Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

അകംപുറത്ത് നടന്നതെന്ത്? ഞാൻ തട്ടിപ്പുകാരൻ ആണെങ്കിൽ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? അഴിക്കോടിന് സംഭവിച്ചത് എന്ത്? കെടി ജയകൃഷ്ണന്റെ കൊലയ്ക്ക് സാക്ഷിയായ കുട്ടികളെ കൊല്ലണമെന്ന് പറഞ്ഞത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് വാക്‌സിനെ എതിർക്കുന്നത്? ജേക്കബ് വടക്കഞ്ചേരിക്ക് പറയാനുള്ളത്

അകംപുറത്ത് നടന്നതെന്ത്? ഞാൻ തട്ടിപ്പുകാരൻ ആണെങ്കിൽ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? അഴിക്കോടിന് സംഭവിച്ചത് എന്ത്? കെടി ജയകൃഷ്ണന്റെ കൊലയ്ക്ക് സാക്ഷിയായ കുട്ടികളെ കൊല്ലണമെന്ന് പറഞ്ഞത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് വാക്‌സിനെ എതിർക്കുന്നത്? ജേക്കബ് വടക്കഞ്ചേരിക്ക് പറയാനുള്ളത്

ഷാജൻ സ്‌കറിയ

വാക്‌സിൻ വിരുദ്ധ ക്യാമ്പയിൻ  നേതാവും ഗാന്ധിയനും പ്രകൃതി ചികിൽസകനുമായ ജേക്കബ് വടക്കഞ്ചേരി സോഷ്യൽ മീഡിയയിൽ അടക്കം കനത്ത വിമർശനം നേരിടുകയാണ്. അകംപുറം എന്ന പരിപാടിയിൽ ശ്രീകല ഉത്തരം മുട്ടിച്ചതോടെയാണ് ജേക്കബ് വടക്കഞ്ചേരി വിരുദ്ധ വികാരം കത്തിപ്പിടിച്ചത്. ആരാണ് ഈ ജേക്കബ് വടക്കഞ്ചേരി എന്ന് വ്യക്തമാക്കുന്ന ഒരു ലേഖനം ഞങ്ങൾ ഈ പശ്ചാത്തലത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.

ലോകത്തെ ഏറ്റവും പവർഫുള്ളായ മാഫിയ എന്ന് വിലയിരുത്തപ്പെടുന്ന ഡ്രഗ് മാഫിയയ്‌ക്കെതിരെയുള്ള യുദ്ധത്തിൽ ഇങ്ങനെയൊക്കെ പഴി കേൾകേൾക്കേണ്ടി വരുന്നതിൽ ഒരു കുണ്ഠിതവും ഇല്ല എന്നാണ് ജേക്കബ് വടക്കഞ്ചരിയുടെ നിലപാട്. ഉയർന്നു  കേട്ട ആരോപണങ്ങളെ കുറിച്ച് ഡോക്ടർ ജേക്കബ് വടക്കഞ്ചരി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുമായി നടത്തിയ സംഭാണത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ കൊടുക്കുന്നു.

മാതൃഭൂമിയുടെ അകംപുറത്തിൽ നടന്നത് ഏകപക്ഷീയ കടന്നാക്രമണം

മാതൃഭൂമി ചാനലിന്റെ  അകം പുറത്തിൽ സംസാരിക്കാൻ സമയം തന്നില്ല. അവർ ഇടപെട്ടു. ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ മതിയെന്ന് അവതാരക പറഞ്ഞു. മോശം ഇടപെടലാണ് നടത്തിയത്. ആരോഗ്യമന്ത്രിയുടെ സമീപനവും ശരിയായിരുന്നില്ല. നിങ്ങൾക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റുണ്ടോ? നിങ്ങൾക്ക് രോഗിയെ ചികിൽസിക്കാൻ കഴിയുമോ എന്ന് ചോദിച്ചു. സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞപ്പോൾ തന്നെ ഉടൻ ആരോഗ്യമന്ത്രിയുടെ ഇടപെടലും വന്നു. ചോദ്യം ചോദിച്ചാൽ വിശദീകരിക്കാൻ അവസരം തരണ്ടേ? മാതൃഭൂമിയിൽ അതുണ്ടായില്ല. ചോദ്യത്തിന് വിശദീകരണം നൽകാൻ അവിടെ അവസരം ഉണ്ടായില്ലെന്നതാണ് സത്യം.

പ്രകൃതി ചികിൽസ ചെയ്യാൻ ഒരു നിയമവും ആരേയും തടയുന്നില്ല. തന്റെ സ്ഥാപനത്തിന് വേണ്ടത്ര അംഗീകാരമൊക്കെ കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രകൃതി ചികിൽസകനെന്ന നിലയിലെ പ്രവർത്തനവും നിയമവിധേയമാണ്. ചികിൽസയിൽ ഒരു അപാകതയുമില്ല. ചാനൽ പരിപാടിയിൽ ഇതൊന്നും വിശദീകരിക്കാൻ അവസരം കിട്ടിയില്ല. എന്റെ ഹോസ്പിറ്റലിന് ലൈസൻസ് തന്നത് ഇതെല്ലാം നോക്കിയാണ്. ഡിപ്ലോമയുള്ളവർക്ക് സി ക്ലാസ് അംഗീകാരം സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്.

ഫുൾ ടൈം രോഗികളെ ചികിൽസിക്കുന്ന വ്യക്തിയാണ് ഞാൻ. അത്തരക്കാരെ മലയാളത്തിലും സംസ്‌കൃതത്തിലും വൈദ്യനെന്ന് പറയാം. ഇംഗ്ലീഷിൽ ഡോക്ടർ എന്നും പറയാം. അത്രമാത്രമേ ഉള്ളൂ. എനിക്ക് എന്തെങ്കിലും സർട്ടിഫിക്കറ്റുണ്ടെന്ന് ആരേയും തെറ്റിധരിപ്പിക്കുന്നില്ല. പ്രകൃതി ചികിൽസകനെന്ന് മാത്രമേ പറയുന്നുള്ളൂ. അങ്ങനെ മാത്രമേ രേഖപ്പെടുത്തുന്നതുമുള്ളൂ. അതിൽ നിയമപ്രശ്‌നമൊന്നുമില്ലെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ജസ്റ്റീസ് കെടി തോമസിനെ പോലുള്ളവർ പോലും ഇക്കാര്യത്തിൽ അനുകൂല ഉപദേശം തന്നിട്ടുണ്ട്. ഫുൾ ടൈം ജോലി ചെയ്യുന്നത് ചികിൽസകനെന്ന നിലയിലാണ്. അതുകൊണ്ട് തന്നെ വൈദൈരെന്ന നിലയിൽ ഡോക്ടർ എന്ന പേരുപയോഗിക്കുന്നതിൽ തെറ്റില്ല.

അഴീക്കോട് സാറിന്റെ മരണവുമായി പ്രകൃതി ചികിൽസയ്ക്ക് ബന്ധമില്ല

സുകുമാർ അഴിക്കോടുമായി അത്മബന്ധമുണ്ടായിരുന്നു. കാൻസർ ചികിൽസയ്ക്ക് സാർ എന്റെ ചികിൽസയൊന്നും എടുത്തിട്ടില്ല. കാൻസർ വന്നപ്പോൾ അലോപതി വേണ്ടെന്ന് തീരുമാനിച്ചത് സാർ തന്നെയാണ്. ഇംഗ്ലീഷ് മരുന്നുകളാൽ ചികിൽസിച്ചാൽ രൂപം വിരൂപമാകുമെന്ന് അഴിക്കോട് സാർ കരുതി. അതുകൊണ്ട് അത് ഉപേക്ഷിച്ചു. പ്രകൃതി ചികിൽസയെ കുറിച്ച് സാറിന് നല്ല മതിപ്പായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവചരിത്രത്തിലും കുറിച്ചിട്ടുണ്ട്. അതാണ് സത്യം.

യവ്വൗനകാലത്ത് തന്നെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അഴിക്കോട് സാറിനുണ്ടായിരുന്നു. കോളേജിൽ നിന്ന് കാറിൽ എടുത്ത് ആശുപത്രിയിൽ കൊണ്ടു പോയിട്ടുണ്ട്. വാർദ്ധക്യകാലത്ത് പ്രകൃതി ജീവനത്തിന്റെ സാധ്യതകൾ തേടി. ഞാൻ പറഞ്ഞത് അനുസരിച്ച് ഭക്ഷണ ക്രമം ചിട്ടപ്പെടുത്തി. വയസ്സുകാലത്ത് കേരളം മുഴുവൻ ഓടി നടന്നായിരുന്നു പ്രവർത്തനം. അതിന് കാരണം ഡയറ്റിലെ പ്രത്യേകതകളായിരുന്നു. കാൻസർ ചികിൽസാ സമയത്ത് ധാരളം കരിക്കൻ വെള്ളം കുടിക്കാൻ പറഞ്ഞിരുന്നു. അത് മാത്രമാണ് അദ്ദേഹം ചെയ്തതും. അല്ലാതെ സാറിന്റെ മരണവുമായി പ്രകൃതി ചികിൽസയെ ബന്ധപ്പെടുത്തുന്നത് വെറുതെയാണ്.

കെ ടി ജയകൃഷ്ണൻ കൊലയിൽ പിഴവ് സംഭവിച്ചു

ഒരു തരത്തിൽ ഈ വിഷയത്തിൽ നാവ് പിഴ സംഭവിച്ചിട്ടുണ്ട്. കെടി ജയകൃഷ്ണൻ മാസ്റ്ററെ വെട്ടി കൊല്ലുന്ന് ക്ലാസിൽ വച്ച് കണ്ട കുട്ടികളുടെ കാര്യം കഷ്ടമാണ്. തങ്ങളുടെ മുന്നിൽ വച്ച കണ്ട ഭീകരത അവർക്ക് ഒരിക്കലും മറക്കാനാവില്ല. ഈ വിഷയത്തിൽ സംസാരിച്ചപ്പോൾ പിഴവു വന്നു. അന്ന് തന്നെ ഖേദം പ്രകടിപ്പിച്ചു. യാദൃശ്ചികമായ പിഴവ് മാത്രമാണ്. പാവം കുട്ടികൾക്ക് ജീവതകാലം മുഴുവൻ സമാധാനം കിട്ടില്ല. കുട്ടികളെ മുന്നിൽ ഇട്ട് സാറിനെ കൊല്ലുന്നത് കുട്ടികളെ കൊല്ലുന്നതായിരുന്നു. പറയാൻ ഉദ്ദേശിച്ചത് അതായിരുന്നു. എന്നാൽ നാക്കു പിഴ കാര്യങ്ങൾ കുഴപ്പത്തിലാക്കി

ഞാൻ നടത്തുന്നത് ആത്മീയ ശൈലിയിലെ രോഗ ചികിൽയല്ല

ശരീരം തന്നെ രോഗം ഭേദമാക്കുന്നു. മോഡേൺ മെഡിക്കൽ പോലും ഇത് പറയുന്നു. എല്ലാം തിരുത്താനുള്ള കരുത്ത് കോശങ്ങൾക്കുണ്ട്. സ്വയം പ്രതിരോധത്തിന് അതിന് മാർഗ്ഗവും. ആത്മീയ ശൈലിയിൽ താൻ രോഗ ശാന്തി നടത്തുന്നുവെന്നത് വ്യാജ പ്രചരണമാണ്. പ്രമേഹം മാറ്റാൻ അലോപതി ചികിൽസയിലൂടെ കഴിയുന്നില്ല. അതിന് പ്രകൃതി ജീവനത്തിലൂടെ കഴിയും. അത്തരത്തിൽ നിരവധി പേരെ ജീവിതത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. അത് ബോധ്യപ്പെടുത്താൻ അവരുടെ ഫോൺ നമ്പറും വിലാസവും നൽകുന്നു. അവരിലൂടെ കാര്യങ്ങൾ വിശദീകരിക്കുന്നത് എങ്ങനെ ആത്മീയതയിലെ രോഗശാന്തിയാകും.

ചികിൽസയിലൂടെ പ്രമേഹം മാറിയവരുടെ പട്ടിക ആരോഗ്യ വകുപ്പിനും നൽകിയിട്ടുണ്ട്. ആർക്കും അവരെ പരിശോധിക്കാം. ഞാൻ പരിശോധിച്ച് ഭേദമാക്കിയവരെ ആധുനിക ശാസ്ത്രത്തിന്റെ രീതീയിൽ പരിശോധിക്കാം.. പ്രമേഹം ചികിൽസിച്ച് ഭേദമായോ എന്ന് മനസ്സിലാക്കാം. മാറാത്ത രോഗം മാറുമെന്ന് പറയുന്നത് കുറ്റകരമാണ്. അല്ലാത്ത പക്ഷം എനിക്കെതിരെ കേസെടുക്കാം. ദേശീയ നയമാണ് വാക്‌സിനേഷൻ അതിനെതിരെ സംസാരിച്ചാലും കേസെടുക്കാം. എന്തുകൊണ്ട് ആരും അത് ചെയ്യുന്നില്ല?

വാക്‌സിന് എടുത്തില്ലെങ്കിൽ സ്‌കൂളിൽ ചേർക്കില്ലെന്ന് പറയുന്നത് അന്യായം

വാക്‌സിൻ എടുക്കുന്നതിന് ഇൻഫോർമഡ് കൺസെന്റ് കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് വാങ്ങണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ ഇവിടെ അത് നടക്കുന്നില്ല. വാക്‌സിൻ കുട്ടിയുടെ വായിലേക്ക് ഒഴിച്ചു കൊടുക്കുന്നു. സമ്മത പത്രം എഴുതി വാങ്ങുന്നു. യഥാർത്ഥത്തിൽ വാക്‌സിൻ എടുക്കുന്നതിന് മുമ്പ് അതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങൾ ഉൾപ്പെടെ മാതാപിതാക്കൾക്ക് വിവരിച്ച് കൊടുക്കണം. വരാവുന്ന കുഴപ്പവും വിവരിക്കണം. അതിന് ശേഷം സമ്മതം വാങ്ങുന്നതിനെയാണ് ഇൻഫോർമഡ് കൺസെന്റ് എന്ന് പറയുന്നത്. അത് ഇവിടെ നടക്കുന്നില്ല.

ഇവിടെ പറയുന്നത് വാക്‌സിൻ എടുത്തില്ലെങ്കിൽ സ്‌കൂളിൽ ചേർക്കില്ല. സർട്ടിഫിക്കറ്റ് നൽകില്ല എന്നൊക്കെയാണ്. വാക്‌സിനേഷൻ വഴി കുട്ടികളെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെ എതിർക്കേണ്ടി വരുന്നത്. റോഡ് അപകടം ഒഴിവാക്കൻ റോഡിൽ പോകരുതെന്ന് പറയുന്നത് പോലെയുള്ളതാണ് ഇത്. വാക്‌സിൻ എടുത്താൽ തകരാർ ഉണ്ടാകില്ലെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. വാക്‌സിൻ എടുത്ത് പ്രശ്‌നത്തിൽപ്പെടുന്നവരോട് എന്താണ് സർക്കാരിന് പറയാനുള്ളത്?

അകം പുറം പരിപാടിയിൽ പങ്കെടുക്കുമ്പോൾ വാക്‌സിനേഷനെ എതിർക്കുന്നതിനെ കുറിച്ച് ചോദിച്ചത് ഇങ്ങനെയാണ് റോഡ് അപകടം ഉണ്ടാകുന്നു എന്ന് പറഞ്ഞ് നിങ്ങൾ കാറിൽ പോകാതിരിക്കുന്നില്ലേ എന്ന് അവതാരിക ചോദിച്ചു. റോഡ് അപകടം പോലെയാണോ വാക്‌സിനേഷൻ? റോഡിൽ അപകടം ഉണ്ടായാൽ നഷ്ടപരിഹാരത്തിന് ഒരു മാർഗ്ഗമുണ്ട്. എന്നാൽ റോഡപകടം പോലെ അപകടം ഉണ്ടാകുന്നതെന്ന് ഇവർ സമ്മതിക്കുന്ന വാക്‌സിൻ നഷ്ടപരിഹാരത്തിന് സംവിധനാമില്ല. വാക്‌സിൻ ആക്ട് അമേരിക്കയിൽ ഉണ്ട്. വാക്‌സിൻ വാങ്ങുന്നവർ എഴുപത്തിയഞ്ച് ശതാനം ഫണ്ട് കൊടുക്കണം. അതിൽ നിന്ന് കുഴപ്പം പറ്റുന്നവർക്ക് ഈ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകും. ഇവിടെ അതൊന്നുമില്ല. അമേരിക്കയിൽ വാക്‌സിൻ കോടതികളുണ്ട്. നമ്മുടെ രാജ്യത്തിന് വാക്‌സിൻ എടുത്തതിന് ശേഷമുള്ള ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ കേസുണ്ട്. ബിൽ ഗേറ്റ്‌സിനെതിരെ പോലും വാക്‌സിനേഷൻ വഴി കേസ് കൊടുത്ത ഡോക്ടർമാരുണ്ട്.

ഇവിടെ അജ്ഞാതമായ സാധനം കുറേ അജ്ഞാതരായ അളുകൾക്ക് നൽകുന്നു. ഇവിടെ വാക്‌സിനിലൂടെ പ്രശ്‌നമുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ ആരുമില്ല. ഏത് കമ്പനിയുടെ വാക്‌സിനാണ് നൽകുന്നതെന്ന് പറയുന്നില്ല. അത് രഹസ്യമാക്കി വയ്ക്കുന്നു. അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അതിന് ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ തയ്യാറല്ല. അതുകൊണ്ടാണ് എതിർക്കേണ്ടി വരുന്നത്. വാക്‌സിൻ നൂറു ശതമാനം സെയ്ഫാണെന്ന് മുദ്രപത്രത്തിൽ എഴുതികൊടുക്കാൻ നമ്മുടെ ആരോഗ്യമന്ത്രി തയ്യാറാണോ? അതാണ് പ്രശ്‌നം. വാക്‌സിനിലുള്ളത് എന്താണെന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് എഴുതി കൊടുക്കണം. അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും വേണം.

ഡിഫ്ത്തീരിയയിൽ മരുന്ന് ലോബിയെന്ന സംശയം ഇപ്പോഴുമുണ്ട്

മലപ്പുറത്ത് ഡിഫ്ത്തീരിയ പൊട്ടിപുറപ്പെട്ടുവെന്നതിൽ ഞങ്ങൾക്ക് ചില സംശയം ഉണ്ട്. ഇപ്പോൾ മരിച്ചത് പത്ത് വയസ്സിൽ കൂടുതൽ പ്രായം ഉള്ളവരാണ്. അതിന് കാരണം ഞങ്ങളല്ല. പത്ത് വർഷം മുമ്പാണ് ഇവർ വാക്‌സിൻ എടുക്കാതിരിന്നത്. ഡിഫ്ത്തീരിയ കേസിൽ ഏറെ സംശയങ്ങളുണ്ടാകൻ വേറെയുമുണ്ട് കാരണം. ഇത് മൂലം മരിച്ചുവെന്ന് ഔദ്യോഗികമായി പറയുന്ന കുട്ടിയുടെ അച്ഛൻ തന്നെ കേസ് കൊടുത്തിട്ടുണ്ട്. തന്റെ മകന് ഡിഫ്ത്തീരിയ അല്ലെന്നാണ് അച്ഛൻ ഇപ്പോൾ പറയുന്നത്. ഇത് സ്ഥിരീകരിച്ചെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഈ കുട്ടിയുടെ അച്ഛനുമായി ഒരു ബന്ധവും തനിക്കില്ല. ഇതൊക്കെ ഏറെ സംശമുണ്ടാക്കുന്നു.

മലപ്പുറം ജില്ലയെ ആണ് വാക്‌സിൻ ലോബി ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി ഏറെ ഭയപ്പാടുള്ള ഡിഫ്ത്തീരിയ രോഗത്തെ ഉപയേഗിക്കുകയാണ്. ഇതിൽ സശയങ്ങളുണ്ട്. മരുന്ന് പരീക്ഷണം നടത്തി 3000 പേരെ കൊന്നുവെന്ന് കണ്ടെത്തിയിട്ടുമ്ട്. കിഡ്‌നി മോഷണത്തിൽ പെട്ടത് കോഴിക്കോട്ടെ ഡോക്ടറാണ്. ഇത്തരം ലോബികൾ സജീവമാണ്. അലോപതി ഡോക്ടർ ഒരു പുതിയ രോഗം കണ്ടെന്ന് പറഞ്ഞാൽ എല്ലാവരും അതിന് പിന്നാലെയാണ്. പ്രതിരോധ പ്രവർത്തനവും തുടങ്ങും. മലപ്പുറത്തെ കോട്ടയ്ക്കലിലെ അതിപ്രശസ്തമായ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടർമാർ ആരും ഡിഫ്ത്തീരിയ രോഗികളെ കണ്ടില്ല. പനിയും തൊണ്ട വേദനയുമായി വന്നവരെ മാത്രമേ അവർ കണ്ടിട്ടുള്ളൂ. ആലോപതി ഡോക്ടർമാരിലെ ചിലർ മാത്രമാണ് ഡിഫ്തീരിയ രോഗികളെ കണ്ടത്. ഇതിന് പിന്നിൽ ബലമായ സംശയമുണ്ട്. ഇത് അന്വേഷിക്കണം

പണ്ട് കോട്ടയത്തെ 60 ഡോക്ടർമാർക്ക് മഞ്ഞപിത്തമാണെന്ന് വാർത്ത വന്നു. ലീവ് എടുത്തുവെന്ന് വാർത്ത എത്തിയതോടെ ഭൂകമ്പം തുടങ്ങി. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് മരുന്ന് കമ്പനികൾ എത്തി. മരുന്നെല്ലാം വിറ്റുപോയി. പിന്നീട് മനസ്സിലായി കോട്ടയത്തെ ആശുപത്രയിൽ നിന്ന് ഒരു ഡോക്ടറും ലീവെടുത്തിരുന്നില്ലെന്ന്. കുട്ടനാട്ടെ കോഴികളെ കൊന്നൊടുക്കിയതും ഇതിന് സമാനമാണ്. ബാർ നിരോധനത്തിലൂടെ ടൂറിസം തകർന്നെന്ന് വരുത്തണമായിരുന്നു. ഇതിനായി പക്ഷിപ്പനി രോഗമെത്തി. ഈ സമയത്ത് റുമുകളെല്ലാം ടൂറിസ്റ്റുകൾ ക്യാൻസൽ ചെയ്തു. പിന്നീട് മദ്യനയവുമായ ചർച്ചയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി റുമുകൾ ക്യാൻസൽ ചെയ്തിതന് ഈ സമയത്തെ കണക്കുകൾ നിരത്തി.

എലിപ്പനി വ്യാപിച്ചെന്ന് ഒരിക്കൽ വാർത്ത വന്നു. 25 പേർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലുണ്ടെന്നാണ് പറഞ്ഞത്. സത്യം തിരിക്കി താനും സുഹൃത്തും പോയി. എലിപ്പനി വാർഡിൽ ഉണ്ടായത് ഒരു രോഗി മാത്രം. ബാക്കിയെവിടെ പോയി എന്ന ചോദ്യത്തിന് ആർക്കും മറുപടിയുമില്ല. മരുന്ന് കമ്പനികളുടെ ഗൂഢാലോചനയാണ് ഇതെല്ലാം വാർത്തയാക്കുന്നത്. ഡിഫ്തീരിയയിലും ഇതു സംഭവിച്ചോ എന്ന് സംശയമുണ്ട്.

സത്യം പറഞ്ഞ ശേഷം വാക്‌സിൻ നൽകുക

വാക്‌സിനേഷനിൽ താൻ ശരിയായ നിലപാടാണ് എടുക്കുന്നത്. വാക്‌സിനേഷനിൽ സത്യം പറയുക. അതിന് ശേഷം വാക്‌സിൻ നൽകുക. ഇഷ്ടമുള്ളവർ എടുത്തോട്ടെ. ആരും വാക്‌സിൻ നൽകുന്നതിനെ തടഞ്ഞില്ല. ആകെ ഒരു സമരം മാത്രമാണ് മലപ്പുറത്ത് നടത്തിയിട്ടുള്ളത്. അതും വാക്‌സിൻ വിരുദ്ധ പ്രവർത്തകരെ  അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ. അല്ലാതെ ആരും വാക്‌സിൻ എടുക്കുന്നതിനെ തടയുന്നില്ല. ഞങ്ങൾ ജനങ്ങളോട് കാര്യം പറയുന്നു ഇഷ്ടമുള്ളവർ എടുക്കട്ടേ എന്നതാണ് നിലപാട്.

ഞാനിപ്പോഴും ഗാന്ധിയൻ

നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കിൽ മിണ്ടാതിരുന്നാൽ പോരെ? ഞാൻ എന്താണ് സമ്പാദിച്ചത്. ബാബ രാംദേവിനോടാണ് തന്നെ ഉപമിക്കുന്നത്. ഞാൻ ഒരു പ്രകൃതി ഹോട്ടൽ തുടങ്ങി. അത് വിജയിച്ചു. ആരും ഇല്ലാത്ത മേഖലയായിരുന്നു അന്ന് അത്. അത് ആരും ഏറ്റെടുത്തില്ല. ആരെങ്കിലും വരുമെന്നാണ് പ്രതീക്ഷിച്ചത്. അപൂർവ്വമായി ചിലർ തുടങ്ങി. അതെല്ലാം പൊളിഞ്ഞു. 9 ആശുപത്രി, നാല് ഹോട്ടലും മാസികയും ഉണ്ട്. 9 കൊല്ലമായി പരസ്യമില്ലാത്ത മാസിക നടത്തുന്നു. പ്രമേഹ പുസ്തകം മാത്രം വിറ്റു പോകുന്നു. ഞാൻ ലോകമൊട്ടാകെ ഭൂമി വാങ്ങി കൂട്ടിയെന്നു പറഞ്ഞാൽ ശരി. അതു ചെയ്തിട്ടില്ല. ഒരു കൈയിലൂടെ വാങ്ങി മറുഭാഗത്ത് സമൂഹത്തെ പഠിപ്പിക്കുകയാണ്. എന്റെ കുടുബത്തിൽ നിന്ന് 13 പേരെ ഈ പ്രവർത്തനത്തിന് നിയോഗിച്ചിട്ടുണ്ട്. ഞാൻ ഇപ്പോഴും ഗാന്ധിയൻ മാർഗ്ഗത്തിലൂടെയാണ് ജീവിക്കുന്നത്.

കോഴഞ്ചേരിയിലെ ആശുപത്രിയിൽ രോഗിയിൽ നിന്ന് 500 രൂപയാണ് വാങ്ങുന്നത്. കൊച്ചിയിൽ 750 രൂപയും. താമസവും ചികിൽസയും ഭക്ഷണവും ഉൾപ്പെടെയാണിത്. കാശില്ലാത്തതിനാൽ ഒരു രോഗിക്കും ചികിൽസ നിഷേധിക്കുന്നുമില്ല. എന്റെ ആശുപത്രികളെല്ലാം വാടക കെട്ടിടത്തിലാണ്. മണ്ണാർക്കാട് ആശുപത്രി തുടങ്ങാൻ വാങ്ങിയ ഭൂമിയുണ്ട്. ഇതിൽ പണമില്ലാത്തിനാൽ സ്വന്തമായി കെട്ടിടം കെട്ടാനും കഴിയുന്നില്ല. ഇതാണ് സത്യമെന്നിരിക്കെ തനിക്കെതിരെ ചിലർ വ്യാജ പ്രചരണങ്ങളാണ് നടത്തുന്നത്.

പ്രകൃതി ചികിൽസയ്ക്ക് വരുന്നവർ മരിക്കാൻ പാടില്ലെന്നുണ്ടോ?

പ്രാകൃതമാണ് തന്റെ ചികിൽസയെന്ന് ചിലർ പറയുന്നു. പനി ആരോഗ്യത്തിന് നല്ലതാണെന്ന് മോഡേൺ മെഡിസിൻ തന്നെ പറയുന്നു. സ്വയം രോഗ പ്രതിരോധ കവചം ശരീരം ഒരുക്കുന്നതാണ് അത്. ഇത് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളത്.

കോഴിക്കോട് ആശുപത്രിയൽ ചികിൽസാ പിഴവ് മൂലം രോഗി മരിച്ചെന്ന് പറയുന്നത് ശരിയല്ല. മറ്റ് ആശുപത്രികളിൽ നിന്ന് രക്ഷയില്ലാതെ വരുന്ന രോഗികളാണ് തന്റെ ആശുപത്രിയിലുള്ളത്. റേഡിയേഷൻ തളർത്തിയ രോഗിയായിരുന്നു അത്. നേരത്തെ കഴിച്ച മരുന്നുകളുടെ കുഴപ്പമാകും കാരണം. താൻ പ്രകൃത ിചികിൽസയാണ് നടത്തുന്നത്. അവിടെ മരുന്നുകൾ നൽകുന്നില്ല. പച്ചക്കറിയും ചോറും കഴിച്ച് ആരും മരിക്കില്ല. വളരെ മോശമായി വന്ന രോഗി കഷ്ടകാലത്തിന് മരിച്ചു. അത് പ്രകൃതി ചികിൽസ മൂലമാണെന്ന് പറയുന്നവരുടെ ലക്ഷ്യം വേറെയാണ്. അതു പോലെ പ്രകൃതി ചികിൽസയ്ക്ക് വരുന്നവർ മരിക്കാൻ പടില്ലെന്ന് പറയുന്നതിലും ന്യായമില്ല.

താനും സ്വകാര്യ ആശുപത്രിയും ഒരേ കടയിൽ നിന്ന് അരിപ്പൊടി വാങ്ങിയാൽ തെറ്റാകുമോ?

ബ്രാൻഡ് ബിൽഡിങ്ങിന് ഹെൽത്ത് മാർക്കറ്റിങ് രംഗത്തെ പ്രമുഖർ എന്ന വിമർശനവും ശരിയല്ല. ജേക്കബ് വടക്കഞ്ചേരിയുടെ നാച്വർ ലൈഫ് ഇന്റർനാഷനലിന്റെ വെബ്‌സൈറ്റും പ്രവർത്തനങ്ങളും മാർക്കറ്റ് ചെയ്യുകയും പ്രമോട്ട് ചെയ്യുകയും ചെയ്യുന്നത് 'അൻവിത ടൂർടുഹെൽത് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനമാണ്.

ദക്ഷിണേന്ത്യയിലെ പ്രമുഖ കൃത്രിമ ബീജധാരണ ആശുപത്രികൾ മുതൽ മോഡേൺ മെഡിക്കൽ ആശുപത്രികൾ, ഡോക്ടർമാർ തുടങ്ങിയവർ വരെ ബ്രാൻഡ് ബിൽഡിങ്ങിനായി ഇവരെ സമീപിക്കുന്നുണ്ടാകാം. അത് താൻ അറിയണമെന്നില്ല. തനിക്ക് വേണ്ടി ജോലി ചെയ്യുന്നവരോട് മറ്റുള്ളവരുടെ ജോലി ഏറ്റെടുക്കരുതെന്ന് പറയാൻ കഴിയില്ല. അതു മാത്രമാണ് ഉണ്ടാകുന്നത്. എനിക്ക് അരിപ്പൊടി നൽകുന്ന കടയിൽ നിന്ന് സ്വകാര്യ ആശുപത്രിയും അരിപ്പൊടി വാങ്ങും. അതെങ്ങനെ എന്റെ തെറ്റാകും

എം എ ബേബി പറഞ്ഞതും എഴുതിയതും സത്യം

മേധാ പട്കറുമായി അടുപ്പമുണ്ട്. എന്റെ ആശുപത്രിയുടെ ചടങ്ങുകളിൽ അവർ പലപ്പോഴും വന്നിട്ടുണ്ട്. ബേബിയെ ബ്രാൻഡ് അബാസിഡറാക്കിയെന്ന വാദവും ശരിയില്ല. എന്റെ വേദിയിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ് അത്. തന്റെ ചികിൽസയിലൂടെ പ്രമേഹം മാറിയതിനെ കുറിച്ച് എം എ ബേബി തന്റെ പുസ്തകത്തിൽ തന്നെ എഴുതിയിട്ടുണ്ട്. അത് എങ്ങനെ തെറ്റാകും.

മണി ചെയിൻ കച്ചവടം ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്യട്ടേ

നേച്ചർ ലൈഫ് ഇന്റർനാഷനലിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയും അല്ലാതെയും തവിട് മുതൽ സൗന്ദര്യവർധകവസ്തുക്കൾ വരെയുള്ള മുപ്പത് വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് വടക്കഞ്ചേരി വിറ്റഴിക്കുന്നതെന്ന് ചിലർ പറയുന്നു. മണി ചെയിൻ മാതൃകയിലെ കച്ചവടെ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. അത് ചെയ്താൽ തന്നെ അറസ്റ്റ് ചെയ്യാം. ആംവേയ്‌ക്കെതിരെ പോരാടിയ വ്യക്തിയാണ് താൻ. ലേഖനങ്ങളിലൂടെ പ്രതിഷേധം ഉയർത്തി. അത്തരം പ്രവർത്തനമൊന്നും മണി ചെയിനിനെതിരെ മറ്റാരും ചെയ്തിട്ടില്ല.

ബാലിയിലെ ക്ലാസെടുക്കൽ തെളിയിച്ചാൽ പണം അങ്ങോട്ട് നൽകാം

ബാലിയിലെ ആഡംബര ടൂറിസം റിസോർട്ട് ആയ ബ്ലൂകർമയിൽ നടക്കുന്ന 'ഡോക്ടർടീച്ചർ' വടക്കഞ്ചേരിയുടെ ഏഴു ദിവസത്തെ പ്രകൃതിജീവനക്ലാസിന്റെ ഫീസ് 1700 യുഎസ് ഡോളറാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. ബാലിയിൽ അങ്ങനൊരു റിസോർട്ട് ഉള്ളതായി കേട്ടിട്ടില്ല. അത് തെളിയിച്ചാൽ പറയുന്നതിന്റെ പത്തിരട്ടി നഷ്ടപരിഹാരം കൊടുക്കാം. ബാലിയിൽ ഒരിക്കൽ പോയി ക്ലാസെടുത്തു. അത് ഈ റിസോർട്ടിലുമില്ല. അല്ലാതെ ബാലി കണക്ഷനൊന്നും തനിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP