Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

പ്രാർത്ഥന കൊണ്ട് മാത്രം ഒരു രോഗവും ലോകത്ത് മാറിയിട്ടില്ല; ഇപ്പോൾ നാം വിശ്വസിക്കേണ്ടത് ശാസ്ത്രത്തിലാണ്; ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാറ്റിവെക്കണമെന്ന് പറയാൻ പോലും ഭരണാധികാരികൾ ഭയപ്പെടുന്നു; തബ്ലീഗ് ജമാഅത്തും ചാണകം കഴിച്ചാൽ അസുഖം ഭേദമാകുമെന്ന് പ്രചരിപ്പിച്ചവരുമെല്ലാം രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എല്ലാ പ്രശ്നവും അള്ളാഹു പരിഹരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് തബ്ലീഗുകാർ; അവർക്കെന്തുകൊറോണ? പ്രൊഫ എം എൻ കാരശ്ശേരി മറുനാടനോട്

പ്രാർത്ഥന കൊണ്ട് മാത്രം ഒരു രോഗവും ലോകത്ത് മാറിയിട്ടില്ല; ഇപ്പോൾ നാം വിശ്വസിക്കേണ്ടത് ശാസ്ത്രത്തിലാണ്; ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാറ്റിവെക്കണമെന്ന് പറയാൻ പോലും ഭരണാധികാരികൾ ഭയപ്പെടുന്നു; തബ്ലീഗ് ജമാഅത്തും ചാണകം കഴിച്ചാൽ അസുഖം ഭേദമാകുമെന്ന് പ്രചരിപ്പിച്ചവരുമെല്ലാം രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എല്ലാ പ്രശ്നവും അള്ളാഹു പരിഹരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് തബ്ലീഗുകാർ; അവർക്കെന്തുകൊറോണ? പ്രൊഫ എം എൻ കാരശ്ശേരി മറുനാടനോട്

ജാസിം മൊയ്ദീൻ

കോഴിക്കോട്: ഇന്ത്യയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിൽ പ്രധാനപങ്ക്് വഹിച്ചിരിക്കുന്നതെല്ലാം ഏതെങ്കിലും തരത്തിലുള്ള മതാചാരങ്ങളും യുക്തിരഹിതമായ നടപടികളുമൊക്കെയാണ്. നിസാമുദ്ദീനിലെ തബ്ലീഗ് ഇ ജമാഅത്തിന്റെ സമ്മേളനവും ജനതാകർഫ്യൂ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം പാത്രത്തിൽ കൊട്ടാൻ റോഡിലിറങ്ങിയവരും കേരളത്തിൽ അതിഥി തൊഴിലാളികളെ തെരുവിലിറക്കിയതുമെല്ലാം അതിന് ഉദാഹരണങ്ങളാണ്.

ഈ പശ്ചാത്തലത്തിൽ മതം, അന്ധവിശ്വാസം, യുക്തിരാഹിത്യം എന്നിവയെല്ലാം എങ്ങനെയാണ് കൊവിഡ് കാലത്ത് സാമൂഹിപരോഗതിക്ക് വിലങ്ങുതടിയായി നിൽക്കുന്നത് എന്ന് മറുനാടൻ മലയാളിയുമായി വിശദീകരിക്കുകയാണ് എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. എംഎൻ കാരശ്ശേരി.

യുക്തിരഹിതമായ പ്രചാരവേലകൾ

ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം കൊറോണ എന്ന മഹാവ്യാധി ലോകത്തെയാകെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് ഇന്ത്യയെയും സാരമായി ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഈ ഘട്ടത്തിൽ നമ്മൾ ചെയ്യേണ്ടത് ആരോഗ്യപ്രവർത്തകർ പറയുന്ന ചിട്ടകൾ അനുസരിച്ച് ജീവിക്കുക എന്നതാണ്. സാമൂഹികമായ അകലം പാലിക്കുകയും മുഖം മാസ്‌ക് ഉപയോഗിച്ച് മറക്കലും കൈകൾ ഇടക്കിടക്ക് കഴുകുകയുമെല്ലാം നമ്മൾ ചെയ്യുന്നത് ഇത്തരത്തിൽ ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും തന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ്. എന്നാൽ ഈ സമയത്ത് ഇന്ത്യയുടെ പലഭാഗത്തും പല മതക്കാരും ചെയ്യുന്നത് വളരെ അശാസ്ത്രീയവും യുക്തിരഹിതവുമായ പ്രചാരവേലകളാണ്.

അത് അവനവനും മറ്റുള്ളവർക്കും ആപത്ത് വരുത്തുന്ന തരത്തിലുള്ളതാണ്. ഗോമൂത്രം കുടിച്ചാൽ കൊറോണ വരില്ലെന്നും, ചാണകം കഴിച്ചാൽ അസുഖം ഭേദമാകുമെന്നും, കൊറോണ ഗോ എന്ന് മുദ്രാവാക്യം വിളിക്കുന്നതും ഇതിനൊക്കെ പുറമെ ജനതാകർഫ്യൂവിന്റെ അന്ന് പാത്രംകൊട്ടാൻ തെരുവിലിറങ്ങിയതുമെല്ലാം ഇത്തരം യുക്തിരഹിതമായ പ്രചാരവേലകൾ കൊണ്ടുണ്ടായ പ്രതിഫലനങ്ങളാണ്. ആരാധനാലയങ്ങളിൽ ഒരുമിച്ച് കൂടുന്നത് സാമൂഹികമായ അകലം പാലിക്കുന്നതിന് തടസ്സമാകുമെന്ന് പറഞ്ഞാൽ അത് നാട്ടിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നു. യുപിയുടെ മുഖ്യമന്ത്രി തന്നെ രാജ്യംപ്രഖ്യാപിച്ച നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് വലിയ ആൾക്കൂട്ടങ്ങൾ സൃഷ്്ടിച്ച് ആരാധന നടത്താൻ നേതൃത്വം നൽകുന്നു. ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാറ്റിവെക്കണമെന്നോ നിരോധിക്കണമെന്നോ പറയാൻ നമ്മുടെ ഭരണാധികാരികൾ ഭയപ്പെടുന്നു. ഒരു തരത്തിലുമുള്ള ശാസ്ത്രീയ ബോധവും യുക്തി ചിന്തയും നമുക്കില്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്ന പണികളാണ് ഇതൊക്കെ.

നിസാമുദ്ദീനിൽ നടന്നത് രാജ്യത്തോടുള്ള അക്രമമാണ്. ആറ്റുകാൽ പൊങ്കാല നിരോധിക്കേണ്ടതായിരുന്നു.ദൈവത്തെ ആരാധിക്കാനും മതപ്രബോധനം നടത്താനുമൊക്കെ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ അതൊക്കെ നടത്തേണ്ടത് ഏത് സാഹചര്യത്തിലാണ് എന്ന് മനസ്സിലാക്കാനുള്ള വകതിരിവ് നിസാമുദ്ദീനിലെ പരിപാടി സംഘടപ്പിച്ചവർക്ക് ഇല്ലാതെപോയി. മൂവായിരത്തിനടുത്ത ആളുകളാണ് ഇവിടെ ഒത്തുകൂടിയതെന്നാണ് കണക്കുകൾ. ഇതിൽ ഏറ്റവും വലിയ അപകടമെന്നത് ഇന്ത്യക്ക് പുറത്ത് നിന്നു വരെ ആളുകൾ ഇവിടെ പങ്കെടുത്തു എന്നതാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഇതിൽ പങ്കെടുത്തിട്ടുണ്ട്. വലിയ അസംബന്ധമാണ് അവർ ചെയ്തത്. രാജ്യത്തോടുള്ള അക്രമമാണത്. തബ്ലീഗ് ജമാഅത്തിനെ സംബന്ധിച്ച് ഭൗതികമായ പ്രശ്‌നങ്ങളിൽ ശ്രദ്ധയില്ലാത്തവരാണവർ.

എല്ലാ പ്രശ്‌നങ്ങളും ദൈവം പരിഹരിക്കും. നിസ്‌കരിച്ചാൽ മാത്രം മതി, അല്ലെങ്കിൽ നോമ്പെടുത്താൽ മതിയെന്നൊക്കെയാണ് അവർ വിശ്വസിക്കുന്നത്. വീട്ടിലെയും നാട്ടിലെയും കാര്യങ്ങളിലൊന്നും അവർക്ക് ശ്രദ്ധയില്ല. സ്വന്തം ഭാര്യയുടെയും കുട്ടിയുടെയും കാര്യം തന്നെ അല്ലാഹു നോക്കും എന്നാണ് അവർ കരുതുന്നത്. രോഗവും ചികിത്സയും ഒന്നും അവരെ ബാധിക്കുന്ന പ്രശ്‌നമില്ല. ഇതിനോടൊപ്പം തന്നെ അന്വേഷിക്കേണ്ട കാര്യമാണ് ഈ പ്രത്യേക സാഹചര്യത്തിൽ എങ്ങനെയാണ് അവിടെ പങ്കെടുത്ത വിദേശികൾക്ക് ഇന്ത്യയിലേക്ക് വിസ ലഭിച്ചത് എന്നുള്ളത്. ടൂറിസ്റ്റ് വിസയിൽ വന്നവർക്ക് മതപ്രബോധന പരിപാടികളിൽ പങ്കെടുക്കാൻ എങ്ങനെ സാധിച്ചു എന്നതും. മാത്രവുമല്ല ഡൽഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും മൂക്കിനുതാഴെ ഈ പ്രത്യേക സാഹചര്യത്തിൽ ഇത്രയും വലിയൊരു സമ്മേളനം നടക്കുന്നത് എന്തുകൊണ്ട് അവർ അറിഞ്ഞില്ല എന്നതും അന്വേഷണ വിധേയമാക്കണം.

അവരത് അറിഞ്ഞിട്ടില്ലെങ്കിൽ അത് തെളിയുക്കുന്നത് അവർക്കൊന്നും രാജ്യം ഭരിക്കാനുള്ള പ്രാപ്തിയില്ല എന്ന് തന്നെയാണ്.ഇവിടുത്തെ രഹസ്യ അന്വേഷണ വിഭാഗങ്ങൾക്കൊക്കെ പിന്നെന്താണ് പണി. എന്തിന്റെ പേരിലായാലും തബ്ലീഗ് ഇ ജമാഅത്ത് ചെയ്തത് വലിയ അക്രമമാണ്. രാജ്യദ്രോഹമാണ്. അവർ മനപ്പൂർവ്വം വൈറസ് പടർത്താൻ വേണ്ടി സമ്മേളനം വിളിച്ചു എന്ന് ഞാൻ കരുതുന്നില്ല. അവർ അവരുടെ രീതിയനുസരിച്ച് എല്ലാം ദൈവത്തിൽ ഭാരമേൽപ്പിക്കുന്നവരാണ്. അവർക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. പക്ഷെ ഇത് അവരുടെ അയൽക്കാരെയും ഈ രാജ്യത്തെ മുഴുവൻ ബാധിക്കുന്ന കാര്യമാണ്. വൈറസിന് അതിർത്തികളും ജാതിയും മതവുമൊന്നുമില്ല. അത് ആർക്കുപിടിപെടാം. ഇവിടെ സമ്മേളനത്തിൽ പങ്കെടുത്ത് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോയവരിൽ നിന്ന് അവിടെയുള്ളവർക്കും ഇത് ബാധിക്കും. കേരളത്തിൽ നിന്നും നിരവധിയാളുകൾ ആ സമ്മേളനത്തിൽ പങ്കെടുത്തു എന്നറിയുന്നു. അതുകൊണ്ട് തന്നെ ഇത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്.

രാജ്യത്ത് ഈ മുന്നറിയിപ്പുകളൊക്കെ നിലനിൽക്കെയാണ് ആറ്റുകാൽ പൊങ്കാലയും നടക്കുന്നത് അത് നിരോധിക്കേണ്ടതായിരുന്നു. എല്ലാവർക്കും പൊങ്കാലയിടാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ഓരോരുത്തരുടെയും വീട്ടുമുറ്റത്തിട്ടാൽ മതിയായിരുന്നു. അത് റോട്ടിൽ തന്നെ നിർവഹിക്കണമെന്ന് നിർബന്ധം പിടിക്കേണ്ടിയിരുന്നില്ല.

മതം ഒരു ഭ്രാന്തായി മാറുന്നു

നമ്മളിപ്പോൾ ഒരു മൂന്നാംലോക മഹായുദ്ധത്തെ അഭിമുഖീകരിക്കുകയാണ്. ഒരു ഭാഗത്ത് വൈറസും മറുഭാഗത്ത് എല്ലാ മനുഷ്യരുമാണ്. അതിനിടയിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല മതവും ദൈവവും രാഷ്ട്രീയവുമൊന്നും. നമ്മളെല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ടുപോകേണ്ട അവസരമാണിത്. ക്രിസ്ത്യൻ പള്ളികളിൽ കുർബാന നിർത്തിവെച്ചിരിക്കുന്നു, മുസ്ലിം പള്ളികളിൽ ജുമുഅ നിർത്തിവെച്ചിരിക്കുന്നു, കൊടുങ്ങല്ലൂർ ഭരണിയടക്കം വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ മാറ്റിവെച്ചിരിക്കുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ ഇതിനൊക്കെയിടയിലും നമ്മുടെ നവ മാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന ചർച്ച ലോകാവസാനത്തെ കുറിച്ചാണ്. ഹിന്ദുക്കൾക്കിടയിൽ നടക്കുന്ന പ്രചരണം ഇത് കലിയുഗമാണെന്നാണ്.

രക്ഷകനായി കൽക്കി അവതരിക്കുമെന്നാണ് വലിയ രീതിയിൽ പ്രചരണം നടക്കുന്നത്. ഈ പ്രചരണങ്ങൾ കേട്ട് എല്ലാ ദുഷ്ടശക്തികളെയും നിഗ്രഹിക്കാൻ കുതിരപ്പുറത്ത് കൽക്കി അവതരിക്കുന്നതും കാത്തിരിക്കുന്നുണ്ട് ചിലർ. മുസ്ലിംകൾക്കിടയിലാകട്ടെ ലോകാവസാനത്തിന്റെ തുടക്കമെന്നോണം ദജ്ജാൽ പുറപ്പെടുമെന്നും ദജ്ജാലിനെ വകവരുത്താൻ ഈസാ നബി ആകാശത്ത് നിന്ന് വരും എന്ന പ്രചരണവും ഈ ഘട്ടത്തിൽ വ്യപകമായി നടക്കുന്നു. ലോകത്തെവിടെയും വെള്ളിയാഴ്ചയിലെ ജുമുഅ നടക്കാത്തതുകൊണ്ട് ദജ്ജാലിനെ കെട്ടിയിട്ട ചങ്ങല ക്ഷയിച്ച് ദജ്ജാൽ വരുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. ക്രിസ്ത്യാനികളിലാണെങ്കിൽ അന്ത്യക്രിസ്തുവിനെ കാത്തിരിക്കുന്നവരുമുണ്ട്. എന്നാൽ ഈ ഘട്ടത്തിൽ ഇത്തരം കഥകളൊക്കെ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വലിയ അന്യായമാണ്. കാരണം ലോകാവസാനത്തെ കുറിച്ചുള്ള ബോധം മനുഷ്യരിൽ വന്നുതുടങ്ങിയാൽ അവർക്ക് അവനവന്റെ ഭാവിയിലും ആരോഗ്യത്തിലും ചികിത്സയിലുമുള്ള പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടും.

അതുപോലെ തന്നെ അപകടമാണ് ഈ സമയത്ത് മതങ്ങളെ വിമർശിക്കുന്ന യുക്തിവാദികളും. ഇപ്പോൾ അതിനുള്ള സമയമല്ല. ഈ സമയത്ത് നമ്മൾ വിശ്വസിക്കേണ്ടത് മനുഷ്യന്റെ ബുദ്ധി ശക്തിയിലും ശാസ്ത്രത്തിലുമാണ്. കാരണം ഇവയെല്ലാം കൊണ്ട് നിരവധി പ്രതിസന്ധികളെ മറികടന്നാണ് ഈ ലോകം ഇന്നത്തെ അവസ്ഥയിലെത്തി നിൽക്കുന്നത്. വസൂരിയും കോളറയും മലമ്പനിയുമെല്ലാം നമ്മൾ ഇത്തരത്തിൽ മറികടന്നവരാണ്. അതു കൊണ്ട് ഈ സമയത്ത് മതവിമർശനവും ലോകാവസാനത്തെ കുറിച്ചുള്ള ചർച്ചകളും നടത്താതിരിക്കുകയാണ് നല്ലത്.

പ്രാർത്ഥനയും പ്രയത്‌നവും

പ്രാർത്ഥിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ പ്രയത്‌നമില്ലാത്ത പ്രാർത്ഥന കൊണ്ട് ഒരു കാര്യവുമില്ല. പ്രാർത്ഥനകൊണ്ട് മാത്രം ഒരു രോഗവും ലോകത്ത് മാറിയിട്ടില്ല. കേരളത്തിൽ തന്നെ നിരവധി പ്രാർത്ഥനാ കേന്ദ്രങ്ങളുണ്ടായിരുന്നല്ലോ. അവരൊക്കെ ഇപ്പോ എവിടെയാണ്. അതൊന്നും ഇപ്പോൾ ചർച്ചയാക്കേണ്ട കാര്യമല്ല. മതവും രാഷ്ട്രീയവും ലോകാവസാനവുമെല്ലം ചർച്ചയാക്കി കളയാനുള്ള സമയമല്ലിത്. ലോകത്തിന് മാതൃകയായിട്ടാണ് ഇപ്പോൾ കേരള സർക്കാർ ഈ മാഹാവ്യാധിയെ പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ഷൈലജയുമെല്ലാം വളരെ ആസൂത്രണത്തോടുകൂടിയാണ് കേരളത്തിലിതിനെ പിടച്ചുകെട്ടാനുള്ള പണികളെടുക്കുന്നത്. ഈ ഘട്ടത്തിൽ ഈ സർക്കാറിനൊപ്പം ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. അല്ലാതെ പായിപ്പാട്ടെപോലെ രാഷ്ട്രീയമുതലെടുപ്പ് നടത്തേണ്ട സമയമല്ലിത്. മതത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ട സമയമല്ലിത്.

നമ്മുടെ ചർച്ചാവിഷയമെന്നത് മതവും ജാതിയും രാജ്യവുമൊന്നുമല്ല മനുഷ്യ വംശം നിലനിൽക്കണോ വേണ്ടയോ എന്നുള്ളതാണ്. അതുകൊണ്ട് ഈ ഘട്ടത്തിൽ ലോകത്തെ മുഴുവൻ ആരോഗ്യപ്രവർത്തകരുടെയും പ്രവർത്തികളെ ബഹുമാനിച്ചുകൊണ്ട് അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് വീട്ടിൽ അടങ്ങിയിരിക്കുകയാണ് നാം ചെയ്യേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP