Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷ്മി നായരുടെ നിലപാടുകൾക്കെതിരെ ആദ്യം പ്രതിഷേധിച്ചത് ക്ലാസുകളും ഹോസ്റ്റലും കയറി പ്രചരണം നടത്തി; പ്രിൻസിപ്പൽ മാറിയില്ലെങ്കിൽ പ്രതികാര നടപടി ഉറപ്പായതിനാലാണ് അവസാനം വരെ ഫൈറ്റ് ചെയ്തത്; എസ്എഫ്‌ഐക്കാർക്കും അന്നും ഇന്നും മാഡത്തെ പേടിയാണ്: ലോ അക്കാദമി സമരത്തിലെ 'ഝാൻസി റാണി' ബി കെ ശേഖറിന്റെ മകൾ ഗൗരി മറുനാടനോട്

ലക്ഷ്മി നായരുടെ നിലപാടുകൾക്കെതിരെ ആദ്യം പ്രതിഷേധിച്ചത് ക്ലാസുകളും ഹോസ്റ്റലും കയറി പ്രചരണം നടത്തി; പ്രിൻസിപ്പൽ മാറിയില്ലെങ്കിൽ പ്രതികാര നടപടി ഉറപ്പായതിനാലാണ് അവസാനം വരെ ഫൈറ്റ് ചെയ്തത്; എസ്എഫ്‌ഐക്കാർക്കും അന്നും ഇന്നും മാഡത്തെ പേടിയാണ്: ലോ അക്കാദമി സമരത്തിലെ 'ഝാൻസി റാണി' ബി കെ ശേഖറിന്റെ മകൾ ഗൗരി മറുനാടനോട്

അർജുൻ സി വനജ്

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് സമരത്തിന്റെ പിന്നാമ്പുറങ്ങൾ തേടിയിറങ്ങിയാൽ വിദ്യാർത്ഥികൾ ആദ്യം പറയുന്ന പേരുകളിൽ ഒന്നാണ് ഗൗരി കല്ല്യാണി ശേഖർ എന്ന ഝാൻസി റാണിയെക്കുറിച്ച്. മുഖ്യധാര മാദ്ധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഏറ്റെടുക്കുന്നതിന് മുമ്പ തന്നെ ലക്ഷിനായരുടെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളെ ക്ലാസ്സ് മുറികളിൽ തുറന്നുകാട്ടിയ പെൺ പോരാളി. എ.ബി.വി.പിയുടെ യൂണിറ്റ് വൈസ് പ്രസിഡന്റ്. പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയ വിദ്യാർത്ഥിനികളുടെ വീട്ടിൽ വിളിച്ച് ലക്ഷി നായർ വിരട്ടിയപ്പോൾ, മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനും ഗൗരിക്ക് കഴിഞ്ഞു. വെറും വിദ്യാർത്ഥി സമരം മാത്രമാകേണ്ട വിഷയത്തെ, വി മുരളീധരൻ വഴി മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഒന്നിന് പുറകെ ഒന്നായി ഏറ്റെടുക്കുന്ന നിലയിലേക്ക് വളർത്തിയ മാസ്റ്റർ ബ്രെയിനും നാലാം വർഷ നിയമ വിദ്യാർത്ഥിനിയായ ഗൗരിയാണ്. 2011 ൽ മരണമടഞ്ഞ മുൻ തിരുവനന്തപുരം ബിജെപി ജില്ലാ പ്രസിഡന്റ് ബികെ ശേഖറിന്റെ മകളാണ് ഗൗരി.

എങ്ങനെയാണ് ലോ അക്കാദമിയിൽ പ്രത്യക്ഷ സമരം തുടങ്ങിയത് ?

പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തോടെയാണ്, ലക്ഷ്മി മാമിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകളിൽ ശക്തമായ പ്രതിഷേധം ആരംഭിക്കാൻ എ.ബി.വി.പി യൂണിറ്റ് കമ്മിറ്റിയാണ് ആദ്യമായി തീരുമാനിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് അഭിജിത്താണ് ഇത്തരം ഒരു ചർച്ച മുന്നോട്ട് വച്ചത്. ഇതേ തുടർന്നാണ് ഞങ്ങൾ ക്ലാസ്സുകൾ കയറി ഇറങ്ങി ക്യാമ്പയിൻ ആരംഭിക്കുന്നത്. രണ്ട് ദിവസം ക്യാമ്പയിൽ കഴിഞ്ഞപ്പോൾ തന്നെ ഹോസ്റ്റലിലും ക്ലാസ്സ് റൂമുകളിലും ഇതായി പ്രധാന ചർച്ച. ഇതേ തുടർന്നാണ് കെ.എസ്.യു പ്രതിഷേധം നടത്താൻ ആലോചിച്ചത്. എന്നാൽ പ്രിൻസിപ്പൽ ലക്ഷ്മി മാം അവർക്ക് അനുമതി നൽകിയില്ല. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. എന്നാൽ വിദ്യാർത്ഥികൾ എത്രമാത്രം പ്രിൻസിപ്പലിനെ പേടിച്ച് സമരത്തിന് ഇറങ്ങും എന്നത് ചോദ്യചിഹ്നമായിരുന്നു. പത്ര ഓഫീസുകളിൽ സമരത്തെക്കുറിച്ചുള്ള വാർത്ത നൽകാൻ കയറി ഇറങ്ങിയെങ്കിലും ആരും ഗൗനിച്ചില്ല.

ഞങ്ങൾ തുടങ്ങിയ സമരത്തിന്റെ നാലാം ദിവസമാണ് എസ്.എഫ്.ഐ പ്രത്യേകമായി സമരം ആരംഭിക്കുന്നത്. ഇതേ ദിവസമാണ് മുരളി അങ്കിളിനെ( ബിജെപി നേതാവ് വി മുരളീധരൻ) ഞാൻ വിളിക്കുന്നത്. അങ്കിളിനോട് ഒരു വർഷം മുമ്പുതന്നെ കോളേജിലെ വിഷയങ്ങൾ സംബന്ധിച്ചുള്ള ധാരണ ഞാൻ നൽകിയതാണ്. സമരത്തെക്കുറിച്ച് ഒരു പ്രസ്ഥാവന ഇറക്കണമെന്ന് മാത്രമാണ് ഞാൻ അന്ന് അങ്കിളിനോട് ആവശ്യപ്പെട്ടത്. ദീൻദയാൽ ഉപാധ്യയ ജന്മശദാബ്ദി ആഘോഷത്തിനായി എറണാകുളത്ത് നിന്ന് മഹാരാഷ്ട്രയ്ക്ക് പോകാൻ ട്രെയിനിൽ ആയിരുന്നു അങ്കിൾ. വന്ന ഉടനെ നേരെ കോളേജിലേക്ക് വരാം എന്ന് മുരളി അങ്കിൾ ഉറപ്പും നൽകി. തുടർന്ന് മഹാരാഷ്ട്രയിലെ പരിപാടിക്ക് ശേഷം അങ്കിൾ സമരപന്തലിൽ വന്നപ്പോഴാണ് സമരത്തിലുള്ള ഭൂരിഭാഗം കുട്ടികൾക്കും ഒരു ആശ്വാസം ആയത്. അതോടെ മുഖ്യാധാര മാദ്ധ്യമങ്ങളിൽ ചിലർ വാർത്ത നൽകി തുടങ്ങി. അതൊരു നല്ല തുടക്കമായിരുന്നു. പിന്നെ കുമ്മനം ജി (കുമ്മനം രാജശേഖരൻ) വന്നു. മറ്റ് രാഷ്ടീയ പാർട്ടി പ്രതിനിധികൾ വന്നു. ഇതോടെയാണ് സമരത്തിൽ നമ്മൾ മുന്നോട്ട് വച്ച മുദ്രാവാക്യം പൂർണ്ണതയിലേക്കെത്തും എന്ന തോന്നലുണ്ടായത്.

സമരത്തിന് നേരിട്ട പ്രതിസന്ധികൾ..?

വലിയ ഭയപ്പാടോടെയാണ് സമരം ആരംഭിച്ചത്. അന്നുമുതൽ തന്നെ നിരന്തരമായി പ്രതിസന്ധികൾ വന്നുകൊണ്ടേ ഇരുന്നു. ഏറ്റവും ഒടുവിൽ അഡ്വ. സംഗീത ലക്ഷമണ സമരത്തിൽ അണിനിരന്ന വിദ്യാർത്ഥിനികളെക്കുറിച്ച് മോശം പരാമർശം നടത്തിയതടക്കമുള്ളത് ഇതിന് ഉദാഹരണങ്ങളാണ്. പെൺകുട്ടികളുടെ വീട്ടിൽ നിന്നുള്ള എതിർപ്പായിരുന്നു ഇതിൽ പ്രധാനം. കാരണം, സമരം വിജയിച്ചില്ലെങ്കിൽ പ്രൻസിപ്പലിന്റെ പകപോക്കൽ ഉണ്ടാകുമെന്ന് എതാണ്ട് എല്ലാ മാതാപിതാക്കൾക്കും ഉറപ്പാണ്. പക്ഷെ, എതിർപ്പുണ്ടായിരുന്ന മാതാപിതാക്കളെ ഫോണിൽ വിളിച്ച് സംസാരിച്ച് സമരത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ കഴിഞ്ഞതോടെ അവരുടെ പിന്തുണയും ലഭിച്ചു. ഹോസ്റ്റലിലെ പെൺകുട്ടികളെ ഒരുമിപ്പിക്കുന്നതിൽ ആര്യ വഹിച്ച പങ്ക് ചെറുതല്ല. ബിജെപി വിഷയം ഏറ്റെടുത്തതോടെയാണ് ഞങ്ങൾക്കെല്ലാം ഒരു ധൈര്യം വന്നത്.

എസ്.എഫ്.ഐ നീക്കങ്ങൾ ക്യാമ്പസിൽ ഉണ്ടാക്കിയ ചലനങ്ങൾ..?

ലക്ഷമി മാമിന്റെ സ്വന്തമാണ് എസ്.എഫ്.ഐ. മാമിനെതിരെ സംസാരിക്കാൻ എസ്.എഫ്.ഐയ്ക്ക് എന്നും പേടിയാണ്. അഥാവ സംസാരിച്ചാലും നേതൃത്വം ഇടപെട്ട് തിരുത്തും. അതുകൊണ്ടുതന്നെയാണ് എസ്.എഫ്.ഐ തനിച്ച് സമരം ചെയ്തതും. മറ്റൊരു വശത്ത് വിദ്യാർത്ഥി ഐക്യമായി മറ്റ് വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം ഒന്നിച്ചതും. എസ്.എഫ്.ഐ ലക്ഷ്മി മാമിന്റെ അടുത്ത് പോയി ഒരു കരാർ ഉണ്ടാക്കിയിരുന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ഇതോടെ ക്യമ്പസിനകത്തെ സജീവ എസ്.എഫ്.ഐ പ്രവർത്തകർ പോലും രഹസ്യമായി അതിനോടുള്ള വിയോജിപ്പ് ഞങ്ങളോട് പങ്കുവച്ചിരുന്നു. പക്ഷെ സജീവ പ്രവർത്തകരായിരുന്ന അവരിൽ ഭൂരിഭാഗവും ഈ ഒരു വിഷയത്തിന്റെ പേരിൽ പരസ്യമായി എസ്.എഫ്.ഐ തള്ളിപ്പറയാൻ തയ്യാറല്ലായിരുന്നു. പലപ്പോഴും എങ്ങനെ സമരം പൊളിക്കാമെന്നുമാത്രമാണ് എസ്.എഫ്.ഐ ആലോചിച്ചിരുന്നത്. പാർട്ടിയുടെ മുഖം രക്ഷിക്കാൻ മാത്രം നടക്കുന്നവരായാണ് കോളേജിലും പൊതുസമൂഹത്തിലും എസ്.എഫ്.ഐ നേതാക്കളെ ഇപ്പോൾ പലരും കാണുന്നത്.

രാഷ്ടീയത്തിൽ സജീവമാകാൻ ഉദ്ദേശമുണ്ടോ...?

രാഷ്ടീയ പ്രവർത്തനത്തിലുപരി, സാമൂഹിക പ്രവർത്തനത്തിനാണ് ഞാൻ ഊന്നൽ കൊടുക്കുന്നത്. അതുകൊണ്ട്തന്നെ പഞ്ചവത്സര എൽ.എൽ.ബി കഴിഞ്ഞ് എം.എസ്.ഡബ്ല്യു ചെയ്യണമെന്നാണ് ആഗ്രഹം. കോളേജിൽ എബിവിപി പ്രവർത്തനത്തിൽ സജീവമാണ്. ബികെ ശേഖർ എന്ന വലിയ രാഷ്ട്രീയ നേതാവിന്റെ മകളായതുകൊണ്ടാണ് ഈ സമരം ഇത്രയും പെട്ടന്ന് നേതാക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്നാണ് എന്റെ വിശ്വാസം. അച്ഛന്റെ പേരിൽ എനിക്കിപ്പോഴും ലഭിക്കുന്ന പരിഗണ ശരിക്കും മനസിലാക്കിയത് ഇപ്പോളാണ്.

കുടുംബത്തെ കുറിച്ച്...

2011 ഏപ്രിൽ മാസത്തിലായിരുന്നു ലിവർ ക്യാൻസറിനെ തുടർന്ന് അച്ഛൻ മരണപ്പെടുന്നത്. വളരെ വൈകിയാണ് ക്യാൻസറിന്റെ വിവരം അറിയാൻ സാധിച്ചത്. അതാണ് മരണത്തിന് ഇടയാക്കിയതും. മുന്ന് വർഷം മുമ്പ് 2014 ൽ അമ്മയും മരിച്ചു. കിഡ്ണി സംബന്ധമായ അസുഖമായിരുന്നു അമ്മയ്ക്ക്. ചികിത്സയ്ക്കിടെ ഹൃദയസ്തഭനം മൂലമാണ് അമ്മ മരിച്ചത്. സഹോദരിയും സഹോദരങ്ങളും ഇല്ല. വഞ്ചിയൂരിലെ വീടിനോട് ചേർന്നാണ് വല്ല്യച്ഛന്റെ( അച്ഛന്റെ സഹോദരൻ) വീട്. അവിടെയാണ് ഇപ്പോൾ താമസം. പാറ്റൂരിൽ ഒരു ബിൽഡിംങ് വാടകയ്ക്ക് നൽകിയിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP