Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശശികലയും ഉണ്ണിത്താനും ജയരാജനും പി സി ജോർജും പോലെയുള്ള രാഷ്ട്രീയ കോമാളികളാണ് യഥാർത്ഥ ദുരന്തം; സ്മാർട്ട് ഫോണിൽ മയങ്ങിയ കേരളത്തിൽ കൂടുതൽ ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ; മത, രാഷ്ട്രീയ കോമരങ്ങളെ മാറ്റി നിർത്താൻ പ്രവാസി മലയാളികൾ ജാഗ്രത കാട്ടണം; ലണ്ടനിൽ പഠന സന്ദർശനത്തിന് എത്തിയ എഴുത്തുകാരൻ എൻ പി ഹാഫിസ് മുഹമ്മദ് മറുനാടനോട്

ശശികലയും ഉണ്ണിത്താനും ജയരാജനും പി സി ജോർജും പോലെയുള്ള രാഷ്ട്രീയ കോമാളികളാണ് യഥാർത്ഥ ദുരന്തം; സ്മാർട്ട് ഫോണിൽ മയങ്ങിയ കേരളത്തിൽ കൂടുതൽ ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ; മത, രാഷ്ട്രീയ കോമരങ്ങളെ മാറ്റി നിർത്താൻ പ്രവാസി മലയാളികൾ ജാഗ്രത കാട്ടണം; ലണ്ടനിൽ പഠന സന്ദർശനത്തിന് എത്തിയ എഴുത്തുകാരൻ എൻ പി ഹാഫിസ് മുഹമ്മദ് മറുനാടനോട്

കെ ആർ ഷൈജുമോൻ, ലണ്ടൻ

''ശശികലയും ഉണ്ണിത്താനും ജോർജും ജയരാജന്മാരും അടക്കമുള്ള രാഷ്ട്രീയ കോമാളികളുടെ കൂത്തരങ്ങുകളായി ടെലിവിഷൻ ചർച്ചകൾ പരിണമിക്കുമ്പോൾ അതിൽ ഭ്രമിച്ചു ദിശാബോധം നഷ്ടപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണ് മലയാളി സമൂഹം. ഒരു ജനത അവർ അർഹിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയാണ് സ്വന്തമാക്കുക എന്നതിന്റെ വർത്തമാനകാല ഉദാഹരണമായി മാറുകയാണ് കേരളം. ഇതൊരു ദുരന്തമായി പരിണമിക്കുകയാണ്. അതിന്റെ പാർഷ്വ ഫലങ്ങളാണ് നാമിപ്പോൾ അനുഭവിക്കുന്നത്. ഇതിനിയും കൂടിയേക്കാം. അനുഭവിക്കുക തന്നെയാണ് മലയാളികളുടെ നിയോഗം''. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം വിലയിരുത്തുകയാണ് പ്രശസ്ത എഴുത്തുകാരൻ എൻ പി ഹാഫിസ് മുഹമ്മദ്.

റൂത്ത് കോൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യൻ പ്രസിഡന്റ് കൂടിയായ അദ്ദേഹം യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന സംഘടനയുടെ കോൺകേലവ്ൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടനിലും എത്തിയിരിക്കുന്നത്. കുട്ടികളുടെ മാനസിക വികാസത്തിനും വക്തിത്വ പരിമാണത്തിനും നേതൃത്വ പരിശീലനത്തിനും ഉതകും വിധം അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് റൂത്‌കോൺ, ജർമനിയിൽ രൂപം കൊണ്ട് ലോകമാകെ പടർന്ന സംഘടനയ്ക്ക് കേരളത്തിൽ അടുത്തകാലത്തായി വലിയ തോതിൽ ഉള്ള സാമൂഹിക മാറ്റത്തിനു മുന്നിൽ നിൽക്കാൻ കഴിയുന്നുണ്ട്. എൻ പിയെ കൂടാതെ തോമസ് എബ്രഹാം, പ്രൊഫ് മോട്ടി സക്കറിയ, ജോബി സിറിയക് എന്നിവരാണ് റൂത്ത് കോണിനെ നയിക്കുന്നത്.

എല്ലാവരും അദ്ധ്യാപക പരിശീലന മേഖലയിൽ നിന്നുള്ളവരുമാണ്. സാഹിത്യ അക്കാദമി അവാർഡ് ജേതാവ്, ജൂറി അംഗം, എഴുത്തുകാരൻ, അദ്ധ്യാപകൻ എന്നതിനൊപ്പം സാമൂഹിക ചിന്തകൻ കൂടിയായ എൻ പി ഹാഫിസ് മുഹ്മദുമായി മറുനാടൻ മലയാളി പ്രതിനിധി കെ ആർ ഷൈജുമോൻ നടത്തിയ അഭിമുഖം ചുവടെ

കേരളത്തിലെ സാമൂഹിക ജീവിതത്തിനു എന്താണ് സംഭവിക്കുന്നത്? നാട്ടിലെ നന്മകൾ സകലതും നശിക്കുകയാണോ?

പറഞ്ഞു പരത്താതെ നേരെ തന്നെ പറയാം. ഏറ്റവും വർത്തമാനകാല സംഭവം എന്ന നിലയിൽ ശബരിമല തന്നെ ഉദാഹരണമായി എടുക്കാം. ഇരുണ്ട കാലഘട്ടത്തിൽ ഇന്നും ഉയരത്തെഴുനേറ്റ പ്രദേശമാണ് കേരളം. ഇത് ഒരു രാത്രി വെളുത്തപ്പോൾ സംഭവിച്ച മാറ്റമല്ല. നവോത്ഥാന കാലത്തേ നേട്ടങ്ങൾ വഴി യഥാർത്ഥ സ്വാതന്ത്രം അനുഭവിച്ചവരാണ് മലയാളികൾ. അതിൽ എല്ലാ ജാതി മനുഷ്യരുമുണ്ട്. ആ മാറ്റങ്ങൾ എല്ലാ മതത്തിലും നവീന ചിന്തകൾ പടർത്തിയിരുന്നു.

ക്ഷേത്രങ്ങൾക്ക് സമീപത്തു കൂടി കീഴ്ജാതിക്കാർ എന്ന് വിളിക്കപ്പെട്ടവർ നടന്നു തുടങ്ങിയതും മുസ്ലിം മതത്തിൽ ഉൾപ്പെടെ സ്ത്രീകൾ വിദ്യാഭ്യാസം നേടി തങ്ങൾക്കും ജീവനുണ്ട് എന്ന് തെളിയിച്ച കാലമാണ്. ആചാരങ്ങൾ പാലിക്കപ്പെടുക എന്നും പറഞ്ഞുള്ള മുറവിളി മധ്യകാല ഘട്ടത്തിലേക്കുള്ള തിരിച്ചു പോക്കാണ്. കൂടുതൽ സംബന്ധക്കാർ ഉണ്ടായിരുന്നത് നായർ സ്ത്രീകൾക്ക് അഭിമാനമായി കരുതിയ കാലം ഉണ്ടായിരുന്നു കേരളത്തിൽ . മുസ്ലിം സ്ത്രീകൾ കേരളീയമായി വളരണം എന്നാവശ്യപ്പെട്ടു ബഹളം വയ്‌പ്പ് നടത്തുന്നവരും ആചാരത്തിന്റെ അവകാശികളാണ്. കുടില ചിന്തകളിൽ നിന്നുമാണ് ഇത്തരം കാര്യങ്ങൾ ഉയരത്തെഴുന്നേൽക്കുന്നത്.

ഈ പ്രശ്‌നങ്ങൾ ഒക്കെ വെറും സ്വാഭാവികം എന്ന് എഴുതി തള്ളാൻ പറ്റുമോ, ബിജെപി വളർച്ച മുട്ടിയപ്പോൾ അവരെ സഹായിക്കാൻ രൂപം നൽകിയ അജണ്ടയാണ് ഹിന്ദുക്കളെ തെരുവിൽ എത്തിച്ചതെന്ന ആക്ഷേപം എങ്ങനെ വിലയിരുത്തുന്നു?

ഇതിൽ എല്ലാവർക്കും പങ്കുണ്ട്. ഞങ്ങൾ മാന്യന്മാർ എന്നാർക്കും അഹങ്കരിക്കാൻ സാധിക്കില്ല. ദേശീയ സമരത്തിന്റെ ഭാഗമായി ഉണ്ടായ പ്രസ്ഥാനത്തിന് ജീവൻ നൽകിയവരുടെ കുടുംബത്തിൽ പിറന്നതിൽ അഭിമാനിക്കുന്നവനാണ് ഞാൻ. എന്റെ ഉപ്പാപ്പ ധീര സ്വാതന്ത്ര സമര പോരാളി ആയിരുന്നു എന്നതിൽ എന്നും അഭിമാനമുണ്ട്. അബ്ദുറഹിമാൻ സാഹിബും മറ്റും നേതൃത്വം നൽകിയ മുന്നേറ്റമാണ് കേരളത്തെ ഇന്നും കാണും വിധം പരുവപ്പെടുത്തിയത്. മനുഷ്യനെ പൗരോഹിത്യ ചങ്ങലയിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യമാണ് അന്ന് നാം നേടിയത്. ഇന്ന് അതെല്ലാം വീണ്ടും നഷ്ടപ്പെടുത്തുകയാണ്. രാഷ്ട്രീയ നേതാക്കളും പ്രസ്ഥാനങ്ങളും പൗരോഹിത്യത്തിന് അടിമപ്പണി ചെയ്യുകയാണ്. സ്വാഭാവികമായും അതിന്റെ പ്രതിഫലനം സമൂഹത്തിൽ എത്തും.

ശബരിമല വിഷയത്തിൽ ബിജെപി മുൻകൈ നേടാൻ സാധിക്കും വിധം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടായി എന്നത് വേദനാജനകമാണ്. അതിനാൽ ഇത്തരം ആക്ഷേപങ്ങൾ ഉണ്ടാകുമ്പോൾ കണ്ണടച്ച് എഴുതി തള്ളാൻ പറ്റില്ല. അധികാരത്തിൽ എത്താനും അത് നിലനിർത്താനും ഉള്ള കുറുക്കു വഴികൾ മാത്രമാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ നോക്കുന്നതെങ്കിൽ ജനാധിപത്യ കേരളം അതിനു വലിയ വില നൽകേണ്ടി വരും, ഒരു തർക്കവുമില്ല. ഇപ്പോഴത്തെ നിലപാടുകളുടെ ദൂഷ്യ ഫലങ്ങൾ കോൺഗ്രസ് മനസിലാകുന്നില്ല. ചെന്നിത്തലയും മറ്റും വ്യക്തി താൽപ്പര്യങ്ങളും നിലനിൽപ്പും മാത്രം നോക്കി നിലപാട് എടുക്കുകയാണ്. മുല്ലപ്പള്ളിയുടെയും സുധീരനെയും ഒക്കെ നിശബ്ദത ഭയപ്പെടുത്തുന്നതാണ്.

ഈ സാഹചര്യത്തിൽ നിർണായക നിലപാട് എടുക്കേണ്ട സിപിഎം എന്തുകൊണ്ടാകും ഇത്തരത്തിൽ പെരുമാറുന്നത്?

സിപിഎം പ്രതിരോധം നഷ്ടമായ അവസ്ഥയിലാണ്. അല്ലെങ്കിൽ അവർ പ്രത്യക്ഷ സാഹചര്യത്തിന്റെ ഗുണഭോക്താക്കളാകാൻ വെമ്പൽ കൊള്ളുന്നു. സമൂഹത്തിൽ വിഭാഗീയത വളരാൻ അവരും ആഗ്രഹിക്കുന്നത് പോലെയാണ് നടപടികൾ. വിറളി പിടിപ്പിക്കും വിധം പ്രകോപന പ്രസ്താവനകൾ ഇറക്കാൻ നേതൃത്വം വെമ്പൽ കൊള്ളുന്നു. ഇതൊന്നും പതിവില്ലാത്ത കാര്യങ്ങളാണ്. ഒരു കാലത്തു ദിനപത്രങ്ങൾ ഉണ്ടാക്കിയ വിഭാഗീയ രീതി ഇപ്പോൾ പ്രത്യക്ഷത്തിൽ രാഷ്ട്രീയ പാർട്ടികളും ഏറ്റുപിടിക്കുകയാണ്.

സർക്കുലേഷൻ വർധനയ്ക്ക് വേണ്ടി പ്രാദേശിക പേജിലും മറ്റും ജാതീയ ചിന്തകൾക്ക് വെള്ളവും വളവും നൽകി വളർത്തിയത് കുത്തക പത്ര മുതലാളിമാരാണ്. മനോരമയും മാതൃഭൂമിയും ഇതിന്റെ ഉപഭാക്താക്കളാണ്. ഇപ്പോൾ ചാനലുകളും ആ വഴിക്കു നീങ്ങുന്നു. ഇത് തികച്ചും അപകടമാണ്. കോമാളി രാഷ്ട്രീയക്കാർ വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന വാർത്ത സംവാദങ്ങൾ എന്ത് സംഭാവനയാണ് മലയാളിക്ക് നൽകുന്നത്. സംവാദം എന്നൊക്കെ പേരിലെ ഉള്ളൂ, തികഞ്ഞ അജണ്ടകൾ സൃഷ്ടിച്ചാണ് ഓരോരുത്തരും ഇടപെടുന്നത്. ഇതിന്റെ ഇടയിൽ ശരാശരി മലയാളി ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ശ്വാസം മുട്ടി മരിക്കേണ്ടി വരും.

ഇതുമൂലം സമൂഹത്തിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്, എങ്ങോട്ടാണ് നമ്മുടെ പോക്ക്?

ഇതുമൂലം രണ്ടു തരത്തിൽ ഉള്ള അപകടമാണ് സംഭവിക്കുന്നത്, അല്ലെങ്കിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നത്. വെറും പൊള്ളയായ സ്വാർത്ഥ മോഹികളായ സമൂഹമായി മലയാളി മാറിക്കഴിഞ്ഞു. നേരിന്റെ പക്ഷങ്ങളെ തളർത്തി കളയുകയാണ് ഇത്തരം വാചകമടിക്കാർ. സത്യവും മിഥ്യയും ഈ പൊയ്പ്രചാരണ കാലത്തു തിരിച്ചറിയാൻ കഴിയുന്നില്ല. തിരിച്ചറിയാൻ തക്ക വിധം നേരുകൾ ജനത്തിന്റെ മുന്നിൽ എത്തുന്നില്ല. ഓരോ വാർത്തയും അർദ്ധ സത്യമായാണ് പ്രത്യക്ഷപ്പെടുന്നത്. പണ്ട് ധീരതയുള്ള എഡിറ്റർമാർ വാർത്തകളുടെ കണ്ടന്റ് നിശ്ചയിച്ചിരുന്നപ്പോൾ ജനത്തിന് കാര്യങ്ങൾ ഏറെക്കുറെ നേരിൽ തിരിച്ചറിയാൻ പറ്റുമായിരുന്നു. ഇപ്പോൾ സർക്കുലേഷനും ബാരക് റേറ്റിങ്ങും ഒക്കെയായി വാർത്തയുടെ അവതരണ, വിന്യാസ രീതികൾ.

രണ്ടാമത്തെ കൂട്ടരാണ് എഴുത്തുകാർ. ആരെയോ പേടിക്കും വിധം അവർ വല്ലാതെ നിശബ്ദരായി കഴിഞ്ഞു. ഇത്രയേറെ കോലാഹലം കേരളത്തിൽ ഉയർന്നിട്ടും ഒരു എഴുത്തുകാരന്റെ പോലും വേറിട്ട ശബ്ദം കേൾക്കാൻ കഴിയാതെ പോയത് ഇതുകൊണ്ടാണ്. അഥവാ മറ്റൊരു കൂട്ടർ സർക്കാരിന്റെ കുഴലൂത്തുകാരായി മാറി. അവർ ഭരിക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ചു മാത്രമേ വാ തുറക്കൂ. എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും കലാപ്രവർത്തകരും ചിത്രമെഴുത്തുകാരും പാട്ടുകാരും ഒക്കെയായി സജീവമായ സാംസ്കാരിക ഇടപെടൽ നടന്ന സ്ഥലമാണ് കേരളം. ഇവരയിരുന്നു ഒപ്പീനിയൻ ലീഡേഴ്‌സ് അഥവാ ആശയ പ്രചാരകർ.

ഇന്നവരുടെ സ്ഥാനം മറ്റാരൊക്കെയോ ഏറ്റെടുത്തു. സമൂഹത്തിന്റെ ഉന്നതിയോ നിലനിൽപ്പോ നോക്കാത്ത വിധം കാര്യങ്ങൾക്കു അജണ്ട നിർമ്മിക്കുകയാണ്. ഒരു വെല്ലുവിളി ഏറ്റെടുക്കാനും ഒരാളും തയ്യാറല്ല. റിസ്‌ക് എന്ന് കേട്ടാൽ പോലും തിരിഞ്ഞു നടക്കാൻ തുടങ്ങുകയാണ് നാം. ആരെങ്കിലും മുന്നോട്ടു വന്നാൽ അവരെ ഒറ്റപെടുത്തും, കല്ലെറിയും. ഇത്രയധികം പേടിച്ചു സംസാരിക്കേണ്ടി വരുന്ന ഒരു കാലം വേറെ ഉണ്ടായിട്ടില്ല. പണ്ടൊക്കെ ആശയപരമായ സംവാദങ്ങളും ചർച്ചകളും സമൂഹത്തിൽ നന്നായി നടന്നിരുന്നു. അതിനു ഫലവും ഉണ്ടായിട്ടുണ്ട്.

ഇനി എന്ത് ചെയ്യാൻ കഴിയും?

ചെയ്യാൻ കഴിയേണ്ടവർ അതിനു തയ്യാറല്ല എന്നാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. വീണ്ടും 2019 മോദി അധികാരത്തിൽ വന്നാൽ അടുത്ത പത്തു തലമുറ അതിന്റെ കെടുത്തി അനുഭവിക്കേണ്ടി വരും. ഉത്തരേന്ത്യയിലും മറ്റും മോദി വിരുദ്ധത ശക്തി പ്രാപിച്ചിട്ടും മോദിയെ എതിർക്കാൻ ധാർമ്മികതയുള്ള കോൺഗ്രസും സി പി എമും സമവായം കണ്ടെത്താൻ ശ്രമിക്കുന്നില്ല എന്നിടത്തു ഇവരുടെയൊക്കെ കള്ളത്തരം നമുക്ക് കണ്ടെത്താൻ കഴിയും. ഒന്നിച്ചു നിൽക്കാൻ കഴിയാതെ ഇവരെങ്ങനെയാണ് മോദിയെ എതിർക്കുക. കേരളത്തിൽ നിന്ന് ഒരു സീറ്റ് എങ്കിലും സ്വന്തമാക്കുക ബിജെപി യുടെ പ്രസ്റ്റീജ് വിഷയമാണ്.

അതവർ സാധിച്ചാൽ അത് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പിടിപ്പു കേടു കൊണ്ട് സംഭവിച്ചു എന്ന് പറയാൻ ഒട്ടും മടിക്കേണ്ട. ഇന്ത്യയിൽ ഹിറ്റലറൈസേഷൻ നടക്കുന്നു എന്നാണ് ലോക വേദികളിൽ പോലും പറയേണ്ടി വരുന്നത്. ഇതിൽ സിപിഎം കേരളത്തിൽ എന്ത് റോൾ എടുക്കുന്നു എന്നതാണ് നാം നോക്കേണ്ടത്. ഇന്ത്യ സാമൂഹിക മാറ്റത്തിനു ഏറെ കൊതിയോടെ നോക്കിയ സ്ഥലം കൂടിയാണ് കേരളം. ഇന്ത്യയുടെ സ്വർണം എന്നാണ് കേരളത്തെ വിശേഷിപ്പിക്കാൻ സാധിക്കുക. സ്വർണത്തിനു തുരുമ്പു പിടിച്ചാൽ ഇരുമ്പിന്റെ കാര്യം പിന്നെ പറയാനുണ്ടോ?

കേരളത്തിന് ശാപമാകുന്നത് മുന്നണി രാഷ്ട്രീയമാണോ?

തീർച്ചയായും. ഈ മുന്നണികളാണ് നാടിനെ നശിപ്പിക്കുന്നത്. പ്രത്യേകിച്ച് കേരള കോൺഗ്രസ്, മുസ്ലിം ലീഗ്, എസ് എൻ ഡി പി, എൻ എസ് എസ് തുടങ്ങിയ ഉൾ സംഘങ്ങൾ ഭരണത്തെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്തൊക്കെ അതിന്റെ രൂക്ഷത അറിഞ്ഞവരാണ് മലയാളികൾ. മാണിയും ജോർജും കുഞ്ഞാലിക്കുട്ടിയും ഒക്കെയായിരുന്നു കാര്യസ്ഥർ. ഇയ്യിടെ അബ്ദുറഹിമാൻ സാഹിബ് അനുസ്മരണത്തിൽ മുന്മന്ത്രി ബിനോയ് വിശ്വം ഞാൻ കൂടി ഇരുന്ന ഒരു വേദിയിൽ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. മുന്നണി രാഷ്ട്രീയത്തിൽ ചില ശക്തികൾ ആധുനിക ജന്മികളായി മാറി. ചിലരാകട്ടെ ധനാഢ്യ ലോബികളും.

സമൂഹത്തിന്റെ ഘടന തന്നെ മാറിമാറിയാൻ ഈ ചെറു മുന്നണി രാഷ്ട്രീയം കാരണമാക്കി. ഒരു കാലത്തു ഇത്തരം വിധ്വസക ശക്തികൾക്കെതിരെ അബ്ദുറഹിമാൻ സാഹിബ് പ്രസിഡന്റും ഇ എം എസ് സെക്രട്ടറിയുമായ സംഘം ശക്തമായ പ്രതിരോധം നടത്തി. എന്നാൽ പിന്നീട് അതേ ഇ എം എസ് ഭരണം ഉറപ്പിക്കാൻ മുസ്ലിം ലീഗിനെ കൂട്ട് പിടിച്ചു മുന്നണി രാഷ്ട്രീയത്തിന്റെ അടിത്തറ പണിതു എന്ന വിരോധാഭാസവും നാം കാണേണ്ടി വന്നു. കോൺഗ്രസും മാർക്‌സിസും നേർക്ക് നേർ മത്സരിക്കുന്ന ഒരു കേരളമായിരുന്നു ഏറെ ഭേദം.

ഇത് പറയുമ്പോൾ കേരളത്തിലെ എംഎൽഎമാരുടെ ജാതി തിരിച്ചുള്ള കണക്കിൽ നല്ല ബാലൻസിങ് കാണാൻ കഴിയും. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ കണക്കിൽ 80 30 30 എന്നതാണ് ഏകദേശ കണക്ക്. ഒരു തരം കൃത്യമായ വീതം വയ്‌പ്പ്. ഇത് യാധൃഷികമാണോ?

അല്ലെന്നു ഞാൻ പറയും. കൃത്യമായി ജാതി നോക്കിയാണ് സ്ഥാനാർത്ഥി വീതം വയ്‌പ്പ്. കോൺഗ്രസ് ഒരിക്കലും മുസ്ലിം സ്ഥാനാർത്ഥിക്കു സീറ്റ് നൽകില്ല. നൽകിയാൽ തന്നെ ഒന്നോ രണ്ടോ. അതും നിവർത്തിയില്ലാത്ത സാഹചര്യത്തിൽ. അങ്ങനെ വരുന്ന സ്ഥാനാർത്ഥിയോ മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിലും ആയിരിക്കും. ഒരിക്കൽ ഒരുന്നത കോൺഗ്രസ് നേതാവ് പറഞ്ഞത് മുസ്ലിം സ്ഥാനാർത്ഥികൾ മുസ്ലിം ലീഗിന്റെ അക്കൗണ്ടിൽ കൂടി നിയമസഭയിൽ എത്തണമെന്നാണ്. ഇക്കാര്യത്തിൽ പാർട്ടികൾ തമ്മിൽ പോലും ചില ധാരണകൾ ഉണ്ടെന്നു പോലും സംശയിക്കേണ്ടി വരും.

എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ പിണറയിയെ പാതി കാലമായപ്പോൾ നാം എങ്ങനെ വിലയിരുത്തണം?

കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ചും ഉമ്മൻ ചാണ്ടി ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ. എന്നാൽ കാതലായ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന പൊതു ചിന്തയ്ക്കാണ് മുൻതൂക്കം കൂടുതൽ. രണ്ടും തമ്മിൽ കാര്യമായ വത്യസം ഇല്ലെന്നു പോലും ജനം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഒരു വ്യത്യാസം ഇതുവരെ ഫീൽ ചെയ്തു തുടങ്ങിയിട്ടില്ല എന്നതാണ് കൂടുതൽ ശരി. ഇവിടെയാണ് ഡൽഹിയിലെ കെജ്‌രിവാൾ സർക്കാരിനെ നാം വിലയിരുത്തേണ്ടത്. ഒരു ഭാഗത്തു കേന്ദ്ര സർക്കാർ അധികാരങ്ങൾ പോലും കവർന്നെടുത്തു വരിഞ്ഞു മുറുകുമ്പോൾ പരമാവധി ജനത്തിന് സൗജന്യങ്ങൾ എത്തിച്ചാണ് ആ മനുഷ്യൻ യഥാർത്ഥ ഭരണാധികാരിയായി മാറുന്നത്. അത്തരക്കാർ എത്ര കാലം കഴിഞ്ഞാലും ജനഹൃദയത്തിൽ ഉണ്ടാകും.

ഇക്കണക്കിനു താങ്കളുടെ പേരക്കുട്ടിയുടെ ഒക്കെ കാലം വരുമ്പോൾ എന്തായിരിക്കും സ്ഥിതി?

ഞാൻ ശുഭാപ്തി വിശ്വാസിയാണ്. എല്ലാം കലങ്ങി തെളിയും എന്ന് കരുതാൻ ആണ് ഇഷ്ടം. ഇത്രയെറേ പുതുതലമുറയെ പറ്റി ആശങ്ക ഉയർന്നിട്ടും വെള്ളപ്പൊക്ക കാലത്തു നമുക്കു ഒന്നിച്ചു നിൽക്കാൻ കഴിയും എന്ന് തെളിയിച്ചില്ലേ. അപ്പോൾ ആവശ്യം വന്നാൽ നമുക്ക് എല്ലാം മറന്നു ഒന്നിക്കാൻ കഴിയും എന്നാണ് എന്റെ പ്രതീക്ഷ. കുറച്ചു കാലം ഇത്തരം കളികൾ കണ്ടു നിന്ന ശേഷം ഈ പരിപ്പ് ഇന്ത കലത്തിൽ വേവില്ല എന്ന് സമൂഹം തിരിച്ചു പറയുന്ന കാലം ഉണ്ടാകും എന്നാണ് എന്റെ പ്രതീക്ഷ.

നമ്മുടെ യുവത്വം സ്മാർട്ട് ഫോണിന്റെ ഇരകളായി മാറിക്കഴിഞ്ഞു എന്നൊക്കെയാണ് ഇപ്പോൾ പരാതികൾ, എന്ത് പറയുന്നു?

തീർച്ചയായും എല്ലാത്തിലും നല്ലതും ചീത്തയും ഉണ്ടാകും. ചീത്ത തിരിച്ചറിയാൻ സമയമെടുക്കും. കുട്ടികളിൽ വക്തിത വികസനം പൂർണ്ണമാകുന്ന ഘട്ടത്തിലാണ് അവരുടെ കൈയിൽ സ്മാർട്ട് ഫോണുകൾ എത്തുന്നത്. ഇക്കാര്യത്തിൽ കുറച്ചു കൂടി ഗൗരവമായ ചിന്ത ഉണ്ടാകേണ്ടത് രക്ഷിതാക്കളിൽ നിന്ന് തന്നെയാകണം. സർക്കാരും കാഴ്ചക്കാരല്ല, അവർക്കും പലതും ചെയ്യാനുണ്ട്. കാനഡയിൽ ഒക്കെ സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികൾക്ക് നിയന്ത്രണ വിധേയമാണ്. ഫ്രാൻസിലും സമാനമാണ് എന്ന് കേൾക്കുന്നു. യുകെയിൽ റെസ്റ്റോറന്റ് ചെയിനുകളിൽ നോ ഫോൺ സോൺ ഒക്കെ ഉണ്ടെന്നു കേൾക്കുന്നത് ഭാവിക്കു നൽകുന്ന ശുഭ വാർത്തകളാണ്. ഇതൊക്കെ പറഞ്ഞാൽ പിന്തിരിപ്പൻ എന്ന് വിളിക്കാൻ നമ്മുടെ നാട്ടിൽ ആളുകൾ ഏറെയാണ്.

കോളേജുകൾ ഇരുൾ അടഞ്ഞു പോകുന്നു എന്ന ആവലാതിയെ കോളേജ് അദ്ധ്യാപകൻ ആയിരുന്ന താങ്കൾ എങ്ങനെ കാണുന്നു?

കോളേജ് വിദ്യാഭ്യാസത്തിൽ ഒക്കെ സാമൂഹിക അധിഷ്തിതമായ മൂല്യങ്ങൾ ഉണ്ടായിരുന്ന കാലമാണ് നമുക്ക് നഷ്ടമാകുന്നത്. ഇപ്പോൾ കരിയർ ലക്ഷ്യം വച്ചുള്ള പഠനം വിദ്യാർത്ഥികളെ സ്വാർത്ഥരാക്കുകയാണ്. സ്വന്തം കാര്യം മാത്രം ഓരോരുത്തരും നോക്കിയാൽ മതിയെന്ന പാഠമാണ് വീട്ടിൽ നിന്നും പഠിപ്പിക്കുന്നത്. എൻജിനിയറിങ് കോളേജിൽ നിന്ന് പുറത്തു വരുന്ന വിദ്യാർത്ഥികൾ സമൂഹത്തിനു എത്രമാത്രം പ്രയോജനപ്പെടുന്നു എന്ന് സർക്കാർ തലത്തിൽ ഗൗരവമായി ചിന്തിക്കേണ്ട കാലമാണ്. അദ്ധ്യാപകർ കുട്ടികളെ ട്രാൻസ്‌ഫോം ചെയ്‌തെടുക്കുന്ന ഉത്തരവാദിത്ത്വം കൂടി ഏറ്റെടുക്കണം. അദ്ധ്യാപക പരിശീലന പദ്ധതിയിൽ ഒക്കെ കാതലായ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇരുപതോളം രാജ്യങ്ങൾ സന്ദർശിച്ച താങ്കൾ യുകെയിൽ എത്തിയപ്പോൾ കണ്ടതും മനസ്സിലാക്കിയതും എന്താണ്?

ഓരോ രാജ്യത്തും പ്രവാസികളുടെ ഇഷ്ടാനിഷ്ടങ്ങൾ പലതാണ്. ഇവിടെ നോട്ടിൻഹാമിലും ലണ്ടനിലും രണ്ടു മലയാളി പരിപാടികളിലാണ് ഞാൻ പങ്കെടുത്തത്. വെറും ഒരാഴ്ചയേ തങ്ങിയുള്ളൂ വെങ്കിലും ഒട്ടേറെ മലയാളികളെ കാണാനും സംസാരിക്കാനും ഇടയായി. ഇതിനിടയിൽ കേരളത്തെ അതേവിധം പറിച്ചു നടാൻ ഉള്ള ശ്രമം തകൃതിയായി നടക്കുന്നു എന്നറിയുന്നതിൽ നിരാശയുണ്ട്. പ്രവാസികൾ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ വേർതിരിഞ്ഞു നിൽക്കേണ്ടവരല്ല. അവരുടെ പൊതു ആവശ്യങ്ങൾ ഒന്നാണ്. യുകെയിൽ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഇതിനകം മലയാളി സമൂഹം പല ഗ്രൂപ്പുകളായി തിരിഞ്ഞു എന്നറിയുന്നത് വേദന ജനകമാണ്. എന്നാൽ അമേരിക്കയിലും കാനഡയിലും ഇതല്ല സ്ഥിതി. അവിടെ നേതാക്കളെ താങ്ങാൻ ആള് കുറവാണ്. അതിന്റെ പ്രയോജനം ആ സമൂഹത്തിനു ഉണ്ട് താനും.

കേരളത്തെ വിദേശ മണ്ണിൽ സൃഷ്ടിക്കാൻ ഒരുങ്ങുന്ന മലയാളിയോട് പറയാൻ എന്തുണ്ട്?

കേരളത്തിലെ ഉത്സവങ്ങളും പെരുന്നാളുകളും വിദേശ മണ്ണിൽ പറിച്ചു നടാൻ ശ്രമിക്കുന്ന മലയാളി നിരാശപ്പെടേണ്ടി വരും. കാലം നൽകുന്ന പാഠങ്ങളും നമ്മൾ കണ്ടറിയുന്ന ജീവിതവും അതാണ്. യുകെയിൽ അതിന്റെ തീവ്ര ശ്രമം നടക്കുന്നു എന്നാണു പലരിൽ നിന്നും അറിയാൻ കഴിഞ്ഞത്. മക്കൾ ഐഡന്റിറ്റി ക്രൈസിസ് നേരിടുമ്പോൾ ഇതല്ല അവർക്കുള്ള പ്രധിവിധി. അവർ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സംസ്‌കാരത്തിന്റെ മുഴുവൻ കഥകളും ചിത്രങ്ങളും വാരിവലിച്ചു അവർക്കു മുന്നിലിട്ടാൽ അവർ നിസ്സഹായരായി മാറും. മറിച്ചു കേരളത്തിലെ നല്ലതിനെ മാത്രം എടുത്തു നൽകാൻ പഠിക്കുക. ഒട്ടും മോശം മണ്ണല്ല യുകെയുടേത്. അത് കണ്ടറിയുക. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിഷപ്പുക കലരാത്ത ശുദ്ധ വായു ധാരാളം ഉള്ള സ്ഥലമാണ്. അത് നന്നായി ആസ്വദിക്കുക. അതിനു ലഭിച്ച അവസരം സ്വയം ഇല്ലാതാക്കരുത്. വരും തലമുറ പൊറുക്കില്ല. ഇതിന്റെ സൂചനയാണ് ദൈവചിന്ത മാത്രം കെട്ടിപ്പിടിച്ചിരുന്ന കുടുംബങ്ങളിൽ മക്കൾ കലാപകാരികളായി വീട് വിട്ടിറങ്ങുന്ന കഥകൾ. ഇതിനു മറുവിധി പറയാൻ പുരോഹിത വൃന്ദം ചുറ്റുപാടും ഉണ്ടാകും. അതവരുടെ ജോലിയാണ്. സംസ്‌കാര സമ്പന്നമായ സമൂഹത്തിൽ അതനുസരിച്ചു ജീവിക്കാനാണ് പ്രവാസികൾ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ അതുമില്ല ഇതുമില്ല എന്ന അവസ്ഥയാകും. വിദേശ മണ്ണിൽ കേരളത്തെ പുനർനിർമ്മിക്കാം എന്നതൊക്കെ വ്യാമോഹമാണ്. കേരളത്തിന് ആവശ്യമായതൊക്കെ അവിടെ നിലനിന്നു കൊള്ളും. അത് നോക്കാൻ അവിടെ ആവശ്യത്തിലേറെ ആളുകളുണ്ട്.

എസ്പതിനായിരം എന്ന ആദ്യ നോവൽ നന്നായി വായിക്കപ്പെടുന്നതിന്റെ സന്തോഷമാണ് ഇപ്പോൾ എൻ പിക്ക് പങ്കിടാനുള്ളത്. കുട്ടിക്കാലവും കൗമാരവും പങ്കിടുന്ന സംഘർഷങ്ങളുടെ പാതയിലൂടെ സഞ്ചരിച്ച നോവൽ ഏറെക്കുറെ നോവലിസ്റ്റിന്റെ ജീവിതവുമായി അടുത്ത് നിൽക്കുന്നതുമാണ്. മലയാള സാഹിത്യ ലോകത്തു തന്റേതായ വായനക്കാരെ സൃഷ്ടിച്ച എൻ പി അടുത്ത നോവലിന്റെ പണിപ്പുരയിലാണ്. ബാബുരാജിന്റെ ജീവിത പശ്ചാത്തലത്തിലാണ് പുതിയ നോവൽ പൂർത്തിയാവുക. പന്ത്രണ്ട് അധ്യായങ്ങൾ എഴുതിക്കഴിഞ്ഞു. ഇപ്പോഴത്തെ യൂറോപ്പ് യാത്രയിലും നോവലിനെ കുറിച്ചുള്ള ചിന്തയിലാണ് എൻ പി. അടുത്ത വർഷം അവസാനത്തോടെ ഇതിന്റെ പണി തീർക്കാം എന്നാണ് അദ്ദേഹം കരുതുന്നത്.

മുപ്പതു വർഷം നീണ്ട ഫാറൂഖ് കോളേജിലെ അധ്യപന സപര്യക്കു ശേഷം കോഴിക്കോട് യൂണിവേഴ്‌സിറ്റിയിൽ ഗവേഷക വിഭാഗത്തിൽ പ്രത്യേക റോൾ ഏറ്റെടുത്തിരിക്കുന്ന അദ്ദേഹത്തിന് ജീവിതത്തിൽ തുണയാകുന്നത് പ്രശസ്ത സാഹിത്യകാരൻ വി പി മുഹമ്മദിന്റെ മകളായ താഹിറായാണ്. കോഴിക്കോട് നഗരത്തിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന അവരാകട്ടെ ഭർത്താവിന്റെ സാഹിത്യ സപര്യക്കു ശല്യമാകാതെ സ്വന്തം കാലിൽ നിൽക്കുന്നു എന്ന് കളിയായി പറയാനും എൻ പിക്ക് കഴിയും. മകൾ യാരിയും കുടുംബവും കാനഡയിലാണ്. യെസ്‌റായാണ് പേരക്കുട്ടി. മകൻ ബാസിം അബു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠന ശേഷം കോഴിക്കോട് സ്വന്തമായി സ്ഥാപനം നടത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP