Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല വിഷയത്തിൽ എ.പത്മകുമാറ് തെറ്റുപറ്റി; ആചാരം തെറ്റിച്ചതിനാൽ ഹരിവരാസനം ട്രസ്റ്റിൽ നിന്നും പത്മകുമാറിന് രാജി വെയ്ക്കേണ്ടി വന്നു; കുമ്മനം രാജശേഖരന് കെട്ടിവയ്ക്കാൻ പണം നൽകിയത് അയ്യപ്പഭക്തയായതിനാൽ; ശബരിമല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു വികാരമായി ആഞ്ഞടിക്കും; ഈ വികാരത്തണലിൽ പത്തനംതിട്ടയിൽ സുരേന്ദ്രനും തിരുവനന്തപുരത്ത് കുമ്മനവും വിജയിക്കും; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഹരിവരാസനം ട്രസ്റ്റിന്റെ മുഖ്യകാര്യദർശി ബാലാമണിയമ്മ മറുനാടനോട്

ശബരിമല വിഷയത്തിൽ എ.പത്മകുമാറ് തെറ്റുപറ്റി; ആചാരം തെറ്റിച്ചതിനാൽ ഹരിവരാസനം ട്രസ്റ്റിൽ നിന്നും പത്മകുമാറിന് രാജി വെയ്ക്കേണ്ടി വന്നു; കുമ്മനം രാജശേഖരന് കെട്ടിവയ്ക്കാൻ പണം നൽകിയത് അയ്യപ്പഭക്തയായതിനാൽ; ശബരിമല ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു വികാരമായി ആഞ്ഞടിക്കും; ഈ വികാരത്തണലിൽ പത്തനംതിട്ടയിൽ സുരേന്ദ്രനും തിരുവനന്തപുരത്ത് കുമ്മനവും വിജയിക്കും; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ഹരിവരാസനം ട്രസ്റ്റിന്റെ മുഖ്യകാര്യദർശി ബാലാമണിയമ്മ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിൽ നിന്നും തിരിച്ചടിയേറ്റ ശബരിമല ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന് സ്വന്തം കുടുംബത്തിൽ നിന്നും തിരിച്ചടിയേറ്റു. സ്വന്തം കുടുംബാംഗങ്ങൾ കൂടി ഉൾപ്പെടുന്ന, ശബരിമലയുടെ ഉന്നതിക്ക് വേണ്ടി നിലകൊള്ളുന്ന ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറി സ്ഥാനം പത്മകുമാറിന് നഷ്ടമായി. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ട്രസ്റ്റിലെ അംഗങ്ങൾക്കിടയിൽ നിന്നും പത്മകുമാറിന് എതിർപ്പ് നേരിടേണ്ടി വന്നതോടെയാണ് ഏറെ ആഗ്രഹിച്ച് അദ്ദേഹം കൈവശം വെച്ചിരിക്കുന്ന ഹരിവരാസനം ട്രസ്റ്റിൽ നിന്നും അദ്ദേഹത്തിന് രാജിവയ്‌ക്കേണ്ടി വന്നത്.

ട്രസ്റ്റിന്റെ മുഖ്യ കാര്യദര്ശിയായ ബാലാമണിയമ്മയാകട്ടെ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കേണ്ട പണം നൽകി വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തു. ഇതെല്ലാം ശബരിമല പ്രശ്‌നത്തിൽ പത്മകുമാറിന് ഏറ്റ വ്യക്തിപര-രാഷ്ട്രീയ തിരിച്ചടികൾ കൂടിയായി. ബാലാമണിയമ്മയുടെ അമ്മയായ കൊന്നകത്ത് ജാനകിയമ്മയാണ് ഏറെ പ്രശസ്തമായ ഹരിവരാസനം രചിച്ചത്. ഈ ജാനകിയമ്മയുടെ സഹോദരന്റെ കൊച്ചു മകനാണ് എ. പത്മകുമാർ. ജാനകിയമ്മയുടെ സഹോദരനാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ എം.ശിവറാം.

ഹരിവരാസനം ട്രസ്റ്റിനെക്കുറിച്ച്, പത്മകുമാറിന്റെ നിലപാടുകളെക്കുറിച്ച്, ശബരിമല യുവതീ പ്രവേശന വിഷയത്തെക്കുറിച്ച്, കുമ്മനം രാജശേഖരന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ കെട്ടിവെയ്ക്കാൻ പണം നൽകി എ..പത്മകുമാറിനെ പ്രതിസന്ധിയിലാക്കിയ നീക്കങ്ങളെക്കുറിച്ച് ബാലാമണിയമ്മ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു. 78 വയസ് പിന്നിട്ടെങ്കിലും അയ്യപ്പന്റെ കാര്യത്തിൽ 'അമ്മ വാക്കുകളുടെ കരുത്തായി മാറുകയാണ്. ശബരിമല ഒരു വികാരമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആഞ്ഞടിക്കും. ഈ വികാരത്തിന്റെ പുറത്ത് പത്തനംതിട്ടയിൽ കെ.സുരേന്ദ്രനും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വിജയിക്കും. ബാലാമണിയമ്മ പറയുന്നു.

  • ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിലെ മുഖ്യകാര്യദർശിയായ അമ്മയാണ് , തിരുവനന്തപുരത്ത് ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരന് നോമിനേഷന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്?

കുമ്മനം രാജശേഖരനുമായി അത്രയ്ക്ക് അടുപ്പമുണ്ട്. ഗവർണർ ആകുംമുൻപ്, ബിജെപി അധ്യക്ഷൻ ആകുംമുമ്പ് തന്നെ കുമ്മനവുമായി അടുപ്പമുണ്ട്. ഹരിവരാസനം എഴുതിയ കുടുംബത്തിലെ അംഗമെന്ന പരിഗണനയാണ് കുമ്മനം നൽകിയത്. പലവേദികളിലും അദ്ദേഹം എന്നെ ആദരിച്ചിട്ടുണ്ട്. അദ്ദേഹം എന്നെ പലതവണ കാണാൻ വരികയും ചെയ്തിട്ടുണ്ട്. അയ്യപ്പനുമായി അദ്ദേഹത്തിനുള്ള ബന്ധമാണ് ഞങ്ങളുടെ കുടുംബവുമായി അദ്ദേഹത്തെ അടുപ്പിച്ചത്. അയ്യപ്പസംഗമങ്ങളിൽ അദ്ദേഹം എന്നെ ക്ഷണിക്കുമായിരുന്നു. എറണാകുളത്ത് വരുമ്പോഴൊക്കെ കഴിയുന്ന വേളകളിൽ വീട്ടിൽ വരും. എന്നെ തൊട്ടുതൊഴുത് അനുഗ്രഹം വാങ്ങിക്കുന്ന പതിവുണ്ട്. അദ്ദേഹത്തിന്റെ ഒരു ആഗ്രഹം കൂടിയായിരുന്നു എന്റെ കയ്യിൽ നിന്ന് കെട്ടിവയ്ക്കാനുള്ള പണം വാങ്ങിക്കണം എന്നത്. പൈസയല്ല, എന്റെ കയ്യിൽ നിന്ന് അനുഗ്രഹം വാങ്ങിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം കാരണമാണ് തിരുവനന്തപുരത്ത് മത്സരിക്കുമ്പോൾ കെട്ടിവയ്ക്കാനുള്ള പണം എന്റെ കയ്യിൽ നിന്ന് തന്നെ വാങ്ങിയത്.

  • കുമ്മനം ജയിക്കണമെന്നു ആഗ്രഹമുണ്ടോ? തിരുവനന്തപുരത്ത് കുമ്മനം വിജയിയാകും എന്ന് കരുതുന്നുണ്ടോ?

കുമ്മനം തിരുവനന്തപുരത്ത് വിജയിയാകും. അദ്ദേഹത്തെ വിജയിപ്പിക്കേണ്ട ആവശ്യവുമുണ്ട്. കുമ്മനം എന്തിനു നിന്നാലും ജയിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ. ശബരിമലയുടെ ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും വേണ്ടി നല്ല വണ്ണം പ്രവർത്തിക്കുന്ന മനുഷ്യനാണ്. അദ്ദേഹം ജയിക്കണം. അതാണ് എന്റെ ആവശ്യം.

  • കുമ്മനം ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്ന നിലപാടാണ് കുമ്മനത്തിന്റേത്?

അതെ. ഞാനും അതെ നിലപാടിലാണ്. ശബരിമലയിൽ യുവതീ പ്രവേശനം ആവശ്യമുള്ള കാര്യമല്ല. ഒരു പ്രായപരിധിയുണ്ട്. ശബരിമലയിൽ പ്രവേശിക്കാൻ. ആ പ്രായപരിധി തുടർന്നുകൊള്ളട്ടെ. യുവതികൾ ശബരിമലയിൽ പോകുന്നത് ശരിയല്ല. അയ്യപ്പന്റെ സങ്കല്പത്തിൽ യുവതികൾ ശബരിമലയിൽ കയറുന്നത് ശരിയല്ല. അവിടുത്തെ പവിത്രത നിലനിർത്തണം. എല്ലാ ക്ഷേത്രങ്ങളിലും പോകുന്ന പോലെയല്ല ശബരിമല പോകുന്നത്. അവിടുത്തെ ആചാരങ്ങൾ പാലിക്കണം. ശബരിമല അയ്യപ്പൻ നിത്യ ബ്രഹ്മചാരിയാണ്. അവിടുത്തെ ആചാരങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ്. അവിടുത്തെ ആചാരം തെറ്റിക്കേണ്ട കാര്യമെന്ത്? ആചാരലംഘനത്തിന്റെ ആവശ്യമെന്ത്?

  • അമ്മയുടെ സ്വന്തം കുടുംബത്തിലെ അംഗമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് എ.പത്മകുമാർ ഹരിവരാസനംട്രസ്റ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു?

എ.പത്മകുമാർ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് രാജിവയ്ക്കാൻ പാടിലായിരുന്നു. എന്തിനാണ് രാജി വയ്ക്കുന്നത്. അതും അയ്യപ്പന്റെ പേരിലുള്ള ഒരു ട്രസ്റ്റിൽ നിന്ന്. അയ്യപ്പന് രാജി ആവശ്യമുള്ള ആളല്ല. അത് പാടില്ലായിരുന്നു. രാജി അദ്ദേഹത്തിന്റെ തീരുമാനം. അതിൽ എന്ത് പറയാൻ കഴിയും.

  • ശബരിമല യുവതീ പ്രവേശനത്തിൽ പത്മകുമാർ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വീകാര്യമാണോ? യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന സിപിഎം നിലപാട് ശരിയാണോ?

അവർ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നൊക്കെ നമുക്ക് പറയാൻ അർഹതയുണ്ടോ മക്കളെ? അവര് അവരുടെ നിലപാടിൽ തുടരട്ടെ. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എന്തായാലും പത്മകുമാറിന്റേത് തെറ്റായ നിലപാടാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തെ അനുകൂലിക്കുന്ന നിലപാടാണ് പത്മകുമാറിന്റെയും സിപിഎമ്മിന്റെയുമെങ്കിൽ അവർ അങ്ങിനെ നിലപാട് സ്വീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യട്ടെ.

പത്മകുമാർ ഹരിവരാസനം ട്രസ്റ്റിലേക്ക് തിരിച്ചുവ വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
ഈ ട്രസ്റ്റിലേക്ക് പത്മകുമാർ തിരിച്ചു വരണം. ഒരു കുഴപ്പവുമില്ല. പത്മകുമാർ തിരിച്ച് വരണം. രാജി അയ്യപ്പന് സ്വീകാര്യമായ കാര്യമല്ല. അയ്യപ്പന്റെ സങ്കല്പത്തിലുള്ള ഒരു ട്രസ്റ്റിൽ നിന്ന് മാറേണ്ട കാര്യമുണ്ടോ? എല്ലാവരും ട്രസ്റ്റിൽ ഇരുന്നു ഐക്യത്തോടെ പെരുമാറണം. പത്മകുമാർ വരുന്നുണ്ടെങ്കിൽ സന്തോഷമായി ട്രസ്റ്റിലേക്ക് തിരിച്ചു വരട്ടെ.

  • ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പത്മകുമാർ അനുകൂലമായി നിലയുറപ്പിച്ചു? ഈ കാര്യത്തിൽ പത്മകുമാറുമായി സംസാരിച്ചിരുന്നു?

ശബരിമല പ്രശ്‌നത്തിൽ ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല. ഞങ്ങൾ വിളിച്ചതും പറഞ്ഞുമൊന്നുമില്ല. വിളിച്ചാൽ തന്നെ പത്മകുമാർ തിരക്കിലാണ്. അതിനാൽ ഫോൺ എടുക്കാറില്ല. എന്തോ ആവശ്യവുമായി ബന്ധപ്പെട്ടു പത്മകുമാർ വീട്ടിൽ വന്നിരുന്നു. പക്ഷെ ഒന്നും സംസാരിക്കാൻ കഴിഞ്ഞതുമില്ല. പത്മകുമാർ ഒരു സാഹചര്യത്തിൽ പെട്ടുപോയി എന്ന് ഞങ്ങൾ കരുതുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പത്മകുമാർ സ്വീകരിച്ച നിലപാടിനോട് യോജിക്കാൻ ഹരിവരാസനം ട്രസ്റ്റിലെ അംഗങ്ങൾക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ട്രസ്റ്റ് അംഗങ്ങൾ അഭിപ്രായ പ്രകടനം നടത്തിയിരിക്കണം.പക്ഷെ വ്യക്തിപരമായി ആരും അഭിപ്രായപ്രകടനം നടത്തിയിട്ടില്ല.

  • പത്തനംതിട്ടയിൽ കെ.സുരേന്ദ്രന് വിജയസാധ്യതയുണ്ടോ?

സുരേന്ദ്രൻ ജയിക്കണം. ശബരിമല പ്രശ്‌നത്തിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച ആളാണ്. ജയിൽവാസം വരെ അനുഭവിച്ചു. വണ്ടിയിൽ കൊണ്ടുപോകുന്നതും ഇറക്കുന്നതും ഒക്കെ ഞാൻ കണ്ടതാണ്. അയ്യപ്പസ്വാമി സുരേന്ദ്രനെ വിജയിപ്പിക്കും. അത് തന്നെയാണ് എന്റെയും ആഗ്രഹം. പത്തനംതിട്ടയിൽ സുരേന്ദ്രൻ വിജയിക്കാൻ സാധ്യത ഞാൻ കാണുന്നു. സുരേന്ദ്രൻ വിജയിക്കട്ടെ.

  • ശബരിമല ഒരു വികാരമായി ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നാണോ പറയുന്നത്?

ശബരിമല ഒരു വികാരമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പ്രതിഫലിക്കണം. ഇതാണ് ആവശ്യം. ശബരിമല അയ്യപ്പസ്വാമിയുടെ ഒരു പ്രശ്‌നമാണ്. ഭക്തജനങ്ങൾ ആ രീതിയിൽ കാണണം. അത് ഒരു വികാരമായി മാറണം. നല്ലവരായ ജനങ്ങൾ ഈ വികാരത്തിന് അനുകൂലമായി നിൽക്കണം. അതാണ് എനിക്ക് പറയാനുള്ളത്. ആളുകളുടെ മനസ് അറിഞ്ഞിട്ടല്ല ഞാൻ ഈ പറയുന്നത്, ശബരിമലയ്ക്ക് ആരൊക്കെ കഷ്ടപ്പെട്ടു. ആരൊക്കെ ശബരിമലയെ എതിർത്തു. അതൊക്കെ ദൈവം നോട്ടു ചെയ്ത് വെച്ചിട്ടുണ്ടാകും-ജാനകിയമ്മ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP