Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202302Thursday

കോവിഡ് പടർന്നു പിടിച്ച ബ്രിട്ടനിൽ എൻഎച്ച്എസിന്റെ ഹീറോയായി ഒരു മലയാളി; പ്രതിരോധ വാക്‌സിൻ ഇല്ലാത്തിടത്തോളം ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തുക മാത്രമാണ് കോവിഡ് വ്യാപനം തടയാൻ ഏക മാർഗ്ഗമെന്ന് ചെറിയാൻ കോശി; രോഗവ്യാപനം വർദ്ധിപ്പിക്കുമ്പോഴും പുറത്തിറങ്ങുന്ന മലയാളികൾ അറിയണം രോഗം പടർന്നാൽ നാട് കഷ്ടപ്പെടുന്നത് എങ്ങനെയെന്ന്; അവധിയെടുക്കാതെ ജോലി ചെയ്തു രോഗവ്യാപനം തടയുന്ന ചെറിയാൻ കോശിയുടെ വാക്കുകൾ തള്ളിക്കളയാനുള്ളതല്ല

കോവിഡ് പടർന്നു പിടിച്ച ബ്രിട്ടനിൽ എൻഎച്ച്എസിന്റെ ഹീറോയായി ഒരു മലയാളി; പ്രതിരോധ വാക്‌സിൻ ഇല്ലാത്തിടത്തോളം ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തുക മാത്രമാണ് കോവിഡ് വ്യാപനം തടയാൻ ഏക മാർഗ്ഗമെന്ന് ചെറിയാൻ കോശി; രോഗവ്യാപനം വർദ്ധിപ്പിക്കുമ്പോഴും പുറത്തിറങ്ങുന്ന മലയാളികൾ അറിയണം രോഗം പടർന്നാൽ നാട് കഷ്ടപ്പെടുന്നത് എങ്ങനെയെന്ന്; അവധിയെടുക്കാതെ ജോലി ചെയ്തു രോഗവ്യാപനം തടയുന്ന ചെറിയാൻ കോശിയുടെ വാക്കുകൾ തള്ളിക്കളയാനുള്ളതല്ല

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കോവിഡ് യുകെയിൽ പടർന്നു തുടങ്ങിയ മാർച്ച് അവസാനവും ഏപ്രിൽ ആദ്യവും മരണ ഭയത്താൽ അവധിയെടുത്തു വീട്ടിലിരുന്നവരിൽ ഇംഗ്ലീഷുകാരോടൊപ്പം നൂറു കണക്കിന് നഴ്സുമാർ ഉൾപ്പെടെയുള്ള മുൻനിര ജീവനക്കാരുണ്ട്. കൊവിഡിനെ കുറിച്ച് തികച്ചും അബദ്ധങ്ങൾ മാത്രം കേട്ടിരുന്ന അക്കാലത്ത് അങ്ങനെയൊക്കെ ചെയ്തതിൽ ആരെയും കുറ്റം പറയാനുമാകില്ല. എന്നാൽ കോവിഡ് ഇത്തരത്തിൽ പ്രഹരം ഏൽപ്പിച്ചാണ് യുകെയിൽ എത്തുകയെന്നു റോംഫോർഡ് ഹോസ്പിറ്റൽ ബയോ മെഡിക്കൽ ലാബ് ചീഫ് സയന്റിസ്റ്റും ലാബ് തലവനുമായ ചെറിയാൻ കോശി ഫെബ്രുവരി ഒൻപതിന് തിരിച്ചറിഞ്ഞത് കേരളത്തിൽ നിന്നുമാണ്.

ചൈനയിൽ നിന്നുള്ള ആദ്യ വിദ്യാർത്ഥികൾ തൃശ്ശൂരിൽ എത്തുമ്പോൾ വെറും രണ്ടു കോവിഡ് റിപ്പോർട്ട് മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് തീക്കാറ്റ് പോലെ യുകെയിൽ എത്തും എന്നും മനസിലാക്കിയ ചെറിയാൻ കോശി പത്തു ദിവസത്തെ അവധി കഴിഞ്ഞു യുകെയിൽ തിരിച്ചെത്തി ആദ്യ ഡ്യൂട്ടിക്ക് എത്തിയ ഫെബ്രുവരി 11നു തന്നെ അദ്ദേഹത്തിന്റെ ലാബിൽ കോവിഡ് സ്വാബ് എത്തിത്തുടങ്ങിയിരുന്നു. പരിശോധനയ്ക്കും കോവിഡ് രോഗികളെ തിരിച്ചറിയാനും വേണ്ടി. അതായതു കോവിഡ് എന്ന് കേരളത്തിൽ നിന്നും കേട്ടത് മുതൽ അദ്ദേഹം മടങ്ങി യുകെയിൽ എത്തുന്നതിനിടയിൽ ഉള്ള പറക്കൽ സമയത്തു തന്നെ രോഗം യുകെയിലും എത്തിയിരുന്നുവെന്ന് ചുരുക്കം.

  • ടെസ്റ്റിങ് എന്തിന്? അതുകൊണ്ടുള്ള ഗുണമെന്ത്? രോഗം തടയാൻ അതേ വഴിയുള്ളൂ

ഇന്നലെ മറുനാടൻ മലയാളിക്ക് വേണ്ടി സംസാരിക്കുമ്പോഴും ഞായറാഴ്ച ആയിട്ടും അവധിയെടുക്കാതെ ചെറിയാൻ കോശി ജോലി സ്ഥലത്തു നിന്നുമാണ് സംസാരിച്ചത്. അതേസമയം കൊവിഡോ, എനിക്കോ എന്ന മട്ടിൽ കടകളിലും പൊതു നിരത്തിലും കറങ്ങി നടക്കുന്നവർ എപ്പോഴെങ്കിലും അറിഞ്ഞിരിക്കണം ചെറിയാനെ പോലെയും ആയിരക്കണക്കിന് ഡോക്ടർമാരും നഴ്‌സുമാരും കെയറർമാരും എങ്ങനെയാണ് ഓരോ കോവിഡ് രോഗിയെയും ജീവിതത്തിലേക്ക് മടക്കി നടത്തിച്ചത് എന്ന്.

ഒരു കോവിഡ് രോഗി അറിഞ്ഞോ അറിയാതെയോ പുറത്തിറങ്ങുമ്പോൾ അതുവഴി രോഗം പടരാൻ ഉള്ള സാധ്യത കൂടിയാണ് വർധിക്കുന്നത്. എന്നാൽ ആളുകളെ ടെസ്റ്റ് ചെയ്യുന്നതോടെ രോഗികളെ കണ്ടെത്താനും ഐസൊലേഷനിൽ അയക്കാനും സാധിക്കുന്നത് വഴിയാണ് ടെസ്റ്റിങ് കോവിഡ് വ്യാപനത്തിലും അതിന്റെ നിയന്ത്രണത്തിലും ഏറ്റവും പ്രധാനമായി മാറുന്നത്. നിലവിൽ കോവിഡ് പ്രതിരോധത്തിൽ വാക്‌സിൻ എത്താത്തിടത്തോളം ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തുക മാത്രമാണ് രോഗ വ്യാപനം തടയാൻ ഫലപ്രദമായ ഏറ്റവും മികച്ച മാർഗം. അതിനാൽ തന്നെയാണ് ലോകം മുഴുവൻ ടെസ്റ്റിങ് എന്ന മാർഗത്തെ ആപ്ത വാക്യമായി കരുതി മുന്നോട്ടു പോകുന്നതും.

  • 24 സാമ്പിളിൽ 18 പേരും പോസിറ്റീവായത് ഇപ്പോൾ 240ൽ ആറായി ചുരുങ്ങിയിരിക്കുന്നു

കോവിഡ് അതിന്റെ മൂർദ്ധന്യത്തിൽ നിന്ന മാർച്ച് അവസാനം മുതൽ മെയ് മധ്യം വരെയുള്ള ദിവസങ്ങളിൽ ചെറിയാൻ കോശിയുടെ മുന്നിൽ എത്തുന്ന സാമ്പിളുകൾക്ക് അദ്ദേഹത്തിന്റെ ഉറക്കം കെടുത്താൻ ഉള്ള ശേഷി ഉണ്ടായിരുന്നു. ഒരു തരം ഭയം സിരകളിൽ അരിച്ചു കയറിയ ദിവസമാണ് അന്ന് കടന്നു പോയതെന്നും അദ്ദേഹം പറയുന്നു. കാരണം കയ്യിൽ എത്തുന്ന മുഴുവൻ സാമ്പിളും പോസിറ്റീവ് ആയി മാറുകയാണോ എന്ന വിധത്തിലാണ് റിസൾട്ട് എത്തികൊണ്ടിരുന്നത്. എന്നാൽ മെയ് പാതിയോടെ കാര്യങ്ങളിൽ വലിയ മാറ്റം സംഭവിച്ചു തുടങ്ങി.

ലോക്ഡൗൺ മൂലം ജനങ്ങൾ പുറത്തിറങ്ങാതെ വന്നതോടെ ടെസ്റ്റിന് എത്തുന്ന സാമ്പിളുകളിൽ പോസിറ്റീവ് ആകുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു തുടങ്ങി. ഒരു തവണ അനലൈസർ മെഷീനിൽ 24 സാമ്പിളുകളാണ് കയറ്റുന്നത്. ഇതിൽ കൊവിഡിന്റെ പീക് ടൈമിൽ 17 ഉം 18 ഉം വരെ പോസിറ്റീവ് കേസുകൾ ആയിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരം വരെ ചെയ്ത 240 ടെസ്റ്റിൽ വെറും ആറുപേർ മാത്രമാണ് പോസിറ്റീവ് ആയത് എന്നദ്ദേഹം പറയുമ്പോൾ ബ്രിട്ടനിലെ രോഗികളുടെ എണ്ണത്തിൽ അതിശയിപ്പിക്കുന്ന കുറവുണ്ടെന്ന് കൂടിയാണ് ബോധ്യപ്പെടുന്നത്. ഇതിന് ഒറ്റക്കാരണം ലോക്ഡൗ ൺ തന്നെയെന്ന് ഉറപ്പിച്ചു പറയാം.

  • വീണ്ടും കോവിഡ് എത്തുമോ? എത്തിയാൽ ഏതൊക്കെ പ്രദേശങ്ങളിൽ വ്യാപനത്തിന്റെ കരുത്തു കൂടും?

കോവിഡ് വീണ്ടും യുകെയിൽ കരുത്താർജ്ജിക്കും എന്നത് നൂറു ശതമാനം ഉറപ്പാണ്. കാരണം ലോക്ഡൗണിൽ ലഭിക്കുന്ന ഇളവുകളും സ്വാതന്ത്ര്യവും കൂടുതൽ പേരെ രോഗികളാക്കി മാറ്റും. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും പുതുതായി രോഗികളുടെ എണ്ണം ഉയരുന്നത്. ബെഡ്‌ഫോർഡ് കൗൺസിൽ കഴിവതും വീട്ടിൽ ഇരിക്കാൻ പ്രദേശവാസികൾക്ക് സന്ദേശം നൽകിക്കഴിഞ്ഞു. മിഡ്ലാൻഡ്‌സിൽ കവൻട്രിക്ക് അടുത്തുള്ള നനീട്ടൻ എന്ന സ്ഥലത്തു രോഗം പടരുന്നതായി സൂചനയുണ്ട്. ലണ്ടനിൽ ഏറ്റവും മോശമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ന്യുഹാം കൗൺസിൽ ആണ്.

കൂടാതെ ഈസ്റ്റ് ഹാം, സൗത്താൽ തുടങ്ങി ലണ്ടന്റെ സബർബൻ പ്രദേശങ്ങളിൽ ജനങ്ങൾ ശ്രദ്ധയില്ലാതെ പുറത്തിറങ്ങുന്നതും അനധികൃത കുടിയേറ്റക്കാർ അടക്കമുള്ള വിവിധ കാരണങ്ങളാൽ ഇത്തരം പ്രദേശങ്ങൾ രണ്ടാം കോവിഡ് ആക്രമണത്തിൽ നിർണായകമാകും. രാജ്യത്തിന്റെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ കോവിഡ് കൂടുതൽ ശക്തമാകാൻ സാധ്യത ഉള്ളപ്പോൾ തന്നെ ആശുപത്രികളും മറ്റും കൂടുതൽ ശ്രദ്ധയോടും ജാഗ്രതയോടും പരിചയ മികവോടും രോഗികളെ കൈകാര്യം ചെയ്തു തുടങ്ങും എന്നതും ആശ്വാസമാണ്.

  • കോവിഡ് വ്യാപനത്തിനു യുകെയിൽ കാരണമായത് പല ഘടകങ്ങൾ

ഔദ്യോഗികമായ തടസം മൂലം തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്താൻ ചെറിയാൻ കോശിക്കു പ്രയാസമുണ്ട്. എങ്കിലും തീരുമാനം എടുക്കുന്നതിൽ കാലതാമസം ഉണ്ടായത് രോഗ വ്യാപനത്തിൽ നിർണായക പങ്ക് വഹിച്ചതായി അദ്ദേഹം കരുതുന്നു. മാർച്ച് അവസാനം സർക്കാർ കൈകൊണ്ട പല തീരുമാനങ്ങളും വളരെ നേരത്തെ ഉണ്ടാകേണ്ടത് ആയിരുന്നു.

സത്യത്തിൽ രോഗം ഇത്തരത്തിൽ വ്യാപന തോത് കാണിക്കും എന്ന് ശാസ്ത്ര സമൂഹം വ്യക്തമായി മനസിലാക്കിയിരുന്നെങ്കിലും സർക്കാരിനും മറ്റു പ്രൊഫഷനാളുകൾക്കും അത് വേണ്ടത്ര ഉൾക്കൊള്ളാനായില്ല എന്നതും സത്യമാണ്. എങ്കിലും പിന്നീട് കാര്യങ്ങൾക്ക് അതിവേഗത്തിൽ തീരുമാനമായി. താൻ ജോലി ചെയ്യുന്ന ലാബിൽ തന്നെ ഒരു ലക്ഷം പൗണ്ട് മുകളിൽ വിലവരുന്ന പുതിയ അനലൈസർ ഉപകരണങ്ങൾ വന്നതും രോഗം അതിന്റെ കാഠിന്യം കാട്ടി രാജ്യത്തെ ഞെട്ടിച്ചതുകൊണ്ട് കൂടിയാണ്. അതിനാൽ ഇനിയുള്ള മുന്നൊരുക്കങ്ങൾക്കു വേഗത കൂടും എന്നുറപ്പാണ്.

  • ഒരു വശത്തു കുടുംബം, മറുവശത്തു ജോലി, അനുഭവിച്ചത് ആർക്കും മനസിലാകാത്ത സംഘർഷം

ഒരു വശത്തു ജോലിയിൽ നേരിടുന്ന അമിതമായ സമ്മർദ്ദവും ഒരു മഹാമാരിയെ തടയാൻ മുന്നിൽ നിന്നുള്ള പോരാട്ടവും. എപ്പോൾ വേണമെങ്കിലും രോഗം പിടികൂടാൻ ഉള്ള സാധ്യത മറ്റൊന്ന്. ജോലിക്കു പോകാതിരിക്കാനാകില്ല എന്നത് വേറൊരു സത്യം. വീട്ടുകാര്യങ്ങൾ ഷോപ്പിങ് ഉൾപ്പെടെ നടത്തിയിരുന്നത് അദ്ധ്യാപിക കൂടിയായ ഭാര്യ ഷീബയാണ്. എന്നാൽ കുടുംബത്തെ കൂടി രോഗത്തിൽ നിന്നും രക്ഷിക്കാൻ ആ കാര്യങ്ങളും താൻ ഏറ്റെടുക്കുക ആയിരുന്നു എന്നും ചെറിയാൻ കോശി പറയുന്നു.

ഇതിനൊപ്പമാണ് ഈസ്റ്റ് ഹാമിൽ താമസിക്കുന്ന പ്രായം ചെന്ന അമ്മയുടെ ശുശ്രൂഷകളും. ഈസ്റ്റ് ഹാമിലും മറ്റും സകലർക്കും രോഗം പിടിപെടാൻ ഉള്ള സാധ്യത മുന്നിൽ വന്നപ്പോൾ പ്രായം ചെന്ന അമ്മയെ എങ്ങനെ രക്ഷിക്കും എന്ന ചിന്തയാണ് ഏറെ ആശങ്കപ്പെടുത്തിയത്. വാറ്റ്‌ഫോഡിൽ താമസിക്കുന്ന സഹോദരിയും കുടുംബവും ഒക്കെ നിരന്തരം വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ എക്കണോമിക്‌സ് പഠിക്കുന്ന മൂത്ത മകൻ ജോഷ്വായും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഇളയ മകൻ ജെറമിയായും രോഗത്തിന്റെ കാഠിന്യം അറിയാതെ വീട്ടിൽ തന്നെ ആയിരുന്നു എന്നതാണ് അന്നാളുകളിൽ ഏറെ ആശ്വാസം ആയിരുന്നത്.

  • ബയോളജി ടീച്ചറായ അമ്മയിൽ നിന്നും പ്രചോദനം, ബയോ മെഡിക്കൽ സയന്റിസ്റ്റ് ആകാൻ ആഗ്രഹവും

ബയോളജി അദ്ധ്യാപികയായ അമ്മയിൽ നിന്നും ഉള്ള പ്രചോദനത്തിൽ ആ വിഷയത്തിൽ നല്ല മാർക്ക് എപ്പോഴും സ്‌കോർ ചെയ്തിരുന്നു. തുടർന്ന് ബയോളജിയിൽ തന്നെ മാസ്റ്റേഴ്‌സും ചെയ്തു. സ്‌കൂൾ പഠന കാലത്തു 1980ലാണ് ചെറിയാൻ കോശി മാതാപിതാക്കൾക്കൊപ്പം യുകെയിൽ എത്തുന്നത്. അതിനും പത്തു വർഷം മുൻപേ പിതാവ് സിംഗപ്പൂരിൽ നിന്നും ബ്രിട്ടീഷ് റോയൽ ആർമിയുടെ ഭാഗമായി യുകെയിൽ എത്തിയിരുന്നു. 86ൽ പഠനം പൂർത്തിയാക്കിയപ്പോൾ ബയോ മെഡിക്കൽ രംഗത്ത് ജോലി കണ്ടെത്തുക ആയിരുന്നു ലക്ഷ്യം. 1989ൽ തന്നെ ജോലിക്കു കയറുകയും ചെയ്തു.

കഴിഞ്ഞ പത്തു വർഷമായി ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തലവൻ കൂടിയാണ്. ജോലിയെ ഒരു പാഷനായി കരുതുന്നതു കൊണ്ട് കൂടിയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നു മുതൽ ഇതുവരെ തളരാതെ, കോവിഡ് പോരാട്ടത്തിൽ യഥാർത്ഥ എൻഎച്ച്എസ് ഹീറോയായി അനേകം പേർക്കൊപ്പം ചെറിയാനും അദ്ദേഹത്തിന്റെ സ്ഥാപനവും തല ഉയർത്തുന്നത്. ആ മികവിന് അദ്ദേഹത്തെ തേടി കൂടുതൽ അംഗീകാരവും പിന്നാലെ എത്തും എന്നുറപ്പാണ്. മിക്കവാറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അത്തരം ഒരു നേട്ടവും യുകെ മലയാളികൾക്ക് ചെറിയാനിൽ നിന്നും കേൾക്കാനായേക്കും. കാരണം ഹീറോകൾ ഓരോ രാജ്യത്തിന്റെയും അഭിമാനം കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP