Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രാർത്ഥനാവേളയിൽ ഉരുവിടുന്ന 'ആമീൻ' എന്ന വാക്ക് അറബിയല്ലെന്ന് പറഞ്ഞതോടെ എതിരാളികൾ വിമർശനം തുടങ്ങി; അതോടെ യുക്തിവാദി സംഘം നേതാവ് അബ്ദുൾ അലി മാസ്റ്ററുടെ ദത്തുപുത്രിയായി തലസ്ഥാനത്തുനിന്ന് കാപ്പാടിലേക്ക്; ശക്തമായ സലഫി-മുജാഹിദ് ആശയക്കാരിയായ ജാമിദ ചേകന്നൂരിന്റെ ആശയങ്ങളിൽ ആകൃഷ്ടയായി കഴിയുമ്പോഴും മക്കളെ വളർത്തുന്നത് സ്വതന്ത്രമത വിശ്വാസികളായി

പ്രാർത്ഥനാവേളയിൽ ഉരുവിടുന്ന 'ആമീൻ' എന്ന വാക്ക് അറബിയല്ലെന്ന് പറഞ്ഞതോടെ എതിരാളികൾ വിമർശനം തുടങ്ങി; അതോടെ യുക്തിവാദി സംഘം നേതാവ് അബ്ദുൾ അലി മാസ്റ്ററുടെ ദത്തുപുത്രിയായി തലസ്ഥാനത്തുനിന്ന് കാപ്പാടിലേക്ക്; ശക്തമായ സലഫി-മുജാഹിദ് ആശയക്കാരിയായ ജാമിദ ചേകന്നൂരിന്റെ ആശയങ്ങളിൽ ആകൃഷ്ടയായി കഴിയുമ്പോഴും മക്കളെ വളർത്തുന്നത് സ്വതന്ത്രമത വിശ്വാസികളായി

എം പി റാഫി

വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്‌കാരമായ ജുമുഅക്ക് ഇന്ത്യയിലാദ്യമായി നേതൃത്വം നൽകിയ വനിത എന്ന നിലയിൽ ചരിത്രം കുറിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജാമിദ ടീച്ചർ അക്കാരണം കൊണ്ടുതന്നെ വാർത്തകളിൽ ഇടംപിടിച്ചു. ലോക മാധ്യമങ്ങളിൽ പോലും ജാമിദ ടീച്ചർ തുടക്കമിട്ട വിപ്ലവകരമായ നീക്കം വാർത്തയായി. മുസ്ലിം സമുദായം അതി പ്രാധാന്യത്തോടെ കാണുന്ന ജുമുഅ നമസ്‌കാരത്തിന് ഒരു സ്ത്രീ നേതൃത്വം നൽകിയതാണ് ജാമിദ ടീച്ചറെയും ഖുർആൻ സുന്നത്ത് സൊസൈറ്റിയെയും ചർച്ചാ കേന്ദ്രങ്ങളാക്കിയത്. താൻ നേതൃത്വം കൊടുത്തത് ഖുർആനികമായി എതിരല്ലാത്ത ജുമുഅ നമസ്‌കാരത്തിനാണെന്നും സ്ത്രീ രണ്ടാംകിട പൗരയാണെന്ന പൗരോഹിത്യ വിമർശനത്തിന് എതിരായാണ് തന്റെ സമരമെന്നുമാണ് മറുനാടനു നൽകിയ അഭിമുഖത്തിൽ ജാമിദ ടീച്ചർ വ്യക്തമാക്കിയത്. വണ്ടൂരിൽ തുടങ്ങിയ ജുമുഅയിലെ സ്ത്രീ സാന്നിധ്യം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് തുറന്നുപറഞ്ഞ് മറുനാടൻ പ്രതിനിധി എംപി റാഫിയുമായി നടത്തിയ ജാമിദ ടീച്ചർ നടത്തിയ അഭിമുഖത്തിന്റെ രണ്ടാംഭാഗം

മലപ്പുറം: തിരുവനന്തപുരം മണക്കാട് സ്വദേശിയായ കെ. ജാമിദ എന്ന ജാമിദ ടീച്ചർ രണ്ട് വർഷം മുമ്പാണ് കോഴിക്കോട് കാപ്പാട് സ്ഥിരതാമസം ആരംഭിച്ചത്. കേരള യുക്തിവാദി സംഘം സംസ്ഥാന നേതാവ് അബ്ദുൽ അലി മാസ്റ്ററുടെ ദത്ത് പുത്രി ആയാണ് തന്റെ രണ്ട് കുട്ടികളോടൊപ്പം ചേകന്നൂർ മൗലവിയുടെ അനുയായിയായ ജാമിദ കഴിഞ്ഞു വരുന്നത്. 12 വയസുള്ള മകളും 6 വയസുള്ള മകനുമാണ് ജാമിദയ്ക്ക്. രണ്ട് കുട്ടികളും മതവിശ്വാസികളല്ല. ഇങ്ങനെ വളർത്താനാണ് ജാമിദയുടെ തീരുമാനം. എല്ലാ മതങ്ങളും പഠിക്കണം മുതിർന്നാൽ അവർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കട്ടെയെന്നാണ് ജാമിദയുടെ തീരുമാനം.

ശക്തമായ സലഫി - മുജാഹിദ് ആശയക്കാരിയായിരുന്ന ജാമിദ രണ്ട് വർഷമായി ഖുർആൻ സുന്നത്ത് സൊസൈറ്റി സംഘടനയിൽ പ്രവർത്തിച്ചു വരുന്നു. നേരത്തെ നിരവധി സലഫി സ്ഥാപനങ്ങളിൽ അദ്ധ്യാപികയായിരുന്നു ജാമിദ. തന്റെ നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരിൽ സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടി വന്നു. പ്രാർത്ഥനാ സമയത്ത് ഉരുവിടുന്ന 'ആമീൻ' എന്നത് അറബി ഭാഷയല്ലെന്നും ഹീബ്രു ഭാഷയാണെന്നും ഇത് നമസ്‌കാരത്തിൽ ഉരുവിട്ടാൽ നമസ്‌കാരം മുറിഞ്ഞുപോകുമെന്നും ഒരു ഖുർആൻ ക്ലാസിൽ പറഞ്ഞതോടെ വിമർശനം തുടങ്ങി, പിന്നീട് ആക്രമണം ശക്തമായപ്പോൾ നാട് വിടേണ്ടി വന്നു.

അടുത്ത ബന്ധുക്കളടക്കം താൻ മതത്തിൽ നിന്ന് പുറത്തു പോയെന്ന് മുദ്ര പതിപ്പിച്ച് ആക്ഷേപിച്ചു. രണ്ട് വർഷം മുമ്പ് ഭർത്താവിനെ ഫസ്ഖ് (ഭാര്യ ഭർത്താവിനെ പരസ്യം നൽകി ബന്ധം വേർപെടുത്തൽ) ചെയ്ത് വിവാഹ ബന്ധം വേർപ്പെടുത്തി. ഇതോടെ ഫുൾടൈം സംഘടനാ പ്രവർത്തനത്തിനിറങ്ങിയ ജാമിദയുടേത് ഒറ്റയാൾ പോരാട്ടം കൂടിയായിരുന്നു. അബ്ദുൽ അലി മകളെന്നും ജാമിദ ഉപ്പയെന്നും പരസ്പരം അഭിസംബോധന ചെയ്താണ് കാപ്പാട് സിദ്ധീഖ് പള്ളിറോഡിലെ വീട്ടിൽ ഇവർ കഴിയുന്നത്.

ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ? 

- ഖുർആൻ മാത്രമാണ് പ്രമാണം എന്ന പ്രമേയം ലോകത്തോട് വിഷയബന്ധിതമായും തെളിവുകൾ സഹിതവും ബോധ്യപ്പെടുത്തുകയാണ് ഞങ്ങൾ. അതുവഴി അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളെയും ഉന്മൂലനം ചെയ്യുകയും ഇത്തരം വിഭാഗീയതകളെയും വർഗീയതകളെയും നശിപ്പിച്ച് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള മാറ്റങ്ങൾ ഖുർആനികപരമായി തന്നെ ബോധ്യപ്പെടുത്തുകയാണ് ഞങ്ങൾ. സംഘടനയുടെ കേന്ദ്ര കമ്മിറ്റിയിൽ ഏകദേശം എൺപതോളം പേരാണുള്ളത്. 1993 ൽ ആണ് സംഘടന രൂപീകരിക്കുന്നത്. ആ സമയത്ത് ധാരാളം ആളുകൾ ഉണ്ടായിരുന്നെങ്കിലും ചേകന്നൂർ മൗലവിയുടെ തിരോധാനത്തോടനുബന്ധിച്ച് ധാരാളം ആളുകൾക്ക് മാനസികമായി പിൻബലം നൽകാൻ ആളില്ലാത്ത സ്ഥിതിയുണ്ടായി. കഴിഞ്ഞ 24 വർഷമായി ഖുർആൻ ദർശനം എന്ന പേരിൽ ഞങ്ങളുടെ മുഖമുദ്രയായ മാസിക ഇറക്കുന്നുണ്ട്. സംഘടനക്കു കീഴിൽ ക്ലാസുകൾ നടന്നുവരുന്നു.

ഞാൻ ഈ ആശയത്തിലേക്കും സംഘടനാ നേതൃത്വത്തിലേക്കും കടന്നു വന്നതിന് ശേഷമാണ് കൂടുതൽ ആനുകാലികമായ സംഭവങ്ങളെ കുറിച്ച് സംസാരിക്കുന്നതും മറ്റ് പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നതുമെല്ലാം. കേന്ദ്ര കമ്മിറ്റി കഴിഞ്ഞാൽ താഴെ ജില്ലാ കമ്മിറ്റികളുണ്ട്. കൂടാതെ കോഴിക്കോട് ചേകന്നൂർ റിസർച്ച് സെന്റർ എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളും അവരും ചെറിയ ചില ആശയ വ്യത്യാസങ്ങളുണ്ട്. എന്നാൽ ഒരു ടേബിളിന് ചുറ്റും ഇരുന്നാൽ തീരാവുന്ന പ്രശ്‌നമേ ഞങ്ങൾ തമ്മിലുള്ളൂ. ചേകന്നൂർ റിസർച്ച് സെന്റർ വിശ്വസിക്കുന്നത് നിസ്‌കാരം, സകാത്ത്, നോമ്പ് പോലുള്ള കാര്യങ്ങളെല്ലാം പദ അർത്ഥപ്രകാരമല്ല. ആശയപരമാണ്. നിസ്‌കാരം മൂന്ന് നേരം നിർവഹിക്കേണ്ടതല്ല. ഒരു മനുഷ്യന്റെ നന്മക്കും പരോപകാര പ്രവർത്തനങ്ങൾക്കും ആണ് ചിലവഴിക്കേണ്ടത്. ഇത്തരത്തിലുള്ള ആശയങ്ങളും പ്രവർത്തനങ്ങളുമാണ് അവർ നടത്തുന്നത്.

സംഘടനയിലേക്കുള്ള കടന്നുവരവ് എങ്ങിനെയായിരുന്നു ? 

- ഞാൻ തിരുവനന്തപുരം മണക്കാട് കല്ലാട്ട് മുക്കിൽ ആയിരുന്നു താമസം. ഒരോ വീടുകൾ കേന്ദ്രീകരിച്ച് ഒരാഴ്ചയിൽ 11 ഖുർആൻ ക്ലാസ് എങ്കിലും പല സ്ഥലങ്ങളിലായി ഞാൻ സംഘടിപ്പിച്ചിരുന്നു. അങ്ങനെ ഒരു ക്ലാസിൽ 'ആമീൻ' എന്നത് അറബി ഭാഷയല്ലെന്നും ഹീബ്രു ഭാഷയാണെന്നും ഇത് നമസ്‌കാരത്തിൽ ഉരുവിട്ടാൽ നമസ്‌കാരം മുറിഞ്ഞുപോകുമെന്നും ഞാൻ പറഞ്ഞു. അതിനോടനുബന്ധിച്ച് ഒരുപാട് വിമർശനങ്ങളും വീട്ടിൽ വന്ന് ആക്രമണവുമുണ്ടായി. മകൾ കിടന്നിരുന്ന റൂമിൽ ജനലിലൂടെ കൈയിട്ട് അക്രമിക്കാൻ ശ്രമിച്ചു. അവിടെ നിന്നാൽ ഏത് തരത്തിലുള്ള അക്രമവും ഉണ്ടാകുമെന്ന് മനസിലാക്കിയാണ് ഇങ്ങോട്ടു വരുന്നത്. മതത്തിൽ നിന്ന് പുറത്തു പോയെന്ന് വീട്ടുകാർ ആക്ഷേപിച്ചു. എനിക്ക് അയിത്തം കൽപിച്ചു.

വീട്ടിലെ പശ്ചാത്തലം ? 

- ഞങ്ങൾ 13 മക്കളാണ്. അതിൽ 10 പേർ ഇപ്പൊ ജീവിച്ചിരിപ്പുണ്ട്. ഞങ്ങളിൽ ഏകദേശം എല്ലാവരും കുറച്ച് തീവ്രമുജാഹിദ് ആശയമുള്ളവരാണ്. ഹദീസിന്റെ വസ്തുതകളെ കുറിച്ചൊന്നും ഉൾകൊള്ളാനുള്ള ഗ്രാഹ്യം അവർക്കില്ല. അതു കൊണ്ട് ഇസ്ലാമിനെതിരെ ഒരാൾ പറഞ്ഞാൽ അവർ മതത്തിൽ നിന്ന് പോയി എന്ന നിലപാടാണ് സഹോദരങ്ങൾ സ്വീകരിച്ചിരുന്നത്. എന്റെ കുടുംബം സമൂഹത്തെ ഭയക്കുന്നു, കുടുംബത്തിൽ നിന്നുള്ള ഭിന്നതയെ ഭയക്കുന്നു. ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് എന്റെ കുടുംബത്തിലുള്ള എല്ലാവരും.

പഠനവും ജോലിയും ?

- ഞാൻ മലപ്പുറം എടവണ്ണയിലെ മുജാഹിദ് സ്ഥാപനമായ ജാമിഅ: നദ് വിയ്യ അറബി കോളേജിലാണ് പഠിച്ചിരുന്നത്. ശേഷം തിരുവനന്തപുരം ഊറ്റുകുഴി സലഫി സെന്ററിലും പഠിച്ചു. അവിടെ മദ്രസാ കുട്ടികളെ പഠിപ്പിച്ചു. പിന്നീട് പരിത്തിക്കുഴി, പൂന്തുറ, ബീമാപള്ളി, കല്ലാട്ട് മുക്ക്, കുത്ത് കല്ല്മൂട്, അട്ടക്കുളങ്ങര ഇസ്ലാമിക് സെന്റർ എന്നിവിടങ്ങളിലെ സലഫി മദ്രസകളിലും സ്ഥാപനങ്ങളിലും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. കുര്യാത്തി എൽ.പി സ്‌കൂൾ, ഓക്‌സ്‌ഫോർഡ് ഇന്റർനാഷണൽ സ്‌കൂൾ, മണക്കാട് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ, പൊന്നാറ ശ്രീധർ മെമോറിയൽ സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ നേഴ്‌സറി സ്‌കൂളിൽ പോലും പഠിപ്പിച്ചിട്ടില്ലെന്നാണ് ചിലർ വിമർശിക്കുന്നത്.

കോഴിക്കോട് സ്ഥിര താമസമാക്കുന്നത് എങ്ങിനെയാണ് ? 

- തിരുവനന്തപുരത്ത് നിൽക്കാൻ കഴിയാത്ത സാഹചര്യത്തിലും എനിക്ക് സഹായമില്ലാതെ ഒറ്റപ്പെട്ടു പോയ സാഹചര്യത്തിലും ഞാൻ താമസം മാറാൻ തീരുമാനിച്ചു. കുറച്ച് ഡവലപ്പ്ഡ് ആയി ചിന്തിക്കുന്ന പത്തനാപുരത്തെ സിസ്റ്റർ എന്നെയും മക്കളെയും കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ച് കൂടുതൽ വായിക്കാനും എഴുതാനും പഠിക്കാനുമുള്ള അവസരമുണ്ടായി. ഈ സമയത്ത് വാട്‌സ് ആപ്പ് ക്ലാസുകളും പ്രസംഗങ്ങളും സജീവമാക്കി. അങ്ങിനെ ഖുർആൻ സുന്നത്ത് സൊസൈറ്റിക്കാർ എന്റെ പ്രസംഗം കേൾക്കാൻ ഇടയായി. അതുവരെ എനിക്കറിയില്ലായിരുന്നു ഹദീസിനെ വിമർശിക്കുന്ന ഖുർആൻ മാത്രം പ്രമാണമാക്കുന്നവർ ഉണ്ടെന്ന്.

ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഡോ.അബ്ദുൽ ജലീൽ കോഴിക്കോട് നടന്ന പുറ്റേക്കാട് 2016ലെ ചേകന്നൂർ അനുസ്മരണ പരിപാടിയിലേക്ക് ക്ഷണിച്ചു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഞാനും പങ്കെടുത്തു. അന്നു മുതലാണ് ഈ സംഘടനയിൽ പ്രവർത്തനം തുടങ്ങിയത്. പിന്നീട് 2017 ലെ ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറിയായി. നളന്ദയിൽ നടന്ന പരിപാടിയിൽ സംഘടയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് അബ്ദുൽ റഷീദ് യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റി അംഗമായ കെ.കെ അബ്ദുൽ അലി മാസ്റ്ററുമായി എന്നെ ബന്ധപ്പെടുത്തി. അദ്ദേഹം എനിക്കു വേണ്ട സംരക്ഷണം നൽകാമെന്ന് പറഞ്ഞു. അന്നു മുതൽ ഇവിടെ അലി മാഷുടെ സംരക്ഷണത്തിൽ വളർത്തുമകളായി കഴിയുന്നു.

(അവസാനിച്ചു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP