Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കേണ്ടത് സർക്കാർ സർവറിൽ; ആരോഗ്യ വിവരങ്ങൾ ലഭിച്ചാൽ അത് മരുന്നു കമ്പനികൾക്കായി വിറ്റഴക്കപ്പെടാം; ഡാറ്റകൾ അമേരിക്കൻ കമ്പനിക്ക് കൈമാറിയതിലും കേസുകളുടെ അധികാര പരിധി കേരളമാകും എന്ന നിബന്ധന വെക്കാത്തതും വൻ വീഴ്‌ച്ച; കരാർ കഴിഞ്ഞാൽ ഡാറ്റകൾ ഡിലീറ്റ് ചെയ്യും എന്ന് പറയുന്നതിന്റെ അർഥം വിവരങ്ങൾ കമ്പനിക്ക് ലഭ്യമാകും എന്നു തന്നെ; മൗലിക അവകാശമായ സ്വകാര്യത കേരള സർക്കാർ സ്പിങ്ലർക്ക് വിറ്റു: വിവാദ ഇടപാടിനെ കുറിച്ച് ശ്രീജിത്ത് പണിക്കർ മറുനാടനോട്

ജനങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കേണ്ടത് സർക്കാർ സർവറിൽ; ആരോഗ്യ വിവരങ്ങൾ ലഭിച്ചാൽ അത് മരുന്നു കമ്പനികൾക്കായി വിറ്റഴക്കപ്പെടാം; ഡാറ്റകൾ അമേരിക്കൻ കമ്പനിക്ക് കൈമാറിയതിലും കേസുകളുടെ അധികാര പരിധി കേരളമാകും എന്ന നിബന്ധന വെക്കാത്തതും വൻ വീഴ്‌ച്ച; കരാർ കഴിഞ്ഞാൽ ഡാറ്റകൾ ഡിലീറ്റ് ചെയ്യും എന്ന് പറയുന്നതിന്റെ അർഥം വിവരങ്ങൾ കമ്പനിക്ക് ലഭ്യമാകും എന്നു തന്നെ; മൗലിക അവകാശമായ സ്വകാര്യത കേരള സർക്കാർ സ്പിങ്ലർക്ക് വിറ്റു: വിവാദ ഇടപാടിനെ കുറിച്ച് ശ്രീജിത്ത് പണിക്കർ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ കാലത്ത് ഭദ്രമായ നിലയിൽ മുന്നോട്ടു പോയ പിണറായി സർക്കാരിനു അപ്രതീക്ഷിതമായ അടിപതറിയത് സ്പ്രിൻക്ലർ വിവാദത്തിലാണ്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് ഈ കൊറോണ കാലത്ത് കൈമാറുമ്പോൾ വരുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ നേതാവിന്റെ പതിനഞ്ചു ചോദ്യങ്ങളാണ് സ്പ്രിൻക്ലർ വിവാദത്തിൽ സർക്കാരിനു അപ്രതീക്ഷിതമായ പ്രഹരമായി മാറുന്നത്. പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്ന് വന്ന പാളിച്ചയാണ് അല്ലെങ്കിൽ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ വന്ന വീഴ്ചയാണ് സ്പ്രിൻക്ലർ വിവാദം രാഷ്ട്രീയ കൊടുങ്കാറ്റായി മാറുന്നത്. ചായക്കോപ്പയിലെ കാറ്റ് കൊടുങ്കാറ്റായി മാറുന്ന വിചിത്രമായ കാഴ്ചയ്ക്കാണ് സ്പ്രിൻക്ലർ വിഷയത്തിൽ സംസ്ഥാനം ദർശിച്ചത്. എല്ലാം സുതാര്യം എന്ന് ഐടി സെക്രട്ടറി എം.ശിവശങ്കർ വ്യക്തമാക്കുമ്പോഴും കാര്യങ്ങൾ സുതാര്യമല്ല എന്ന് തന്നെയാണ് ഇടത് കേന്ദ്രങ്ങളിൽ നിന്നും ഭരണ കേന്ദ്രങ്ങളിൽ വരുന്ന വിലയിരുത്തൽ. ഐടി വിദഗ്ദരും ഈ വിലയിരുത്തൽ തന്നെയാണ് പ്രബുദ്ധ കേരളത്തിനു കൈമാറുന്നത്. സ്പ്രിൻക്ലർ വിഷയത്തിലും ഡാറ്റാ കൈമാറ്റത്തിലും സർക്കാരിനു ഗുരുതരമായ പിഴവുകൾ വന്നുവെന്നാണ് ഐടി വിദഗ്ദനായ ശ്രീജിത്ത് പണിക്കർ മറുനാടനോട് പറഞ്ഞത്.

എല്ലാം സുതാര്യമല്ല. വീഴ്ചകൾ ഏറെയാണ്. ജനങ്ങൾ ഏറ്റവും സെൻസിറ്റീവ് ആയി കരുതുന്ന ആരോഗ്യവിവരങ്ങൾ ഒരു അമേരിക്കൻ കമ്പനിക്ക് ആരുടേയും അനുമതി കൂടാതെ സർക്കാർ നൽകി. പൗരന്മാരുടെ ആരോഗ്യകാര്യങ്ങൾ ഏറെ വിശ്വസിച്ചാണ് അവർ സർക്കാരിനു ഒരു പ്രത്യേക സാഹചര്യത്തിൽ കൈമാറുന്നത്. ഇത് ജനങ്ങളോട് ഒരു ഉത്തരവാദിത്തവുമില്ലാത്ത അമേരിക്കൻ കമ്പനിക്ക് എങ്ങനെ സർക്കാരിനു കൈമാറാൻ കഴിയും. പരമ രഹസ്യമായി സർക്കാർ ചെയ്യാൻ വിചാരിച്ച കാര്യങ്ങൾ അപ്പാടെ വെളിയിൽ വന്നിരിക്കുന്നത്. വല്ലാത്ത ജാള്യതയിലാണ് സ്പ്രിൻക്ലർ വിഷയത്തിൽ സർക്കാർ വന്നുപെട്ടിരിക്കുന്നത്. ഒരു സംസ്ഥാനം ഭരിക്കുന്ന സർക്കാർ എല്ലാ നിയമങ്ങളും ലംഘിച്ചിരിക്കുന്നു. വളരെ ഗുരുതരമായ സ്ഥിതിവിശേഷം സ്പ്രിൻക്ലർ പ്രശ്‌നത്തിൽ സർക്കാരിനു മുന്നിൽ വന്നു പെട്ടിരിക്കുന്നു, അമേരിക്കൻ കമ്പനി സൗജന്യം എന്ന് പറഞ്ഞു നീട്ടിയ കുരുക്കിലേക്ക് മനഃപൂർവം സർക്കാർ ചെന്ന് ചാടുകയായിരുന്നു എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ പ്രയാസമുണ്ട്.

ഒരു ഐടി പോളിസിയുള്ള സർക്കാരാണ് കേരളത്തിലേത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഐടി കാര്യങ്ങളിൽ കേരളം വളരെ മുന്നിലാണ്. ഒരു പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ഐടി കാര്യത്തിന് സർക്കാരിനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടവകുപ്പ് കൂടിയാണിത്. അങ്ങനെ ഒരു പശ്ചാത്തലത്തിൽ സർക്കാർ അറിയാതെ കുരുങ്ങിപ്പോയി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ധപ്രയാസമുണ്ട്. സൗജന്യ സേവനം എന്ന് പറയുമ്പോൾ ടെൻഡർ വിളിക്കേണ്ട കാര്യമില്ല. സൗജന്യം എന്ന് പറഞ്ഞു ടെൻഡർ വിളിക്കാതെ നിയമവകുപ്പ് പോലും അറിയാതെ കരാറിൽ ഏർപ്പെടുകയാണ് സർക്കാർ ചെയ്തത്. എന്നാൽ സ്വയം ന്യായീകരിക്കാൻ സർക്കാരിനു കഴിയുന്നുണ്ടോ? അതുമില്ലാത്ത അവസ്ഥയാണ്. പെട്ടെന്ന് മറികടക്കാൻ കഴിയാത്ത ഒരു പ്രതിസന്ധിയാണ് സർക്കാരിനു മുന്നിലുള്ളത്. സൗജന്യം എന്ന് പറയുമ്പോൾ ഇവർക്ക് വരുന്ന യാത്രാ ചെലവ് ഉൾപ്പെടെയുള്ളവ, അത് അമേരിക്കയിൽ നിന്നാണെങ്കിൽ അമേരിക്കയിൽ നിന്നുള്ള ചാർജ് സർക്കാർ നൽകിയെ മതിയാകൂ. ഈ ബിൽ അവർ കാലാവധി കഴിഞ്ഞാൽ സർക്കാരിനു കൈമാറുകയും ചെയ്യും. കൊറോണ തീരുംവരെയാകും സൗജന്യ സേവനം. എന്നിട്ട് അവർ സേവനങ്ങൾക്കുള്ള ബിൽ അവർ നൽകും. സർക്കാരിനു പിന്നീട് ഈ കാര്യത്തിൽ തീരുമാനമെടുക്കാം. പക്ഷെ പിന്നീടുള്ള സർവീസിന്റെ കാര്യത്തിൽ പണം നൽകേണ്ടി വരും-ശ്രീജിത്ത് പണിക്കർ വിരൽ ചൂണ്ടുന്നു.

ഐടി ഇടപാടുകളിൽ സർക്കാർ നിർബന്ധമായും ചെയ്തിരിക്കേണ്ട നടപടിക്രമങ്ങൾ സ്പ്രിൻക്ലർ കമ്പനിയുമായി കരാറിൽ ഏർപ്പെടുമ്പോൾ ചെയ്തില്ല. ഐടി കമ്പനിയുമായി അതും ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു ഐടി കമ്പനിയുമായി കരാറിൽ ഏർപ്പെടുമ്പോൾ സർക്കാരിന്റെ നിയമവകുപ്പ് ഇത് കണ്ടിരിക്കണം. നിയമവകുപ്പ് ഇത് കണ്ടിട്ടില്ല. ഐടി പ്രിൻസിപ്പൽ സെക്രട്ടറി ഒറ്റയ്ക്ക് കരാറിൽ ഏർപ്പെടുക എന്ന് പറയുന്നത് ഒന്നും വിശ്വസിക്കാൻ കഴിയില്ല. വിവിധ വകുപ്പുകൾ കണ്ട ശേഷം നിയമവകുപ്പ് കൂടി കണ്ടിട്ട് വേണം ചീഫ് സെക്രട്ടറി കരാർ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് സമർപ്പിക്കാൻ. എഗ്രിമെന്റ് തയ്യാറാക്കേണ്ടത് നിയമവകുപ്പാണ്. നിയമവകുപ്പ് ഇത് കണ്ടിട്ടില്ലേ ഇല്ല എന്നാണ് പറയുന്നത്. അത് തന്നെ ഏറ്റവും വലിയ വീഴ്ചയാണ്. ഇടപാടിൽ പണം വരുന്നില്ലാത്തതുകൊണ്ട് നിയമവകുപ്പിന് കൈമാറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു കോൺട്രാക്റ്റ് ഉണ്ടെങ്കിൽ ആ കോൺട്രാക്റ്റിലെ ക്ലോസുകൾ വെരിഫൈ ചെയ്യണം. ഇത് ഇടപാട് സൗജന്യമാണോ എന്ന് നോക്കിയിട്ടല്ല. എല്ലാം ഐടി റിലേറ്റഡ് കാര്യങ്ങളാണ്.

ഐടി കരാറുകൾ എല്ലാം രണ്ടു വിഭാഗത്തിന്റെയും, സർക്കാർ ആണെങ്കിലും അല്ലെങ്കിലും ലീഗൽ ഡിപ്പാർട്ട്‌മെന്റ് കണ്ട ശേഷം മാത്രമേ ഫൈനൽ ആവുകയുള്ളൂ. ഷോർട്ട് ടേം ആണെങ്കിലും ലോങ്ങ് ടേം ആണെങ്കിലും. ഇതാണ് കരാറുകൾക്കുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്. സ്പ്രിൻക്ലർ കരാർ എന്തുകൊണ്ട് നിയമവകുപ്പ് കാണേണ്ടതില്ല എന്ന് മുഖ്യമന്ത്രി തീരുമാനിച്ചു? കരാർ അനുസരിച്ച് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനും കോപ്പി ചെയ്യാനും റീ പ്രൊഡ്യൂസ് ചെയ്യാനുമുള്ള അവകാശങ്ങൾ അവർക്കുണ്ട്. കമ്പനിയുടെ കൈവശമുള്ള ഡാറ്റ അവർക്ക് ഉപയോഗിക്കാൻ കഴിയും. അങ്ങനെ ഒരു അമേരിക്കൻ കമ്പനിക്ക് കൈകാര്യം ചെയ്യാൻ കഴിയെണ്ട ഡാറ്റയല്ല കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ. ലോകത്തിൽ ഏറ്റവും സെൻസിറ്റീവ് ആയി കരുതുന്ന ഡാറ്റയാണ് ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. കേരളത്തിലെ പതിനാലു ജില്ലകളിലെയും ജനങ്ങളുടെ ആരോഗ്യ വിവരങ്ങളാണ് സർക്കാരിന്റെ കൈകളിലുള്ളത്.

ഒരു ഇൻഷൂറൻസ് കമ്പനിയുടെ കയ്യിൽ ഈ ഡാറ്റ കിട്ടിയാൽ കോട്ടയത്ത് ഒരു പ്രായത്തിലുള്ളവർക്ക് ഒരേ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി അവർ മനസിലാക്കും. ഇവർ ഈ രോഗങ്ങൾക്ക് പ്രതിവിധിയായ ഇൻഷൂറൻസ് പോളിസി ഈ ജില്ലയിൽ ഇറക്കും. ഒരു പ്രൊഡക്റ്റിന്റെ കസ്റ്റമർ ആരെന്നു കമ്പനി മനസിലാക്കുകയാണ്. ഒരു ഫാർമസി കമ്പനിക്കാണ് ഡാറ്റ ലഭിക്കുന്നെങ്കിൽ എറണാകുളം റീജിയണലിൽ ഹൃദ്രോഗികൾ ആണെന്ന് അവർ മനസിലാക്കും. ഇടുക്കിയിൽ ഏറ്റവും കൂടുതൽ ഉള്ളവർ കരൾ രോഗികൾ ആണെന്ന് ഇവർ മനസിലാക്കും. അവർക്ക് വേണ്ട മെഡിസിൻസ് അവർ ഈ മേഖലകളിൽ വിതരണം ചെയ്യും. ഡോക്ടർമാരെ സ്വാധീനിക്കാൻ മെഡിക്കൽ റെപ്പുമാരെ വിട്ടാണ് അവർ ഈ രീതിയിലുള്ള മാർക്കറ്റിങ് നടത്തുക. ഡാറ്റകൾ ലഭിക്കുമ്പോൾ അതാത് മേഖലകളിലുള്ളവർക്ക് അത് മാനിപ്പുലേറ്റ് ചെയ്ത് ഉപയോഗിക്കാൻ കഴിയും.

അത്രയും ഡീറ്റെയിൽഡ് ഉള്ള വിവരങ്ങളാണ് കമ്പനികളുടെ കയ്യിൽ ലഭിക്കുന്നത്. അതിനാൽ തന്നെ ആരോഗ്യ വിവരങ്ങൾ ഏറ്റവും സെൻസിറ്റീവ് ആയി ലോകം മുഴുവൻ കാണുന്നു. ഈ രീതിയിലുള്ള വിവരങ്ങളാണ് നിയമവകുപ്പ് പോലും അറിയാതെ ഒരു കമ്പനിക്ക് സർക്കാർ കൈമാറുന്നത്. വിവരങ്ങൾ കോപ്പി ചെയ്യാനുള്ള അവകാശം സ്പ്രിൻക്ലർ കമ്പനിക്ക് നൽകിയിട്ടുണ്ട്. കോൺട്രാക്റ്റ് കഴിയുമ്പോൾ ഡാറ്റ ഡിലീറ്റ് ചെയ്തു കളയും എന്ന് കരാറിലുണ്ട്. ഇതിനർത്ഥം വിവരങ്ങൾ കമ്പനിയുടെ കൈകളിലുണ്ട് എന്നാണ്. കമ്പനിക്ക് ഒരു ഫ്രീ ഹാൻഡ് സർക്കാർ നൽകിയിരിക്കുകയാണ്. കമ്പനി ഫ്രീ സർവീസ് എന്ന് ആദ്യം പറയുമ്പോൾ ഇത്രയും വിവരങ്ങൾ കമ്പനിക്ക് ഫ്രീ ആയി ലഭിക്കുന്നു എന്ന അർഥം കൂടിയുണ്ട്. ഡാറ്റ കൈമാറ്റത്തിന്റെ പേരിൽ കോടതിയിൽ കേസ് നേരിടുന്ന കമ്പനികൂടിയാണ് സ്പ്രിൻക്ലർ. അതുകൊണ്ട് തന്നെയാണ് കമ്പനിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത്.

പൗരന്റെ വിവരങ്ങൾ ചോർന്നാൽ പൗരനു കേസ് നൽകാം. വ്യക്തി കേസ് നൽകുന്നത് സർക്കാരിനു എതിരെയാണ്. ആയിരം പേരുടെ ഡാറ്റ പോയാൽ അവർക്ക് കേസ് ഫയൽ ചെയ്യാൻ കഴിയും. ഡാറ്റ ചോർന്നു പോയിക്കഴിഞ്ഞാൽ എന്ത് രീതിയിലുള്ള ഉത്തരവാദിത്തമാണ് സർക്കാരിനുള്ളത്. ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കും എന്ന് പറയുന്നതല്ലാതെ അത് ഏതുരീതിയിൽ സൂക്ഷിക്കും എന്ന് പറയുന്നില്ല. സർക്കാർ പറയും സ്പ്രിൻക്ലർ കമ്പനിയാണ് എന്ന്. അപ്പോൾ കമ്പനിക്ക് എതിരെ സർക്കാർ കേസ് നൽകണം. കമ്പനി അമേരിക്കൻ കമ്പനിയായാൽ കേസ് നൽകുന്നത് അമേരിക്കയിൽ പോയി വേണം. ഉടമ്പടി പ്രകാരം കേസ് നൽകേണ്ടത് ന്യൂയോർക്ക് കോടതിയിലാണ്. സർക്കാർ അവിടെ പോയി കേസ് നൽകുമ്പോൾ ഡാറ്റ കോപ്പി ചെയ്യാനുള്ള അവകാശം കമ്പനി കോടതിയിൽ ഹാജരാക്കും. സാമ്പത്തിക നഷ്ടം വേറെയും. ഒരു കരാറിൽ ഏർപ്പെടുമ്പോൾ കേസുകളുടെ അധികാര പരിധി കേരളമാകണം. കാരണം സർക്കാരാണ് അവർക്ക് കരാർ നൽകുന്നത്. കേസുകൾ കേരളത്തിന്റെ പരിധിയിൽ തീരുമാനിക്കപ്പെടണം എന്നും കേരളത്തിനു നിബന്ധന വയ്ക്കാം. ഈ രീതിയിലുള്ള നിബന്ധനയില്ല. അതുകൊണ്ട് തന്നെ കേസ് നടത്തണമെങ്കിൽ കേരളം അമേരിക്കയിൽ പോകണം. അതിനാൽ നിയമവകുപ്പ് കരാർ കാണേണ്ടതില്ലാ എന്ന തീരുമാനത്തിനു പിന്നിൽ അടിമുടി ദുരൂഹത തന്നെയാണ് നിലനിൽക്കുന്നത്.

ഇവിടെ ചെയ്യേണ്ടിയിരുന്നത് ഐടി മിഷനിൽ സർക്കാർ സെർവർ സ്ഥാപിക്കണം. സ്റ്റാഫ് തന്നെ അത് മാനേജ് ചെയ്യണം. സ്പ്രിൻക്ലർ കമ്പനിയെ അവിടെയ്ക്ക് സർക്കാർ കൊണ്ട് വരണം. അവരുടെ ആവശ്യം അനുസരിച്ച് സെർവർ ഐടി മിഷനിൽ തന്നെ സർക്കാർ സ്ഥാപിക്കണം. അവിടെ വെച്ച് അവരെക്കൊണ്ട് തന്നെ സോഫ്റ്റ്‌വെയർ നമ്മുടെ മെഷീനിൽ വർക്ക് ചെയ്യിപ്പിക്കണം. ഈ രീതിയിൽ ആണെങ്കിൽ നമ്മുടെ വിവരങ്ങൾ സുരക്ഷിതമാകുമായിരുന്നു. ക്ലൗഡ് സ്റ്റോറെജ് ആണെങ്കിൽ അവർക്ക് പാസ്വേഡ് ഉപയോഗിച്ച് ഡാറ്റ കോപ്പി ചെയ്യാം. ഡാറ്റ പുറത്ത് പോകുമ്പോൾ തന്നെ അപകടമായി. ഇതെല്ലാം വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ്. ആരോഗ്യവിവരങ്ങൾ വിലപിടിപ്പുള്ളത് എന്ന രീതിയിൽ നമ്മൾ ചിന്തിക്കുന്നില്ല. ക്രെഡിറ്റ് കാർഡ് ഡീറ്റെയ്ൽസ് നാം പുറത്ത് വിടില്ല.

പക്ഷെ ആരോഗ്യവിവരങ്ങൾക്ക് ഈ രീതിയിലുള്ള ജാഗ്രത നൽകുന്നില്ല. ആരോഗ്യ വിവരങ്ങൾ സർക്കാർ ഉപയോഗിക്കുമ്പോൾ സമ്മത പത്രം നൽകണം. പൗരന്റെ സമ്മതത്തോടെ മാത്രമേ അത് പുറത്ത് നൽകാൻ പാടുള്ളൂ. ഇനി ഈ വിവരങ്ങൾ സർക്കാരിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അത് തേർഡ് പാർട്ടിക്ക് കൈമാറരുത്. അധാർ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ കൈകളിലാണ്. അവിടെ കയറാൻ വേറെ ആർക്കും അനുമതിയില്ല. ഡാറ്റ ബിസിനസ് ബൃഹത്തായ ബിസിനസ്. വിവരങ്ങൾ കൈവശമുണ്ടെങ്കിൽ അത് ദുരുപയോഗിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതാണ് ഇവിടുത്തെ പ്രശ്‌നം. പ്രൈവസി വ്യക്തിയുടെ മൗലികാവകാശമായി സുപ്രീംകോടതി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈവസി തന്നെയാണ് ഇവിടെ വിൽപ്പനയ്ക്ക് വെച്ചത്-ശ്രീജിത്ത് പണിക്കർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP