Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കോവിഡ് കഴിഞ്ഞാൽ തൊഴിൽ നഷ്ടപ്പെടുകയല്ല കൂടുകയാണ് ഉണ്ടാവുക; രണ്ടാംലോക മഹായുദ്ധം കഴിഞ്ഞപ്പോൾ യൂറോപ്പിൽ കരിങ്കൽ കൂനകളായിരുന്നു എവിടെയും; നൂറ്റാണ്ടുകൊണ്ട് ഉണ്ടാക്കിയതെല്ലാം നശിച്ചുവെന്ന് അവർ കരഞ്ഞില്ല; വർഷങ്ങൾ എടുത്ത് അത് പുനർനിർമ്മിച്ചു; അതുപോലെ ഇപ്പോഴുണ്ടായ നഷ്ടം പുനർനിർമ്മിക്കാൻ കൂടുതൽ തൊഴിൽ മേഖലകളും അവസരങ്ങളും തുറക്കും; പതിനായിരങ്ങൾ മരിച്ചാലും രാഷ്ട്രം തകരാതിരിക്കാനാണ് പാശ്ചാത്യർ മുൻഗണന നൽകുന്നത്; സന്തോഷ് ജോർജ് കുളങ്ങര മറുനാടനോട്

കോവിഡ് കഴിഞ്ഞാൽ തൊഴിൽ നഷ്ടപ്പെടുകയല്ല കൂടുകയാണ് ഉണ്ടാവുക; രണ്ടാംലോക മഹായുദ്ധം കഴിഞ്ഞപ്പോൾ യൂറോപ്പിൽ കരിങ്കൽ കൂനകളായിരുന്നു എവിടെയും; നൂറ്റാണ്ടുകൊണ്ട് ഉണ്ടാക്കിയതെല്ലാം നശിച്ചുവെന്ന് അവർ കരഞ്ഞില്ല; വർഷങ്ങൾ എടുത്ത് അത് പുനർനിർമ്മിച്ചു; അതുപോലെ ഇപ്പോഴുണ്ടായ നഷ്ടം പുനർനിർമ്മിക്കാൻ കൂടുതൽ തൊഴിൽ മേഖലകളും അവസരങ്ങളും തുറക്കും; പതിനായിരങ്ങൾ മരിച്ചാലും രാഷ്ട്രം തകരാതിരിക്കാനാണ് പാശ്ചാത്യർ മുൻഗണന നൽകുന്നത്; സന്തോഷ് ജോർജ് കുളങ്ങര മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ലോകം നേരിട്ടുകണ്ട അപൂർവം മലയാളികളിൽ ഒരാളാണ് നിരന്തര യാത്രികനായ സന്തോഷ് ജോർജ് കുളങ്ങര. ആധുനിക കാലത്തെ എസ്‌കെ പൊറ്റക്കാട്. യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഏകനായി തന്റെ ക്യാമറയുമായി സഞ്ചരിച്ച ഇദ്ദേഹം ഇന്ന് ആ രാജ്യങ്ങളിൽ പലതിലും കോവിഡ് വൈറസ് മരണ താണ്ഡവമാടുന്നത് വേദനയോടെയാണ് കാണുന്നത്. യൂറോപ്പിനും അമേരിക്കക്കും സത്യത്തിൽ എന്താണ പറ്റിയത്? എന്താണ് വൈറസ് വ്യാപനം ഇത്രവേഗത്തിൽ ആക്കിയത്. ഈ മഹാമാരിയിൽനിന്നുള്ള അതിജീവനം എങ്ങനെയായിരിക്കും.- സന്തോഷ് ജോർജ് കുളങ്ങര മറുനാടൻ മലയാളിയുമായി സംവദിച്ചതിന്റെ രണ്ടാം ഭാഗം.

അവർക്ക് മരണമല്ല നാടിന്റെ മഹത്വമാണ് പ്രശ്നം

രണ്ടാംലോക മഹായുദ്ധം കഴിപ്പോൾ നല്ല കെട്ടിടങ്ങൾ ഉള്ള ഒരു പട്ടണംപോലും യൂറോപ്പിൽ ഉണ്ടായിരുന്നില്ല. കരിങ്കൽ കൂനകളായിരുന്നു എവിടെയും. അവിടെനിന്നാണ് യൂറോപ്പ് അതിജീവിച്ചത്.നൂറ്റാണ്ടുകെണ്ട് ഉണ്ടാക്കിയതെല്ലാം നശിച്ചുവെന്ന് അവർ കരഞ്ഞില്ല. വർഷങ്ങൾ എടുത്ത് അത് പുനർ നിർമ്മിച്ചു. കോവിഡ് കഴിഞ്ഞാലും അതുപോലെയാണ് ഉണ്ടാവുക. മനുഷ്യർക്ക് ഇനി തൊഴിൽ നഷ്ടപ്പെടുകയെല്ല തൊഴിൽ കൂടുകയാണ്. കാരണം ഇപ്പോഴുണ്ടായ നഷ്ടം പുനർനിർമ്മിക്കാൻ അധ്വാനം കൂടുതൽ വേണ്ടി വരും. ഇത്തരം പ്രതിസന്ധികൾ ഉണ്ടെങ്കിലേ പുതിയ ടെക്ക്നോളി ഡെവലപ്പ് ചെയ്യൂ.

പുതിയ സാധ്യതകൾ ഉണ്ടാവൂ. ഉദാഹരണമായി കർണ്ണാടക അതിർത്തി കൊട്ടിയടച്ചില്ലായിരുന്നെങ്കിൽ നാം കാസർകോട്ട് പുതിയ ആശുപത്രികൾ തുടങ്ങുന്നതിനെ കുറിച്ച് ചിന്തിക്കില്ലായിരുന്നു. അതുപോലെ കോവിഡിനുശേഷവും വലിയ സാധ്യതകൾ ഉയർന്നുവരും.രണ്ടാം ലോക മഹായുദ്ധകാലത്ത് തകർന്നടിഞ്ഞ രാജ്യങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ മുമ്പത്തേതിനേക്കാൾ പുരോഗതിയിലെത്തിയത് ഇതിന് ഉദാഹരണമാണ്.കോടിക്കണക്കിന് മനുഷ്യരുടെ ജീവനാണ് രണ്ടാംലോകമഹായുദ്ധത്തിൽ നഷ്ടമായത്. അറുപതുലക്ഷം യഹൂദർമ്മാർക്കുമാത്രം ജീവൻ നഷ്ടമായി. എന്നിട്ടും അവർ തിരിച്ചുവന്നു.

മാത്രമല്ല രണ്ടാംലോക മഹായുദ്ധത്തിനുമുമ്പും നിരവധി യുദ്ധങ്ങളിലൂടെ കടന്നുപോയ ജനതയാണ് അമേരിക്കയുടെയും യൂറോപ്പിലേതും. ആയിരങ്ങളും പതിനായിരങ്ങളും മരിക്കുക എന്നു പറഞ്ഞാൽ അവർക്ക് അത്ര വലിയ പ്രശ്നമൊന്നുമല്ല. അമേരിക്കൻ സിവിൽവാർ നോക്കുക. സ്റ്റേറ്റുകൾ ചേരി തിരിഞ്ഞായിരുന്നു യുദ്ധം. തോക്കും പീരങ്കിയുംവെച്ച് എതിരാളിയെ കൊന്നു തീർക്കയാണ്. അഹിംസയും നിസ്സഹകരപ്രസ്ഥാനവും ഒന്നുമല്ല അവരുടെ രീതി. പതിനായിരം ലക്ഷം പേർമരിക്കുന്നതെന്നും അവർക്ക് പ്രശ്നമല്ല. നാടിന്റെ മഹിമ നിലനിർത്തണം.

നമ്മടെതും പാശ്ചാത്യരുടേതും തീർത്തും വ്യത്യസ്തമായ രണ്ടു കാഴ്‌ച്ചപ്പാടുകളാണ്. പൊതുസമൂഹത്തിനുവേണ്ടി ജീവൻ കളയുക എന്നത് അവർക്ക് പ്രശനമല്ല. അവർ ജീവനല്ല രാജ്യത്തിനും ദീർഘകാലനേട്ടത്തിനുമാണ് മൂൻഗണന കൊടുക്കുക. അതി സാഹസികാരാണ് അവർ. നെപ്പോളിയന്റെയും അലക്സാണ്ടറുടെ കഥകൾ നോക്കുക. ലോകത്തിന്റെ ഏതോ ഒരു കോണിൽ ഇന്ത്യയെന്ന് രാജ്യം ഉണ്ടെന്ന് കേട്ട് അതുകണ്ടുപിടിക്കാനായി ഒരു പായക്കപ്പലിൽ ഇറങ്ങിത്തിരിച്ച മനുഷ്യരുടെ ആത്മധൈര്യം ഓർത്തുനോക്കുക. അറ്റ്ലാന്റിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലുമൊക്കെ എത്രയോ കപ്പലുകൾ തകർന്ന് കിടപ്പുണ്ട്. നമുക്ക് അത്തരത്തിലുള്ള താൽപ്പര്യങ്ങൾ ഒന്നുമില്ല. എവറസ്റ്റിൽ ആദ്യം കാലുകുത്തുന്നത് ഞങ്ങൾ ആയിരിക്കണമെന്നോ, ബഹികാശത്തെ ആദ്യ സഞ്ചാരി നമ്മുടെ രാജ്യക്കാരൻ ആവണമെന്നോ ഉള്ള യാതൊരു നിർബന്ധ ബുദ്ധിയും നമുക്കില്ല.

നമുക്ക് വ്യക്തിബന്ധങ്ങളിൽ അധിഷ്ഠിതമായ ലളിതമായ, ആത്മീയമായ ഒരു ജീവിത്തോടാണ് താൽപ്പര്യം. ഒരു സേഫ് സോൺ നാം ഇഷട്പ്പെടുന്നു. എന്നാൽ അവർ അഗ്രസീവാണ്. അവർക്ക് പതിനായിരങ്ങൾ മരിക്കുന്നത് ഒരു പ്രശ്നമല്ല. ട്രംപ് പറയുന്നത് കേട്ടില്ലേ, അയിരങ്ങൾ മരിക്കാൻ സാധ്യതയുണ്ട് ശ്രദ്ധിക്കണം. പക്ഷേ നാം നമ്മുടെ പരിപാടിയുമായി മുന്നോട്ടുപോകും. ഇത് രണ്ട് ജീവിത വീക്ഷണങ്ങളുടെ കൂടി പ്രശനമാണ്. ഭാരതീയമായ കാഴ്ചപ്പാട് പാശാചാത്യ കാഴ്ചപ്പാടിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. അതിൽ ഏതാണ് ശരിയെന്നത് വേറെ വിഷയമാണ്. അല്ലാതെ ഈ മഹാമാരിയെ നേരിടാൻ കഴിയാതെ അമേരിക്കയിലും ബ്രിട്ടനും കാനഡയിലുമുള്ള ബുദ്ധിജീവി സമൂഹവും ശാസ്ത്രകാരന്മാരുമെന്നും അസ്തമിച്ച് പോയിട്ടില്ല. - സന്തോഷ് ജോർജ് കുളങ്ങര ചൂണ്ടിക്കാട്ടി.

ഇൻഷൂറൻസ് കമ്പനികൾ അമേരിക്കയ്ക്ക് വിനയായി

ചികത്സാ സൗകര്യങ്ങളുടെ പോരായ്മയാണ് മരണസംഖ്യകൂടാൻ കാരണമെന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കരുതുന്നില്ല.അമേരിക്കയിൽ ചികത്സാ രംഗം പൊതുവെ ചിലവേറിയതാണ്. അതുകൊണ്ട് തന്നെ തീരെ ഒഴിച്ചുകൂടാനാവാത്ത അവസരത്തിലാണ് ഇവിടുത്തുകാർ ആശുപത്രിയിൽ പോകാറുള്ളു. ഭൂരിപക്ഷം പേരും ഇവിടെ ചികിത്സാ ആനുകൂല്യങ്ങൾക്കായി ഇൻഷൂർ ചെയ്യപ്പെട്ടിട്ടുണ്ട്.

രോഗം പരിപൂർണ്ണമായി ഭേദമാവുന്നതിന് മുമ്പെ ഇൻഷൂറൻസ് കമ്പിനികൾ സമ്മർദ്ദം ചെലത്തി രോഗികളെ ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്യിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. രോഗം പടർന്നുപിടിച്ച അമേരിക്ക ,ഇറ്റലി,ഫ്രാൻസ്, ജർമ്മിനി തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ആശുപത്രികളുണ്ട്. പക്ഷേ ഒരെ സമയം ആയിരം പേർക്ക് ചികത്സ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ആശുപത്രി സ്ഥാപിച്ചിട്ടുള്ളതെങ്കിൽ പതിനായിരം പേരെത്തിയാൽ എല്ലാവർക്കും ചികത്സ ലഭിക്കില്ല. യഥാർഥത്തിൽ ഓരോപ്രദേശത്തും ഉൾക്കൊള്ളാവുന്നതിന്റെ പത്തും പതിനഞ്ചും ഇരട്ടി രോഗികളാണ് ചികത്സതേടിയെത്തിയത്. ഇതും മരണ സംഖ്യകൂടാൻ കാരണമായി. കോവിഡ് വൈറസ് ചൈനയുടെ ജൈവായുധമായിരുന്നെന്ന പ്രചാരണത്തോട് യോജിപ്പില്ല .ജൈവായുധം വികസിപ്പിച്ചിട്ടുണ്ടെങ്കിൽ അത് സൂക്ഷിക്കാനും ആ രാജ്യത്തിന് പ്രാപ്തിയുണ്ടെന്നാണ് കരുതുന്നത്.

ട്രാവൽ-ടൂറിസം മേഖലയ്ക്ക് രോഗവ്യാപനം സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത വെല്ലുവിളിയാണ്. ഇത് മറികടക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. തായ്‌ലന്റ് പോലെ ടൂറിസം മുഖ്യവരുമാനമായ രാജ്യങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടത് ആയിരങ്ങൾക്കാണ്. കേരളത്തിലടക്കമുള്ള തങ്ങളുടെ ഇടപാടുകാരോട് അടുത്ത സീസണിലെ കണക്കിൽ ഉൾക്കൊള്ളിക്കാമെന്ന് വ്യക്തമാക്കി അവിടുത്തെ ട്രവൽസ് കമ്പിനികൾ അഡ്വാൻസായി പണം ആവശ്യപ്പെടുന്ന സ്ഥിതിവിശേഷം വരെ നിലവിലുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. യൂറോപ്പിലെ അമേരിക്കയിലുമുള്ള ഭീതി യാത്രക്ക് ഭയം ഉണ്ടാക്കും. പക്ഷേ ഇതൊക്കെ ആറുമാസം വരെയോ ഒരു വർഷംവരെയൊ ഒക്കെ മാത്രമേ നിലനിൽക്കൂ. പിന്നീട് അതെല്ലാം അതിജീവിക്കുക തന്നെ ചെയ്യും.

മഹാമാരികൾ എക്കാലവും ലോകത്ത് ഉണ്ടായിട്ടുണ്ട്്. നാം അതിനെ അതിജീവിച്ചിട്ടുമുണ്ട്. ഇപ്പോഴുള്ള വൈറസ് ബാധയും ഒരു പീക്ക് കഴിഞ്ഞാൽ കുറയും. കേരളത്തിലും ഇതുപോലുള്ള പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ട്. നമുക്ക് അതൊന്നും എഴുതിവെക്കുന്ന ശീലമില്ലാഞ്ഞിട്ടാണ് അത് വല്ലാതെ അറിയപ്പെടാതെ പോകുന്നത്. വസൂരി താണ്ഡവമാടിയ ദിനങ്ങളെക്കുറിച്ച് വി എസ് അച്യുതാനന്ദനൊക്കെ പറഞ്ഞിട്ടുണ്ട്. മനുഷ്യനെ പാതിജീവനോടെ കുഴിച്ചിടുന്ന കാലമായിരുന്നു അത്. തന്റെ ദൈവവിശ്വസം വരെ നഷ്ടമായ കുട്ടിക്കാലത്തെക്കുറിച്ച് വി എസ് പറഞ്ഞിട്ടുണ്ട്. അമ്മയെ വസൂരിവന്ന് രക്ഷിക്കാനായി സകല ദൈവങ്ങളോടും പ്രാർത്ഥിച്ചിട്ടും ഒന്നും നടക്കാതായ സമയങ്ങൾ. ഇന്ന് വസൂരി നാം നിർമ്മാർജനം ചെയതു കഴിഞ്ഞു. അതുപോലെ ഈ മഹാമാരിയെയും ലോകം അതിജീവിക്കും.- സന്തോഷ് ജോർജ് കുളങ്ങര കൂട്ടിച്ചേർത്തു.


ഈ രാഷ്ട്രീയ ജാഗ്രത തുടരാൻ കഴിയണം

ഇത്യയിൽ ലോക് ഡൗൺപ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. ഇത് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് വളരെയേറെ ഗുണം ചെയ്തു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നുവരുന്ന നീക്കങ്ങൾ ഇതിനകം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ രാഷ്ട്രീയ ജാഗ്രത തുടരാൻ നമുക്ക് കഴിയണം. അഴിമതി ഏറ്റവു കുറഞ്ഞത് ഒരു പക്ഷേ ഈ സമയത്തായിരിക്കും. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങൾ നിയന്ത്രിക്കുന്നു. എല്ലാ ദിവസവും വാർത്താ സമ്മേളനം നടത്തി എല്ലാ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു.മികച്ച പൊലീസ് അഡ്‌മിനിട്രഷൻ ഉണ്ടാവുന്നു. ഈ രീതിയിലുള്ള പ്രൊഷഷണലിസം ലോക്ഡൗൺ കഴിഞ്ഞും നമുക്ക് തുടരാൻ കഴിയണം. പക്ഷേ ദുരന്തം കഴിഞ്ഞാൽ നാം അത് മറക്കും. കോവിഡ് കഴിഞ്ഞാൽ എല്ലാ പഴയതുപോലെയാവും.

കേന്ദ്രസർക്കാറും ഈ അവസരത്തിൽ ഉണർന്നു പ്രവർത്തിച്ചു. ഇനി ലോകത്ത് വരാനിരിക്കുന്നത് വാണിജ്യയുദ്ധമാണ്.അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിക്കുന്നു, ബഹുമാനിക്കുന്നു എന്നതൊക്കെ ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങളുടെ നല്ല കമ്പോളമായതിനാലാണെന്നതാണ് വസ്തുത. 130 കോടി ജനങ്ങളുള്ള വലിയ ഒരു കമ്പോളത്തിലേക്ക് പ്രവേശനം കിട്ടുക എന്നതാണ് ഇന്ത്യയുമായുള്ള സൗഹൃദത്തിലൂടെ അവർ ഉദ്ദേശിക്കുന്നത്. എന്നാൽ പുതിയ ടെക്ക്നോളജികൾ വികസിപ്പിച്ചെടുത്താലേ നമുക്ക് ഇനിയുള്ള കാലത്തെങ്കിലും പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂ. അവിടെയാണ് നമ്മുടെ പ്രശ്നവും.

ലോകരാജ്യങ്ങൾ കണ്ടുപിടുത്തങ്ങൾക്കായി ഗവേഷണങ്ങൾ നടത്തുമ്പോൾ ഇന്ത്യയിലെ ഗവേഷകർ ഇത്തരം സാധ്യതകൾ വേണ്ടവണ്ണം ഉപയോഗിക്കപ്പെടുന്നില്ല.അതിവേഗ ട്രെയിൻ എന്ന ആശയം വികസിത രാജ്യങ്ങൾ 20 വർഷം മുമ്പെ നടപ്പിലാക്കിയതാണ്.ഇപ്പോഴാണ് നമ്മുടെ രാജ്യം ഇതെക്കുറിച്ച് ആലോചിച്ച് തുടങ്ങിയത്.ഈ സ്ഥിതി മാറണം. കേരളത്തിൽ തന്നെ നോക്കൂ തീർത്തും അനാവശ്യമായ വിഷയങ്ങളിലാണ് ഇവിടെ സർവകലാശാലകളിൽ ഗവേഷണം നടക്കുന്നത്. വിദേശരാജ്യങ്ങളിലൊക്കെ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിലണ് ഗവേഷണം. ഉദാഹരണമായി മലയാളത്തിൽ 56 അക്ഷരങ്ങൾ ഉള്ളത് 30 അക്ഷരങ്ങളായി കുറക്കാൻ കഴിഞ്ഞാൽ നമ്മുടെ കീബോർഡിലെ  പ്രശ്‌നങ്ങൾ 
എത്ര തീരും. തമിഴിൽപോലും ഇത്രയും അക്ഷരങ്ങൾ ഇല്ല. അതുപോലെ അടുത്ത 20 വർഷത്തേ ഇപ്പോഴേ മുന്നിൽ കണ്ടുകൊണ്ടുള്ള ഗവേഷങ്ങളും പദ്ധതികളുമാണ് കേരളത്തിന് വേണ്ടത്.

വിമാനയാത്രകളുടെ സമയം ചുരുക്കാമോ എന്നാണ് ഇപ്പോൾ ഗവേഷണങ്ങൾ നടക്കുന്നത്. അമേരിക്കൻ വിമാനക്കമ്പിനി ഈ വഴിക്കുള്ള പരീക്ഷണങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങളായി. റോക്കറ്റ് ഉപയോഗിച്ച് മനുഷ്യരെ ബഹിരാകാശത്തെത്തിക്കുകയും ഇവിടെ നിന്നും ലക്ഷ്യസ്ഥാനത്തേയ്ക്ക് വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമോ എന്നുമാണ് ഈ സ്ഥാപനം പരീക്ഷി്ക്കുന്നത്. ഇതിന്റെ ഭാഗമായി റോക്കറ്റ് വിക്ഷേപണത്തിന് രണ്ട് ശ്രമങ്ങൾനടന്നു.  ഇത് പരാജയപ്പെട്ടു. ഇനി അമേരിക്കൻ വ്യോമ മന്ത്രാലയം ക്രമീകരണങ്ങൾ പരിശോധിച്ച് വിക്ഷേപണത്തിന് വീണ്ടും അനുമതി നൽകിയെങ്കിലെ ഈ സ്ഥാപനത്തിന് ബഹിരാകാശത്തേയ്ക്ക് റോക്കറ്റുകൾ വിക്ഷേപിക്കാനാവു.

ഈ കമ്പനി ബഹിരാകാശയാത്രക്ക് തിരഞ്ഞെടുത്തവരിൽ ഒരാളാണ് ഞാൻ. പരിശീലനവും പൂർത്തിയായി. ഇപ്പോൾ കമ്പനി റോക്കറ്റ് വിക്ഷേപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്.  ഓരോ ആഴ്ചയിലും ഇത് സംമ്പന്ധിച്ച അപ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട്. വൻ മുതൽ മുടക്കുള്ളതിനാൽ നിരവധി രാജ്യങ്ങളുടെ സാമ്പത്തീക സഹായത്തോടെയാണ് കമ്പനി സ്‌പെയിസ് ടൂറിസം എന്ന പ്രചാരണത്തോടെ റോക്കറ്റ് വിക്ഷേപണത്തിന് കർമ്മപദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.- സന്തോഷ് ജോർജ് കുളങ്ങര വ്യക്തമാക്കി.
(അവസാനിച്ചു).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP