Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നീരജയെ കോളേജിൽ പഠിക്കാൻ അനുവദിക്കണമെങ്കിൽ മതം മാറണമെന്ന് എംഇഎസ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടെന്ന് റമീസ്; അവരവരുടെ വിശ്വാസ പ്രമാണത്തിൽ ജീവിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്; നീതി നിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും: മിശ്രവിവാഹത്തിന്റെ പേരിൽ പഠനം നിഷേധിക്കപ്പെട്ട നീരജ - റമീസ് ദമ്പതികൾ മറുനാടനോട്

നീരജയെ കോളേജിൽ പഠിക്കാൻ അനുവദിക്കണമെങ്കിൽ മതം മാറണമെന്ന് എംഇഎസ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടെന്ന് റമീസ്; അവരവരുടെ വിശ്വാസ പ്രമാണത്തിൽ ജീവിക്കാനാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്; നീതി നിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും: മിശ്രവിവാഹത്തിന്റെ പേരിൽ പഠനം നിഷേധിക്കപ്പെട്ട നീരജ - റമീസ് ദമ്പതികൾ മറുനാടനോട്

എം പി റാഫി

കോഴിക്കോട്: വിവാഹം കഴിച്ചതിന്റെ പേരിൽ കോളേജിൽ പഠനം തുടരാൻ അനുവദിക്കില്ല എന്നാണ് നിലപാടെങ്കിൽ നമ്മുടെ നാട്ടിൽ എത്ര പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിട്ടുണ്ടാകണം? മതബന്ധങ്ങൾ വലിച്ചെറിഞ്ഞ് ഇഷ്ടപുരുഷനെ വിവാഹം കഴിച്ചതിന്റെ പേരിൽ വിദ്യാഭ്യാസം തുടരാൻ അനുവദിക്കാതിരിക്കുക എന്ന സംഭവം ഉണ്ടായിരിക്കുന്നത് പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളത്തിൽ തന്നയാണ്. കോഴിക്കോട് എംഇഎസ് വനിതാ കോളേജിലാണ് മിശ്രവിവാഹത്തിന്റെ പേരിൽ നീരജ എന്ന വിദ്യാർത്ഥിനിയൈ പുറത്താക്കിയത്. ഈ സംഭവം ഏറെ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. മാദ്ധ്യമങ്ങളിൽ വാർത്ത വന്നെങ്കിലും നിലപാട് മാറ്റാതെ കോളേജ് അധികൃതർ നീതിനിഷേധം തുടരുകയാണ്.

കോഴിക്കോട് നടക്കാവ് എംഇഎസ് വുമൺസ് കോളേജിലാണ് മിശ്ര വിവാഹത്തിന്റെ പേരിൽ പഠനം നിഷേധിച്ചിരിക്കുന്നത്. ഇതുവരെയും കോളേജ് പ്രിൻസിപ്പൽ ഈ നിലപാടിൽ നിന്നും പിന്മാറിയിട്ടില്ല. അതിനിടെ അദ്ധ്യാപനം തുടരണമെങ്കിൽ ചില നിബന്ധനകൾ എന്ന നിലയിൽ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികൾ മുന്നോട്ടുവച്ചത് ആരെയും ഞെട്ടിക്കുന്ന കാര്യമാണ്. ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ നീരജ മതം മാറിയാൻ മാത്രമെ കോളേജിൽ പഠിത്തം തുടരാൻ അനുവദിക്കൂ എന്ന നിലപാട് സ്വീകരിച്ചതെന്നാണ് റമീസ് -നീരജ ദമ്പതികൾ പ്രണയദിനത്തിൽ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയിൽ നിന്നുമുണ്ടായ ഈ നിലപാട് തങ്ങളെ ഞെട്ടിച്ചുവെന്നും ഇവർ പറയുന്നു.

പ്രണയവിവാഹത്തിന്റെ പേരിൽ പല കോണുകളിൽ നിന്നും തങ്ങൾക്ക് ഭീഷണി നേരിടേണ്ടി വന്നുവെന്നും ഇവർ പറയുന്നു. പ്രണയിച്ചിരുന്ന സമയത്ത് പിന്തിരിപ്പിക്കാൻ ചില പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും ഭീഷണിയും സമ്മർദവും ഉണ്ടായി. നീരജയെ കോളേജിൽ നിന്നും പുറത്താക്കിയതിലൂടെ നീതി നിഷേധവും അവകാശത്തിനു മേലുള്ള കടന്നു കയറ്റവുമാണ് നടന്നിരിക്കുന്നത്. ഇരുവീട്ടുകാർക്കും വിവാഹത്തിന് സമ്മതമായിരുന്നെങ്കിലും പിന്നീട് ഇവരുടെ എല്ലാ സ്വപ്നങ്ങളും തകിടം മറിയുകയായിരുന്നു. ഇന്ന് ഇരു വീട്ടുകാരുടെയും പിന്തുണയില്ലാതെ ഇവർ ജീവിക്കുകയാണ്. വീട്ടുകാരുടെ സമ്മർദ്ദമില്ലാതെ വിവാഹിതരായ ഇവർ കൊയിലാണ്ടിയിൽ വാടക വീട്ടിലാണ് കഴിയുന്നത്. നീതി നിഷേധത്തിന്റെ ദുരനുഭവങ്ങൾ റമീസ്-നീരജ ദമ്പതികൾ മറുനാടൻ മലയാളിയോട് പങ്കുവയ്ക്കുന്നതിങ്ങനെ:

രണ്ട് വർഷം മുമ്പാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പരസ്പ്പരം വ്യക്തമാായി അറിയാമായിരുന്നു. പിന്നീടാണ് ഈ അടുപ്പം പ്രണയത്തിന് വഴിമാറിയത്. ഞങ്ങളുടെ അടുപ്പം ഇരു വീടുകളിലും അറിയാമായിരുന്നു. എന്നാൽ അവസാനം വീട്ടുകാർ കൈയൊഴിഞ്ഞു. എന്റെ(റമീസ്) പഠനം ഭോപ്പാലിൽ ആയിരുന്നു. സിനിമയും സംവിധാനവുമായിരുന്നു എന്റെ പഠനം. പിന്നീട് സിനിമാ രംഗത്ത് ജോലി ചെയ്തു വരുന്നതിനിടെയാണ് നീരജയെ പരിചയപ്പെടുന്നത്. ഒരു സിനിമ ഞാൻ ഡയറക്ട് ചെയ്തിരുന്നു. രണ്ടാമത്തെ സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോൾ അത് പെട്ടെന്ന് നിർത്തേണ്ടി വന്നു. ഇതോടെ നീരജയുട വീട്ടുകാർ ഞാനുമായുള്ള ബന്ധത്തിന് വിലക്ക് നിൽക്കാൻ തുടങ്ങി. അവർ എന്റെ സിനിമാ ഫീൽഡ് മാത്രമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്.

പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് ഞങ്ങളുടെ ബന്ധത്തിൽ നിന്നും നീരജയെ പിൻതിരിപ്പിക്കാൻ വീട്ടുകാർ ശ്രമം തുടങ്ങി. ഈ സമയത്ത് എന്റെ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നു. അവരെ അറിയിക്കാതെ വിവാഹം ചെയ്ത പരിഭവം മാത്രമാണ് അവർക്ക്. ആ പ്രശ്‌നം എത്രയും പെട്ടെന്ന് അവസാനിക്കുമെന്നാണ് ഞാൻ കരുതുന്നത്. പക്ഷെ, നീരജയുടെ വീട്ടുകാർ ഒരു നിലക്കും ഞങ്ങളുടെ വിവാഹത്തിന് സമ്മതിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞങ്ങൾ വീട്ടുകാരുടെ സമ്മതമില്ലാതെ രജിസ്റ്റർ വിവാഹത്തിന് തയ്യാറായത്.

ഞങ്ങൾ വീടുവിട്ടിറങ്ങിയ ശേഷം നീരജയുടെ വീട്ടുകാർ നൽകിയ മിസ്സിംങ് കേസിൽ ഞങ്ങളെ പൊലീസ് കുന്ദമംഗലം കോടതിയിൽ ഹാജരാക്കുകയാണ് ചെയ്തത്. അവിടന്ന് ഒരുമിച്ചു ജീവിക്കാനുള്ള അനുമതി നൽകി. തുടർന്ന് രജിസ്റ്റർ മാരേജ് നടത്തുകയാണുണ്ടായത്. ഈ കാലയളിലെ എട്ടു ദിവസം ക്ലാസുകളിൽ നീരജക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കോളേജിലെത്തിയപ്പോഴാണ് വൈസ് പ്രിൻസിപ്പൽ കോളേജിൽ കയറ്റില്ലെന്ന് പറഞ്ഞത്. മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരമായിരുന്നു ജീവനക്കാരായവർ ഈ നിലപാട് സ്വീകരിച്ചതെന്നാണ് കരുതുന്നത്. പെൺകുട്ടിയെ കാണുക പോലും ചെയ്യേണ്ടെന്ന് പറഞ്ഞ് വളരെ മോശമായ രീതിയിലാണ് കോളേജിൽ നിന്നും പെരുമാറിയത്. മിശ്രവിവാഹം ചെയ്ത വിവരം അതുവരെയും ആരും അറിഞ്ഞിരുന്നില്ല. പ്രിൻസിപ്പലിനോടു വിവരം പറഞ്ഞ ശേഷമായിരുന്നു ഇത് പുറത്തറിയുന്നത്.

കോളേജിൽ പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്നാണ് അവർ പറയുന്നത്. ഇപ്പോഴും കോളേജ് അധികൃതർ നിലപാട് മാറ്റിയിട്ടില്ല. നീരജ മുസ്ലിമായാൽ അവിടെ അഡ്‌മിഷൻ നൽകിയേക്കുമെന്ന നിലപാടിലാണ് ഇപ്പോൾ കോളേജ് അധികൃതരുള്ളത്. ആ രീതിയിലേക്കാണ് അവർ അന്ന് സംസാരിച്ചത്. കൂടുതൽ ചർച്ചയാക്കേണ്ടെന്നു കരുതിയാണ് ഞങ്ങൾ ഇക്കാര്യം പുറത്തു പറയാതിരുന്നത്. ഇത് ചർച്ചയാക്കുന്നതിലുപരി നീരജയുടെ പഠിത്തത്തിലായിരുന്നു ഞങ്ങൾ പ്രാധാന്യം നൽകിയിരുന്നത്. എന്നിട്ടും അവർ കോളേജിൽ പ്രവേശിക്കാത്ത സാഹചര്യത്തിൽ എല്ലാകാര്യവും തുറന്നു പറയാതെ ഞങ്ങൾക്ക് വേറെ നിർവാഹമില്ല. അതുകൊണ്ടാണ് ഇവിടെ ഇക്കാര്യം പറയുന്നത്. ഞാൻ മുസ്ലിമായും നീരജ ഹിന്ദുവായും ജീവിക്കാനാണ് ഞങ്ങളുടെ തീരുമാനം. ആ തീരുമാനത്തിന് യാതൊരു മാറ്റവുമില്ല.

ഇപ്പോൾ എന്റെ ബന്ധുക്കളും വീട്ടുകാരുമെല്ലാം ബന്ധപ്പെടാറുണ്ട്. ഡിവൈഎഫ്ഐ, എസ്.എഫ്.ഐ, എം.എസ്.എഫ്, കോൺഗ്രസ് തുടങ്ങിയ പാർട്ടിക്കാരെല്ലാം ഇപ്പോൾ ഞങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. നേരത്തെ ബിജെപി, എൻ.ഡി.എഫ് പാർട്ടികൾ പ്രണയത്തിൽ നിന്നും പിന്മാറാൻ ഭീഷണിയും സമ്മർദവും ഉണ്ടായിരുന്നു. ഇപ്പോൾ വിഷയം എല്ലാവരും അറിഞ്ഞതോടെ ആരുടെ ഭാഗത്തു നിന്നും എതിർപ്പ് ഇല്ല. കോളേജ് അധികൃതരുടെ നടപടി നീതി നിഷേധമാണ്. മിശ്ര വിവാഹം കഴിച്ചതിന്റെ പേരിൽ ഒരു കുട്ടിയുടെ വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലല്ലോ. നിയമം എല്ലാവർക്കും ഒരു പോലെയാണ്. എം.ഇ.എസ് കോളേജിന്റെ നടപടിക്കെതിരെ ഞങ്ങൾ നിയമപരമായി നേരിടും. അവിടെത്തന്നെ പഠിക്കാനാണ് തീരുമാനം. അല്ലെങ്കിൽ പഠനം നിഷേധിക്കുന്നതിനുള്ള കാരണം കോളേജ് അധികൃതർ ഒരു വെള്ള പോപ്പറിൽ എഴുതി തരണം. ഞങ്ങൾ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി സമർപ്പിക്കും.- റമീസും നീരജയും പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP