നിന്നും പിരിഞ്ഞത്. കോഴിക്കോട് ചേവായൂരിലാണ് ഇദ്ദേഹത്തിന്റെ വീട്. മോസർ ബെയർ ഇന്ത്യാ ലിമിറ്റഡ് എന്ന ഡൽഹി ആസ്ഥാനമായുള്ള മാർവാടി കമ്പനിയുടെ കേരളാ പ്രതിനിധിയായിരുന്നു ഭാസ്‌ക്കരക്കുറുപ്പ്. മോസർ ബെയറിന്റെ ഒരു സംഘടനയുടെ അംഗം മാത്രമാണ് ഭാസ്‌ക്കരക്കുറുപ്പ്. സർക്കാർ ഉദ്യോഗസ്ഥനല്ലാത്ത ഭാസ്‌ക്കരക്കുറുപ്പിനെക്കൂട്ടി ഋഷിരാജ് സിങ്ങ് റെയ്ഡ് നടത്തിയതും തെറ്റായി പരിചയപ്പെടുത്തിയതും എന്തിനെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.

റെയ്ഡും മോസർബെയറും വെൽഗേറ്റും

മോസർബെയർ കമ്പനി കേരളത്തിൽ തങ്ങളുടെ ബിസിനസ് മേഖല വ്യാപിപ്പിക്കുവാനായി 2006-ലാണ് തീരുമാനം എടുക്കുന്നത്. അന്ന് മോസർബെയറിന്റെ കേരളാ പ്രതിനിധി ഭാസ്‌ക്കരക്കുറുപ്പായിരുന്നു. തുടക്കത്തിൽ വെൽഗേറ്റ് അടക്കമുള്ള കമ്പനികളിൽ നിന്നും വീഡിയോ സിഡികളുടെ പകർപ്പവകാശം വാങ്ങിച്ചാണ് മോസർബെയർ വ്യവസായം ആരംഭിക്കുന്നത്.

290 രൂപയായിരുന്നു വെൽഗേറ്റിന്റെ വിസിഡിയുടെ വില. അതിൽ കുറഞ്ഞ വിലയിൽ മോസർ ബെയർ വിസിഡി വിൽക്കരുത് എന്ന കരാറിൽ രണ്ടരക്കോടി രൂപയുടെ എഗ്രിമെന്റ് വെൽഗേറ്റും മോസർബെയറും തമ്മിലുണ്ടാക്കി. അതിൽ 75 ലക്ഷം രൂപ ചെക്കായി വെൽഗേറ്റിന് ലഭിച്ചു. എന്നാൽ മോസർബെയർ കരാറിന് വിരുദ്ധമായി 28.50 രൂപയ്ക്കു കേരളത്തിൽ ഉടനീളം വിസിഡി വിതരണം ആരംഭിച്ചു. ഈ ഇടപാടുമായി ബന്ധപ്പെട്ട് വിലപേശാൻ വെൽഗേറ്റിലെത്തിയത് ഭാസ്‌ക്കരക്കുറുപ്പായിരുന്നു.

മോസർബെയർ കരാർ ലംഘിച്ചതിനാൽ വെൽഗേറ്റ് കരാറിൽ നിന്നും പിന്മാറി. 75 ലക്ഷത്തിനുള്ള 115 സിനിമകളുടെ പകർപ്പവകാശം മാത്രം മോസർബെയറിന് നൽകി കരാർ റദ്ദാക്കി. ഇതേത്തുടർന്ന് ഏത് വിധേനെയും കേരളത്തിൽ ചുവടുറപ്പിക്കാനും വെൽഗേറ്റിനെ നശിപ്പിക്കാനും മോസർബെയർ കമ്പനി ആഗ്രഹിച്ചു.

റെയ്ഡും പത്രവാർത്തകളും ഋഷിരാജ് സിങ്ങും

നിരവധി മാദ്ധ്യമപ്രവർത്തകരോടൊപ്പമാണ് ഋഷിരാജ് സിങ്ങ് റെയ്ഡ് നടത്തിയത്. റെയ്ഡിന് ശേഷം ഋഷിരാജ് സിങ്ങ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ചു. വെൽഗേറ്റിൽ നിന്നും പിടിച്ചെടുത്ത എല്ലാ സിഡികളും വ്യാജമാണെന്നും കേരളത്തിൽ നൂറിലധികം കടകളിൽ വെൽഗേറ്റ് വ്യാജ സിഡി വിൽക്കുന്നുണ്ടെന്നും അവയെല്ലാം ഞാൻ പൂട്ടിക്കുമെന്നും ഋഷിരാജ് സിങ്ങ് പറഞ്ഞു. യഥാർത്ഥത്തിൽ യാതൊരു വിധത്തിലുള്ള സാങ്കേതിക പരിശോധനകളും നടത്താതെ മുൻവിധിയോടെയാണ് അദ്ദേഹം സംസാരിച്ചത്. ഒരു ലോറി നിറയെ സിഡികൾ കയറ്റിക്കൊണ്ട് പോകുന്ന ചിത്രവും വാർത്തയും മനോരമ പ്രസിദ്ധീകരിച്ചു. സിഡിയോടൊപ്പം വെൽഗേറ്റിന്റെ ഷോറൂമിലുണ്ടായിരുന്ന അറുപതിനായിരത്തിൽപ്പരം സിഡികളുടെ ഒറിജിനൽ പർച്ചേസ് ബില്ലും ഇൻകംടാക്‌സ് സെയിൽ ടാക്‌സുമായി ബന്ധപ്പെട്ട എല്ലാവിധ ഒറിജിനൽ റെക്കോർഡുകളും കണക്കുകളും കമ്പ്യൂട്ടറുകളും മഹസർ എഴുതാതെ ലോറിയിൽ കയറ്റിക്കൊണ്ടുപോയി. വെൽഗേറ്റ് ഉടമ വർഗ്ഗീസ് ഒളിവിലാണെന്ന് വാർത്തയും പരന്നു. ഞാൻ എറണാകുളത്ത് നിന്നും തിരികെ വന്ന് പിറ്റേദിവസം ഡിജിപി രമൺശ്രീവാസ്തവയെ കണ്ടു. ഐജി ഋഷിരാജ് സിങ്ങിന്റെയും ഭാസ്‌ക്കരക്കുറുപ്പിന്റെയും ആൾമാറാട്ട നാടകം ബോധ്യപ്പെടുത്തി. തുടർന്ന് ആന്റി പൈറസി സെൽ നോഡൽ ഓഫീസർ എന്ന സ്ഥാനത്ത് നിന്നും ഋഷിരാജ് സിങ്ങിനെ മാറ്റി. അന്ന് എറണാകുളത്തുള്ള ടോമിൻ തച്ചങ്കരിയുടെ ഷോപ്പിൽ റെയ്ഡ് നടത്തുകയായിരുന്നു.

ഋഷിരാജ് സിങ്ങ് പ്രതികാര നടപടികൾ ആരംഭിക്കുന്നു

മുഖ്യമന്ത്രി അച്യുതാനന്ദൻ ഇടപെട്ടതിനെത്തുടർന്ന് ഋഷിരാജ് സിങ്ങ് തത്സ്ഥാനത്ത് തിരികെ വന്നു. ഇതോടെ എന്റെ കഷ്ടകാലം ആരംഭിച്ചു. വഴുതക്കാട്ട് ഷോറൂമിൽ നിന്നും എടുത്തുകൊണ്ട് പോയിട്ടുള്ള ബില്ലുകളും വൗച്ചറുകളും പരിശോധിച്ചതിന് ശേഷം (അദ്ദേഹത്തിന്റെ അധികാരപരിധിയിൽപ്പെടാത്ത) സെയിൽ ടാക്‌സ് അധികാരികൾക്ക് ഞാൻ തെറ്റായ റിപ്പോർട്ട് നൽകിയെന്നു പറഞ്ഞ് മൂന്നു കോടിയലധികം പിഴ കമ്പനിക്ക് ചുമത്തി. എന്റെ കവടിയാറിലുള്ള വീട് ഇതേത്തുടർന്ന് സെയിൽടാക്‌സ് ഡിപ്പാർട്ട്‌മെന്റ് ജപ്തി ചെയ്തു. സെയിൽ ടാക്‌സുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഋഷിരാജ് സിങ്ങ് റെയ്ഡ് നടത്തി പിടിച്ചെടുത്തിരുന്നു. എന്നാൽ അവ കോടതിയിൽ ഹാജരാക്കിയതുമില്ല. അതുകൊണ്ട് എനിക്ക് ആ രേഖകൾ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ വരികയും ചെയ്തു.

യൂണിയൻ ബാങ്കിലായിരുന്നു എന്റെ അക്കൗണ്ട്. ഋഷിരാജ് സിങ്ങ് യൂണിയൻ ബാങ്കിന്റെ ചാല ബ്രാഞ്ചിനോട് വ്യാജ സിഡി നിർമ്മിക്കുവാൻ വെൽഗേറ്റിന് ഒരുകോടി നാൽപ്പത് ലക്ഷം രൂപം നൽകിയിട്ടുണ്ടോ എന്ന് ചോദിച്ചു. വ്യാജ സിഡി നിർമ്മിക്കുവാൻ ലോൺ നൽകിയ ബാങ്കിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് റെയ്ഡ് നടന്നതിന്റെ പിറ്റേ ദിവസം യൂണിയൻ ബാങ്ക് വെൽഗേറ്റിന്റെ എല്ലാ അക്കൗണ്ടുകളും എൻപിഎ ആയി പ്രഖ്യാപിച്ച് മരവിപ്പിച്ചു.

വഴുതക്കാട് ഷോറൂം റെയ്ഡ് നടത്തിയപ്പോൾ എനിക്ക് കോട്ടയത്തുള്ള പ്ലാസ ജൂവലറി എന്ന സ്ഥാപനവുമായുള്ള ബിസിനസ് ബന്ധം വ്യക്തമാകുന്ന രേഖകൾ ഋഷിരാജ് സിങ്ങിന് ലഭിച്ചു. തുടർന്ന് തൊമ്മിക്കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള പ്ലാസ ജൂവലറി റെയ്ഡ് ചെയ്തു. അവിടെ നിന്നും ഒറിജിനൽ സിഡികൾ എടുത്ത് വ്യാജ സിഡി എന്ന് പറഞ്ഞ് കള്ളക്കേസ് രജിസ്റ്റർ ചെയ്തു. ജൂവലറി ഉടമയായ തൊമ്മിക്കുഞ്ഞിനെ വ്യാജ സിഡി നിർമ്മാതാവ് എന്ന് മുദ്രകുത്തി കോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ കോടതി കേസ് ഡിസ്ചാർജ്ജ് ചെയ്തു. 65 ലക്ഷം രൂപയ്ക്ക് പ്ലാസ ജൂവലറി എന്ന സ്ഥാപനം വാങ്ങാൻ സമ്മതിച്ച് 36,55000 രൂപ ഞാൻ നൽകിയിരുന്നു. ഇതിന്റെ സകല രേഖകളും റെയ്ഡിൽ ഋഷിരാജ് സിങ്ങ് പിടിച്ചെടുത്തു. തൊമ്മിക്കുഞ്ഞിനെ അപകീർത്തിപ്പെടുത്താൻ വെൽഗേറ്റ് കാരണമായി എന്നതിനാലും എന്റെ കയ്യിൽ കരാറിന്റഎ രേഖകൾ ഇല്ലാതിരുന്നതിനാലും അഡ്വാൻസായി നൽകിയ 36,55000 രൂപ നഷ്ടപ്പെട്ടു. അവർ കരാറിൽ നിന്നും പിന്മാറി.

എറണാകുളത്തെ കമ്പനി ഷോറൂം പൂട്ട് പൊളിച്ച് കടന്ന് കയറി ഋഷിരാജ് സിങ്ങ് റെയ്ഡ് ചെയ്തു. എന്നാൽ ഇന്നേവരെ യാതൊരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. റെയ്ഡ് ചെയ്ത സിഡികളോ രേഖകളോ തിരികെ കിട്ടിയിട്ടുമില്ല. ഋഷിരാജ് സിങ്ങ് ഫിലിം ചേംബറിന്റെയും സിനിമാ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ഒരു യോഗം ഫിലിം ചേംബറിന്റെ ഓഫീസിൽ വിളിച്ചു കൂട്ടി. തുടർന്ന് വെൽഗേറ്റിൽ നിന്നും പതിനായിരത്തിൽ അധികം വരുന്ന വ്യാജ സിഡികൾ പിടിച്ചെടുത്തുവെന്നും ഉടമയും സിനിമാ നിർമ്മാതാവുമായ വർഗ്ഗീസ് ഒളിവിലാണെന്നും പറഞ്ഞു. 17 കോടി രൂപ മുടക്കി നിർമ്മിച്ച എന്റെ സിനിമ ആ ഒരൊറ്റക്കാരണം കൊണ്ട് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് നിരോധിച്ചു. ഇന്നും സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

വെൽഗേറ്റിനുണ്ടായ നഷ്ടങ്ങൾ

ഏകദേശം 31 കോടി രൂപയുടെ സാമ്പത്തിക നഷ്ടവും ബ്രാൻഡ് നെയിമിന്റെ കളങ്കപ്പെടലുമാണ് ഇക്കാലയളവിൽ വെൽഗേറ്റിനുണ്ടായത്. അതേത്തുടർന്ന് ഏഴ് വർഷത്തെ ബിസിനസ് നഷ്ടവും വെൽഗേറ്റിന്റെ പത്ത് കമ്പനികളുടെ പ്രവർത്തനം നിലച്ചു. 103 ഷോറൂമുകൾ അടച്ച് പൂട്ടി. 1011 ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. 17 കോടി രൂപ മുതൽ മുടക്കുള്ള സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞില്ല. സെയിൽസ് ടാക്‌സ് പിഴ ചുമത്തിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. സിജെഎം കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ കോപ്പി എടുക്കാൻ ഹൈക്കോടതി അനുവദിച്ചു. എന്നാൽ കോടതിയിലെ രേഖകൾ പരിശോധിച്ചപ്പോൾ റെയ്ഡ് ചെയ്ത പലരേഖകളും അതിൽ കണ്ടില്ല. അവ ഋഷിരാജ് സിങ്ങിന്റെയോ ഭാസ്‌ക്കരക്കുറുപ്പിന്റെയോ മ്യൂസിയം പൊലീസിന്റെയോ കയ്യിലായിരിക്കാം എന്നു ഞാൻ കരുതുന്നു. കോടതികളിലും കമ്മീഷനുകളിലും നിരന്തരമായി കയറിയിറങ്ങിയതിനെത്തുടർന്ന് കേസ് പുനരന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് വിശദമായ പുനരന്വേഷണം നടത്തി. വ്യാജ സിഡികൾ എന്ന് പറയപ്പെട്ട പതിനായിരത്തോളം സിഡികൾ പരിശോധിച്ചു. അവയൊന്നും വ്യാജ സിഡികൾ ആയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 1345 സിഡികളുടെ ഒറിജിനൽ ബില്ലുകൾ ഹാജരാക്കിയിട്ടില്ല എന്ന ഒരേയൊരു കുറ്റം മാത്രമാണ് ഒടുവിൽ എന്നിൽ ചുമത്തിയത്. എന്നാൽ യഥാർത്ഥത്തിൽ ഇതടക്കം അറുപതിനായിരത്തിൽപ്പരം സിഡികളുടെ ഒറിജിനൽ പർച്ചേസ് ബില്ലുകൾ ഋഷിരാജ് സിങ്ങ് പിടിച്ചെടുത്തിരുന്നു. സിഡികൾ വാങ്ങിയത് നിയമാനുസൃതമാണെങ്കിൽ കോപ്പിറൈറ്റ് അനുസരിച്ച് കേസുകൾ എടുക്കാൻ സാധിക്കില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ രേഖാമൂലം പറയുകയുണ്ടായി. ഹൈക്കോടതിയെ സമീപിച്ചപ്പോഴൊക്കെ കേസിന്റെ വിവിധ ഘട്ടങ്ങളിൽ എന്റെ ബിസിനസിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന പത്തൊൻപത് ഉത്തരവുകൾ ലഭിച്ചു. ഒടുവിലാണ് ഞാൻപൊലീസ് കംപ്ലെയ്ൻസ് അഥോറിറ്റിയെ സമീപിച്ചത്. ഋഷിരാജ് സിങ്ങ് നടത്തിയ നിയമവിരുദ്ധമായ നടപടികൾക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരുടെ പട്ടികയിൽപ്പെടുത്തണമെന്നുമാണ് എന്റെ ആവശ്യം.

വർഗ്ഗീസ് അനുഭവിച്ച വേദനകൾ

ഒരു ജീവിതം മുഴുവൻ വീഡിയോ ബിസിനസിനായി നീക്കിവച്ച വ്യക്തിയാണ് ഞാൻ. സൈക്കളിൽ വിസിഡി കൊണ്ട് നടന്നു വിൽക്കുന്നതിൽ നിന്നും കേരളത്തിലെ നമ്പർ വൺ വീഡിയോ സിഡി ബിസിനസിലേക്ക് എത്തിയതിന് പിന്നിൽ എന്റെയും ഭാര്യ ദീപാ വർഗീസിന്റെയും കഠിനാദ്ധ്വാനവും അർപ്പണബോധവും ത്യാഗവുമുണ്ട്. എന്നാൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പറ്റിയ തെറ്റിന്റെ പേരിൽ ഒരൊറ്റ ദിവസം കൊണ്ട് ഞങ്ങൾക്കും മക്കൾക്കും ജീവിതം തന്നെ കൈവിട്ട് പോയി. ഋഷിരാജ് സിങ്ങിനെപ്പോലുള്ള ഒരു പൊലീസ് ഓഫീസർ എതിർകക്ഷിയായതുകൊണ്ട് ഞങ്ങൾക്ക് എവിടെ നിന്നും നീതി ലഭിച്ചില്ല. ഋഷിരാജ് സിങ്ങിന് തെറ്റ് പറ്റി, ഞങ്ങൾ നിരപരാധികളാണ് എന്ന് പറയാൻ പോലും ഒരു വേദി ഞങ്ങൾക്ക് ലഭിച്ചില്ല. കഴിഞ്ഞ ഏഴ് കൊല്ലം കൊണ്ട് ഒരു ജീവിതത്തിൽ അനുഭവിക്കാവുന്ന എല്ലാ ദുരിതവും അനുഭവിച്ചു. എന്റെ വീട് സെയിൽസ് ടാക്‌സ് ജപ്തി ചെയ്തു. ജീവിക്കാൻ വേണ്ടി പഴവും പച്ചക്കറികളും കച്ചവടം ചെയ്യേണ്ട ഗതികേടിലേക്ക് ഞങ്ങളെത്തി. കുറവൻകോണത്തുള്ള ഇപ്പോൾ പഴം-പച്ചക്കറി വിൽപ്പന നടത്തുന്ന ഈ കെട്ടിടം എന്റെ വീടായിരുന്നു. പണ്ട് ആറ് കോടി രൂപ മുടക്കിയാണ് ഇത് നിർമ്മിച്ചത്. ഇതും സെയിൽ ടാക്‌സിന്റെ ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

വ്യാജ സിഡി നിർമ്മാതാവ് എന്ന പേര് വന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും അകന്ന് പോയി. ഒരു ഫോൺ ചെയ്യാൻ പോലും ആളുകൾ മടിച്ചു. ഞങ്ങൾ വല്ലാതെ ഒറ്റപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് ഒരുവശത്ത്, മക്കളാണെങ്കിൽ കൊച്ചുകുട്ടികൾ, തീവ്രവാദിയെ കാണുന്നത് പോലെയാണ് ആളുകൾ എന്നെ നോക്കിയത്. ഇപ്പോഴും എനിക്ക് ഒന്നേ വേണ്ടൂ. ഋഷിരാജ് സിങ്ങിന്റെ കാല് പിടിച്ച് ഞാൻ ആവശ്യപ്പെടുന്നു. തെറ്റ് പറ്റി എന്ന് മാത്രമൊന്ന് സമ്മതിച്ചാൽ മതി. റെയ്ഡിൽ പിടിച്ചെടുത്ത വിലപിടിച്ച രേഖകൾ തിരിച്ച് തരാൻ കനിവുണ്ടാകണം. അത് നിയമപരമായിട്ടൊന്നും വേണ്ട. എങ്കിൽ എനിക്കെന്റെ ബാക്കിയുള്ള ജീവിതം തിരിച്ച് കിട്ടും. സിനിമ റിലീസ് ചെയ്യാം. സെയിൽസ് ടാക്‌സിന്റെ ജപ്തി ഭീഷണിയിൽ നിന്നും രക്ഷപ്പെടാം. അദ്ദേഹം അതിന് തയ്യാറാണെങ്കിൽ അദ്ദേഹത്തിനെതിരായി ഞാൻ നൽകിയ എല്ലാ കേസുകളും പിൻവലിക്കാൻ തയ്യാറാണ്. നിരുപാധികം. എനിക്ക് നഷ്ടപരിഹാരം വേണ്ട, ഒന്നും വേണ്ട, എന്റെ കമ്പനിയുടെ നഷ്ടപ്പെട്ട ഗുഡ് വിൽ തിരികെ കിട്ടിയാൽ മതി.

കേസിൽ പെട്ടപ്പോൾ എനിക്ക് മനസ്സിലായി. പണത്തിന്റെ വില. പണമുണ്ടെങ്കിൽ എല്ലാമുണ്ട്. ഇല്ലെങ്കിൽ ഒന്നുമില്ല. സ്വന്തവും ബന്ധവും പോലും. കേസിൽപ്പെടുമ്പോൾ കേരളത്തിലെ ലാഭമുണ്ടാക്കുന്ന ബിസിനസുകളിൽ 17-ാം സ്ഥാനത്തായിരുന്നു വെൽഗേറ്റ്. ഇന്നത്തെ ഞങ്ങളുടെ അവസ്ഥയെന്താണ്.

(വർഗീസിന്റെ പരാമർശങ്ങളെക്കുറിച്ചു ഋഷിരാജ് സിംഗിനോടും ഭാസ്‌കരക്കുറുപ്പിനോടും മറുനാടൻ മലയാളി പ്രതികരണം ആരാഞ്ഞിരുന്നു. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസായതിനാൽ പ്രതികരിക്കാൻ തൽക്കാലം നിർവാഹമില്ലെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ മറുപടി. ആലോചിച്ചു പിന്നീടു പറയാമെന്നായിരുന്നു ഭാസ്‌കരക്കുറുപ്പിന്റെ പ്രതികരണം)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP