Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

25 വർഷത്തിനിടെ പിടിച്ചത് 34,000 പാമ്പുകളെ; വിഷംതീണ്ടിയത് 265 തവണ; പാമ്പുകളുടെ കളിത്തോഴൻ വാവാ സുരേഷ് ലോക പാമ്പു ദിനത്തിൽ മറുനാടൻ മലയാളിയോട്

25 വർഷത്തിനിടെ പിടിച്ചത് 34,000 പാമ്പുകളെ; വിഷംതീണ്ടിയത് 265 തവണ; പാമ്പുകളുടെ കളിത്തോഴൻ വാവാ സുരേഷ് ലോക പാമ്പു ദിനത്തിൽ മറുനാടൻ മലയാളിയോട്

തിരുവനന്തപുരം: ലോക പാമ്പുദിനമെന്ന് ഓർക്കുമ്പോൾ മലയാളികൾ ആദ്യം ഓർമ്മിക്കുക പാമ്പുകളുടെ കളിത്തോഴൻ എന്നറിയപ്പെടുന്ന പാമ്പു പിടുത്തകാരൻ വാവാ സുരേഷിനെയാണ്. രാവിലെ വാവാ സുരേഷിനെ അഭിമുഖത്തിനായി ഫോണിൽ വിളിക്കുമ്പോൾ തിരക്കോട് തിരക്കാണ്. ലോക പാമ്പുദിനമായതിനാൽ എല്ലാവർക്കും അതിഥികളായി സുരേഷിനെ വേണം. ചാനലുകളിൽ പാമ്പുകളുമായി പോയി പാമ്പുകൾ വെറും പാവമാണെന്നും തെറ്റിദ്ധാരണകൾ മാറ്റേണ്ടതാണെന്നുമാണ് സുരേഷ് പറഞ്ഞത്. രണ്ട് ചാനൽ സ്റ്റുഡിയോകളിൽ കയറിയ ശേഷമാണ് സുരേഷിന്റെ വരവ്. ഇന്ന് രാവിലത്തെ ചാനലുകളുടെ പ്രഭാത പരിപാടികളുടെ അതിഥിയായിരുന്നു സുരേഷ്. കൈയിലെ കുപ്പിയിൽ ചുരുട്ടി ഇനത്തിൽപെട്ട രണ്ട് പാമ്പുമായാണ് സുരേഷിന്റെ വരവ്. മറുനാടൻ മലയാളിയോട് സംസാരിക്കുമ്പോഴും ഫോൺ നിരന്തരം ശബ്ദിക്കുന്നു. വിളിക്കുന്നവരിൽ മാദ്ധ്യമപ്രവർത്തകരും സുഹൃത്തുകളുമാണ് കൂടുതൽ.

38 വയസുള്ള വാവാ സുരേഷിന് പാമ്പുകൾ എന്നും കളിക്കൂട്ടുകാരായിരുന്നു. ചെറുപ്പത്തിൽ തുടങ്ങിയ ചങ്ങാത്തത്തിനിടെ കൂട്ടുകാരിൽ ചിലർ കുസൃതി കാട്ടിയപ്പോൾ മൂന്ന് തവണ മരണത്തോട് മുഖാമുഖം കണ്ടു സുരേഷ്. ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് സുരേഷ് പാമ്പുപിടുത്തം തുടങ്ങിയത്. അന്ന് പുസ്തകങ്ങളുമായി പാടത്തു കൂടിവേണം സ്‌കൂളിലേക്കോ പോകാൻ. ഈ വഴി പോകുമ്പോഴാണ് ഒരു പാമ്പിനെ കണ്ടത്. മൂർഖനാണോ വിഷമുണ്ടോ എന്നൊന്നും നോക്കിയില്ലെ കൈകൊണ്ട് പിടികൂടി വീട്ടുലേക്ക് കൊണ്ടുപോയി കുപ്പിയിലാക്കി. സംഭവം അറിഞ്ഞപ്പോൾ അമ്മയിൽ നിന്നും പൊതിരെ തല്ലുകിട്ടിയെന്ന് സുരേഷ് ഓർക്കുന്നു. എന്നാൽ തല്ലിന്റെ ചൂടൊന്നും സുരേഷിന്റെ പാമ്പുപ്രേമത്തെ പിന്തിരിപ്പിച്ചില്ല. പാമ്പിനെ കണ്ടാൽ പിടികൂടുന്നത് പതിവാക്കി. സ്‌കൂളിൽ പോകാതെ പാമ്പു പിടിക്കാനും തുടങ്ങി. വീട്ടുകാരുടെ എതിർപ്പൊന്നും വകവെയ്ക്കാതെ ഇത് തുടർന്നു.


15-ാം വയസ്സിലാണ് ആദ്യം സർപ്പം തീണ്ടിയതെന്ന് സുരേഷ് ഓർക്കുന്നു. അന്ന് ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞു. ജീവൻ തിരിച്ചുകിട്ടയത് ഭാഗ്യം കൊണ്ടാണ്. എന്നാൽ പിന്നീട് നിരവധി തവണ വിഷം തീണ്ടിയിട്ടുണ്ടെങ്കിലും തന്റെ ശരീരത്തിന് അതിനെ അതിജീവിക്കാൻ ശേഷി വന്നുവെന്നാണ് സുരേഷ് പറയുന്നത്. സുരേഷ് എങ്ങനെ വാവാ സുരേഷായി എന്നതിന് അദ്ദേഹം നൽകുന്ന ഉത്തരം ഇങ്ങനെ.

'ചെറുവയ്ക്കൽ എന്ന ചെറിയ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. സ്‌കൂളിൽ ചേർത്തപ്പോൾ സുരേഷ് എന്നാണ് പേര് ഇട്ടത്. വീട്ടിൽ അമ്മ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് വാവ എന്നത്. പിന്നീട് നാട്ടുകാരുടെയെല്ലാം പ്രിയങ്കരനായി മാറിയപ്പോൾ നാട്ടുകാർക്കെല്ലാം സുരേഷ് വാവയായി. ഇന്ന് തിരുവവന്തപുരത്ത് എവിടെയെങ്കിലും വിഷമുള്ള പാമ്പുകളെ കണ്ടാൽ ആദ്യം വിളിക്കുക വാവാ സുരേഷിനെയാണ്. ഈ പ്രായത്തിനിടെ 34,000 പാമ്പുകളെ പിടിച്ചിട്ടുണ്ട് വാവാ സുരേഷ്. 265 തവണ പാമ്പു കടിയേൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആശുപത്രിയിൽ പോയത് 15 തവണ മാത്രമാണെന്നാണ് സുരേഷ് പറയുന്നത്.

മറ്റവസരങ്ങളിലെല്ലാം സ്വന്തം ചികിത്സയാണ് താൻ നടത്തിയത്. ഇക്കാലയളവിനിടെ 31 രാജവെമ്പാലയും 150ലേറെ മൂർഖൻ പാമ്പുകളും സുരേഷ് പിടികൂടിയ പാമ്പുകളിൽ പെടും. പാമ്പുപിടുത്തത്തിൽ മറ്റെല്ലാവരെയും കടത്തിവെട്ടുന്ന സുരേഷ് ഗിന്നസ് ബുക്കിൽ ഇടംപിടിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. സർപ്പങ്ങൾ ശാന്തരും പാവങ്ങളുമാണെന്നാണ് വാവ പറയുന്നത്. എന്നാൽ മറ്റുള്ളവരുടെ ഭയം അകറ്റാനായി പാമ്പു പിടിക്കാനുള്ള ശ്രമത്തിനിടെ ഇടതുകൈയിലെ ഒരു കൈവിരൽ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്.

പാമ്പുകൾക്ക് ദേഹക്ഷതമേൽക്കാതെ വിധത്തിൽ അവയെ പിടികൂടുക എന്നതാണ് സുരേഷിന്റെ ശൈലി. അതിനായി ആയുധങ്ങൾ ഒഴിവാക്കി, സ്വന്തം കൈകൾ മാത്രം ഉപയോഗിച്ചാണ് പാമ്പുപിടുത്തം. തിരുവനന്തപുരത്ത് പാമ്പിനെ എവിടെ കണ്ടാലും നാടുകാർ ഉടൻ വിളിക്കുക വാവ സുരേഷിനെയാണ്. പൊലീസും ഫയർ ഫോഴ്‌സും വരെ സുരേഷിന്റെ വൈദഗ്ധ്യം ആവശ്യപ്പെടാറുണ്ട്. പാലക്കാട് വരെയുള്ള ജില്ലകളിലെ പാമ്പികളെ വാവ പിടികൂടിയിട്ടുണ്ട്. പാമ്പുകടി അമിതമായി ഏറ്റതിന്റെ ഫലമായി ഒരു ജലദോഷമോ, പനിയോ വന്നാൽ, സാധാരണ മരുന്ന് തനിക്ക് ഏൽക്കാറില്ലെന്നും സുരേഷ് പറഞ്ഞു.


സ്വന്തം വീട്ടിൽ വർഷത്തിൽ 1000ലേറെ പാമ്പു മുട്ടകൾ വിരിയിച്ച് സുരേഷ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന് കൈമാറാറുണ്ട്. ജീവൻ പണയംവച്ചാണ് പാമ്പു പിടുത്തമെങ്കിലും സന്തോഷത്തോടെയാണ് താൻ പാമ്പുകളെ പിടികൂടുന്നതെന്നും സുരേഷ് പറഞ്ഞു. എല്ലാവരും ഭയത്തോടെ കാണുന്ന പാമ്പുകൾ എനിക്ക് കൂട്ടുകാരാണ്. പാമ്പുകളെ പറ്റി എല്ലാവർക്കും തെറ്റിദ്ധാരണകളാണ് ഉള്ളത്. പകവച്ച് കടിക്കുമെന്നത് തെറ്റാണ്. പകവച്ച് കടിക്കുന്ന ഒരേ ജീവി മനുഷ്യനാണെന്നും സുരേഷ് പറഞ്ഞു.

നമ്മുടെ ജീവവ്യവസ്ഥയുടെ ഭാഗമായ പാമ്പുകൾ. ജനങ്ങളിൽ നിന്നും പാമ്പുകളെ രക്ഷിച്ച് കാട്ടിൽ അയക്കുന്നതിനാൽ താൻ അവരുടെ രക്ഷകനും തോഴനുമാണെന്ന് സുരേഷ് പറയുന്നു. നാട്ടുകാരുടെ ഉപകാരിയായി നടക്കുന്ന സുരേഷിനെ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ജോലിയിൽ ചേരാൻ ക്ഷണിച്ചിരുന്നു. എന്നാൽ ജോലിയായി മാറിയാൽ തന്റെ മേൽ നാട്ടുകാർക്ക് അധികാരം വർധിക്കുമെന്നും അതിന് താൻ ഒരുക്കമല്ലെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. പാമ്പുകളെ സ്‌നേഹിക്കാനാണ് ലോക പാമ്പുദിനത്തിൽ വാവാ സുരേഷിന് മലയാളികളോടായി പറയാനുള്ളത്. പാമ്പുകളെ സംരക്ഷിക്കാനായി ഒരു ദിവസം മാത്രമുണ്ടാകുന്ന പ്രവണത ശരിയല്ലെന്നും സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP