Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ്; ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി പ്രതിരോധം നടക്കുന്നത് കേരളത്തിൽ തന്നെയാണെന്നതിൽ സംശയമില്ല; അതിന് കാരണം ഇവിടുത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളാണ്; ബ്രേക്ക് ദ ചെയിൻ പദ്ധതിയോട് ജനങ്ങളുടെ പ്രതികരണം പ്രതീക്ഷയുളവാക്കുന്നതാണ്. നാട്ടിൻ പുറങ്ങളിലെല്ലാം കൈകൾ ശുചിയാക്കാനുള്ള സൗകര്യങ്ങൾ ശ്രദ്ധേയമാണ്; എങ്കിലും അതീവ ജാഗ്രതവേണം; ഡോ കെ പി അരവിന്ദൻ മറുനാടനോട് പ്രതികരിക്കുന്നു

സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ്; ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി പ്രതിരോധം നടക്കുന്നത് കേരളത്തിൽ തന്നെയാണെന്നതിൽ സംശയമില്ല; അതിന് കാരണം ഇവിടുത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളാണ്; ബ്രേക്ക് ദ ചെയിൻ പദ്ധതിയോട് ജനങ്ങളുടെ പ്രതികരണം പ്രതീക്ഷയുളവാക്കുന്നതാണ്. നാട്ടിൻ പുറങ്ങളിലെല്ലാം കൈകൾ ശുചിയാക്കാനുള്ള സൗകര്യങ്ങൾ ശ്രദ്ധേയമാണ്; എങ്കിലും അതീവ ജാഗ്രതവേണം; ഡോ കെ പി അരവിന്ദൻ മറുനാടനോട് പ്രതികരിക്കുന്നു

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോവിഡ് 19 വൈറസ് വ്യാപനം ലോകത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തിയിരിക്കുന്നതു പോലെ കേരളത്തിലും ഭയാനകമായ അവസ്ഥയിലേക്കെത്തിയിരിക്കുന്നു. നിലവിൽ വിദേശത്ത് നിന്ന് വന്ന ആളുകൾക്കും അവരുമായി ബന്ധപ്പെട്ട കുറച്ചാളുകൾക്കുമാണ് കേരളത്തിൽ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടമെന്ന് പറയുന്നത് കമ്മ്യൂണിറ്റി സ്‌പ്രെഡാണ്. അത് സമൂഹത്തിൽ പടർന്നുപിടിക്കുന്ന ഒരു ഘട്ടമാണ്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ആ ഘട്ടത്തിലാണ്. നിരവധി മരണങ്ങളും അവിടങ്ങളിൽ സംഭവിച്ചു കഴിഞ്ഞു. അത്തരമൊരു ഘട്ടത്തിലേക്ക് കാര്യങ്ങൾ പോകുമെന്ന ഭീതി നമുക്കുമുണ്ട്.

അങ്ങനായാകാതിരിക്കട്ടെ എന്ന് പ്ര്യത്യാശിക്കാം. ഈയൊരു സാഹചര്യത്തിൽ എങ്ങനെ അങ്ങനൊരു ഘട്ടത്തിലേക്ക് കാര്യങ്ങളെത്താതെ ചെറുത്ത് നിൽക്കാം, അഥവാ പേടിക്കുന്നതുപോലെ സംഭവിച്ചാൽ അതിനെ എങ്ങനെ വരുതിയിലാക്കാം എന്നുള്ള കാര്യങ്ങൾ മറുനാടൻ മലയാളിയുമായി പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം റിട്ടയേർഡ് പ്രൊഫസറും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ ഡോ. കെ പി അരവിന്ദൻ.

കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രതിരോധപ്രവർത്തനങ്ങൾ

നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന കൊറോണ പ്രതിരോധപ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ് എന്ന് തന്നെ പറയണം. അതിന്റെ ഏറ്റവും വലിയ വിജയമെന്ന് പറയുന്നത് ജനങ്ങളിൽ ഇതൊരു ഗുരുതര പ്രശ്‌നമാണെന്ന ബോധമുണ്ടാക്കാൻ ഈ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്. ഇപ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനമെന്ന് പറയുന്നത് രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന ആളുകളെയും അവരുമായി ബന്ധപ്പെട്ടവരെയും ക്വാറന്റെയ്ൻ ചെയ്തുകൊണ്ട് സമൂഹത്തിലേക്ക് അവരിൽ നിന്ന് പടരാതിരിക്കാൻ വേണ്ട നടപടികളാണ്. ഇത് നിലവിൽ ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി നടക്കുന്നത് കേരളത്തിൽ തന്നെയാണെന്നതിൽ സംശയമില്ല.

അതിന് കാരണം കേരളത്തിലെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ നമുക്ക് കാണാനാവുന്നില്ല. എല്ലാദിവസവും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം രോഗവ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളും, കൈകൊള്ളേണ്ട മുൻകരുതലുകളും ജനങ്ങളോട് മാധ്യമങ്ങൾ വഴി പങ്കുവെക്കുകയും ചെയ്യുന്നു. ഇതുകൊണ്ടുള്ള ഗുണമെന്നത് ജനങ്ങളിൽ ഈ രോഗത്തെ കുറിച്ചൊരു അവബോധമുണ്ടാക്കാനായിട്ടുണ്ട്. ഒരു തരത്തിൽ അതൊരു പേടി എന്ന് പറയാം. പേടിക്കപ്പുറം ഇതൊരു സൂക്ഷിക്കേണ്ട വൈറസാണെന്ന ബോധം ജനങ്ങളിലുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് സർക്കാർ നൽകിയിട്ടുള്ള മുന്നറിയിപ്പുകളെല്ലാം പാലിക്കാൻ ജനങ്ങൾ തയ്യാറാകുന്നത്. കൂട്ടുകൂടരുത്, കൈകൾ ഇടക്കിടയ്ക്ക് ശുചിയാക്കുക, മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയ മുന്നറിയിപ്പുകളൊക്കെ ചുരുക്കം ചിലരല്ലാതെ ജനങ്ങൾ പാലിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ ആരാധനാലയങ്ങളടക്കം എടുത്തിട്ടുള്ള നടപടികൾ പ്രശംസനീയമാണ്. ബ്രേക്ക് ദ ചെയിൻ പദ്ധതിയോട് ജനങ്ങളുടെ പ്രതികരണം പ്രതീക്ഷയുളവാക്കുന്നതാണ്. നാട്ടിൻ പുറങ്ങളിലെല്ലാം കൈകൾ ശുചിയാക്കാനുള്ള സൗകര്യങ്ങൾ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ചെയ്തിട്ടുണ്ട്. ഇതെല്ലാം വൈറസ് വ്യാപനത്തിന്റെ തോത് കുറക്കാൻ സഹായകമാകും.

കമ്മ്യൂണിറ്റി സ്‌പ്രെഡിനുള്ള സാധ്യത

രണ്ട് വിധത്തിലാണ് രോഗം പടരുന്നത്. ഒന്ന് രോഗബാധിതനായ ആൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് വരുന്ന സ്രവങ്ങൾ അടുത്ത ആളുകളിലെത്തുന്നത് വഴിയാണ്. അതുകൊണ്ടാണ് ആളുകൾ തിങ്ങിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പറയുന്നത്.രണ്ട് വസ്തുക്കൾ വഴിയാണ്. ഉദാഹരണത്തിന് രോഗബാധിതനായ ആൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ഉള്ള സ്രവങ്ങൾ സമീപത്തുള്ള വസ്തുവിൽ വീഴുകയും അത് മറ്റൊരാൾ വന്ന് പിടിക്കുമ്പോഴുണ്ടാകുന്ന വ്യാപനവുമാണ്. എന്നാൽ ഇത്തരം വസ്തുവിൽ വൈറസ് എത്രനേരം നിൽക്കുമെന്നതിനെ സംബന്ധിച്ചായിരിക്കും വ്യാപനത്തിന്റെ സാധ്യതയും. ആ സമയത്തെകുറിച്ച് വ്യത്യസ്ത പഠനങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനമായും പറയുന്നത് ചൂട് കൂടുന്നതിനനുസരിച്ച്് ഇത്തരം വസ്തുവിൽ വൈറസ് നിൽക്കുന്ന സമയം കുറയുമെന്നതാണ്. ചൂടുകൂടുന്ന ഘട്ടത്തിൽ വൈറസ് സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ പ്രതലം ഡ്രൈ ആകുകയും വൈറസിന്റെ ആവരണം നശിച്ചുപോകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാപനം കേരളത്തിലും ഇന്ത്യയിലും കുറയാനാണ് സാധ്യത. പക്ഷെ ആളുകൾ കൂട്ടംകൂടുന്ന സ്ഥിതി ഇനിയുമുണ്ടായാൽ ആ സാധ്യത കൊണ്ട് പ്രയോജനമുണ്ടാകില്ല. അതുകൊണ്ട് ആളുകൾ തിങ്ങിക്കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും കാലാവസ്ഥ ഇന്നത്തെ നിലിയിൽ മുന്നോട്ട് പോകുകയും ആണെങ്കിൽ ഒരു പക്ഷെ നമുക്ക് പ്രയോജനമായേക്കാം. എന്നാലും നമുക്ക് ഉറപ്പിച്ച് പറയാനായിട്ടില്ല കമ്യൂണിറ്റി സ്‌പ്രെഡ് ഉണ്ടാകില്ല എന്ന്. നമ്മൾ കൂടുതൽ ആളുകളിൽ ഇത് വരും എന്ന മുൻകരുതലിൽ തന്നെ മുന്നോട്ട് പോകണം.

കമ്മ്യൂണിറ്റിയിൽ കൂടുതൽ പകരുന്നുണ്ടോ എന്ന് എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കണം. അത് അറിയണമെങ്കിൽ കുറച്ചുകേന്ദ്രങ്ങളിലെങ്കിലും ഇത് ടെസ്റ്റ് ചെയ്യാനുള്ള ചെറിയ കേന്ദ്രങ്ങൾ ആരംഭിക്കണം. പനിയും ചുമയുമായി വരുന്നവരെയൊക്കെ പരിശോധിച്ച് അവിടെ നിന്നുള്ള റിസൽട്ടുകൾ ഇടക്കിടക്ക് പരിശോധിക്കണം.

കോവിഡ്-19 രോഗനിർണയരീതികൾ

കേരളത്തിൽ നിലവിൽ 7 ലാബുകളിലാണ് കോവിഡ് 19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. എൻ.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നത്. മാർച്ച് 10ന് കോഴിക്കോട് മെഡിക്കൽ കോളേജിലും മാർച്ച് 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടി ആരംഭിച്ചു. മാർച്ച് 16ന് തൃശൂർ മെഡിക്കൽ കോളേജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വി.ആർ.ഡി.എൽ. ആരംഭിച്ചിട്ടുണ്ട്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐ.സി.എം.ആർ. അനുമതി നൽകിയിരുന്നു.

25 രോഗികൾ മാത്രമേ ഇപ്പോൾ കേരളത്തിൽ ഉള്ളൂ എന്നതിന്റെ അർത്ഥം 25 പേരിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയി വന്നത് എന്നതു മാത്രമാണ്. ലോകത്തെല്ലായിടത്തും ഇതു തന്നെയാണ് അവസ്ഥ. എത്രപേരെ ടെസ്റ്റ് ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും എത്ര രോഗികളെ കണ്ടെത്തുന്നു എന്നത്. തെക്കൻ കൊറിയ, ജപ്പാൻ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ വ്യാപകമായി രോഗനിർണയ ടെസ്റ്റുകൾ ഉപയോഗിച്ചപ്പോൾ ഒട്ടേറെ രോഗികളെ കണ്ടെത്തി. ഈ രാജ്യങ്ങളിലാണ് രോഗവ്യാപനത്തിന്റെ വേഗത ഏറ്റവുമധികം കുറയ്ക്കാനായത് എന്നതും ശ്രദ്ധേയമാണ്. കൂടുതൽ ആൾക്കാരെ ടെസ്റ്റ് ചെയ്യുന്നത് എന്തു കൊണ്ടും അഭികാമ്യമാണ്. എന്നാൽ ഇതിന്റെ പ്രായോഗിക വശങ്ങൾ കാണാതിരുന്നു കൂടാ. കോവിഡ്-19 കണ്ടെത്താനുള്ള രോഗനിർണയരീതികൾ എന്തെല്ലാമാണ്, ടെസ്റ്റുകളുടെയും സാങ്കേതിക വിദഗ്ദ്ധരുടേയും ലഭ്യത എത്ര മാത്രമുണ്ട്, അവയുടെ ചെലവ്, ഗുണപ്രാപ്തി എന്നിവയെല്ലാം പരിഗണനാവിധേയമാക്കേണ്ടതുണ്ട്.

വളരെ കൂടുതൽ പേരെ രോഗനിർണയ ടെസ്റ്റുകൾക്കു വിധേയമാക്കിയ രാജ്യങ്ങൾക്കാണ് പൊതുവിൽ രോഗത്തിന്റെ വ്യാപന തോത് കുറച്ചു കൊണ്ടുവരാനായത്. പിസിആർ എന്ന ഒരു ടെസ്റ്റിലൂടെ മാത്രം നമുക്ക് ഇതു സാധ്യമാവുകയില്ല. കൂടുതൽ പേരെ പെട്ടെന്ന് ടെസ്റ്റു ചെയ്യാവുന്ന അതിവേഗ ആന്റിബോഡി ടെസ്റ്റുകൾ കൂടെ ചേർക്കുന്നതായിരിക്കും നമ്മുടെ രോഗ നിയന്ത്രണ പരിപാടികൾക്ക് ഏറ്റവും അനുയോജ്യം.

മരണസാധ്യത

കൊവിഡ് 19 ബാധിച്ചുള്ള മരണമെന്നത് കൃത്യമായും പ്രായംകൂടിയവരിലും, മറ്റെന്തെങ്കിലും അസുഖമുള്ളവരിലുമാണ്. പ്രത്യേകിച്ച് ശ്വാസകോശത്തിന് അസുഖമുള്ളവരിൽ. അവരിലാണ് ഏറ്റവും കൂടുതൽ യൂറോപ്പിലൊക്കെ മരണം സംഭവിച്ചിട്ടുള്ളത്. മറ്റുള്ളവരിൽ ഇതൊരു ലഘുവായ അസുഖമായിട്ടാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ പ്രായമുള്ളവരെയും മറ്റെന്തെങ്കിലും അസുഖമുള്ളവരെയും പ്രത്യേകം ശ്രദ്ധിക്കണം.ഇവരിലേക്ക് വൈറസ് എത്താതിരിക്കാനുള്ള പരമാവധി മുൻകരുതലുകളെടുക്കണം. അത് വീട്ടിലുള്ളവർ ചെയ്യേണ്ടതാണ്. പുറത്ത് പോയി വരുമ്പോൾ ഇവരുമായി അടുത്തിടപഴകാതിരിക്കുക. ഇത്തരക്കാർ പുറത്ത് പോകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക തുടങ്ങി അവർക്ക് പരമാവധി ശ്രദ്ധ കൊടുക്കണം.

ആശുപത്രിയിലേക്കുള്ള യാത്ര ഒഴിവാക്കുക

കഴിയുന്നത്ര ലഘുവായ അസുഖങ്ങളുള്ളവർ രോഗം വരാതെ വീട്ടിൽത്തന്നെ ഇരിക്കുക. സംശയമുള്ളവർക്ക് ഡിജിറ്റർ കൺസൾട്ടേഷനുള്ള സംവിധാനമൊരുക്കുക. അതിനായി കുറച്ച് ഡോക്ടർമാരെ പരിശീലിപ്പിച്ച് ചുമതലപ്പെടുത്തുക. രോഗിക്ക് ഡിജിറ്റർ പ്ലാറ്റ്‌ഫോമിൽ കണ്ട് സംസാരിക്കാനുള്ള സൗകര്യമൊരുക്കുക. അതിനായി എംബിബിഎസിന് ശേഷമുള്ള മെഡിക്കൽ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP