Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യകുലത്തെ ബാധിക്കുന്നതിനാൽ ജീൻ എഡിറ്റിങ് വേണ്ടെന്നു ലോക രാജ്യങ്ങളുടെ തീരുമാനം; ഘടന ശാസ്ത്ര ചിരപരിചിതമായതിനാൽ കമ്യൂണിസത്തിന്റെ ഉപോത്പ്പന്നമെന്നു വിശേഷിപ്പിക്കാനാവില്ല; പുതുതായി സൃഷ്ടിക്കപ്പെട്ടതല്ലാത്തതിനാൽ ചൈനീസ് ലാബിൽ നിന്നും ചാടിപ്പോയി എന്ന് പറയാനും കഴിയില്ല; കൊറോണ മനുഷ്യനെ ഒരുമിപ്പിക്കും; മാറിയ ലോകക്രമത്തെ കൊറോണ മനുഷ്യന് മുന്നിൽ വെളിവാക്കിത്തരുമെന്ന് മറുനാടനോട് കെ.വേണു

മനുഷ്യകുലത്തെ ബാധിക്കുന്നതിനാൽ ജീൻ എഡിറ്റിങ് വേണ്ടെന്നു ലോക രാജ്യങ്ങളുടെ തീരുമാനം; ഘടന ശാസ്ത്ര ചിരപരിചിതമായതിനാൽ കമ്യൂണിസത്തിന്റെ ഉപോത്പ്പന്നമെന്നു വിശേഷിപ്പിക്കാനാവില്ല; പുതുതായി സൃഷ്ടിക്കപ്പെട്ടതല്ലാത്തതിനാൽ ചൈനീസ് ലാബിൽ നിന്നും ചാടിപ്പോയി എന്ന് പറയാനും കഴിയില്ല; കൊറോണ മനുഷ്യനെ ഒരുമിപ്പിക്കും; മാറിയ ലോകക്രമത്തെ കൊറോണ മനുഷ്യന് മുന്നിൽ വെളിവാക്കിത്തരുമെന്ന് മറുനാടനോട് കെ.വേണു

എം മനോജ് കുമാർ

തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കൊറോണ എന്ന മഹാമാരിയുടെ പേരിൽ ലോകം അഭിമുഖീകരിക്കുന്നത്. കൊറോണയ്ക്ക് ശേഷം ലോകക്രമം മാറുമോ, സാമ്പത്തിക തകർച്ചയിലേക്ക് ചില രാജ്യങ്ങൾ എങ്കിലും കൂപ്പുകുത്തുമോ? കൊറോണയെ ഉച്ചാടനം ചെയ്യാൻ രാജ്യങ്ങൾക്ക് കഴിയുമോ? അങ്ങനെ പല പ്രശ്‌നങ്ങളും ചോദ്യങ്ങളും മുന്നിൽ നിൽക്കുന്നു. പല വിധ സംശയങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ടു ഉയർന്നു വന്നിരിക്കുന്നത്. ലോകം തന്നെ ലോക്ഡൗണിൽ തുടരുകയാണ്. എല്ലാവരും ഏകാകികളായി വീടുകളിൽ തുടരുകയാണ്. ലോകം പഴയതുപോലെ ആകാനുള്ള പ്രാർത്ഥനകളാണ് ചുറ്റും മുഴങ്ങുന്നത്. കൊറോണയിൽ നിന്ന് മനുഷ്യർ എന്തെങ്കിലും പഠിക്കുമോ ലോകക്രമം മാറിമറിയുമോ എന്ന ചോദ്യങ്ങൾ മുഴങ്ങുമ്പോൾ അതിനു തന്റേതായ വ്യഖ്യാനങ്ങളാണ് ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.വേണു നൽകുന്നത്.

കൊറോണയെ കേരളവും ലോകവുമെല്ലാം അതിജീവിക്കുമെന്നു തന്നെയുള്ള ഉറപ്പാണ് വേണു പങ്കു വയ്ക്കുന്നത്. ലോകക്രമം മാറി മറിയുമെന്നും സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുമെന്നും മറുനാടനോട് വേണു പറയുന്നു. കൊറോണയെ പ്രതിരോധിക്കാനുള്ള വാക്‌സിനുകൾ കണ്ടെത്തി കഴിഞ്ഞാൽ പിന്നെ കൊറോണയെ പേടിക്കേണ്ട ആവശ്യം വരില്ല. എല്ലാ രോഗത്തിനും മനുഷ്യർ പ്രതിവിധി കണ്ടുപിടിക്കാറുണ്ട്. ലണ്ടനിൽ അവസാന സ്റ്റേജിലുള്ള വാക്‌സിൻ കൊറോണയ്ക്ക് പ്രതിവിധിയാകും എന്നു തന്നെയാണ് ഞാൻ കരുതുന്നത്. ഇനി അത് പ്രതിവിധിയല്ലെങ്കിൽ കൂടി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വാക്‌സിൻ കണ്ടെത്തും. പക്ഷെ ഇതിന്റെ ഇടവേളകളിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി. അതെത്രയാണെന്ന് അറിയില്ല. ആ നാശനഷ്ടങ്ങളാണ് മരണത്തിന്റെയും മറ്റും രൂപത്തിൽ ഇപ്പോൾ ദൃശ്യമാകുന്നത്. കൊറോണയ്ക്ക് ശേഷം ലോകക്രമത്തിൽ മാറ്റം വന്നേക്കും. മനുഷ്യരുടെ ചിന്താഗതിയിൽ മാറ്റം വന്നേക്കും. ഇതുവരെയുള്ള രീതിയിലാകില്ല ഇനി കാര്യങ്ങൾ മുന്നോട്ടു പോകുക. ജാതി, മതം, വർഗം, സമ്പത്ത് തുടങ്ങിയ വിഭജനങ്ങളുടെ അർത്ഥശൂന്യത മനുഷ്യൻ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതിനൊന്നും കൊറോണയ്ക്ക് മുൻപിൽ ഒരു പ്രസക്തിയില്ലെന്ന് മനസിലായിക്കഴിഞ്ഞിട്ടുണ്ട്. ഈ ചിന്തയിലേക്ക് മനുഷ്യൻ എത്തുകയാണെങ്കിൽ അത് നല്ല കാര്യമായിരിക്കും. കുറെപ്പേർ ഈ രീതിയിൽ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ മുഴുവൻ ആളുകളും ഈ രീതിയിലേക്ക് വന്നിട്ടില്ല.

കൊറോണ ഒരർത്ഥത്തിൽ മനുഷ്യനെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്. മുന്നിലുള്ള യാഥാർത്യങ്ങളെ മനുഷ്യന് ബോധിപ്പിക്കുന്ന ഒരവസരമായി കൊറോണ മാറിയിട്ടുണ്ട്. നിങ്ങൾക്ക് എത്ര സമ്പത്തുണ്ടോ എന്നോ ഏതു മതമാണോ, ഏതു രാജ്യമാണോ ഒന്നും കൊറോണയ്ക്ക് നോട്ടമില്ല. ഈ ചിന്തയിലേക്ക് കുറച്ചു പേരെങ്കിലും എത്തിയിട്ടുണ്ട്. പക്ഷെ അത് വ്യാപകമല്ല. കൊറോണ ഒരു മഹാമാരിയാണ്. ഇത് സംഭവിക്കുമ്പോൾ എല്ലാവരും ഒരുമിക്കും. പക്ഷെ കുറച്ച് കഴിയുമ്പോൾ എല്ലാവരും ഇത് മറക്കും. എല്ലാം പഴയപടിയാകാനും സാധ്യതയുണ്ട്. പക്ഷെ പ്രവചിക്കാൻ കഴിയാത്ത ഒരു സംഭവമായി കൊറോണ മാറിയിട്ടുണ്ട്. കൊറോണയ്ക്ക് ശേഷം എന്ത് സംഭവിക്കും എന്ന് കൃത്യമായി വിരൽ ചൂണ്ടാൻ നമുക്ക് കഴിയില്ല. പക്ഷെ ലോകക്രമങ്ങൾ പലതും മാറിമറിഞ്ഞേക്കും. അതിന്റെ സൂചനകൾ ഇപ്പോഴേ ദൃശ്യമാണ്. പക്ഷെ മനുഷ്യൻ ആയതിനാൽ ഇതെല്ലാം മറക്കുമ്പോൾ എന്ത് ചെയ്യും എന്ന് പറയുവാനും കഴിയില്ല. പക്ഷെ കൊറോണ പല കാര്യത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ജനങ്ങളിൽ ഭീതിയുയർത്തിയിട്ടുണ്ട്. അത് താത്കാലികം മാത്രമാണോ എന്ന് പറയാൻ കഴിയില്ല.

കൊറോണ വന്നത് ചൈനയിൽ നിന്നാണ്. പക്ഷെ കമ്യൂണിസത്തിന്റെ ഉപോത്പ്പന്നമെന്നു ഇതിന്റ്‌റെ വരവിനെ വിശേഷിപ്പിക്കാൻ കഴിയില്ല. ഇത് എവിടെയും സംഭവിക്കാവുന്ന കാര്യമാണ്. ഗവേഷണ ശാലയിൽ സംഭവിച്ച അബദ്ധം കൊണ്ട് സംഭവിച്ച ദുരന്തമാണ് ഇതെന്നു വ്യാഖ്യാനം വന്നിരുന്നു. അങ്ങിനെ സംഭവിക്കാം എന്നാണ് എന്റെ അഭിപ്രായം. പക്ഷെ ചൈനയിൽ അതല്ല സംഭവിച്ചത്. കൊറോണ വൈറസ് നിലവിലുള്ള വൈറസാണ്. ശാസ്ത്ര ലോകത്തിനു കൊറോണ വൈറസിനെക്കുറിച്ച് അറിയാം. അതുകൊണ്ട് തന്നെ ഇതൊരു ചൈനീസ് വൈറസ് അല്ല. വൈറസ് കൃത്രിമമായി ഉണ്ടാക്കാൻ കഴിയും. ജനിതക ലാബിൽ നിന്നും നടക്കുന്ന പരീക്ഷണങ്ങൾക്കിടയിൽ ചൈനയിലും അമേരിക്കയിലായാലും മറ്റു പല രാജ്യങ്ങളിലായാലും മറ്റും ഇതിനെ കൃത്രിമമായി നിർമ്മിക്കാൻ കഴിയും. ജനിതക പരീക്ഷണങ്ങൾക്കിടയിൽ അപകടകാരിയായ വൈറസ് പൊട്ടിപ്പുറപ്പെടാം. എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളുമുണ്ട് എന്ന് പറഞ്ഞാലും അതിനെ മറികടന്നു പുറത്ത് കടക്കാൻ സാധ്യതയുണ്ട്. ഈ രീതിയിലൊരു അപകട സാധ്യത ലോകത്തുണ്ട്. ഈ വൈറസ് ഘടന ശാസ്ത്ര ലോകത്തിനു ചിരപരിചിതമാണ്. ചൈനീസ് വൈറസ് എന്ന് പറഞ്ഞപ്പോൾ ചൈനക്കാരല്ലാത്ത ശാസ്ത്രജ്ഞന്മാർ പോലും ഇത് നിഷേധിച്ചത് അതുകൊണ്ടാണ്.

ജീൻ എഡിറ്റിങ് സാധ്യമാണ്. പക്ഷെ ജീൻ എഡിറ്റിങ് അനുവദിക്കപ്പെടുന്നില്ല. എത്തിക്കൽ വിഷയമായതിനാൽ ജീൻ എഡിറ്റിങ് വേണ്ടെന്നു ലോകരാഷ്ട്രങ്ങൾ മുൻപ് തന്നെ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യകുലത്തെ മുഴുവൻ ബാധിക്കുന്ന വിഷയമായതിനാലാണ് ജീൻ എഡിറ്റിങ് വേണ്ടെന്നു രാജ്യങ്ങൾ തീരുമാനിച്ചത്. രഹസ്യമായി ജീൻ എഡിറ്റിങ് ചെയ്യാൻ കഴിയില്ല. വലിയ ലാബ് സൗകര്യം ജീൻ എഡിറ്റിംഗിന് വേണം. ശാസ്ത്രലോകത്തിന്റെ അറിവോട് കൂടി തന്നെ വേണം ജീൻ എഡിറ്റിങ് ചെയ്യാൻ. ആരോഗ്യ രംഗത്ത്, വിദ്യാഭ്യാസ രംഗത്ത് ക്യൂബ മുൻപന്തിയിൽ എത്തിയിട്ടുണ്ട്. ഇത് ലോകം അംഗീകരിച്ചിട്ടുമുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കേരളം മുൻപന്തിയിലാണ്. സൗജന്യമായാണ് ഇവ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. കേരള മോഡൽ മുൻപ് തന്നെ പ്രശസ്തവുമാണ്. ആരോഗ്യവും വിദ്യാഭ്യാസവുമാണ് ജനങ്ങളുടെ ജീവിതത്തെ മാറ്റിത്തീർക്കുന്നത് എന്നുള്ളതിനാൽ ഇടത് പക്ഷത്ത് നിന്ന് ചിന്തിക്കുന്നവർ ഈ കാര്യം എപ്പോഴും ഫലവത്തായി നിർത്തിയിട്ടുണ്ട്. കേരളവും ക്യൂബയും ഇതിനു ഉദാഹരണം തന്നെയാണ്. സ്‌കാൻഡിനേവിയൻ രാജ്യങ്ങളുടെ അവസ്ഥ ഇതാണ്. ആരോഗ്യവും വിദ്യാഭ്യാസവും പൊതുമേഖലയിലാണ്.

കൊറോണ വ്യാപനം ഒന്ന് കൺട്രോൾ ആകാൻ ജൂലൈ ആയേക്കും. മെയ് അവസാനം പീക്ക് സ്റ്റേജിൽ എത്തി ജൂലൈ ആകുമ്പോഴേക്കും കുറയും എന്ന് പ്രതീക്ഷയുണ്ട്. അപ്പോഴേ ഒരു ചിത്രം തെളിയുകയുള്ളൂ. സെപ്റ്റംബർ ആകുമ്പോഴേക്കും എല്ലാം ഒരു പക്ഷെ എല്ലാം പഴയ പടി ആയേക്കും. വലിയ രീതിയിലുള്ള സാമ്പത്തിക തകർച്ച തന്നെ കൊറോണയ്ക്ക് ശേഷം ലോകം പ്രതീക്ഷിക്കുന്നു. എല്ലാവരും സ്വയം പര്യാപ്തമാകുന്നതിന്റെ ഒരുക്കങ്ങൾ ചെയ്യുന്നു. ഇതെല്ലാം തകർച്ച മുൻകൂട്ടി കണ്ടുകൊണ്ടാണ്. സ്വന്തം പറമ്പിൽ എല്ലാവരും കൃഷികൾ വരെ തുടങ്ങിയിട്ടുണ്ട്. ഇത് ലോകം മുഴുവൻ ചെയ്യുന്നു എന്നാണ് വാർത്തകൾ വരുന്നത്. സമൂഹത്തിന്റെ പൊതുഘടനയിൽ വരുന്ന മാറ്റത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്-വേണു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP