Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജാതിവിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാൻ ഇത് ഉത്തരേന്ത്യയല്ല കേരളമാണ്; അല്ലെങ്കിലും മേലുദ്യോഗസ്ഥനെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്ന മണ്ടത്തരം ആരെങ്കിലും ചെയ്യുമോ? മകളുടെ പരിശീലകയോട് സംസാരിച്ചു എന്നു പറഞ്ഞായിരുന്നു ചീത്തവിളിയും ക്രൂര മർദ്ദനവും; സ്‌നിഗ്ധ മുമ്പും ഒരു ഡ്രൈവറെ തല്ലിയിട്ടുണ്ട്; ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ട് നേരിട്ട് കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കർ മറുനാടനോട്

ജാതിവിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാൻ ഇത് ഉത്തരേന്ത്യയല്ല കേരളമാണ്; അല്ലെങ്കിലും മേലുദ്യോഗസ്ഥനെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്ന മണ്ടത്തരം ആരെങ്കിലും ചെയ്യുമോ? മകളുടെ പരിശീലകയോട് സംസാരിച്ചു എന്നു പറഞ്ഞായിരുന്നു ചീത്തവിളിയും ക്രൂര മർദ്ദനവും; സ്‌നിഗ്ധ മുമ്പും ഒരു ഡ്രൈവറെ തല്ലിയിട്ടുണ്ട്; ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ട് നേരിട്ട് കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്‌കർ മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്‌കറെ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്നിഗ്ദ്ധ മർദ്ദിച്ച സംഭവം കഴിഞ്ഞിട്ട് രണ്ടാഴചയോളം ആകുമ്പോഴും എഡിജിപിക്ക് എതിരെയും മകൾക്കെതിരെയും നടപടിയെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. വ്യക്തമായ സൂചനയില്ലെന്നും തെളിവില്ലെന്നുമൊക്കെ മുട്ടാപ്പോക്ക് ന്യായങ്ങളുമായി മന്നോട്ട് പോകുമ്പോൾ യാതോരു വിധ ഒത്തുതീർപ്പിനും താൻ തയ്യാറല്ലെന്നും തന്നെ മർദ്ദിച്ചവർക്ക് ശിക്ഷ ലഭിക്കണമെന്നുമുള്ള നിലപാടിൽ മാറ്റമില്ലെന്നും ഗവാസ്‌കർ മറുനാടൻ മലയാളിയോട് പറഞ്ഞു. തന്നെ മർദ്ദിക്കാൻ എഡിജിപിയുടെ കൂടി സമ്മതം മകൾക്ക് ഉണ്ടായിരുന്നുവെന്നത് തനിക്ക് ഉറപ്പാണെന്നും ഗവാസ്‌കർ മറുനാടനോട് പറഞ്ഞു.

ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാൻ ഇത് ഉത്തരേന്ത്യ അല്ല കേരളമാണ്. അല്ലെങ്കിൽ തന്നെ ഒരു മേലുദ്യോഗസ്ഥനെ ജാതി വിളിച്ച് അധിക്ഷേപിക്കുന്ന മണ്ടത്തരം ആരെങ്കിലും ചെയ്യുമോ. ഇതൊക്കെ വിളിച്ച് പറഞ്ഞ് കേസ് നീട്ടികൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ അതൊന്നും കേരളത്തിൽ ആരും വിശ്വസിക്കില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും ഇത്രയും ഉയർന്ന ഉദ്യോഗസ്ഥർക്കില്ലാതെ പോയോ എന്നും ഗവാസ്‌കർ ചോദിക്കുന്നു. പിന്നെ ഇവിടെ ഈ സംസ്ഥാനത്തുള്ള ജാതി പോലും എനിക്ക് മര്യാദക്ക് അറിയില്ല. അപ്പോഴാണ് ഉത്തരേന്ത്യയിലെ ജാതി വിളിച്ച് അധിക്ഷേപിച്ചുവെന്ന് പറയുന്നതെന്നും ഗവാസ്‌കർ പറയുന്നു.

എന്നെ മർദ്ദിച്ചുവെന്ന് സമ്മതിക്കാൻ പോലും അവർ ഇതുവരെ തയ്യാറായിട്ടില്ല. പിന്നെ എന്തിനാണ് ഒത്തുതീർപ്പിനെ കുറിച്ച് സംസാരിക്കുന്നത് എന്ന് അറിയില്ല. എഡിജിപിയുടെ അറിവോടെയും സമ്മതത്തോടെയും തന്നെയാണ് മർദ്ദനം നടന്നിരിക്കുന്നത് എന്നും ഉറപ്പാണ്. പ്രതികാരവും വാശിയും തീരുംവരെ അവർ അന്ന് എന്നെ മർദ്ദിച്ചു. കണ്ണിൽ കൂടി വെള്ളം വരുന്ന അവസ്ഥയിലായിരുന്നു അന്ന് താനെന്നും ഗവാസ്‌കർ മറുനാടൻ മലയാളിയോട് വിശദീകരിച്ചു.

എഡിജിപിയെയും ഭാര്യയെയും മകളേയും എല്ലാ ദിവസവും ജോഗിങിന് കൊണ്ടുപോകുമായിരുന്നു. അവിടെ മകൾക്ക് ഒരു ഫിസിക്കൽ ട്രെയിനറും ഉണ്ട്. അത് ഒരു വനിതയാണ്. സാധാരണ അവരെ കാണാറില്ല. അക്രമം നടന്നതിന്റെ തലേ ദിവസം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും അക്രമത്തിന്റെ അന്ന് രാവിലെ കനകകുന്ന് കൊട്ടാര വളപ്പിലുമായിരുന്നു ട്രെയ്നിങ്. അക്രമം നടക്കുന്നതിന്റെ തലേ ദിവസം വൈകുന്നേരം സ്റ്റേഡിയത്തിനുള്ളിൽ ആയിരുന്നു നടന്നത്. മഴ പെയ്തപ്പോൾ സാറിന് കുടയും കൊണ്ട് പോയി. പക്ഷേ അവിടെ കാണാതായപ്പോൾ ഫിസിക്കൽ ട്രെയിനറോടാണ് ചോദിച്ചത്. അടുത്ത ദിവസം രാവിലെ കനകകുന്നിൽ വച്ച് കണ്ടപ്പോഴും ചോദിച്ചു ഇവിടെയാണോ ട്രെയ്നിങ് എന്ന്.

പരിശീലകയോട് താൻ സംസാരിച്ചെന്ന് ആരോപിച്ചാണ് ചീത്തവിളിയും ഒടുവിൽ മർദനവും ഉണ്ടായത്. സുധേഷ് കുമാറിന്റെ മകൾ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്പും മർദിച്ചിട്ടുണ്ടെന്നും ഗവാസ്‌കർ പറയുന്നു. ഈ രണ്ട് തവണ മാത്രമാണ് അവരോട് സംസാരിച്ചിട്ടുള്ളത്. എന്നാൽ ഇത് കണ്ട ശേഷം എഡിജിപിയുടെ മകൾ തന്നെ അപമാനിക്കുകയും വളരെ മോശമായി സംസാരിക്കുകയുമായിരുന്നു. വീട്ടിലെത്തി ഇതേപ്പറ്റി നേരിട്ട് എഡിജിപിയോട് പരാതി പറഞ്ഞു. തിരികെ ക്യാമ്പിലേക്ക് വിടണമെന്ന പറയുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം സ്പെയർ വണ്ടിയിൽ വരാനായിരുന്നു സാർ പറഞ്ഞത്. എന്നാൽ രാവിലെ എത്തിയപ്പോൾ എഡിജിപി വന്നതുമില്ല. അപ്പോൾ സംശയമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് മർദ്ദനമേറ്റുകഴിഞ്ഞ് എല്ലാം വീണ്ടും ആലോചിച്ചപ്പോഴാണ് ഗൂഢാലോചനയെക്കുറിച്ച് മനസ്സിലാകുന്നത്.

സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്.തലത്തിൽ ശ്രമം നടക്കുന്നതായി പലരും പറഞ്ഞു. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്രവലിയ സമ്മർദമുണ്ടായാലും നീതികിട്ടുംവരെ പിന്നോട്ടില്ലെന്നും ഗവാസ്‌കർ മറുനാടൻ മലയാളിയോട് പറഞ്ഞു. മുൻപും ഇവർ ഒരു പൊലീസുകാരനെ മർദ്ദിച്ചിട്ടുണ്ട്. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയിട്ട് നേരിട്ട് കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവാസ്‌കറും ഭാര്യയും മറുനാടനോട് പറഞ്ഞു.

കഴുത്തിൽ കോളർ ഇട്ട അവസ്ഥയിലാണ് ഇപ്പോൾ ഗവാസ്‌കർ. കാഴ്‌ച്ചയ്ക്കും ചെറിയ പ്രശ്നമുണ്ട്. കണ്ണട വയ്ക്കേണ്ടി വരുമെന്നാണ് ഇപ്പോൾ പറയുന്നത്. കഴുത്തിലെ കോളർ ഊരി മാറ്റിയാൽ അപ്പോൾ തന്നെ തല കറങ്ങുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.പൊലീസ് അസോസിയേഷന്റെയും സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും പിന്തുണ കാരണമാണ് പിടിച്ചുനിൽക്കുന്നതെന്നും ഗവാസ്‌കർ മറുനാടനോട് പറഞ്ഞു.

ക്യാമ്പ് ഫോളോവേഴ്‌സിനോട് മേലുദ്യോഗസ്ഥർ കാട്ടുന്ന ക്രൂരത കേരളത്തിൽ വലിയ ചർച്ചയായത് എഡിജിപിയുടെ മകളുടെ ക്രൂരമർദ്ദനം പൊലീസ് ഡ്രൈവർ ഗവാസ്‌കർക്ക് ഏൽക്കേണ്ടി വന്നതോടെയാണ്. ഐപിഎസ് ലോബി ഇടപെട്ട് സംഭവം ഒതുക്കാൻ ശ്രമിച്ചെങ്കിലും വിഷയം മാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ക്യാമ്പ് ഫോളോവേഴ്‌സിന് നേരിടേണ്ടിവരുന്ന പീഡനങ്ങൾ ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തതോടെ കേസിൽ അന്വേഷണം പുരോഗമിക്കുകയുമാണ് ഇപ്പോൾ. എന്നാൽ ഇപ്പോഴും കേസിൽ നിന്ന് തലയുരാൻ എഡിജിപി തന്ത്രങ്ങൾ മെനയുന്നു. സംഭവം വിവാദമായതോടെ സുദേഷ് കുമാറിനെ പദവിയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു.

ഡ്രൈവർക്ക് എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രിയും ഇടപെട്ടു. ക്യാമ്പ് ഫോളോവേഴ്‌സുമായി ബന്ധപ്പെട്ട് മുമ്പ് പുറത്തിറങ്ങിയ ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഡിജിപി ഈ മാസം എസ്‌പിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കർശന നിർദ്ദേശവും നൽകി. ഇതിന്റെ പിന്നാലെ ഇന്ന് മുഖ്യമന്ത്രി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചിരുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥൻ ക്യാമ്പ് ഫോളോവേഴ്‌സിനെ വീട്ടുജോലിക്ക് നിയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ മേലുദ്യോഗസ്ഥൻ നടപടി സ്വീകരിക്കണമെന്നും ഇത്തരം പരാതികൾ അടിയന്തിരമായി പരിഗണിക്കണമെന്നും ഡിജിപി നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP