Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202114Friday

വിവാഹ ശേഷം ഞങ്ങൾ പരസ്പരം മിസ് ചെയ്യുമെന്ന് പഞ്ചരത്നങ്ങൾ; നാലിൽ മൂന്ന് പേരുടെ വിവാഹം നടക്കുക ഗുരുവായൂർ കണ്ണന്റെ നടയിൽ; സഹോദരിമാരെ കൈപിടിച്ച് അയക്കാൻ ഹിറ്റ്ലർ മാധവൻ കുട്ടിയായി ഉത്രജൻ; എല്ലാം കൃഷ്ണന്റെ കൃപയെന്ന് രമാദേവിയമ്മയും; വിവാഹ വിശേഷങ്ങളുമായി പഞ്ച രത്നം വീട്ടിൽ നിന്ന് സബ് എഡിറ്റർ ഉത്തര!

എം എസ് ശംഭു

തിരുവനന്തപുരം: കേരളം വാർത്തമാധ്യമങ്ങളിലൂടെ കേട്ട് പരിചിതരായ പഞ്ചരത്‌നങ്ങൾ. ജനനം മുതൽ വിവാഹത്തിന്റെ പടിവാതിലിൽ എത്തി നിൽക്കുമ്പോഴും പഞ്ചരത്‌നങ്ങൾക്കും ആനന്ദിക്കാൻ കാരണങ്ങൾ ഏറെയാണ്.അമ്മയെക്കാൾ വലിയ പോരാളി ലോകത്തില്ലെന്നാണ് സത്യം. ഇത് സിനിമ ഡയലോഗ് മാത്രമല്ല. ജിവിതം കൊണ്ട് അത് തെളിയിച്ച വ്യക്തിയാണ് പഞ്ചരത്‌നത്തിൽ രമാദേവി.

തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും പഞ്ചരത്‌നങ്ങൾ മലയാളികൾക്ക് കുടുംബാംഗങ്ങളെ പോലെയാണ്. പിതാവ് അകാലത്തിൽ പൊലിഞ്ഞെങ്കിലും പഞ്ചരത്‌നങ്ങളെ ഈ മാതാവ് കണ്ണിലെ കൃഷ്ണമണി പോലെ നോക്കിവളർത്തി.

ഇരട്ടകുട്ടികളെ നോക്കാൻ പോലും പാടുപെടുന്ന മാതാപിതാക്കൾക്ക് മുന്നിൽ അഞ്ച് മക്കളെ വളർത്തി വലുതാക്കിയ ഈ കൃഷ്ണഭക്ത പോരാളി തന്നെയാണ്. വെള്ളവേഷവും സദാകൃഷ്ണഭക്തിയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയി. മക്കളെ പഠിപ്പിച്ച് വളർത്തി കേരളാ ബാങ്കിൽ സർക്കാർ നൽകിയ ജോലിയിൽ കുടുംബം മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചു. ഇന്ന് മക്കൾ വിവാഹത്തിന് ഒരുങ്ങുമ്പോൾ രമാദേവിക്ക് പറയാനുള്ളതും ജീവിതത്തിൽ പിന്നിട്ട കാര്യങ്ങൾ.. ഈശ്വരനാണ് എല്ലാമെന്ന് രമാദേവി മറുനാടനോട് മനസ് തുറക്കുന്നു.

തന്റെ ജീവിത പോരാട്ടത്തിന് ഇടയിൽ മികച്ച മാതാവിനുള്ള നിരവധി പുരസ്‌കാരങ്ങൾ വരെ രമാദേവിക്ക് ലഭിച്ചു. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നീ പേരുകൾക്കും ഒരു കഥ പറയാനുണ്ട്. 1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിക്കും മക്കൾ ജനിക്കുന്നത.ഉത്രം നക്ഷത്രത്തിൽ ജനിച്ച മക്കൾക്ക് കൗതുകം തോന്നുന്ന പേരും ഇട്ടു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ പിറന്ന് കൺമണികൾ.. നാലു പെണ്ണും ഒരാണും. അച്ഛന്റെ സ്ഥാനത്ത് നിന്ന് സഹോദരിമാരുടെ കൈപിടിച്ച് അയക്കുന്ന കർമ്മം ഉത്രജനുള്ളതാണ്. കോവിഡ് ഇല്ലായിരുന്നെങ്കിൽ കേരളക്കര കൗതുകത്തോടെ സാക്ഷ്യം വഹിക്കേണ്ട വിവാഹ മാമാങ്കം തന്നെയായിരുന്നു അത്.

ക്യാമാറമാനൊപ്പം... പഞ്ചരത്‌നത്തിൽ നിന്ന് മലയാളി ലൈഫിന് വേണ്ടി ഉത്തര...!

മറുനാടന് മലയാളിയുടെ വിനോദ വിഭാഗം(മലയാളി ലൈഫ്) സബ് എഡിറ്ററായ ഉത്തരയെ വിവാഹം കഴിക്കുന്നത് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷാണ്.തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യനായ ഉത്തമയ്ക്ക് മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും.നാല് പേരിൽ മൂന്ന് പേരുടെ വിവാഹം മാത്രമാണ് നടക്കുന്നത്.


ഫാഷൻ ഡിസൈനറായ ഉത്രയുടെ വരൻ മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ്. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശാണ്. ഉത്രജയുടെ വരൻ കുവൈറ്റിലാണ്... വരൻ നാട്ടിലെത്തെയിതിന് ശേഷം മാത്രമാകും സഹോദരിയുടെ വിവാഹം നടക്കു എന്ന് ഉത്തര പറയുന്നു., ജേർണലിസം പഠനത്തിന് ശേഷമാണ് ഉത്തര മാധ്യമപ്രവർത്തനത്തിലേക്ക് കാൽവയ്ക്കും.. ഒരുമിച്ച് വളർന്ന് ഇവിടം വരെ എത്തിയപ്പോൾ സോഹദരങ്ങളെ വിട്ട് പിരിയുന്നതിൽ ദുഃഖമുണ്ടെന്നാണ് ഉത്തര പറയുന്നത്. അമ്മയാണ് ജീവിതത്തിൽ ഏല്ലാം, അമ്മയുടെ നിശ്ചയദാർഢ്യം തന്നെയാണ് ഞങ്ങൾ മക്കളുടെ വിജയം. എല്ലാവരേയും നന്നായി പഠിപ്പിച്ചു.. വലുതാക്കി. തങ്ങൾക്ക് ദുഃഖം വന്നാലും സന്തോഷം വന്നാലും എല്ലാം ഒരുമിച്ചേ വരാറുള്ളു എന്നാണ് ഈ പഞ്ചരത്‌നങ്ങൾ പ്രതികരിക്കുന്നത്.

പെയ്‌സ്‌മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. ഭർത്താവ് മരിക്കുന്നതിന് മുൻപ് തന്നെ ഹൃദ്യോഗം രമാദേവിയെ വേട്ടയാടി തുടങ്ങിയിരുന്നു. ബാങ്കിൽ ജോലി ചെയ്യുമ്പോൾ ഉൾപ്പടെ കോവിഡ് കാലഘട്ടത്തിലും ഏറെ വെല്ലുവിളികളിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വിവാഹ വസ്ത്രങ്ങൾ പോലും ഒരുപോലെ വേണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. ജനിച്ചപ്പോൾ മുതൽക്കെ അഞ്ച് പേർക്കും ഒരുപോലെയാണ് വസ്ത്രങ്ങൾ തിരഞ്ഞെടുത്തിരുന്നത്. കുട്ടികൾ വളർന്നതിന് ശേഷം അവർ സ്വയം വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയെന്ന് രമാദേവി പ്രതികരിക്കുന്നത്.

ഹിറ്റ്‌ലർ മാധവൻ കുട്ടിയെ പോലെ ഉത്രജൻ...

ഊണിലും ഉറക്കത്തിലുമെല്ലാം സഹോദരിമാരുടെ നിഴലാണ് ഉത്രജൻ, വിവാഹം കഴിഞ്ഞ് സഹോദരിമാർ വീട്ടിൽ നിന്ന് പോകുന്നതോടെ ഉത്രജൻ തനിച്ചാകുന്ന മട്ടാണ്. സ്‌ക്‌ളിലായാലും പഠനത്തിൽ അഞ്ചുപേരും ബഹുമുന്നിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ ശേഷം ഓരോ വഴി തിരഞ്ഞെടുക്കുകയായിരുന്നെന്ന് ഉത്രജൻ പ്രതികരിക്കുന്നത്. ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഉത്രജൻ. ഇപ്പോൾ സഹോദരിമാരുടെ വിവാഹം ഭംഗിയായി നടത്തുക എന്നതാണ് തൻെ മുന്നിലുള്ള കർതവ്യമെന്ന് ഉത്രജൻ പറയുന്നു.

കൊറോണ കാരണം സുഹൃത്തുക്കളേയും അദ്ധ്യാപകരേയും വിളിക്കാൻ കഴിയാത്തതതിൽ സങ്കടമുണ്ടെന്നാണ് അഞ്ചിൽ മൂത്തയാളായ ഉത്രയുടെ പ്രതികരണം. ഫാഷൻ ഡിസൈനിങ്ങാണ് ജോലി. കല്യാണം ആയതോടെ ജോലിയിൽ നിന്ന് താത്കാലികമായി ഉത്ര വിട്ടുനിൽക്കുകയാണ്. അമൃതയിലാണ് ഉത്തമ പഠിച്ചത് പഠന ശേഷം എസ്.യു.ടിയിൽ കുറച്ച് നാൾ ജോലി ചെയ്തു. അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽ അനസ്‌തേഷ്യ ടെക്ക്‌നീഷ്യനായിട്ടാണ് ഉത്രജ പഠിച്ചതും ദോലിചെയ്യുന്നതും..

എൽ.കെ.ജി മുതൽ പഠനം ഒരുമിച്ച്..!

എൽ.കെ.ജി മുതൽ പഠനം ഒരുമിച്ചായിരുന്നു. പ്ലസ് ടു കഴിഞ്ഞതിന് ശേഷം വിവിധ ക്ലാസുകളിലായി. പ്ലസ്്ടു കഴിഞ്ഞതിന് ശേഷം ഉപരിപഠനം തിരഞ്ഞെടുത്തത് ഒരോരുത്തരുടേയും താത്പര്യം അനുസരിച്ചായിരുന്നു എന്ന് പഞ്ചരത്‌നങ്ങളുടെ പ്രതികരണം. ഞങ്ങളുടെ വാർത്ത ലോകം കേരളം മുഴുവൻ അറിഞ്ഞിട്ടുള്ളതാണ്. എന്ന് മുതലെമാധ്യമ പഠനം സ്വപ്‌നം കണ്ട് നടന്നതെന്ന് ഉത്തരയുടെ പ്രതികരണം.

കഷ്ടപ്പെടുന്നവർക്ക് സഹായകമാകാൻ വേണ്ടി വാർത്തകൾ എഴുതണം എന്നതാണ് തന്റെ സ്വപനനമെന്ന് ഉത്തരയുടെ പ്രതികരണം. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹം നടക്കുന്നത്. എല്ലാവരുടേയും പ്രാർത്ഥന കൂടയുണ്ടാകണമെന്നാണ് പഞ്ച രത്‌നങ്ങളും അമ്മയും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP